വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനം—പ്രതിഫലദായകവും ആസ്വാദ്യവും

പഠനം—പ്രതിഫലദായകവും ആസ്വാദ്യവും

പഠനം—പ്രതിഫലദായകവും ആസ്വാദ്യവും

‘അതിനെ അന്വേഷിക്കുന്നു എങ്കിൽ, നീ ദൈവപരിജ്ഞാനം കണ്ടെത്തും.’ ​—⁠സദൃശവാക്യങ്ങൾ 2:4, 5.

1. വായന നമുക്ക്‌ ഉല്ലാസപ്രദമായിരിക്കുന്നത്‌ എങ്ങനെ?

അനേകരെയും സംബന്ധിച്ചിടത്തോളം വായന ഒരു വിനോദമാണ്‌. പ്രയോജനപ്രദമായ വിവരങ്ങളാണു വായിക്കുന്നതെങ്കിൽ അത്‌ ആരോഗ്യാവഹമായ വിനോദമാണെന്നു പറയാനാകും. പതിവായി പിൻപറ്റുന്ന ബൈബിൾ വായനാ പട്ടികയ്‌ക്കു പുറമേ ചില ക്രിസ്‌ത്യാനികൾ, സങ്കീർത്തനങ്ങൾ സദൃശവാക്യങ്ങൾ, സുവിശേഷ വിവരണങ്ങൾ തുടങ്ങിയ ബൈബിൾ ഭാഗങ്ങൾ വായിച്ചുകൊണ്ട്‌ അത്യധികം ആസ്വാദനം കണ്ടെത്തുന്നു. അവയിലെ ഭാഷയും ആശയങ്ങളും അവർക്ക്‌ അത്യന്തം സന്തോഷം പകരുന്നു. മറ്റു ചിലർ വിശ്രമ വായനയ്‌ക്കായി ഉപയോഗിക്കുന്നത്‌, യഹോവയുടെ സാക്ഷികളുടെ വാർഷിക പുസ്‌തകമോ ഉണരുക!യോ ഈ മാസികയിൽ പ്രസിദ്ധീകരിക്കുന്ന അനുഭവകഥകളോ ചരിത്രം, ഭൂമിശാസ്‌ത്രം, പ്രകൃതി വിജ്ഞാനം തുടങ്ങിയ വിഷയങ്ങളോ ആണ്‌.

2, 3. ആഴമേറിയ ആത്മീയ വിവരങ്ങളെ കട്ടിയായ ആഹാരത്തോടു താരതമ്യപ്പെടുത്താവുന്നത്‌ എങ്ങനെ? (ബി) പഠനത്തിൽ എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നു?

2 ഒഴുക്കൻ മട്ടിലുള്ള വായന രസകരമായ ഒരു വിനോദമായിരിക്കെ, പഠനത്തിൽ മാനസിക ശ്രമം ഉൾപ്പെട്ടിരിക്കുന്നു. ഇംഗ്ലീഷ്‌ തത്ത്വചിന്തകനായ ഫ്രാൻസിസ്‌ ബേക്കൻ ഇങ്ങനെ എഴുതി: “ചില പുസ്‌തകങ്ങൾ രുചിച്ചു നോക്കാനുള്ളവയാണ്‌. മറ്റു ചിലവ വിഴുങ്ങാനുള്ളവയാണ്‌. ഇനിയും ചിലവ ചവച്ചരച്ച്‌ ഇറക്കേണ്ടവയാണ്‌.” നിശ്ചയമായും, ബൈബിൾ അവസാനത്തെ വിഭാഗത്തിൽ പെടുന്നു. അതേക്കുറിച്ചു പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “[രാജാവും പുരോഹിതനുമായിരുന്ന മൽക്കീസേദക്കിനാൽ മുൻനിഴലാക്കപ്പെട്ട ക്രിസ്‌തുവിനെ കുറിച്ച്‌] ഞങ്ങൾക്കു വളരെ പറവാനുണ്ടു; എങ്കിലും നിങ്ങൾ കേൾപ്പാൻ മാന്ദ്യമുള്ളവരായി തീർന്നതുകൊണ്ടു തെളിയിച്ചുതരുവാൻ വിഷമം. കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പററുകയുള്ളു.” (എബ്രായർ 5:11, 14) കട്ടിയായ ആഹാരം ദഹിക്കേണ്ടതിനു നന്നായി ചവച്ചരയ്‌ക്കേണ്ടതുണ്ട്‌. സമാനമായി, ആഴമേറിയ ആത്മീയ വിവരങ്ങൾ ഉൾക്കൊള്ളുന്നതിനും ഹൃദയത്തിൽ സംഗ്രഹിക്കുന്നതിനും അതേക്കുറിച്ചുള്ള ധ്യാനം അനിവാര്യമാണ്‌.

3 ‘പഠന’ത്തിന്റെ ഇംഗ്ലീഷ്‌ പദത്തെ (study) ഒരു നിഘണ്ടു നിർവചിക്കുന്നത്‌ “വായനയിലൂടെയും ഗവേഷണത്തിലൂടെയും മറ്റും അറിവോ ഗ്രാഹ്യമോ നേടാനായി മനസ്സിനെ കർമനിരതമാക്കുന്ന പ്രവൃത്തി അഥവാ പ്രക്രിയ” എന്നാണ്‌. അതിനാൽ, ഉപരിപ്ലവമായ വായനയെ​—⁠ഒരുപക്ഷേ ചില വാക്കുകൾക്ക്‌ അടിവര ഇട്ടുകൊണ്ടു പോലും നടത്തുന്ന വായനയെ​—⁠പഠനം എന്ന്‌ അശേഷം വിളിക്കാനാവില്ല. പഠനം ഒരു ജോലിയാണ്‌. അതിൽ മാനസിക ശ്രമവും ഗ്രഹണപ്രാപ്‌തികളുടെ ഉപയോഗവും ഉൾപ്പെടുന്നു. പഠനത്തിനു ശ്രമം ആവശ്യമാണ്‌ എന്നതുകൊണ്ട്‌ അത്‌ ആസ്വാദ്യമായിരിക്കില്ല എന്നർഥമില്ല.

പഠനത്തെ ഒരു ഉല്ലാസമാക്കൽ

4. സങ്കീർത്തനക്കാരൻ പറയുന്ന പ്രകാരം, ദൈവവചനത്തിന്റെ പഠനം നവോന്മേഷപ്രദവും പ്രതിഫലദായകവും ആയിരിക്കുന്നത്‌ എങ്ങനെ?

4 ദൈവവചനം വായിക്കുകയും പഠിക്കുകയും ചെയ്യുന്നതു നവോന്മേഷപ്രദവും പ്രചോദനാത്മകവുമാണ്‌. അതേക്കുറിച്ചു സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്‌പബുദ്ധിയെ ജ്ഞാനിയാക്കുന്നു. യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്‌പന നിർമ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.” (സങ്കീർത്തനം 19:7, 8) യഹോവയുടെ നിയമങ്ങളും ഓർമിപ്പിക്കലുകളും നമ്മുടെ പ്രാണനെ പുനർജീവിപ്പിക്കുന്നു, ആത്മീയക്ഷേമത്തെ ഊട്ടിയുറപ്പിക്കുന്നു, നമുക്ക്‌ ആന്തരിക സന്തോഷം പ്രദാനം ചെയ്യുന്നു. കൂടാതെ അവ, യഹോവയുടെ മഹത്തായ ഉദ്ദേശ്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ഉൾക്കാഴ്‌ചകൊണ്ടു നമ്മുടെ കണ്ണുകളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. എത്ര സന്തോഷദായകം!

5. ഏതെല്ലാം വിധങ്ങളിൽ പഠനം നമുക്ക്‌ ഉല്ലാസമേകുന്നു?

5 ഏതെങ്കിലുമൊരു പ്രവൃത്തികൊണ്ടു നല്ല ഫലങ്ങൾ ഉണ്ടാകുന്നതായി കാണുമ്പോൾ നാം അതു കൂടുതലായി ആസ്വദിക്കാൻ തുടങ്ങുന്നു. അതുകൊണ്ട്‌, പഠനം ഉല്ലാസപ്രദം ആക്കുന്നതിന്‌ പുതുതായി ലഭിച്ച വിവരങ്ങൾ നാം സത്വരം ബാധകമാക്കേണ്ടതുണ്ട്‌. യാക്കോബ്‌ ഇങ്ങനെ എഴുതി: “സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉററുനോക്കി അതിൽ നിലനില്‌ക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW] ആകും.” (യാക്കോബ്‌ 1:25) പഠിച്ച ആശയങ്ങൾ വ്യക്തിഗത ജീവിതത്തിൽ ഉടനെ ബാധകമാക്കുന്നതു വളരെയധികം സംതൃപ്‌തി കൈവരുത്തുന്നു. പ്രസംഗ-പഠിപ്പിക്കൽ വേലയിൽ നാം അഭിമുഖീകരിക്കുന്ന ഒരു ചോദ്യത്തിന്‌ ഉത്തരം നൽകാനുള്ള ഉദ്ദേശ്യത്തിൽ ഗവേഷണം നടത്തുന്നതും നമുക്ക്‌ അത്യധികം സന്തോഷമേകും.

ദൈവവചനത്തിൽ പ്രമോദിക്കുക

6. സങ്കീർത്തനം 119-ന്റെ എഴുത്തുകാരൻ യഹോവയുടെ വചനത്തിൽ പ്രമോദിക്കുന്നുവെന്നു പ്രകടമാക്കിയത്‌ എങ്ങനെ?

6 സാധ്യതയനുസരിച്ച്‌ ഹിസ്‌കീയാവ്‌ ആണ്‌ 119-ാം സങ്കീർത്തനം രചിച്ചത്‌. രാജകുമാരനായിരുന്ന അവൻ ചെറുപ്രായത്തിൽത്തന്നെ യഹോവയുടെ വചനത്തോടു പ്രിയം വളർത്തിയെടുത്തിരുന്നു. കാവ്യാത്മക ഭാഷയിൽ അവൻ പറഞ്ഞു: “ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും [“പ്രമോദിക്കും,”NW]; നിന്റെ വചനത്തെ മറക്കയുമില്ല. നിന്റെ സാക്ഷ്യങ്ങൾ എന്റെ പ്രമോദവും . . . ആകുന്നു. ഞാൻ നിന്റെ കല്‌പനകളിൽ പ്രമോദിക്കുന്നു; അവ എനിക്കു പ്രിയമായിരിക്കുന്നു. ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ കരുണ എനിക്കു വരുമാറാകട്ടെ; നിന്റെ ന്യായപ്രമാണത്തിൽ ഞാൻ രസിക്കുന്നു. യഹോവേ, ഞാൻ നിന്റെ രക്ഷെക്കായി വാഞ്‌ഛിക്കുന്നു; നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു.”​—⁠സങ്കീർത്തനം 119:16, 24, 47, 77, 174.

7, 8. ഒരു പരാമർശ ഗ്രന്ഥം പറയുന്നതനുസരിച്ച്‌ ദൈവവചനത്തിൽ ‘പ്രമോദിക്കുക’ എന്നതിന്റെ അർഥമെന്ത്‌? (ബി) യഹോവയുടെ വചനത്തോടു നമുക്ക്‌ എങ്ങനെ സ്‌നേഹം പ്രകടമാക്കാനാകും? (സി) യഹോവയുടെ ന്യായപ്രമാണം വായിക്കുന്നതിനു മുമ്പ്‌ എസ്രാ എന്ത്‌ ഒരുക്കമാണ്‌ ചെയ്‌തത്‌?

7 സങ്കീർത്തനം 119-ൽ കാണുന്ന ‘പ്രമോദിക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദത്തെ കുറിച്ച്‌ എബ്രായ തിരുവെഴുത്തുകളുടെ ഒരു നിഘണ്ടു ഇങ്ങനെ പറയുന്നു: “16-ാം വാക്യത്തിലെ പ്രയോഗം ആനന്ദിക്കുന്നതിനും . . . ധ്യാനിക്കുന്നതിനും ഉള്ള ക്രിയാപദങ്ങൾക്കു സമാനമാണ്‌. അതിന്റെ ക്രമം ഇതാണ്‌: ആനന്ദിക്കുക, ധ്യാനിക്കുക, പ്രമോദിക്കുക. . . . യാഹ്‌വേയുടെ വചനത്തിൽ ഒരുവൻ ആനന്ദം കണ്ടെത്തുന്നതു മനഃപൂർവ വിചിന്തനത്തിലൂടെയാണ്‌ എന്നാകാം അതു സൂചിപ്പിക്കുന്നത്‌. . . . വൈകാരിക ഉൾപ്പെടലിനെയും അത്‌ അർഥമാക്കുന്നു.” *

8 അതേ, യഹോവയുടെ വചനത്തോടുള്ള നമ്മുടെ സ്‌നേഹം, വികാരങ്ങളുടെ ഇരിപ്പിടമായ ഹൃദയത്തിൽനിന്നു വരണം. വായിച്ചു തീർത്ത ബൈബിൾ ഭാഗത്തെ കുറിച്ചു നാം സസന്തോഷം വിചിന്തനം ചെയ്യണം. നാം ആഴമേറിയ ആത്മീയ ആശയങ്ങൾ വിചിന്തനം ചെയ്യുകയും അവയിൽ മുഴുകിയിരിക്കുകയും അവയെ കുറിച്ചു ധ്യാനിക്കുകയും ചെയ്യേണ്ടതുണ്ട്‌. അതിനു ശാന്തമായ പരിചിന്തനവും പ്രാർഥനയും ആവശ്യമാണ്‌. എസ്രായെ പോലെ, ബൈബിൾ വായനയുടെയും പഠനത്തിന്റെയും കാര്യത്തിൽ നാം ഹൃദയത്തെ ഒരുക്കേണ്ടതുണ്ട്‌. അവനെ കുറിച്ചു ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു [“തന്റെ ഹൃദയത്തെ ഒരുക്കിയിരുന്നു,”NW].” (എസ്രാ 7:10) എസ്രാ ഹൃദയത്തെ ഒരുക്കിയതിന്റെ മൂന്നു കാരണങ്ങൾ ശ്രദ്ധിക്കുക: പരിശോധിക്കുന്നതിന്‌ അഥവാ പഠിക്കുന്നതിന്‌, അതു വ്യക്തിപരമായി ബാധകമാക്കുന്നതിന്‌, അതേക്കുറിച്ച്‌ ഉപദേശിക്കുന്നതിന്‌. നാം ഇന്ന്‌ അവന്റെ മാതൃക പിൻപറ്റേണ്ടതുണ്ട്‌.

പഠനം​—⁠ഒരു ആരാധനാ ക്രിയ

9, 10. (എ) യഹോവയുടെ വചനം തനിക്ക്‌ ഒരു ധ്യാനവിഷയമാണെന്ന്‌ ഏതെല്ലാം വിധങ്ങളിലാണു സങ്കീർത്തനക്കാരൻ പ്രകടമാക്കിയത്‌? (ബി) “ധ്യാനിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ ക്രിയയുടെ അർഥമെന്ത്‌? (സി) ബൈബിൾ പഠനത്തെ “ആരാധനാ ക്രിയ”യായി കണക്കാക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

9 യഹോവയുടെ നിയമങ്ങളും കൽപ്പനകളും ഓർമിപ്പിക്കലുകളും തന്റെ ധ്യാനവിഷയം ആയിരുന്നെന്നു സങ്കീർത്തനക്കാരൻ പ്രസ്‌താവിക്കുന്നു. അവൻ പാടുന്നു: “ഞാൻ നിന്റെ പ്രമാണങ്ങളെ ധ്യാനിക്കയും നിന്റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു. എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്‌പനകളിലേക്കു ഞാൻ കൈകളെ ഉയർത്തുന്നു; നിന്റെ ചട്ടങ്ങളെ ഞാൻ ധ്യാനിക്കുന്നു. നിന്റെ ന്യായപ്രമാണം എനിക്കു എത്രയോപ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു. നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ സകലഗുരുക്കന്മാരിലും ഞാൻ ബുദ്ധിമാനാകുന്നു.” (സങ്കീർത്തനം 119:15, 48, 97, 99) യഹോവയുടെ വചനത്തെ കുറിച്ചു ‘ധ്യാനിക്കുക’ എന്നതിന്റെ അർഥമെന്താണ്‌?

10 ഇവിടെ, “ധ്യാനിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ ക്രിയയ്‌ക്ക്‌ “വിചിന്തനം ചെയ്യുക,” “ഒരു കാര്യത്തെ കുറിച്ചു വീണ്ടും ചിന്തിക്കുക” എന്ന അർഥമാണുള്ളത്‌. “ദൈവത്തിന്റെ വേലയെക്കുറിച്ചും . . . അവന്റെ വചനത്തെക്കുറിച്ചും നിശബ്ദമായി മനനം ചെയ്യുന്നതിനെ കുറിക്കാനാണ്‌ ഈ പദങ്ങൾ ഉപയോഗിക്കുന്നത്‌.” (പഴയനിയമ ദൈവശാസ്‌ത്ര പദഗ്രന്ഥം [ഇംഗ്ലീഷ്‌]) ‘ധ്യാനിക്കുക’ എന്നതിന്റെ നാമരൂപം, ഒരു “ആരാധനാ ക്രിയ” എന്ന നിലയിൽ ദൈവനിയമം “ധ്യാനിക്കുന്നതി”നെയും “പ്രിയത്തോടെ പഠിക്കുന്ന”തിനെയും പരാമർശിക്കുന്നു. ദൈവവചനത്തിന്റെ പഠനത്തെ നമ്മുടെ ആരാധനയുടെ ഭാഗമായി കണക്കാക്കുന്നത്‌ അതിനു ഗൗരവം കൂട്ടുന്നു. തന്മൂലം, ശ്രദ്ധാപൂർവവും പ്രാർഥനാപൂർവവും അതു ചെയ്യേണ്ടതുണ്ട്‌. പഠനം നമ്മുടെ ആരാധനയുടെ ഒരു ഭാഗമാണ്‌. ആരാധനയെ മെച്ചപ്പെടുത്താൻ അതു നമ്മെ സഹായിക്കും.

ദൈവവചനത്തിലേക്കു കൂടുതൽ ആഴത്തിൽ കുഴിച്ചിറങ്ങൽ

11. യഹോവ തന്റെ ജനത്തിന്‌ ആഴമായ ആത്മീയ ആശയങ്ങൾ വെളിപ്പെടുത്തുന്നത്‌ എങ്ങനെ?

11 ഭയാദരവോടെ സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര വലിയവയാകുന്നു; നിന്റെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നേ.” (സങ്കീർത്തനം 92:5) “ദൈവത്തിന്റെ ആഴമേറിയ കാര്യങ്ങളെ” കുറിച്ച്‌, അതായത്‌ വിശ്വസ്‌തനും വിവേകിയുമായ അടിമവർഗത്തിന്മേൽ പ്രവർത്തനനിരതം ആയിരിക്കുന്ന “തന്റെ ആത്മാവു മുഖാന്തരം” അവൻ തന്റെ ജനത്തിനു വെളിപ്പെടുത്തുന്ന ഗഹനമായ ആശയങ്ങളെ കുറിച്ച്‌ പൗലൊസ്‌ അപ്പൊസ്‌തലൻ പറയുകയുണ്ടായി. (1 കൊരിന്ത്യർ 2:10; മത്തായി 24:​45; NW) ആ അടിമവർഗം സകലർക്കും​—⁠പുതിയവർക്ക്‌ ‘പാലി’ന്റെ രൂപത്തിലും “പ്രായം തികഞ്ഞവർ”ക്ക്‌ “കട്ടിയായുള്ള ആഹാര”ത്തിന്റെ രൂപത്തിലും​—⁠ഉത്സാഹപൂർവം ആത്മീയ നവോന്മേഷം പ്രദാനം ചെയ്യുന്നു.​—⁠എബ്രായർ 5:11-14.

12. വിശ്വസ്‌തനും വിവേകിയുമായ അടിമവർഗം മുഖാന്തരം വിശദമാക്കപ്പെട്ട “ദൈവത്തിന്റെ ആഴമേറിയ കാര്യങ്ങൾ”ക്ക്‌ ഒരു ഉദാഹരണം നൽകുക.

12 “ദൈവത്തിന്റെ ആഴമേറിയ കാര്യങ്ങൾ” ഗ്രഹിക്കുന്നതിനു തിരുവെഴുത്തുകളെ കുറിച്ചുള്ള പ്രാർഥനാപൂർവകമായ പഠനവും ധ്യാനവും അത്യന്താപേക്ഷിതമാണ്‌. ഉദാഹരണത്തിന്‌, യഹോവയ്‌ക്ക്‌ ഒരേ സമയം നീതിയുള്ളവനും കരുണാമയനും ആയിരിക്കാൻ എങ്ങനെ സാധിക്കുമെന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന വളരെയധികം വിഷയങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. കരുണ പ്രകടിപ്പിക്കുമ്പോൾ ദൈവം നീതിയെ അവഗണിക്കുകയല്ല ചെയ്യുന്നത്‌. പകരം, ദൈവത്തിന്റെ കരുണ അവന്റെ നീതിയുടെയും സ്‌നേഹത്തിന്റെയും ഒരു പ്രകടനമാണ്‌. പാപിയെ ന്യായം വിധിക്കുമ്പോൾ, തന്റെ പുത്രന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ ആ വ്യക്തിയോടു കരുണ കാണിക്കാൻ സാധിക്കുമോ എന്ന്‌ യഹോവ ആദ്യംതന്നെ നിശ്ചയിക്കുന്നു. പാപി അനുതാപമില്ലാത്തവനോ മത്സരിയോ ആണെങ്കിൽ, ദൈവം അയാളോടു നീതിരഹിതമായി കരുണ കാണിക്കുന്നില്ല, പകരം അവൻ നീതി നടപ്പാക്കുന്നു. ഈ രണ്ടു സംഗതിയിലും, ദൈവം തന്റെ ശ്രേഷ്‌ഠ തത്ത്വങ്ങളോടു വിശ്വസ്‌തനാണ്‌. * (റോമർ 3:21-26) ‘ഹാ, ദൈവത്തിന്റെ ജ്ഞാനം എത്ര ആഴമേറിയതാണ്‌’!​—⁠റോമർ 11:⁠33.

13. ഇന്നോളം നമുക്കു വെളിപ്പെടുത്തി തന്നിരിക്കുന്ന ആത്മീയ സത്യങ്ങളുടെ “ആകത്തുക”യോടു നാം വിലമതിപ്പു പ്രകടിപ്പിക്കേണ്ടത്‌ എങ്ങനെ?

13 യഹോവ തന്റെ ചിന്തകളിൽ പലതും നമ്മോടൊപ്പം പങ്കിടുന്നു എന്ന വസ്‌തുതയിൽ സങ്കീർത്തനക്കാരനെപ്പോലെ നാമും പുളകംകൊള്ളുന്നു. “ദൈവമേ, നിന്റെ വിചാരങ്ങൾ എനിക്കു എത്ര ഘനമായവ [“അമൂല്യമായവ,” NW]! അവയുടെ ആകത്തുകയും എത്ര വലിയതു! അവയെ എണ്ണിയാൽ മണലിനെക്കാൾ അധികം.” (സങ്കീർത്തനം 139:17, 18) ഇപ്പോഴുള്ള നമ്മുടെ അറിവ്‌, നിത്യതയിലുടനീളം യഹോവ വെളിപ്പെടുത്താനിരിക്കുന്ന വിവരങ്ങളോടുള്ള ബന്ധത്തിൽ ഏതുമല്ലെങ്കിലും, ഇന്നോളം നമുക്കു വെളിപ്പെടുത്തി തന്നിരിക്കുന്ന ആത്മീയ സത്യങ്ങളുടെ “ആകത്തുക”യെ നാം അങ്ങേയറ്റം വിലമതിക്കുകയും ദൈവവചനത്തിന്റെ ആകത്തുക അഥവാ സാരം ഉൾക്കൊള്ളാൻ കൂടുതൽ ആഴത്തിലേക്ക്‌ കുഴിച്ചിറങ്ങുകയും ചെയ്യുന്നു.​—⁠സങ്കീർത്തനം 119:160.

ശ്രമവും ഫലപ്രദമായ ഉപാധികളും ആവശ്യം

14. ദൈവവചനം പഠിക്കുന്നതിൽ ശ്രമം ഉൾപ്പെട്ടിരിക്കുന്നു എന്നതിനു സദൃശവാക്യങ്ങൾ 2:1-6 അടിവരയിടുന്നതെങ്ങനെ?

14 ആഴമായ ബൈബിൾ പഠനത്തിനു ശ്രമം കൂടിയേ തീരൂ. സദൃശവാക്യങ്ങൾ 2:1-6 ശ്രദ്ധാപൂർവം വായിക്കുമ്പോൾ ഈ വസ്‌തുത വ്യക്തമായിത്തീരുന്നു. ദൈവിക അറിവും ജ്ഞാനവും വിവേകവും നേടിയെടുക്കുന്നതിൽ ശ്രമം ഉൾപ്പെട്ടിരിക്കുന്നുവെന്നു കാണിക്കാൻ ശലോമോൻ രാജാവ്‌ ഉപയോഗിച്ച ക്രിയാപദങ്ങൾ ശ്രദ്ധിക്കുക. അവൻ എഴുതി: “മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്‌പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ, അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും. യഹോവയല്ലോ ജ്ഞാനം നല്‌കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (സദൃശവാക്യങ്ങൾ 2:1-6) അതേ, ഫലപ്രദമായ പഠനത്തിൽ ഗവേഷണം, മറഞ്ഞിരിക്കുന്ന നിധി കണ്ടെത്താൻ നടത്തുന്നതു പോലുള്ള ശ്രമം ഉൾപ്പെട്ടിരിക്കുന്നു.

15. നല്ല പഠന രീതിയുടെ ആവശ്യകത എടുത്തുകാണിക്കുന്ന ഒരു തിരുവെഴുത്തു ദൃഷ്ടാന്തം ഏത്‌?

15 അർഥസമ്പുഷ്ടമായ ആത്മീയ പഠനത്തിനു നല്ല പഠന രീതികൾ പിൻപറ്റേണ്ടതും ആവശ്യമാണ്‌. “ഇരിമ്പായുധം മൂർച്ചയില്ലാഞ്ഞിട്ടു അതിന്റെ വായ്‌ത്തല തേക്കാതിരുന്നാൽ അവൻ അധികം ശക്തി പ്രയോഗിക്കേണ്ടിവരും” എന്നു ശലോമോൻ എഴുതി. (സഭാപ്രസംഗി 10:10) മുറിക്കാനുള്ള ഒരു ആയുധം മൂർച്ചവരുത്താതെയോ തെറ്റായ വിധത്തിലോ ആണ്‌ ഉപയോഗിക്കുന്നതെങ്കിൽ ഒരു പണിക്കാരൻ തന്റെ ഊർജം പാഴാക്കേണ്ടിവരും. അയാളുടെ വേല മെച്ചമായിരിക്കുകയുമില്ല. സമാനമായി, പഠനത്തിനായി ചെലവഴിക്കുന്ന സമയം എത്രമാത്രം പ്രയോജനപ്രദം ആയിരിക്കുന്നു എന്നതു നമ്മുടെ പഠന രീതികളെ ആശ്രയിച്ചിരിക്കുന്നു. പഠനം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച പ്രയോഗിക നിർദേശങ്ങൾ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്കിന്റെ 7-ാം അധ്യായത്തിൽ കണ്ടെത്താവുന്നതാണ്‌. *

16. ആഴമായ പഠനത്തിൽ ഏർപ്പെടുന്നതിനുള്ള ചില പ്രായോഗിക നിർദേശങ്ങൾ ഏവ?

16 ഒരു ശിൽപ്പി തന്റെ വേല തുടങ്ങുന്നതിനു മുമ്പ്‌ തനിക്ക്‌ ആവശ്യമായ ഉപകരണങ്ങൾ എടുത്തു വെക്കുന്നു. സമാനമായി, നാം ബൈബിൾ പഠിക്കാൻ തുടങ്ങുമ്പോൾ ആവശ്യമായ എല്ലാ പഠനോപാധികളും നമ്മുടെ വ്യക്തിഗത ലൈബ്രറിയിൽനിന്ന്‌ എടുത്തു വെക്കണം. പഠനം ഒരു പ്രവർത്തനമാണെന്നും അതിൽ മാനസിക ശ്രമം ഉൾപ്പെട്ടിരിക്കുന്നുവെന്നും മനസ്സിൽ പിടിക്കുക. നല്ല ശാരീരിക നില ഉണ്ടായിരിക്കുന്നതും ഗുണം ചെയ്യും. കിടക്കയിൽ കിടന്നോ ചാരുകസേരയിൽ സുഖമായി ചാരിക്കിടന്നോ പഠിക്കാതെ ഒരു മേശയുടെയോ ഡസ്‌കിന്റെയോ അരികെ കസേരയിൽ ഇരുന്ന്‌ പഠിക്കുന്നതു മാനസിക ഉണർവു നിലനിറുത്താൻ സഹായിക്കും. കുറേ സമയം പഠിച്ചശേഷം എഴുന്നേറ്റുനിന്ന്‌ കൈകാലുകൾ നിവർത്തുന്നതോ ശുദ്ധവായു ശ്വസിക്കാൻ മുറിക്കു പുറത്തിറങ്ങുന്നതോ പ്രയോജനപ്രദമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം.

