വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തെ പ്രസാദിപ്പിച്ച യാഗങ്ങൾ

ദൈവത്തെ പ്രസാദിപ്പിച്ച യാഗങ്ങൾ

ദൈവത്തെ പ്രസാദിപ്പിച്ച യാഗങ്ങൾ

“ഏതു മഹാപുരോഹിതനും വഴിപാടും [“കാഴ്‌ചകളും,” പി.ഒ.സി. ബൈബിൾ] യാഗവും അർപ്പിപ്പാൻ നിയമിക്കപ്പെടുന്നു.”—എബ്രായർ 8:3.

1. ദൈവത്തിൽ ആശ്രയിക്കണമെന്നു മനുഷ്യനു തോന്നുന്നത്‌ എന്തുകൊണ്ട്‌?

“പ്രാർഥിക്കാൻ എന്ന പോലെതന്നെ യാഗം അർപ്പിക്കാനും മനുഷ്യന്‌ ഒരു ‘സ്വാഭാവിക’ പ്രവണതയുള്ളതായി കാണപ്പെടുന്നു; പ്രാർഥന ദൈവത്തിലുള്ള അവന്റെ ആശ്രയത്വത്തെ വെളിപ്പെടുത്തുമ്പോൾ യാഗാർപ്പണം പാപാവസ്ഥയെ കുറിച്ചുള്ള അവന്റെ അവബോധത്തെ സൂചിപ്പിക്കുന്നു,” എന്ന്‌ ബൈബിൾ ചരിത്രകാരനായ ആൽഫ്രഡ്‌ എഡർഷൈം എഴുതി. പാപം ലോകത്തിൽ പ്രവേശിച്ചതു മുതൽ അത്‌ മനുഷ്യനിൽ കുറ്റബോധവും ദൈവത്തിൽനിന്ന്‌ അന്യപ്പെട്ടുവെന്ന തോന്നലും നിസ്സഹായതാബോധവും ഉളവാക്കിയിട്ടുണ്ട്‌. അത്തരം തോന്നലുകളിൽനിന്നു മുക്തി നേടാൻ അവൻ ആഗ്രഹിക്കുന്നു. തന്മൂലം സഹായത്തിനായി ദൈവത്തിൽ ആശ്രയിക്കണമെന്ന്‌ മനുഷ്യനു തോന്നുന്നതിൽ അതിശയിക്കാനില്ല.—റോമർ 5:12.

2. ദൈവത്തിനുള്ള ഏതെല്ലാം യാഗാർപ്പണത്തിന്റെ വിവരണങ്ങളാണു നാം ബൈബിളിൽ കാണുന്നത്‌?

2 ബൈബിൾ പറയുന്നതനുസരിച്ച്‌, ദൈവത്തിന്‌ ആദ്യമായി യാഗം അർപ്പിച്ചത്‌ കയീനും ഹാബെലുമായിരുന്നു. അതേക്കുറിച്ച്‌ നാം ഇങ്ങനെ വായിക്കുന്നു: “കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു. ഹാബെലും ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു, അവയുടെ മേദസ്സിൽനിന്നു തന്നേ, ഒരു വഴിപാടു കൊണ്ടുവന്നു.” (ഉല്‌പത്തി 4:3, 4) അടുത്തതായി യഹോവയ്‌ക്കു യാഗം അർപ്പിച്ചത്‌ നോഹയായിരുന്നു. ദുഷ്ടത നിറഞ്ഞ ഒരു ലോകത്തെ നശിപ്പിക്കാനായി ദൈവം മഹാപ്രളയം വരുത്തിയപ്പോൾ തന്നെയും കുടുംബത്തെയും പരിരക്ഷിച്ചതിനുള്ള നന്ദി പ്രകടനമായി നോഹ യഹോവയ്‌ക്ക്‌ “യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പി”ച്ചു എന്ന്‌ ബൈബിൾ പറയുന്നു. (ഉല്‌പത്തി 8:20) യഹോവയുടെ വിശ്വസ്‌ത ദാസനും സ്‌നേഹിതനുമായിരുന്ന അബ്രാഹാമും നിരവധി സന്ദർഭങ്ങളിൽ അവനു യാഗം അർപ്പിച്ചിട്ടുണ്ട്‌. ദൈവത്തിന്റെ വാഗ്‌ദാനങ്ങളോടും അനുഗ്രഹങ്ങളോടുമുള്ള വിലമതിപ്പു പ്രകടിപ്പിക്കാനായി അബ്രാഹാം ‘യാഗപീഠം പണിത്‌ യഹോവയുടെ നാമത്തിൽ ആരാധന’ കഴിച്ചിരുന്നു. (ഉല്‌പത്തി 12:8; 13:3, 4, 18) പിന്നീട്‌, പുത്രനായ യിസ്‌ഹാക്കിനെ ഹോമയാഗമായി അർപ്പിക്കാൻ യഹോവ അബ്രാഹാമിനോട്‌ ആവശ്യപ്പെട്ടു. അബ്രാഹാമിന്റെ വിശ്വസ്‌തതയുടെ ഏറ്റവും വലിയ പരിശോധനയായിരുന്നു അത്‌. (ഉല്‌പത്തി 22:1-14) ഹ്രസ്വമെങ്കിലും, യാഗങ്ങളെ കുറിച്ചുള്ള ഈ ബൈബിൾ വിവരണങ്ങൾ പ്രസ്‌തുത വിഷയം സംബന്ധിച്ച്‌ കൂടുതലായ ഗ്രാഹ്യം നേടാൻ നമ്മെ സഹായിക്കും. അത്‌ എങ്ങനെയെന്നു നമുക്കു നോക്കാം.

3. യാഗങ്ങൾക്ക്‌ ആരാധനയിൽ എന്ത്‌ സ്ഥാനമാണ്‌ ഉള്ളത്‌?

3 യഹോവ യാഗങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ നൽകുന്നതിനു മുമ്പുതന്നെ അവയ്‌ക്ക്‌ ആരാധനയിൽ ഒരു പ്രമുഖ സ്ഥാനമുണ്ടായിരുന്നുവെന്ന്‌ മേൽപ്പറഞ്ഞവ ഉൾപ്പെടെയുള്ള ബൈബിൾ വിവരണങ്ങൾ വ്യക്തമാക്കുന്നു. “ദൈവവുമായി ഒരു നല്ല ബന്ധം സ്ഥാപിക്കാനും അത്‌ നിലനിറുത്താനും ആ ബന്ധം മുറിഞ്ഞുപോയാൽ അത്‌ പുനഃസ്ഥാപിക്കാനും ഒക്കെയായി മനുഷ്യൻ നടത്തുന്ന മതപരമായ ഒരു ചടങ്ങ്‌” എന്നാണ്‌ ഒരു പരാമർശ ഗ്രന്ഥം “യാഗ”ത്തെ നിർവചിക്കുന്നത്‌. ഇത്‌ പ്രധാനപ്പെട്ട ചില ചോദ്യങ്ങൾ ഉയർത്തുന്നു: ആരാധനയിൽ യാഗങ്ങൾ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? ഏതു തരത്തിലുള്ള യാഗങ്ങളാണ്‌ ദൈവത്തിനു പ്രസാദകരമായിരിക്കുന്നത്‌? പുരാതന കാലങ്ങളിൽ അർപ്പിക്കപ്പെട്ട യാഗങ്ങൾ നമുക്ക്‌ ഇന്ന്‌ എന്തർഥമാക്കുന്നു?

യാഗങ്ങൾ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

4. പാപം ചെയ്‌തതിന്‌ ആദാമിനും ഹവ്വായ്‌ക്കും എന്തു ശിക്ഷ ലഭിച്ചു?

4 ആദാമിന്റേത്‌ മനഃപൂർവ പാപമായിരുന്നു. നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൽ നിന്നുള്ള ഫലം ഭക്ഷിക്കുകവഴി ആദാമും ഹവ്വായും ദൈവത്തോട്‌ മനഃപൂർവം അനുസരണക്കേടു കാണിച്ചു. അതിനുള്ള ശിക്ഷ മരണമായിരുന്നു. ആ വൃക്ഷത്തിന്റെ ഫലം “തിന്നുന്ന നാളിൽ നീ മരിക്കും” എന്ന്‌ ദൈവം ആദാമിനു വ്യക്തമായ മുന്നറിയിപ്പു നൽകിയിരുന്നതാണ്‌. (ഉല്‌പത്തി 2:17) ഒടുവിൽ, പാപം ചെയ്‌തതിന്‌ ആദാമിനും ഹവ്വായ്‌ക്കും ശിക്ഷ ലഭിക്കുകതന്നെ ചെയ്‌തു—അവർ മരണമടഞ്ഞു.—ഉല്‌പത്തി 3:19; 5:3-5.

5. ആദാമിന്റെ സന്തതികൾക്കു വേണ്ടി ദൈവം മുൻകൈ എടുത്തു പ്രവർത്തിച്ചത്‌ എന്തുകൊണ്ട്‌, അവൻ അവർക്കുവേണ്ടി എന്തു ചെയ്‌തു?

5 എന്നാൽ, ആദാമിന്റെ സന്തതികളുടെ കാര്യമോ? ആദാമിൽനിന്നു പാപവും അപൂർണതയും പാരമ്പര്യമായി ലഭിച്ചിരിക്കുന്നതിനാൽ അവരും ദൈവത്തിൽനിന്ന്‌ അന്യപ്പെട്ട, ആശയറ്റ അവസ്ഥയിലാണ്‌. തങ്ങളുടെ ആദ്യ മാതാപിതാക്കളെപ്പോലെ അവരും മരണത്തിനു വിധിക്കപ്പെട്ടവരാണ്‌. (റോമർ 5:14) എന്നാൽ യഹോവ നീതിയുടെയും ശക്തിയുടെയും മാത്രം ദൈവമല്ല എന്ന കാര്യം ഓർക്കണം, സർവോപരി അവൻ സ്‌നേഹത്തിന്റെ ദൈവമാണ്‌. വാസ്‌തവത്തിൽ, സ്‌നേഹം അവന്റെ പ്രമുഖ ഗുണമാണ്‌. (1 യോഹന്നാൻ 4:9എ, 16) അതുകൊണ്ട്‌ അറ്റുപോയ ആ ബന്ധം പുനഃസ്ഥാപിക്കാൻ അവൻതന്നെ മുൻകൈ എടുക്കുന്നു. “പാപത്തിന്റെ ശമ്പളം മരണമത്രേ” എന്ന പ്രസ്‌താവനയ്‌ക്കു ശേഷം “ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിൽ നിത്യജീവൻതന്നേ” എന്നു നാം ബൈബിളിൽ വായിക്കുന്നു.—റോമർ 6:23.

6. ആദാമിന്റെ പാപം നിമിത്തം ഉണ്ടായ കേടുപാടുകൾ നികത്താൻ യഹോവ എന്തു ചെയ്‌തു?

6 ആ കൃപാവരം ലഭ്യമാക്കാൻ യഹോവയാം ദൈവം ചെയ്‌തത്‌ എന്തായിരുന്നു? ആദാമിന്റെ ലംഘനം നിമിത്തം ഉണ്ടായ നഷ്ടം നികത്താൻ അവൻ ഒരു ക്രമീകരണം ചെയ്‌തു. കഫർ എന്ന എബ്രായ പദത്തിന്‌ “നികത്തുക,” അല്ലെങ്കിൽ “ഇല്ലാതാക്കുക” എന്നൊക്കെ അർഥമുണ്ട്‌. “പരിഹാരം” എന്നും ആ എബ്രായ പദത്തെ പരിഭാഷപ്പെടുത്തിയിരിക്കുന്നു. * മറ്റു വാക്കുകളിൽ പറഞ്ഞാൽ, ആദാമിൽനിന്നു പാരമ്പര്യമായി ലഭിച്ച പാപം ഇല്ലാതാക്കാൻ, ആ പാപം നിമിത്തം ഉണ്ടായ നഷ്ടം നികത്താൻ യഹോവ അനുയോജ്യമായ ഒരു മാർഗം പ്രദാനം ചെയ്‌തു. ആ കൃപാവരത്തിനു യോഗ്യരാകുന്നവർക്ക്‌ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നു വിമുക്തരാകാൻ സാധിക്കുമായിരുന്നു.—റോമർ 8:20.

