വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നാഴിക വന്നിരിക്കുന്നു!’

‘നാഴിക വന്നിരിക്കുന്നു!’

‘നാഴിക വന്നിരിക്കുന്നു!’

‘അവന്‌ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നിരിക്കുന്നു.’​—⁠യോഹന്നാൻ 13:⁠1.

1. പൊ.യു. 33-ലെ പെസഹാ അടുത്തു വരുന്നതോടെ യെരൂശലേമിൽ ആളുകളുടെ സംസാരവിഷയം എന്താണ്‌, എന്തുകൊണ്ട്‌?

പൊ.യു. 29-ൽ യേശു സ്‌നാപനമേറ്റപ്പോൾ, തന്റെ മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും മഹത്വീകരണത്തിന്റെയും “നാഴിക”യിലേക്കു നയിക്കുന്ന ഒരു ജീവിതഗതിക്ക്‌ അവൻ തുടക്കം കുറിച്ചു. ഇതു പൊ.യു. 33-ലെ വസന്തകാലമാണ്‌. യഹൂദന്മാരുടെ പരമോന്നത ന്യായാധിപസഭയായ സൻഹെദ്രീം യേശുവിനെ കൊല്ലാൻ പദ്ധതിയിട്ടിട്ട്‌ ഏതാനും ആഴ്‌ചകളേ ആയിട്ടുള്ളൂ. സാധ്യതയനുസരിച്ച്‌, യേശുവിന്റെ സുഹൃത്തും സൻഹെദ്രീം അംഗവുമായ നിക്കോദേമൊസിൽനിന്ന്‌ അവരുടെ പദ്ധതിയെ കുറിച്ചു മനസ്സിലാക്കിയ യേശു യെരൂശലേം വിട്ട്‌ യോർദ്ദാന്റെ അക്കരെയുള്ള നാട്ടിൻപുറത്തേക്കു പോയിരിക്കുകയാണ്‌. പെസഹാ പെരുന്നാൾ അടുത്തുവരുന്നതോടെ, അനേകം ആളുകൾ നാട്ടിൻപുറത്തുനിന്നു യെരൂശലേമിലേക്കു പോകുന്നു. നഗരത്തിലെങ്ങും ആളുകൾ യേശുവിനെ കുറിച്ച്‌ അടക്കം പറയുന്നു. “എന്തു തോന്നുന്നു? അവൻ പെരുനാൾക്കു വരികയില്ലയോ” എന്ന്‌ ആളുകൾ പരസ്‌പരം ചോദിക്കുന്നു. യേശുവിനെ കാണുന്ന ഏതൊരാളും അവൻ എവിടെ ഉണ്ട്‌ എന്ന വിവരം തങ്ങളെ അറിയിക്കണമെന്ന്‌ ഉത്തരവ്‌ ഇറക്കിക്കൊണ്ട്‌ മഹാപുരോഹിതന്മാരും പരീശന്മാരും ആവേശത്തിന്‌ ആക്കം കൂട്ടിയിരിക്കുകയാണ്‌.​—⁠യോഹന്നാൻ 11:47-57.

2. മറിയയുടെ ഏതു പ്രവർത്തനമാണു വിവാദത്തിന്‌ ഇടയാക്കുന്നത്‌, അവളെ പിന്താങ്ങിക്കൊണ്ടുള്ള യേശുവിന്റെ മറുപടി “തന്റെ നാഴിക”യെ സംബന്ധിച്ചുള്ള അവന്റെ ബോധ്യത്തെ കുറിച്ച്‌ എന്തു സൂചിപ്പിക്കുന്നു?

2 പെസഹായ്‌ക്ക്‌ 6 ദിവസം മുമ്പ്‌, അതായത്‌ നീസാൻ 8-ന്‌, യേശു യെരൂശലേമിന്റെ പ്രാന്തപ്രദേശത്തു മടങ്ങിയെത്തുന്നു. തന്റെ പ്രിയ സുഹൃത്തുക്കളായ മാർത്തയും മറിയയും ലാസറും വസിക്കുന്ന പട്ടണമായ ബെഥനിയിൽ യേശു എത്തുന്നു. യെരൂശലേമിൽനിന്ന്‌ ഏകദേശം മൂന്നു കിലോമീറ്റർ അകലെയാണ്‌ ഈ സ്ഥലം. ഇതു വെള്ളിയാഴ്‌ച വൈകുന്നേരമാണ്‌. ആ ശബത്തുദിവസം യേശു അവിടെ കഴിയുന്നു. അടുത്ത ദിവസം വൈകുന്നേരം മറിയ വിലയേറിയ സുഗന്ധതൈലം യേശുവിന്റെ കാലിൽ പുരട്ടുമ്പോൾ ശിഷ്യന്മാർ അതിൽ എതിർപ്പു പ്രകടിപ്പിക്കുന്നു. എന്നാൽ യേശു ഇങ്ങനെ മറുപടി പറയുന്നു: “അവളെ വിടുക; എന്റെ ശവസംസ്‌കാരദിവസത്തിന്നായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ. ദരിദ്രന്മാർ നിങ്ങൾക്കു എല്ലായ്‌പോഴും അടുക്കെ ഉണ്ടല്ലോ; ഞാൻ എല്ലായ്‌പോഴും അടുക്കെ ഇല്ലതാനും.” (യോഹന്നാൻ 12:1-8; മത്തായി 26:6-13) തനിക്ക്‌ ‘ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നിരിക്കുന്നു’ എന്ന്‌ യേശുവിന്‌ അറിയാം. (യോഹന്നാൻ 13:⁠1) അഞ്ചു ദിവസം കഴിഞ്ഞ്‌ അവൻ “അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടു”ക്കും. (മർക്കൊസ്‌ 10:45) ഇപ്പോൾ മുതൽ, യേശു ചെയ്യുന്നതും പഠിപ്പിക്കുന്നതുമായ കാര്യങ്ങളിലെല്ലാം ഒരു അടിയന്തിരതാബോധം പ്രകടമാണ്‌. ഈ വ്യവസ്ഥിതിയുടെ അവസാനത്തിനായി ആകാംക്ഷാപൂർവം കാത്തിരിക്കുന്ന നമുക്ക്‌ ഇത്‌ എത്ര ശ്രദ്ധേയമായ ഒരു ദൃഷ്ടാന്തമാണ്‌! യേശുവിന്റെ കാര്യത്തിൽ, തൊട്ടടുത്ത ദിവസം എന്തു സംഭവിക്കുന്നുവെന്നു പരിചിന്തിക്കുക.

യേശു വിജയശ്രീലാളിതനായി പ്രവേശിക്കുന്ന ദിനം

3. (എ) നീസാൻ 9-ാം തീയതി ഞായറാഴ്‌ച യേശു യെരൂശലേമിലേക്കു പ്രവേശിക്കുന്നത്‌ എങ്ങനെ, അവനു ചുറ്റുമുള്ള മിക്കവരും അതിനോട്‌ എങ്ങനെ പ്രതികരിക്കുന്നു? (ബി) ജനക്കൂട്ടത്തെ കുറിച്ചു പരാതിപറയുന്ന പരീശന്മാർക്ക്‌ യേശു എന്ത്‌ ഉത്തരം നൽകുന്നു?

3 നീസാൻ 9-ാം തീയതി ഞായറാഴ്‌ച യേശു വിജയശ്രീലാളിതനായി യെരൂശലേമിലേക്കു വരുന്നു. സെഖര്യാവു 9:​9-ന്റെ നിവൃത്തിയായി ഒരു കഴുതക്കുട്ടിയുടെ പുറത്തിരുന്ന്‌ അവൻ നഗരത്തിലേക്കു വരവെ അവനു ചുറ്റും തടിച്ചുകൂടുന്ന ആളുകളിൽ മിക്കവരും തങ്ങളുടെ മേലങ്കി വഴിയിൽ വിരിക്കുന്നു. മറ്റുള്ളവർ മരച്ചില്ലകൾ മുറിച്ച്‌ വഴിയിൽ വിതറുന്നു. “കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവു വാഴ്‌ത്തപ്പെട്ടവൻ” എന്ന്‌ അവർ ആർപ്പിടുന്നു. ജനക്കൂട്ടത്തിലുള്ള ചില പരീശന്മാർ യേശുവിനോട്‌ അവന്റെ ശിഷ്യന്മാരെ ശാസിക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ യേശുവാകട്ടെ, “ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും” എന്നു മറുപടി പറയുന്നു.​—⁠ലൂക്കൊസ്‌ 19:38-40; മത്തായി 21:6-9.

4. യേശു യെരൂശലേമിൽ പ്രവേശിക്കുമ്പോൾ നഗരമാകെ ഇളകിമറിയുന്നത്‌ എന്തുകൊണ്ട്‌?

4 ഏതാനും ആഴ്‌ചകൾക്കു മുമ്പ്‌ യേശു ലാസറിനെ ഉയിർപ്പിക്കുന്നത്‌ ആ ജനക്കൂട്ടത്തിലുള്ള പലരും കണ്ടിരുന്നു. അവർ ഇപ്പോൾ മറ്റുള്ളവരോട്‌ ആ അത്ഭുതത്തെ കുറിച്ചു സംസാരിക്കുന്നു. അതുകൊണ്ട്‌ യേശു യെരൂശലേമിൽ പ്രവേശിക്കവെ, മുഴു നഗരവും ഇളകിമറിയുകയാണ്‌. “ഇവൻ ആർ” എന്ന്‌ ആളുകൾ ചോദിക്കുന്നു. “ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു” എന്ന്‌ അവർ വീണ്ടും വീണ്ടും പറയുന്നു. ഇതൊക്കെ കാണുമ്പോൾ, “ലോകം അവന്റെ പിന്നാലെ ആയിപ്പോയി” എന്നു പറഞ്ഞ്‌ പരീശന്മാർ പരിതപിക്കുന്നു.​—⁠മത്തായി 21:10, 11; യോഹന്നാൻ 12:17-19.

5. യേശു ആലയത്തിലേക്കു പോകുമ്പോൾ എന്തു സംഭവിക്കുന്നു?

5 മഹദ്‌ഗുരുവായ യേശു യെരൂശലേം സന്ദർശിക്കുമ്പോൾ സാധാരണ ചെയ്യാറുള്ളതുപോലെ, പഠിപ്പിക്കാനായി ആലയത്തിലേക്കു പോകുന്നു. അവിടെ അന്ധരും മുടന്തരും അവന്റെ അടുക്കൽ വരുന്നു, അവൻ അവരെ സൗഖ്യമാക്കുന്നു. ഇതു കാണുകയും “ദാവീദ്‌പുത്രന്നു ഹോശന്നാ” എന്ന്‌ ആലയത്തിലുള്ള കുട്ടികൾ ആർപ്പിടുന്നതു കേൾക്കുകയും ചെയ്യുമ്പോൾ മഹാപുരോഹിതന്മാരും ശാസ്‌ത്രിമാരും കോപിക്കുന്നു. “ഇവർ പറയുന്നതു കേൾക്കുന്നുവോ” എന്ന്‌ അവർ നീരസപ്പെട്ടു ചോദിക്കുന്നു. “ഉവ്വു,” എന്ന്‌ യേശു പ്രതിവചിക്കുന്നു. “ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്‌ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ”? എന്നും അവൻ ചോദിക്കുന്നു. തന്റെ പഠിപ്പിക്കൽ തുടരവെ, ആലയത്തിൽ നടക്കുന്ന കാര്യങ്ങൾ യേശു ശ്രദ്ധാപൂർവം നോക്കിക്കാണുന്നു.​—⁠മത്തായി 21:15, 16; മർക്കൊസ്‌ 11:⁠11.

6. യേശുവിന്റെ ഇപ്പോഴത്തെ സമീപനം മുൻ അവസരങ്ങളിലേതിൽനിന്ന്‌ വ്യത്യസ്‌തമായിരിക്കുന്നത്‌ എങ്ങനെ, എന്തുകൊണ്ട്‌?

6 ആറുമാസം മുമ്പത്തേതിൽനിന്നും എത്ര വ്യത്യസ്‌തമായ ഒരു സമീപനമാണ്‌ യേശു ഇപ്പോൾ സ്വീകരിക്കുന്നത്‌! അന്ന്‌ അവൻ കൂടാരപ്പെരുന്നാളിന്‌ യെരൂശലേമിൽ വന്നതു ‘പരസ്യമായിട്ടല്ല, രഹസ്യമായാണ്‌.’ (യോഹന്നാൻ 7:10) ജീവനു ഭീഷണി ഉയർന്നപ്പോഴൊക്കെ അവൻ സുരക്ഷിതമായി രക്ഷപ്പെടാൻ വേണ്ടി നടപടികൾ സ്വീകരിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ, അവനെ പിടിക്കാൻ ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്ന നഗരത്തിൽ അവൻ പരസ്യമായി പ്രവേശിക്കുന്നു! മിശിഹായായി സ്വയം പരസ്യപ്പെടുത്തുന്ന പതിവും യേശുവിന്‌ ഉണ്ടായിരുന്നില്ല. (യെശയ്യാവു 42:2; മർക്കൊസ്‌ 1:40-44) തന്നെക്കുറിച്ചുള്ള ശബ്ദമുഖരിതമായ പരസ്യപ്പെടുത്തൽ ഉണ്ടായിരിക്കാനോ വളച്ചൊടിച്ച റിപ്പോർട്ടുകൾ പ്രചരിക്കാനോ അവൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ, അവൻ രാജാവും രക്ഷകനും​—⁠മിശിഹാ​—⁠ആണെന്നു ജനക്കൂട്ടം പരസ്യമായി പ്രഖ്യാപിക്കുകയാണ്‌. അവരെ നിശ്ശബ്ദരാക്കാനുള്ള മതനേതാക്കന്മാരുടെ അപേക്ഷ അവൻ നിരാകരിക്കുന്നു! എന്താണ്‌ ഈ മാറ്റത്തിന്റെ കാരണം? എന്തെന്നാൽ, തൊട്ടടുത്ത ദിവസം യേശു പ്രഖ്യാപിക്കുന്നതുപോലെ, “മനുഷ്യപുത്രൻ തേജസ്‌കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു.”​—⁠യോഹന്നാൻ 12:⁠23.

ധീരമായ നടപടി​—⁠തുടർന്ന്‌ ജീവരക്ഷാകരമായ പഠിപ്പിക്കലുകൾ

7, 8. പൊ.യു. 33 നീസാൻ 10-ലെ യേശുവിന്റെ നടപടികൾ പൊ.യു. 30-ലെ പെസഹാ സമയത്ത്‌ അവൻ ആലയത്തിൽവെച്ച്‌ ചെയ്‌ത കാര്യത്തോടു സമാനമായിരിക്കുന്നത്‌ എങ്ങനെ?

7 നീസാൻ 10-ാം തീയതി തിങ്കളാഴ്‌ച ആലയത്തിൽ എത്തുന്ന യേശു തലേദിവസം ഉച്ചതിരിഞ്ഞ്‌ താൻ കണ്ട കാര്യങ്ങളുടെമേൽ നടപടി സ്വീകരിക്കുന്നു. അവൻ ‘ദൈവാലയത്തിൽ വില്‌ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങുന്നു; പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്‌ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിടുന്നു; ആരും ദൈവാലയത്തിൽകൂടി ഒരു വസ്‌തുവും കൊണ്ടുപോകുവാൻ അവൻ സമ്മതിക്കുന്നില്ല.’ ആ ദുഷ്‌പ്രവൃത്തിക്കാരെ കുറ്റംവിധിച്ചുകൊണ്ട്‌ യേശു ഇങ്ങനെ പ്രഖ്യാപിക്കുന്നു: “എന്റെ ആലയം സകല ജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു.”​—⁠മർക്കൊസ്‌ 11:15-17.

8 മൂന്നു വർഷം മുമ്പ്‌ പൊ.യു. 30-ലെ പെസഹാ സമയത്ത്‌ ആലയം സന്ദർശിച്ചപ്പോൾ യേശു ചെയ്‌ത സംഗതിയോടു വളരെ സമാനമാണ്‌ അവന്റെ ഇപ്പോഴത്തെ നടപടി. പക്ഷേ, ഇത്തവണ കൂടുതൽ രൂക്ഷമായ ഭാഷയിലാണ്‌ അവൻ അവരെ കുറ്റം വിധിക്കുന്നത്‌. ആലയത്തിലെ കച്ചവടക്കാരെ അവൻ ഇപ്പോൾ ‘കള്ളന്മാർ’ എന്നു പരാമർശിക്കുന്നു. (ലൂക്കൊസ്‌ 19:45, 46; യോഹന്നാൻ 2:13-16) ബലിമൃഗങ്ങളെ വാങ്ങുന്നവരിൽനിന്ന്‌ അന്യായ വില ഈടാക്കുന്നതിനാൽ അവർ തീർച്ചയായും കള്ളന്മാരാണ്‌. മഹാപുരോഹിതന്മാരും ശാസ്‌ത്രിമാരും ജനത്തിന്റെ പ്രധാനികളായവരും യേശുവിന്റെ പ്രവൃത്തിയെ കുറിച്ചു കേൾക്കുന്നു. അവർ വീണ്ടും അവനെ കൊല്ലാനുള്ള വഴികൾ ആരായുന്നു. എങ്കിലും, അവനെ എങ്ങനെ നശിപ്പിക്കണമെന്ന്‌ അവർക്ക്‌ അറിയില്ല. കാരണം ജനങ്ങൾ എല്ലാവരും അവന്റെ പഠിപ്പിക്കലിൽ ആശ്ചര്യഭരിതരാണ്‌. അവൻ പറയുന്ന കാര്യങ്ങൾ കേൾക്കേണ്ടതിന്‌ അവർ അവന്റെ ചുറ്റും കൂടുകയാണ്‌.​—⁠മർക്കൊസ്‌ 11:18; ലൂക്കൊസ്‌ 19:47, 48.

9. യേശു എന്തു പാഠമാണ്‌ പഠിപ്പിക്കുന്നത്‌, അവൻ ആലയത്തിലെ തന്റെ ശ്രോതാക്കൾക്ക്‌ എന്തു ക്ഷണം വെച്ചുനീട്ടുന്നു?

9 ആലയത്തിലുള്ള തന്റെ പഠിപ്പിക്കൽ തുടരവെ, യേശു ഇങ്ങനെ പ്രഖ്യാപിക്കുന്നു: “മനുഷ്യപുത്രൻ തേജസ്‌കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു.” അതേ, തന്റെ മാനുഷ ജീവിതം ഏതാനും ദിവസത്തേക്കു കൂടിയേ ഉള്ളൂ എന്ന്‌ അവന്‌ അറിയാം. ഒരു ഗോതമ്പുമണി ചത്താലേ അതിൽനിന്ന്‌ വിളവ്‌ ഉണ്ടാകൂ എന്ന്‌ അവൻ വിശദീകരിക്കുന്നു. അതുപോലെയാണ്‌ യേശു മരിച്ച്‌ മറ്റുള്ളവർക്കു നിത്യജീവൻ പ്രദാനം ചെയ്യാനുള്ള ഒരു ഉപാധിയായിത്തീരുന്നത്‌. തുടർന്ന്‌ അവൻ തന്റെ ശ്രോതാക്കൾക്ക്‌ ഒരു ക്ഷണം വെച്ചുനീട്ടുന്നു. യേശു പറയുന്നു: “എനിക്കു ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നേടത്തു എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവു മാനിക്കും.”​—⁠യോഹന്നാൻ 12:23-26.

10. തന്നെ കാത്തിരിക്കുന്ന വേദനാകരമായ മരണത്തെ കുറിച്ച്‌ യേശു എന്തു വിചാരിക്കുന്നു?

10 വെറും നാലു ദിവസത്തിനുള്ളിൽ സംഭവിക്കാൻ പോകുന്ന വേദനാകരമായ തന്റെ മരണത്തെ കുറിച്ച്‌ ചിന്തിച്ചുകൊണ്ട്‌ യേശു തുടരുന്നു: “ഇപ്പോൾ എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാൻ എന്തു പറയേണ്ടു? പിതാവേ, ഈ നാഴികയിൽനിന്നു എന്നെ രക്ഷിക്കേണമേ.” എന്നാൽ യേശുവിനെ കാത്തിരിക്കുന്ന സംഗതി ഒഴിവാക്കാവുന്നതല്ല. “എങ്കിലും ഇതു നിമിത്തം ഞാൻ ഈ നാഴികയിലേക്കു വന്നിരിക്കുന്നു” എന്ന്‌ അവൻ പറയുന്നു. ദൈവത്തിന്റെ മുഴു ക്രമീകരണങ്ങളോടും യേശുവിനു തീർച്ചയായും യോജിപ്പുണ്ട്‌. ബലിമരണംവരെ തന്റെ പ്രവർത്തനങ്ങൾ ദിവ്യേഷ്ടത്താൽ നയിക്കപ്പെടാൻ അവൻ ദൃഢനിശ്ചയം ചെയ്‌തിരിക്കുകയാണ്‌. (യോഹന്നാൻ 12:27) ദിവ്യേഷ്ടത്തിനു സമ്പൂർണമായി കീഴ്‌പെടുന്നതിന്റെ എത്ര നല്ലൊരു ദൃഷ്ടാന്തമാണ്‌ അവൻ നമുക്കായി വെച്ചിരിക്കുന്നത്‌!

11. ജനക്കൂട്ടം സ്വർഗത്തിൽനിന്നുള്ള ഒരു ശബ്ദം കേട്ട ഉടനെ യേശു അവരെ എന്തു പഠിപ്പിക്കുന്നു?

11 തന്റെ മരണം സ്വർഗീയ പിതാവിന്റെ സത്‌പേരിനെ എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ച്‌ അങ്ങേയറ്റം ആകുലചിത്തനായ യേശു ഇങ്ങനെ പ്രാർഥിക്കുന്നു: “പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ.” അപ്പോൾ, ആലയത്തിൽ കൂടിവന്നിരിക്കുന്ന ജനസമൂഹത്തെ സ്‌തബ്ധരാക്കിക്കൊണ്ട്‌ സ്വർഗത്തിൽനിന്ന്‌ ഒരു ശബ്ദം ഇപ്രകാരം പ്രഖ്യാപിക്കുന്നു: “ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും.” പ്രസ്‌തുത ശബ്ദം ഉണ്ടായതിന്റെ കാരണവും തന്റെ മരണത്തിന്റെ അനന്തരഫലങ്ങൾ എന്തായിരിക്കുമെന്നും അവനിൽ വിശ്വാസം അർപ്പിക്കേണ്ടത്‌ എന്തുകൊണ്ടെന്നും ജനക്കൂട്ടത്തോടു പറയാൻ മഹദ്‌ഗുരു ഈ അവസരം ഉപയോഗിക്കുന്നു. (യോഹന്നാൻ 12:28-36) അവസാനത്തെ രണ്ടു ദിവസങ്ങൾ യേശുവിനെ സംബന്ധിച്ചിടത്തോളം തീർച്ചയായും പ്രവർത്തനനിരതമാണ്‌. എന്നാൽ ഒരു നിർണായക ദിനം ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ.

കുറ്റവിധികളുടെ ഒരു ദിനം

12. നീസാൻ 11-ാം തീയതി ചൊവ്വാഴ്‌ച മതനേതാക്കന്മാർ യേശുവിനെ എങ്ങനെ കുരുക്കിലാക്കാൻ ശ്രമിക്കുന്നു, അതിന്റെ ഫലമെന്താണ്‌?

12 നീസാൻ 11-ാം തീയതി ചൊവ്വാഴ്‌ച പഠിപ്പിക്കാനായി യേശു ഒരിക്കൽക്കൂടെ ആലയത്തിലേക്കു പോകുന്നു. അവിടെ ശത്രുക്കളുടെ ഒരു സംഘംതന്നെയുണ്ട്‌. തലേന്നത്തെ യേശുവിന്റെ പ്രവർത്തനങ്ങളെ പരാമർശിച്ചുകൊണ്ട്‌ മഹാപുരോഹിതന്മാരും ജനത്തിലെ മൂപ്പന്മാരും അവനോട്‌ ഇങ്ങനെ ചോദിക്കുന്നു: “നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ”? അതിവിദഗ്‌ധ ഉപദേഷ്ടാവായ യേശു തന്റെ ഉത്തരത്തിലൂടെ അവരെ നിശ്ശബ്ദരാക്കുന്നു. തന്നെയുമല്ല, തന്റെ എതിരാളികൾ എത്ര ദുഷ്ടന്മാരാണെന്ന്‌ തുറന്നുകാട്ടുന്ന വ്യക്തമായ മൂന്ന്‌ ഉപമകളും അവൻ പറയുന്നു. അവയിൽ രണ്ടെണ്ണം ഒരു മുന്തിരിത്തോട്ടത്തെ കുറിച്ചും ഒരെണ്ണം ഒരു വിവാഹ വിരുന്നിനെ കുറിച്ചും ഉള്ളതാണ്‌. കേട്ട കാര്യങ്ങളിൽ കുപിതരായ മതനേതാക്കന്മാർ അവനെ പിടിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ യേശുവിനെ ഒരു പ്രവാചകനായി വീക്ഷിക്കുന്ന ജനക്കൂട്ടത്തെ അവർ ഭയപ്പെടുന്നു. അതുകൊണ്ട്‌ അവനെ അറസ്റ്റു ചെയ്യുന്നതിനു കാരണം നൽകുന്ന എന്തെങ്കിലും അവനെക്കൊണ്ട്‌ ഉപായപൂർവം പറയിക്കാൻ അവർ ശ്രമിക്കുന്നു. എന്നാൽ യേശു നൽകുന്ന മറുപടികൾ വീണ്ടും അവരെ നിശ്ശബ്ദരാക്കുന്നു.​—⁠മത്തായി 21:23-22:⁠46.

13. ശാസ്‌ത്രിമാരെയും പരീശന്മാരെയും കുറിച്ച്‌ യേശു തന്റെ ശ്രോതാക്കൾക്ക്‌ എന്ത്‌ ഉപദേശമാണു നൽകുന്നത്‌?

13 തങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണം പഠിപ്പിക്കുന്നവർ ആണെന്ന്‌ ശാസ്‌ത്രിമാരും പരീശന്മാരും അവകാശപ്പെടുന്നതിനാൽ യേശു ഇപ്പോൾ ശ്രോതാക്കളെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‌വിൻ; അവരുടെ പ്രവൃത്തികൾപോലെ ചെയ്യരുതുതാനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.” (മത്തായി 23:1-3) എത്ര ശക്തമായൊരു പരസ്യ അപലപനം! എന്നാൽ യേശു അവരെക്കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങൾ അവസാനിപ്പിച്ചിട്ടില്ല. ഇത്‌ ആലയത്തിലെ അവന്റെ അവസാനത്തെ ദിവസമാണ്‌. അവൻ അവരുടെ കാപട്യങ്ങൾ ഒന്നിനു പിറകെ ഒന്നായി, ഇടിമുഴക്കങ്ങളുടെ ഒരു പരമ്പരപോലെ, സധൈര്യം തുറന്നുകാട്ടുന്നു.

14, 15. ശാസ്‌ത്രിമാർക്കും പരീശന്മാർക്കും എതിരെ യേശു രൂക്ഷമായ ഏതു കുറ്റവിധികൾ ഉച്ചരിക്കുന്നു?

14 “കപടഭക്തിക്കാരായ ശാസ്‌ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം” എന്ന്‌ യേശു ആറു തവണ പ്രഖ്യാപിക്കുന്നു. അവർ കപടഭക്തിക്കാരാണ്‌. കാരണം യേശു വിശദീകരിക്കുന്നതുപോലെ, അവർ ആളുകളുടെ മുമ്പാകെ സ്വർഗരാജ്യം അടച്ചുകളയുന്നു. അതിൽ പ്രവേശിക്കാൻ പോകുന്നവരെ അവർ അതിന്‌ അനുവദിക്കുന്നില്ല. ആ കപടഭക്തർ ഒരുവനെ മതം മാറ്റാനായി കടലും കരയും ചുറ്റിനടക്കുന്നു. ഫലമോ, മതം മാറുന്നവന്റെ നിത്യ നാശവും. “ന്യായം, കരുണ, വിശ്വസ്‌തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയ” കാര്യങ്ങൾ അവഗണിക്കുന്ന അവർ പതാരം (ദശാംശം) കൊടുക്കുന്നതിന്‌ വലിയ പ്രാധാന്യം നൽകുന്നു. ഫലത്തിൽ അവർ “കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.” അതായത്‌ അവരുടെ ഉള്ളിലെ അശുദ്ധിയും ദുഷിപ്പുമെല്ലാം അവരുടെ മതഭക്തിയുടെ ബാഹ്യപ്രകടനത്തിനു പിന്നിൽ മറഞ്ഞിരിക്കുന്നു. മാത്രവുമല്ല, “പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ” ആണെങ്കിലും അവർ തങ്ങളുടെ ധർമപ്രവൃത്തികളിലേക്കു ശ്രദ്ധയാകർഷിക്കാനായി പ്രവാചകന്മാർക്ക്‌ ശവകുടീരങ്ങൾ പണിയുകയും അവ മോടിപിടിപ്പിക്കുകയും ചെയ്യുന്നു.​—⁠മത്തായി 23:13-15, 23-31.

15 തന്റെ എതിരാളികളുടെ ആത്മീയ മൂല്യമില്ലായ്‌മയെ അപലപിച്ചുകൊണ്ട്‌ യേശു പറയുന്നു: “കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്കു ഹാ കഷ്ടം.” ആരാധനാസ്ഥലമായ ആലയത്തിന്റെ ആത്മീയ മൂല്യത്തിനു പകരം അതിലെ സ്വർണത്തിന്‌ ഊന്നൽ നൽകുന്നതു നിമിത്തം അവർ ധാർമികമായി കുരുടന്മാരാണ്‌. തുടർന്ന്‌ ഏറ്റവും ശക്തമായി യേശു അവരെ കുറ്റം വിധിക്കുന്നു: “പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?” അതേ, അവർ തങ്ങളുടെ ദുഷ്ട ഗതി പിന്തുടരുന്നതിനാൽ നിത്യനാശം അനുഭവിക്കുമെന്നാണ്‌ യേശു പറയുന്നത്‌. (മത്തായി 23:16-22, 33) നമുക്കും രാജ്യസന്ദേശം പ്രഖ്യാപിക്കുന്നതിൽ ധൈര്യം പ്രകടമാക്കാം, വ്യാജമതത്തെ തുറന്നുകാട്ടുന്നത്‌ അതിൽ ഉൾപ്പെടുമ്പോൾ പോലും.

16. ഒലിവുമലയിൽ ഇരിക്കുമ്പോൾ യേശു ശിഷ്യന്മാർക്ക്‌ പ്രധാനപ്പെട്ട എന്തു പ്രവചനമാണു നൽകുന്നത്‌?

16 യേശു ഇപ്പോൾ ആലയം വിട്ടുപോകുന്നു. ഉച്ചതിരിഞ്ഞ്‌ വെയിൽ ആറിത്തുടങ്ങുന്നതോടെ യേശുവും അപ്പൊസ്‌തലന്മാരും ഒലിവുമല കയറുന്നു. അവിടെ ഇരിക്കുമ്പോൾ യേശു, ആലയത്തിന്റെ നാശത്തെയും അവന്റെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളത്തെയും കുറിച്ചുള്ള പ്രവചനം നൽകുന്നു. ആ പ്രാവചനിക വാക്കുകൾക്ക്‌ നമ്മുടെ ഇക്കാലത്തും പ്രസക്തിയുണ്ട്‌. അന്നു വൈകുന്നേരം യേശു ശിഷ്യന്മാരോട്‌ ഇങ്ങനെയും പറയുന്നു: “രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിപ്പാൻ ഏല്‌പിക്കും.”​—⁠മത്തായി 24:1-14; 26:1, 2.

യേശു ‘തനിക്കുള്ളവരെ അവസാനത്തോളം സ്‌നേഹിക്കുന്നു’

17. (എ) നീസാൻ 14-ലെ പെസഹാസമയത്ത്‌ യേശു പന്തിരുവരെ എന്തു പാഠമാണ്‌ പഠിപ്പിക്കുന്നത്‌? (ബി) യൂദാ ഈസ്‌കര്യോത്താവിനെ പറഞ്ഞയച്ച ശേഷം യേശു ഏത്‌ ആചരണം ഏർപ്പെടുത്തുന്നു?

17 അടുത്ത രണ്ടു ദിവസങ്ങളിൽ, അതായത്‌ നീസാൻ 12-ഉം 13-ഉം തീയതികളിൽ, യേശു ആലയത്തിൽ പരസ്യമായി പ്രത്യക്ഷപ്പെടുന്നില്ല. മതനേതാക്കന്മാർ അവനെ കൊല്ലാൻ നോക്കുകയാണ്‌. തന്റെ അപ്പൊസ്‌തലന്മാരുമായി പെസഹാ ആഘോഷിക്കുന്നതിന്‌ യാതൊന്നും തടസ്സമാകരുതെന്ന്‌ അവൻ ആഗ്രഹിക്കുന്നു. വ്യാഴാഴ്‌ച സൂര്യൻ അസ്‌തമിക്കുന്നതോടെ നീസാൻ 14 തുടങ്ങുന്നു. ഒരു മനുഷ്യൻ എന്ന നിലയിലുള്ള യേശുവിന്റെ ഭൗമിക ജീവിതത്തിന്റെ അവസാന ദിവസമാണത്‌. അന്നു വൈകുന്നേരം യേശുവും അപ്പൊസ്‌തലന്മാരും യെരൂശലേമിലെ ഒരു വീട്ടിൽ ഒരുമിച്ചു കൂടിയിരിക്കുകയാണ്‌. അവിടെ അവർക്കു പെസഹാ ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ ചെയ്‌തിട്ടുണ്ട്‌. അവർ ഒരുമിച്ചു പെസഹാ ആഘോഷിക്കവെ, പന്തിരുവരുടെ കാൽപ്പാദങ്ങൾ കഴുകിക്കൊണ്ട്‌ താഴ്‌മ സംബന്ധിച്ച നല്ലൊരു പാഠം അവൻ അവരെ പഠിപ്പിക്കുന്നു. മോശൈക ന്യായപ്രമാണം അനുസരിച്ച്‌ വെറുമൊരു അടിമയുടെ വിലയായ 30 വെള്ളിക്കാശിന്‌ തന്റെ യജമാനനെ ഒറ്റിക്കൊടുക്കാമെന്നു സമ്മതിച്ചിരുന്ന യൂദാ ഈസ്‌കര്യോത്താവിനെ പറഞ്ഞയച്ച ശേഷം, യേശു തന്റെ മരണത്തിന്റെ സ്‌മാരകം ഏർപ്പെടുത്തുന്നു.​—⁠പുറപ്പാടു 21:32; മത്തായി 26:14, 15, 26-29; യോഹന്നാൻ 13:2-30.

18. തന്റെ 11 വിശ്വസ്‌ത അപ്പൊസ്‌തലന്മാരെ യേശു സ്‌നേഹപൂർവം കൂടുതലായി എന്തു പഠിപ്പിക്കുന്നു, തന്റെ പെട്ടെന്നുള്ള വേർപാടിനെ അഭിമുഖീകരിക്കാൻ അവൻ അവരെ സജ്ജരാക്കുന്നത്‌ എങ്ങനെ?

18 സ്‌മാരകം ഏർപ്പെടുത്തിയതിനെ തുടർന്ന്‌, തങ്ങളിൽ ആരാണ്‌ ഏറ്റവും വലിയവൻ എന്നതു സംബന്ധിച്ച്‌ അപ്പൊസ്‌തലന്മാരുടെ ഇടയിൽ ചൂടുപിടിച്ച ഒരു വാദപ്രതിവാദം ഉണ്ടാകുന്നു. കഠിനമായി ശകാരിക്കുന്നതിനു പകരം, മറ്റുള്ളവർക്കു ശുശ്രൂഷ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്‌ യേശു അവരെ ക്ഷമാപൂർവം പഠിപ്പിക്കുന്നു. അവന്റെ പരിശോധനകളിൽ അവർ അവനോടു പറ്റിനിന്നതിനെ വിലമതിച്ചുകൊണ്ട്‌ അവൻ അവരുമായി വ്യക്തിപരമായ ഒരു രാജ്യ ഉടമ്പടിയിൽ ഏർപ്പെടുന്നു. (ലൂക്കൊസ്‌ 22:24-30) താൻ അവരെ സ്‌നേഹിച്ചതുപോലെ തമ്മിൽ തമ്മിൽ സ്‌നേഹിക്കാനും യേശു അവരോടു കൽപ്പിക്കുന്നു. (യോഹന്നാൻ 13:34) തുടർന്ന്‌, പെട്ടെന്നുതന്നെ സംഭവിക്കാൻ പോകുന്ന തന്റെ വേർപാടിനെ അഭിമുഖീകരിക്കാൻ യേശു അവരെ സ്‌നേഹപൂർവം സജ്ജരാക്കുന്നു. അവൻ അവർക്ക്‌ തന്റെ സൗഹൃദം സംബന്ധിച്ച്‌ ഉറപ്പു നൽകുന്നു, വിശ്വാസം അർപ്പിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു, പരിശുദ്ധാത്മാവിന്റെ സഹായം അവർക്കു വാഗ്‌ദാനം ചെയ്യുന്നു. (യോഹന്നാൻ 14:1-17; 15:15) ആ വീട്ടിൽനിന്നു പോകുന്നതിനു മുമ്പ്‌ യേശു പിതാവിനോട്‌ ഇങ്ങനെ അഭ്യർഥിക്കുന്നു: “നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ.” തന്റെ വേർപാടിനായി യേശു അപ്പൊസ്‌തലന്മാരെ സജ്ജരാക്കിക്കഴിഞ്ഞിരിക്കുന്നു. അവൻ ‘അവസാനത്തോളം അവരെ സ്‌നേഹിക്കുന്നു.’​—⁠യോഹന്നാൻ 13:1; 17:⁠1.

19. ഗെത്ത്‌ശെമന തോട്ടത്തിൽ വെച്ച്‌ യേശു പ്രാണവേദനയിൽ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

19 യേശുവും വിശ്വസ്‌തരായ 11 അപ്പൊസ്‌തലന്മാരും ഗെത്ത്‌ശെമന തോട്ടത്തിൽ എത്തുമ്പോൾ പാതിരാത്രി കഴിഞ്ഞിരിക്കണം. അപ്പൊസ്‌തലന്മാരോടൊപ്പം അവൻ പലപ്പോഴും അവിടെ പോയിട്ടുണ്ട്‌. (യോഹന്നാൻ 18:1, 2) യേശു ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശപിക്കപ്പെട്ട ഒരു കുറ്റവാളിയെപ്പോലെ മരിക്കാൻ പോകുകയാണ്‌. ആസന്നമായ തന്റെ ആ മരണത്തെയും അതു തന്റെ പിതാവിന്റെമേൽ വരുത്തിവെച്ചേക്കാവുന്ന നിന്ദയെയും കുറിച്ചുള്ള യേശുവിന്റെ മനോവേദന അത്യന്തം കഠോരമാണ്‌. തത്‌ഫലമായി, യേശു പ്രാർഥിക്കവെ അവന്റെ വിയർപ്പു ചോരത്തുള്ളിപോലെ ആയി നിലത്തു വീഴുന്നു. (ലൂക്കൊസ്‌ 22:41-44) ‘നാഴിക വന്നിരിക്കുന്നു,’ യേശു അപ്പൊസ്‌തലന്മാരോടു പറയുന്നു. “ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവൻ അടുത്തിരിക്കുന്നു.” അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ, പന്തങ്ങളും വിളക്കുകളും ആയുധങ്ങളുമേന്തിയ വലിയൊരു ജനക്കൂട്ടത്തോടൊപ്പം യൂദാ ഈസ്‌കര്യോത്താവ്‌ അവനെ സമീപിക്കുന്നു. അവർ യേശുവിനെ അറസ്റ്റു ചെയ്യാൻ വന്നിരിക്കുകയാണ്‌. അവൻ എതിർക്കുന്നില്ല. അങ്ങനെ ചെയ്‌താൽ, “ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്കു എങ്ങനെ നിവൃത്തിവരും” എന്ന്‌ അവൻ ചോദിക്കുന്നു.​—⁠മർക്കൊസ്‌ 14:41-43; മത്തായി 26:48-54.

മനുഷ്യപുത്രൻ മഹത്ത്വീകരിക്കപ്പെടുന്നു

20. (എ) അറസ്റ്റിനെ തുടർന്ന്‌ എന്തെല്ലാം കൊടുംക്രൂരതകളാണ്‌ യേശു അനുഭവിക്കുന്നത്‌? (ബി) മരിക്കുന്നതിന്‌ ഏതാനും നിമിഷം മുമ്പ്‌, “നിവൃത്തിയായി” എന്ന്‌ യേശു വിളിച്ചു പറയുന്നത്‌ എന്തുകൊണ്ട്‌?

20 യേശുവിന്റെ അറസ്റ്റിനെ തുടർന്ന്‌, വ്യാജ സാക്ഷികൾ അവന്റെമേൽ കുറ്റം ആരോപിക്കുന്നു; പക്ഷപാതികളായ ന്യായാധിപന്മാർ അവനെ കുറ്റക്കാരനെന്ന്‌ വിധിക്കുന്നു; പീലാത്തൊസ്‌ അവനു ശിക്ഷ വിധിക്കുന്നു; പുരോഹിതന്മാരും ജനക്കൂട്ടവും അവനെ പരിഹസിച്ച്‌ ആർക്കുന്നു; പടയാളികൾ അവനെ ആക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. (മർക്കൊസ്‌ 14:53-65; 15:1, 15; യോഹന്നാൻ 19:1-3) വെള്ളിയാഴ്‌ച ഉച്ചയോടെ യേശുവിനെ ദണ്ഡന സ്‌തംഭത്തിൽ തറയ്‌ക്കുന്നു. അവന്റെ ശരീരഭാരം നിമിത്തം കൈകാലുകളിലെ ആണിപ്പഴുതുകൾ വലിഞ്ഞു കീറുമ്പോൾ അവൻ അനുഭവിക്കുന്ന വേദന അത്യന്തം കഠിനമാണ്‌. (യോഹന്നാൻ 19:17, 18) ഉച്ചകഴിഞ്ഞ്‌ ഏകദേശം മൂന്നു മണിയോടെ യേശു വിളിച്ചു പറയുന്നു: “നിവൃത്തിയായി”! അതേ, എന്തെല്ലാം ചെയ്യാനാണോ അവൻ ഭൂമിയിലേക്കു വന്നത്‌, അതെല്ലാം അവൻ നിവർത്തിച്ചിരിക്കുന്നു. തന്റെ ആത്മാവിനെ ദൈവത്തിന്റെ കയ്യിൽ ഭരമേൽപ്പിച്ചുകൊണ്ട്‌ അവൻ തല ചായ്‌ച്ച്‌ മരിക്കുന്നു. (യോഹന്നാൻ 19:28, 30; മത്തായി 27:45, 46; ലൂക്കൊസ്‌ 23:46) എന്നാൽ, മൂന്നാം ദിവസം യഹോവ തന്റെ പുത്രനെ ഉയിർപ്പിക്കുന്നു. (മർക്കൊസ്‌ 16:​1-6) പുനരുത്ഥാനത്തെ തുടർന്ന്‌ നാൽപ്പതു ദിവസം കഴിയുമ്പോൾ യേശു സ്വർഗാരോഹണം ചെയ്യുകയും മഹത്വീകരിക്കപ്പെടുകയും ചെയ്യുന്നു.​—⁠യോഹന്നാൻ 17:5; പ്രവൃത്തികൾ 1:3, 9-12; ഫിലിപ്പിയർ 2:8-11.

21. നമുക്ക്‌ എങ്ങനെ യേശുവിനെ അനുകരിക്കാൻ കഴിയും?

21 നമുക്ക്‌ എങ്ങനെയാണ്‌ യേശുവിന്റെ “കാൽച്ചുവടു പിന്തുടരുവാൻ” കഴിയുക? (1 പത്രൊസ്‌ 2:21) അവനെപ്പോലെ, നമുക്കും രാജ്യപ്രസംഗവും ശിഷ്യരാക്കലുമാകുന്ന വേലയിൽ സതീക്ഷ്‌ണം ഏർപ്പെടുകയും ദൈവവചനം സംസാരിക്കുന്നതിൽ നിർഭയരായിരിക്കുകയും ചെയ്യാം. (മത്തായി 24:14; 28:19, 20; പ്രവൃത്തികൾ 4:29-31; ഫിലിപ്പിയർ 1:14) കാലത്തിന്റെ നീരൊഴുക്കിൽ നാം എവിടെയാണെന്ന സംഗതി നമുക്കു മറക്കാതിരിക്കാം. അതുപോലെതന്നെ സത്‌പ്രവൃത്തികൾക്കായി അന്യോന്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. (മർക്കൊസ്‌ 13:28-33; എബ്രായർ 10:24, 25) നമ്മുടെ മുഴു ജീവിതഗതിയും നയിക്കുന്നത്‌ യഹോവയാം ദൈവത്തിന്റെ ഹിതവും നാം “അന്ത്യകാല”ത്താണു ജീവിച്ചിരിക്കുന്നത്‌ എന്ന ബോധ്യവും ആയിരിക്കട്ടെ.​—⁠ദാനീയേൽ 12:⁠4.

നിങ്ങളുടെ ഉത്തരം എന്താണ്‌?

• തന്റെ മരണം ആസന്നമാണെന്ന ബോധ്യം യെരൂശലേം ആലയത്തിലെ യേശുവിന്റെ അന്തിമ ശുശ്രൂഷയെ എങ്ങനെ ബാധിച്ചു?

• യേശു ‘തനിക്കുള്ളവരെ അവസാനത്തോളം സ്‌നേഹിച്ചു’ എന്ന്‌ എന്തു പ്രകടമാക്കുന്നു?

• യേശുവിന്റെ ജീവിതത്തിലെ അവസാനത്തെ ഏതാനും മണിക്കൂറുകളിലെ സംഭവങ്ങൾ അവനെ കുറിച്ച്‌ എന്തു സൂചിപ്പിക്കുന്നു?

• നമുക്ക്‌ എങ്ങനെയാണ്‌ ശുശ്രൂഷയിൽ ക്രിസ്‌തുവിനെ അനുകരിക്കാൻ കഴിയുക?

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രം]

യേശു ‘അവരെ അവസാനത്തോളം സ്‌നേഹിച്ചു’