താഴ്‌മയുള്ള യോശീയാവിന് യഹോവയുടെ പ്രീതി ഉണ്ടായിരുന്നു
താഴ്‌മയുള്ള യോശീയാവിന് യഹോവയുടെ പ്രീതി ഉണ്ടായിരുന്നു
യഹൂദയിലെ രാജകുമാരനായ അഞ്ചു വയസ്സുകാരൻ യോശീയാവിന് ഭയം തോന്നിയിരിക്കണം. അവന്റെ അമ്മ യെദീദാ വിലപിക്കുകയാണ്. അതിനു തക്ക കാരണമുണ്ടായിരുന്നു. യോശീയാവിന്റെ വല്യപ്പൻ, അതായത് മനശ്ശെ രാജാവ് നാടുനീങ്ങിയിരിക്കുകയാണ്.—2 രാജാക്കന്മാർ 21:18.
യോശീയാവിന്റെ പിതാവായ ആമോൻ ആണ് യഹൂദയുടെ അടുത്ത രാജാവ്. (2 ദിനവൃത്താന്തം 33:20) എന്നാൽ രണ്ടു വർഷത്തിനുശേഷം (പൊ.യു.മു. 659) ആമോനെ അവന്റെ
ഭൃത്യന്മാർ വധിക്കുന്നു. ജനങ്ങൾ ആ ഗൂഢാലോചകരെ കൊല്ലുകയും യുവാവായ യോശീയാവിനെ രാജാവാക്കുകയും ചെയ്യുന്നു. (2 രാജാക്കന്മാർ 21:24; 2 ദിനവൃത്താന്തം 33:25) ആമോന്റെ ഭരണകാലത്ത്, യെരൂശലേമിലെങ്ങും നിറഞ്ഞുനിന്നിരുന്ന ധൂപവർഗത്തിന്റെ സുഗന്ധം യോശീയാവിന് സുപരിചിതമായിരുന്നു. കാരണം, വ്യാജ ദേവന്മാർക്കായി വീടിന്റെ മേൽക്കൂരയിൽ പണിതിരുന്ന ബലിപീഠങ്ങൾക്കു മുമ്പാകെ ആളുകൾ സാഷ്ടാംഗപ്രണാമം നടത്തിയിരുന്നു. വ്യാജമത പുരോഹിതന്മാർ പൊതു നിരത്തുകളിൽ ഉലാത്തുകയും ഭക്തർ—യഹോവയെ ആരാധിക്കുന്നുവെന്ന് അവകാശപ്പെട്ടിരുന്ന ചിലർപോലും—വ്യാജ ദൈവമായ മല്‌ക്കാമിനെ ചൊല്ലി ആണയിടുകയും ചെയ്യുന്നത് അവനു കാണാമായിരുന്നു.—സെഫന്യാവു 1:1, 5.
വ്യാജ ദേവീദേവന്മാരെ ആരാധിച്ചുകൊണ്ട് ആമോൻ ദുഷ്ടത പ്രവർത്തിച്ചുവെന്ന് യോശീയാവിന് അറിയാം. യഹൂദയുടെ ഈ യുവരാജാവ് ദൈവത്തിന്റെ പ്രവാചകനായ സെഫന്യാവിന്റെ പ്രഖ്യാപനങ്ങൾ വ്യക്തമായി മനസ്സിലാക്കുകയും ചെയ്യുന്നു. ഇപ്പോൾ (പൊ.യു.മു. 652) യോശീയാവിന് 15 വയസ്സുണ്ട്. അവന്റെ വാഴ്‌ച തുടങ്ങിയിട്ട് എട്ടു വർഷമായിരിക്കുന്നു. അവൻ സെഫന്യാവിന്റെ വാക്കുകൾക്ക് ചെവി കൊടുക്കാൻ ഉറച്ച തീരുമാനമെടുത്തിരിക്കുകയാണ്. ഇപ്പോഴും ഒരു കുട്ടിയാണെങ്കിലും അവൻ യഹോവയെ അന്വേഷിച്ചു തുടങ്ങുന്നു.—2 ദിനവൃത്താന്തം 33:21, 22; 34:3.
യോശീയാവ് നടപടി സ്വീകരിക്കുന്നു!
