ഫിജി ദ്വീപുകളിൽ ദൈവരാജ്യം പ്രസിദ്ധമാക്കുന്നു
നാം വിശ്വാസമുള്ള തരക്കാരാണ്
ഫിജി ദ്വീപുകളിൽ ദൈവരാജ്യം പ്രസിദ്ധമാക്കുന്നു
യേശുക്രിസ്‌തു ഒരിക്കൽ രണ്ടു വഴികളെ കുറിച്ചു പറഞ്ഞു. അതിലൊന്ന് വിശാലമാണ്, അത് മരണത്തിലേക്കു നയിക്കുന്നു. മറ്റേത് ഞെരുക്കമുള്ളതാണെങ്കിലും ജീവനിലേക്കു നയിക്കുന്നു. (മത്തായി 7:13, 14) ശരിയായ വഴി തിരഞ്ഞെടുക്കാൻ ആളുകളെ സഹായിക്കുന്നതിനു ലോകവ്യാപകമായി സുവാർത്ത പ്രസംഗിക്കുക എന്നത് യഹോവയുടെ ഉദ്ദേശ്യമാണ്. (മത്തായി 24:14) അങ്ങനെ, ലോകമെമ്പാടും ഉള്ളവർക്കു രാജ്യസന്ദേശം ശ്രവിക്കാൻ അവസരം ലഭിക്കുന്നു. അക്കൂട്ടത്തിൽ ചിലർ, “ദേഹിയെ ജീവനോടെ സംരക്ഷിക്കാൻ തക്ക വിശ്വാസമുള്ള തരക്കാരാണ്” എന്നു പ്രകടമാക്കിക്കൊണ്ടു ജീവനെ തിരഞ്ഞെടുത്തിരിക്കുന്നു. (എബ്രായർ 10:39, NW) ദക്ഷിണ പസിഫിക്കിലെ ഫിജിയിലും അതിനോടു ചേർന്നു കിടക്കുന്ന മറ്റു ചില ദ്വീപുകളിലുമുള്ള ചിലർ അതാണു ചെയ്‌തിരിക്കുന്നത്. അതേക്കുറിച്ചു വായിക്കാൻ നിങ്ങളെ ക്ഷണിക്കുന്നു.
അവർ യഹോവയിൽ ആശ്രയിച്ചു
1964-ൽ, ഒരു സ്‌കൂൾകുട്ടി ആയിരിക്കുമ്പോഴാണു മെറി ആദ്യമായി രാജ്യസന്ദേശം കേൾക്കുന്നത്. ഒരു വിദൂര ദ്വീപിലാണ് അവൾ താമസിച്ചിരുന്നത്. തന്മൂലം, യഹോവയുടെ സാക്ഷികളുമായി കാര്യമായ ബന്ധം പുലർത്താൻ അവൾക്കു കഴിഞ്ഞിരുന്നില്ല. എങ്കിലും, ബൈബിളിന്റെ സൂക്ഷ്‌മ പരിജ്ഞാനം നേടാൻ ഒടുവിൽ അവൾക്കു സാധിച്ചു. അതിനോടകം അവളുടെ വിവാഹം നടന്നിരുന്നു. അവളുടെ ഭർത്താവ് ആ ഗ്രാമത്തിലെ ഒരു കുലത്തലവൻ ആയിരുന്നു. ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാനുള്ള മെറിയുടെ തീരുമാനം നിമിത്തം അവളുടെ ഭർത്താവും ബന്ധുക്കളും അവളോടു വളരെ ക്രൂരമായി പെരുമാറി. ഗ്രാമത്തിലെ മറ്റുള്ളവരും അവളോടു നിർദയം പെരുമാറി. എന്നിട്ടും, 1991-ൽ അവൾ സ്‌നാപനമേറ്റു.