7. (എ) സാത്താനെതിരെ ഉച്ചരിച്ച ന്യായവിധിയിലൂടെ ദൈവം മനുഷ്യവർഗത്തിന്‌ എന്തു പ്രത്യാശയാണു പ്രദാനം ചെയ്‌തത്‌? (ബി) മനുഷ്യവർഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുവിക്കാൻ എന്തു വില നൽകണമായിരുന്നു?

7 പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽ നിന്നുള്ള വിടുതലിനെ സംബന്ധിച്ച പ്രത്യാശ ആദ്യ മനുഷ്യ ജോഡി പാപം ചെയ്‌ത ഉടൻതന്നെ യഹോവ നൽകി. സർപ്പത്തിന്‌ അഥവാ സാത്താന്‌ എതിരെ ന്യായവിധി ഉച്ചരിച്ചുകൊണ്ട്‌ യഹോവ ഇപ്രകാരം പറഞ്ഞു: “ഞാൻ നിനക്കും സ്‌ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്‌പത്തി 3:15) ആ പ്രാവചനിക വാഗ്‌ദാനത്തിൽ വിശ്വാസം അർപ്പിക്കുന്ന ഏവർക്കും അത്‌ പ്രത്യാശ പ്രദാനം ചെയ്യുമായിരുന്നു. എന്നാൽ ആ വിടുതലിന്‌ ഒരു വില നൽകേണ്ടതുണ്ടായിരുന്നു. വാഗ്‌ദത്ത സന്തതി സാത്താനെ നശിപ്പിക്കുന്നതിനു മുമ്പ്‌ ആ സന്തതിയുടെ കുതികാൽ തകർക്കപ്പെടേണ്ടതുണ്ടായിരുന്നു. അതായത്‌, താത്‌കാലികമായിട്ടാണെങ്കിലും വാഗ്‌ദത്ത സന്തതി മരിക്കേണ്ടത്‌ ആവശ്യമായിരുന്നു.

8. (എ) വാഗ്‌ദത്ത സന്തതി കയീൻ അല്ലെന്ന്‌ തെളിഞ്ഞത്‌ എങ്ങനെ? (ബി) ഹാബെലിന്റെ യാഗം യഹോവയ്‌ക്ക്‌ പ്രസാദകരമായിരുന്നത്‌ എന്തുകൊണ്ട്‌?

8 വാഗ്‌ദത്ത മിശിഹാ ആരായിരിക്കുമെന്ന്‌ ആദാമും ഹവ്വായും വളരെയധികം ചിന്തിച്ചിരുന്നു എന്നതിൽ സംശയമില്ല. ആദ്യത്തെ പുത്രൻ ജനിച്ചപ്പോൾ ഹവ്വാ ഇങ്ങനെ പറഞ്ഞു: “യഹോവയാൽ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു.” (ഉല്‌പത്തി 4:1) വാഗ്‌ദത്ത സന്തതി ആ മകൻ ആയിരിക്കുമെന്ന്‌ അവൾ കരുതിയോ? അതേക്കുറിച്ച്‌ നമുക്ക്‌ കൂടുതലായി ഒന്നും പറയാനാവില്ല. എന്നാൽ ഒരു കാര്യം വ്യക്തമാണ്‌, കയീനും അവന്റെ മക്കളും യഹോവയ്‌ക്കു പ്രസാദകരമായതു ചെയ്‌തില്ല. എന്നാൽ കയീന്റെ സഹോദരനായ ഹാബെൽ ദൈവത്തിന്റെ വാഗ്‌ദാനങ്ങളിൽ വിശ്വാസം പ്രകടിപ്പിക്കുകയും തന്റെ ആട്ടിൻപറ്റത്തിലെ കടിഞ്ഞൂലുകളെ യഹോവയ്‌ക്കു യാഗമായി അർപ്പിക്കുകയും ചെയ്‌തു. ബൈബിളിൽ നാം ഇങ്ങനെ വായിക്കുന്നു: “വിശ്വാസത്താൽ ഹാബേൽ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാൽ അവന്നു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു.”—എബ്രായർ 11:4.

9. (എ) ഹാബെൽ എന്തിലാണ്‌ വിശ്വാസം അർപ്പിച്ചത്‌, അവൻ അത്‌ പ്രകടിപ്പിച്ചത്‌ എങ്ങനെ? (ബി) ഹാബെലിന്റെ യാഗം എന്ത്‌ നിവർത്തിച്ചു?

9 കയീനെ പോലെ, ദൈവം ഉണ്ട്‌ എന്ന വെറുമൊരു വിശ്വാസം അല്ല ഹാബെലിന്‌ ഉണ്ടായിരുന്നത്‌. ഒരു സന്തതി മുഖാന്തരം വിശ്വസ്‌ത മനുഷ്യർക്ക്‌ രക്ഷ സാധ്യമാക്കുമെന്ന ദൈവത്തിന്റെ വാഗ്‌ദാനത്തിലും ഹാബെലിന്‌ വിശ്വാസമുണ്ടായിരുന്നു. അത്‌ എങ്ങനെ നിവർത്തിയാകുമെന്ന്‌ ദൈവം അവനു വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, ആരുടെയോ ‘കുതികാൽ തകർക്കപ്പെടേണ്ടതുണ്ട്‌’ എന്ന്‌ ദൈവത്തിന്റെ വാഗ്‌ദാനത്തിൽനിന്ന്‌ അവൻ മനസ്സിലാക്കിയിരുന്നു. അതേ, രക്തം ചൊരിയപ്പെടേണ്ടതുണ്ടെന്ന്‌ അവൻ അനുമാനിച്ചിരിക്കണം. അങ്ങനെ, യാഗം അർപ്പിക്കുക എന്ന ആശയം ഉടലെടുത്തു. യഹോവയുടെ വാഗ്‌ദാനത്തിന്റെ നിവൃത്തി കാണാനുള്ള തീവ്രമായ ആഗ്രഹത്തിന്റെ ഒരു പ്രകടനമെന്ന നിലയിൽ, ജീവനും രക്തവും ഉൾപ്പെട്ട ഒരു കാഴ്‌ച ജീവന്റെ ഉറവായ യഹോവയ്‌ക്ക്‌ ഹാബെൽ അർപ്പിച്ചു. വിശ്വാസത്തിന്റെ ഈ പ്രകടനമായിരുന്നു ഹാബെലിന്റെ യാഗത്തെ യഹോവയ്‌ക്ക്‌ പ്രസാദകരമാക്കിയത്‌. കൂടാതെ അത്‌ ഒരർഥത്തിൽ, യാഗം അർപ്പിക്കേണ്ടതിന്റെ ആവശ്യം വെളിപ്പെടുത്തി. അതേ, പാപികളായ മനുഷ്യർക്ക്‌ ദൈവത്തിന്റെ പ്രീതി സമ്പാദിക്കാനുള്ള ഒരു മാർഗമാണ്‌ യാഗാർപ്പണം.—ഉല്‌പത്തി 4:4; എബ്രായർ 11:1, 6.

10. അബ്രാഹാമിനോട്‌ യിസ്‌ഹാക്കിനെ ഹോമയാഗമായി അർപ്പിക്കാൻ ആവശ്യപ്പെടുകവഴി യാഗത്തിന്റെ പ്രാധാന്യം യഹോവ വ്യക്തമാക്കിയത്‌ എങ്ങനെ?

10 യഹോവ അബ്രാഹാമിനോട്‌ അവന്റെ പുത്രനായ യിസ്‌ഹാക്കിനെ ഹോമയാഗമായി അർപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ യാഗം അർപ്പിക്കേണ്ടതിന്റെ പ്രാധാന്യം വളരെ വ്യക്തമായി. ആ യാഗം അക്ഷരാർഥത്തിൽ അർപ്പിക്കപ്പെട്ടില്ലെങ്കിലും അത്‌, കാലാന്തരത്തിൽ യഹോവതന്നെ ചെയ്യാനിരുന്ന ഒരു സംഗതിയെ—മനുഷ്യവർഗത്തെ സംബന്ധിച്ച തന്റെ ഹിതം നിവർത്തിക്കാൻ തന്റെ ഏകജാതനായ പുത്രനെ ഏറ്റവും വലിയ യാഗമായി അർപ്പിക്കാനിരുന്നതിനെ—മുൻനിഴലാക്കി. (യോഹന്നാൻ 3:16) പാപങ്ങൾ ക്ഷമിച്ചുകിട്ടാനും രക്ഷ സംബന്ധിച്ച പ്രത്യാശയെ കരുത്തുറ്റതാക്കാനും എന്തു ചെയ്യണമെന്ന്‌ തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ പഠിപ്പിക്കാൻ, മോശൈക ന്യായപ്രമാണത്തിലെ യാഗങ്ങളും വഴിപാടുകളും ഉപയോഗിച്ചുകൊണ്ട്‌ യഹോവ പ്രാവചനിക മാതൃകകൾ പ്രദാനം ചെയ്‌തു. ആ പ്രാവചനിക മാതൃകകളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

യഹോവയ്‌ക്ക്‌ സ്വീകാര്യമായ യാഗങ്ങൾ

11. ഇസ്രായേലിന്റെ മഹാപുരോഹിതൻ എന്തെല്ലാം അർപ്പിച്ചിരുന്നതായാണ്‌ പൗലൊസ്‌ പറയുന്നത്‌, അവയുടെ ഉദ്ദേശ്യം എന്തായിരുന്നു?

11 “ഏതു മഹാപുരോഹിതനും വഴിപാടും [“കാഴ്‌ചകളും,” പി.ഒ.സി. ബൈ.] യാഗവും അർപ്പിപ്പാൻ നിയമിക്കപ്പെടുന്നു” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പറയുന്നു. (എബ്രായർ 8:3) പുരാതന ഇസ്രായേലിലെ മഹാപുരോഹിതൻ “കാഴ്‌ചകളും” “യാഗവും”—‘പാപങ്ങൾക്കായുള്ള യാഗം’—അർപ്പിച്ചിരുന്നു എന്നു പറഞ്ഞുകൊണ്ട്‌ പൗലൊസ്‌ രണ്ടിനെയും വേർതിരിച്ചു കാണിക്കുന്നതു ശ്രദ്ധിക്കുക. (എബ്രായർ 5:1) സ്‌നേഹവും വിലമതിപ്പും പ്രകടിപ്പിക്കാനും സൗഹൃദബന്ധം സ്ഥാപിക്കാനും പ്രീതി അല്ലെങ്കിൽ അംഗീകാരം നേടാനും ഒക്കെയാണ്‌ ആളുകൾ സാധാരണ കാഴ്‌ചകൾ അഥവാ സമ്മാനങ്ങൾ നൽകുന്നത്‌. (ഉല്‌പത്തി 32:20; സദൃശവാക്യങ്ങൾ 18:16) സമാനമായി, ന്യായപ്രമാണ പ്രകാരം അർപ്പിക്കപ്പെട്ടിരുന്ന പല യാഗങ്ങളെയും ദൈവത്തിന്റെ പ്രീതിയും അംഗീകാരവും നേടാനുള്ള “കാഴ്‌ച”കളായി വീക്ഷിക്കാവുന്നതാണ്‌. * എന്നാൽ ന്യായപ്രമാണ ലംഘനത്തിന്‌ പ്രായശ്ചിത്തം ചെയ്യണമായിരുന്നു, അതായത്‌ ‘പാപങ്ങൾക്കായുള്ള യാഗം’ അർപ്പിക്കണമായിരുന്നു. പഞ്ചഗ്രന്ഥങ്ങൾ, വിശേഷിച്ചും പുറപ്പാട്‌, ലേവ്യപുസ്‌തകം, സംഖ്യാപുസ്‌തകം എന്നിവ വിവിധ തരത്തിലുള്ള യാഗങ്ങളെയും വഴിപാടുകളെയും കുറിച്ച്‌ അനേകം വിശദാംശങ്ങൾ പ്രദാനം ചെയ്യുന്നു. ആ വിശദാംശങ്ങളെല്ലാം ഓർത്തിരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെങ്കിലും വിവിധതരം യാഗങ്ങളെ കുറിച്ചുള്ള പ്രധാനപ്പെട്ട ചില ആശയങ്ങൾ അറിഞ്ഞിരിക്കുന്നതു നമുക്കു പ്രയോജനം ചെയ്യും.

12. ന്യായപ്രമാണത്തിലെ യാഗങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ ബൈബിളിൽ എവിടെയാണ്‌ നാം കാണുന്നത്‌?

12 ലേവ്യപുസ്‌തകത്തിന്റെ 1 മുതൽ 7 വരെയുള്ള അധ്യായങ്ങളിൽ പ്രധാനപ്പെട്ട അഞ്ച്‌ യാഗങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ നമുക്കു കാണാൻ കഴിയും. ഹോമയാഗം, ഭോജനയാഗം, സമാധാനയാഗം, പാപയാഗം, അകൃത്യയാഗം എന്നിവയാണ്‌ അവ. ഈ യാഗങ്ങളെ കുറിച്ച്‌ വെവ്വേറെ വിവരണങ്ങൾ നൽകുന്നുണ്ടെങ്കിലും അവയിൽ ചിലത്‌ ഒരുമിച്ചാണ്‌ അർപ്പിക്കപ്പെട്ടിരുന്നത്‌. കൂടാതെ, പ്രസ്‌തുത വേദഭാഗത്ത്‌ ഈ യാഗങ്ങൾ രണ്ടു വ്യത്യസ്‌ത ഉദ്ദേശ്യങ്ങൾക്കായി അർപ്പിക്കപ്പെടുന്നതിനെ കുറിച്ചു വിവരിച്ചിരിക്കുന്നതും നാം കാണുന്നു. ലേവ്യപുസ്‌തകം 1:2 മുതൽ 6:7 വരെയുള്ള വിവരണങ്ങൾ ഒന്നാമത്തെ ഉദ്ദേശ്യം വ്യക്തമാക്കുന്നു. യാഗപീഠത്തിൽ അർപ്പിക്കപ്പെടേണ്ട വസ്‌തുക്കളെ കുറിച്ചുള്ള വിശദാംശങ്ങളാണ്‌ അവിടെ നൽകിയിരിക്കുന്നത്‌. ലേവ്യപുസ്‌തകം 6:8 മുതൽ 7:36 വരെയുള്ള വിവരണങ്ങൾ രണ്ടാമത്തെ ഉദ്ദേശ്യം വ്യക്തമാക്കുന്നു. പുരോഹിതന്മാർക്കും യാഗം അർപ്പിക്കുന്ന വ്യക്തിക്കും ഉള്ള ഓഹരിയെ കുറിച്ച്‌ അവിടെ പ്രതിപാദിക്കുന്നു. അതിനു പുറമെ, സംഖ്യാപുസ്‌തകം 28-ഉം 29-ഉം അധ്യായങ്ങളിൽ നാൾതോറും വാരംതോറും മാസംതോറും കൂടാതെ വാർഷിക ഉത്സവങ്ങളിലും ഏതെല്ലാം യാഗങ്ങൾ അർപ്പിക്കണം എന്നതു സംബന്ധിച്ച വിശദമായ നിർദേശങ്ങൾ നാം കാണുന്നു.

13. ദൈവത്തിന്‌ കാഴ്‌ചയായി സ്വമേധയാ അർപ്പിക്കപ്പെട്ടിരുന്ന യാഗത്തെ വിവരിക്കുക.

13 കാഴ്‌ചയായി അഥവാ ദൈവത്തിന്റെ പ്രീതിക്കായി സ്വമേധയാ അർപ്പിച്ചിരുന്ന യാഗങ്ങളാണ്‌ ഹോമയാഗങ്ങളും ഭോജനയാഗങ്ങളും സമാധാനയാഗങ്ങളും. “ഹോമയാഗം” എന്നതിന്റെ ഗ്രീക്ക്‌ പദത്തിന്‌ “ഉയരുന്ന യാഗം” അഥവാ “ആരോഹണ യാഗം” എന്ന്‌ അർഥമാക്കാൻ കഴിയുമെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. അത്‌ തികച്ചും അനുയോജ്യമാണ്‌. കാരണം, ഹോമയാഗത്തിന്റെ ഭാഗമായി, അറുത്ത മൃഗത്തെ യാഗപീഠത്തിന്മേൽ ദഹിപ്പിക്കുന്നു. അപ്പോഴുണ്ടാകുന്ന സൗരഭ്യവാസന സ്വർഗത്തിലേക്ക്‌, ദൈവത്തിന്റെ പക്കലേക്ക്‌ ഉയരുമായിരുന്നു. അർപ്പിക്കപ്പെടുന്ന മൃഗത്തിന്റെ രക്തം യാഗപീഠത്തിനു ചുറ്റും തളിച്ചശേഷം അതിനെ മുഴുവനായി ദൈവത്തിന്‌ അർപ്പിച്ചിരുന്നു എന്നതാണ്‌ ഹോമയാഗത്തിന്റെ പ്രത്യേകത. പുരോഹിതൻ “സകലവും യാഗപീഠത്തിന്മേൽ ഹോമയാഗമായി ദഹിപ്പി”ച്ചിരുന്നുവെന്നും “അതു യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗ”മായിരുന്നുവെന്നും ലേവ്യപുസ്‌തകം പറയുന്നു.—ലേവ്യപുസ്‌തകം 1:3, 4, 9; ഉല്‌പത്തി 8:21.

14. ഭോജനയാഗം അർപ്പിച്ചിരുന്നത്‌ എങ്ങനെ?

14 ഭോജനയാഗത്തെ കുറിച്ച്‌ ലേവ്യപുസ്‌തകം രണ്ടാം അധ്യായത്തിൽ വിവരിച്ചിരിക്കുന്നു. നേരിയ മാവ്‌ ആണ്‌ ആ സ്വമേധയാ യാഗത്തിൽ അർപ്പിച്ചിരുന്നത്‌. അതിൽ എണ്ണയും കുന്തുരുക്കവും ചേർക്കുക പതിവായിരുന്നു. “അവൻ [പുരോഹിതൻ] മാവും എണ്ണയും ഒരു കൈ നിറച്ചും കുന്തുരുക്കം മുഴുവനും എടുക്കേണം; പുരോഹിതൻ അതു നിവേദ്യമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം.” (ലേവ്യപുസ്‌തകം 2:2) സമാഗമന കൂടാരത്തിലെയും ആലയത്തിലെയും ധൂപപീഠത്തിന്മേൽ കത്തിച്ചിരുന്ന വിശുദ്ധ സുഗന്ധവർഗത്തിലെ ഒരു ഘടകം ആയിരുന്നു കുന്തുരുക്കം. (പുറപ്പാടു 30:34-36, പി.ഒ.സി. ബൈ.) “എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും എന്റെ കൈകളെ മലർത്തുന്നതു സന്ധ്യായാഗമായും തീരട്ടെ” എന്നു പറഞ്ഞപ്പോൾ ദാവീദിന്റെ മനസ്സിൽ ഉണ്ടായിരുന്നത്‌ ഇതാണെന്നു വ്യക്തമാണ്‌.—സങ്കീർത്തനം 141:2.

15. സമാധാനയാഗത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു?

15 സ്വമേധയാ അർപ്പിച്ചിരുന്ന മറ്റൊരു യാഗമാണ്‌ സമാധാനയാഗം. ലേവ്യപുസ്‌തകം 3-ാം അധ്യായത്തിൽ അതേക്കുറിച്ചു വിവരിച്ചിട്ടുണ്ട്‌. പേരു സൂചിപ്പിക്കുന്നതു പോലെതന്നെ അത്‌ സമാധാനത്തെ കുറിക്കുന്ന ഒരു യാഗമായിരുന്നു. എബ്രായഭാഷയിൽ ‘സമാധാനം’ എന്ന പദം, യുദ്ധമോ അതുപോലുള്ള പ്രശ്‌നങ്ങളോ ഇല്ലാത്ത ശാന്തമായ ഒരു അന്തരീക്ഷത്തെ മാത്രമല്ല അർഥമാക്കുന്നത്‌. “ബൈബിളിൽ അത്‌ ദൈവവുമായി സമാധാനത്തിലായിരിക്കുന്ന, സന്തോഷവും സമൃദ്ധിയും കളിയാടുന്ന ഒരവസ്ഥയെയും സൂചിപ്പിക്കുന്നു” എന്ന്‌ മോശൈക വ്യവസ്ഥയെ കുറിച്ചുള്ള പഠനം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. അതുകൊണ്ട്‌ ദൈവത്തെ പ്രീണിപ്പിച്ചുകൊണ്ട്‌ അവനുമായി ഒരു സമാധാനബന്ധം സ്ഥാപിക്കുന്നതിനല്ല, മറിച്ച്‌ ദൈവവുമായി സമാധാനത്തിലായിരുന്ന അനുഗൃഹീത അവസ്ഥ ആഘോഷിക്കാൻ അല്ലെങ്കിൽ അതേപ്രതി അവനു കൃതജ്ഞത രേഖപ്പെടുത്താൻ വേണ്ടിയായിരുന്നു ഇസ്രായേല്യർ സമാധാനയാഗങ്ങൾ അർപ്പിച്ചിരുന്നത്‌. ബലിമൃഗത്തിന്റെ രക്തവും മേദസ്സും യഹോവയ്‌ക്ക്‌ അർപ്പിച്ചശേഷം പുരോഹിതന്മാരും യാഗം അർപ്പിച്ച വ്യക്തിയും അതിന്റെ മാംസം ഭക്ഷിച്ചുകൊണ്ട്‌ അതിൽ പങ്കുപറ്റിയിരുന്നു. (ലേവ്യപുസ്‌തകം 3:17; 7:16-21; 19:5-8) യാഗം അർപ്പിച്ച വ്യക്തിയും പുരോഹിതന്മാരും യഹോവയാം ദൈവവും ഒരുമിച്ച്‌ ഒരു സദ്യയിൽ പങ്കുപറ്റുന്നതുപോലെയായിരുന്നു അത്‌. അവർക്കിടയിലുള്ള സമാധാനപൂർണമായ ബന്ധത്തെ അത്‌ അർഥമാക്കി.

16. (എ) പാപയാഗവും അകൃത്യയാഗവും അർപ്പിച്ചിരുന്നത്‌ എന്തിനുവേണ്ടിയായിരുന്നു? (ബി) അവ ഹോമയാഗത്തിൽനിന്നു വ്യത്യസ്‌തമായിരുന്നത്‌ എങ്ങനെ?

16 പാപമോചനത്തിനുള്ള മാർഗം എന്ന നിലയിലും ന്യായപ്രമാണ ലംഘനത്തിനുള്ള പ്രായശ്ചിത്തം എന്ന നിലയിലും അർപ്പിക്കപ്പെട്ടിരുന്ന യാഗങ്ങളായിരുന്നു പാപയാഗവും അകൃത്യയാഗവും. ഹോമയാഗത്തെപോലെ ഈ യാഗങ്ങളും യാഗപീഠത്തിന്മേൽ ദഹിപ്പിക്കുകയാണു ചെയ്‌തിരുന്നതെങ്കിലും അവ തമ്മിൽ ഒരു വ്യത്യാസമുണ്ടായിരുന്നു. ഹോമയാഗത്തിൽ മൃഗത്തെ മുഴുവനോടെ അർപ്പിച്ചിരുന്നെങ്കിൽ, മേൽപ്പറഞ്ഞ രണ്ടു യാഗങ്ങളിലും മേദസ്സും മൃഗത്തിന്റെ ചില ഭാഗങ്ങളും മാത്രമേ ദൈവത്തിന്‌ അർപ്പിച്ചിരുന്നുള്ളൂ. മാംസം ഉൾപ്പെടെയുള്ള ബാക്കി ഭാഗങ്ങൾ പാളയത്തിനു വെളിയിൽ കൊണ്ടുപോയി കളയുകയോ ചില അവസരങ്ങളിൽ പുരോഹിതന്മാർ അവ ഭക്ഷിക്കുകയോ ചെയ്‌തിരുന്നു. ദൈവത്തെ സമീപിക്കാൻ കഴിയേണ്ടതിനുള്ള ഒരു കാഴ്‌ചയായി ഹോമയാഗം അർപ്പിച്ചിരുന്നതിനാൽ അതിന്‌ ഉപയോഗിച്ചിരുന്ന മൃഗം മുഴുവനായി ദൈവത്തിനുള്ളത്‌ ആയിരുന്നു. ഹോമയാഗത്തിനു മുമ്പ്‌ പാപയാഗമോ അകൃത്യയാഗമോ അർപ്പിക്കുമായിരുന്നു എന്നതും ശ്രദ്ധേയമാണ്‌. കാരണം പാപിയായ ഒരു വ്യക്തി സമർപ്പിക്കുന്ന കാഴ്‌ച ദൈവത്തിനു സ്വീകാര്യമാകണമെങ്കിൽ ആദ്യം അയാളുടെ പാപം ക്ഷമിച്ചുകിട്ടണമായിരുന്നു.—ലേവ്യപുസ്‌തകം 8:14, 18; 9:2, 3; 16:3, 5.

17, 18. പാപയാഗം അർപ്പിച്ചിരുന്നത്‌ എന്തിന്‌, അകൃത്യയാഗത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു?

17 ഒരു വ്യക്തി അബദ്ധവശാൽ അഥവാ ജഡത്തിന്റെ ബലഹീനത നിമിത്തം ന്യായപ്രമാണത്തിനെതിരെ പാപം ചെയ്‌തതാണെങ്കിൽ മാത്രമേ പാപയാഗം യഹോവയ്‌ക്കു സ്വീകാര്യമാകുമായിരുന്നുള്ളൂ. “ചെയ്യരുതെന്നു യഹോവ കല്‌പിച്ചിട്ടുള്ള വല്ല കാര്യത്തിലും ആരെങ്കിലും അബദ്ധവശാൽ പിഴെച്ചു ആവക വല്ലതും ചെയ്‌താൽ” പാപം ചെയ്‌ത ആ വ്യക്തി സമുദായത്തിൽ അയാൾക്കുള്ള നിലയ്‌ക്കും വിലയ്‌ക്കും അനുസൃതം ഒരു പാപയാഗം അർപ്പിക്കണമായിരുന്നു. (ലേവ്യപുസ്‌തകം 4:2, 3, 22, 27) എന്നാൽ അനുതാപമില്ലാത്ത പാപികളുടെ കാര്യത്തിലാണെങ്കിൽ അവരെ ജനത്തിന്റെ ഇടയിൽ നിന്നു ഛേദിച്ചു കളയുമായിരുന്നു, അവർക്കായി യാതൊരു യാഗവും ലഭ്യമായിരുന്നില്ല.—പുറപ്പാടു 21:12-15; ലേവ്യപുസ്‌തകം 17:10; 20:2, 6, 10; സംഖ്യാപുസ്‌തകം 15:30; എബ്രായർ 2:2.

18 അകൃത്യയാഗത്തിന്റെ അർഥവും ഉദ്ദേശ്യവും ലേവ്യപുസ്‌തകത്തിന്റെ 5-ഉം 6-ഉം അധ്യായങ്ങളിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഒരു വ്യക്തി പാപം ചെയ്‌തത്‌ അബദ്ധവശാൽ ആയിരിക്കാമെങ്കിലും അത്‌ സഹമനുഷ്യരെയോ യഹോവയാം ദൈവത്തെയോ ഏതെങ്കിലും തരത്തിൽ പ്രതികൂലമായി ബാധിച്ചിരിക്കാം. അത്‌ പരിഹരിക്കപ്പെടേണ്ട ഒരു അകൃത്യമായിരുന്നു. അങ്ങനെയുള്ള പലതരം പാപങ്ങളെ കുറിച്ച്‌ ലേവ്യപുസ്‌തകം പരാമർശിക്കുന്നുണ്ട്‌. ചിലത്‌ സ്വകാര്യ പാപങ്ങൾ ആയിരുന്നു. (5:2-6) മറ്റു ചിലത്‌, “യഹോവയുടെ വിശുദ്ധവസ്‌തുക്ക”ൾക്കെതിരെ ഉള്ളവയായിരുന്നു. (5:14-16) ഇനിയും വേറെ ചിലതാകട്ടെ, മനപ്പൂർവമല്ലെന്നു തീർത്തു പറയാൻ കഴിയാത്തതും എന്നാൽ തെറ്റായ മോഹങ്ങൾ അല്ലെങ്കിൽ ജഡിക ബലഹീനത മൂലം ചെയ്‌തുപോയവയുമായിരുന്നു. (6:1-3) അങ്ങനെയുള്ള പാപങ്ങൾ ഏറ്റു പറയുന്നതോടൊപ്പംതന്നെ അകൃത്യം ചെയ്‌ത വ്യക്തി ഉചിതമായ പരിഹാരം ചെയ്യുകയും യഹോവയ്‌ക്ക്‌ അകൃത്യയാഗം അർപ്പിക്കുകയും ചെയ്യണമായിരുന്നു.—ലേവ്യപുസ്‌തകം 6:4-7.

മെച്ചപ്പെട്ട യാഗം

19. ന്യായപ്രമാണവും അതിന്റെ യാഗങ്ങളും ഒക്കെ ഉണ്ടായിരുന്നിട്ടും, ഇസ്രായേല്യർക്കു ദൈവത്തിന്റെ പ്രീതി സമ്പാദിക്കാൻ കഴിയാഞ്ഞത്‌ എന്തുകൊണ്ട്‌?