നാലു വർഷത്തിനു ശേഷം യോശീയാവ്, യഹൂദയിൽനിന്നും യെരൂശലേമിൽനിന്നും വ്യാജമതത്തെ പിഴുതെറിയാൻ തുടങ്ങുന്നു (പൊ.യു.മു. 648). ബാലാരാധനയ്‌ക്കായി ഉപയോഗിക്കുന്ന വിഗ്രഹങ്ങളെയും വിശുദ്ധ സ്‌തംഭങ്ങളെയും ധൂപപീഠങ്ങളെയും അവൻ തച്ചുടയ്‌ക്കുന്നു. വ്യാജദൈവങ്ങളുടെ ബിംബങ്ങളെ ഇടിച്ചുപൊടിച്ച് അവയ്‌ക്കു ബലിയർപ്പിച്ചിരുന്നവരുടെ കുഴിമാടത്തിന്മേൽ വിതറുന്നു. വ്യാജാരാധനയ്‌ക്കായി ഉപയോഗിച്ചിരുന്ന പൂജാഗിരികളെ അശുദ്ധമാക്കി ഇടിച്ചുകളയുന്നു.—2 രാജാക്കന്മാർ 23:8-14.
ഒരു ലേവ്യപുരോഹിതന്റെ മകനായ യിരെമ്യാവ് യെരൂശലേമിലേക്ക് വരുന്ന സമയത്ത് (പൊ.യു.മു. 647) യോശീയാവിന്റെ നടപടി ഊർജിതമായി നടക്കുകയാണ്. യിരെമ്യാവ് എന്ന ചെറുപ്പക്കാരനെ യഹോവ തന്റെ പ്രവാചകനായി നിയമിച്ചിരിക്കുന്നു. അവൻ വ്യാജമതത്തിനെതിരെ എത്ര വീറോടെയാണ് യഹോവയുടെ സന്ദേശം ഘോഷിക്കുന്നത്! യിരെമ്യാവിന്റെ അത്രയൊക്കെ പ്രായമേ യോശീയാവിനും ഉണ്ടായിരുന്നുള്ളൂ. യോശീയാവിന്റെ ധീരമായ വെടിപ്പാക്കലും യിരെമ്യാവിന്റെ നിർഭയമായ പ്രഖ്യാപനങ്ങളും ഒക്കെ ഉണ്ടായിരുന്നിട്ടും, ജനം പിന്നെയും വ്യാജാരാധനയിലേക്കു തിരിയുന്നു.—യിരെമ്യാവു 1:1-10.
അമൂല്യമായ ഒരു കണ്ടെത്തൽ!
അഞ്ചു വർഷം കൂടെ കടന്നുപോകുന്നു. ഇപ്പോൾ ഇരുപത്തഞ്ചു വയസ്സുള്ള യോശീയാവ് തന്റെ ഭരണം തുടങ്ങിയിട്ട് പതിനെട്ടു വർഷമായിരിക്കുന്നു. അവൻ സെക്രട്ടറിയായ ശാഫാനെയും നഗരാധിപതിയായ മയസേയാവിനെയും രായസക്കാരനായ യോവാഹിനെയും വിളിക്കുന്നു. രാജാവ് ശാഫാനോട് കൽപ്പിക്കുന്നു: ‘വാതിൽകാവല്‌ക്കാർ ജനത്തോടു പിരിച്ചെടുത്ത ദ്രവ്യം യഹോവയുടെ ആലയത്തിലെ അററകുററം തീർക്കേണ്ടതിന്നു പണിനടത്തുന്നവരുടെ കയ്യിൽ കൊടുക്കുവിൻ.’—2 രാജാക്കന്മാർ 22:3-6; 2 ദിനവൃത്താന്തം 34:8.
ആലയത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നവർ അതിരാവിലെ മുതൽ കഠിനാധ്വാനം ചെയ്യുന്നു. ദുഷ്ടരായ തന്റെ പൂർവികരിൽ ചിലർ ദൈവഭവനത്തിനേൽപ്പിച്ച കേടുപാടുകൾ പണിക്കാർ തീർക്കുന്നതിൽ യോശീയാവ് 2 ദിനവൃത്താന്തം 34:12-18) എത്ര അമൂല്യമായ ഒരു കണ്ടെത്തൽ—ന്യായപ്രമാണത്തിന്റെ അസൽ ആണ് അത് എന്നതിനു സംശയമില്ല!
തീർച്ചയായും യഹോവയോട് നന്ദിയുള്ളവനാണ്. പണി നടന്നുകൊണ്ടിരിക്കെ ഒരു വാർത്തയുമായി ശാഫാൻ വരുന്നു. എന്നാൽ, എന്താണ് അവന്റെ കൈയിലിരിക്കുന്നത്? ഒരു ചുരുൾ! ‘യഹോവ മോശെമുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്‌തകം ഹില്‌ക്കീയാവു കണ്ടെത്തിയെന്ന്’ അവൻ അറിയിക്കുന്നു. (ആ പുസ്‌തകത്തിലെ ഓരോ വാക്കും കേൾക്കാൻ യോശീയാവിനു തിടുക്കമായി. ശാഫാൻ അതു വായിച്ചുകേൾപ്പിക്കുമ്പോൾ, അതിലെ ഓരോ കൽപ്പനയും തനിക്കും ജനത്തിനും ബാധകമാകുന്നത് എങ്ങനെയെന്നു മനസ്സിലാക്കാൻ അദ്ദേഹം ശ്രമിക്കുന്നു. അത് സത്യാരാധനയ്‌ക്ക് ഊന്നൽ നൽകുകയും വ്യാജാരാധനയിൽ ഏർപ്പെടുന്നപക്ഷം സംഭവിക്കുന്ന ബാധകളെയും പ്രവാസത്തെയും മുൻകൂട്ടിപ്പറയുകയും ചെയ്യുന്ന വിധം കേൾക്കുമ്പോൾ രാജാവിനു പ്രത്യേകാൽ മതിപ്പു തോന്നുന്നു. ദൈവത്തിന്റെ എല്ലാ കൽപ്പനകളും താൻ നടപ്പാക്കിയില്ല എന്നു തിരിച്ചറിഞ്ഞ യോശീയാവ് തന്റെ വസ്‌ത്രം കീറുന്നു. തുടർന്ന് ഹില്‌ക്കീയാവിനോടും ശാഫാനോടും മറ്റുള്ളവരോടും ഇങ്ങനെ കൽപ്പിക്കുന്നു: ‘ഈ പുസ്‌തകത്തിലെ വാക്യങ്ങളെക്കുറിച്ചു യഹോവയോടു അരുളപ്പാടു ചോദിപ്പിൻ. നമ്മുടെ പിതാക്കന്മാർ ഈ പുസ്‌തകത്തിലെ വാക്യങ്ങളെ കേൾക്കായ്‌കകൊണ്ടു നമ്മുടെ നേരെ ജ്വലിച്ചിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ.’—2 രാജാക്കന്മാർ 22:11-13; 2 ദിനവൃത്താന്തം 34:19-21.
യഹോവയുടെ വാക്ക് പ്രസിദ്ധമാക്കുന്നു
യോശീയാവിന്റെ ദൂതന്മാർ യെരൂശലേമിലെ ഹുൽദാപ്രവാചകിയുടെ അടുത്തേക്കു പോകുകയും ഒരു റിപ്പോർട്ടുമായി തിരിച്ചെത്തുകയും ചെയ്യുന്നു. പുതുതായി കണ്ടെത്തിയ ന്യായപ്രമാണ പുസ്‌തകത്തിലെ അനർഥങ്ങൾ വിശ്വാസത്യാഗം ഭവിച്ച രാഷ്‌ട്രത്തിന് അനുഭവിക്കേണ്ടിവരുമെന്നു സൂചിപ്പിച്ചുകൊണ്ട് ഹുൽദാ യഹോവയുടെ വാക്കുകൾ അവരെ അറിയിക്കുന്നു. എന്നിരുന്നാലും, യഹോവയാം ദൈവത്തിന്റെ മുമ്പാകെ തന്നെത്താൻ താഴ്‌ത്തിയതുകൊണ്ട് യോശീയാവ് ആ അനർഥം കാണേണ്ടിവരികയില്ല. അവൻ തന്റെ പിതാക്കന്മാരോടു ചേരുകയും സമാധാനത്തോടെ കല്ലറയിൽ അടക്കപ്പെടുകയും ചെയ്യും.—2 രാജാക്കന്മാർ 22:14-20; 2 ദിനവൃത്താന്തം 34:22-28.
യോശീയാവ് യുദ്ധത്തിൽ മരിച്ചതുകൊണ്ട് ഹുൽദായുടെ പ്രവചനം ശരിയായിരുന്നോ? (2 രാജാക്കന്മാർ 23:28-30) അതേ, യഹൂദയുടെമേൽ വരാനിരുന്ന ‘അനർഥ’ത്തോടുള്ള താരതമ്യത്തിൽ അവൻ കല്ലറയിൽ തന്റെ പിതാക്കന്മാരോട് ചേർന്നത് ‘സമാധാന’പരമായിട്ടായിരുന്നു. (2 രാജാക്കന്മാർ 22:20; 2 ദിനവൃത്താന്തം 34:28) പൊ.യു.മു. 609-607-ൽ ബാബിലോന്യർ യെരൂശലേമിനെ ഉപരോധിച്ച് അതിന്റെമേൽ അനർഥം വരുത്തുന്നതിനു മുമ്പുതന്നെ യോശീയാവ് മരിച്ചു. ‘ഒരുവന്റെ പിതാക്കന്മാരോട് ചേരുന്നത്’ ദാരുണമായി മരിക്കാതിരിക്കുന്നതിനെ അവശ്യം അർഥമാക്കുന്നില്ല. ദാരുണവും അല്ലാത്തതുമായ മരണങ്ങളോടുള്ള ബന്ധത്തിലും സമാനമായ ഒരു പ്രയോഗം ഉപയോഗിച്ചിട്ടുണ്ട്.—ആവർത്തനപുസ്‌തകം 31:16; 1 രാജാക്കന്മാർ 2:10; 22:34, 40.
സത്യാരാധന മുന്നേറുന്നു
യോശീയാവ് ജനത്തെ യെരൂശലേമിലെ ആലയത്തിൽ കൂട്ടിവരുത്തുകയും യഹോവയുടെ ആലയത്തിൽവെച്ചു കണ്ടുകിട്ടിയ ‘നിയമപുസ്‌തകത്തിലെ വാക്യങ്ങളെല്ലാം’ അവരെ വായിച്ചുകേൾപ്പിക്കുകയും ചെയ്യുന്നു. തുടർന്ന്, “യഹോവയെ അനുസരിച്ചുനടക്കയും അവന്റെ കല്‌പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്‌തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വാക്യങ്ങൾ നിവർത്തിക്കയും ചെയ്യാമെന്നു” രാജാവ് ഒരു ഉടമ്പടി ചെയ്യുന്നു. ജനമെല്ലാം അതിനോട് യോജിക്കുന്നു.—2 രാജാക്കന്മാർ 23:1-3.
തുടർന്ന് വിഗ്രഹാരാധനയ്‌ക്കെതിരെ യോശീയാരാജാവ് കൂടുതൽ വ്യക്തവും ശക്തവുമായ മറ്റൊരു നടപടി കൈക്കൊള്ളുന്നു. യഹൂദയിലെ വ്യാജമത പുരോഹിതന്മാരുടെ ഉപജീവനവൃത്തി അവൻ ഇല്ലാതാക്കുന്നു. അശുദ്ധാരാധനയിൽ ഏർപ്പെട്ടിരുന്ന ലേവ്യ പുരോഹിതന്മാരിൽനിന്ന് യഹോവയുടെ യാഗപീഠത്തിങ്കൽ സേവിക്കാനുള്ള പദവി എടുത്തുകളയുന്നു. കൂടാതെ, ശലോമോന്റെ ഭരണകാലത്ത് പണികഴിപ്പിച്ച പൂജാഗിരികളെ ആരാധനയ്‌ക്ക് യോഗ്യമല്ലാതാക്കിത്തീർക്കുന്നു. മുമ്പ് (പൊ.യു.മു. 740-ൽ) അസീറിയക്കാർ കീഴടക്കിയ മുൻ പത്തുഗോത്ര ഇസ്രായേൽ രാജ്യത്തിന്റെ പ്രദേശത്തും വ്യാജാരാധനയ്‌ക്ക് എതിരെയുള്ള വെടിപ്പാക്കൽ പ്രവർത്തനം അവൻ നടത്തുന്നു.
ഏതാണ്ട് 300 വർഷം മുമ്പ്, പേർ രേഖപ്പെടുത്താത്ത ഒരു “ദൈവപുരുഷൻ” പ്രവചിച്ച വാക്കുകളുടെ നിവൃത്തിയായി, യൊരോബെയാം ഒന്നാമൻ രാജാവ് ബേഥേലിൽ പണിത യാഗപീഠത്തിന്മേൽ യോശീയാവ് ബാൽ പുരോഹിതന്മാരുടെ അസ്ഥികളെ ചുട്ടുകളയുന്നു. മറ്റു പട്ടണങ്ങളിലെ പൂജാഗിരികളെ തകർക്കുകയും വിഗ്രഹാരാധികളായ പുരോഹിതന്മാർ സേവിച്ചിരുന്ന യാഗപീഠങ്ങളിൽ വെച്ചുതന്നെ യോശീയാവ് അവരെ കൊല്ലുകയും ചെയ്യുന്നു.—1 രാജാക്കന്മാർ 13:1-4; 2 രാജാക്കന്മാർ 23:4-20.
മഹത്തായ ഒരു പെസഹാ ആഘോഷം
സത്യാരാധന ഉന്നമിപ്പിക്കാനുള്ള യോശീയാവിന്റെ നടപടികൾക്കു ദിവ്യപിന്തുണ ഉണ്ട്. താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം, ജനം ‘തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വിട്ടുമാറാതിരിക്കുന്ന’തിൽ രാജാവ് ദൈവത്തിനു നന്ദി നൽകും. (2 ദിനവൃത്താന്തം 34:33) തന്റെ വാഴ്‌ചയുടെ 18-ാം ആണ്ടിൽ നടന്ന ഒരു മഹാ സംഭവം രാജാവിന് എങ്ങനെ മറക്കാൻ കഴിയും?
“[അടുത്ത കാലത്തു കണ്ടെത്തിയ] ഈ നിയമപുസ്‌തകത്തിൽ എഴുതിയിരിക്കുന്ന പ്രകാരം നിങ്ങളുടെ ദൈവമായ യഹോവെക്കു പെസഹ ആചരിപ്പിൻ” എന്നു രാജാവ് ജനത്തോടു കല്‌പിച്ചു. (2 രാജാക്കന്മാർ 23:21) ജനം അതിനോടു നന്നായി പ്രതികരിച്ചപ്പോൾ യോശീയാവ് വളരെ സന്തോഷിക്കുന്നു. ഇതിനായി 30,000 പെസഹാ മൃഗങ്ങളെയും 3,000 കാളകളെയും രാജാവ് സംഭാവന ചെയ്യുന്നു. എത്ര മഹത്തായ ഒരു പെസഹാ! യാഗങ്ങൾ, ആസൂത്രിത ക്രമീകരണങ്ങൾ, ആരാധകരുടെ എണ്ണം എന്നിവ നോക്കിയാൽ, ശമൂവേൽ പ്രവാചകന്റെ കാലത്തിനു ശേഷം ആചരിച്ചിട്ടുള്ള പെസഹാകളൊന്നും ഇത്രയും മഹത്തായിരുന്നിട്ടില്ല.—2 രാജാക്കന്മാർ 23:22, 23; 2 ദിനവൃത്താന്തം 35:1-19.
വിയോഗത്തെ പ്രതി വൻ വിലാപം
പിന്നീടുള്ള തന്റെ 31 വർഷ ഭരണകാലത്ത് (പൊ.യു.മു. 659-629) യോശീയാവ് ഒരു നല്ല രാജാവായി ഭരിക്കുന്നു. തന്റെ ഭരണത്തിന്റെ അവസാനത്തോടടുത്ത്, യൂഫ്രട്ടീസ് നദിക്കു സമീപമുള്ള കർക്കെമീശിൽവെച്ച് ബാബിലോണിയൻ സൈന്യത്തെ പ്രതിരോധിച്ചുകൊണ്ട് അസീറിയൻ രാജാവിനെ സഹായിക്കാൻ ഫറവോൻ നെഖോ യഹൂദയിലൂടെ കടന്നുപോകാൻ പരിപാടിയിടുന്നുവെന്ന് അവൻ മനസ്സിലാക്കുന്നു. എന്നാൽ, അജ്ഞാതമായ ഏതോ കാരണത്താൽ യോശീയാവ് ഈജിപ്‌തിനോടു യുദ്ധം ചെയ്യാൻ പുറപ്പെടുന്നു. നെഖോ ദൂതന്മാരെ അയച്ച് അവനോട് ഇങ്ങനെ പറയിക്കുന്നു: “എന്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവനോടു ഇടപെടരുതു.” എങ്കിലും യോശീയാവ് വേഷം മാറിവന്ന് മെഗിദ്ദോയിൽവെച്ച് ഈജിപ്‌തുകാരെ തിരിച്ചയയ്‌ക്കാൻ ശ്രമിക്കുന്നു.—2 ദിനവൃത്താന്തം 35:20-22.
യഹൂദാരാജാവിനെ സംബന്ധിച്ചിടത്തോളം അത് വലിയൊരു ദുരന്തത്തിൽ കലാശിച്ചു. ശത്രുപക്ഷത്തെ വില്ലാളികളുടെ ശരമേറ്റ അദ്ദേഹം തന്റെ ഭൃത്യന്മാരോട് പറയുന്നു: “എന്നെ കൊണ്ടുപോകുവിൻ; ഞാൻ കഠിനമായി മുറിവേററിരിക്കുന്നു.” അവർ യോശീയാവിനെ അവന്റെ യുദ്ധരഥത്തിൽനിന്നു മാറ്റി മറ്റൊരു രഥത്തിൽ കയറ്റി യെരൂശലേമിലേക്ക് കൊണ്ടുപോകുന്നു. യെരൂശലേമിൽവെച്ചോ അവിടേക്കു പോകുന്ന വഴിക്കോ അവൻ മരിക്കുന്നു. നിശ്വസ്‌ത രേഖ ഇങ്ങനെ പറയുന്നു: “അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയിൽ അവനെ അടക്കം ചെയ്‌തു. എല്ലായെഹൂദയും യെരൂശലേമും യോശീയാവെക്കുറിച്ചു വിലപിച്ചു.” യിരെമ്യാവും യോശീയാവിനെക്കുറിച്ച് വിലപിച്ചു. അതിനുശേഷം, പ്രത്യേക അവസരങ്ങളിൽ യോശീയാവിനെക്കുറിച്ച് വിലാപഗീതങ്ങൾ ആലപിക്കുന്നത് യെരൂശലേമിൽ ഒരു പതിവായിത്തീർന്നു.—2 ദിനവൃത്താന്തം 35:23-25.
ഈജിപ്‌തിനെതിരെ യുദ്ധത്തിലേർപ്പെട്ടത് യോശീയാ രാജാവിന്റെ ഭാഗത്തെ ഒരു ബുദ്ധിമോശമായിരുന്നു. (സങ്കീർത്തനം 130:3) എന്നിരുന്നാലും, താഴ്‌മയും സത്യാരാധനയോടുള്ള ഉറച്ച നിലപാടും അവനു ദൈവാംഗീകാരം നേടിക്കൊടുത്തു. താഴ്‌മയുള്ളവരും അർപ്പിതരുമായ തന്റെ ദാസന്മാരോട് യഹോവ പ്രീതി കാട്ടുന്നു എന്നതിന്റെ എത്ര വലിയ തെളിവാണ് യോശീയാവിന്റെ ജീവിതം!—സദൃശവാക്യങ്ങൾ 3:34; യാക്കോബ് 4:6.
[29-ാം പേജിലെ ചിത്രം]
യുവരാജാവായ യോശീയാവ് ആത്മാർഥതയോടെ യഹോവയെ അന്വേഷിച്ചു
[31-ാം പേജിലെ ചിത്രം]
യോശീയാവ് പൂജാഗിരികളെ നശിപ്പിക്കുകയും സത്യാരാധനയെ ഉന്നമിപ്പിക്കുകയും ചെയ്‌തു