വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രതീക്ഷകൾ ന്യായമായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

പ്രതീക്ഷകൾ ന്യായമായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

പ്രതീക്ഷകൾ ന്യായമായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

പ്രതീക്ഷകൾ പൂവണിയുകയും ആഗ്രഹങ്ങൾ സഫലമാകുകയും ചെയ്യുമ്പോൾ നമുക്ക്‌ അതിയായ സന്തോഷം അനുഭവപ്പെടുന്നു. എന്നാൽ, മിക്കപ്പോഴും നമ്മുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമൊന്നും സഫലമാകാറില്ല. ജീവിതത്തിൽ ഒന്നിനുപിറകെ ഒന്നായി നിരാശപ്പെടുത്തുന്ന കാര്യങ്ങൾ ഉണ്ടാകുമ്പോൾ നമുക്കു നമ്മോടുതന്നെയും മറ്റുള്ളവരോടും ദേഷ്യം തോന്നിയേക്കാം. ജ്ഞാനിയായ ഒരു മനുഷ്യൻ ഉചിതമായി ഇങ്ങനെ അഭിപ്രായപ്പെട്ടു: “സഫലമാകാൻ വൈകുന്ന പ്രതീക്ഷ ഹൃദയത്തെ വേദനിപ്പിക്കുന്നു.”—സദൃശവാക്യങ്ങൾ 13:12, പി.ഒ.സി. ബൈബിൾ.

നമ്മെ നിരാശയിലേക്കു നയിച്ചേക്കാവുന്ന ചില ഘടകങ്ങൾ ഏവ? നമുക്കു ന്യായമായ പ്രതീക്ഷകൾ മാത്രം വെച്ചുപുലർത്താൻ കഴിയുന്നത്‌ എങ്ങനെ? അതു പ്രയോജനപ്രദം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

പ്രതീക്ഷകളും നിരാശകളും

ഇന്നു ജീവിതം വളരെ വേഗത്തിലാണ്‌ മുന്നോട്ടു നീങ്ങുന്നത്‌. അതിന്‌ ഒപ്പം നിൽക്കാൻ ശ്രമിക്കുന്തോറും നാം പൂർവാധികം പിന്തള്ളപ്പെടുന്നതായി കാണപ്പെടുന്നു. ചില ജീവിത സാഹചര്യങ്ങൾ നമ്മിൽനിന്ന്‌ വളരെയേറെ സമയവും ശ്രമവും ആവശ്യമാക്കിത്തീർക്കുന്നു. ചെയ്‌തു തുടങ്ങിയ കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ വരുമ്പോൾ നമുക്ക്‌ ആത്മനിന്ദ തോന്നാനിടയുണ്ട്‌. മറ്റുള്ളവരെ നാം നിരാശപ്പെടുത്തുകയാണെന്നു പോലും നമുക്കു തോന്നിയേക്കാം. കുട്ടികളെ വളർത്തിക്കൊണ്ടു വരുന്നതിന്റെ ബുദ്ധിമുട്ട്‌ നന്നായി അറിയാവുന്ന ഭാര്യയും മാതാവുമായ സിന്ധ്യ ഇങ്ങനെ പറയുന്നു: “എന്റെ കുട്ടികളെ തിരുത്തുന്നതിൽ ഉണ്ടാകുന്ന പൊരുത്തക്കേടും അവരെ വേണ്ടവിധം പരിശീലിപ്പിക്കുന്നില്ലെന്ന തോന്നലും എന്നെ വല്ലാതെ നിരാശപ്പെടുത്തുന്നു.” കൗമാര പ്രായക്കാരിയായ സ്റ്റെഫാനി തന്റെ വിദ്യാഭ്യാസത്തെ കുറിച്ച്‌ ഇങ്ങനെ പറയുന്നു: “പലതും ചെയ്യാനുണ്ട്‌, പക്ഷേ ഒന്നിനും സമയം തികയുന്നില്ല, അതെന്റെ ക്ഷമ കെടുത്തുന്നു.”

അമിതമായി പ്രതീക്ഷകൾ വെച്ചുപുലർത്തുന്നത്‌ എളുപ്പം പൂർണതാവാദത്തിലേക്കു വഴിനയിക്കുന്നു. അതു വലിയ മോഹഭംഗത്തിന്‌ ഇടയാക്കിയേക്കാം. ബെൻ എന്ന വിവാഹിതനായ ചെറുപ്പക്കാരൻ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “എന്റെ പ്രവർത്തനങ്ങളെയോ ചിന്തകളെയോ വികാരങ്ങളെയോ പരിശോധിക്കുമ്പോൾ അവ എങ്ങനെ കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്നു എന്നാണ്‌ ഞാൻ എപ്പോഴും ചിന്തിക്കുന്നത്‌. എല്ലാം പൂർണമായിരിക്കണം എന്ന വാശിക്കാരനാണ്‌ ഞാൻ. അതു നടക്കാതെ വരുമ്പോൾ എന്റെ ക്ഷമ നശിക്കുന്നു. തുടർന്ന്‌ വല്ലാത്ത നിരാശയും ഇച്ഛാഭംഗവുമൊക്കെ അനുഭവപ്പെടുന്നു. ഒരു ക്രിസ്‌തീയ ഭാര്യയായ ഗയിൽ പറയുന്നു: “പൂർണതാവാദത്തിൽ പിഴവുകൾക്ക്‌ ഇടമില്ല. പൂർണതാവാദികളായ ഞങ്ങൾ സൂപ്പർ മമ്മിമാരും സൂപ്പർ ഭാര്യമാരും ആകാൻ ആഗ്രഹിക്കുന്നു. ശ്രമങ്ങൾ ഫലപ്രദമായിരുന്നാലേ ഞങ്ങൾ സന്തുഷ്ടരായിരിക്കൂ. അല്ലെങ്കിലോ, ഞങ്ങൾക്കു ദേഷ്യംപിടിക്കുന്നു.”

നിരാശയിലേക്കു നയിച്ചേക്കാവുന്ന മറ്റൊരു ഘടകമാണ്‌ അനാരോഗ്യവും വാർധക്യവും. നടക്കാൻ ബുദ്ധിമുട്ടാകുകയും ബലം ക്ഷയിക്കുകയും ചെയ്യുമ്പോൾ നമ്മുടെ പരിമിതികൾ വളരെ പ്രകടമായിത്തീരുന്നു. അതു കൂടുതൽ ഇച്ഛാഭംഗത്തിന്‌ ഇടയാക്കുന്നു. “രോഗിയാകുന്നതിനു മുമ്പ്‌ അനായാസം ചെയ്‌തിരുന്ന പല കാര്യങ്ങളും ഇപ്പോൾ ചെയ്യാൻ കഴിയാത്തതുകൊണ്ട്‌ എനിക്ക്‌ എന്നോടുതന്നെ വല്ലാത്ത ദേഷ്യമാണ്‌,” എലിസബത്ത്‌ സമ്മതിച്ചു പറയുന്നു.

നിരാശയുടെ ചില കാരണങ്ങളാണ്‌ മേൽവിവരിച്ചവ. അത്തരം വികാരങ്ങളെ നിയന്ത്രിക്കാത്തപക്ഷം, മറ്റുള്ളവർ നമ്മെ വിലമതിക്കുന്നില്ലെന്നു നാം ചിന്തിക്കാൻ ഇടയായേക്കാം. അതുകൊണ്ട്‌, നിരാശയെ തരണം ചെയ്യാനും ന്യായമായ പ്രതീക്ഷകൾ മാത്രം വെച്ചുപുലർത്താനും നമുക്ക്‌ എന്തെല്ലാം പ്രായോഗിക നടപടികൾ സ്വീകരിക്കാനാകും?

പ്രതീക്ഷകൾ ന്യായയുക്തമാക്കുന്നതിനുള്ള മാർഗങ്ങൾ

ഒന്നാമതായി, യഹോവ ന്യായയുക്തനും നമ്മുടെ അവസ്ഥ മനസ്സിലാക്കുന്നവനും ആണെന്ന്‌ ഓർമിക്കുക. സങ്കീർത്തനം 103:14 നമ്മോട്‌ ഇങ്ങനെ പറയുന്നു: “അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.” നമ്മുടെ കഴിവുകളും പരിമിതികളും അറിയാവുന്ന യഹോവ നമുക്കു സാധിക്കുന്നതിലപ്പുറം ഒന്നും നമ്മിൽനിന്നു പ്രതീക്ഷിക്കുന്നില്ല. ദൈവം നമ്മിൽനിന്ന്‌ ആവശ്യപ്പെടുന്ന ഒരു സംഗതി ‘അവന്റെ സന്നിധിയിൽ താഴ്‌മയോടെ നടക്കുക’ എന്നതാണ്‌.—മീഖാ 6:8.

പ്രാർഥനയിൽ തന്നെ സമീപിക്കാനും യഹോവ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (റോമർ 12:13; 1 തെസ്സലൊനീക്യർ 5:17) എന്നാൽ അത്‌ എങ്ങനെയാണു നമ്മെ സഹായിക്കുന്നത്‌? പ്രാർഥന നമ്മുടെ ചിന്തയെ സ്ഥിരതയും സമനിലയും ഉള്ളതാക്കുന്നു. ഉള്ളുരുകി പ്രാർഥിക്കുമ്പോൾ നമുക്കു സഹായം ആവശ്യമാണെന്നു നാം സമ്മതിക്കുകയാണ്‌. അത്‌ എളിമയുടെയും താഴ്‌മയുടെയും ഒരു ലക്ഷണമാണ്‌. തന്റെ പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട്‌ നമ്മുടെ പ്രാർഥനകളോടു പ്രതികരിക്കാൻ യഹോവ ആകാംക്ഷയുള്ളവനാണ്‌. സ്‌നേഹം, ദയ, നന്മ, ആത്മനിയന്ത്രണം എന്നിവ പരിശുദ്ധാത്മാവിന്റെ ഗുണങ്ങളിൽ പെടുന്നു. (ലൂക്കൊസ്‌ 11:13; ഗലാത്യർ 5:22, 23) പ്രാർഥന ഉത്‌കണ്‌ഠയെയും ഇച്ഛാഭംഗത്തെയും കുറയ്‌ക്കുന്നു. “മറ്റൊരു ഉറവിൽനിന്നും ലഭിക്കാത്ത ആശ്വാസം” പ്രാർഥനയിലൂടെ ലഭിക്കുന്നുവെന്ന്‌ എലിസബത്ത്‌ പറയുന്നു. അതിനോടു യോജിച്ചുകൊണ്ട്‌ കെവിൻ ഇങ്ങനെ പറയുന്നു: “പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയേണ്ടതിന്‌ ശാന്തമായ ഒരു ഹൃദയത്തിനും വ്യക്തമായ ഒരു മനസ്സിനുംവേണ്ടി ഞാൻ പ്രാർഥിക്കുന്നു. യഹോവ എന്നെ എപ്പോഴും പിന്താങ്ങുന്നു.” പൗലൊസ്‌ അപ്പൊസ്‌തലന്‌ പ്രാർഥനയുടെ മൂല്യം അറിയാമായിരുന്നു. അതുകൊണ്ടാണ്‌ അവൻ പിൻവരുന്ന പ്രകാരം ശുപാർശ ചെയ്‌തത്‌: “നിങ്ങളുടെ ആവശ്യങ്ങൾ സ്‌തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശുവിങ്കൽ കാക്കും.” (ഫിലിപ്പിയർ 4:6, 7) അതേ, യഹോവയുമായി ആശയവിനിമയം നടത്തുന്നതു നമ്മെക്കുറിച്ചും മറ്റുള്ളവരെ കുറിച്ചും ന്യായമായ പ്രതീക്ഷകൾ വെച്ചുപുലർത്താൻ നമ്മെ സഹായിക്കുന്നു.

എന്നാൽ ചില അവസരങ്ങളിൽ നമുക്ക്‌ ആശ്വാസം പകരുന്ന വാക്കുകൾ ഉടനടി ആവശ്യമായിരുന്നേക്കാം. ഉചിതമായ സമയത്തു പറയുന്ന ഒരു വാക്ക്‌ വളരെ പ്രയോജനം ചെയ്യും. വിശ്വസ്‌തനും പക്വമതിയുമായ ഒരു സുഹൃത്തിനോടു സ്വകാര്യമായി സംസാരിക്കുന്നത്‌, നിരാശപ്പെടുത്തുകയോ ഉത്‌കണ്‌ഠപ്പെടുത്തുകയോ ചെയ്യുന്ന കാര്യത്തെ കുറിച്ച്‌ ഒരു പുതിയ വീക്ഷണം ലഭിക്കാൻ നമ്മെ സഹായിച്ചേക്കാം. (സദൃശവാക്യങ്ങൾ 15:23; 17:17; 27:9) മാതാപിതാക്കളുടെ ഉപദേശം തേടുന്നത്‌ സമനില പാലിക്കാൻ സഹായിക്കുന്നുവെന്ന്‌ ഇച്ഛാഭംഗത്തോടു മല്ലിടുന്ന യുവജനങ്ങൾ മനസ്സിലാക്കുന്നു. കാൻഡി വിലമതിപ്പോടെ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “മാതാപിതാക്കളുടെ സ്‌നേഹപൂർവകമായ മാർഗനിർദേശം ന്യായയുക്തമായി ചിന്തിക്കാൻ എന്നെ സഹായിച്ചു. അത്‌ എന്നെ കൂടുതൽ സമനിലയുള്ളവളും സഹവസിക്കാവുന്നവളും ആക്കിത്തീർത്തു.” അതേ, സദൃശവാക്യങ്ങൾ 1:8, 9-ലെ ഓർമിപ്പിക്കൽ വളരെ സമയോചിതമാണ്‌: “മകനേ, അപ്പന്റെ പ്രബോധനം കേൾക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു; അവ നിന്റെ ശിരസ്സിന്നു അലങ്കാരമാലയും നിന്റെ കഴുത്തിന്നു സരപ്പളിയും ആയിരിക്കും.”

പൂർണതാവാദി ആയിരിക്കുന്നതിന്റെ അപകടം പിൻവരുന്ന ചൊല്ലിൽ നന്നായി സംക്ഷേപിച്ചിരിക്കുന്നു: “എല്ലാ കാര്യങ്ങളും നാം പ്രതീക്ഷിക്കുന്നതുപോലെ നടക്കണമെന്നു ശഠിക്കുന്നത്‌ ഇച്ഛാഭംഗത്തിലേ കലാശിക്കൂ.” ഇത്‌ ഒഴിവാക്കുന്നതിന്‌ ചിന്തയെ ക്രമപ്പെടുത്തേണ്ടതുണ്ട്‌. സമനിലയുള്ളതും ന്യായവുമായ പ്രതീക്ഷകൾ വെച്ചുപുലർത്താൻ താഴ്‌മയും എളിമയും—നമ്മുടെ പരിമിതികളെ കുറിച്ചുള്ള വസ്‌തുനിഷ്‌ഠമായ വീക്ഷണം—നമ്മെ തീർച്ചയായും സഹായിക്കും. ‘ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരരുത്‌’ എന്ന്‌ റോമർ 12:3 നമുക്കു മുന്നറിയിപ്പു തരുന്നു. കൂടാതെ, താഴ്‌മയുണ്ടായിരിക്കാനും മറ്റുള്ളവരെ നമ്മെക്കാൾ ശ്രേഷ്‌ഠരായി പരിഗണിക്കാനും ഫിലിപ്പിയർ 2:3 നമ്മെ പ്രോത്സാഹിപ്പിക്കുന്നു.

