നിരാശയില്ലാത്ത ഒരു ലോകം ആസന്നം
നിരാശയില്ലാത്ത ഒരു ലോകം ആസന്നം
ജീവിതം അനുദിനം തിരക്കേറിവരുകയാണ്. അതനുസരിച്ച് നൈരാശ്യത്തിനുള്ള കാരണങ്ങളും വർധിക്കുന്നു. ഇച്ഛാഭംഗം ഉണ്ടാകുമ്പോൾ വികാരങ്ങളെ നിയന്ത്രിക്കുന്നതു ദുഷ്‌കരമായി തോന്നിയേക്കാം. ജീവിതത്തെ അതിയായി സ്‌നേഹിക്കുന്നവർ പോലും നിരാശയുടെ പടുകുഴിയിൽ വീണേക്കാം! ഏതാനും ഉദാഹരണങ്ങൾ പരിചിന്തിക്കൂ:
പുരാതന കാലത്ത്, പ്രവാചകനായ മോശെ ഒരിക്കൽ അത്യധികം നിരുത്സാഹിതനായി ദൈവത്തോട് ഇങ്ങനെ പറഞ്ഞു: “ഇങ്ങനെ എന്നോടു ചെയ്യുന്ന പക്ഷം ദയവിചാരിച്ചു എന്നെ കൊന്നുകളയേണമേ. എന്റെ അരിഷ്ടത ഞാൻ കാണരുതേ.” (സംഖ്യാപുസ്‌തകം 11:15) ശത്രുക്കളിൽനിന്ന് ഓടിപ്പോകവെ, പ്രവാചകനായ ഏലീയാവ് ഇപ്രകാരം പറഞ്ഞു: “ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ.” (1 രാജാക്കന്മാർ 19:4) യോനാ പ്രവാചകൻ പറഞ്ഞു: “യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതു എനിക്കു നന്നു.” (യോനാ 4:3) എങ്കിലും മോശെയോ ഏലീയാവോ യോനായോ ആത്മഹത്യ ചെയ്‌തില്ല. “കുല ചെയ്യരുതു” എന്ന ദൈവകൽപ്പന അവർക്ക് അറിയാമായിരുന്നു. (പുറപ്പാടു 20:13) തരണം ചെയ്യാനാവാത്തതായി ഒരു സാഹചര്യവുമില്ലെന്നും ജീവൻ ദൈവത്തിന്റെ ദാനമാണെന്നും ദൈവത്തിൽ ഉറച്ചു വിശ്വസിച്ചിരുന്ന അവർക്ക് നന്നായി അറിയാമായിരുന്നു.
നാം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ചോ? വൈകാരിക ബുദ്ധിമുട്ടുകൾക്കും ശാരീരിക പ്രശ്‌നങ്ങൾക്കും പുറമേ, കുടുംബാംഗങ്ങൾ, അയൽക്കാർ, സഹപ്രവർത്തകർ എന്നിവരിൽ നിന്നെല്ലാമുള്ള ദുഷ്‌പെരുമാറ്റത്തിനും നാം ഇരകളായേക്കാം. “സകല റോമർ 1:28-31) ആശ്വാസവും സമാധാനവും ആവശ്യമുള്ളവരെ നമുക്കെങ്ങനെ സഹായിക്കാനാകും?
അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കുല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ, കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്‌ഠൂരന്മാർ, ഗവ്വിഷ്‌ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്‌പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ, ബുദ്ധിഹീനർ, നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവററവർ” എന്നിങ്ങനെ ബൈബിൾ വിശേഷിപ്പിക്കുന്ന ആളുകളോടൊപ്പം ദിവസവും കഴിയേണ്ടിവരുന്നത് ജീവിതത്തെ അങ്ങേയറ്റം ഭാരപ്പെടുത്തിയേക്കാം. (കേൾക്കാൻ മനസ്സൊരുക്കം കാട്ടുക
പ്രതികൂല സാഹചര്യങ്ങളും കഷ്ടപ്പാടുകളും നിമിത്തം ഒരു വ്യക്തിക്ക് സമനില നഷ്ടപ്പെട്ടേക്കാം. ജ്ഞാനിയായ ശലോമോൻ രാജാവ് പറഞ്ഞു: “മർദനം ജ്ഞാനിയെ ഭ്രാന്തുപിടിപ്പിച്ചേക്കും.” (സഭാപ്രസംഗി 7:7, NW) തന്മൂലം, താൻ ആത്മഹത്യ ചെയ്യുമെന്ന് ഒരാൾ പറയുമ്പോൾ അതിനെ ഗൗരവമായി വീക്ഷിക്കേണ്ടതുണ്ട്. അയാളുടെ പ്രശ്‌നം വൈകാരികമോ ശാരീരികമോ മാനസികമോ ആത്മീയമോ എന്തുതന്നെ ആയിരുന്നാലും സത്വര ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്. പലതരം വൈദ്യ ചികിത്സകൾ ഇന്നു ലഭ്യമാണ്. എന്നാൽ, ഏതുതരം ചികിത്സ സ്വീകരിക്കണം എന്നത് ഓരോ വ്യക്തിയും തീരുമാനിക്കേണ്ടതുണ്ട്.—ഗലാത്യർ 6:5.
ആത്മഹത്യാ പ്രവണതയുടെ കാരണം എന്തായിരുന്നാലും, വിവേകവും സഹതാപവും ക്ഷമാശീലവും ഉള്ള ഒരു വ്യക്തിയോടു കാര്യങ്ങൾ തുറന്നു പറയാൻ സാധിക്കുന്നെങ്കിൽ അതൊരു അനുഗ്രഹമാണ്. കേൾക്കാൻ മനസ്സൊരുക്കമുള്ള കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹായം നൽകാനായേക്കും. സഹാനുഭൂതിയും ദയയും ഉള്ളവരായിരിക്കുന്നതിനു പുറമേ, ദൈവവചനത്തിലെ പരിപുഷ്ടിപ്പെടുത്തുന്ന ആശയങ്ങൾ പങ്കുവെക്കാനും അവർക്കു സാധിക്കും. അങ്ങനെ ചെയ്യുന്നത് ആശയറ്റവർക്കു വളരെ സഹായകമാകും.
നിരാശിതർക്ക് ആത്മീയ സഹായം
ബൈബിൾ വായന എത്ര പ്രോത്സാഹജനകം ആണെന്നതു നിങ്ങളെ അതിശയിപ്പിച്ചേക്കാം. ബൈബിൾ ഒരു മനശ്ശാസ്‌ത്ര ഗ്രന്ഥം അല്ലെന്നതു ശരിതന്നെ. എങ്കിലും ജീവിതത്തെ മൂല്യവത്തായി വീക്ഷിക്കുന്നതിന് ബൈബിളിനു നമ്മെ സഹായിക്കാൻ കഴിയും. ശലോമോൻ രാജാവ് ഇങ്ങനെ പറഞ്ഞു: “ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കു ഇല്ല എന്നു ഞാൻ അറിയുന്നു. ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്‌നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.” (സഭാപ്രസംഗി 3:12, 13) ജീവിതത്തിന് അർഥം പകരുന്ന തൃപ്‌തികരമായ പ്രവർത്തനങ്ങൾക്കു പുറമേ ശുദ്ധവായു, സൂര്യപ്രകാശം, പുഷ്‌പങ്ങൾ, മരങ്ങൾ, പക്ഷികൾ തുടങ്ങിയവയും നമ്മുടെ ആസ്വാദനത്തിനായി ദൈവം നൽകിയിരിക്കുന്ന ദാനങ്ങളാണ്.
അതിനെക്കാളൊക്കെ നമുക്ക് ആശ്വാസമേകുന്ന മറ്റൊരു സംഗതിയുണ്ട്—യഹോവയാം ദൈവവും അവന്റെ പുത്രനായ യേശുക്രിസ്‌തുവും നമ്മെക്കുറിച്ചു കരുതുന്നു എന്ന ബൈബിളിന്റെ ഉറപ്പ്. (യോഹന്നാൻ 3:16; 1 പത്രൊസ് 5:6, 7) അതിനു ചേർച്ചയിൽ സങ്കീർത്തനക്കാരൻ പറഞ്ഞു: “നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്‌ത്തപ്പെടുമാറാകട്ടെ.” (സങ്കീർത്തനം 68:19) നാം നിസ്സാരരും ഒന്നിനും കൊള്ളാത്തവരുമാണെന്നു നമുക്കു തോന്നിയാലും തന്നോടു പ്രാർഥിക്കാൻ ദൈവം നമ്മോട് ആവശ്യപ്പെടുന്നു. താഴ്‌മയോടും ആത്മാർഥതയോടും കൂടെ ദൈവത്തോടു സഹായം ആവശ്യപ്പെടുന്നവർക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല എന്ന കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം.
ഇന്ന് ആർക്കും പ്രശ്‌നവിമുക്തമായ ഒരു ജീവിതം പ്രതീക്ഷിക്കാനാവില്ല. (ഇയ്യോബ് 14:1) എങ്കിലും, പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ശരിയായ മാർഗം ആത്മഹത്യയല്ല എന്നു മനസ്സിലാക്കാൻ ദൈവവചനത്തിലെ സത്യം അനേകരെ സഹായിച്ചിരിക്കുന്നു. പൗലൊസ് അപ്പൊസ്‌തലൻ ഹതാശനായ ഒരു കാരാഗൃഹപ്രമാണിയെ സഹായിച്ചത് എങ്ങനെയെന്നു പരിചിന്തിക്കുക. കാരാഗൃഹപ്രമാണി “ഉറക്കമുണർന്നു കാരാഗൃഹത്തിന്റെ വാതിലുകൾ തുറന്നിരിക്കുന്നതു കണ്ടിട്ടു ചങ്ങലക്കാർ ഓടിപ്പോയ്‌ക്കളഞ്ഞു എന്നു ഊഹിച്ചു വാളൂരി തന്നെത്താൻ കൊല്ലുവാൻ ഭാവിച്ചു.” നാണക്കേടു സഹിക്കേണ്ടിവരികയും കൃത്യനിർവഹണത്തിൽ വീഴ്‌ചവരുത്തിയതിന്റെ ഫലമായുള്ള ദാരുണമായ മരണത്തിന് ഇരയാകുകയും ചെയ്യുന്നതിനെക്കാൾ ഭേദം ആത്മഹത്യ ചെയ്യുകയാണെന്ന് ആ കാരാഗൃഹപ്രമാണി വിചാരിച്ചിരിക്കാം. അപ്പോൾ പൗലൊസ് വിളിച്ചുപറഞ്ഞു: “നിനക്കു ഒരു ദോഷവും ചെയ്യരുതു; ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടല്ലോ.” അവൻ അത്രയും പറഞ്ഞ് അവസാനിപ്പിച്ചില്ല. പൗലൊസും ശീലാസും ആ കാരാഗൃഹപ്രമാണിയെ ആശ്വസിപ്പിക്കുകയും അയാളുടെ തുടർന്നുള്ള ചോദ്യത്തിന് ഉത്തരം നൽകുകയും ചെയ്‌തു. “യജമാനന്മാരേ, രക്ഷ പ്രാപിപ്പാൻ ഞാൻ എന്തു ചെയ്യേണം” എന്ന അവന്റെ ചോദ്യത്തിന് “കർത്താവായ യേശുവിൽ വിശ്വസിക്കു; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും” എന്ന് അവർ മറുപടി പറഞ്ഞു. തുടർന്ന് അവർ യഹോവയുടെ വചനത്തെ കുറിച്ച് അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു. തത്‌ഫലമായി ‘അവനും അവനുള്ളവരെല്ലാവരും താമസിയാതെ സ്‌നാനം ഏററു.’ ജീവിതത്തിന് ഒരു പുതിയ അർഥം കണ്ടെത്താൻ കഴിഞ്ഞതിൽ ആ കാരാഗൃഹപ്രമാണിയും അവന്റെ കുടുംബവും വളരെയധികം സന്തോഷിച്ചു.—പ്രവൃത്തികൾ 16:27-35.
ഇന്ന്, ദുഷ്ടതയ്‌ക്കു കാരണക്കാരൻ ദൈവമല്ല എന്ന് അറിയുന്നത് എത്ര ആശ്വാസപ്രദമാണ്! അവന്റെ വചനം ദുഷ്ടനായ ഒരു ആത്മവ്യക്തിയെ കുറിച്ചു നമ്മോടു പറയുന്നു. “ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന പിശാചും സാത്താനും” എന്നാണ് ബൈബിൾ അവനെ വിളിക്കുന്നത്. എന്നാൽ അവന് ഇനി അധിക കാലം ഇല്ല. വെളിപ്പാടു 12:9, 12) സാത്താനും അവന്റെ ഭൂതങ്ങളും ഭൂവാസികളുടെമേൽ വരുത്തിയിരിക്കുന്ന സകല യാതനകളും ദിവ്യ ഇടപെടലിന്റെ ഫലമായി ഉടൻതന്നെ അവസാനിക്കും. തുടർന്ന് ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന നീതിനിഷ്‌ഠമായ പുതിയ ലോകം നിരാശയ്‌ക്കും ആത്മഹത്യയ്‌ക്കും കാരണമായ പ്രശ്‌നങ്ങൾക്കു ശാശ്വത പരിഹാരം കൈവരുത്തും.—2 പത്രൊസ് 3:13.
(സഹായത്തിനായി കേഴുന്നവർക്ക് ആശ്വാസം
ഇപ്പോൾപ്പോലും നിരാശിതർക്കു തിരുവെഴുത്തുകളിൽനിന്ന് ആശ്വാസം കണ്ടെത്താനാകും. (റോമർ 15:4) സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ പാടി: “തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.” (സങ്കീർത്തനം 51:17) നമുക്കു പരിശോധനകൾ ഉണ്ടാകുകയും നാം അപൂർണതയുടെ ദൂഷ്യഫലങ്ങൾ അനുഭവിച്ചറിയുകയും ചെയ്യാറുണ്ട്. എന്നാൽ, കരുണാർദ്രനും സ്‌നേഹനിധിയും ന്യായയുക്തനുമായ നമ്മുടെ സ്വർഗീയ പിതാവിനെ കുറിച്ചുള്ള സൂക്ഷ്‌മപരിജ്ഞാനം നേടുന്നതിന്റെ ഫലമായി നാം അവന്റെ കണ്ണുകളിൽ വിലപ്പെട്ടവരാണെന്ന ഉറച്ച ബോധ്യം നമുക്കുണ്ടാകുന്നു. ദൈവത്തിന് നമ്മുടെ ഉറ്റ സുഹൃത്തും പ്രബോധകനും ആയിരിക്കാനാകും. യഹോവയാം ദൈവവുമായി ഒരു ഉറ്റ ബന്ധം നട്ടുവളർത്തുന്നപക്ഷം അവൻ നമ്മെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ” എന്ന് നമ്മുടെ സ്രഷ്ടാവ് പറയുന്നു.—യെശയ്യാവു 48:17.
ദൈവത്തിലുള്ള ആശ്രയം അനേകർക്കും സഹായകമായിരുന്നിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, മാറായുടെ കാര്യമെടുക്കാം. അവർ കടുത്ത വിഷാദം അനുഭവിച്ചിരുന്നു. * അങ്ങനെയിരിക്കെ അവരുടെ ഏക മകൻ വാഹനാപകടത്തിൽ മരണമടഞ്ഞു. ആകെ സംഭ്രാന്തയായ അവർ തന്റെ ജീവനൊടുക്കാൻപോലും മുതിർന്നതാണ്. എന്നാൽ, ഇപ്പോൾ അവർ ദിവസവും അതിരാവിലെ എഴുന്നേറ്റ് വീട്ടുജോലികളെല്ലാം ചെയ്‌തുതീർക്കുന്നു. സംഗീതം ശ്രവിക്കാനും മറ്റുള്ളവരെ സഹായിക്കാനും അവർക്കു വളരെ ഇഷ്ടമാണ്. “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും” എന്ന വസ്‌തുതയാണ് മകന്റെ ദാരുണ മരണം വരുത്തിവെച്ച വേദനയുമായി പൊരുത്തപ്പെട്ടു പോകാൻ അവരെ സഹായിച്ചിരിക്കുന്നത്. ഇത് ദൈവത്തിലുള്ള അവരുടെ വിശ്വാസത്തെ ബലിഷ്‌ഠമാക്കുകയും ചെയ്‌തിരിക്കുന്നു. (പ്രവൃത്തികൾ 24:15) സ്വർഗത്തിൽ ഒരു മാലാഖയെപോലെ ആയിരിക്കാൻ മാറാ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. തന്മൂലം സങ്കീർത്തനം 37:11 അവരുടെ ഹൃദയത്തെ സ്‌പർശിച്ചിരിക്കുന്നു: “എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”
ഇനി ബ്രസീലിൽ നിന്നുള്ള, മൂന്നു മക്കളുടെ അമ്മയായ സാൻഡ്രായുടെ കാര്യമെടുക്കാം. മക്കളുടെ എല്ലാ കാര്യങ്ങളും ഭംഗിയായി നോക്കിനടത്താൻ അവർ പരമാവധി ശ്രമിച്ചിരുന്നു. “തികച്ചും അപ്രതീക്ഷിതമായിരുന്നു എന്റെ ഡാഡിയുടെ മരണം. അതേ സമയത്തുതന്നെ,
ഭർത്താവ് മറ്റൊരു സ്‌ത്രീയുമായി അവിഹിതബന്ധം പുലർത്തുന്നതായും ഞാൻ മനസ്സിലാക്കി. ദൈവത്തോടു പ്രാർഥിക്കുന്നതിനെ കുറിച്ചുപോലും ഞാൻ ചിന്തിച്ചില്ല,” സാൻഡ്രാ പറയുന്നു. മാനസികമായി പാടേ തളർന്ന അവർ ആത്മഹത്യയ്‌ക്കു ശ്രമിക്കുകപോലും ചെയ്‌തു. എന്നാൽ, പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ അവരെ സഹായിച്ചത് എന്താണ്? ആത്മീയ കാര്യങ്ങളോടുള്ള അവരുടെ വിലമതിപ്പ്. “എന്നും ഉറങ്ങുന്നതിനു മുമ്പു ഞാൻ ബൈബിൾ വായിക്കുന്നു. ഒപ്പം മറ്റുള്ളവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും ശ്രമിക്കുന്നു. വീക്ഷാഗോപുരം, ഉണരുക! മാസികകളും ഞാൻ മുടങ്ങാതെ വായിക്കാറുണ്ട്, പ്രത്യേകിച്ചും അതിൽ വരുന്ന ജീവിതകഥകൾ. കാരണം, എന്റെ സാഹചര്യവുമായി പൊരുത്തപ്പെട്ടു പോകാൻ അവ എന്നെ സഹായിക്കുന്നു.” യഹോവയെ ആത്മസുഹൃത്തായി കരുതുന്ന അവർ തന്റെ ആവശ്യങ്ങളോരോന്നും സ്‌പഷ്ടമായി പറഞ്ഞു പ്രാർഥിക്കുന്നു.നിരാശയില്ലാത്ത ഒരു ഭാവി
മനുഷ്യരുടെ യാതനകളെല്ലാം താത്‌കാലികമാണെന്ന് അറിയുന്നത് എത്ര ആശ്വാസപ്രദമാണ്! കുറ്റകൃത്യത്തിനും അനീതിക്കും മുൻവിധിക്കും ഇരകളായിരിക്കുന്ന കുട്ടികളും മുതിർന്നവരും ദൈവരാജ്യ ഭരണത്തിൻകീഴിൽ ആനന്ദിക്കും. സങ്കീർത്തനത്തിൽ മുൻകൂട്ടി പറഞ്ഞിരിക്കുന്നതുപോലെ, യഹോവയുടെ നിയുക്ത രാജാവായ യേശുക്രിസ്‌തു ‘നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കും.’ കൂടാതെ, “എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.”—സങ്കീർത്തനം 72:12-14.
ആ പ്രാവചനിക വാക്കുകളുടെ നിവൃത്തി ആസന്നമാണ്. അത്തരം സാഹചര്യങ്ങളിൽ ഭൂമിയിൽ നിത്യജീവൻ ആസ്വദിക്കുക എന്ന ആശയം നിങ്ങൾക്ക് ആകർഷകമായി തോന്നുന്നുവോ? അങ്ങനെയെങ്കിൽ നിങ്ങൾക്ക് സന്തോഷിക്കാനും ദൈവത്തിൽ നിന്നുള്ള ദാനമായ ജീവനെ വിലയേറിയതായി കരുതാനും കാരണമുണ്ട്. സാന്ത്വനദായകമായ ഈ തിരുവെഴുത്തു വാഗ്‌ദാനങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നപക്ഷം നിർവികാരവും സ്‌നേഹരഹിതവുമായ ഈ ലോകത്തിൽ സഹായത്തിനായി കേഴുന്നവർക്കു സന്തോഷം പകരാൻ നിങ്ങൾക്കു സാധിക്കും.
[അടിക്കുറിപ്പ്]
^ ഖ. 15 ചില പേരുകൾ യഥാർഥമല്ല.
[6-ാം പേജിലെ ചിത്രം]
സന്തോഷിക്കാൻ ഇന്നു നിരവധി കാരണങ്ങളുണ്ട്
[7-ാം പേജിലെ ചിത്രം]
നിരാശയില്ലാത്ത ഒരു ലോകത്തിനായി നിങ്ങൾ വാഞ്‌ഛിക്കുന്നുവോ?