വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ എല്ലായ്‌പോഴും തന്റെ വിശ്വസ്‌തർക്കു പ്രതിഫലം നൽകുന്നു

യഹോവ എല്ലായ്‌പോഴും തന്റെ വിശ്വസ്‌തർക്കു പ്രതിഫലം നൽകുന്നു

ജീവിതകഥ

യഹോവ എല്ലായ്‌പോഴും തന്റെ വിശ്വസ്‌തർക്കു പ്രതിഫലം നൽകുന്നു

വെർനൻ ഡൻകം പറഞ്ഞപ്രകാരം

അത്താഴം കഴിഞ്ഞ്‌ പതിവുപോലെ ഞാൻ സിഗരറ്റു കത്തിച്ചു. “ഇന്നത്തെ യോഗം എങ്ങനെയിരുന്നു?” ഞാൻ ഭാര്യ ഐലിനോടു ചോദിച്ചു.

തെല്ലൊരു അമാന്തത്തോടെ അവൾ പറഞ്ഞു: “പുതിയ നിയമനങ്ങളെ കുറിച്ചുള്ള ഒരു കത്തു വായിച്ചിരുന്നു. താങ്കളുടെ പേരും അതിൽ ഉണ്ടായിരുന്നു, ഉച്ചഭാഷിണി കൈകാര്യം ചെയ്യാനുള്ള നിയമനമാണു താങ്കളുടേത്‌. കത്തിന്റെ അവസാന വരി ഇങ്ങനെയായിരുന്നു: ‘പുതുതായി നിയമനം ലഭിച്ച സഹോദരന്മാരിൽ ആരെങ്കിലും പുകയില ഉപയോഗിക്കുന്നുണ്ടെങ്കിൽ തങ്ങൾക്കു നിയമനം സ്വീകരിക്കാനാവില്ല എന്ന്‌ അറിയിച്ചുകൊണ്ടു സൊസൈറ്റിക്ക്‌ എഴുതാൻ ബാധ്യസ്ഥരാണ്‌.’” * ഞാൻ ഒന്ന്‌ ഇരുത്തി മൂളി. എന്നിട്ടു പറഞ്ഞു, “അപ്പോൾ, അങ്ങനെയാണല്ലേ?”

ഞാൻ അസ്വസ്ഥതയോടെ സിഗരറ്റ്‌ ആഷ്‌ട്രേയിൽ കുത്തിക്കെടുത്തി. “എന്നെ ഈ നിയമനത്തിനു തിരഞ്ഞെടുത്തത്‌ എന്തിനാണെന്ന്‌ ഒരു പിടിയും കിട്ടുന്നില്ലല്ലോ. എന്താണെങ്കിലും ഇതുവരെ ഒരു നിയമനവും ഞാൻ നിരസിച്ചിട്ടില്ല, ആ സ്ഥിതിക്ക്‌ ഇതും നിരസിക്കാൻ ഉദ്ദേശിക്കുന്നില്ല.” അങ്ങനെ വീണ്ടും ഒരിക്കലും പുകവലിക്കാതിരിക്കാൻ ഞാൻ തീരുമാനിച്ചു. ഒരു ക്രിസ്‌ത്യാനിയും പാട്ടുകാരനും എന്ന നിലയിലുള്ള എന്റെ ജീവിതത്തെ അത്യധികം സ്വാധീനിച്ച ഒരു തീരുമാനം ആയിരുന്നു അത്‌. ആ തീരുമാനമെടുക്കുന്നതിലേക്ക്‌ എന്നെ നയിച്ച ചില സംഭവങ്ങളെ കുറിച്ചു ഞാൻ പറയട്ടെ.

ആദ്യകാല കുടുംബജീവിതം

കാനഡയിലെ ടൊറന്റോയിൽ 1914 സെപ്‌റ്റംബർ 21-ന്‌ ആണ്‌ ഞാൻ ജനിച്ചത്‌. എന്റെ മാതാപിതാക്കൾ സ്‌നേഹനിധികളും കഠിനാധ്വാനികളും ആയിരുന്നു. ഡാഡിയുടെ പേര്‌ വെർനൻ, മമ്മിയുടെ പേര്‌ ലൈല. ഞങ്ങൾ ആറു മക്കളാണ്‌, നാല്‌ ആണും രണ്ടു പെണ്ണും. ഞാൻ ആയിരുന്നു ഏറ്റവും മൂത്തത്‌. എന്റെ നേരെ ഇളയവൻ യോർക്ക്‌, അവന്റെ താഴെ ഒർലാൻണ്ടോ, ഡഗ്ലസ്‌, ഐലിൻ, കോറൽ എന്നിവരും. എനിക്ക്‌ വെറും ഒമ്പതു വയസ്സുള്ളപ്പോൾ മമ്മി ഒരു വയലിൻ തന്നു. ‘ഹാരിസ്‌ സ്‌കൂൾ ഓഫ്‌ മ്യൂസിക്കി’ൽനിന്ന്‌ എനിക്കു സംഗീതം പഠിക്കാനുള്ള ക്രമീകരണങ്ങളും ചെയ്‌തു. വീട്ടിൽ സാമ്പത്തിക ഞെരുക്കം ഉണ്ടായിരുന്നെങ്കിലും എന്റെ യാത്രയ്‌ക്കും ട്യൂഷനും വേണ്ട പണം ഡാഡിയും മമ്മിയും തരപ്പെടുത്തി. പിന്നീട്‌ ടൊറന്റോയിലെ റോയൽ കോൺസർവേറ്ററി ഓഫ്‌ മ്യൂസിക്കിൽനിന്ന്‌ ഞാൻ സംഗീതത്തിന്റെ സൈദ്ധാന്തിക വശങ്ങളും താളലയവും പഠിച്ചെടുത്തു. 12-ാമത്തെ വയസ്സിൽ ഞാൻ ടൊറന്റോയിലെ പ്രസിദ്ധ സംഗീത ഓഡിറ്റോറിയമായ മാസി ഹാളിൽ നടന്ന ഒരു സംഗീത മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുക്കാൻ മുഴു നഗരത്തിൽനിന്നും ആളുകൾ എത്തിയിരുന്നു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എനിക്ക്‌ ചീങ്കണ്ണിത്തോലുകൊണ്ടുള്ള പുറംചട്ടയുള്ള ഒന്നാന്തരമൊരു വയലിൻ സമ്മാനം കിട്ടി.

ക്രമേണ ഞാൻ പിയാനോയും ബാസ്‌ വയലിനും വായിക്കാൻ പഠിച്ചു. വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും വൈകുന്നേരങ്ങളിൽ നടന്നിരുന്ന കൊച്ചു സത്‌കാരവേളകളിലും വിദ്യാർഥി സംഘടനയുടെ കൂടിവരവിനോട്‌ അനുബന്ധിച്ചുള്ള നൃത്തവേളകളിലും ഞങ്ങൾ ഏതാനും പേർ ചേർന്നു സംഗീതോപകരണങ്ങൾ വായിക്കുക പതിവായിരുന്നു. ഇത്തരമൊരു നൃത്തവേളയിലാണു ഞാൻ ആദ്യമായി ഐലിനെ കണ്ടുമുട്ടുന്നത്‌. ഹൈസ്‌കൂളിൽ അവസാനവർഷം പഠിച്ചുകൊണ്ടിരുന്നപ്പോൾ നഗരത്തിലുടനീളം പല സംഗീത കച്ചേരികളിലും ഞാൻ പങ്കെടുത്തു. ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടനെ എനിക്ക്‌ ഫെർഡി മൗരി ഓർക്കസ്‌ട്രയിൽ ചേരാൻ ക്ഷണം ലഭിച്ചു. 1943 വരെ നല്ല ശമ്പളം പറ്റി ഞാൻ അവിടെ ജോലി ചെയ്‌തു.

യഹോവയെ അറിയാൻ ഇടയാകുന്നു

ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടു മുമ്പാണ്‌ എന്റെ മാതാപിതാക്കൾ ബൈബിൾ സത്യം അറിയാനിടയായത്‌. അപ്പോൾ ടൊറന്റോയിലെ ഒരു വ്യാപാര കേന്ദ്രത്തിലുള്ള ഒരു ഡിപ്പാർട്ടുമെന്റ്‌ സ്റ്റോറിലായിരുന്ന ഡാഡിക്കു ജോലി. ഉച്ചയൂണിന്റെ സമയത്ത്‌ രണ്ടു സഹപ്രവർത്തകർ തമ്മിൽ നടത്തുന്ന സംഭാഷണം ഡാഡി ശ്രദ്ധിക്കുക പതിവായിരുന്നു. അവർ രണ്ടു പേരും ബൈബിൾ വിദ്യാർഥികൾ (യഹോവയുടെ സാക്ഷികൾ അന്ന്‌ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌) ആയിരുന്നു. താൻ കേട്ട കാര്യം എന്നും വൈകുന്നേരം ഡാഡി വീട്ടിൽ വന്ന്‌ മമ്മിയോടു പറഞ്ഞിരുന്നു. ഏതാനും വർഷങ്ങൾക്കു ശേഷം, 1927-ൽ, ബൈബിൾ വിദ്യാർഥികൾ ടൊറന്റോയിലെ കനേഡിയൻ നാഷനൽ എക്‌സിബിഷൻ ഗ്രൗണ്ടിലെ കൊളിസിയത്തിൽ വലിയ ഒരു കൺവെൻഷൻ നടത്തി. ഗ്രൗണ്ടിന്റെ പടിഞ്ഞാറേ കവാടത്തിൽനിന്ന്‌ രണ്ടു കെട്ടിട സമുച്ചയങ്ങൾക്ക്‌ അപ്പുറത്തായിരുന്നു ഞങ്ങളുടെ വീട്‌. യു.എ⁠സ്‌.എ.-യിലെ ഒഹായോവിൽ നിന്നുള്ള 25 പേർക്ക്‌ ഞങ്ങളുടെ വീട്ടിൽ താമസസൗകര്യം ഏർപ്പെടുത്തിയിരുന്നു.

അതേത്തുടർന്ന്‌, ഏഡ ബെൽറ്റ്‌ടോ എന്ന ഒരു ബൈബിൾ വിദ്യാർഥിനി മമ്മിയെ പതിവായി സന്ദർശിച്ച്‌ പുതിയ സാഹിത്യങ്ങൾ കൊടുക്കാൻ തുടങ്ങി. ഒരു ദിവസം അവർ മമ്മിയോട്‌ ഇങ്ങനെ പറഞ്ഞു: “ശ്രീമതി ഡൻകം, കുറേ നാളുകളായി ഞാൻ നിങ്ങൾക്കു സാഹിത്യങ്ങൾ നൽകാൻ തുടങ്ങിയിട്ട്‌. അതിൽ ഏതെങ്കിലും നിങ്ങൾ വായിച്ചോ?” ആറു മക്കളുടെ കാര്യങ്ങൾ നോക്കിനടത്തേണ്ടത്‌ ഉണ്ടായിരുന്നെങ്കിലും അന്നു മുതൽ മാസികകൾ വായിക്കാൻ മമ്മി ദൃഢനിശ്ചയം ചെയ്‌തു. പിന്നീട്‌ ഒരിക്കലും മമ്മി അതിനു മുടക്കം വരുത്തിയിട്ടില്ല. എന്നാൽ എനിക്ക്‌ അതിലൊന്നും ഒരു താത്‌പര്യവും ഇല്ലായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിലായിരുന്നു എന്റെ ശ്രദ്ധ. കൂടാതെ സംഗീതത്തിലും ഞാൻ വളരെയേറെ ശ്രദ്ധ പതിപ്പിച്ചിരുന്നു.

1935 ജൂണിൽ ഞാനും ഐലിനും ആംഗ്ലിക്കൻ പള്ളിയിൽവെച്ചു വിവാഹിതരായി. 13-ാം വയസ്സിൽ യുണൈറ്റഡ്‌ ചർച്ച്‌ വിട്ടുപോന്ന ശേഷം മറ്റൊരു സഭയുമായി ഞാൻ സഹവസിച്ചിരുന്നില്ല. അതുകൊണ്ട്‌ അപ്പോൾ സാക്ഷിയായിരുന്നില്ലെങ്കിലും യഹോവയുടെ സാക്ഷി എന്നാണു വിവാഹ രജിസ്റ്ററിൽ ഞാൻ എഴുതിയത്‌.

ഉടനെയല്ലെങ്കിലും മക്കളുണ്ടാകണം എന്നതു ഞങ്ങളുടെ വലിയ ആഗ്രഹമായിരുന്നു. നല്ല മാതാപിതാക്കൾ ആയിരിക്കാനുള്ള ആഗ്രഹം നിമിത്തം ഞങ്ങൾ ഇരുവരും ചേർന്നു ‘പുതിയ നിയമം’ വായിക്കാൻ തുടങ്ങി. അതു നിർബാധം തുടരാൻ ആഗ്രഹിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ അതിനു കഴിഞ്ഞില്ല. കുറച്ചു നാളുകൾ കഴിഞ്ഞ്‌ ഞങ്ങൾ വീണ്ടും ശ്രമിച്ചെങ്കിലും അതുതന്നെ ആയിരുന്നു ഫലം. പിന്നീട്‌, 1935-ലെ ക്രിസ്‌തുമസ്സിന്‌ ഞങ്ങൾക്കു തപാലിൽ ഒരു പുസ്‌തകം സമ്മാനമായി ലഭിച്ചു. ദൈവത്തിന്റെ കിന്നരം (ഇംഗ്ലീഷ്‌) എന്നായിരുന്നു അതിന്റെ ശീർഷകം. അതു കണ്ടപ്പോൾ ഐലിൻ പറഞ്ഞു: “ഹൊ, ഇത്തവണ ഒരു അസാധാരണ ക്രിസ്‌തുമസ്സ്‌ സമ്മാനമാണല്ലോ മമ്മി നമുക്ക്‌ അയച്ചിരിക്കുന്നത്‌!” ഞാൻ ജോലിക്കു പോയ ശേഷം അവൾ അതു വായിക്കുക പതിവായിരുന്നു. വായിച്ച കാര്യങ്ങൾ അവൾക്കു വളരെ ഇഷ്ടമായി. കുറേക്കഴിഞ്ഞാണ്‌ എനിക്കതു മനസ്സിലായത്‌. മക്കളുണ്ടാകാൻ ഞങ്ങൾ അതിയായി ആഗ്രഹിച്ചിരുന്നു എന്നു നേരത്തെ പറഞ്ഞല്ലോ. എന്നാൽ ആ ആഗ്രഹം സഫലമായില്ല. 1937 ഫെബ്രുവരി 1-ന്‌ ഞങ്ങൾക്ക്‌ ഒരു പെൺകുട്ടി പിറന്നെങ്കിലും ആ കുഞ്ഞ്‌ ജീവിച്ചിരുന്നില്ല. അതു ഞങ്ങളെ എത്രമാത്രം ദുഃഖത്തിലാഴ്‌ത്തിയെന്നോ!

ഈ സമയത്തെല്ലാം എന്റെ കുടുംബാംഗങ്ങൾ പ്രസംഗ പ്രവർത്തനത്തിൽ വ്യാപൃതർ ആയിരുന്നു. ആശ്വാസം (ഇപ്പോഴത്തെ ഉണരുക!) മാസികയുടെ വരിസംഖ്യ സമർപ്പിക്കാൻ ലക്ഷ്യം വെച്ചിരുന്ന ഒരു മാസത്തിൽ അതു സമർപ്പിക്കാത്തതായി ഞങ്ങളുടെ വീട്ടിൽ ഡാഡി മാത്രമേ ഉള്ളൂ എന്ന്‌ ഞാൻ അറിയാനിടയായി. അന്നുവരെ സൊസൈറ്റിയുടെ ഒരു പ്രസിദ്ധീകരണംപോലും ഞാൻ വായിച്ചിരുന്നില്ലെങ്കിലും ഡാഡിയുടെ കാര്യമോർത്തപ്പോൾ എനിക്കു വിഷമം തോന്നി. അതുകൊണ്ടു ഞാൻ പറഞ്ഞു: “എനിക്ക്‌ ഒരു വരിസംഖ്യ തന്നേക്കൂ ഡാഡി, അങ്ങനെയാകുമ്പോൾ ഡാഡിക്കും മറ്റുള്ളവരെപ്പോലെ വരിസംഖ്യ റിപ്പോർട്ടു ചെയ്യാമല്ലോ.” വേനലായി, ഞങ്ങളുടെ സംഗീത ഗ്രൂപ്പ്‌ പരിപാടിക്കായി മറ്റു നഗരങ്ങളിലേക്കു പോയി. ആശ്വാസം തപാലിൽ വന്നുകൊണ്ടിരുന്നു. ശരത്‌കാലമായപ്പോൾ ഞങ്ങളുടെ സംഗീത ഗ്രൂപ്പ്‌ ടൊറന്റോയിൽ തിരിച്ചെത്തി. അപ്പോഴും ഞങ്ങൾക്കു മാസിക മുടക്കംകൂടാതെ കിട്ടിക്കൊണ്ടിരുന്നു. എന്നാൽ അതിൽ ഒരെണ്ണംപോലും ഞാൻ തുറന്നു നോക്കിയില്ല.

ഒരു ക്രിസ്‌തുമസ്സ്‌ അവധിക്കാലത്ത്‌ ആ മാസികക്കൂട്ടത്തിലേക്കു കണ്ണോടിച്ച ഞാൻ ഇങ്ങനെ ചിന്തിച്ചു: ‘ഇവയിൽ ചിലതെങ്കിലും വായിക്കണം, ഒന്നുമല്ലെങ്കിലും ഞാൻ പണം മുടക്കിയതല്ലേ, ഇതിൽ എന്താണ്‌ എഴുതിയിരിക്കുന്നത്‌ എന്ന്‌ അറിയണമല്ലോ.’ എന്റെ കയ്യിൽ കിട്ടിയ മാസിക എന്നെ സ്‌തബ്ധനാക്കി! അന്ന്‌ വാർത്തയിൽ നിറഞ്ഞുനിന്നിരുന്ന രാഷ്‌ട്രീയ ഉപജാപത്തെയും അഴിമതിയെയും കുറിച്ചായിരുന്നു അതു ചർച്ച ചെയ്‌തിരുന്നത്‌. വായിക്കുന്ന കാര്യങ്ങൾ ഞാൻ സഹസംഗീതജ്ഞരുമായി പങ്കിടാൻ തുടങ്ങി. എന്നാൽ, ഞാൻ പറയുന്ന കാര്യങ്ങളുടെ സത്യതയെ അവർ ചോദ്യം ചെയ്‌തു. അതുകൊണ്ട്‌ അവരെ ഖണ്ഡിക്കാനായി എനിക്കു കൂടുതൽ വായിക്കേണ്ടിവന്നു. അങ്ങനെ അറിയാതെതന്നെ ഞാൻ യഹോവയെ കുറിച്ചു സാക്ഷ്യം നൽകാൻ തുടങ്ങി. അന്നുമുതൽ ഇന്നോളം ഞാൻ “വിശ്വസ്‌തനും വിവേകിയുമായ അടിമ”യുടെ മഹത്തായ പ്രസിദ്ധീകരണങ്ങൾ മുടക്കം കൂടാതെ വായിച്ചുകൊണ്ടിരിക്കുന്നു.​—⁠മത്തായി 24:⁠45, NW.

