വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാത്തിരിപ്പ്‌ നിങ്ങളെ അക്ഷമരാക്കുന്നുവോ?

കാത്തിരിപ്പ്‌ നിങ്ങളെ അക്ഷമരാക്കുന്നുവോ?

കാത്തിരിപ്പ്‌ നിങ്ങളെ അക്ഷമരാക്കുന്നുവോ?

ഓരോ വർഷവും കാത്തിരിപ്പിന്റെ പേരിൽ എത്രമാത്രം സമയമാണു പാഴായിപ്പോകുന്നത്‌ എന്നു നിങ്ങൾക്ക്‌ ഊഹിക്കാനാകുമോ? സാധനങ്ങൾ വാങ്ങാൻ കടയിൽ ചെല്ലുമ്പോഴുണ്ട്‌, വല്ലാത്ത തിരക്ക്‌. കാത്തുനിൽക്കാതെ തരമില്ല. പെട്രോൾ നിറയ്‌ക്കാൻ ചെന്നാലോ? അവിടെയും ക്യൂ. വിശന്നുവലഞ്ഞ്‌ ഹോട്ടലിൽ ചെല്ലുമ്പോഴോ? ഭക്ഷണത്തിനായി കാത്തിരിക്കാതെ നിർവാഹമില്ല. ഡോക്ടറെ കാണാൻ ചെല്ലുമ്പോഴുണ്ട്‌, അതാ നീണ്ട ക്യൂ! ട്രെയിനിലോ ബസ്സിലോ കയറാൻ പോയാലും കാത്തുനിൽക്കേണ്ടി വരുന്നു. ഇങ്ങനെ, ആളുകളുടെ ജീവിതത്തിന്റെ നല്ലൊരു പങ്ക്‌ കാത്തിരുന്നു ചെലവിടേണ്ടി വരുന്നു. ഒരു കണക്ക്‌ അനുസരിച്ച്‌, ജർമൻകാരെ മാത്രമെടുത്താൽ, ഗതാഗതക്കുരുക്കിൽപ്പെട്ട്‌ 470 കോടി മണിക്കൂറുകളാണു പ്രതിവർഷം അവർക്കു നഷ്ടമാകുന്നത്‌! അത്‌ 7,000 മനുഷ്യരുടെ ആയുർദൈർഘ്യത്തിനു തുല്യമാണ്‌ എന്ന്‌ ഒരു ഉറവിടം കണക്കാക്കുന്നു.

വല്ലാതെ മുഷിപ്പിക്കുന്ന ഒന്നാണു കാത്തിരിപ്പ്‌. ഒന്നിനും സമയമില്ലാത്ത ഇക്കാലത്ത്‌, ചെയ്‌തുതീർക്കാനുള്ള കാര്യങ്ങളെ കുറിച്ച്‌ ഓർക്കുമ്പോൾ കാത്തിരിപ്പ്‌ ഒന്നുകൂടെ ദുഷ്‌കരമായിത്തീരുന്നു. ഗ്രന്ഥകാരനായ അലക്‌സാണ്ടർ റോസ്‌ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ജീവിതത്തിലെ ഏറ്റവും വലിയ യാതനകളിലൊന്നാണു കാത്തിരിപ്പ്‌.”

കാത്തിരിപ്പ്‌ വളരെ ചെലവുള്ള ഒരു കാര്യമാണെന്നു തിരിച്ചറിഞ്ഞ മുൻ അമേരിക്കൻ രാജ്യതന്ത്രജ്ഞൻ ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ 250 വർഷങ്ങൾക്കു മുമ്പ്‌ ഇങ്ങനെ പറഞ്ഞു: “സമയത്തിനു പണത്തെക്കാൾ മൂല്യമുണ്ട്‌.” ബിസിനസുകാർ ജോലിക്കിടയിലെ അനാവശ്യ കാലതാമസം ഒഴിവാക്കാനുള്ള മാർഗങ്ങൾ തേടുന്നതും അതുകൊണ്ടാണ്‌. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വസ്‌തുക്കൾ ഉത്‌പാദിപ്പിക്കാൻ കഴിഞ്ഞാൽ കൂടുതൽ ലാഭം കൊയ്യാനാകും. ഇടപാടുകാരുടെ സമയം പാഴാക്കാതിരുന്നാലേ അവരെ തൃപ്‌തിപ്പെടുത്താനാകൂ എന്ന്‌ ഫാസ്റ്റ്‌ ഫുഡ്‌, ഡ്രൈവ്‌-ഇൻ ബാങ്ക്‌ (ബാങ്ക്‌ ബൂത്തിലേക്കു കാറോടിച്ചു ചെന്ന്‌ കാറിൽ ഇരുന്നുകൊണ്ടുതന്നെ പണമിടപാടുകൾ നടത്താൻ കഴിയുന്ന സംവിധാനം) തുടങ്ങിയ ബിസിനസുകൾ നടത്തുന്നവർക്കു നന്നായി അറിയാം. അതുകൊണ്ട്‌ അവർ തങ്ങളുടെ സേവനം വേഗത്തിൽ ലഭ്യമാക്കാൻ ശ്രമിക്കുന്നു.

പാഴാകുന്ന ജീവിതം

19-ാം നൂറ്റാണ്ടിലെ അമേരിക്കൻ കവിയായ റാൾഫ്‌ വാൾഡോ എമേർസൻ കാത്തിരിപ്പിലുള്ള അസന്തുഷ്ടി പ്രകടിപ്പിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “കാത്തിരുന്നു കാത്തിരുന്നു മനുഷ്യന്റെ ജീവിതംതന്നെ പാഴായിപ്പോകുന്നു!” കുറച്ചുകൂടെ സമീപകാലത്ത്‌ ഗ്രന്ഥകാരനായ ലാൻസ്‌ മോറോ കാത്തിരിപ്പിന്റെ അനന്തരഫലമായ മുഷിച്ചിലിനെയും ശാരീരിക അസ്വാസ്ഥ്യങ്ങളെയും കുറിച്ച്‌ ആവലാതിപ്പെട്ടു. തുടർന്ന്‌ അദ്ദേഹം “കാത്തിരിപ്പിന്റെ അദൃശ്യ യാതന”യെ കുറിച്ച്‌ പറഞ്ഞു. എന്താണത്‌? “ഒരുവന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമയം, ജീവിതത്തിന്റെ നല്ലൊരു പങ്ക്‌, ഒരിക്കലും തിരിച്ചുകിട്ടാതവണ്ണം കവർന്നെടുക്കപ്പെടുകയാണ്‌ എന്ന അവബോധം.” അതൊരു കയ്‌പേറിയ യാഥാർഥ്യമാണ്‌. കാത്തിരുന്നു നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചുകിട്ടുകയില്ല.

ജീവിതം ഇത്ര ഹ്രസ്വമല്ലായിരുന്നു എങ്കിൽ കാത്തിരിപ്പ്‌ ഇത്രകണ്ടു പ്രശ്‌നം സൃഷ്ടിക്കുമായിരുന്നില്ല. എന്നാൽ, ജീവിതം ഹ്രസ്വമാണ്‌ എന്നത്‌ ഒരു വസ്‌തുതയാണ്‌. ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ്‌ ബൈബിളിൽ സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “ഞങ്ങളുടെ ആയുഷ്‌കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നു പോകയും ചെയ്യുന്നു.” (സങ്കീർത്തനം 90:10) നാം ആരായിരുന്നാലും എവിടെ ജീവിച്ചാലും നമ്മുടെ ജീവിതം​—⁠ദിവസങ്ങളും മണിക്കൂറുകളും മിനിട്ടുകളും​—⁠പരിമിതമാണ്‌. എന്നുവരികിലും, ചില സംഭവങ്ങൾ നടക്കാനോ ചില വ്യക്തികളെ കാണാനോ കാത്തിരുന്നുകൊണ്ട്‌ നമ്മുടെ വിലയേറിയ സമയത്തിൽ കുറച്ചു പാഴാക്കാതെ ഗത്യന്തരമില്ല.

