വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിത്യ സന്തുഷ്‌ടി—സ്വർഗത്തിലോ ഭൂമിയിലോ?

നിത്യ സന്തുഷ്‌ടി—സ്വർഗത്തിലോ ഭൂമിയിലോ?

നിത്യ സന്തുഷ്‌ടി—സ്വർഗത്തിലോ ഭൂമിയിലോ?

നിങ്ങളുടെ സന്തുഷ്ടി മുഖ്യമായും ആശ്രയിച്ചിരിക്കുന്നത്‌ നിങ്ങൾ എവിടെ ജീവിക്കുന്നു എന്നതിനെയാണോ? നല്ല ആരോഗ്യവും ജീവിതത്തിൽ ഒരു ഉദ്ദേശ്യവും ഉണ്ടായിരിക്കുക, മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ പുലർത്തുക തുടങ്ങിയ കാര്യങ്ങളാണ്‌ നമ്മുടെ സന്തുഷ്ടിയെ ഏറ്റവുമധികം സ്വാധീനിക്കുന്നത്‌ എന്നതിനോടു മിക്കവരും യോജിക്കുമെന്നതിനു സംശയമില്ല. അതേക്കുറിച്ച്‌ ബൈബിളിലെ ഒരു സദൃശവാക്യം ഇങ്ങനെ പറയുന്നു: ‘ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാൾ സ്‌നേഹമുള്ളെടത്തെ ശാകഭോജനം നല്ലത്‌.’​—⁠സദൃശവാക്യങ്ങൾ 15:⁠17.

എന്നാൽ ദുഃഖകരമെന്നു പറയട്ടെ, നമ്മുടെ ഭൗമിക ഗൃഹം വിദ്വേഷവും അക്രമവും മറ്റു തരത്തിലുള്ള ദുഷ്ടതയുംകൊണ്ടു നിറഞ്ഞിരിക്കുന്നു. എന്നാൽ, മരണാനന്തരം ആളുകൾ പോകാൻ ആഗ്രഹിക്കുന്ന ആത്മമണ്ഡലമായ സ്വർഗത്തിന്റെ കാര്യമോ? ആളുകൾ സാധാരണ വിചാരിക്കുന്നതു പോലെ, എക്കാലവും സ്വർഗം യാതൊരു പ്രശ്‌നങ്ങളുമില്ലാത്ത, എങ്ങും ശാന്തിയും സമാധാനവും കളിയാടുന്ന ഒരു സ്ഥലമായിരുന്നിട്ടുണ്ടോ?

ദൂതന്മാർ എന്നു വിളിക്കപ്പെടുന്ന ദശലക്ഷക്കണക്കിന്‌ ആത്മസൃഷ്ടികളോടൊപ്പം ദൈവം സ്വർഗത്തിൽ വസിക്കുന്നതായി ബൈബിൾ പഠിപ്പിക്കുന്നു. (മത്തായി 18:11; വെളിപ്പാടു 5:11) ഇവരെ ‘ദൈവപുത്രന്മാർ’ എന്നാണു വിളിച്ചിരിക്കുന്നത്‌. (ഇയ്യോബ്‌ 38:4, 6) ഇവർ യന്ത്രമനുഷ്യരല്ല, മനുഷ്യരെപ്പോലെ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്‌തിയുള്ളവരാണ്‌. അതിനാൽ ശരി ചെയ്യണമോ തെറ്റു ചെയ്യണമോ എന്ന്‌ അവർക്കു തീരുമാനിക്കാൻ കഴിയും. ദൂതന്മാർ തെറ്റു ചെയ്യുമോ? ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ്‌ നിരവധി ദൂതന്മാർ ദൈവത്തിനെതിരെ മത്സരിച്ചുകൊണ്ട്‌ അവനോടു പാപം ചെയ്‌തെന്നു മനസ്സിലാക്കുമ്പോൾ ചിലർക്ക്‌ അതിശയം തോന്നിയേക്കാം.​—⁠യൂദാ 6.

സ്വർഗത്തിലെ മത്സരികൾ

ഒരു ദൂതന്റെ മത്സരത്തെ തുടർന്നാണ്‌ ആത്മമണ്ഡലത്തിൽ പാപം രംഗപ്രവേശം ചെയ്‌തത്‌. ആ ദൂതനെ ബൈബിളിൽ സാത്താൻ (എതിരാളി) എന്നും പിശാച്‌ (ദൂഷകൻ) എന്നും വിളിച്ചിരിക്കുന്നു. ദൈവത്തെ അനുസരിച്ചിരുന്ന ഈ ദൂതൻ ഒരിക്കൽ തന്റെ സ്വതന്ത്ര ഇച്ഛാശക്തി ദുരുപയോഗപ്പെടുത്തിക്കൊണ്ട്‌ തെറ്റു ചെയ്‌തു. തുടർന്ന്‌ മറ്റ്‌ ആത്മസൃഷ്ടികളുടെ മേൽ അവൻ മോശമായ സ്വാധീനം ചെലുത്തി. അങ്ങനെ നോഹയുടെ നാളിൽ, ജലപ്രളയത്തിനു മുമ്പ്‌, ദൈവത്തോടു മത്സരിക്കുന്നതിൽ അനേകം ദൂതന്മാർ സാത്താനോടു ചേരുകയുണ്ടായി.​—⁠ഉല്‌പത്തി 6:2; 2 പത്രൊസ്‌ 2:⁠4.

പാപികളായ ഈ ദൂതന്മാരെ സ്വർഗത്തിൽനിന്ന്‌ ദൈവം ഉടനെ നീക്കം ചെയ്‌തില്ല. അവർക്ക്‌ പിന്നെയും ആയിരക്കണക്കിനു വർഷത്തേക്കു സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയുമായിരുന്നു. * എങ്കിലും, അവർക്കു ചില വിലക്കുകൾ ഉണ്ടായിരുന്നുവെന്ന്‌ നിഗമനം ചെയ്യാവുന്നതാണ്‌. എന്നാൽ, തക്കസമയം വന്നപ്പോൾ ദൈവം സ്വർഗത്തിൽനിന്ന്‌ അവരെ “തള്ളിക്കളഞ്ഞു.” അവർ തീർച്ചയായും എന്നേക്കുമായി നശിപ്പിക്കപ്പെടും. സ്വർഗത്തിൽ നിന്നുള്ള ഒരു ശബ്ദം ഇങ്ങനെ പറഞ്ഞു: “ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിൻ.” (വെളിപ്പാടു 12:7-12) കുഴപ്പക്കാരായ ആ ദുഷ്ട ദൂതന്മാരെ ഒടുവിൽ സ്വർഗത്തിൽനിന്ന്‌ തള്ളിക്കളഞ്ഞതിൽ വിശ്വസ്‌ത ദൂതന്മാർ നിശ്ചയമായും സന്തോഷിച്ചു!

പരക്കെ അറിയപ്പെടാത്ത ഈ വിശദാംശങ്ങൾ കണക്കിലെടുക്കുമ്പോൾ, ബുദ്ധിശക്തിയുള്ള സൃഷ്ടികൾ ദൈവനിയമങ്ങളും തത്ത്വങ്ങളും എപ്പോൾ അവഗണിച്ചാലും യഥാർഥ സമാധാനം തകരുമെന്ന കാര്യം വ്യക്തമായിത്തീരുന്നു. (യെശയ്യാവു 57:20, 21; യിരെമ്യാവു 14:19, 20) മറിച്ച്‌, സകലരും ദൈവനിയമങ്ങൾ അനുസരിക്കുമ്പോൾ സമാധാനവും ശാന്തിയും കളിയാടും. (സങ്കീർത്തനം 119:165; യെശയ്യാവു 48:17, 18) അതിനാൽ, മനുഷ്യരെല്ലാവരും ദൈവത്തെ സ്‌നേഹിക്കുകയും അനുസരിക്കുകയും ഒപ്പം അന്യോന്യം സ്‌നേഹിക്കുകയും ചെയ്യുന്നെങ്കിൽ, ഭൂമി ആനന്ദവും സന്തോഷവുമുള്ള ഒരു വാസസ്ഥാനം ആയിരിക്കുകയില്ലേ? ഉവ്വ്‌ എന്നു ബൈബിൾ ഉത്തരം നൽകുന്നു!

എന്നാൽ തങ്ങളുടെ ദുഷ്‌ട രീതികൾക്കു മാറ്റം വരുത്താൻ സ്വാർഥപൂർവം വിസമ്മതിക്കുന്നവരുടെ കാര്യമോ? ദൈവഹിതം ചെയ്യാൻ യഥാർഥ ആഗ്രഹമുള്ളവരുടെ സമാധാനം കെടുത്താൻ അവർ എക്കാലവും ഉണ്ടായിരിക്കുമോ? ഇല്ല. സ്വർഗത്തിലെ ദുഷ്ട ദൂതന്മാരെ ദൈവം നീക്കം ചെയ്‌തതുപോലെ, ഭൂമിയിലെ ദുഷ്ടരെയും അവൻ ഇല്ലാതാക്കും.

ശുദ്ധീകരിക്കപ്പെട്ട ഒരു ഭൂമി

“സ്വർഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു” എന്നു ദൈവം പ്രസ്‌താവിച്ചു. (യെശയ്യാവു 66:1) വിശുദ്ധിയുടെ സമൂർത്തഭാവമായിരിക്കുന്ന ദൈവം തന്റെ ‘പാദപീഠ’മായ ഭൂമി ദുഷ്ടതയാൽ എന്നേക്കും അശുദ്ധമായിത്തീരാൻ അനുവദിക്കുകയില്ല. (യെശയ്യാവു 6:1-3; വെളിപ്പാടു 4:8) സ്വർഗത്തിൽനിന്ന്‌ ദുഷ്ടാത്മാക്കളെ നീക്കം ചെയ്‌തതുപോലെ, ഭൂമിയിൽനിന്ന്‌ ദുഷ്ടമനുഷ്യരെയും അവൻ നീക്കിക്കളയുമെന്ന്‌ തുടർന്നുവരുന്ന ബൈബിൾ ഭാഗങ്ങൾ വ്യക്തമാക്കുന്നു:

“ദുഷ്‌പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.”​—⁠സങ്കീർത്തനം 37:⁠9.

“നേരുള്ളവർ ദേശത്തു വസിക്കും; നിഷ്‌കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.”​—⁠സദൃശവാക്യങ്ങൾ 2:21, 22.

“കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽനിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ നിങ്ങളെ പീഡിപ്പിക്കുന്നവർക്കു പീഡയും പീഡ അനുഭവിക്കുന്ന നിങ്ങൾക്കു ഞങ്ങളോടുകൂടെ ആശ്വാസവും പകരം നല്‌കുന്നതു ദൈവസന്നിധിയിൽ നീതിയല്ലോ. . . . സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.”​—⁠2 തെസ്സലൊനീക്യർ 1:6-10.

“[ദുഷ്ട മനുഷ്യവർഗ] ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”​—⁠1 യോഹന്നാൻ 2:⁠17.

ഭൂമിയിൽ സമാധാനം നിലനിൽക്കുമോ?

ദൈവം എക്കാലവും ദുഷ്ടന്മാരെ വെച്ചുപൊറുപ്പിക്കുകയില്ലെന്ന്‌ തിരുവെഴുത്തുകൾ വ്യക്തമായി പറയുന്നു. എന്നാൽ, ഒരിക്കൽ ഇല്ലായ്‌മ ചെയ്‌ത ദുഷ്ടത മടങ്ങിവരുകയില്ലെന്ന്‌ നമുക്ക്‌ എങ്ങനെയാണ്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയുക? നോഹയുടെ നാളിലെ ജലപ്രളയശേഷം, ഭാഷ കലക്കിക്കൊണ്ട്‌ മനുഷ്യരുടെ ദുഷ്ട പദ്ധതികളെ വിഫലമാക്കാൻ ദൈവത്തിന്‌ നടപടി എടുക്കേണ്ടിവരുമാറ്‌ ദുഷ്ടത വീണ്ടും ഭൂമിയിൽ പെരുകുകയില്ലേ?​—⁠ഉല്‌പത്തി 11:1-8.

ഭൂമിയിൽ വീണ്ടും ഒരിക്കലും ദുഷ്ടത മുളച്ചുപൊന്തുകയില്ലെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും. അതിനുള്ള പ്രധാന കാരണം, ജലപ്രളയാനന്തരം സംഭവിച്ചതുപോലെ ഭൂമിയെ പിന്നീടു ഭരിക്കുന്നത്‌ മനുഷ്യർ ആയിരിക്കുകയില്ല, മറിച്ച്‌

ദൈവരാജ്യം ആയിരിക്കും എന്നതാണ്‌. സ്വർഗത്തിൽനിന്നു ഭരണം നടത്തുന്ന ആ രാജ്യമായിരിക്കും ഭൂമിമേലുള്ള ഏക ഗവൺമെന്റ്‌. (ദാനീയേൽ 2:44; 7:13, 14) ദുഷ്ടത പ്രവർത്തിക്കാൻ തുനിയുന്ന ഏതൊരാൾക്കും എതിരെ അത്‌ സത്വര നടപടിയെടുക്കും. (യെശയ്യാവു 65:20) വാസ്‌തവത്തിൽ ദൈവരാജ്യം ദുഷ്ടതയ്‌ക്കു കാരണക്കാരനായ സാത്താനെയും അവനെ അനുഗമിച്ച ദുഷ്ട ദൂതന്മാരായ ഭൂതങ്ങളെയും ഒടുവിൽ നശിപ്പിക്കും.​—⁠റോമർ 16:⁠20.

മാത്രമല്ല, ഭക്ഷണത്തെയോ വസ്‌ത്രത്തെയോ പാർപ്പിടത്തെയോ തൊഴിലിനെയോ കുറിച്ചൊന്നും മനുഷ്യവർഗത്തിന്‌ ഉത്‌കണ്‌ഠപ്പെടേണ്ടി വരികയില്ല. അത്തരം അടിസ്ഥാന സംഗതികളുടെ അഭാവമാണ്‌ ഇന്നു പലരെയും കുറ്റവാളികളാക്കുന്നത്‌. അതേ, മുഴുഭൂമിയും സകലർക്കും സമൃദ്ധി അനുഭവിക്കാൻ കഴിയുന്ന ഉത്‌പാദനക്ഷമമായ ഒരു പറുദീസ ആയിത്തീരും.​—⁠യെശയ്യാവു 65:21-23; ലൂക്കൊസ്‌ 23:⁠43.

അതിലും പ്രധാനമായി, ദൈവരാജ്യം അതിന്റെ പ്രജകളെ സമാധാനപരമായ ജീവിതം നയിക്കാൻ പഠിപ്പിക്കുകയും ഒപ്പം അവരെ മനുഷ്യപൂർണതയുടെ പാരമ്യത്തിലേക്ക്‌ ഉയർത്തുകയും ചെയ്യും. (യോഹന്നാൻ 17:3; റോമർ 8:20) തന്മൂലം, മനുഷ്യവർഗത്തിനു മേലാൽ ബലഹീനതകളോ പാപപ്രവണതകളോ ഉണ്ടായിരിക്കുകയില്ല. പൂർണ മനുഷ്യനായിരുന്ന യേശുവിനെ പോലെ, അപ്പോൾ ദൈവത്തെ പൂർണമായി അനുസരിക്കാനാകുമെന്ന്‌ മാത്രമല്ല, അതു സന്തോഷകരവുമായിരിക്കും. (യെശയ്യാവു 11:3) യഥാർഥത്തിൽ, കടുത്ത പ്രലോഭനത്തിന്റെയും പീഡനത്തിന്റെയും മധ്യേ പോലും യേശു ദൈവത്തോടു വിശ്വസ്‌തത പാലിച്ചു. അത്തരത്തിലുള്ള പ്രലോഭനമോ പീഡനമോ പറുദീസയിൽ ഉണ്ടായിരിക്കുകയേയില്ല.​—⁠എബ്രായർ 7:⁠26.

ചിലർ സ്വർഗത്തിൽ പോകുന്നത്‌ എന്തുകൊണ്ട്‌?

“എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു . . . ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു” എന്ന യേശുവിന്റെ വാക്കുകൾ ബൈബിൾ വായിക്കുന്ന പലർക്കും വളരെ പരിചിതമാണ്‌. (യോഹന്നാൻ 14:2, 3) പറുദീസാ ഭൂമിയിലെ അനന്തജീവൻ എന്ന ആശയത്തിനു വിരുദ്ധമല്ലേ അത്‌?

ഈ പഠിപ്പിക്കലുകൾ പരസ്‌പര വിരുദ്ധങ്ങളല്ല; മറിച്ച്‌, പൂരകങ്ങളാണ്‌. വിശ്വസ്‌ത ക്രിസ്‌ത്യാനികളിൽ ഒരു നിശ്ചിത എണ്ണം​—⁠അതായത്‌ 1,44,000 പേർ​—⁠മാത്രമേ സ്വർഗീയ ജീവനായി ആത്മജീവികൾ എന്ന നിലയിൽ ഉയിർപ്പിക്കപ്പെടുന്നുള്ളൂ എന്നു ബൈബിൾ പറയുന്നു. അവർക്ക്‌ ഈ അത്യുത്തമ പ്രതിഫലം ലഭിക്കുന്നത്‌ എന്തുകൊണ്ടാണ്‌? എന്തുകൊണ്ടെന്നാൽ ‘ജീവിച്ചു ആയിരമാണ്ടു ക്രിസ്‌തുവിനോടുകൂടെ വാഴുന്നവരായി’ യോഹന്നാൻ ഒരു ദർശനത്തിൽ കണ്ട ഗണത്തിൽപ്പെടുന്നത്‌ അവരാണ്‌. (വെളിപ്പാടു 14:1, 3; 20:4-6) ഭൂമിയിലെ ശതകോടിക്കണക്കിന്‌ ആളുകളോടുള്ള താരതമ്യത്തിൽ 1,44,000 പേർ തീർച്ചയായും ‘ചെറിയൊരു ആട്ടിൻകൂട്ടം’ ആണ്‌. (ലൂക്കൊസ്‌ 12:32) മാത്രമല്ല, മനുഷ്യവർഗത്തിന്റെ പൊതുവായ പ്രശ്‌നങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുള്ള അവർക്ക്‌, മനുഷ്യരുടെയും ഭൂമിയുടെയും പുനരധിവാസത്തിനു നേതൃത്വം വഹിക്കുമ്പോൾ യേശുവിനെപ്പോലെ “നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ” കഴിയും.​—⁠എബ്രായർ 4:⁠15.

ഭൂമി​—⁠മനുഷ്യവർഗത്തിന്റെ നിത്യഭവനം

യേശുക്രിസ്‌തു മുഖാന്തരം മറുവില പ്രദാനം ചെയ്‌തുകൊണ്ട്‌, ഏകദേശം 2,000 വർഷങ്ങൾക്കു മുമ്പ്‌ 1,44,000 പേരെ കൂട്ടിച്ചേർക്കുന്ന പ്രവർത്തനത്തിനു ദൈവം തുടക്കം കുറിച്ചു; അവരുടെ എണ്ണം പൂർത്തിയായെന്നാണ്‌ സൂചനകൾ വ്യക്തമാക്കുന്നത്‌. (പ്രവൃത്തികൾ 2:1-4; ഗലാത്യർ 4:4-7) എന്നാൽ യേശുവിന്റെ മറുവില 1,44,000-ത്തിന്റെ പാപങ്ങൾക്കു മാത്രമുള്ളതായിരുന്നില്ല, “സർവ്വലോകത്തിന്റെ പാപത്തിന്നും” വേണ്ടിയുള്ളതായിരുന്നു. (1 യോഹന്നാൻ 2:⁠2) അതിനാൽ യേശുവിൽ വിശ്വാസമർപ്പിക്കുന്ന സകലർക്കും നിത്യജീവന്റെ പ്രതീക്ഷയുണ്ട്‌. (യോഹന്നാൻ 3:16) ദൈവത്തിന്റെ സ്‌മരണയിലുള്ള മരിച്ചവർ പുനരുത്ഥാനം പ്രാപിക്കും. എന്നാൽ അവർ സ്വർഗത്തിൽ ആയിരിക്കില്ല ജീവിക്കുന്നത്‌, മറിച്ച്‌ ശുദ്ധീകരിക്കപ്പെട്ട ഒരു ഭൂമിയിൽ ആയിരിക്കും. (സഭാപ്രസംഗി 9:5; യോഹന്നാൻ 11:11-13, 25; പ്രവൃത്തികൾ 24:15) അപ്പോൾ എന്തെല്ലാം അനുഗ്രഹങ്ങളായിരിക്കും അവർ അവിടെ ആസ്വദിക്കുക?

വെളിപ്പാടു 21:1-4 പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട്‌ അതിന്‌ ഉത്തരം നൽകുന്നു: ‘ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.’ മനുഷ്യർ മരണത്തിൽനിന്ന്‌ മുക്തരാകുന്നതിനെയും ദുഃഖവും വിലാപവും എന്നേക്കും പൊയ്‌പ്പോകുന്നതിനെയും കുറിച്ച്‌ സങ്കൽപ്പിച്ചുനോക്കൂ! ഒടുവിൽ, ഭൂമിയെയും മനുഷ്യവർഗത്തെയും സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യത്തിനു മഹത്ത്വമാർന്ന ഒരു നിവൃത്തിയുണ്ടാകും.​—⁠ഉല്‌പത്തി 1:27, 28.

നമ്മുടെ തിരഞ്ഞെടുപ്പ്‌ ​—⁠ജീവനോ അതോ മരണമോ?

ആദാമിനും ഹവ്വായ്‌ക്കും സ്വർഗീയ ജീവിതം തിരഞ്ഞെടുക്കാനുള്ള അവകാശം ഒരിക്കലും നൽകപ്പെട്ടില്ല. ഒന്നുകിൽ അവർക്ക്‌ ദൈവത്തെ അനുസരിച്ചുകൊണ്ട്‌ ഒരു പറുദീസാ ഭൂമിയിൽ എന്നേക്കും ജീവിച്ചിരിക്കാൻ കഴിയുമായിരുന്നു, അല്ലെങ്കിൽ അവനോട്‌ അനുസരണക്കേടു കാട്ടിക്കൊണ്ട്‌ മരണം വരിക്കാൻ കഴിയുമായിരുന്നു. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, അവർ അനുസരണക്കേടു കാണിച്ചുകൊണ്ട്‌ നിലത്തെ ‘പൊടിയിലേക്ക്‌’ തിരികെ ചേരുകയാണുണ്ടായത്‌. (ഉല്‌പത്തി 2:16, 17; 3:2-5, 19) മനുഷ്യർ മരിച്ചുചെന്ന്‌ സ്വർഗത്തെ നിറയ്‌ക്കുക എന്നത്‌ ഒരിക്കലും ദൈവത്തിന്റെ ഉദ്ദേശ്യം ആയിരുന്നില്ല. സ്വർഗത്തിൽ ജീവിക്കാൻ അവൻ നിരവധി ദൂതന്മാരെ സൃഷ്ടിച്ചു; ഈ ആത്മസൃഷ്ടികൾ മരിച്ച്‌ സ്വർഗീയ ജീവനിലേക്കു പുനരുത്ഥാനം പ്രാപിച്ച മനുഷ്യരല്ല.​—⁠സങ്കീർത്തനം 104:1, 4; ദാനീയേൽ 7:⁠10.

ഭൂമിയിലെ പറുദീസയിൽ നിത്യജീവൻ ആസ്വദിക്കാൻ നാം എന്തു ചെയ്യണം? ദൈവവചനമായ വിശുദ്ധ ബൈബിൾ പഠിക്കുകയാണ്‌ ആദ്യ പടി. “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ [“കുറിച്ചുള്ള പരിജ്ഞാനം,” NW] നിത്യജീവൻ ആകുന്നു” എന്ന്‌ പ്രാർഥനയിൽ യേശു പറയുകയുണ്ടായി.​—⁠യോഹന്നാൻ 17:⁠3.

ആ പരിജ്ഞാനപ്രകാരം ജീവിക്കുന്നത്‌ പറുദീസയിലെ നിത്യസന്തുഷ്ടി നേടുന്നതിനുള്ള മറ്റൊരു പടിയാണ്‌. (യാക്കോബ്‌ 1:22-24) ദൈവത്തിന്റെ വചനപ്രകാരം ജീവിക്കുന്നവർക്ക്‌, യെശയ്യാവു 11:​9-ൽ രേഖപ്പെടുത്തിയിരിക്കുന്നതു പോലുള്ള പുളകപ്രദമായ പ്രവചനങ്ങളുടെ നിവൃത്തി സ്വന്തം കണ്ണാൽ കാണുന്നതിനുള്ള പദവി ഉണ്ടായിരിക്കും. പ്രസ്‌തുത പ്രവചനം ഇങ്ങനെ പറയുന്നു: “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്‌കയില്ല.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.)

[അടിക്കുറിപ്പ്‌]

^ ഖ. 7 ദൈവം സ്വർഗത്തിലും ഭൂമിയിലും ദുഷ്ടത അനുവദിച്ചതിന്റെ കാരണം മനസ്സിലാക്കാൻ, വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ ഇൻഡ്യ പ്രസിദ്ധീകരിച്ചിരിക്കുന്ന നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകത്തിന്റെ 70-9 വരെയുള്ള പേജുകൾ കാണുക.

[7-ാം പേജിലെ ചിത്രങ്ങൾ]

“നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”​—⁠സങ്കീർത്തനം 37:29