അതേത്തുടർന്ന്, താമസിയാതെ അവളുടെ ഭർത്താവ് ജോസുവായുടെ മനോഭാവത്തിനു മാറ്റം വരാൻ തുടങ്ങി. മാത്രമല്ല, മെറി കുട്ടികളെ ബൈബിൾ പഠിപ്പിക്കുമ്പോൾ അദ്ദേഹവും അവരോടൊപ്പം ഇരിക്കാൻ തുടങ്ങി. ക്രമേണ, ജോസുവാ മെഥഡിസ്റ്റ് പള്ളിയിൽ പോകുന്നതു നിറുത്തി. എങ്കിലും കുലത്തലവൻ എന്ന നിലയിൽ അദ്ദേഹം അപ്പോഴും പ്രതിവാര ഗ്രാമീണ യോഗങ്ങൾക്ക് ആധ്യക്ഷം വഹിച്ചിരുന്നു. മെഥഡിസ്റ്റ് പള്ളി ആ ഗ്രാമത്തിലെ ആളുകളുടെ ജീവിതത്തിൽ ഒരു പ്രമുഖസ്ഥാനം വഹിച്ചിരുന്നു. തന്മൂലം പള്ളിയിൽ പോകുന്നതു നിറുത്തിയ ജോസുവായെ ഗ്രാമീണർ അവിശ്വസ്‌തനായി കണ്ടു. മെഥഡിസ്റ്റ് മതത്തിലേക്കു തിരികെ വരാൻ സ്ഥലത്തെ പാസ്റ്റർ ജോസുവായുടെമേൽ സമ്മർദം ചെലുത്തി.
എന്നാൽ, താനും കുടുംബവും യഹോവയാം ദൈവത്തെ “ആത്മാവിലും സത്യത്തിലും” ആരാധിക്കാൻ തീരുമാനിച്ചു കഴിഞ്ഞെന്ന് അദ്ദേഹം സധൈര്യം വ്യക്തമാക്കി. (യോഹന്നാൻ 4:24) തുടർന്നുനടന്ന ഒരു ഗ്രാമയോഗത്തിൽ ഗ്രാമത്തലവൻ, ജോസുവായ്‌ക്കും കുടുംബത്തിനും ഭ്രഷ്ടു കൽപ്പിക്കുകയും ഏഴു ദിവസത്തിനകം ഗ്രാമം വിട്ടുപോകാൻ അവരോട് ആജ്ഞാപിക്കുകയും ചെയ്‌തു. വീടും കുടിയും കൃഷിയും അതേ, സകലതും ഉപേക്ഷിച്ച് അവർക്കു ദ്വീപു വിടേണ്ടിവന്നു.
മറ്റൊരു ദ്വീപിലെ ആത്മീയ സഹോദരങ്ങൾ ജോസുവായെയും കുടുംബത്തെയും സഹായിക്കാൻ മുന്നോട്ടുവന്നു. അവർക്കു താമസിക്കാനും കൃഷിചെയ്യാനും സ്ഥലം നൽകി ആ സഹോദരങ്ങൾ അവരെ സഹായിച്ചു. ജോസുവായും മൂത്ത മകനും ഇപ്പോൾ സ്‌നാപനമേറ്റ പ്രസാധകരാണ്. രണ്ടാമത്തെ മകൻ സുവാർത്തയുടെ സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകനായിത്തീർന്നിരിക്കുന്നു. മെറി ഈയിടെ ഒരു സാധാരണ പയനിയർ (മുഴുസമയ രാജ്യഘോഷക) ആയി നിയമിക്കപ്പെട്ടു. യഹോവയെ സേവിക്കാൻ തീരുമാനിച്ചതുകൊണ്ട് അവർക്കു സ്ഥാനമാനങ്ങളും വസ്‌തുവകകളും നഷ്ടമായി. എങ്കിലും പൗലൊസ് അപ്പൊസ്‌തലനെപ്പോലെ, തങ്ങൾക്കു ലഭിച്ചതുമായി തട്ടിച്ചു നോക്കുമ്പോൾ അവയൊന്നും ഏതുമല്ലെന്ന് അവർ കണക്കാക്കുന്നു.—ഫിലിപ്പിയർ 3:7, 8.
മനസ്സാക്ഷിപരമായ ഒരു തീരുമാനം
ബൈബിൾ പരിശീലിത മനസ്സാക്ഷി അനുസരിച്ചു ജീവിക്കാൻ വിശ്വാസവും ധൈര്യവും അത്യന്താപേക്ഷിതമാണ്. ഈയിടെ സ്‌നാപനമേറ്റ സൂരാങ് എന്ന യുവസഹോദരിയുടെ കാര്യത്തിലും അതു വാസ്‌തവമാണ്. കിരിബാറ്റി ദ്വീപുകളിൽ ഒന്നായ ടരാവയിലാണു സൂരാങ് താമസിക്കുന്നത്. നേഴ്‌സായി ജോലി ചെയ്യുന്ന അവൾ, ആശുപത്രി അധികൃതരോട് ഒരു പ്രത്യേക ജോലിയിൽനിന്നു തന്നെ ഒഴിച്ചുനിറുത്താൻ അഭ്യർഥിച്ചു. എന്നാൽ അവർ അതിനു സമ്മതിച്ചില്ല. പകരം, ഒരു വിദൂര ദ്വീപിലുള്ള ചെറിയ ആശുപത്രിയിലേക്ക് അവൾക്കു സ്ഥലം മാറ്റം നൽകി. സഹവിശ്വാസികളിൽനിന്ന് ഒറ്റപ്പെട്ട് അവൾക്ക് അവിടെ കഴിയേണ്ടതുണ്ടായിരുന്നു.
ആ ദ്വീപിൽ പുതുതായി എത്തുന്ന ഓരോ വ്യക്തിയും അവിടത്തെ ‘ദേവന്’ എന്തെങ്കിലും നിവേദിക്കാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നു. അങ്ങനെ ചെയ്യാതിരുന്നാൽ അത് ആ വ്യക്തിയുടെ മരണത്തിൽ കലാശിക്കും എന്നാണ് അവിടത്തുകാർ
വിശ്വസിക്കുന്നത്. വിഗ്രഹാരാധനാപരമായ അത്തരമൊരു നടപടിയിൽ ഏർപ്പെടാൻ സൂരാങ്ങും കൂടെയുള്ളവരും വിസമ്മതിച്ചു. തന്മൂലം, കോപിഷ്‌ഠനായ ദേവൻ സൂരാങ്ങിനെ കഴുത്തു ഞെരിച്ച് കൊല്ലുമെന്നു ഗ്രാമീണർ വിശ്വസിച്ചു. സൂരാങ്ങിനോ കൂടെയുണ്ടായിരുന്നവർക്കോ ഒന്നും സംഭവിക്കുന്നില്ല എന്നു കണ്ടപ്പോൾ അതിന്റെ കാരണമറിയാൻ പലരും എത്തിച്ചേർന്നു. അങ്ങനെ നല്ലൊരു സാക്ഷ്യം നൽകാൻ സൂരാങ്ങിന് അവസരം ലഭിച്ചു.എന്നാൽ സൂരാങ്ങിന്റെ പരിശോധന അതോടെ അവസാനിച്ചില്ല. ആ ദ്വീപിൽ എത്തിച്ചേരുന്ന യുവതികളെ വശീകരിക്കുന്നത് തങ്ങളുടെ അഭിമാനത്തിന്റെ പ്രശ്‌നമായി അവിടത്തെ ചില യുവാക്കൾ കരുതുന്നു. എന്നാൽ സൂരാങ് അവരുടെ പ്രലോഭനങ്ങളിൽ വീണില്ല. അവൾ ദൈവത്തോടുള്ള തന്റെ നിർമലത കാത്തു. വാസ്‌തവത്തിൽ, രാത്രിയോ പകലോ എന്നില്ലാതെ ഒരു നേഴ്‌സ് എന്ന നിലയിൽ അവൾ ജോലി ചെയ്യാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും സൂരാങ്ങിന് ഒരു സാധാരണ പയനിയറായി സേവിക്കാൻ സാധിച്ചു എന്നതു ശ്രദ്ധേയമാണ്.
ഒടുവിൽ സൂരാങ്ങിന് ആ ദ്വീപു വിടാൻ സമയമായി. സൂരാങ്ങിന്റെ ബഹുമാനാർഥം ഗ്രാമത്തലവന്മാർ ഒരു വിരുന്നൊരുക്കി. ആ ഗ്രാമത്തിൽ ഇന്നോളം എത്തിയിട്ടുള്ള മിഷനറിമാരിൽ യഥാർഥ മിഷനറി സൂരാങ് ആണെന്ന് അവർ സമ്മതിച്ചു പറഞ്ഞു. ബൈബിൾ തത്ത്വങ്ങൾ സംബന്ധിച്ച അവളുടെ ഉറച്ച നിലപാടു നിമിത്തം ആ ഗ്രാമത്തിലുള്ള പലരും രാജ്യസന്ദേശത്തിനു ചെവികൊടുത്തിരിക്കുന്നു.
വേറെ ചില വെല്ലുവിളികൾ
പല ഗ്രാമങ്ങളും വളരെ അകലെയും ഒറ്റപ്പെട്ടും കിടക്കുന്നതിനാൽ യഹോവയുടെ ജനത്തിനു വേറെയും ബുദ്ധിമുട്ടുകളുണ്ട്. ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനും ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുന്നതിനുമൊക്കെ അവർക്കു കഠിനശ്രമംതന്നെ ചെയ്യേണ്ടിവരുന്നു. ഉദാഹരണത്തിന്, സ്‌നാപനമേറ്റ നാലു സാക്ഷികളുടെ—ഒരു സഹോദരന്റെയും മൂന്നു സഹോദരിമാരുടെയും—കാര്യമെടുക്കാം. മണിക്കൂറുകളോളം നടന്നു വേണം അവർക്കു യോഗങ്ങൾക്ക് എത്തിച്ചേരാൻ. വഴിക്ക് മൂന്നു നദികൾ കുറുകെ കടക്കണം. നദിയിൽ വെള്ളം കൂടുതലുള്ളപ്പോൾ, അവരുടെ ബാഗുകളും പുസ്‌തകങ്ങളും യോഗത്തിനു ധരിക്കാനുള്ള വസ്‌ത്രങ്ങളും അടങ്ങിയ വലിയ ഒരു കലം ശരീരത്തോടു ബന്ധിച്ച് സഹോദരൻ ആദ്യം നദി നീന്തിക്കടക്കും. കലം അവിടെ വെച്ചിട്ട്, സഹോദരിമാരെ മൂന്നു പേരെയും സഹായിക്കാനായി അദ്ദേഹം വീണ്ടും മറുകരയ്‌ക്കു നീന്തും.
ഇനി, കിരിബാറ്റിയിലെ ഒരു വിദൂര ദ്വീപായ നോനോനൂറ്റിയിൽ യോഗങ്ങൾക്കു ഹാജരാകുന്ന മറ്റൊരു ചെറിയ കൂട്ടത്തിന്റെ കാര്യമെടുക്കാം. അവർക്കും ചില വെല്ലുവിളികൾ നേരിടേണ്ടിവരുന്നു. അവർ യോഗങ്ങൾക്കു കൂടിവരുന്ന വീടിനകത്ത് ഏഴോ എട്ടോ പേർക്ക് ഇരിക്കാനുള്ള ഇടമേയുള്ളൂ. യോഗങ്ങൾക്കു വരുന്ന മറ്റുള്ളവർ വീടിനു പുറത്തിരുന്ന് കമ്പിവലകൊണ്ടു നിർമിച്ചിരിക്കുന്ന ‘ഭിത്തി’യിൽ കൂടി ഉള്ളിലേക്കു നോക്കും. പ്രൗഢഗംഭീരമായ പള്ളികളിൽ പോയി വരുന്ന സകലർക്കും കാണാവുന്ന ഒരിടത്താണ് ഈ യോഗസ്ഥലം. യഹോവയുടെ വീക്ഷണത്തിൽ അഭികാമ്യമായിരിക്കുന്നത് ആളുകളാണ് അല്ലാതെ കെട്ടിടങ്ങളല്ല എന്ന് അവന്റെ ദാസന്മാർക്ക് അറിയാം. (ഹഗ്ഗായി 2:7) ആ ദ്വീപിൽ സ്‌നാപനമേറ്റ ഏക വ്യക്തി പ്രായംചെന്ന ഒരു സഹോദരിയാണ്, അവർക്കു നടക്കാനാവില്ല. എന്നിട്ടും ആ സഹോദരി ശുശ്രൂഷയിൽ പങ്കുപറ്റുന്നു. സ്‌നാപനമേറ്റിട്ടില്ലാത്ത ഒരു യുവ പ്രസാധികയാണ് സഹോദരിയെ അതിനു സഹായിക്കുന്നത്, ആ യുവ സഹോദരി ഒരു ഉന്തുവണ്ടിയിൽ ഇരുത്തി നമ്മുടെ പ്രായമുള്ള സഹോദരിയെ ഉന്തിക്കൊണ്ടുപോകും. എത്രമാത്രം വിലമതിപ്പാണു സത്യത്തോട് അവർ പ്രകടമാക്കുന്നത്!
ഫിജി ദ്വീപുകളിലുള്ള 2,100-ലധികം വരുന്ന പ്രസാധകർ ദൈവരാജ്യത്തെ കുറിച്ചുള്ള സുവാർത്ത നിരന്തരം ഘോഷിക്കാൻ ദൃഢചിത്തരാണ്. ഇനിയും അനേകർ “ദേഹിയെ ജീവനോടെ സംരക്ഷിക്കാൻ തക്ക വിശ്വാസമുള്ള തരക്കാർ” ആയിത്തീരുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു.
[8-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഓസ്‌ട്രേലിയ
ഫിജി