വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിദ്വേഷം ദൂരികരിക്കാനുള്ള ഏക മാർഗം

വിദ്വേഷം ദൂരികരിക്കാനുള്ള ഏക മാർഗം

വിദ്വേഷം ദൂരികരിക്കാനുള്ള ഏക മാർഗം

“ഭയമില്ലാതെ വിദ്വേഷം ഉണ്ടാകുന്നില്ല. . . . നാം ഭയപ്പെടുന്നതിനെ നാം ദ്വേഷിക്കുന്നു, അതിനാൽ എവിടെ വിദ്വേഷമുണ്ടോ അവിടെ ഭയവുമുണ്ട്‌.”—സിറിൽ കോനൊലി, സാഹിത്യ വിമർശകനും പത്രാധിപരും.

മനുഷ്യന്റെ ഉപബോധ മനസ്സിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്ന ഒരു വികാരമാണു വിദ്വേഷമെന്ന്‌ പല സാമൂഹിക ശാസ്‌ത്രജ്ഞരും വിശ്വസിക്കുന്നു. “അതിൽ നല്ലൊരു ശതമാനവും മനുഷ്യന്റെയുള്ളിൽ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നു,” അതായത്‌ മനുഷ്യസ്വഭാവത്തിന്റെ ഭാഗമായിരിക്കുന്നു എന്ന്‌ ഒരു രാഷ്‌ട്രമീമാംസകൻ അഭിപ്രായപ്പെട്ടു.

മനുഷ്യ പ്രകൃതത്തെ കുറിച്ചു പഠിക്കുന്നവർ അത്തരം നിഗമനങ്ങളിൽ എത്തിച്ചേരുന്നതിന്റെ കാരണം മനസ്സിലാക്കാവുന്നതേ ഉള്ളൂ. ബൈബിളിലെ നിശ്വസ്‌ത രേഖ പറയുന്നതനുസരിച്ച്‌, “അകൃത്യത്തി”ലും “പാപത്തി”ലും ജനിച്ച സ്‌ത്രീപുരുഷന്മാർ മാത്രമാണ്‌ അവരുടെ പഠന വിഷയങ്ങൾ. (സങ്കീർത്തനം 51:5) സഹസ്രാബ്ദങ്ങൾക്കു മുമ്പ്‌ അപൂർണ മനുഷ്യനെ വിലയിരുത്തിയ സ്രഷ്ടാവു പോലും “ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്‌പോഴും ദോഷമുള്ളതത്രേ എന്നും . . . കണ്ടു.”—ഉല്‌പത്തി 6:5.

മുൻവിധിയും വിവേചനവും അവ മൂലമുണ്ടാകുന്ന വിദ്വേഷവും മനുഷ്യന്റെ സഹജമായ അപൂർണതയുടെയും സ്വാർഥതയുടെയും ഫലമാണ്‌. (ആവർത്തനപുസ്‌തകം 32:5) ദുഃഖകരമെന്നു പറയട്ടെ, അത്തരം കാര്യങ്ങൾ സംബന്ധിച്ചു മനുഷ്യചിന്താഗതിയിൽ മാറ്റം വരുത്തുന്ന നിയമം നിർമിക്കാൻ ഒരു മനുഷ്യ ഏജൻസിക്കും ഗവൺമെന്റിനും കഴിഞ്ഞിട്ടില്ല. വിദേശ പത്രപ്രവർത്തകനായ ജോഹാന മക്‌ഗിരി ഇങ്ങനെ പ്രസ്‌താവിച്ചു: “ബോസ്‌നിയയെയും സൊമാലിയയെയും ലൈബീരിയയെയും കാശ്‌മീരിനെയും റഷ്യയിലെ കൊക്കേഷയെയും രക്തപങ്കിലമാക്കിയ വിദ്വേഷത്തെ ഇല്ലായ്‌മ ചെയ്യാൻ ഒരു ആഗോള പോലീസിനും സാധ്യമല്ല, അവർ എത്രതന്നെ ശക്തരായിരുന്നാലും.”

എന്നാൽ, ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം എന്നു ചിന്തിക്കുന്നതിനു മുമ്പ്‌, ഇന്നത്തെ വിദ്വേഷത്തിന്റെ അടിസ്ഥാന കാരണങ്ങൾ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്‌.

