വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു വിശേഷ പൈതൃകത്താൽ അനുഗൃഹീത

ഒരു വിശേഷ പൈതൃകത്താൽ അനുഗൃഹീത

ജീവിത കഥ

ഒരു വിശേഷ പൈതൃകത്താൽ അനുഗൃഹീത

കാരൾ അലെൻ പറഞ്ഞപ്രകാരം

ഞാൻ ഒറ്റപ്പെട്ടുപോയി. പുതിയ പുസ്‌തകം മുറുകെ പിടിച്ചുകൊണ്ട്‌ ഞാൻ അവിടെ നിന്നു. പേടിച്ചരണ്ട എന്റെ കണ്ണുകളിൽനിന്നു കണ്ണുനീർ കുടുകുടെ ഒഴുകുന്നുണ്ടായിരുന്നു. വെറും ഏഴു വയസ്സുകാരിയായ ഞാൻ ആ അപരിചിത സ്ഥലത്ത്‌, ഒരു ലക്ഷത്തിലധികം വരുന്ന ആളുകളുടെ നടുവിൽ, കൂട്ടംവിട്ടുപോയി!

ഏകദേശം 60 വർഷത്തിനു ശേഷം, അടുത്ത കാലത്തൊരുനാൾ ആ ബാല്യകാല സ്‌മരണകൾ എന്റെ മനസ്സിലേക്ക്‌ ഓടിയെത്തി. ഭർത്താവ്‌ പോളുമൊത്ത്‌ ന്യൂയോർക്കിലെ പാറ്റേഴ്‌സനിലുള്ള മനോഹരമായ വാച്ച്‌ടവർ വിദ്യാഭ്യാസ കേന്ദ്രം സന്ദർശിച്ച വേളയിലാണ്‌ ആ ഓർമകൾ എന്നെ തൊട്ടുണർത്തിയത്‌. യഹോവയുടെ സാക്ഷികളുടെ സഞ്ചാര മേൽവിചാരകന്മാർക്കായി അവിടെ നടത്തിയ രണ്ടാമത്തെ ക്ലാസ്സിൽ സംബന്ധിക്കാൻ പോളിനു ക്ഷണം ലഭിച്ചതിനെത്തുടർന്നാണ്‌ ഞങ്ങൾ അവിടെ എത്തിയത്‌.

സൂര്യപ്രകാശമേറ്റ്‌ തിളങ്ങുന്ന ലോബിയിൽ “കൺവെൻഷനുകൾ” എന്ന്‌ എഴുതിയിരുന്ന വലിയൊരു ബോർഡ്‌ ഞാൻ കണ്ടു. അതിന്റെ മധ്യത്തിലായി, ബാല്യകാലത്തെ എന്റെ പ്രിയപ്പെട്ട പുസ്‌തകത്തിന്റെ പ്രതികൾ ആവേശപൂർവം വീശിക്കൊണ്ടു നിൽക്കുന്ന കുട്ടികളുടെ ഒരു ബ്ലാക്ക്‌-ആൻഡ്‌-വൈറ്റ്‌ ഫോട്ടോ ഉണ്ടായിരുന്നു. അതിന്റെ ചിത്രക്കുറിപ്പ്‌ ഇങ്ങനെ ആയിരുന്നു: “1941​—⁠സെന്റ്‌ ലൂയിസ്‌ മിസ്സൗറി കൺവെൻഷന്റെ രാവിലത്തെ സെഷൻ തുടങ്ങിയപ്പോൾ സ്റ്റേജിനു തൊട്ടു മുന്നിലായി 5-നും 18-നും ഇടയ്‌ക്കു പ്രായമുള്ള 15,000 കുട്ടികൾ കൂടിവന്നു. . . . അപ്പോൾ റഥർഫോർഡ്‌ സഹോദരൻ കുട്ടികൾ (ഇംഗ്ലീഷ്‌) എന്ന പുതിയ പുസ്‌തകത്തിന്റെ പ്രകാശനം അറിയിച്ചു.”

ഓരോ കുട്ടിക്കും ആ പുസ്‌തകത്തിന്റെ ഒരു പ്രതിവീതം ലഭിച്ചു. പിന്നീട്‌ ഞാനൊഴികെ എല്ലാ കുട്ടികളും തങ്ങളുടെ മാതാപിതാക്കളുടെ അടുക്കലേക്കു മടങ്ങി. എന്റെ മാതാപിതാക്കൾ എവിടെയാണ്‌ ഇരിക്കുന്നതെന്ന്‌ എനിക്ക്‌ യാതൊരു നിശ്ചയവുമില്ലായിരുന്നു! ഒരു സേവകൻ സ്‌നേഹത്തോടെ എന്നെ എടുത്ത്‌ ഉയരമുള്ള ഒരു സംഭാവനപ്പെട്ടിയുടെ മുകളിൽ നിറുത്തി. എന്നിട്ട്‌ എനിക്കു പരിചയമുള്ള ആരെയെങ്കിലും കണ്ടുപിടിക്കാൻ എന്നോടു പറഞ്ഞു. നടയിറങ്ങിവരുന്ന ആളുകളുടെ കൂട്ടത്തെ ഉത്‌കണ്‌ഠയോടെ ഞാൻ നിരീക്ഷിച്ചു. പെട്ടെന്ന്‌ പരിചയമുള്ള ഒരു മുഖം എന്റെ കണ്ണിൽപ്പെട്ടു! “ബോബ്‌ അങ്കിൾ! ബോബ്‌ അങ്കിൾ!” അദ്ദേഹം എന്നെയും കണ്ടു! ബോബ്‌ റെയ്‌നർ അങ്കിൾ എന്നെ, ഉത്‌കണ്‌ഠാകുലരായിരുന്ന എന്റെ മാതാപിതാക്കളുടെ അടുക്കൽ എത്തിച്ചു.

എന്റെ ജീവിതത്തെ രൂപപ്പെടുത്തിയ ആദ്യകാല സംഭവങ്ങൾ

ആ പ്രദർശന ബോർഡിലേക്കു നോക്കിയ എന്റെ മനസ്സിലേക്ക്‌ നിരവധി ഓർമകൾ ഓടിയെത്തി. എന്റെ ജീവിതത്തെ രൂപപ്പെടുത്തിയ, ഞങ്ങൾ സുന്ദരമായ പാറ്റേഴ്‌സണിൽ വരാൻ ഇടയാക്കിയ സംഭവങ്ങളെ കുറിച്ചുള്ളതായിരുന്നു അവ. അപ്പോൾ ഞാൻ, മുത്തശ്ശീമുത്തശ്ശന്മാരിൽ നിന്നും മാതാപിതാക്കളിൽ നിന്നും കേട്ട, നൂറിലധികം വർഷം മുമ്പു നടന്ന സംഭവങ്ങളെ കുറിച്ചു ചിന്തിക്കാൻ തുടങ്ങി.

ബൈബിൾ വിദ്യാർഥികൾ എന്ന്‌ അറിയപ്പെട്ടിരുന്ന യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകൻ, 1894 ഡിസംബറിൽ എന്റെ ഡാഡിയുടെ പിതാവായ ക്ലെയ്‌റ്റൺ വുഡ്‌വർത്തിനെ ഐക്യനാടുകളിലെ പെൻസിൽവേനിയയിലുള്ള സ്‌ക്രാന്റണിലെ അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശിച്ചു. ക്ലെയ്‌റ്റൺ വിവാഹം കഴിച്ചിട്ട്‌ അധികനാൾ ആയിരുന്നില്ല. വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റ്‌ ആയിരുന്ന ചാൾസ്‌ ടെയ്‌സ്‌ റസ്സലിന്‌ അദ്ദേഹം ഒരു കത്തെഴുതി. 1895 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്‌) അതു പ്രസിദ്ധീകരിച്ചിരുന്നു. ക്ലെയ്‌റ്റൺ കത്തിൽ ഇങ്ങനെ വിശദീകരിച്ചിരുന്നു:

“യുവദമ്പതികളായ ഞങ്ങൾ കഴിഞ്ഞ പത്തു വർഷമായി ഒരു യാഥാസ്ഥിതിക സഭയിലെ അംഗങ്ങളായിരുന്നു; എന്നാൽ ഇപ്പോൾ ഞങ്ങൾ അതിന്റെ അന്ധകാരത്തിൽനിന്ന്‌ അത്യുന്നതന്റെ സമർപ്പിത മക്കൾക്കായി ഉദിക്കുന്ന പുതു ദിനത്തിന്റെ പ്രകാശത്തിലേക്ക്‌ കാലെടുത്തു വെക്കുകയാണ്‌. . . . ഞങ്ങൾ പരസ്‌പരം കണ്ടുമുട്ടുന്നതിനു ദീർഘനാൾ മുമ്പുതന്നെ, കർത്താവിന്‌ ഇഷ്ടമെങ്കിൽ വിദേശ വയലിൽ മിഷനറിമാരായി സേവിക്കുക എന്നത്‌ ഞങ്ങളുടെ അതിയായ ആഗ്രഹമായിരുന്നു.”

പിന്നീട്‌, 1903-ൽ എന്റെ അമ്മയുടെ മുത്തശ്ശീമുത്തശ്ശന്മാരായ സെബാഷ്‌ചൻ ക്രെസ്‌ഗിയും ഭാര്യ കാതറിനും വാച്ച്‌ടവർ സൊസൈറ്റിയുടെ രണ്ടു പ്രതിനിധികൾ അറിയിച്ച ബൈബിൾ സന്ദേശം സസന്തോഷം ശ്രവിച്ചു. പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോ കുന്നുകളിലുള്ള വലിയ കൃഷിയിടത്തിലായിരുന്നു അന്ന്‌ അവരുടെ താമസം. അവരുടെ പുത്രിമാരായ കോറയും മേരിയും തങ്ങളുടെ ഭർത്താക്കന്മാരായ വാഷിങ്‌ടൺ ഹോവലിനോടും എഡ്‌മണ്ട്‌ ഹോവലിനോടുമൊപ്പം അവിടെയാണു താമസിച്ചിരുന്നത്‌. ബൈബിളിൽനിന്ന്‌ പല കാര്യങ്ങളും പഠിപ്പിച്ചുകൊണ്ട്‌ വാച്ച്‌ടവർ സൊസൈറ്റിയുടെ പ്രതിനിധികളായ കാൾ ഹാമർലെയും റേ റാറ്റ്‌ക്ലിഫും അവരോടൊപ്പം ഒരാഴ്‌ച അവിടെ താമസിച്ചു. ആ കുടുംബത്തിലെ ആറ്‌ അംഗങ്ങളും ബൈബിൾ സന്ദേശം നന്നായി ശ്രദ്ധിക്കുകയും പഠിക്കുകയും താമസിയാതെ തീക്ഷ്‌ണതയുള്ള ബൈബിൾ വിദ്യാർഥികൾ ആയിത്തീരുകയും ചെയ്‌തു.

അതേ വർഷം, അതായത്‌ 1903-ൽ, കോറാ-വാഷിങ്‌ടൺ ഹോവൽ ദമ്പതികൾക്ക്‌ ഒരു പെൺകുട്ടി ജനിച്ചു, അവൾക്ക്‌ അവർ കാതറിൻ എന്നു പേരിട്ടു. പിൽക്കാലത്ത്‌ കാതറിൻ എന്റെ പിതാവായ ക്ലെയ്‌റ്റൺ ജെ. വുഡ്‌വർത്ത്‌ ജൂനിയറെ വിവാഹം ചെയ്‌തത്‌ രസകരമായ ഒരു കഥയാണെന്നു ഞാൻ കരുതുന്നു. എന്റെ മുത്തശ്ശനായ ക്ലെയ്‌റ്റൺ ജെ. വുഡ്‌വർത്ത്‌ സീനിയർ പ്രകടമാക്കിയ സ്‌നേഹപുരസ്സരമായ ഉൾക്കാഴ്‌ചയും പിതൃപരിഗണനയും വെളിപ്പെടുത്തുന്നതാണ്‌ അത്‌.

എന്റെ പിതാവിന്‌ സ്‌നേഹപുരസ്സരമായ സഹായം ലഭിക്കുന്നു

എന്റെ പിതാവായ ക്ലെയ്‌റ്റൺ ജൂനിയർ, ഹോവൽ കുടുംബം താമസിച്ചിരുന്നിടത്തുനിന്ന്‌ കഷ്‌ടിച്ച്‌ 80 കിലോമീറ്റർ അകലെയുള്ള സ്‌ക്രാന്റണിൽ 1906-ൽ ജനിച്ചു. അക്കാലത്ത്‌, എന്റെ മുത്തശ്ശനായ വുഡ്‌വർത്ത്‌, ഹോവൽ കുടുംബവുമായി നല്ല പരിചയത്തിലായി. അവരുടേത്‌ വലിയ ഒരു കുടുംബം ആയിരുന്നു. അദ്ദേഹം മിക്കപ്പോഴും അവരുടെ ഗംഭീരമായ സത്‌കാരം സ്വീകരിച്ചിരുന്നു. മുത്തശ്ശൻ ആ പ്രദേശത്തെ ബൈബിൾ വിദ്യാർഥികളുടെ സഭയ്‌ക്ക്‌ വലിയ ഒരു സഹായമായിരുന്നു. ഹോവൽ കുടുംബത്തിലെ മൂന്നു പുത്രന്മാരുടെയും വിവാഹങ്ങൾ നടത്തിക്കൊടുത്തത്‌ എന്റെ മുത്തശ്ശനായിരുന്നു. ആ വിവാഹങ്ങൾക്കു പോയ അവസരങ്ങളിൽ മകന്റെ ക്ഷേമത്തെ മുൻനിറുത്തി അദ്ദേഹം അവനെയും കൂടെ കൊണ്ടുപോയി.

അന്നൊക്കെ മുത്തശ്ശൻ ശുശ്രൂഷയ്‌ക്കു പോകുമ്പോൾ അദ്ദേഹത്തെ വണ്ടിയിൽ കൊണ്ടുപോയിരുന്നത്‌ ഡാഡി ആയിരുന്നെങ്കിലും, ഡാഡി ശുശ്രൂഷയിൽ സജീവമായ ഒരു പങ്കു വഹിച്ചിരുന്നില്ല. അക്കാലത്ത്‌ ഡാഡിക്ക്‌ മറ്റെന്തിനെക്കാളും താത്‌പര്യം സംഗീതത്തിലായിരുന്നു. അദ്ദേഹം അങ്ങനെ ഒരു സംഗീതജ്ഞൻ എന്ന നിലയിലേക്ക്‌ ഉയരുകയായിരുന്നു.

കോറാ-വാഷിങ്‌ടൺ ഹോവൽ ദമ്പതികളുടെ പുത്രിയായ കാതറിനും ഒരു മികച്ച സംഗീതജ്ഞ ആയിരുന്നു. അവർ പിയാനോ വായിക്കുകയും പഠിപ്പിക്കുകയും ചെയ്‌തിരുന്നു. സംഗീതത്തെ ജീവിതവൃത്തി ആക്കാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും, അവർ അതു വേണ്ടെന്നു വെച്ചിട്ട്‌ മുഴുസമയ ശുശ്രൂഷ ആരംഭിച്ചു. എന്റെ നോട്ടത്തിൽ തന്റെ പുത്രനു വേണ്ടി ഇതിലും അനുയോജ്യയായ ഒരു പങ്കാളിയെ കണ്ടെത്താൻ മുത്തശ്ശനു കഴിയുമായിരുന്നില്ല! ഡാഡി സ്‌നാപനമേറ്റ്‌ ആറു മാസം കഴിഞ്ഞ്‌, 1931 ജൂണിൽ, മമ്മിയെ വിവാഹം ചെയ്‌തു.

തന്റെ പുത്രന്‌ സംഗീതത്തിലുള്ള വാസനയിൽ മുത്തശ്ശൻ എപ്പോഴും അഭിമാനം കൊണ്ടിരുന്നു. 1946-ൽ ഒഹായോവിലെ ക്ലീവ്‌ലൻഡിൽ നടക്കാനിരുന്ന അന്താരാഷ്‌ട്ര കൺവെൻഷനുള്ള വലിയ സംഗീത ഗ്രൂപ്പിനു പരിശീലനം നൽകാനുള്ള നിയമനം ഡാഡിക്കു ലഭിച്ചു. അതിൽ മുത്തശ്ശൻ അങ്ങേയറ്റം സന്തോഷിച്ചു. തുടർന്നുവന്ന വർഷങ്ങളിൽ, യഹോവയുടെ സാക്ഷികളുടെ നിരവധി കൺവെൻഷനുകളിൽ ഡാഡി സംഗീത ഗ്രൂപ്പുകൾക്കു നേതൃത്വം വഹിച്ചിട്ടുണ്ട്‌.

മുത്തശ്ശന്റെ വിചാരണയും ജയിൽവാസവും

പാറ്റേഴ്‌സൺ വിദ്യാഭ്യാസ കേന്ദ്രത്തിലെ ഒരു സന്ദർശക മുറിയിൽ ഞാനും ഭർത്താവും കണ്ട ഒരു ചിത്രമാണ്‌ അടുത്ത പേജിലുള്ളത്‌. ആ ചിത്രം ഞാൻ പെട്ടെന്നു തിരിച്ചറിഞ്ഞു. കാരണം 50-ലധികം വർഷങ്ങൾക്കു മുമ്പ്‌ മുത്തശ്ശൻ എനിക്ക്‌ അതിന്റെ ഒരു കോപ്പി അയച്ചുതന്നിരുന്നു. ആ ചിത്രത്തിൽ വലത്തേ അറ്റത്തായി നിൽക്കുന്നത്‌ മുത്തശ്ശനാണ്‌.

ദേശീയത്വവികാരം ആളിക്കത്തിയിരുന്ന ഒന്നാം ലോകമഹായുദ്ധ കാലത്ത്‌ വാച്ച്‌ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റ്‌ ആയിരുന്ന ജോസഫ്‌ എഫ്‌. റഥർഫോർഡ്‌ (മധ്യത്തിലായി ഇരിക്കുന്നു) ഉൾപ്പെടെ ഈ എട്ടു ബൈബിൾ വിദ്യാർഥികളെ, തെറ്റായ ആരോപണം ചുമത്തി ജാമ്യം പോലും നൽകാതെ തടവിൽ ആക്കിയിരുന്നു. വേദാധ്യയന പത്രികയുടെ ഏഴാമത്തെ വാല്യമായ പൂർത്തിയായ മർമം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിൽ വന്ന ചില പ്രസ്‌താവനകളെ അധികരിച്ചായിരുന്നു അവർക്ക്‌ എതിരെയുള്ള ആരോപണങ്ങൾ. ആ പ്രസ്‌താവനകൾ, ഒന്നാം ലോകമഹായുദ്ധത്തിൽ ഐക്യനാടുകൾ പങ്കെടുക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതായി അധികാരികൾ തെറ്റിദ്ധരിക്കുകയുണ്ടായി.

നിരവധി വർഷങ്ങൾ കൊണ്ട്‌ ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ വേദാധ്യയന പത്രികയുടെ ആദ്യത്തെ ആറു വാല്യങ്ങൾ എഴുതിയിരുന്നു. എന്നാൽ, ഏഴാമത്തെ വാല്യം പൂർത്തിയാക്കുന്നതിനു മുമ്പ്‌ അദ്ദേഹം മരിച്ചു. അപ്പോൾ സൊസൈറ്റി അദ്ദേഹത്തിന്റെ കുറിപ്പുകൾ മുത്തശ്ശനെയും മറ്റൊരു ബൈബിൾ വിദ്യാർഥിയെയും ഏൽപ്പിച്ചു. തുടർന്ന്‌ അവർ ഇരുവരും ചേർന്ന്‌ അതിന്റെ ഏഴാമത്തെ വാല്യം എഴുതി. യുദ്ധം അവസാനിക്കുന്നതിനു മുമ്പ്‌, അതായത്‌ 1917-ൽ, അതു പ്രകാശനം ചെയ്‌തു. തുടർന്ന്‌, മുത്തശ്ശനെയും മറ്റുള്ളവരെയും 20 വർഷം വീതമുള്ള, ഏകകാലത്ത്‌ അനുഭവിക്കേണ്ടിയിരുന്ന നാലു തടവുശിക്ഷകൾക്കു വിധിച്ചു.

പാറ്റേഴ്‌സൺ ലോബിയിലുള്ള ഫോട്ടോയ്‌ക്ക്‌ പിൻവരുന്ന ചിത്രക്കുറിപ്പ്‌ ഉണ്ടായിരുന്നു: “റഥർഫോർഡും സഹകാരികളും ശിക്ഷിക്കപ്പെട്ട്‌ ഒമ്പതു മാസത്തിനു ശേഷം, അതായത്‌ 1919 മാർച്ച്‌ 21-ന്‌, എട്ടു പ്രതികളെയും ജാമ്യത്തിൽ വിട്ടയയ്‌ക്കാൻ അപ്പീൽ കോടതി ഉത്തരവു പുറപ്പെടുവിച്ചു. അപ്പോഴേക്കും യുദ്ധം അവസാനിച്ചിരുന്നു. മാർച്ച്‌ 26-ാം തീയതി ആളാംപ്രതി 10,000 ഡോളറിന്റെ ജാമ്യത്തിൽ എല്ലാവരെയും വിട്ടയച്ചു. 1920 മേയ്‌ 5-ന്‌, ജെ. എഫ്‌. റഥർഫോർഡും സഹകാരികളും കുറ്റവിമുക്തരാണെന്ന്‌ കോടതി പ്രഖ്യാപിച്ചു.”

കുറ്റവിധിക്കു ശേഷം, ജോർജയിലെ അറ്റ്‌ലാന്റയിലുള്ള സെന്റർ ജയിലിലേക്ക്‌ അയയ്‌ക്കുന്നതിനു മുമ്പ്‌, ആ എട്ടു പേരെ കുറെ നാളത്തേക്ക്‌ ബ്രുക്ലിനിലെ റെയ്‌മണ്ട്‌ സ്‌ട്രീറ്റിലുള്ള ഒരു ജയിലിൽ പാർപ്പിച്ചു. മുത്തശ്ശനു കിടക്കേണ്ടിവന്ന എട്ട്‌ അടി നീളവും ആറ്‌ അടി വീതിയുമുള്ള സെല്ലിനെ കുറിച്ച്‌ “അങ്ങേയറ്റം വൃത്തിഹീനവും കുഴഞ്ഞുമറിഞ്ഞതും” എന്ന്‌ അദ്ദേഹം എഴുതി. തുടർന്ന്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അവിടെ ഒരു കൂന പത്രക്കടലാസ്‌ ഉണ്ടായിരുന്നു. അതുകൊണ്ട്‌ വലിയ കാര്യമൊന്നും ഇല്ലെന്നു തോന്നാം. എന്നാൽ, അവിടെ ശുചീകരണത്തിന്‌ ആകെ ഉണ്ടായിരുന്നത്‌ ആ പത്രക്കടലാസും കുറച്ചു സോപ്പും ഒരു തോർത്തും മാത്രമാണ്‌.”

മുത്തശ്ശനു നല്ല നർമബോധം ഉണ്ടായിരുന്നു. തന്റെ ജയിലിനെ “ഹോട്ടൽ ദെ റെയ്‌മൊൺഡി” എന്നാണ്‌ അദ്ദേഹം വിളിച്ചിരുന്നത്‌. “കാലാവധി തീരുന്ന ഉടനെ ഞാൻ ഈ ഹോട്ടൽ മുറി ഒഴിഞ്ഞുകൊടുക്കും” എന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു. അവിടെ കണ്ണാടി ഇല്ലാതിരുന്നതിനാൽ ഒരിക്കൽ ഒരു സഹോദരൻ മുറ്റത്തുവെച്ച്‌ അദ്ദേഹത്തിന്റെ മുടി ചീകിക്കൊടുക്കുകയായിരുന്നു. അപ്പോൾ ഒരു പോക്കറ്റടിക്കാരൻ അദ്ദേഹത്തിന്റെ പോക്കറ്റ്‌ വാച്ച്‌ തട്ടിയെടുക്കാൻ ശ്രമിച്ചു. “എന്നാൽ കള്ളന്‌ അതിന്റെ ചെയിൻ മാത്രമേ കിട്ടിയുള്ളൂ, വാച്ച്‌ എന്റെ കൈയിലുമിരുന്നു” എന്ന്‌ അദ്ദേഹം എഴുതി. 1958-ൽ ഞാൻ ബ്രുക്ലിൻ ബെഥേൽ സന്ദർശിച്ച അവസരത്തിൽ, വാച്ച്‌ ടവർ സൊസൈറ്റിയുടെ അന്നത്തെ സെക്രട്ടറിയും ഖജാൻജിയും ആയിരുന്ന ഗ്രാന്റ്‌ സൂട്ടർ എന്നെ തന്റെ ഓഫീസിലേക്ക്‌ വിളിപ്പിച്ച്‌ ആ വാച്ച്‌ ഏൽപ്പിച്ചു. ഇപ്പോഴും ഞാനത്‌ ഒരു

നിധിപോലെ സൂക്ഷിക്കുന്നു.

ഡാഡിയിൽ ഉളവാക്കിയ ഫലം

1918-ൽ മുത്തശ്ശനെ അന്യായമായി തടവിലാക്കിയ സമയത്ത്‌ എന്റെ ഡാഡിക്ക്‌ 12 വയസ്സേ ഉണ്ടായിരുന്നുള്ളൂ. മുത്തശ്ശി ഡാഡിയെയും കൂട്ടി തന്റെ അമ്മയും മൂന്ന്‌ സഹോദരിമാരും താമസിക്കുന്ന സ്ഥലത്തേക്കു പോയി. മുത്തശ്ശിക്കു വിവാഹത്തിനു മുമ്പുണ്ടായിരുന്ന കുടുംബപ്പേര്‌ ആർഥർ എന്നായിരുന്നു. അവരുടെ ബന്ധുക്കളിൽ ഒരാളായിരുന്ന ചെസ്റ്റർ അലൻ ആർഥർ 21-ാമത്തെ അമേരിക്കൻ പ്രസിഡന്റ്‌ ആയിരുന്നുവെന്ന്‌ പറഞ്ഞ്‌ ആ കുടുംബം പലപ്പോഴും അഭിമാനം കൊള്ളുമായിരുന്നു.

ഐക്യനാടുകൾക്കെതിരെ കുറ്റം ചെയ്‌തു എന്ന ആരോപണം ചുമത്തി കോടതി മുത്തശ്ശന്‌ ജയിൽശിക്ഷ വിധിച്ചപ്പോൾ, അദ്ദേഹം കുടുംബത്തിന്‌ അപമാനം വരുത്തിവെച്ചെന്ന്‌ ആർഥർ കുടുംബക്കാർക്കു തോന്നി. എന്റെ ഡാഡിക്ക്‌ വളരെയധികം മാനസിക വേദന ഉണ്ടായ ഒരു സമയമായിരുന്നു അത്‌. പരസ്യ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിലുള്ള അദ്ദേഹത്തിന്റെ ആദ്യകാല വൈമുഖ്യത്തിന്റെ ഒരു പ്രധാന കാരണം അതായിരുന്നിരിക്കാം.

ജയിലിൽനിന്നു പുറത്തു വന്നപ്പോൾ, മുത്തശ്ശൻ സ്‌ക്രാന്റണിലെ ക്വിൻസി സ്‌ട്രീറ്റിലുള്ള സിമന്റ്‌ തേച്ച ഒരു വലിയ വീട്ടിലേക്ക്‌ സകുടുംബം താമസം മാറി. അന്ന്‌ ഒരു കുട്ടിയായിരുന്ന എനിക്ക്‌ ആ വീടും മുത്തശ്ശിയുടെ മനോഹരമായ ചീനക്കളിമൺ പാത്രങ്ങളുമെല്ലാം സുപരിചിതമായിരുന്നു. മുത്തശ്ശിയുടെ വിശുദ്ധ പാത്രങ്ങൾ എന്നാണ്‌ ഞങ്ങൾ അവയെ വിളിച്ചിരുന്നത്‌. കാരണം, അവ കഴുകാൻ മുത്തശ്ശി മറ്റാരെയും അനുവദിച്ചിരുന്നില്ല. 1943-ൽ മുത്തശ്ശി മരിച്ചശേഷം വീട്ടിൽ വിരുന്നുകാർ വരുമ്പോൾ മമ്മി മനോഹരമായ ആ പാത്രങ്ങൾ ഉപയോഗിക്കാറുണ്ടായിരുന്നു.

രാജ്യസേവനത്തിൽ വ്യാപൃതർ

പാറ്റേഴ്‌സണിൽ ആയിരുന്നപ്പോൾ ഞാൻ മറ്റൊരു ചിത്രം കാണാൻ ഇടയായി. 1919-ൽ ഒഹായോവിൽ നടന്ന സീഡാർ പോയിന്റ്‌ കൺവെൻഷനിൽ റഥർഫോർഡ്‌ സഹോദരൻ പ്രസംഗിക്കുന്നതിന്റെ ഒരു ചിത്രമായിരുന്നു അത്‌. ദൈവരാജ്യത്തെ കുറിച്ചു ഘോഷിക്കാനും ആ കൺവെൻഷനിൽ പ്രകാശനം ചെയ്‌ത പുതിയ മാസികയായ സുവർണയുഗം ഉപയോഗിക്കാനും ആ പ്രസംഗത്തിലൂടെ അദ്ദേഹം എല്ലാവരെയും പ്രോത്സാഹിപ്പിച്ചു. ആ മാസികയുടെ പത്രാധിപരായി മുത്തശ്ശനു നിയമനം ലഭിച്ചു. 1940-കളുടെ അവസാനം മരിക്കുന്നതുവരെ അദ്ദേഹം ആ മാസികയ്‌ക്കു വേണ്ടി ലേഖനങ്ങൾ എഴുതിയിരുന്നു. 1937-ൽ ആ മാസികയുടെ പേര്‌ ആശ്വാസം എന്നും 1946-ൽ ഉണരുക! എന്നും മാറ്റുകയുണ്ടായി.

മുത്തശ്ശൻ സ്‌ക്രാന്റണിലുള്ള വീട്ടിൽ വെച്ചും അവിടെനിന്ന്‌ 240 കിലോമീറ്റർ അകലെയുള്ള ബ്രുക്ലിനിലെ വാച്ച്‌ ടവർ ഹെഡ്‌ക്വാർട്ടേഴ്‌സിൽ വെച്ചുമാണ്‌ അതിനുള്ള ലേഖനങ്ങൾ എഴുതിയിരുന്നത്‌. രണ്ടാഴ്‌ച വീതം ഓരോ സ്ഥലത്തും അദ്ദേഹം മാറിമാറി താമസിക്കുമായിരുന്നു. പല ദിവസങ്ങളിലും രാവിലെ അഞ്ചു മണിക്ക്‌ മുത്തശ്ശന്റെ ടൈപ്പ്‌റൈറ്ററിന്റെ ശബ്ദം കേൾക്കാമായിരുന്നു എന്ന്‌ ഡാഡി പലപ്പോഴും പറഞ്ഞിട്ടുണ്ട്‌. അതേസമയം, സുവാർത്താ പ്രസംഗത്തിൽ ഏർപ്പെടുന്നതിന്റെ ഉത്തരവാദിത്വവും മുത്തശ്ശൻ ഗൗരവമായി എടുത്തിരുന്നു. ബൈബിൾ സാഹിത്യങ്ങൾ വെക്കുന്നതിന്‌ പുരുഷന്മാർക്കായി വലിയ ഉൾപോക്കറ്റുകൾ ഉള്ള ഒരു അടിക്കുപ്പായം ഒരിക്കൽ അദ്ദേഹം ഡിസൈൻ ചെയ്‌തു. 94 വയസ്സുള്ള എന്റെ ആന്റി നവോമി ഹോവലിന്‌ അതുപോലൊന്ന്‌ ഇപ്പോഴുമുണ്ട്‌. സ്‌ത്രീകളുടെ ഉപയോഗത്തിനായി ഒരു പുസ്‌തകബാഗും അദ്ദേഹം ഡിസൈൻ ചെയ്യുകയുണ്ടായി.

ഒരിക്കൽ, സജീവമായ ഒരു ബൈബിൾ ചർച്ചയ്‌ക്കു ശേഷം, മുത്തശ്ശന്റെ കൂടെ പ്രവർത്തിച്ചിരുന്ന സഹോദരൻ ഇങ്ങനെ പറഞ്ഞു: “സി. ജെ., താങ്കളൊരു അബദ്ധം കാട്ടി.”

“എന്ത്‌ അബദ്ധം?” മുത്തശ്ശൻ ചോദിച്ചു. അദ്ദേഹം തന്റെ അടിക്കുപ്പായം പരിശോധിച്ചുനോക്കിയപ്പോൾ അതിന്റെ രണ്ടു പോക്കറ്റുകളും കാലിയായിരുന്നു.

“വീട്ടുകാരന്‌ സുവർണയുഗത്തിന്റെ വരിസംഖ്യ നൽകാൻ താങ്കൾ മറന്നു.” താൻ എഴുതുന്ന മാസിക സമർപ്പിക്കാൻ അതിന്റെ പത്രാധിപർ മറന്നതിന്റെ പേരിൽ അവർ പൊട്ടിച്ചിരിച്ചു.

ബാല്യകാല സ്‌മരണകൾ

ഞാൻ ഒരു കൊച്ചുകുട്ടി ആയിരുന്നപ്പോൾ, മുത്തശ്ശൻ എന്നെ മടിയിലിരുത്തി എന്റെ കൈകൾ കൈക്കുള്ളിൽ വെച്ച്‌ “വിരൽ കഥ” പറയുന്നത്‌ ഞാൻ ഇപ്പോഴും ഓർക്കുന്നു. തള്ളവിരലിനെ “ടോമി തമ്പ്‌” എന്നും ചൂണ്ടുവിരലിനെ “പീറ്റർ പോയിന്റർ” എന്നുമാണ്‌ അദ്ദേഹം വിളിച്ചിരുന്നത്‌. ഓരോ വിരലിനെ കുറിച്ചും വിശേഷമായ എന്തെങ്കിലും അദ്ദേഹം പറയുമായിരുന്നു. എന്നിട്ട്‌ വിരലുകളെല്ലാം ചുരുട്ടിപ്പിടിച്ചുകൊണ്ട്‌ മുത്തശ്ശൻ ഈ ഗുണപാഠം നൽകുമായിരുന്നു: “ഒന്നിച്ചു നിന്നാലേ കരുത്തുണ്ടാകൂ.”

വിവാഹം കഴിഞ്ഞതോടെ മമ്മിയും ഡാഡിയും ക്ലീവ്‌ലൻഡിലേക്കു താമസം മാറി. അവിടെ അവർ എഡ്‌ ഹൂപ്പറും ഭാര്യ മേരിയുമായി ഉറ്റ ചങ്ങാത്തത്തിലായി. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ അവരുടെ കുടുംബങ്ങൾ ബൈബിൾ വിദ്യാർഥികൾ ആയിക്കഴിഞ്ഞിരുന്നു. എന്റെ മാതാപിതാക്കളും എഡ്‌ അങ്കിളും മേരി ആന്റിയും​—⁠അങ്ങനെയാണ്‌ ഞാൻ അവരെ വിളിച്ചിരുന്നത്‌​—⁠തമ്മിൽ പിരിയാനാവാത്ത ഒരു ബന്ധമാണ്‌ ഉണ്ടായിരുന്നത്‌. ഹൂപ്പർ ദമ്പതികൾക്ക്‌ ഉണ്ടായിരുന്ന ഒരേയൊരു പെൺകുട്ടി മരിച്ചുപോയിരുന്നു. അതിനാൽ 1934-ൽ ജനിച്ച ഞാൻ അവരുടെ വിശേഷപ്പെട്ട “മകൾ” ആയിത്തീർന്നു ഞാൻ. ആത്മീയമായി സമ്പന്നമായ അത്തരം ഒരു സാഹചര്യത്തിൽ വളർന്നുവന്ന ഞാൻ, ദൈവത്തിന്‌ എന്റെ ജീവിതം സമർപ്പിക്കുകയും എട്ടു വയസ്സാകുന്നതിനു മുമ്പ്‌ സ്‌നാപനമേൽക്കുകയും ചെയ്‌തു.

ബാല്യകാലത്തിൽത്തന്നെ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു ബൈബിൾ വായന. ദൈവത്തിന്റെ പുതിയ ലോകത്തെ കുറിച്ചു യെശയ്യാവു 11:6-9-ൽ ഉള്ള വിവരണം എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട തിരുവെഴുത്തു ഭാഗങ്ങളിൽ ഒന്നാണ്‌. ഞാൻ ബൈബിൾ പുറത്തോടുപുറം വായിച്ചുതീർക്കാൻ ശ്രമം നടത്തിയത്‌ 1944-ൽ ആണ്‌. ന്യൂയോർക്കിലെ ബഫലോയിൽ നടന്ന കൺവെൻഷനിൽ പുറത്തിറക്കിയ അമേരിക്കൻ പ്രമാണ ഭാഷാന്തരത്തിന്റെ ഒരു പ്രത്യേക പതിപ്പ്‌ ലഭിച്ചപ്പോഴാണ്‌ ഞാൻ ആ ലക്ഷ്യമിട്ടത്‌. “പഴയ നിയമ”ത്തിൽ ഏകദേശം 7,000 പ്രാവശ്യം ദൈവനാമം അടങ്ങിയിരുന്ന ആ പരിഭാഷ വായിക്കാൻ കഴിഞ്ഞതിൽ എനിക്ക്‌ അതിയായ സന്തോഷം തോന്നി!

വാരാന്തങ്ങൾ വളരെ സന്തോഷഭരിതമായിരുന്നു. ഒരു ദിവസം ഗ്രാമപ്രദേശങ്ങളിൽ സാക്ഷീകരണത്തിനു പോയപ്പോൾ മമ്മിയും ഡാഡിയും ഹൂപ്പർ ദമ്പതികളും എന്നെ കൂടെ കൊണ്ടുപോയി. ഉച്ചഭക്ഷണം കൂടെ കരുതിയിരുന്ന ഞങ്ങൾ ഒരു അരുവിക്കു സമീപം പിക്‌നിക്ക്‌ നടത്തി. തുടർന്ന്‌, ആരുടെയോ ഒരു കൃഷിയിടത്തിൽ വെച്ച്‌ ഒരു ബൈബിൾ പ്രസംഗവും നടത്തി. പ്രസംഗം കേൾക്കാൻ ആ പ്രദേശത്തുള്ള എല്ലാവരെയും ഞങ്ങൾ ക്ഷണിച്ചിരുന്നു. സന്തോഷഭരിതവും ലളിതവുമായിരുന്നു ഞങ്ങളുടെ കുടുംബജീവിതം. അക്കാലത്തെ ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളിൽ പലരും സഞ്ചാരമേൽവിചാരകന്മാർ ആയിത്തീർന്നു. എഡ്‌ ഹൂപ്പറും ബോബ്‌ റെയ്‌നറും അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാരും അതിൽപ്പെടും. അവരിൽ റിച്ചാർഡ്‌ റെയ്‌നർ ഭാര്യ ലിൻഡയോടൊപ്പം ഇപ്പോഴും സഞ്ചാരവേലയിലാണ്‌.

വേനൽക്കാലം അങ്ങേയറ്റം സന്തോഷഭരിതമായിരുന്നു. പേരമ്മയുടെ മകളും ഇളയ സഹോദരന്റെ മകളുമൊത്ത്‌ ഞാൻ ഹോവൽ ഫാമിൽ താമസിക്കുമായിരുന്നു. 1949-ൽ പേരമ്മയുടെ മകൾ ഗ്രേസ്‌, മാൽക്കം അലനെ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ ഇളയ സഹോദരൻ എന്റെ ഭർത്താവായിത്തീരുമെന്ന്‌ ഞാൻ സ്വപ്‌നത്തിൽപ്പോലും കരുതിയിരുന്നില്ല. എന്റെ ഇളയമ്മാവന്റെ മകൾ ഉറുഗ്വേയിൽ ഒരു മിഷനറി ആയിരുന്നു. അവൾ 1966-ൽ ഹോവാർഡ്‌ ഹിൾബണിനെ വിവാഹം ചെയ്‌തു. എന്റെ ഈ രണ്ടു ബന്ധുക്കളും നിരവധി വർഷങ്ങളോളം തങ്ങളുടെ ഭർത്താക്കന്മാരോടൊത്ത്‌ ബ്രുക്ലിൻ ഹെഡ്‌ക്വാർട്ടേഴ്‌സിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

മുത്തശ്ശനും എന്റെ ഹൈസ്‌കൂൾ വിദ്യാഭ്യാസവും

ഞാൻ ഹൈസ്‌കൂളിൽ ആയിരുന്ന സമയത്ത്‌ മുത്തശ്ശൻ നിരന്തരം എനിക്കു കത്തുകൾ എഴുതുമായിരുന്നു. കത്തുകളോടൊപ്പം പിൻവശത്ത്‌ വിശദമായ കുറിപ്പുകൾ ടൈപ്പു ചെയ്‌ത പഴയ കുടുംബ ഫോട്ടോകളും അദ്ദേഹം അയയ്‌ക്കുമായിരുന്നു. അങ്ങനെ അദ്ദേഹം കുടുംബചരിത്രം എന്നോടൊപ്പം പങ്കുവെച്ചു. അങ്ങനെയാണ്‌ അന്യായമായി തടവിലാക്കപ്പെട്ട അദ്ദേഹത്തിന്റെയും മറ്റുള്ളവരുടെയും ഫോട്ടോ എനിക്കു ലഭിച്ചത്‌.

1951-ൽ, കണ്‌ഠനാളത്തിന്‌ ക്യാൻസർ പിടിപെട്ടതിനെ തുടർന്ന്‌ മുത്തശ്ശനു സംസാരിക്കാൻ കഴിയാതായി. എങ്കിലും അദ്ദേഹത്തിന്റെ നർമബോധം നഷ്ടപ്പെട്ടിരുന്നില്ല. എപ്പോഴും കൂടെ കരുതിയിരുന്ന ഒരു

ചെറിയ നോട്ടുബുക്കിൽ അത്‌ എഴുതേണ്ടിയിരുന്നു എന്ന ഒരു വ്യത്യാസം മാത്രം. 1952 ജനുവരിയിൽ എന്റെ ഹൈസ്‌കൂൾ അർധവാർഷിക ചടങ്ങിനുള്ള സമയമായി. ഡിസംബർ ആദ്യംതന്നെ, പ്രസ്‌തുത ചടങ്ങിൽ നടത്താനിരുന്ന പ്രസംഗത്തിന്റെ ഒരു ഡ്രാഫ്‌റ്റ്‌ ഞാൻ മുത്തശ്ശന്‌ അയച്ചുകൊടുത്തു. അദ്ദേഹം അതിൽ ഏതാനും തിരുത്തലുകൾ വരുത്തി, അവസാനത്തെ പേജിൽ “മുത്തശ്ശനു സന്തോഷമായി” എന്നെഴുതി എനിക്കു തിരിച്ചയച്ചു. ആ വാക്കുകൾ എന്നെ ശരിക്കും സ്‌പർശിച്ചു. 1951 ഡിസംബർ 18-ന്‌ 81-ാമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ ഭൗമിക ജീവിതഗതി അവസാനിച്ചു. * മങ്ങിപ്പോയിരിക്കുന്നെങ്കിലും മുത്തശ്ശന്റെ കയ്യക്ഷരമുള്ള ആ ഡ്രാഫ്‌റ്റ്‌ ഞാൻ ഇപ്പോഴും പ്രിയങ്കരമായി സൂക്ഷിക്കുന്നു.

ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഞാൻ ഉടൻതന്നെ പയനിയറിങ്‌​—⁠യഹോവയുടെ സാക്ഷികളുടെ മുഴുസമയ പ്രസംഗപ്രവർത്തനം​—⁠തുടങ്ങി. 1958-ൽ ഞാൻ ന്യൂയോർക്ക്‌ നഗരത്തിൽ നടന്ന ബൃഹത്തായ ഒരു കൺവെൻഷനിൽ സംബന്ധിച്ചു. 123 രാജ്യങ്ങളിൽ നിന്നെത്തിയ 2,53,922 പേർ അവിടത്തെ യാങ്കീ സ്റ്റേഡിയത്തിലും പോളോ ഗ്രൗണ്ടിലുമായി തിങ്ങിനിറഞ്ഞു. “വുഡ്‌വർത്ത്‌ മിൽസ്‌” എന്നു പേരെഴുതിയ ഒരു ബാഡ്‌ജ്‌ ധരിച്ച ഒരു പ്രതിനിധിയെ ഞാൻ കണ്ടുമുട്ടി. ഏകദേശം 30 വർഷങ്ങൾക്കു മുമ്പ്‌ അദ്ദേഹത്തിന്‌ എന്റെ മുത്തശ്ശന്റെ പേരാണ്‌ ലഭിച്ചത്‌!

എന്റെ പൈതൃകത്തിൽ സന്തുഷ്ട

എനിക്ക്‌ 14 വയസ്സുള്ളപ്പോൾ മമ്മി വീണ്ടും പയനിയറിങ്‌ തുടങ്ങി. 40 വർഷത്തിനു ശേഷം 1988-ൽ, പയനിയർ ആയിരിക്കെ, മമ്മി മരിച്ചു! സാധിക്കുമ്പോഴൊക്കെ ഡാഡിയും പയനിയറിങ്‌ ചെയ്യുമായിരുന്നു. മമ്മി മരിക്കുന്നതിന്‌ ഒമ്പതു മാസം മുമ്പ്‌ ഡാഡി മരിച്ചു. ബൈബിൾ പഠിക്കാൻ ഞങ്ങൾ സഹായിച്ചവർ ഞങ്ങളുടെ ആയുഷ്‌കാല സ്‌നേഹിതർ ആയിത്തീർന്നു. അവരുടെ പുത്രന്മാരിൽ ചിലർ ബ്രുക്ലിൻ ആസ്ഥാനത്ത്‌ സേവിക്കുകയും മറ്റു ചിലർ പയനിയറിങ്ങിൽ ഏർപ്പെടുകയും ചെയ്‌തിരിക്കുന്നു.

എന്നെ സംബന്ധിച്ചിടത്തോളം 1959 ഒരു സവിശേഷ വർഷമായിരുന്നു. ആ വർഷമാണ്‌ പോൾ അലനെ ഞാൻ പരിചയപ്പെട്ടത്‌. ഏഴാമത്തെ ഗിലെയാദ്‌ ക്ലാസ്സിൽനിന്ന്‌​—⁠യഹോവയുടെ സാക്ഷികളുടെ മിഷനറിമാരെ പരിശീലിപ്പിക്കുന്ന സ്‌കൂളാണ്‌ ഇത്‌​—⁠ബിരുദം നേടിയശേഷം 1946-ൽ സഞ്ചാര മേൽവിചാരകനായി അദ്ദേഹത്തിനു നിയമനം ലഭിച്ചിരുന്നു. പോളിന്റെ അടുത്ത നിയമനം ഞാൻ പയനിയറിങ്‌ ചെയ്‌തിരുന്ന ഒഹായോവിലെ ക്ലീവ്‌ലൻഡിൽ ആയിരിക്കുമെന്ന്‌ ആ കണ്ടുമുട്ടലിന്റെ സമയത്ത്‌ ഞങ്ങൾ ഇരുവരും അറിഞ്ഞിരുന്നില്ല. ഡാഡിക്കും മമ്മിക്കും അദ്ദേഹത്തെ വലിയ കാര്യമായിരുന്നു. കുടുംബാംഗങ്ങളുടെയെല്ലാം സാന്നിധ്യത്തിൽ ഹോവൽ ഫാമിൽവെച്ച്‌ 1963 ജൂലൈ മാസത്തിൽ ഞാനും അദ്ദേഹവും തമ്മിലുള്ള വിവാഹം നടന്നു; എഡ്‌ ഹൂപ്പറാണ്‌ വിവാഹച്ചടങ്ങിന്‌ അധ്യക്ഷത വഹിച്ചത്‌. അത്‌ ഒരു സ്വപ്‌നസാക്ഷാത്‌കാരം ആയിരുന്നു.

പോളിന്‌ സ്വന്തമായി കാറുണ്ടായിരുന്നില്ല. ക്ലീവ്‌ലൻഡിൽനിന്ന്‌ അടുത്ത നിയമനസ്ഥലത്തേക്കു പോയപ്പോൾ ഞങ്ങളുടെ സാധനങ്ങളെല്ലാം എനിക്കുണ്ടായിരുന്ന 1961 മോഡൽ വോൾക്‌സ്‌വേഗൻ കാറിൽ കൊള്ളിച്ചു. ഓരോ തിങ്കളാഴ്‌ചയും മറ്റൊരു സഭ സന്ദർശിക്കാൻ പോകുമ്പോൾ ആ ചെറിയ കാറിൽ ഞങ്ങളുടെ സാധനങ്ങളെല്ലാം നിറയ്‌ക്കുന്നതു കാണാൻ മിക്കപ്പോഴും സ്‌നേഹിതർ എത്തുമായിരുന്നു. സൂട്ട്‌കെയ്‌സുകളും ബ്രീഫ്‌കെയ്‌സുകളും ഫയൽ ബോക്‌സുകളും ടൈപ്പ്‌റൈറ്ററും മറ്റു പല സാധനങ്ങളും ഞങ്ങൾ ആ കൊച്ചു കാറിൽ കൊള്ളിക്കുമായിരുന്നു.

സഞ്ചാരവേലയിൽ പോളും ഞാനുമൊന്നിച്ച്‌ നിരവധി മൈലുകൾ യാത്ര ചെയ്‌തിട്ടുണ്ട്‌. ഈ വ്യവസ്ഥിതിയിലെ ജീവിതത്തിന്റെ സുഖദുഃഖങ്ങൾ ഞങ്ങൾ അനുഭവിച്ചിരിക്കുന്നു. എല്ലാ സാഹചര്യത്തിലും സഹിച്ചുനിൽക്കാൻ യഹോവ ഞങ്ങൾക്കു ശക്തി തന്നിരിക്കുന്നു. ഞങ്ങൾ ഒരുമിച്ചു ചെലവഴിച്ച വർഷങ്ങൾ യഹോവയോടും പുതിയവരും പഴയവരുമായ സ്‌നേഹിതരോടുമുള്ള സ്‌നേഹവും ഒപ്പം പരസ്‌പര സ്‌നേഹവും നിറഞ്ഞതാണ്‌. ഞങ്ങളുടെ ജീവിതത്തിൽ ഏറ്റവും എടുത്തുപറയാവുന്ന ഒരു സംഗതി പോളിന്റെ പരിശീലനാർഥം ഞങ്ങൾ പാറ്റേഴ്‌സണിൽ ചെലവഴിച്ച രണ്ടു മാസമാണ്‌. യഹോവയുടെ സംഘടനയെ അടുത്തു കാണാൻ കഴിഞ്ഞത്‌ എന്റെ അമൂല്യ പൈതൃകത്തിന്റെ ഭാഗമായി എനിക്കു കൈമാറിക്കിട്ടിയിട്ടുള്ള ബോധ്യത്തെ, അതായത്‌, ഇതുതന്നെയാണ്‌ ദൈവത്തിന്റെ സംഘടന എന്ന ബോധ്യത്തെ ഒന്നുകൂടി സ്ഥിരീകരിച്ചിരിക്കുന്നു. ആ സംഘടനയുടെ ചെറിയ ഒരു ഭാഗമായിരിക്കാൻ പോലും കഴിയുന്നത്‌ എത്ര വലിയ സന്തോഷമാണ്‌ കൈവരുത്തുന്നത്‌!

[അടിക്കുറിപ്പ്‌]

^ ഖ. 46 1952 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 128-ാമത്തെ പേജ്‌ കാണുക.

[25-ാം പേജിലെ ചിത്രം]

1941-ൽ സെന്റ്‌ ലൂയിസിൽ നടന്ന കൺവെൻഷന്‌ മുമ്പ്‌ എഡ്‌ ഹൂപ്പറുമൊത്ത്‌; ആ കൺവെൻഷനിലാണ്‌ “കുട്ടികൾ” പുസ്‌തകത്തിന്റെ ഒരു കോപ്പി എനിക്കു ലഭിച്ചത്‌

[26-ാം പേജിലെ ചിത്രം]

മുത്തശ്ശൻ, 1948-ൽ

[26-ാം പേജിലെ ചിത്രം]

ഹോവൽ ഫാമിൽവെച്ച്‌ എന്റെ മാതാപിതാക്കളുടെ (വൃത്തത്തിൽ) വിവാഹം നടന്നപ്പോൾ

[27-ാം പേജിലെ ചിത്രം]

1918-ൽ അന്യായമായി തടവിലാക്കപ്പെട്ട എട്ടു ബൈബിൾ വിദ്യാർഥികൾ (വലത്തേ അറ്റത്തു നിൽക്കുന്നത്‌ മുത്തശ്ശൻ)

[29-ാം പേജിലെ ചിത്രം]

ഞങ്ങളുടെ സാധനങ്ങളെല്ലാം വോൾക്‌സ്‌വേഗൻ കാറിൽ ഒതുങ്ങി

[29-ാം പേജിലെ ചിത്രം]

ഭർത്താവ്‌ പോളുമൊത്ത്‌