വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ വായന—പ്രയോജനപ്രദവും ആനന്ദദായകവും

ബൈബിൾ വായന—പ്രയോജനപ്രദവും ആനന്ദദായകവും

ബൈബിൾ വായന—പ്രയോജനപ്രദവും ആനന്ദദായകവും

നീ രാവും പകലും അതു വായിച്ചുകൊണ്ടിരിക്കണം.’​—⁠യോശുവ 1:​8, Nw.

1. വായനയുടെ, വിശേഷിച്ചും ബൈബിൾ വായനയുടെ, ചില പ്രയോജനങ്ങൾ ഏവ?

മൂല്യവത്തായ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നതു പ്രയോജനപ്രദമാണ്‌. ഫ്രഞ്ച്‌ രാഷ്‌ട്രീയ തത്ത്വചിന്തകനായ മോണ്ടെസ്‌ക്യൂ (ചാൾസ്‌-ലൂയി ദെ സെക്കൻഡാറ്റ്‌) ഇങ്ങനെ എഴുതി: “എന്റെ കാര്യത്തിൽ പഠനം എല്ലായ്‌പോഴും ജീവിതത്തിലെ സകലവിധ മടുപ്പിനും പരിഹാരം ആയിരുന്നിട്ടുണ്ട്‌. ഒരു മണിക്കൂർ നേരത്തെ വായനകൊണ്ട്‌ എന്റെ എല്ലാ ആകുലതകളും പറന്നകലുന്നു.” ബൈബിൾ വായനയുടെ കാര്യത്തിൽ അത്‌ ഏറ്റവുമധികം ശരിയാണ്‌. അതേക്കുറിച്ച്‌ സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്‌പബുദ്ധിയെ ജ്ഞാനിയാക്കുന്നു. യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.”​—⁠സങ്കീർത്തനം 19:7, 8.

2. നൂറ്റാണ്ടുകളിലുടനീളം യഹോവ ബൈബിളിനെ പരിരക്ഷിക്കാൻ കാരണമെന്ത്‌, ബൈബിളിനോടുള്ള ബന്ധത്തിൽ തന്റെ ജനം എന്തു ചെയ്യാൻ അവൻ പ്രതീക്ഷിക്കുന്നു?

2 ബൈബിളിനെതിരെ മതപരവും മതേതരവുമായ കടുത്ത ആക്രമണങ്ങൾ ