സഹായത്തിനായുള്ള മുറവിളി
സഹായത്തിനായുള്ള മുറവിളി
“ദൈവം എന്നെ കൈവെടിഞ്ഞു!” ഒരു ബ്രസീലിയക്കാരി വിലപിച്ചു. ഭർത്താവിന്റെ പെട്ടെന്നുള്ള മരണത്തിനുശേഷം ജീവിതത്തിനു യാതൊരു അർഥവുമില്ലെന്ന് അവർക്കു തോന്നി. കടുത്ത മാനസിക ദുഃഖം അനുഭവിക്കുന്ന അല്ലെങ്കിൽ സഹായത്തിനായി കേഴുന്ന ആരെയെങ്കിലും ആശ്വസിപ്പിക്കാൻ നിങ്ങൾ എന്നെങ്കിലും ശ്രമിച്ചിട്ടുണ്ടോ?
നിരാശയുടെ നീരാളിപ്പിടിത്തത്തിൽനിന്നു മോചനം നേടാനാകാതെ ചിലർ തങ്ങളുടെ ജീവിതം അവസാനിപ്പിക്കുന്നു. അവരിൽ നല്ലൊരു ശതമാനവും യുവജനങ്ങളാണ്. “യുവജനങ്ങളുടെ ഇടയിൽ ആത്മഹത്യാ നിരക്ക് 26 ശതമാനമായി വർധിച്ചിരിക്കുന്നു” എന്ന് ബ്രസീലിൽ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നതായി ഫോൽയാ ദി പൗലോ എന്ന വർത്തമാനപത്രം റിപ്പോർട്ടു ചെയ്‌തു. ഉദാഹരണത്തിന്, സാവൊ പൗലോയിലുള്ള വാൾട്ടർ * എന്ന യുവാവിന്റെ കാര്യമെടുക്കാം. അവനു മാതാപിതാക്കളോ സുഹൃത്തുക്കളോ ഒരു വീടോ സ്വകാര്യതയോ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്റെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമെന്നോണം അവൻ ഒരു പാലത്തിൽനിന്നു ചാടി ജീവനൊടുക്കാൻ തീരുമാനിച്ചു.
രണ്ടു കുട്ടികളുള്ള എഡ്‌ന എന്ന ഏകാകിനിയായ മാതാവ് ഒരു പുരുഷനുമായി പരിചയത്തിലായി. വെറും ഒരു മാസത്തിനുള്ളിൽ അവർ ഇരുവരും അയാളുടെ അമ്മയുടെ വീട്ടിൽ ഒരുമിച്ചു താമസിക്കാൻ തുടങ്ങി. അയാളുടെ അമ്മ ഭൂതവിദ്യയിൽ ഏർപ്പെട്ടിരുന്നുവെന്നു മാത്രമല്ല, മദ്യാസക്തയും ആയിരുന്നു. എഡ്‌നയ്‌ക്ക് ഒരു കുട്ടി കൂടി ഉണ്ടായി. പിന്നീട് എഡ്‌നയും അമിതമായി മദ്യപിക്കാൻ തുടങ്ങി. അങ്ങനെ, വിഷാദത്തിന്റെ പടുകുഴിയിൽ വീണ അവർ ആത്മഹത്യയ്‌ക്കു മുതിർന്നു. ഒടുവിൽ അവർക്ക് കുട്ടികളുടെ സംരക്ഷണച്ചുമതലയും നഷ്ടമായി.
ഇനി, പ്രായംചെന്നവരുടെ കാര്യമോ? മരിയാ ഉല്ലാസപ്രിയയും വായാടിയുമായിരുന്നു. പക്ഷേ, പ്രായം ചെല്ലുന്തോറും അവർക്ക് ഉത്‌കണ്‌ഠയും വർധിച്ചു. ജോലിയെക്കുറിച്ചായിരുന്നു അവരുടെ ഉത്‌കണ്‌ഠ. ഒരു നേഴ്‌സ് എന്ന നിലയിൽ താൻ ജോലിക്കിടയിൽ പിശകുകൾ വരുത്തുമോ എന്ന് അവർ ഭയപ്പെടാൻ തുടങ്ങി. അത് അവരെ വിഷാദത്തിലാഴ്‌ത്തി. ആദ്യമൊക്കെ പ്രശ്‌നം സ്വയം പരിഹരിക്കാൻ ശ്രമിച്ച അവർ പിന്നീട് വൈദ്യസഹായം തേടി. വൈദ്യചികിത്സ അവർക്കു ഫലം ചെയ്യുന്നതായി കാണപ്പെട്ടു. എന്നാൽ, 57-ാം വയസ്സിൽ ജോലി നഷ്ടപ്പെട്ടപ്പോൾ വീണ്ടും വിഷാദം അവരെ വരിഞ്ഞുമുറുക്കി. ഇത്തവണ വിഷാദത്തിന്റെ കരാളഹസ്‌തങ്ങളിൽനിന്നു മോചനം നേടാൻ യാതൊരു മാർഗവുമില്ലെന്ന് അവർക്കു തോന്നി. അങ്ങനെ അവർ ആത്മഹത്യയെ കുറിച്ചു ചിന്തിക്കാൻ തുടങ്ങി.
“വിഷാദരോഗികളിൽ 10 ശതമാനം ആത്മഹത്യയ്‌ക്കു മുതിരുന്നു” എന്ന് സാവൊ പൗലോ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായ ഴൂസേ ആൽബെർറ്റൂ ഡെൽ പോർറ്റൂ പറയുന്നു. “നരഹത്യയ്‌ക്ക് ഇരയാകുന്നവരുടെ എണ്ണത്തെക്കാൾ കൂടുതലാണ് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം എന്നതു ദുഃഖകരമായ ഒരു വസ്‌തുതയാണ്” എന്ന് ഐക്യനാടുകളിലെ സർജൻ ജനറലായ ഡോ. ഡേവിഡ് സാച്ചർ റിപ്പോർട്ടു ചെയ്യുന്നു.
ചിലപ്പോഴൊക്കെ ആത്മഹത്യാ ശ്രമങ്ങൾ ഒരർഥത്തിൽ സഹായത്തിനായുള്ള മുറവിളിയാണ്. പ്രത്യാശയറ്റ വ്യക്തിയെ പരമാവധി സഹായിക്കാൻ കുടുംബാംഗങ്ങളും
സുഹൃത്തുക്കളും ആത്മാർഥമായി ആഗ്രഹിക്കും. “നീ ഇങ്ങനെ വിഷമിക്കേണ്ട യാതൊരു കാര്യവുമില്ല,” “നിന്നെക്കാളും മോശമായ എത്രയോ പേരുണ്ട്,” “നിനക്കു മാത്രമല്ല, എല്ലാവർക്കും ഇങ്ങനെ അനുഭവപ്പെടാറുണ്ട്,” എന്നൊക്കെ പറയുന്നതു തെല്ലും ഫലം ചെയ്യില്ല. പകരം, ഒരു യഥാർഥ സുഹൃത്തും നല്ല കേൾവിക്കാരനും ആയിരുന്നു കൂടെ? ജീവിതം വിലപ്പെട്ടതാണെന്നു കാണാൻ വിഷാദത്തിന് ഇരയായ വ്യക്തിയെ സഹായിക്കുക.ഫ്രഞ്ച് ഗ്രന്ഥകാരനായ വോൾട്ടയർ എഴുതി: “കടുത്ത വിഷാദം മൂലം ഇന്ന് ആത്മഹത്യ ചെയ്യുന്ന വ്യക്തി ഒരാഴ്‌ച കാത്തിരിക്കാൻ തയ്യാറായിരുന്നെങ്കിൽ ജീവിക്കാൻ ആഗ്രഹിച്ചേനെ.” അങ്ങനെയെങ്കിൽ നിരാശയുടെ കയത്തിൽ മുങ്ങിപ്പോകുന്നവർക്കു ജീവിതം മൂല്യവത്താണെന്നു കണ്ടെത്താൻ എങ്ങനെ സാധിക്കും?
[അടിക്കുറിപ്പ്]
^ ഖ. 3 ചില പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.
[3-ാം പേജിലെ ചിത്രം]
ആത്മഹത്യ ചെയ്യുന്ന യുവജനങ്ങളുടെയും മുതിർന്നവരുടെയും എണ്ണം അനുദിനം വർധിച്ചുവരുന്നു
[4-ാം പേജിലെ ചിത്രം]
ആശയറ്റവരെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകും?