വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചോ? എങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:

യെശയ്യാവു 65:17-19-ലെ ‘പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും’ കുറിച്ചുള്ള പ്രവചനത്തിന്‌ അടിമത്തത്തിലായിരുന്ന യഹൂദന്മാർ സ്വദേശത്തേക്കു മടങ്ങിയതിനെക്കാൾ വലിയ നിവൃത്തിയുണ്ടെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാവുന്നത്‌ എന്തുകൊണ്ട്‌?

പൊ.യു. ഒന്നാം നൂറ്റാണ്ടിൽ അപ്പൊസ്‌തലന്മാരായ പത്രൊസും യോഹന്നാനും ഇനിയും നിറവേറാനുള്ള അനുഗ്രഹങ്ങളുടെ ഭാവി നിവൃത്തിയിലേക്കു വിരൽചൂണ്ടിക്കൊണ്ട്‌ അപ്രകാരം എഴുതി. (2 പത്രൊസ്‌ 3:13; വെളിപ്പാടു 21:1-5)—4/15, പേജ്‌ 10-12.

അക്രമാസക്തരായ അവതാരപുരുഷന്മാരെ കുറിച്ചുള്ള ഗ്രീക്ക്‌ പുരാണത്തെ പിന്തുണച്ചേക്കാവുന്നത്‌ എന്ത്‌?

പ്രളയപൂർവ ഘട്ടത്തിൽ ചില ദൂതന്മാർ മനുഷ്യരൂപമെടുക്കുകയും അക്രമാസക്തവും അധാർമികവുമായ ജീവിതം നയിക്കുകയും ചെയ്‌തുവെന്ന വസ്‌തുതയുടെ നിറംപിടിപ്പിച്ചതും വളച്ചൊടിച്ചതുമായ വിവരണമായിരിക്കാം അത്‌. (ഉല്‌പത്തി 6:1, 2)—4/15, പേജ്‌ 27.

പക്വതയുള്ള ക്രിസ്‌ത്യാനികൾ വിവാഹവേളകളിൽ അപകടകരമായ ഏതെല്ലാം സംഗതികൾ സംബന്ധിച്ച്‌ ജാഗരൂകരായിരിക്കും?

യാതൊരു നിയന്ത്രണവുമില്ലാതെ മദ്യം വിളമ്പുകയും വന്യമായ നൃത്തവും കാതടപ്പിക്കുന്ന സംഗീതവും ഉണ്ടായിരിക്കുകയും ചെയ്യുന്നതിന്റെ ഫലമായുള്ള ഒച്ചപ്പാടോടുകൂടിയ വെറിക്കൂത്ത്‌ ഒഴിവാക്കേണ്ടത്‌ പ്രധാനമാണ്‌. എല്ലാവർക്കും വിരുന്നിൽ സംബന്ധിക്കാം എന്ന്‌ അറിയിച്ചിട്ടില്ലെങ്കിൽ ക്ഷണിക്കപ്പെടാത്തവർ അതിൽ സംബന്ധിക്കരുത്‌. ന്യായമായ സമയത്ത്‌ ആഘോഷം അവസാനിക്കുന്നതുവരെ ഉത്തരവാദിത്വപ്പെട്ട ക്രിസ്‌ത്യാനികൾ അവിടെ ഉണ്ടായിരിക്കുമെന്ന്‌ വരൻ ഉറപ്പുവരുത്തണം.—5/1, പേജ്‌ 19-22.

മക്കൾ “മേശെക്കു ചുററും ഒലിവുതൈകൾപോലെ” ആയിരിക്കും എന്ന സങ്കീർത്തനം 128:3-ലെ പരാമർശം എന്താണ്‌ സൂചിപ്പിക്കുന്നത്‌?