ഭയം മൂലമുള്ള വിദ്വേഷം

വിദ്വേഷം പല തരത്തിലുണ്ട്‌. എഴുത്തുകാരനായ ആൻഡ്രൂ സളിവൻ ഇക്കാര്യം ഇങ്ങനെ സംക്ഷേപിച്ചു പറഞ്ഞു: “ഭയം മൂലമുള്ള വിദ്വേഷമുണ്ട്‌, പുച്ഛം കൊണ്ടുള്ള വിദ്വേഷമുണ്ട്‌; അധികാരം നിമിത്തമുള്ള വിദ്വേഷവും അധികാരമില്ലായ്‌മ കൊണ്ടുള്ള വിദ്വേഷവുമുണ്ട്‌; അസൂയകൊണ്ട്‌ പ്രതികാരവും വിദ്വേഷവും ഉണ്ടാകുന്നു. . . . ദ്രോഹിയുടെ വിദ്വേഷവും ദ്രോഹിക്കപ്പെടുന്നവന്റെ വിദ്വേഷവുമുണ്ട്‌. സാവധാനം നുരഞ്ഞുപൊന്തുന്ന വിദ്വേഷവും എരിഞ്ഞമരുന്ന വിദ്വേഷവുമുണ്ട്‌. പൊട്ടിത്തെറിക്കുന്ന വിദ്വേഷമുണ്ട്‌, ഒരിക്കലും കത്തിക്കാളാത്ത വിദ്വേഷവുമുണ്ട്‌.”

നമ്മുടെ കാലത്ത്‌ വിദ്വേഷപൂരിതമായ പോരാട്ടങ്ങൾക്കു മുഖ്യമായും വഴിമരുന്നിടുന്നത്‌ സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങൾ ആണെന്നതിനു യാതൊരു സംശയവുമില്ല. സമ്പന്നർ ന്യൂനപക്ഷമായിരിക്കുന്ന സ്ഥലങ്ങളിലാണ്‌ മുൻവിധികളും വിദ്വേഷത്തിന്റെ പൊട്ടിത്തെറികളും ഏറ്റവും കൂടുതൽ കാണുന്നത്‌. മാത്രമല്ല, വിദേശീയരുടെ ആഗമനത്താൽ സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ ജീവിത നിലവാരത്തിനു ഭീഷണി നേരിടുമ്പോഴും വിദ്വേഷം ഉടലെടുക്കുന്നു.

കുറഞ്ഞ വേതനത്തിനു ജോലി ചെയ്യാൻ സമ്മതിച്ചുകൊണ്ട്‌ ഈ നവാഗതർ തൊഴിലില്ലായ്‌മ സൃഷ്ടിക്കുമെന്നോ സ്വത്തുക്കളുടെ വില കുറയാൻ ഇടയാക്കുമെന്നോ ചിലർ വിചാരിച്ചേക്കാം. അത്തരത്തിലുള്ള ആശങ്കകൾക്ക്‌ അടിസ്ഥാനമുണ്ടോ ഇല്ലയോ എന്നതിനെ കുറിച്ചല്ല നാം ചിന്തിക്കുന്നത്‌. സാമ്പത്തിക നഷ്ടം നേരിടുമെന്ന ഭയവും സമൂഹത്തിന്റെ ജീവിത നിലവാരം തകരുമെന്ന ഭയവും, മുൻവിധിയും വിദ്വേഷവും ഉളവാക്കുന്ന ശക്തമായ ഘടകങ്ങളാണ്‌.

അപ്പോൾ, വിദ്വേഷം ദൂരികരിക്കാനുള്ള ആദ്യ പടി എന്താണ്‌? ആളുകളുടെ മനോഭാവത്തിലുള്ള മാറ്റം.

മാറുന്ന മനോഭാവങ്ങൾ

“ഉൾപ്പെട്ടിരിക്കുന്ന ആളുകൾക്ക്‌ ഇച്ഛാശക്തി ഉണ്ടെങ്കിലേ യഥാർഥ മാറ്റം സാധ്യമാകൂ,” മക്‌ഗിരി അഭിപ്രായപ്പെട്ടു. ആളുകളുടെ മനോഭാവത്തിൽ എങ്ങനെ മാറ്റം വരും? വിദ്വേഷത്തിന്‌ എതിരെയുള്ള ഏറ്റവും പ്രബലവും ഏറ്റവും പ്രചോദനാത്മകവും അങ്ങേയറ്റം സ്ഥായിയുമായ ശക്തി ദൈവവചനമായ ബൈബിളിൽനിന്ന്‌ ലഭിക്കുന്നു എന്ന്‌ അനുഭവങ്ങൾ തെളിയിച്ചിരിക്കുന്നു. “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്‌ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു” എന്നതാണ്‌ അതിന്റെ കാരണം.—എബ്രായർ 4:12.

വിദ്വേഷവും മുൻവിധിയും പെട്ടെന്ന്‌ ഒറ്റ ദിവസംകൊണ്ട്‌ സ്വതവേ നീങ്ങിപ്പോകുന്നില്ല എന്നതു ശരിതന്നെ. എന്നാൽ, അവ തീർച്ചയായും നീക്കം ചെയ്യാൻ സാധിക്കും. ഹൃദയങ്ങളെ പ്രചോദിപ്പിക്കുന്നതിലും തത്ത്വങ്ങൾ കണക്കിലെടുത്തുകൊണ്ട്‌ മനസ്സാക്ഷിപൂർവം പ്രവർത്തിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതിലും ഉത്തമ ദൃഷ്‌ടാന്തമായിരുന്ന യേശുക്രിസ്‌തുവിന്‌ ആളുകളിൽ മാറ്റം വരുത്താൻ സാധിച്ചു. അങ്ങനെ, “നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ” എന്ന യേശുവിന്റെ ജ്ഞാനോപദേശം പിൻപറ്റുന്നതിൽ ദശലക്ഷക്കണക്കിന്‌ ആളുകൾ വിജയിച്ചിരിക്കുന്നു.—മത്തായി 5:44.

യേശു തന്റെ പഠിപ്പിക്കലുകൾക്കു ചേർച്ചയിൽ പ്രവർത്തിച്ചിരുന്നു. യഹൂദ സമുദായം വിദ്വേഷപൂർവം ഭ്രഷ്‌ട്‌ കൽപ്പിച്ചിരുന്ന ഒരു മുൻ നികുതിപിരിവുകാരനായ മത്തായി അവന്റെ വിശ്വസ്‌ത സ്‌നേഹിതരിൽ ഉൾപ്പെട്ടിരുന്നു എന്നത്‌ അതിന്റെ തെളിവാണ്‌. (മത്തായി 9:9; 11:19) മുമ്പ്‌ ആളുകൾ അവഗണിക്കുകയും ദ്വേഷിക്കുകയും ചെയ്‌തിരുന്ന ആയിരങ്ങൾക്ക്‌ ഉൾപ്പെടാൻ കഴിയുന്ന വിധത്തിലുള്ള ശുദ്ധമായ ഒരു ആരാധനാരീതി യേശു തുടങ്ങിവെച്ചു. (ഗലാത്യർ 3:28) അന്ന്‌ അറിയപ്പെട്ടിരുന്ന ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്നുള്ളവർ ക്രിസ്‌തുവിന്റെ അനുഗാമികൾ ആയിത്തീർന്നു. (പ്രവൃത്തികൾ 10:34, 35) അവർ തങ്ങളുടെ ശ്രേഷ്‌ഠമായ സ്‌നേഹത്തിനു പേരുകേട്ടവരായി മാറി. (യോഹന്നാൻ 13:35) വിദ്വേഷം നിറഞ്ഞ ആളുകൾ യേശുവിന്റെ ശിഷ്യനായ സ്‌തെഫാനൊസിനെ കല്ലെറിഞ്ഞു കൊന്നപ്പോൾ അവന്റെ അവസാന വാക്കുകൾ, “കർത്താവേ, ഈ പാപം ഇവരുടെമേൽ ചുമത്തരുതേ!” എന്നായിരുന്നു. തന്നെ ദ്വേഷിച്ചവർക്കു നല്ലതു വരണമെന്നാണ്‌ സ്‌തെഫാനൊസ്‌ ആഗ്രഹിച്ചത്‌.—പ്രവൃത്തികൾ 6:8-14; 7:54-60, ഓശാന ബൈബിൾ.

സമാനമായി, ആധുനിക നാളിലെ സത്യ ക്രിസ്‌ത്യാനികൾ നന്മ ചെയ്യാനുള്ള യേശുവിന്റെ ബുദ്ധിയുപദേശത്തോട്‌ പ്രതികരിച്ചിരിക്കുന്നു. തങ്ങളുടെ ക്രിസ്‌തീയ സഹോദരങ്ങൾക്കു മാത്രമല്ല, തങ്ങളെ ദ്വേഷിക്കുന്നവർക്കു പോലും അവർ നന്മ ചെയ്യുന്നു. (ഗലാത്യർ 6:10) ദ്രോഹകരമായ വിദ്വേഷം തങ്ങളുടെ ജീവിതത്തിൽ നിന്ന്‌ ഇല്ലാതാക്കാൻ അവർ കഠിനമായി ശ്രമിക്കുകയാണ്‌. തങ്ങളുടെ ഉള്ളിൽ വിദ്വേഷം നിറയ്‌ക്കാൻ കഴിയുന്ന സ്വാധീന ഘടകങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട്‌, അവർ ക്രിയാത്മക നടപടി സ്വീകരിക്കുകയും തങ്ങളുടെ ഹൃദയങ്ങളിൽ വിദ്വേഷത്തിനു പകരം സ്‌നേഹം നിറയ്‌ക്കുകയും ചെയ്യുന്നു. അതേ, “പക വഴക്കുകൾക്കു കാരണം ആകുന്നു; സ്‌നേഹമോ; സകലലംഘനങ്ങളെയും മൂടുന്നു” എന്ന ജ്ഞാനിയായ ഒരു പുരാതന മനുഷ്യന്റെ വാക്കുകൾ അവർ ഗൗരവമായെടുക്കുന്നു.—സദൃശവാക്യങ്ങൾ 10:12.

യോഹന്നാൻ അപ്പൊസ്‌തലൻ ഇപ്രകാരം പ്രസ്‌താവിച്ചു: “സഹോദരനെ പകെക്കുന്നവൻ എല്ലാം കുലപാതകൻ ആകുന്നു. യാതൊരു കുലപാതകന്നും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു.” (1 യോഹന്നാൻ 3:15) യഹോവയുടെ സാക്ഷികൾ അതു വിശ്വസിക്കുന്നു. തത്‌ഫലമായി, അവർ എല്ലാത്തരം വംശീയവും സാംസ്‌കാരികവും മതപരവും രാഷ്‌ട്രീയവുമായ ചുറ്റുപാടുകളിൽനിന്ന്‌ വിദ്വേഷരഹിതമായ ഒരു ഏകീകൃത സമൂഹമായി, ഒരു ആഗോള സഹോദരവർഗമായി രൂപം കൊണ്ടിരിക്കുന്നു.—ഈ ലേഖനത്തോടൊപ്പമുള്ള ചതുരങ്ങളിലെ വിവരങ്ങൾ കാണുക.

വിദ്വേഷം ദൂരികരിക്കപ്പെടും!

‘ചിലരെങ്കിലും അക്കാര്യത്തിൽ വിജയിച്ചിരിക്കുന്നു എന്നതു നല്ലകാര്യംതന്നെ. എന്നാൽ അതുകൊണ്ടൊന്നും ഭൂമിയിൽനിന്നു വിദ്വേഷം പാടേ ഇല്ലാതാകുന്നില്ലല്ലോ’ എന്നു നിങ്ങൾ പറഞ്ഞേക്കാം. ശരിയാണ്‌, നിങ്ങളുടെ ഉള്ളിൽ വിദ്വേഷം ഇല്ലെങ്കിൽ പോലും നിങ്ങൾക്ക്‌ അതിന്റെ ഇര ആകാൻ കഴിയും. അതുകൊണ്ട്‌ ഈ ആഗോള പ്രശ്‌നത്തിന്റെ യഥാർഥ പരിഹാരത്തിനായി നാം ദൈവത്തിലേക്കു നോക്കേണ്ടതുണ്ട്‌.

വിദ്വേഷത്തിന്റെ സകല കണികയും ഭൂമിയിൽനിന്ന്‌ ഇല്ലാതാക്കാൻ ദൈവം ഉദ്ദേശിക്കുന്നു. യേശു നമ്മെ പിൻവരുന്ന പ്രകാരം ഏതു രാജ്യത്തിനായി പ്രാർഥിക്കാൻ പഠിപ്പിച്ചുവോ ആ സ്വർഗീയ ഗവൺമെന്റിന്റെ ഭരണത്തിൻ കീഴിൽ അതു നടക്കും: “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.”—മത്തായി 6:9, 10.

ആ പ്രാർഥനയ്‌ക്കു പൂർണമായി ഉത്തരം ലഭിക്കുമ്പോൾ, വിദ്വേഷത്തെ ഊട്ടിവളർത്തുന്ന അവസ്ഥകൾ മേലാൽ ഇല്ലാതാകും. വിദ്വേഷത്തെ മുതലെടുക്കുന്ന അവസ്ഥകൾ പൊയ്‌പോകും. ദ്രോഹകരമായ ആശയപ്രചാരണങ്ങൾ, അജ്ഞത, മുൻവിധി തുടങ്ങിയ സംഗതികൾക്കു പകരം പ്രബുദ്ധതയും സത്യവും നീതിയും നിലനിൽക്കും. തീർച്ചയായും ദൈവം ‘സകല കണ്ണുനീരും തുടച്ചുകളയും, മേലാൽ മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.’—വെളിപ്പാടു 21:1-5.

ഇനി, അതിനെക്കാളും നല്ലൊരു വാർത്തയുണ്ട്‌! നാം ജീവിക്കുന്നത്‌ ‘അന്ത്യകാലത്താണ്‌’ എന്നതിന്‌ അനിഷേധ്യമായ തെളിവുണ്ട്‌. തന്മൂലം, താമസിയാതെ ഭൂമിയിൽനിന്ന്‌ സകല വിദ്വേഷവും ദൂരികരിക്കപ്പെടുമെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. (2 തിമൊഥെയൊസ്‌ 3:1-5; മത്തായി 24:3-14) ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയ ലോകത്തിൽ യഥാർഥ സഹോദരസ്‌നേഹം നിലനിൽക്കും. കാരണം, അപ്പോൾ മനുഷ്യവർഗം പൂർണത കൈവരിച്ചിരിക്കും.—ലൂക്കൊസ്‌ 23:43; 2 പത്രൊസ്‌ 3:13.

എന്നാൽ യഥാർഥ സഹോദരസ്‌നേഹം ആസ്വദിക്കാൻ നിങ്ങൾ അതുവരെ കാത്തിരിക്കേണ്ടതില്ല. ഈ ലേഖനത്തോടൊപ്പം കൊടുത്തിരിക്കുന്ന ചതുരങ്ങളിലെ വിവരങ്ങൾ വ്യക്തമാക്കുന്നതുപോലെ, തങ്ങളുടെ ഹൃദയങ്ങളിൽ ഇപ്പോൾ വിദ്വേഷത്തിനു പകരം ക്രിസ്‌തീയ സ്‌നേഹം നിറഞ്ഞിരിക്കുന്ന ദശലക്ഷങ്ങൾ ഇന്നുണ്ട്‌. സ്‌നേഹമുള്ള ആ സഹോദരവർഗത്തിന്റെ ഭാഗമാകാൻ നിങ്ങളെയും ഞങ്ങൾ ക്ഷണിക്കുന്നു!

[5-ാം പേജിലെ ചതുരം]

യേശു എന്തു ചെയ്യുമായിരുന്നു?”

1998 ജൂണിൽ അമേരിക്കയിലെ ടെക്‌സാസിലുള്ള ഒരു ഗ്രാമപ്രദേശത്ത്‌ വെള്ളക്കാരായ മൂന്നു പേർ കറുത്തവർഗക്കാരനായ ജെയിംസ്‌ ബർഡ്‌ ജൂനിയറെ ആക്രമിച്ചു. വിദൂരത്തുള്ള വിജനമായ ഒരു സ്ഥലത്തേക്കു കൊണ്ടുപോയി അവർ അയാളെ മർദിക്കുകയും കാലുകൾ ചങ്ങലയിട്ടു ബന്ധിക്കുകയും ചെയ്‌തു. അയാളെ ഒരു ചെറിയ ട്രക്കിൽ കെട്ടി അഞ്ചു കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി. ഒടുവിൽ അയാളുടെ ശരീരം ഒരു കലിങ്കിൽ ചെന്നിടിച്ചു. 1990-കളിലെ ഏറ്റവും കിരാതമായ വിദ്വേഷ കുറ്റകൃത്യം എന്നാണ്‌ ആളുകൾ അതിനെ വിശേഷിപ്പിക്കുന്നത്‌.

ജെയിംസ്‌ ബർഡിന്റെ മൂന്നു സഹോദരിമാർ യഹോവയുടെ സാക്ഷികളാണ്‌. അതിക്രൂരമായ ആ കൃത്യം ചെയ്‌തവരെ കുറിച്ച്‌ അവർക്ക്‌ എന്തു തോന്നുന്നു? ഒരു സംയുക്ത പ്രസ്‌താവനയിൽ അവർ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ പ്രിയ സഹോദരൻ മർദനമേറ്റ്‌ ഇഞ്ചിഞ്ചായി മരിച്ചപ്പോൾ, ഞങ്ങൾക്ക്‌ അതിയായ വേദനയും ദുഃഖവും തോന്നി. അത്തരം മൃഗീയമായ ഒരു കൃത്യത്തോട്‌ ഒരു വ്യക്തി എങ്ങനെയാണു പ്രതികരിക്കുക? പ്രതികാരം നടത്താനോ അവരെ കുറിച്ചു വിദ്വേഷപൂരിതമായ വിവരങ്ങൾ പ്രചരിപ്പിക്കാനോ ഞങ്ങൾ തുനിഞ്ഞില്ല. ഞങ്ങൾ വിചാരിച്ചത്‌ ഇങ്ങനെയാണ്‌: ‘അത്തരമൊരു സാഹചര്യത്തിൽ യേശു എന്തു ചെയ്യുമായിരുന്നു? അവൻ എങ്ങനെ പ്രതികരിക്കുമായിരുന്നു?’ ഉത്തരം തികച്ചും സ്‌പഷ്ടമാണ്‌. സമാധാനത്തിന്റെയും പ്രത്യാശയുടെയും ഒരു സന്ദേശമാണ്‌ അവൻ വഹിച്ചത്‌.”

തങ്ങളുടെ ഹൃദയത്തിൽ വിദ്വേഷം നുരഞ്ഞുപൊന്താതിരിക്കാൻ അവരെ സഹായിച്ച തിരുവെഴുത്തുകളിൽ ഒന്നാണ്‌ റോമർ 12:17-19. അവിടെ പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “ആർക്കും തിന്മെക്കു പകരം, തിന്മ ചെയ്യാതെ . . . കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ. പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിചെയ്യുന്നു.”

ജെയിംസ്‌ ബർഡിന്റെ ആ സഹോദരിമാർ ഇങ്ങനെ തുടർന്നു പറഞ്ഞു: “‘ഞാൻ ക്ഷമിച്ചിരിക്കുന്നു’ എന്നു പറഞ്ഞ്‌ മറന്നുകളയാൻ കഴിയാത്ത വിധം അത്രയ്‌ക്കും ക്രൂരമാണ്‌ ചില അനീതികളും കുറ്റകൃത്യങ്ങളും എന്ന്‌ നമ്മുടെ ചില പ്രസിദ്ധീകരണങ്ങൾ പറഞ്ഞത്‌ ഞങ്ങൾ ഓർക്കുന്നു. അത്തരം കേസുകളിൽ ക്ഷമിക്കുകയെന്നാൽ, അനുദിന ജീവിത കാര്യങ്ങളിൽ വ്യാപരിക്കാൻ കഴിയുമാറ്‌ നീരസം കെട്ടടങ്ങാൻ അനുവദിക്കുകയും ശാരീരികമോ മാനസികമോ ആയി രോഗഗ്രസ്‌തമായ അവസ്ഥയിൽ ആകുമാറ്‌ നീരസം വെച്ചുപുലർത്താതിരിക്കുകയും ചെയ്യുക എന്നതാണ്‌.” ആഴത്തിലുള്ള വിദ്വേഷം വേരെടുക്കുന്നതിൽ നിന്ന്‌ ഒരു വ്യക്തിയെ തടയാനുള്ള ബൈബിളിന്റെ ശക്തിയുടെ എത്ര വലിയ സാക്ഷ്യം!

