വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചിലിയിൽ സത്യത്തിന്റെ വിത്തുകൾക്കു വെള്ളമൊഴിക്കുന്നു

ചിലിയിൽ സത്യത്തിന്റെ വിത്തുകൾക്കു വെള്ളമൊഴിക്കുന്നു

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

ചിലിയിൽ സത്യത്തിന്റെ വിത്തുകൾക്കു വെള്ളമൊഴിക്കുന്നു

ഉത്തര ചിലിയിലെ മരുഭൂമിയിൽ ഒരു മഴ പെയ്‌തിട്ട്‌ വർഷങ്ങൾ കഴിഞ്ഞായിരിക്കാം അടുത്ത മഴ ലഭിക്കുന്നത്‌. എന്നാൽ, മഴ പെയ്യുന്നതോടെ പാറകൾ നിറഞ്ഞ ഈ വരണ്ട പ്രദേശം ബഹുവർണ പുഷ്‌പങ്ങളാൽ അലംകൃതമായ ഒരു ഉദ്യാനമായി മാറുന്നു. നയനാനന്ദകരമായ ഈ കാഴ്‌ച കാണാൻ രാജ്യത്തെല്ലായിടത്തുനിന്നും അനേകം വിനോദസഞ്ചാരികൾ അവിടെ എത്താറുണ്ട്‌.

എന്നിരുന്നാലും, അതിലും രസകരമായ ഒരു പ്രതിഭാസം ചിലിയിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. ബൈബിൾ സത്യമാകുന്ന വെള്ളം രാജ്യത്തിന്റെ ഓരോ കോണുകളിലേക്കും ഒഴുകിയെത്തുന്നതിന്റെ ഫലമായി ആത്മാർഥ ഹൃദയരായ അനേകർ യേശുക്രിസ്‌തുവിന്റെ ശിഷ്യരായി “പുഷ്‌പിക്കുക”യാണ്‌. സത്യത്തിന്റെ ഈ ജലം വിതരണം ചെയ്യാൻ സ്വീകരിച്ച ഒരു മാർഗമാണ്‌ ടെലിഫോൺ. ഈ സാക്ഷീകരണ രീതി അവലംബിക്കുന്നത്‌ നല്ല ഫലങ്ങൾ കൈവരുത്തുന്നു. അതിന്റെ തെളിവാണ്‌ പിൻവരുന്ന അനുഭവങ്ങൾ.

• കരീന എന്ന മുഴുസമയ സുവിശേഷകയ്‌ക്ക്‌ ഒരു സർക്കിട്ട്‌ സമ്മേളനത്തിൽ, ടെലിഫോൺ സാക്ഷീകരണം നടത്തുന്ന വിധം പ്രകടിപ്പിച്ചു കാണിക്കാനുള്ള നിയമനം ലഭിച്ചു. എന്നാൽ അവൾ അതുവരെ ടെലിഫോൺ സാക്ഷീകരണം നടത്തിയിട്ടേയില്ലായിരുന്നു. ആ സമ്മേളന പരിപാടിയിൽ പങ്കുപറ്റാൻ കരീനയെ പ്രോത്സാഹിപ്പിക്കുന്നതിന്‌ ടെലിഫോണിലൂടെ എങ്ങനെ സാക്ഷീകരിക്കാം എന്നതിനെക്കുറിച്ച്‌ ഒരു മൂപ്പനും ഭാര്യയും ഏതാനും ആശയങ്ങൾ അവളുമായി ചർച്ചചെയ്‌തു. യഹോവയുടെ മാർഗനിർദേശത്തിനായി പ്രാർഥിക്കാനും അവർ അവളെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ചെയ്‌ത അവൾ അവസാനം ടെലിഫോൺ സാക്ഷീകരണം നടത്താൻതന്നെ തീരുമാനിച്ചു.

