വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ

യെശയ്യാവു 53-ാം അധ്യായത്തിൽ മിശിഹായെ കുറിച്ചുള്ള പ്രസിദ്ധമായ ഒരു പ്രവചനം കാണാം. “അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടം തോന്നി; അവൻ അവന്നു കഷ്ടം വരുത്തി” എന്ന്‌ പ്രസ്‌തുത അധ്യായത്തിന്റെ 10-ാം വാക്യം പറയുന്നു. എന്താണ്‌ അതിന്റെ അർഥം?

യെശയ്യാവു 53:10-നെ കുറിച്ച്‌ ഇത്തരമൊരു ചോദ്യം ഉയർന്നുവരിക സ്വാഭാവികമാണ്‌. ആർദ്രാനുകമ്പയുള്ള ദൈവം ആരെയെങ്കിലും തകർക്കുന്നതിലോ കഷ്ടപ്പെടുത്തുന്നതിലോ ആനന്ദിക്കുമെന്ന്‌ സത്യക്രിസ്‌ത്യാനികൾ കരുതുന്നില്ല. നിർദോഷികളെ പീഡിപ്പിക്കുന്നതിൽ ദൈവം ആനന്ദിക്കുന്നില്ല എന്ന ബോധ്യത്തിനുള്ള അടിസ്ഥാനം ബൈബിൾ നമുക്കു നൽകുന്നു. (ആവർത്തനപുസ്‌തകം 32:4; യിരെമ്യാവു 7:30, 31) കഴിഞ്ഞ കാലങ്ങളിൽ ചിലപ്പോഴൊക്കെ യഹോവ ദുഷ്ടത അനുവദിച്ചു എന്നതു ശരിയാണ്‌. എന്നാൽ അതിന്‌ അവന്റെ ജ്ഞാനത്തിനും സ്‌നേഹത്തിനും നിരക്കുന്ന കാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, തന്റെ പ്രിയ പുത്രനായ യേശു കഷ്ടമനുഭവിക്കാൻ അവൻ തീർച്ചയായും ഇടയാക്കിയില്ല. അങ്ങനെയെങ്കിൽ, യെശയ്യാവു 53:10 വാസ്‌തവത്തിൽ എന്താണ്‌ അർഥമാക്കുന്നത്‌?

പ്രസ്‌തുത വാക്യം പൂർണമായി പരിചിന്തിക്കുന്നെങ്കിൽ അതിന്റെ അർഥം നമുക്കു ഗ്രഹിക്കാനാകും. ആ വാക്യത്തിൽ രണ്ടു പ്രാവശ്യം “ഇഷ്ടം” എന്ന വാക്ക്‌ വരുന്നുണ്ട്‌. യെശയ്യാവു 53:10-ൽ നാം ഇങ്ങനെ വായിക്കുന്നു: “എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടം തോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും.”

ഈ വാക്യത്തിന്റെ ഒടുവിൽ കാണുന്ന “യഹോവയുടെ ഇഷ്ടം” എന്നതു കേന്ദ്രീകരിച്ചിരിക്കുന്നത്‌ രാജ്യം മുഖാന്തരം അവൻ തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിൽ ആണെന്ന്‌ ബൈബിളിന്റെ ആകമാന വിഷയം സൂചിപ്പിക്കുന്നു. യഹോവ അങ്ങനെ ചെയ്യുന്നതിന്റെ ഫലമായി, അവന്റെ പരമാധികാരം സംസ്ഥാപിക്കപ്പെടുകയും അനുസരണമുള്ള മനുഷ്യവർഗത്തിന്റെ, അതായത്‌ നമ്മുടെ, പാരമ്പര്യസിദ്ധ പാപം മോചിപ്പിക്കപ്പെടുകയും ചെയ്യും. (1 ദിനവൃത്താന്തം 29:11; സങ്കീർത്തനം 83:18; പ്രവൃത്തികൾ 4:24; എബ്രായർ 2:14, 15; 1 യോഹന്നാൻ 3:8) ദൈവപുത്രൻ മനുഷ്യനായിത്തീർന്ന്‌ മറുവില നൽകണം എന്നതായിരുന്നു ഇതിന്റെയെല്ലാം കാതലായ സംഗതി. ആ ഉദ്ദേശ്യം നിവർത്തിക്കുന്നതിനിടയിൽ, യേശു കഷ്ടമനുഭവിച്ചു എന്നു നമുക്കറിയാം. അവൻ “താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു” എന്നു ബൈബിൾ നമ്മോടു പറയുന്നു. അതുകൊണ്ട്‌ തന്റെ കഷ്ടങ്ങളിൽനിന്ന്‌ യേശുവിനു തീർച്ചയായും പ്രയോജനം ഉണ്ടായി.—എബ്രായർ 5:7-9.