മുമ്പു പരാമർശിച്ച എലിസബത്തിന്‌ തന്റെ അസുഖം നിമിത്തം തന്നോടുതന്നെ ദേഷ്യം തോന്നിയിരുന്നു. എന്നാൽ കുറെ സമയം എടുത്തെങ്കിലും, അവൾ കാര്യങ്ങൾ സംബന്ധിച്ച യഹോവയുടെ വീക്ഷണം മനസ്സിലാക്കി. അവൻ ഒരിക്കലും നമ്മുടെ സേവനം മറക്കുന്നില്ലെന്നുള്ള അറിവ്‌ അവൾക്ക്‌ ആശ്വാസം പകർന്നു. രോഗം പിടിപെട്ട്‌ തികച്ചും ദുർബലനായിത്തീർന്ന കോളിന്‌ നടക്കാൻ ബുദ്ധിമുട്ടായി. നല്ല ആരോഗ്യമുണ്ടായിരുന്നപ്പോൾ ചെയ്‌തിരുന്നതിനോടുള്ള താരതമ്യത്തിൽ തന്റെ ശുശ്രൂഷ മിക്കവാറും വിലയില്ലാത്തത്‌ ആയിത്തീർന്നിരിക്കുന്നുവെന്ന്‌ ആദ്യമൊക്കെ അദ്ദേഹത്തിനു തോന്നിയിരുന്നു. എന്നാൽ 2 കൊരിന്ത്യർ 8:12 പോലെയുള്ള തിരുവെഴുത്തുകളെ കുറിച്ചു ധ്യാനിച്ചതിനാൽ അത്തരം വികാരങ്ങൾ ഒഴിവാക്കാൻ അദ്ദേഹത്തിനു സാധിച്ചു. ആ വാക്യം ഇങ്ങനെ പറയുന്നു: “ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്‌തിയില്ലാത്തതുപോലെയല്ല പ്രാപ്‌തിയുള്ളതുപോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും.” “കൊടുക്കാനായി എനിക്കു വളരെ കുറച്ചേ ഉള്ളൂ, പക്ഷേ അപ്പോഴും എനിക്കു കൊടുക്കാൻ കഴിയുന്നു, യഹോവയ്‌ക്ക്‌ അതു സ്വീകാര്യവുമാണ്‌” എന്ന്‌ കോളിൻ പറയുന്നു. എബ്രായർ 6:10 നമ്മെ ഇങ്ങനെ ഓർമിപ്പിക്കുന്നു: “ദൈവം നിങ്ങളുടെ പ്രവൃത്തിയും . . . തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.”

നമ്മുടെ പ്രതീക്ഷകൾ ന്യായമാണോ എന്ന്‌ നമുക്ക്‌ എങ്ങനെയാണ്‌ നിർണയിക്കാൻ കഴിയുക? സ്വയം ഇങ്ങനെ ചോദിക്കുക: ‘എന്റെ പ്രതീക്ഷകൾ ദൈവത്തിന്റെ പ്രതീക്ഷകളോടു ചേർച്ചയിലാണോ?’ ഗലാത്യർ 6:4 ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ഓരോരുത്തൻ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാൽ അവൻ തന്റെ പ്രശംസ മറെറാരുത്തനെ കാണിക്കാതെ തന്നിൽ തന്നേ അടക്കി വെക്കും.” “എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു” എന്ന്‌ യേശു പറഞ്ഞെന്ന്‌ ഓർമിക്കുക. അതേ, ക്രിസ്‌ത്യാനികൾ എന്ന നിലയിൽ നാം ഒരു നുകം വഹിക്കേണ്ടതുണ്ട്‌. എന്നാൽ അതു “മൃദു”വും “ലഘു”വുമാണ്‌. ശരിയായ വിധത്തിൽ ചുമക്കാൻ പഠിക്കുന്ന പക്ഷം അത്‌ ആശ്വാസപ്രദം ആയിരിക്കുമെന്ന്‌ യേശു വാഗ്‌ദാനം ചെയ്‌തു.—മത്തായി 11:28-30.

ന്യായമായ പ്രതീക്ഷകളുടെ ഫലങ്ങൾ

ന്യായമായ പ്രതീക്ഷകൾ വെച്ചുപുലർത്താൻ ശ്രമിക്കവെ, നാം ദൈവവചനത്തിലെ ഉപദേശങ്ങൾക്കു ശ്രദ്ധകൊടുക്കുകയും അവ ബാധകമാക്കുകയും ചെയ്യുന്നെങ്കിൽ പെട്ടെന്നു ഫലമുണ്ടാകും, അതു ശാശ്വതമായി നിലനിൽക്കുകയും ചെയ്യും. അതിനു നമ്മുടെമേൽ ശാരീരികമായി നല്ലൊരു ഫലം ഉളവാക്കാൻ കഴിയും എന്നതാണു മറ്റൊരു സംഗതി. യഹോവയുടെ ഓർമിപ്പിക്കലുകളിൽനിന്നു പ്രയോജനം നേടിയ ജെന്നിഫർ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “എനിക്കിപ്പോൾ കൂടുതൽ ഉന്മേഷവും ഉത്സാഹവും അനുഭവപ്പെടുന്നു.” നമ്മുടെ ദൃഷ്ടികളും ഹൃദയവുംകൊണ്ട്‌ യഹോവയുടെ വാക്കുകൾക്ക്‌ ശ്രദ്ധകൊടുക്കാൻ സദൃശവാക്യങ്ങൾ 4:21, 22 നമ്മെ ഉചിതമായി പ്രോത്സാഹിപ്പിക്കുന്നു. കാരണം “അവയെ കിട്ടുന്നവർക്കു അവ ജീവനും അവരുടെ സർവ്വദേഹത്തിന്നും സൌഖ്യവും ആകുന്നു.”

മറ്റൊരു പ്രതിഫലം മാനസികവും വൈകാരികവുമായ ക്ഷേമമാണ്‌. “എന്റെ മനസ്സും ഹൃദയവും ദൈവവചനത്തിൽ പതിപ്പിക്കുമ്പോഴെല്ലാം ഞാൻ കൂടുതൽ സന്തോഷവതിയാണ്‌,” തെരേസ്സാ പറയുന്നു. അപ്പോഴും, നമുക്കു ജീവിതത്തിൽ നിരാശ അനുഭവപ്പെടും എന്നുള്ളതു ശരിതന്നെ. എന്നാൽ കൂടുതൽ എളുപ്പത്തിൽ നമുക്ക്‌ അതിനെ നേരിടാൻ കഴിയും. “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും” എന്ന്‌ യാക്കോബ്‌ 4:8 ഉദ്‌ബോധിപ്പിക്കുന്നു. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ നമ്മെ ശക്തീകരിക്കുകയും സമാധാനം നൽകി നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമെന്നും യഹോവ വാഗ്‌ദാനം ചെയ്യുന്നു.—സങ്കീർത്തനം 29:11.

ന്യായമായ പ്രതീക്ഷകൾ മാത്രം വെച്ചുപുലർത്തുന്നത്‌ ആത്മീയ സ്ഥിരത നിലനിറുത്താൻ നമ്മെ പ്രാപ്‌തരാക്കുന്നു. അതും ഒരു അനുഗ്രഹമാണ്‌. ജീവിതത്തിലെ കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളിൽ വ്യക്തമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ നമുക്കു കഴിയും. (ഫിലിപ്പിയർ 1:10) അപ്പോൾ നമ്മുടെ ലക്ഷ്യങ്ങൾ വസ്‌തുനിഷ്‌ഠവും പ്രാപ്യവും ആയിരിക്കും. അതു നമുക്കു വലിയ സന്തോഷവും സംതൃപ്‌തിയും കൈവരുത്തുന്നു. കാര്യങ്ങൾ നമ്മുടെ നന്മയിൽ കലാശിക്കാൻ യഹോവ ഇടയാക്കുമെന്ന ബോധ്യത്തോടെ അവനു നമ്മെത്തന്നെ ഏൽപ്പിച്ചുകൊടുക്കാൻ നാം കൂടുതൽ മനസ്സൊരുക്കമുള്ളവർ ആയിരിക്കും. “അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ,” പത്രൊസ്‌ പറയുന്നു. (1 പത്രൊസ്‌ 5:6) യഹോവയാൽ ബഹുമാനിക്കപ്പെടുന്നതിനെക്കാൾ പ്രതിഫലദായകമായി മറ്റെന്താണ്‌ ഉള്ളത്‌?

[31-ാം പേജിലെ ചിത്രം]

ന്യായമായ പ്രതീക്ഷകൾ മാത്രം വെച്ചുപുലർത്തുന്നത്‌ ഇച്ഛാഭംഗവും നിരാശയും ഒഴിവാക്കാൻ നമ്മെ സഹായിക്കും