കാത്തിരിക്കാൻ പഠിക്കൽ

മുന്നിൽ പോകുന്ന വാഹനത്തെ ഓവർടേക്കു ചെയ്യുക എന്നതു ചില ഡ്രൈവർമാരുടെ ഒരു സ്വഭാവമാണ്‌. യാത്രയിലായിരിക്കെ നമ്മിൽ അനേകർക്കും അത്തരം അനുഭവം ഉണ്ടായിട്ടുണ്ട്‌. മിക്കപ്പോഴും ഡ്രൈവർ വളരെ അത്യാവശ്യമായി മറ്റെന്തെങ്കിലും ചെയ്യാൻ പോകുകയായിരിക്കില്ല. എങ്കിലും മറ്റൊരാൾ തന്റെ ഡ്രൈവിങ്ങിന്‌ തടസ്സമാകുന്നത്‌ അയാൾക്കു സഹിക്കാൻ കഴിയില്ല. അയാളുടെ അക്ഷമ, കാത്തിരിക്കാൻ അയാൾ പഠിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നു. കാത്തിരിക്കാൻ പഠിക്കുകയോ? അതേ, കാരണം ആരും ആ കഴിവോടെയല്ല ജനിക്കുന്നത്‌. തന്മൂലം അതു പഠിച്ചെടുക്കേണ്ടതുണ്ട്‌. വിശക്കുകയോ അസ്വസ്ഥത തോന്നുകയോ ചെയ്യുമ്പോൾ ശിശുക്കൾ ഉടനടി കരഞ്ഞുകൊണ്ടു തങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു. ചിലപ്പോഴൊക്കെ കാത്തിരിക്കേണ്ടി വരും എന്ന കാര്യം വളരുമ്പോഴേ അവർക്കു മനസ്സിലാകൂ. കാത്തിരിപ്പ്‌ ജീവിതത്തിന്റെ അവിഭാജ്യ ഘടകം ആയിരിക്കുന്ന സ്ഥിതിക്ക്‌ ക്ഷമാപൂർവം കാത്തിരിക്കാൻ പഠിക്കേണ്ടതുണ്ട്‌. അങ്ങനെ ചെയ്യുന്നതു പക്വതയുടെ അടയാളമാണ്‌.

അക്ഷമയെ ന്യായീകരിക്കുന്ന ചില അടിയന്തിര സാഹചര്യങ്ങൾ തീർച്ചയായും ഉണ്ടായേക്കാം. ഉദാഹരണത്തിന്‌, പ്രസവിക്കാറായ ഭാര്യയെ ആശുപത്രിയിലേക്കു കൊണ്ടുപോകവെ കാലതാമസം നേരിടുമ്പോൾ ഭർത്താവിന്‌ അക്ഷമ തോന്നുന്നതു സ്വാഭാവികം മാത്രം. സൊദോം നഗരത്തിൽനിന്നു പുറത്തു കടക്കാൻ ലോത്തിനോട്‌ ആവശ്യപ്പെട്ട ദൂതന്മാർ ലോത്ത്‌ കാലതാമസം വരുത്തിയപ്പോൾ കാത്തിരിക്കാൻ തയ്യാറായിരുന്നില്ല. കാരണം നാശം ആസന്നമായിരുന്നു, ലോത്തിന്റെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലായിരുന്നു. (ഉല്‌പത്തി 19:15, 16) അതേസമയം, കാത്തിരിക്കാൻ ആളുകൾ നിർബന്ധിതരാകുന്ന മിക്ക സന്ദർഭങ്ങളിലും ജീവൻ അപകടത്തിലായിരിക്കുന്നില്ല എന്നോർക്കണം. കാലതാമസം ഉണ്ടാകുന്നത്‌ ആരുടെയെങ്കിലും കഴിവുകേടുകൊണ്ടോ താത്‌പര്യക്കുറവുകൊണ്ടോ ആയിരുന്നാൽ പോലും അത്തരം സന്ദർഭങ്ങളിൽ ക്ഷമയുള്ളവർ ആയിരിക്കാൻ എല്ലാവരും തയ്യാറാകുന്നെങ്കിൽ കാര്യങ്ങളെല്ലാം കൂടുതൽ ഭംഗിയായി പര്യവസാനിക്കും. കാത്തിരിക്കുന്ന സമയം ഫലപ്രദമായ രീതിയിൽ എങ്ങനെ ഉപയോഗിക്കാമെന്ന്‌ എല്ലാവരും പഠിക്കുന്നപക്ഷം ക്ഷമ പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. മുഷിച്ചിൽ ഇല്ലാതെയും ഫലപ്രദമായ രീതിയിലും കാത്തിരിക്കാനുള്ള ചില മാർഗങ്ങൾ 5-ാം പേജിലെ ചതുരത്തിൽ കാണാവുന്നതാണ്‌.

അക്ഷമ അഹങ്കാരത്തെ വെളിപ്പെടുത്തുന്നു എന്ന കാര്യം അവഗണിക്കാവതല്ല. വളരെ പ്രധാനപ്പെട്ട ഒരു വ്യക്തി ആയതിനാൽ തനിക്കു കാത്തിരിക്കാനാവില്ല എന്ന തോന്നലാണ്‌ ഒരുവനെ അതിലേക്കു നയിക്കുന്നത്‌. അത്തരം മനോഭാവം പുലർത്തുന്ന ഏതൊരു വ്യക്തിയും പിൻവരുന്ന ബൈബിൾ വാക്യം പരിചിന്തിക്കുന്നത്‌ ഉചിതമായിരിക്കും: “ഗർവ്വമാനസനെക്കാൾ ക്ഷമാമാനസൻ ശ്രേഷ്‌ഠൻ.” (സഭാപ്രസംഗി 7:8) ഗർവം അഥവാ അഹങ്കാരം ഗൗരവതരമായ ഒരു വ്യക്തിത്വ വൈകല്യമാണ്‌. അതേക്കുറിച്ചു ബൈബിൾ സദൃശവാക്യം ഇങ്ങനെ പറയുന്നു: “ഗർവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പു.” (സദൃശവാക്യങ്ങൾ 16:5) തന്മൂലം, ക്ഷമയുള്ളവരായിരിക്കാൻ പഠിക്കുന്നതിന്‌​—⁠കാത്തിരിക്കാൻ പഠിക്കുന്നതിന്‌​—⁠നാം നമ്മെത്തന്നെയും നമുക്കു ചുറ്റുമുള്ള ആളുകളുമായുള്ള നമ്മുടെ ബന്ധത്തെയും അടുത്തു പരിശോധിക്കേണ്ടത്‌ ആവശ്യമാണ്‌.

ക്ഷമ ഫലം ചെയ്യും

കാത്തിരിക്കുന്നതിനു തക്ക ഫലമുണ്ടെന്നും വൈകിയാണെങ്കിലും പ്രതീക്ഷിക്കുന്ന കാര്യങ്ങൾ നിറവേറുമെന്നും ബോധ്യമുള്ളപ്പോൾ കാത്തിരിപ്പ്‌ എളുപ്പമാണെന്നു നാം കണ്ടെത്തുന്നു. ദൈവത്തിന്റെ ആത്മാർഥരായ എല്ലാ ആരാധകരും ബൈബിളിൽ കാണുന്ന അവന്റെ മഹത്തായ വാഗ്‌ദാനങ്ങളുടെ നിവൃത്തിക്കായി കാത്തിരിക്കുകയാണ്‌ എന്ന വസ്‌തുത ഇത്തരുണത്തിൽ പരിചിന്തിക്കുന്നത്‌ നന്നായിരിക്കും. ഉദാഹരണത്തിന്‌, നിശ്വസ്‌ത സങ്കീർത്തനം നമ്മോട്‌ ഇങ്ങനെ പറയുന്നു: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” സമാനമായി, യോഹന്നാൻ അപ്പൊസ്‌തലൻ ഇങ്ങനെ പറഞ്ഞു: “ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” (സങ്കീർത്തനം 37:29; 1 യോഹന്നാൻ 2:17) നമുക്ക്‌ എന്നേക്കും ജീവിക്കാൻ സാധിക്കുമെങ്കിൽ കാത്തിരിക്കുന്നത്‌ ഒരു വലിയ പ്രശ്‌നമായിരിക്കുകയില്ല. എന്നാൽ, നാം ഇപ്പോൾ എന്നേക്കും ജീവിക്കുന്നില്ല എന്നതാണു വാസ്‌തവം. അങ്ങനെയെങ്കിൽ നിത്യജീവനെ കുറിച്ചു സംസാരിക്കുന്നത്‌ വസ്‌തുനിഷ്‌ഠമാണോ?