താൻ സ്വീകരിക്കാൻ പോകുന്ന മഹത്തായ ജീവിതഗതിയിൽ കുറെയൊക്കെ കഷ്ടത ഉൾപ്പെട്ടിരിക്കുന്നുവെന്ന്‌ യേശുവിനു മുന്നമേ അറിയാമായിരുന്നു. യോഹന്നാൻ 12:23, 24-ൽ രേഖപ്പെടുത്തിയിരിക്കുന്ന അവന്റെ വാക്കുകളിൽനിന്ന്‌ അതു വ്യക്തമാണ്‌. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “മനുഷ്യപുത്രൻ തേജസ്‌കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അതു തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും.” യാതന അനുഭവിച്ചു മരിക്കുന്ന ഘട്ടത്തോളം താൻ നിർമലത പാലിക്കേണ്ടതുണ്ടെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. ബൈബിളിലെ ആ വിവരണം ഇങ്ങനെ തുടരുന്നു: “ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്തു പറയേണ്ടു? പിതാവേ, ഈ നാഴികയിൽനിന്നു എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നു. പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോൾ സ്വർഗ്ഗത്തിൽനിന്നു; ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി.”—യോഹന്നാൻ 12:27, 28; മത്തായി 26:38, 39.

ഈ പശ്ചാത്തലത്തിൽ വേണം യെശയ്യാവു 53-ാം അധ്യായത്തിന്റെ 10-ാം വാക്യം നാം മനസ്സിലാക്കാൻ. തന്റെ പുത്രൻ അനുഭവിക്കാനിരിക്കുന്ന സംഗതിയിൽ ഒരർഥത്തിൽ അവൻ തകർക്കപ്പെടുന്നതും ഉൾപ്പെടുന്നു എന്ന്‌ യഹോവയ്‌ക്കു ശരിക്കും അറിയാമായിരുന്നു. എന്നിരുന്നാലും, മഹത്ത്വവും ഏറെ വ്യാപകവുമായ നന്മ മുന്നിൽക്കണ്ട്‌ യേശു അനുഭവിക്കാനിരുന്ന കാര്യങ്ങളിൽ യഹോവ ആനന്ദം കണ്ടെത്തി. ആ അർഥത്തിൽ മിശിഹായെ “തകർത്തുകളവാൻ” അഥവാ അവൻ തകർക്കപ്പെടുന്നതിൽ, “യഹോവെക്കു ഇഷ്ടം തോന്നി” എന്നു പറയാവുന്നതാണ്‌. തനിക്കു ചെയ്യാൻ കഴിയുന്നതും ചെയ്‌തതുമായ കാര്യങ്ങളിൽ യേശുവും ആനന്ദിച്ചു. ആ സ്ഥിതിക്ക്‌, ‘യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്‌തു’ എന്നു പറഞ്ഞുകൊണ്ട്‌ യെശയ്യാവു 53:10 ഉപസംഹരിക്കുന്നതു തികച്ചും ഉചിതമാണ്‌.