[6-ാം പേജിലെ ചതുരം]

ശത്രുത സൗഹൃദത്തിനു വഴിമാറുന്നു

സമീപ വർഷങ്ങളിൽ തൊഴിൽ തേടി ആയിരക്കണക്കിന്‌ ആളുകൾ ഗ്രീസിലേക്കു കുടിയേറിയിട്ടുണ്ട്‌. വഷളായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക അവസ്ഥകൾ നിമിത്തം തൊഴിലവസരങ്ങൾ കുറഞ്ഞിരിക്കുന്നു. ഇത്‌ തൊഴിലിനു വേണ്ടിയുള്ള മത്സരത്തിന്‌ ആക്കം കൂട്ടിയിരിക്കുന്നു. തത്‌ഫലമായി, നിരവധി വംശീയ കൂട്ടങ്ങൾക്കിടയിൽ കൊടിയ ശത്രുത നിലനിൽക്കുന്നു. അതിന്റെ ഒരു ഉദാഹരണമാണ്‌ അൽബേനിയയിൽ നിന്നുള്ള കുടിയേറ്റക്കാരും ബൾഗേറിയയിൽ നിന്നുള്ള കുടിയേറ്റക്കാരും തമ്മിലുള്ള ശത്രുത. ഗ്രീസിന്റെ പല ഭാഗങ്ങളിലും ഈ രണ്ടു വിഭാഗക്കാരും തമ്മിൽ കടുത്ത സ്‌പർദ്ധ ഉണ്ടായിട്ടുണ്ട്‌.

എന്നാൽ, ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കിയതിന്റെ ഫലമായി ഇരു വിഭാഗത്തിലുംപെട്ട പലർക്കുമിടയിൽ വൈരം ഇല്ലാതായി. വടക്കുകിഴക്കൻ പെലപ്പനീസസിലുള്ള കിയാട്ടോ പട്ടണത്തിൽ ഒരു ബൾഗേറിയൻ കുടുംബവും ഒരു അൽബേനിയക്കാരനും യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങിയതിന്റെ ഫലമായി പരസ്‌പരം അറിയാൻ ഇടയായി. അവരുടെ ഇടയിൽ യഥാർഥ സൗഹൃദം വളർന്നുവരാനും അതിടയാക്കി. പലപ്പോഴും ആ കുടുംബങ്ങൾ ഭക്ഷണവും ഭൗതിക വസ്‌തുക്കളും പരസ്‌പരം പങ്കുവെക്കാറുണ്ട്‌. ബൾഗേറിയക്കാരനായ ഇവാൻ തന്റെ വീടിനടുത്ത്‌ ഒരു താമസസ്ഥലം കണ്ടെത്താൻ അൽബേനിയക്കാരനായ ലൂലിസിനെ സഹായിക്കുക പോലും ചെയ്‌തു. അവർ രണ്ടു പേരും ഇപ്പോൾ സ്‌നാപനമേറ്റ സാക്ഷികളാണ്‌, സുവാർത്ത പ്രസംഗിക്കുന്നതിൽ സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു. ഈ ക്രിസ്‌തീയ സൗഹൃദം മറ്റുള്ളവർ ശ്രദ്ധിക്കുന്നു എന്നു പറയേണ്ടതില്ലല്ലോ.

[7-ാം പേജിലെ ചിത്രം]

ദൈവരാജ്യത്തിൻ കീഴിൽ, വിദ്വേഷത്തിന്റെ സകല കണികയും ഇല്ലാതാക്കപ്പെടും