ഒലിവിന്റെ തായ്‌ത്തടിയുടെ ചുവട്ടിൽനിന്നാണ്‌ മിക്കപ്പോഴും പുതിയ മുളകൾ പൊട്ടിവളരുന്നത്‌. പഴയ വൃക്ഷത്തിന്റെ തായ്‌ത്തടിയുടെ ഫലോത്‌പാദനം കുറയുമ്പോൾ, പുതിയ മുളകൾ അതിനുചുറ്റും വളർന്ന്‌ കരുത്തുറ്റതായിത്തീർന്നേക്കാം. സമാനമായി, തങ്ങളോടൊപ്പം യഹോവയെ സേവിക്കുന്ന ഫലോത്‌പാദകരായ മക്കളുള്ള മാതാപിതാക്കൾക്കു സന്തോഷിക്കുന്നതിനു കാരണമുണ്ട്‌.—5/15, പേജ്‌ 27.

ആരോഗ്യാവഹമായ കുടുംബാന്തരീക്ഷത്തിൽനിന്ന്‌ കുട്ടികൾക്കു ലഭിക്കുന്ന ചില പ്രയോജനങ്ങളേവ?

അധികാരത്തോടുള്ള ആരോഗ്യാവഹമായ വീക്ഷണം, ശരിയായ മൂല്യങ്ങളോടുള്ള വിലമതിപ്പ്‌, മറ്റുള്ളവരുമായുള്ള സന്തുഷ്ട ബന്ധങ്ങൾ എന്നിവയ്‌ക്ക്‌ അത്‌ അടിത്തറപാകുന്നു. അത്തരമൊരു അന്തരീക്ഷം യഹോവയുമായി സൗഹൃദം വളർത്തിയെടുക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു.—6/1, പേജ്‌ 18.

ഒരു വിദൂര പൗരസ്‌ത്യ ദേശത്ത്‌, എല്ലാ ക്രിസ്‌ത്യാനികളും സഹോദരങ്ങളാണെന്ന ആശയത്തെ പ്രോത്സാഹിപ്പിക്കാനായി എന്താണു ചെയ്‌തത്‌?

സഭയിലെ ചിലരെ മാത്രം ബഹുമാനസൂചകമായ പദങ്ങൾ ഉപയോഗിച്ച്‌ അഭിസംബോധന ചെയ്യാതിരിക്കാനും പകരം എല്ലാവരെയും തുല്യരായി സഹോദരങ്ങൾ എന്നു അഭിസംബോധന ചെയ്യാനും സഭയിലെ എല്ലാവരും പ്രോത്സാഹിപ്പിക്കപ്പെട്ടു.—6/15, പേജ്‌ 21, 22.

യഹോവയുടെ സാക്ഷികൾ രക്തോത്‌പന്നങ്ങൾ അടങ്ങിയ മരുന്നുകൾ സ്വീകരിക്കുമോ?

‘രക്തം വർജിക്കുക’ എന്ന ബൈബിൾ കൽപ്പനയിൽ, രക്തമോ അതിലെ പ്രാഥമിക ഘടകങ്ങളോ (പ്ലാസ്‌മ, അരുണ രക്താണുക്കൾ, ശ്വേതരക്താണുക്കൾ, പ്ലേറ്റ്‌ലറ്റുകൾ) സ്വീകരിക്കാതിരിക്കുന്നത്‌ ഉൾപ്പെടുന്നുവെന്നു ഞങ്ങൾ വിശ്വസിക്കുന്നു. (പ്രവൃത്തികൾ 15:28, 29) പ്രാഥമിക ഘടകങ്ങളിൽനിന്നു വേർതിരിച്ചെടുത്ത അംശങ്ങളെ സംബന്ധിച്ചാണെങ്കിൽ, ബൈബിൾ പറയുന്ന കാര്യങ്ങളുടെയും ദൈവവുമായുള്ള തന്റെ ബന്ധത്തിന്റെയും അടിസ്ഥാനത്തിൽ ഓരോ ക്രിസ്‌ത്യാനിയും വ്യക്തിപരമായി തീരുമാനമെടുക്കണം.—6/15, പേജ്‌ 29-31.

ഇന്ന്‌ യഥാർഥ ആന്തരിക സംതൃപ്‌തി കണ്ടെത്താനാകുമോ?

ഉവ്വ്‌. ബൈബിൾ മുഖാന്തരം യേശു ഇന്ന്‌ ആളുകളെ നിർമലാരാധനയുടെ പാതയിലേക്കും യെശയ്യാവു 32:18-ൽ വിവരിച്ചിരിക്കുന്ന സമാധാനത്തിലേക്കും നയിക്കുകയാണ്‌. കൂടാതെ, അത്തരം സമാധാനം ലഭിക്കുന്നവർക്ക്‌ സങ്കീർത്തനം 37:11, 29-ന്റെ നിവൃത്തിയായി ഭൂമിയിൽ എന്നേക്കും സമാധാനം ആസ്വദിക്കാനുള്ള പ്രതീക്ഷ വെച്ചുപുലർത്താൻ കഴിയും.—7/1, പേജ്‌ 7.

ആധുനിക ദിവ്യാധിപത്യ ചരിത്രത്തിൽ ജോർജ്‌ യങ്‌ വഹിച്ച പങ്കെന്ത്‌?

1917 മുതൽ അദ്ദേഹം അനേകം രാജ്യങ്ങളിൽ സുവാർത്തയുടെ പ്രകാശവാഹകനായിരുന്നു. കാനഡ, കരീബിയൻ ദ്വീപുകൾ, ബ്രസീൽ, തെക്കേ അമേരിക്കയുടെ മറ്റു ഭാഗങ്ങൾ, മധ്യ അമേരിക്ക, സ്‌പെയിൻ, പോർച്ചുഗൽ, മുൻ സോവിയറ്റ്‌ യൂണിയൻ, ഐക്യനാടുകൾ എന്നിവിടങ്ങളിൽ അദ്ദേഹം തന്റെ ശുശ്രൂഷ നിർവഹിച്ചു.—7/1, പേജ്‌ 22-7.

“മരിച്ചവർ ആയിരിക്കാൻവേണ്ടി സ്‌നാപനമേൽക്കുന്നവർ,” എന്ന്‌ 1 കൊരിന്ത്യർ 15:29-ൽ [NW] പറയുന്നതിന്റെ അർഥമെന്ത്‌?

പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുന്ന ക്രിസ്‌ത്യാനികൾ, മരണത്തിലേക്കും തുടർന്നുള്ള സ്വർഗീയ ജീവനിലെ പുനരുത്ഥാനത്തിലേക്കും നയിക്കുന്ന ഒരു ജീവിത ഗതിയിലേക്കു പ്രവേശിക്കുന്നുവെന്നാണ്‌ ഇതിന്റെ അർഥം.—7/15, പേജ്‌ 17.

അപ്പൊസ്‌തലനായ പൗലൊസിന്റെ ജീവിതത്തിലെ നിശ്ശബ്ദ വർഷങ്ങൾ എന്നറിയപ്പെടുന്ന കാലയളവിൽ അവൻ എന്തു ചെയ്യുകയായിരുന്നു?

അവൻ സിറിയയിലും കിലിക്ക്യയിലും സഭകൾ സ്ഥാപിക്കുകയോ ബലപ്പെടുത്തുകയോ ചെയ്‌തിരിക്കാം. 2 കൊരിന്ത്യർ 11:23-27-ൽ പരാമർശിച്ചിരിക്കുന്ന അവന്റെ കഷ്ടപ്പാടുകളിൽ മിക്കതും ആ കാലഘട്ടത്തിൽ ആയിരിക്കണം സംഭവിച്ചത്‌. ആ സമയത്ത്‌ അവൻ സജീവമായി ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു എന്ന്‌ ഇതു പ്രകടമാക്കുന്നു.—7/15, പേജ്‌ 26, 27.

ന്യായമായ പ്രതീക്ഷകൾ വെച്ചുപുലർത്താൻ നമ്മെ എന്തു സഹായിക്കും?

യഹോവ നമ്മുടെ അവസ്ഥ മനസ്സിലാക്കുന്നുവെന്ന്‌ ഓർത്തിരിക്കുക. ചിന്തയെ സമനിലയിൽ നിറുത്താൻ പ്രാർഥന സഹായിക്കും, അത്‌ എളിമയുടെ തെളിവാണ്‌. പക്വതയുള്ള ഒരു സുഹൃത്തിനോടു സംസാരിച്ചുകൊണ്ട്‌ പുതിയ വീക്ഷണം നേടുന്നതാണ്‌ മറ്റൊരു സഹായം.—8/1, പേജ്‌ 29, 30.