കരീന അടുത്തുള്ള ഗ്രാമത്തിലെ ഒരു നമ്പരിൽ വിളിച്ചു. ഫോൺ എടുത്തത്‌ ഒരു ടെലിഫോൺ ഓപ്പറേറ്ററായിരുന്നു. താൻ ഫോൺ വിളിച്ചതിന്റെ ഉദ്ദേശ്യം അവൾ വ്യക്തമാക്കി. പ്രതികരണം അനുകൂലമായിരുന്നു. തന്മൂലം അവരുമായി മൂന്നു ദിവസത്തിനുള്ളിൽ വീണ്ടും സംസാരിക്കാൻ അവൾ ക്രമീകരണങ്ങൾ ചെയ്‌തു. തുടർന്നു ടെലിഫോണിലൂടെ നടത്തിയ മടക്ക സന്ദർശനം ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക ഉപയോഗിച്ചുള്ള ഒരു ബൈബിൾ അധ്യയനത്തിലേക്കു നയിച്ചു. അപ്പോൾ മുതൽ രസകരവും സജീവവുമായ അധ്യയനങ്ങൾ അവർ ആസ്വദിച്ചിരിക്കുന്നു. കൂടാതെ, ആ സ്‌ത്രീയുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാനായി കരീന പ്രസിദ്ധീകരണങ്ങൾ അയച്ചുകൊടുത്തിട്ടുമുണ്ട്‌.

• റോങ്‌ നമ്പരിൽ ഒരാൾ വിളിച്ചപ്പോൾ ശല്യമായല്ലോ എന്നു വിചാരിക്കാതെ അയാളോട്‌ സാക്ഷീകരിക്കാൻ ബെർനാഡാ എന്ന ഒരു സഹോദരി മുൻകൈയെടുത്തു. താൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്ന്‌ അവർ സ്വയം പരിചയപ്പെടുത്തി. അത്‌ ഒരു സംഭാഷണത്തിനു വഴി തുറന്നു. ദൈവരാജ്യം പെട്ടെന്നുതന്നെ അനീതി തുടച്ചുനീക്കുന്നത്‌ എങ്ങനെയെന്ന്‌ ബെർനാഡാ വിശദീകരിച്ചപ്പോൾ അദ്ദേഹം ശ്രദ്ധിച്ചുകേട്ടു. അദ്ദേഹം ബെർനാഡായ്‌ക്കു തന്റെ ടെലിഫോൺ നമ്പർ കൊടുത്തു, ബെർനാഡാ ടെലിഫോണിലൂടെ മടക്ക സന്ദർശനം നടത്തി. അത്തരമൊരു സന്ദർഭത്തിൽ സഹോദരി അദ്ദേഹത്തെ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്‌തകത്തിന്റെ ഒരു ഭാഗം വായിച്ചുകേൾപ്പിച്ചു. ആ പുസ്‌തകം ആവശ്യപ്പെട്ട അദ്ദേഹത്തിന്‌ ബെർനാഡാ ആ പുസ്‌തകത്തോടൊപ്പം ഒരു ബൈബിളും അയച്ചുകൊടുത്തു. തുടർന്ന്‌ അദ്ദേഹത്തെ പഠിപ്പിക്കാൻ പ്രദേശത്തുള്ള ഒരു സഹോദരനെയും ഏർപ്പാടു ചെയ്‌തു. ആ സഹോദരൻ ഇപ്പോൾ തഴച്ചുവളരുന്ന ഈ “ചെടി”ക്ക്‌ “വെള്ളമൊഴിച്ചു”കൊണ്ടിരിക്കുന്നു.

അതേ, ഈ ലോകത്തിലെ വരണ്ടുണങ്ങിയ ആത്മീയ മണ്ണിൽ സത്യത്തിന്റെ ജീവദായക വെള്ളമൊഴിക്കുമ്പോൾ മുളയ്‌ക്കാൻ പാകത്തിന്‌ നിരവധി വിത്തുകൾ മറഞ്ഞു കിടപ്പുണ്ട്‌. ദാഹിക്കുന്നവരായ ആയിരങ്ങൾ ‘മുളച്ച്‌’ യഹോവയാം ദൈവത്തിന്റെ വിശ്വസ്‌ത ദാസന്മാരായി “പുഷ്‌പിച്ചു”കൊണ്ടിരിക്കുന്നു.​—⁠യെശയ്യാവു 44:3, 4.