അതിനുള്ള ഉത്തരം കണ്ടെത്തുന്നതിനു മുമ്പ്‌ നമ്മുടെ ആദ്യ മാതാപിതാക്കളെ കുറിച്ചു നമുക്കു പരിചിന്തിക്കാം. നിത്യജീവന്റെ പ്രത്യാശയോടെയാണു ദൈവം അവരെ സൃഷ്ടിച്ചത്‌. പാപം ചെയ്‌തതുകൊണ്ടാണ്‌ അവർക്കും നാം ഉൾപ്പെടെ അവരുടെ എല്ലാ സന്തതികൾക്കും ആ പ്രത്യാശ നഷ്ടമായത്‌. എന്നുവരികിലും, അവർ പാപം ചെയ്‌ത ഉടനെ അവരുടെ അനുസരണക്കേടിന്റെ ഭവിഷ്യത്തുകൾ ഇല്ലായ്‌മ ചെയ്യാനുള്ള തന്റെ ഉദ്ദേശ്യം ദൈവം വെളിപ്പെടുത്തി. ഒരു “സന്തതി”യുടെ ആഗമനത്തെ കുറിച്ച്‌ അവൻ വാഗ്‌ദാനം ചെയ്‌തു. യേശുക്രിസ്‌തു ആയിരുന്നു ആ സന്തതി.​—⁠ഉല്‌പത്തി 3:15; റോമർ 5:⁠18.

ദൈവത്തിന്റെ വാഗ്‌ദാനങ്ങളുടെ നിവൃത്തിയിൽനിന്നു പ്രയോജനം നേടണമോ എന്നു തീരുമാനിക്കേണ്ടത്‌ ഓരോ വ്യക്തിയുമാണ്‌. അതിനു ക്ഷമ അനിവാര്യമാണ്‌. ഇത്തരം ക്ഷമ ജീവിതത്തിൽ നട്ടുവളർത്താൻ നമ്മെ സഹായിക്കുന്നതിന്‌, ഒരു കൃഷിക്കാരന്റെ ദൃഷ്ടാന്തം പരിചിന്തിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. വിത്തു വിതച്ചിട്ട്‌ വിളവെടുപ്പു വരെ വിള സൂക്ഷിക്കാൻ തന്നാലാകുന്നതെല്ലാം ചെയ്‌തുകൊണ്ട്‌ ക്ഷമാപൂർവം കാത്തിരിക്കുകയല്ലാതെ അയാൾക്കു വേറെ നിർവാഹമില്ല. ഒടുവിൽ അയാളുടെ ക്ഷമയ്‌ക്കും അധ്വാനത്തിനും ഫലം ലഭിക്കുന്നു. (യാക്കോബ്‌ 5:7) പൗലൊസ്‌ അപ്പൊസ്‌തലനും ക്ഷമയെ സംബന്ധിച്ചുള്ള ദൃഷ്ടാന്തം നൽകി. പൂർവകാലത്തെ വിശ്വസ്‌ത സ്‌ത്രീപുരുഷന്മാരെ കുറിച്ച്‌ അവൻ നമ്മെ ഓർമിപ്പിക്കുന്നു. ദൈവോദ്ദേശ്യങ്ങളുടെ നിവൃത്തിക്കായി നോക്കിപ്പാർത്തിരുന്ന അവർ ദൈവത്തിന്റെ നിയമിത സമയം വരെ കാത്തിരിക്കേണ്ടിയിരുന്നു. “വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്‌ദത്തങ്ങളെ അവകാശമാക്കുന്ന” ആ വിശ്വസ്‌ത വ്യക്തികളെ അനുകരിക്കാൻ പൗലൊസ്‌ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.—എബ്രായർ 6:11, 12.