19 വാഗ്‌ദത്ത സന്തതി വരുന്നതുവരെ ദൈവത്തെ സമീപിക്കാനും അവന്റെ പ്രീതിയിൽ നിലനിൽക്കാനും ഇസ്രായേല്യരെ പ്രാപ്‌തരാക്കുന്നതിനായിരുന്നു അനേകം വഴിപാടുകളും യാഗങ്ങളും ഉൾപ്പെട്ട ന്യായപ്രമാണം യഹോവ അവർക്കു നൽകിയത്‌. ജനനംകൊണ്ട്‌ ഒരു യഹൂദനായിരുന്ന അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ എഴുതി: “അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്‌തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.” (ഗലാത്യർ 3:24) സങ്കടകരമെന്നു പറയട്ടെ, ഒരു ജനത എന്ന നിലയിൽ ഇസ്രായേൽ ന്യായപ്രമാണത്തെ വിലമതിക്കുന്നതിനു പകരം അതിനെ തുച്ഛീകരിച്ചു. തത്‌ഫലമായി അവരുടെ യാഗങ്ങളൊക്കെയും യഹോവയ്‌ക്ക്‌ അറപ്പുളവാക്കി. അവൻ അവരോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്കു എന്തിനു എന്നു യഹോവ അരുളിച്ചെയ്യുന്നു; മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ടു എനിക്കു മതി വന്നിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊററന്മാരുടെയോ രക്തം എനിക്കു ഇഷ്ടമല്ല.”—യെശയ്യാവു 1:11.

20. പൊ.യു. 70-ൽ ന്യായപ്രമാണത്തിനും അത്‌ അനുശാസിച്ചിരുന്ന യാഗങ്ങൾക്കും എന്തു സംഭവിച്ചു?

20 പൊ.യു. 70-ൽ ആലയക്രമീകരണവും പൗരോഹിത്യവും ഉൾപ്പെടെ യഹൂദ വ്യവസ്ഥിതി അവസാനിച്ചു. അതിനുശേഷം ന്യായപ്രമാണ പ്രകാരമുള്ള യാഗങ്ങൾ സാധ്യമല്ലാതായിത്തീർന്നു. അങ്ങനെയെങ്കിൽ, ന്യായപ്രമാണത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന യാഗങ്ങൾക്ക്‌ ദൈവത്തിന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം ഇന്ന്‌ യാതൊരു അർഥവും ഇല്ലെന്നാണോ? അടുത്ത ലേഖനത്തിൽ നാം അത്‌ പരിചിന്തിക്കുന്നതാണ്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 6 വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) ഇങ്ങനെ വിശദീകരിക്കുന്നു: “ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന പ്രകാരം, ‘പരിഹരിക്കുക’ എന്ന പദത്തിന്‌ ‘നികത്തുക,’ ‘പകരംനൽകുക’ എന്നിങ്ങനെയുള്ള അർഥങ്ങളുണ്ട്‌. പകരംനൽകാൻ അല്ലെങ്കിൽ ‘നികത്താൻ’ ഉപയോഗിക്കുന്നതെന്തോ അത്‌ നഷ്ടപ്പെട്ട വസ്‌തുവിനു തുല്യമായിരിക്കണം. ആദാം വരുത്തിയ നഷ്ടം ഉചിതമായി പരിഹരിക്കാൻ, പൂർണതയുള്ള മനുഷ്യജീവന്‌ തുല്യമായ ഒരു പാപയാഗം അർപ്പിക്കേണ്ടതുണ്ടായിരുന്നു.”

^ ഖ. 11 കൊർബാൻ എന്ന എബ്രായ പദത്തെ മിക്കപ്പോഴും ‘വഴിപാട്‌’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. പരീശന്മാരെയും ശാസ്‌ത്രിമാരെയും കുറ്റം വിധിച്ച അവസരത്തിൽ “കൊർബ്ബാൻ” എന്ന പദത്തിന്റെ അർഥം “ദൈവത്തിനു സമർപ്പിക്കപ്പെട്ട കാഴ്‌ച” എന്നാണെന്ന്‌ യേശു വ്യക്തമാക്കിയതായി മർക്കൊസ്‌ രേഖപ്പെടുത്തിയിരിക്കുന്നു.—മർക്കൊസ്‌ 7:11, NW.

നിങ്ങൾക്കു വിശദീകരിക്കാമോ?

യഹോവയ്‌ക്കു യാഗം അർപ്പിക്കാൻ പുരാതന കാലത്തെ വിശ്വസ്‌തരായ പുരുഷന്മാരെ പ്രേരിപ്പിച്ചത്‌ എന്തായിരുന്നു?

യാഗങ്ങൾ അർപ്പിക്കേണ്ടിയിരുന്നത്‌ എന്തുകൊണ്ട്‌?

ന്യായപ്രമാണത്തിൻ കീഴിൽ മുഖ്യമായി ഏതെല്ലാം യാഗങ്ങളാണ്‌ അർപ്പിച്ചിരുന്നത്‌, അവയുടെ ഉദ്ദേശ്യമെന്ത്‌?

പൗലൊസ്‌ പറഞ്ഞപ്രകാരം ന്യായപ്രമാണവും യാഗങ്ങളും ഏത്‌ പ്രധാന ഉദ്ദേശ്യമാണു നിവർത്തിച്ചത്‌?

[അധ്യയന ചോദ്യങ്ങൾ]

[14-ാം പേജിലെ ചിത്രം]

ഹാബെലിന്റെ യാഗം യഹോവയുടെ വാഗ്‌ദാനത്തിലുള്ള അവന്റെ വിശ്വാസത്തിന്റെ തെളിവായിരുന്നതുകൊണ്ട്‌ അത്‌ യഹോവയ്‌ക്കു പ്രസാദകരമായിരുന്നു

[15-ാം പേജിലെ ചിത്രം]

ഈ രംഗത്തിന്റെ പ്രാധാന്യം നിങ്ങൾ വിലമതിക്കുന്നുവോ?