17, 18. നമുക്കു ലഭ്യമായ ഉത്‌കൃഷ്ട പഠനോപാധികൾ എങ്ങനെ ഉപയോഗിക്കാം എന്നു വിശദീകരിക്കുക.

17 അതുല്യമായ പല പഠനോപാധികളും നമുക്കു ലഭ്യമാണ്‌. ബൈബിളിന്റെ പുതിയലോക ഭാഷാന്തരം ആണ്‌ അതിൽ ഏറ്റവും പ്രധാനം. മുഴുവനായോ ഭാഗികമായോ 37 ഭാഷകളിൽ ഇപ്പോൾ അതു ലഭ്യമാണ്‌. ഒത്തുവാക്യങ്ങളും ബൈബിൾ എഴുത്തുകാരന്റെ പേര്‌, എഴുതിയ സ്ഥലം, ഉൾപ്പെട്ടിരിക്കുന്ന കാലം എന്നീ സംഗതികൾ വ്യക്തമാക്കുന്ന “ബൈബിൾ പുസ്‌തകങ്ങളുടെ പട്ടിക”യും പുതിയലോക ഭാഷാന്തരത്തിന്റെ സ്റ്റാൻഡേർഡ്‌ പതിപ്പിലുണ്ട്‌. കൂടാതെ, ബൈബിൾ പദസൂചികയും അനുബന്ധവും ഭൂപടങ്ങളും അതിലുണ്ട്‌. ചില ഭാഷകളിൽ ഈ ബൈബിൾ റഫറൻസ്‌ ബൈബിൾ എന്ന പേരിൽ വലിയ പതിപ്പായി പുറത്തിറക്കിയിരിക്കുന്നു. മേൽപ്പറഞ്ഞ എല്ലാ സവിശേഷതകൾക്കും പുറമേ, വിപുലമായ അടിക്കുറിപ്പുകളും മറ്റു പല സവിശേഷതകളും അതിലുണ്ട്‌. അടിക്കുറിപ്പിലെ പദങ്ങളുടെ സൂചികയും പ്രത്യേകം കൊടുത്തിട്ടുണ്ട്‌. ദൈവവചനത്തിൽ ആഴത്തിൽ കുഴിച്ചിറങ്ങത്തക്കവണ്ണം നിങ്ങളുടെ ഭാഷയിൽ ലഭ്യമായ എല്ലാ പഠനോപാധികളും നിങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുന്നുവോ?

18 വിലയേറിയ മറ്റൊരു പഠനോപാധിയാണ്‌ തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) എന്ന രണ്ടു വാല്യങ്ങളുള്ള ബൈബിൾ വിജ്ഞാനകോശം. നിങ്ങൾക്ക്‌ ഇംഗ്ലീഷ്‌ മനസ്സിലാക്കാൻ സാധിക്കുമെങ്കിൽ അത്‌ എപ്പോഴും പഠനത്തിൽ ഉൾപ്പെടുത്തണം. മിക്കവാറും എല്ലാ ബൈബിൾ വിഷയങ്ങളെ കുറിച്ചുമുള്ള പശ്ചാത്തല വിവരങ്ങൾ അതു നിങ്ങൾക്കു പ്രദാനം ചെയ്യും. സഹായകമായിരിക്കുന്ന മറ്റൊരു പഠനോപാധിയാണ്‌ ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’ എന്ന പുസ്‌തകം. ബൈബിളിലെ ഏതെങ്കിലുമൊരു പുസ്‌തകം വായിക്കാൻ തുടങ്ങുന്നതിനു മുമ്പ്‌ പ്രസ്‌തുത പുസ്‌തകത്തെ കുറിച്ച്‌ ‘എല്ലാ തിരുവെഴുത്തും’ പുസ്‌തകത്തിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ പരിശോധിക്കുന്നതു നന്നായിരിക്കും. ഭൂമിശാസ്‌ത്രപരവും ചരിത്രപരവുമായ പശ്ചാത്തലവും അതിന്റെ ഉള്ളടക്കവും നമുക്കത്‌ എത്രമാത്രം പ്രയോജനപ്രദമാണെന്നും മനസ്സിലാക്കാൻ അവ നമ്മെ സഹായിക്കുന്നു. ഇതിനെല്ലാം പുറമേ ഇപ്പോൾ ഒമ്പതു ഭാഷകളിൽ വാച്ച്‌ടവർ ലൈബ്രറിയുടെ കോംപാക്ട്‌ ഡിസ്‌കുകൾ ലഭ്യമാണ്‌.

19. (എ) ബൈബിൾ പഠനത്തിനായി യഹോവ നമുക്കു മികച്ച പഠനോപാധികൾ പ്രദാനം ചെയ്‌തിരിക്കുന്നത്‌ എന്തിന്‌? (ബി) ഉചിതമായ ബൈബിൾ വായനയ്‌ക്കും പഠനത്തിനും എന്താണ്‌ ആവശ്യമായിരിക്കുന്നത്‌?