ചുരുക്കം പറഞ്ഞാൽ, കാത്തിരിപ്പിനെ ജീവിതത്തിൽനിന്ന്‌ ഒഴിച്ചുനിറുത്താനാവില്ല. എങ്കിലും, അതു നമ്മെ നിരന്തരം അസഹ്യപ്പെടുത്തേണ്ടതില്ല. ദൈവവാഗ്‌ദാനങ്ങളുടെ നിവൃത്തിക്കായി കാത്തിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത്‌ അവർക്കു സന്തോഷത്തിന്റെ ഒരു ഉറവാണ്‌. ദൈവവുമായി ഉറ്റ ബന്ധം നട്ടുവളർത്തുകയും വിശ്വാസത്തിനൊത്ത പ്രവൃത്തികളിൽ ഏർപ്പെടുകയും ചെയ്‌തുകൊണ്ട്‌ അവർക്ക്‌ കാത്തിരിക്കുന്ന സമയം നന്നായി വിനിയോഗിക്കാനാകും. അതോടൊപ്പം പ്രാർഥന, പഠനം, ധ്യാനം എന്നിവയിലൂടെ അവർക്കു ദൈവത്തിന്റെ വാഗ്‌ദാനങ്ങളെല്ലാം തക്ക സമയത്തു നിവൃത്തിയേറുമെന്ന അചഞ്ചല വിശ്വാസം നട്ടുവളർത്താനും സാധിക്കും.

[5-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

കാത്തിരിപ്പിന്റെ അസ്വാസ്ഥ്യങ്ങൾ കുറയ്‌ക്കാവുന്ന വിധം

മുൻകൂട്ടി ആസൂത്രണം ചെയ്യുക! കാത്തിരിക്കേണ്ടിവരും എന്ന്‌ അറിയാവുന്നപക്ഷം വായിക്കാനോ എഴുതാനോ തുന്നാനോ ചിത്രത്തയ്യലുകൾ നടത്താനോ അതുപോലെ പ്രയോജനപ്രദമായ മറ്റെന്തെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെടാനോ തയ്യാറായിരിക്കുക.

ധ്യാനിക്കാനായി ആ സമയം വിനിയോഗിക്കുക. തിരക്കിട്ട ജീവിതം നയിക്കുന്ന ഈ ലോകത്തിൽ ധ്യാനിക്കാൻ സമയം കണ്ടെത്തുന്നതു പൂർവാധികം ബുദ്ധിമുട്ടുള്ള കാര്യമാണ്‌.

ടെലിഫോണിൽ ആരോടെങ്കിലും സംസാരിക്കാനായി കാത്തിരിക്കേണ്ടി വരുമ്പോൾ ടെലിഫോണിന്റെ സമീപത്ത്‌ വായിക്കാൻ എന്തെങ്കിലും വെക്കുക. അഞ്ചോ പത്തോ മിനിട്ടുകൊണ്ടു പല താളുകൾ വായിച്ചു തീർക്കാനാകും.

ഒരു കൂട്ടത്തോടൊപ്പം കാത്തിരിക്കേണ്ടി വരുന്ന സന്ദർഭത്തിൽ ഉചിതമെങ്കിൽ മറ്റുള്ളവരുമായി സംഭാഷണം തുടങ്ങാനും കെട്ടുപണി ചെയ്യുന്ന ആശയങ്ങൾ പങ്കിടാനും ആ സമയം വിനിയോഗിക്കുക.

കാറിൽ യാത്രചെയ്യുമ്പോൾ അപ്രതീക്ഷിതമായി കാത്തിരിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ സമയം തക്കത്തിൽ വിനിയോഗിക്കുന്നതിന്‌ ഒരു ചെറിയ നോട്ടുബുക്കോ വായിക്കാനുള്ള എന്തെങ്കിലുമോ കൂടെ കരുതുക.

കണ്ണടച്ച്‌ വിശ്രമിക്കുക, അല്ലെങ്കിൽ പ്രാർഥിക്കുക.

നമ്മുടെ മനോഭാവവും മുൻകൂട്ടിയുള്ള ആസൂത്രണവുമാണ്‌ കാത്തിരിപ്പിനെ വിജയപ്രദമാക്കുന്നത്‌.