വളരെയേറെ ജോലിത്തിരക്ക്‌ ഉണ്ടായിരുന്നെങ്കിലും താമസിയാതെതന്നെ ഞാൻ ഐലിനോടൊപ്പം ഞായറാഴ്‌ചത്തെ യോഗങ്ങൾക്കു പോകാൻ തുടങ്ങി. 1938-ൽ ഒരു ഞായറാഴ്‌ച യോഗത്തിനു ചെന്നപ്പോൾ പ്രായംചെന്ന രണ്ടു സഹോദരിമാർ ഞങ്ങളെ വരവേറ്റു. അവരിൽ ഒരാൾ എന്നോടു ചോദിച്ചു: “സഹോദരൻ ഇതുവരെ യഹോവയ്‌ക്കു വേണ്ടി നിലപാടു സ്വീകരിച്ചില്ലേ? അർമഗെദോൻ അടുത്തെത്തിക്കഴിഞ്ഞു എന്ന കാര്യം മറക്കരുതേ!” യഹോവയാണ്‌ ഏക സത്യ ദൈവം എന്ന്‌ എനിക്കറിയാമായിരുന്നു. ഇതാണ്‌ അവന്റെ സംഘടന എന്നും എനിക്കു ബോധ്യമുണ്ടായിരുന്നു. അതിന്റെ ഭാഗമായിത്തീരാൻ ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട്‌, 1938 ഒക്‌ടോബർ 15-ന്‌ ഞാൻ സ്‌നാപനമേറ്റു. ആറു മാസത്തിനു ശേഷം ഐലിനും സ്‌നാപനമേറ്റു. ഞങ്ങളുടെ കുടുംബാംഗങ്ങൾ എല്ലാവരും യഹോവയുടെ സമർപ്പിത ദാസരായി എന്നു പറയാൻ എനിക്കു സന്തോഷമുണ്ട്‌.

ദൈവജനവുമായുള്ള സഹവാസം എനിക്ക്‌ എത്രമാത്രം സന്തുഷ്ടി പകർന്നെന്നോ! പെട്ടെന്നുതന്നെ ഞാൻ അവരിൽ ഒരംഗത്തെപ്പോലെ ആയി. എന്തെങ്കിലും കാരണങ്ങളാൽ യോഗങ്ങളിൽ പങ്കെടുക്കാൻ സാധിക്കാത്തപ്പോഴെല്ലാം അവയെ കുറിച്ച്‌ അറിയാൻ ഞാൻ ഉത്സുകനായിരുന്നു. തുടക്കത്തിൽ പരാമർശിച്ച ആ രാത്രി, എന്നെ സംബന്ധിച്ചിടത്തോളം യഹോവയുടെ സേവനത്തിലെ ഒരു നാഴികക്കല്ലായിരുന്നു.

വലിയ മാറ്റത്തിന്റെ സമയം

1943 മേയ്‌ 1-ന്‌ ഞങ്ങളുടെ ജീവിതത്തിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം നടന്നു. തലേവർഷം, അതായത്‌ 1942 സെപ്‌റ്റംബറിൽ, ഒഹായോവിലെ ക്ലീവ്‌ലൻഡിൽ നടന്ന പുതിയലോക ദിവ്യാധിപത്യ സമ്മേളനത്തിനു ഞങ്ങൾ ഹാജരായിരുന്നു. ഞങ്ങളുടെ ആദ്യത്തെ വലിയ കൺവെൻഷനായിരുന്നു അത്‌. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന, അതിന്റെ അവസാനം സംബന്ധിച്ച്‌ യാതൊരു നിശ്ചയവുമില്ലാതിരുന്ന, ആ സമയത്ത്‌ വാച്ച്‌ ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന നോർ സഹോദരൻ സധൈര്യം, ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു പ്രസംഗം നടത്തി. “സമാധാനം​—⁠അതു നിലനിൽക്കുമോ” എന്നായിരുന്നു അതിന്റെ വിഷയം. ആ യുദ്ധം അവസാനിക്കുമെന്നും തുടർന്നു സമാധാനം ഉണ്ടാകുമെന്നും അതു വർധിച്ച ഒരു പ്രസംഗ പരിപാടിക്കു കളമൊരുക്കുമെന്നും വെളിപ്പാടു 17-ാം അധ്യായത്തിൽനിന്ന്‌ അദ്ദേഹം വിശദീകരിച്ചതു ഞങ്ങൾ വ്യക്തമായി ഓർമിക്കുന്നു.

എന്നാൽ ഞങ്ങളെ ഏറ്റവുമധികം സ്വാധീനിച്ചത്‌, അതേ സമ്മേളനത്തിൽ നോർ സഹോദരൻ നടത്തിയ, “യിഫ്‌താഹും അവന്റെ ശപഥവും” എന്ന പ്രസംഗമായിരുന്നു. പയനിയർ സേവനത്തിൽ ഏർപ്പെടാൻ അദ്ദേഹം സഹോദരങ്ങളെ ആഹ്വാനം ചെയ്‌തു! അപ്പോൾ ഞാനും ഐലിനും പരസ്‌പരം നോക്കിയിട്ട്‌, ഒരേ ശബ്ദത്തിൽ മറ്റ്‌ അനേകരോടൊപ്പം പറഞ്ഞു: “ഞങ്ങളുമുണ്ട്‌!” ഉടൻതന്നെ ഞങ്ങൾ ആ സുപ്രധാന വേലയിൽ ഏർപ്പെടുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ തുടങ്ങി.

1940 ജൂലൈ 4 മുതൽ കാനഡയിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്മേൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. 1943 മേയ്‌ 1-ാം തീയതി ഞങ്ങൾ പയനിയറിങ്‌ തുടങ്ങിയപ്പോൾ യഹോവയെ കുറിച്ചു സാക്ഷ്യം നൽകുന്നതും വയൽ സേവനത്തിൽ സൊസൈറ്റിയുടെ സാഹിത്യങ്ങൾ വിതരണം ചെയ്യുന്നതും നിയമവിരുദ്ധമായിരുന്നു. ശുശ്രൂഷയിൽ ഞങ്ങൾ ബൈബിൾ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ, അതും ഞങ്ങളുടെ വ്യക്തിഗത പ്രതിയായിരുന്ന ജയിംസ്‌ രാജാവിന്റെ ഭാഷാന്തരം. ഒൺടേറിയോയിലെ പാരി സൗണ്ട്‌ പട്ടണത്തിലായിരുന്നു ഞങ്ങളുടെ ആദ്യ നിയമനം. പയനിയറിങ്‌ തുടങ്ങി ഏതാനും ദിവസങ്ങൾക്കകം വയലിൽ ഞങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിനു ബ്രാഞ്ച്‌ ഓഫീസ്‌ സ്റ്റൂവർട്ട്‌ മാൻ എന്ന അനുഭവസമ്പന്നനായ ഒരു പയനിയറെ അയച്ചു. എത്ര സ്‌നേഹനിർഭരമായ കരുതലായിരുന്നു അത്‌! സദാ പുഞ്ചിരിക്കുന്ന ഒരു സന്തുഷ്ട മുഖമായിരുന്നു മാൻ സഹോദരന്റേത്‌. ഞങ്ങൾ അദ്ദേഹത്തിൽനിന്നു പലതും പഠിച്ചു, അദ്ദേഹത്തോടൊപ്പമുള്ള സമയം നന്നായി ആസ്വദിച്ചു. ഞങ്ങൾക്കു നിരവധി ബൈബിൾ അധ്യയനങ്ങൾ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ, സൊസൈറ്റി ഞങ്ങളെ ഹാമിൽട്ടൺ നഗരത്തിലേക്കു നിയമിച്ചു. താമസിയാതെ, പ്രായപരിധി കഴിഞ്ഞിട്ടും എന്നെ സൈനിക സേവനത്തിനു തിരഞ്ഞെടുത്തു. അതിനു വിസമ്മതിച്ചതിന്റെ ഫലമായി 1943 ഡിസംബർ 31-ന്‌ ഞാൻ അറസ്റ്റിലായി. കോടതി നടപടിക്രമങ്ങൾക്കു ശേഷം എന്നെ പൊതുജന സേവന പാളയത്തിലേക്ക്‌ അയച്ചു. 1945 ആഗസ്റ്റ്‌ വരെ ഞാൻ അവിടെ കഴിഞ്ഞു.

എന്റെ മോചനത്തെ തുടർന്ന്‌ ഉടൻതന്നെ എനിക്കും ഐലിനും ഒൺടേറിയോയിലെ കോൺവോളിൽ പയനിയർമാരായി നിയമനം ലഭിച്ചു. താമസിയാതെ, അവിടെനിന്നു ഞങ്ങൾ സൊസൈറ്റിയുടെ നിയമ വിഭാഗത്തിൽനിന്നു കോടതിക്കുള്ള പ്രത്യേക കത്തുമായി ക്വിബെക്കിലേക്കു പോയി. ക്വിബെക്കിൽ ഡ്യൂപ്ലേസി ഭരണം നടത്തിയിരുന്ന കാലഘട്ടമായിരുന്നു അത്‌. യഹോവയുടെ സാക്ഷികൾക്ക്‌ എതിരെയുള്ള പീഡനം അന്ന്‌ കൂടുതൽ രൂക്ഷമായിത്തീർന്നിരുന്നു. മിക്ക ദിവസങ്ങളിലും ഞാൻ സഹോദരങ്ങളെ സഹായിച്ചുകൊണ്ട്‌ അവിടത്തെ നാലു കോടതികളും സന്ദർശിച്ചുകൊണ്ടിരുന്നു. വിശ്വാസത്തെ ബലിഷ്‌ഠമാക്കുന്ന ആവേശഭരിതമായ സമയങ്ങളായിരുന്നു അത്‌.

1946-ൽ ക്ലീവ്‌ലൻഡിൽ നടന്ന കൺവെൻഷനെ തുടർന്ന്‌ എനിക്കും ഭാര്യയ്‌ക്കും സർക്കിട്ട്‌, ഡിസ്‌ട്രിക്‌റ്റ്‌ വേലയിൽ ഏർപ്പെടുന്നതിനുള്ള നിയമനം ലഭിച്ചു. കാനഡയിലെ തീരദേശങ്ങളിലുള്ള സഭകൾ സന്ദർശിക്കാനായിരുന്നു നിയമനം. പിന്നീടങ്ങോട്ട്‌ പെട്ടെന്നായിരുന്നു കാര്യങ്ങൾ മുന്നോട്ടു നീങ്ങിയത്‌. 1948-ൽ ഞങ്ങൾക്ക്‌ 11-ാമതു വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചു. ആൽബർട്ട്‌ ഷ്രോഡർ സഹോദരനും മാക്‌സ്‌വെൽ ഫ്രെൻഡ്‌ സഹോദരനും ആയിരുന്നു ഞങ്ങളുടെ അധ്യാപകർ. 108 പേരുണ്ടായിരുന്ന ഞങ്ങളുടെ ക്ലാസ്സിൽ 40 പേർ അഭിഷിക്തർ ആയിരുന്നു. ദീർഘകാലമായി യഹോവയെ സേവിച്ചുകൊണ്ടിരുന്ന അനേകർ ആ ക്ലാസ്സിൽ ഉണ്ടായിരുന്നത്‌ ഞങ്ങളെ സംബന്ധിച്ചിടത്തോളം എത്ര സന്തോഷപ്രദവും സംതൃപ്‌തിദായകവുമായ ഒരനുഭവം ആയിരുന്നു!

ഒരു ദിവസം ബ്രുക്ലിനിൽനിന്നു നോർ സഹോദരൻ ഞങ്ങളെ സന്ദർശിച്ചു. ജാപ്പനീസ്‌ ഭാഷ പഠിക്കുന്നതിന്‌ 25 സന്നദ്ധസേവകരെ ആവശ്യമുണ്ടെന്ന്‌ തന്റെ പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ 108 പേരും അതിനു മുന്നോട്ടുവന്നു! ആരെ അതിനു തിരഞ്ഞെടുക്കണം എന്ന്‌ ഒടുവിൽ പ്രസിഡന്റ്‌ തീരുമാനിച്ചു. അതിന്മേൽ യഹോവയുടെ വഴിനടത്തിപ്പ്‌ ഉണ്ടായിരുന്നുവെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌, കാരണം കാര്യങ്ങൾ വളരെ ഭംഗിയായി നടന്നു. തിരഞ്ഞെടുക്കപ്പെട്ടവർക്ക്‌ ജപ്പാനിൽ വേല ആരംഭിക്കാനുള്ള പദവി ലഭിച്ചു. പ്രായം ഏറെ ആയെങ്കിലും ആ 25 പേരിൽ പലരും ഇപ്പോഴും അവിടെ സേവനമനുഷ്‌ഠിക്കുന്നു. എന്നാൽ ലോയ്‌ഡ്‌ ബാരിയെയും ഭാര്യ മെൽബയെയും പോലുള്ള ചിലർക്ക്‌ പിന്നീടു മറ്റു സ്ഥലങ്ങളിൽ നിയമനം ലഭിച്ചു. കഴിഞ്ഞ വർഷം മരിക്കുംവരെ ലോയ്‌ഡ്‌ സഹോദരൻ ഭരണസംഘത്തിൽ ഒരംഗമായിരുന്നു. യഹോവ നൽകിയ പ്രതിഫലത്തിൽ ഞങ്ങളും അവരോടൊപ്പം ആനന്ദിക്കുന്നു.

ഗിലെയാദ്‌ ബിരുദദാനത്തിനുള്ള സമയം വന്നെത്തി. ജമെയ്‌ക്കയിലേക്ക്‌ ആയിരുന്നു ഞങ്ങളുടെ നിയമനം. എങ്കിലും, ക്വിബെക്കിൽ ചില കോടതി കേസുകൾക്ക്‌ അപ്പോഴും തീരുമാനമാകാതിരുന്നതിനാൽ കാനഡയിലേക്കു മടങ്ങാൻ ഞങ്ങൾക്കു നിർദേശം ലഭിച്ചു.

വീണ്ടും സംഗീതത്തിലേക്ക്‌!

പയനിയർ സേവനത്തിനായി ഞാൻ സംഗീതം ഉപേക്ഷിച്ചെങ്കിലും സംഗീതം എന്നെ ഉപേക്ഷിച്ചില്ല. പിറ്റേ വർഷം സൊസൈറ്റിയുടെ പ്രസിഡന്റായ നേഥൻ നോറും അദ്ദേഹത്തിന്റെ സെക്രട്ടറി മിൽട്ടൺ ഹെൻഷലും ടൊറന്റോയിലെ മേപ്പിൾ ലീഫ്‌ ഗാർഡൻസ്‌ സന്ദർശിച്ചു. “നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ വൈകിയിരിക്കുന്നു!” എന്ന വിഷയത്തിൽ നോർ സഹോദരൻ നടത്തിയ പരസ്യ പ്രസംഗം കൂടിവന്ന ഏവരെയും ആവേശഭരിതരാക്കി. അന്ന്‌ ആദ്യമായി എനിക്ക്‌ കൺവെൻഷന്റെ വാദ്യവൃന്ദത്തിൽ നേതൃത്വം വഹിക്കാൻ നിയമനം ലഭിച്ചു. 1944-ൽ പ്രകാശനം ചെയ്‌ത രാജ്യ സേവന പാട്ടുപുസ്‌തകത്തിലെ എല്ലാവർക്കും ഇഷ്ടപ്പെട്ട ചില ഗീതങ്ങൾ ഞങ്ങൾ വാൾട്ട്‌സ്‌ നൃത്തത്തിനു ചേർന്ന ഈണത്തിൽ ചിട്ടപ്പെടുത്തി. സഹോദരങ്ങൾക്കെല്ലാം അത്‌ ഇഷ്ടമായെന്നു തോന്നുന്നു. ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ പരിപാടി അവസാനിച്ചപ്പോൾ ഞായറാഴ്‌ചത്തെ പരിപാടിക്കായി ഞങ്ങൾ റിഹേഴ്‌സൽ നടത്തി. ആ സമയം, ഹെൻഷൽ സഹോദരൻ ഞങ്ങളുടെ അടുത്തേക്കു വരുന്നതു ഞാൻ ശ്രദ്ധിച്ചു. അദ്ദേഹത്തെ ചെന്നു കാണുന്നതിനായി ഞാൻ സംഗീതവായന നിറുത്തി. “ഇപ്പോൾ വാദ്യവൃന്ദത്തിൽ എത്രപേരുണ്ട്‌?” അദ്ദേഹം ചോദിച്ചു. “മൊത്തം 35-ഓളം പേർ,” ഞാൻ മറുപടി പറഞ്ഞു. “അടുത്ത വേനൽക്കാലത്ത്‌ ന്യൂയോർക്കിൽ അതിന്റെ ഇരട്ടി ആളുകളെ സഹോദരനു പ്രതീക്ഷിക്കാം,” അദ്ദേഹം പറഞ്ഞു.

അതിനു മുമ്പുതന്നെ എന്നെ ബ്രുക്ലിനിലേക്കു വിളിപ്പിച്ചു. ഐലിന്‌ എന്നോടൊപ്പം വരാൻ പറ്റിയ സാഹചര്യമായിരുന്നില്ല അപ്പോൾ. പുതിയ 124 കൊളംബിയ ഹൈറ്റ്‌സിന്റെ പണി അപ്പോഴും പൂർത്തിയായിരുന്നില്ല. അതുകൊണ്ട്‌ ബെഥേലിലെ ഒരു കൊച്ചു മുറിയിൽ പെയ്‌ൻ, കാൾ ക്ലൈൻ എന്നീ രണ്ട്‌ അഭിഷിക്ത സഹോദരന്മാരോടൊപ്പമാണ്‌ എനിക്കു താമസസൗകര്യം ക്രമീകരിച്ചിരുന്നത്‌. ഞാൻ അവരെ മുമ്പു കണ്ടിട്ടില്ലായിരുന്നു. പെയ്‌ൻ സഹോദരൻ നല്ല പ്രായംചെന്ന ആളായിരുന്നു. മുറിയിൽ സ്ഥലസൗകര്യം കുറവായിരുന്നെങ്കിലും ഞങ്ങൾക്ക്‌ ഒത്തുപോകാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. അവർ ഇരുവരും വളരെ ക്ഷമയുള്ളവർ ആയിരുന്നു. ഞാൻ അവർക്ക്‌ ഒരു തടസ്സവും സൃഷ്ടിച്ചതുമില്ല. ദൈവാത്മാവിന്‌ എന്തൊക്കെ നിവർത്തിക്കാൻ കഴിയുമെന്നു മനസ്സിലാക്കാൻ അതെന്നെ വളരെയേറെ സഹായിച്ചു. ക്ലൈൻ സഹോദരനെ കണ്ടുമുട്ടാനും അദ്ദേഹത്തോടൊത്തു പ്രവർത്തിക്കാനും കഴിഞ്ഞത്‌ എനിക്ക്‌ എത്രമാത്രം അനുഗ്രഹങ്ങൾ കൈവരുത്തിയെന്നോ! അദ്ദേഹം വളരെ ദയാലുവും സഹായമനസ്‌കനും ആയിരുന്നു. ഒരുമയോടെയാണു ഞങ്ങൾ കാര്യങ്ങൾ ചെയ്‌തിരുന്നത്‌. ഇപ്പോൾ 50-ലേറെ വർഷമായി ഞങ്ങൾ ഉറ്റ സുഹൃത്തുക്കളുമാണ്‌.

1950, 1953, 1955, 1958 എന്നീ വർഷങ്ങളിൽ യാങ്കീ സ്റ്റേഡിയത്തിൽ നടന്ന കൺവെൻഷനുകളിലെ വാദ്യവൃന്ദത്തിൽ സഹായിക്കാനും 1963-ൽ കാലിഫോർണിയയിലെ പസാഡെനയിലുള്ള റോസ്‌ ബൗളിൽ നടന്ന കൺവെൻഷനിൽ അൽ കാവെലിനോടൊപ്പം വാദ്യവൃന്ദത്തിനു നേതൃത്വം വഹിക്കാനുമുള്ള പദവി എനിക്കു ലഭിച്ചു. 1953-ൽ യാങ്കീ സ്റ്റേഡിയത്തിൽ വെച്ചു നടന്ന കൺവെൻഷനിൽ പരസ്യപ്രസംഗത്തിനു മുമ്പ്‌ ഒരു സംഗീത പരിപാടി അവതരിപ്പിക്കുകയുണ്ടായി. എറിക്‌ ഫ്രോസ്റ്റ്‌ സഹോദരൻ എഡിത്ത്‌ ഷിംയോനികിനെ (പിന്നീട്‌ എഡിത്ത്‌ വൈഗാന്റ്‌ ആയി) ഞങ്ങൾക്കു പരിചയപ്പെടുത്തി. അദ്ദേഹം രചിച്ച “സാക്ഷികളേ, നിങ്ങൾ മുന്നോട്ട്‌!” എന്ന ഗീതം എഡിത്ത്‌ ഞങ്ങളുടെ വാദ്യവൃന്ദത്തോടൊപ്പം ഉച്ചത്തിൽ ആലപിച്ചു. ഉത്തര റൊഡേഷ്യയിൽനിന്ന്‌ (ഇപ്പോഴത്തെ സാംബിയ) ഹാരി ആർനൊറ്റ്‌ എന്ന മിഷനറി സഹോദരൻ ഞങ്ങളെ കേൾപ്പിക്കാനായി ആഫ്രിക്കൻ സഹോദരീസഹോദരന്മാർ ആലപിച്ച ശ്രുതിമധുരമായ രാജ്യഗീതങ്ങളുടെ കാസെറ്റ്‌ കൊണ്ടുവന്നിരുന്നു. അതു കേട്ട ഞങ്ങൾ കോൾമയിർക്കൊണ്ടു. മുഴു സ്റ്റേഡിയത്തിലും അവരുടെ മധുരശബ്ദം നിറഞ്ഞുനിന്നു.

1966-ലെ പാട്ടുപുസ്‌തകം

“പാടുകയും നിങ്ങളുടെ ഹൃദയത്തിൽ സംഗീതത്തോടെ ചേരുകയും” എന്ന പാട്ടുപുസ്‌തകം നിങ്ങൾ കണ്ടിട്ടുണ്ടോ? അതിന്റെ അവസാന മിനുക്കുപണികൾ നടന്നുകൊണ്ടിരിക്കെ നോർ സഹോദരൻ പറഞ്ഞു: “സൊസൈറ്റി കുറച്ചു റെക്കോർഡിങ്‌ നടത്താൻ പോകുകയാണ്‌. സഹോദരൻ ഒരു കാര്യം ചെയ്യൂ, ഒരു കൊച്ചു വാദ്യവൃന്ദം സംഘടിപ്പിക്കൂ. ഏതാനും വയലിനും ഫ്‌ളൂട്ടുകളും മതിയാകും. ആരും ‘കാഹളം ഊതേണ്ടതില്ല’!” ബെഥേലിലെ രാജ്യഹാളിൽ റെക്കോർഡിങ്‌ നടത്താനാണു തീരുമാനിച്ചിരുന്നത്‌. എന്നാൽ അക്കാര്യത്തിൽ ചില ചോദ്യങ്ങൾ ഉയർന്നു. ഭിത്തിയിലും തറയിലെ ടൈൽസുകളിലും ലോഹക്കസേരകളിലും ശബ്ദംതട്ടി പ്രതിധ്വനി ഉണ്ടാകുന്നെങ്കിലോ? നാദത്തിലുണ്ടാകുന്ന അപസ്വരം പരിഹരിക്കാൻ ആർക്കു ഞങ്ങളെ സഹായിക്കാനാകും? “ടോമി മിച്ചലിനു സാധിക്കും!” ഒരാൾ നിർദേശിച്ചു. “അദ്ദേഹം അമേരിക്കൻ ബ്രോഡ്‌കാസ്റ്റിങ്‌ കമ്പനിയിൽ നെറ്റ്‌വർക്ക്‌ റെക്കോർഡിങ്‌ സ്റ്റുഡിയോയിലാണു ജോലി ചെയ്യുന്നത്‌.” ഉടനടി ഞങ്ങൾ മിച്ചൽ സഹോദരനുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിനു ഞങ്ങളെ സഹായിക്കാൻ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.

റെക്കോർഡിങ്ങിനുള്ള ആദ്യ ശനിയാഴ്‌ച വന്നെത്തി. സംഗീതജ്ഞരെ പരിചയപ്പെടുത്തവെ, ഒരു സഹോദരന്റെ കയ്യിൽ ഇരട്ട വളവുള്ള കുഴലോടു കൂടിയ ഒരു പിത്തളകാഹളം ഇരിക്കുന്നതു ഞാൻ കണ്ടു. “ആരും ‘കാഹളം ഊതേണ്ടതില്ല’!” എന്നു നോർ സഹോദരൻ പറഞ്ഞ കാര്യം അപ്പോൾ ഞാൻ ഓർത്തു. ഇനിയിപ്പോൾ എന്തു ചെയ്യും? ആ സഹോദരൻ കാഹളം കയ്യിലെടുത്ത്‌ തയ്യാറാകുകയായിരുന്നു. മിച്ചൽ സഹോദരനായിരുന്നു അത്‌. അതിലൂടെ അദ്ദേഹം മീട്ടിയ സ്വരങ്ങൾ എത്ര ശ്രുതിമധുരമായിരുന്നെന്നോ! ആ പിത്തളകാഹളത്തിൽനിന്ന്‌ അദ്ദേഹം പുറപ്പെടുവിച്ച നാദം വയലിന്റെ നാദം പോലിരുന്നു! ‘ഈ സഹോദരനെ ഒരു കാരണവശാലും ഒഴിവാക്കിക്കൂടാ’ എന്നു ഞാൻ മനസ്സിലോർത്തു. നോർ സഹോദരനും യാതൊരു എതിർപ്പും പ്രകടിപ്പിച്ചില്ല.

ആ വാദ്യവൃന്ദത്തിൽ ഉണ്ടായിരുന്ന മികച്ച സംഗീതജ്ഞർ സ്‌നേഹനിധികളായ സഹോദരീസഹോദരന്മാർ ആയിരുന്നു. ഒത്തുപോകാൻ പ്രയാസമുള്ള ആരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല! റെക്കോർഡിങ്‌ ദുഷ്‌കരമായ സംരംഭം ആയിരുന്നെങ്കിലും ആരും പരാതിപ്പെട്ടില്ല. റെക്കോർഡിങ്‌ കഴിഞ്ഞ്‌ പിരിയേണ്ട സമയമായപ്പോൾ ഞങ്ങളെല്ലാം കരഞ്ഞു. അതിൽ പങ്കെടുത്ത എല്ലാവർക്കുമിടയിൽ ഇപ്പോഴും നല്ല സൗഹാർദം നിലവിലുണ്ട്‌. ഞങ്ങളെല്ലാവരും ആ പദവി ആസ്വദിച്ചു. യഹോവയുടെ സഹായത്താൽ ആ ജോലി പൂർത്തിയാക്കാനും ഞങ്ങൾക്കു സാധിച്ചു.

വീണ്ടും വിലയേറിയ പദവികൾ

അനവധി വർഷങ്ങളായി ചെയ്‌തുവരുന്ന മുഴുസമയ സേവനം ഞാൻ ഇപ്പോഴും ആസ്വദിക്കുന്നു. സർക്കിട്ട്‌, ഡിസ്‌ട്രിക്‌റ്റ്‌ വേലയിലായിരുന്ന 28 വർഷം പല നിയമനങ്ങളും എനിക്കു ലഭിച്ചു, അവയെല്ലാം ആസ്വാദ്യമായിരുന്നു. അതേത്തുടർന്ന്‌ അഞ്ചു വർഷം ഒൺടേറിയോയിലെ നോർവെൽ സമ്മേളന ഹാൾ നോക്കിനടത്താനുള്ള ചുമതല എനിക്കു ലഭിച്ചു. മിക്കവാറും എല്ലാ വാരാന്തത്തിലും അവിടെ ഒരു സർക്കിട്ട്‌ സമ്മേളനം നടക്കാറുണ്ടായിരുന്നു. കൂടാതെ വിദേശഭാഷാ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളും അവിടെ നടത്താറുണ്ടായിരുന്നു. അങ്ങനെ എനിക്കും ഐലിനും വളരെ തിരക്കായിരുന്നു. ഹോൾട്ടൺ ഹിൽസിൽ പണിയാനിരുന്ന സൊസൈറ്റിയുടെ ബ്രാഞ്ച്‌ ഓഫീസിന്റെ നിർമാണവുമായി ബന്ധപ്പെട്ട്‌ 1979/80-ൽ വാസ്‌തുശില്‌പികളും എൻജിനീയർമാരും സമ്മേളന ഹാളിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി. സമ്മേളന ഹാളിലെ നിയമനത്തെ തുടർന്ന്‌ 1982 മുതൽ 1984 വരെ സംഗീതവുമായി ബന്ധപ്പെട്ട മറ്റൊരു നിയമനത്തിനായി ഞങ്ങളെ വീണ്ടും ബ്രുക്ലിനിലേക്കു വിളിച്ചു.

1994 ജൂൺ 17-ന്‌ എന്റെ പ്രിയ ഭാര്യ മരണമടഞ്ഞു. ഞങ്ങളുടെ 59-ാമതു വിവാഹ വാർഷികം കഴിഞ്ഞ്‌ വെറും ഏഴു ദിവസം പിന്നിട്ടതേ ഉണ്ടായിരുന്നുള്ളു. പയനിയർ സേവനത്തിൽ 51 വർഷത്തെ സമർപ്പിത സേവനം ഞങ്ങൾ ഒരുമിച്ച്‌ ആസ്വദിച്ചു.

ജീവിതത്തിൽ എനിക്കുണ്ടായ പല അനുഭവങ്ങളും വിചിന്തനം ചെയ്യുമ്പോൾ ബൈബിൾ എത്ര വിലയേറിയ വഴികാട്ടി ആയിരുന്നു എന്നു ഞാൻ ഓർക്കാറുണ്ട്‌. ചിലപ്പോഴൊക്കെ ഞാൻ ഐലിന്റെ ബൈബിൾ ഉപയോഗിക്കാറുണ്ട്‌. അവളുടെ ഹൃദയത്തെ സ്‌പർശിച്ച തിരുവെഴുത്തുകൾ ഏതാണെന്ന്‌ എനിക്ക്‌ അതിൽനിന്നു മനസ്സിലാക്കാൻ സാധിക്കുന്നു. ചില വാക്യങ്ങൾക്കു മുഴുവനായും ചില വാക്യശകലങ്ങൾക്കും പദങ്ങൾക്കും അവൾ അടിവരയിട്ടിരിക്കുന്നതു കാണാം. ഐലിനെപോലെ എന്നെയും വ്യക്തിപരമായി സ്‌പർശിച്ച പല വാക്യങ്ങളുമുണ്ട്‌. 137-ാം സങ്കീർത്തനം എനിക്കു വളരെ പ്രിയപ്പെട്ട ഒന്നാണ്‌. യഹോവയ്‌ക്കുള്ള മനോഹരമായ ഈ പ്രാർഥന അവിടെ കാണാവുന്നതാണ്‌: “യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ വീണ്ടുമൊരിക്കലും കിന്നരം വായിക്കാൻ എനിക്കു കഴിയാതെപോകട്ടെ! നിന്നെ ഞാൻ ഓർക്കാതെ പോയാൽ, എന്റെ മുഖ്യസന്തോഷമായി കരുതാതിരുന്നാൽ, ഒരിക്കലും എനിക്കു പാടാൻ കഴിയാതെപോകട്ടെ.” (സങ്കീർത്തനം 137:5, 6, ടുഡേയ്‌സ്‌ ഇംഗ്ലീഷ്‌ ഭാഷാന്തരം) സംഗീതം എനിക്കു വളരെ ഇഷ്ടമാണെങ്കിലും, ധന്യവും സംതൃപ്‌തിദായകവുമായ ഒരു ജീവിതം നൽകി എന്നെ അനുഗ്രഹിച്ചിരിക്കുന്ന യഹോവയെ വിശ്വസ്‌തതയോടെ സേവിക്കുന്നതാണ്‌ എനിക്ക്‌ ഏറ്റവും അധികം സന്തോഷമേകുന്നത്‌.

[അടിക്കുറിപ്പ്‌]

^ ഖ. 5 യഹോവയുടെ സാക്ഷിയായി സ്‌നാപനമേൽക്കുന്നതിന്‌ ഒരു വ്യക്തി പുകവലി ഉപേക്ഷിക്കേണ്ടത്‌ എന്തുകൊണ്ടെന്ന്‌ 1973 ജൂൺ ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്‌) വിശദീകരിച്ചിരുന്നു.

[28-ാം പേജിലെ ചിത്രം]

1947-ൽ ഐലിനോടൊപ്പം

[30-ാം പേജിലെ ചിത്രം]

ഒരു ആദ്യകാല റെക്കോർഡിങ്‌ സെഷനിൽ