19 ‘ദൈവപരിജ്ഞാനം അന്വേഷിച്ചു കണ്ടെത്താൻ’ തന്റെ ജനത്തെ പ്രാപ്‌തരാക്കുന്നതിനാണ്‌ യഹോവ ഈ പഠനോപാധികളെല്ലാം “വിശ്വസ്‌തനും വിവേകിയുമായ അടിമ”യിലൂടെ പ്രദാനം ചെയ്‌തിരിക്കുന്നത്‌. (സദൃശവാക്യങ്ങൾ 2:4, 5) യഹോവയെ കുറിച്ചുള്ള പരിജ്ഞാനത്തിൽ വർധിച്ചുവരാനും അവനുമായി ഉറ്റ ബന്ധം ആസ്വദിക്കാനും നല്ല പഠനശീലം നമ്മെ പ്രാപ്‌തരാക്കും. (സങ്കീർത്തനം 63:1-8) അതേ, പഠനം ഒരു പ്രവൃത്തിയാണ്‌. അതേസമയം അത്‌ ആസ്വാദ്യകരവും പ്രതിഫലദായകവുമാണ്‌. അതിനു സമയം കണ്ടെത്തേണ്ടതുണ്ട്‌. ഒരുപക്ഷേ നിങ്ങൾ ചോദിച്ചേക്കാം, ‘ബൈബിൾ വായനയ്‌ക്കും വ്യക്തിഗത പഠനത്തിനുമൊക്കെ എങ്ങനെ സമയം കണ്ടെത്താനാകും?’ ഈ ലേഖന പരമ്പരയുടെ അവസാന ലേഖനത്തിൽ അതു ചർച്ച ചെയ്യുന്നതായിരിക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 7 പഴയനിയമ ദൈവശാസ്‌ത്രത്തിന്റെയും വിശദീകരണങ്ങളുടെയും പുതിയ അന്താരാഷ്‌ട്ര നിഘണ്ടു (ഇംഗ്ലീഷ്‌) വാല്യം 4, പേജുകൾ 205-7.

^ ഖ. 12 1998 ആഗസ്റ്റ്‌ 1 വീക്ഷാഗോപുരത്തിന്റെ 13-ാം പേജിലെ 7-ാം ഖണ്ഡിക കാണുക. ഒരു ബൈബിൾ പഠന പദ്ധതി എന്ന നിലയിൽ ആ ലക്കത്തിലെ രണ്ട്‌ അധ്യയന ലേഖനങ്ങളും നിങ്ങൾക്കു പുനരവലോകനം ചെയ്യാവുന്നതാണ്‌. അതോടൊപ്പം, വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) എന്ന ബൈബിൾ വിജ്ഞാനകോശത്തിലുള്ള “ന്യായം” (Justice), “കരുണ” (Mercy), “നീതി” (Righteousness) എന്നീ ലേഖനങ്ങളും പരിചിന്തിക്കാവുന്നതാണ്‌.

^ ഖ. 15 വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ ഇൻഡ്യ പ്രസിദ്ധീകരിച്ചത്‌. കൂടാതെ, വീക്ഷാഗോപുരത്തിന്റെ പിൻവരുന്ന ലക്കങ്ങളിലും നല്ല പഠന രീതികളെ കുറിച്ചുള്ള നിർദേശങ്ങൾ കാണാനാകും: 1993 ആഗസ്റ്റ്‌ 15 പേജുകൾ 13-17; 1987 ജൂൺ 1 പേജുകൾ 10-15.

പുനരവലോകന ചോദ്യങ്ങൾ

• നമുക്കെങ്ങനെ വ്യക്തിപരമായ പഠനം നവോന്മേഷപ്രദവും പ്രതിഫലദായകവും ആക്കാനാകും?

• സങ്കീർത്തനക്കാരനെ പോലെ, നമുക്കെങ്ങനെ യഹോവയുടെ വചനത്തിൽ ‘പ്രമോദിക്കാനും’ അതേക്കുറിച്ചു ‘ധ്യാനിക്കാനും’ സാധിക്കും?

• ദൈവവചനം പഠിക്കുന്നതിനു ശ്രമം ആവശ്യമാണെന്നു സദൃശവാക്യങ്ങൾ 2:1-6 വ്യക്തമാക്കുന്നത്‌ എങ്ങനെ?

• ഏതെല്ലാം ഉത്‌കൃഷ്ട പഠനോപാധികളാണ്‌ യഹോവ നമുക്കു പ്രദാനം ചെയ്‌തിരിക്കുന്നത്‌?

[അധ്യയന ചോദ്യങ്ങൾ]

[14-ാം പേജിലെ ചിത്രം]

ശാന്തമായ പരിചിന്തനവും പ്രാർഥനയും ദൈവവചനത്തോടു പ്രിയം വളർത്തിയെടുക്കാൻ നമ്മെ സഹായിക്കും

[17-ാം പേജിലെ ചിത്രങ്ങൾ]

ദൈവവചനത്തിൽ ആഴത്തിൽ കുഴിച്ചിറങ്ങുന്നതിന്‌ ലഭ്യമായ എല്ലാ പഠനോപാധികളും നിങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടോ?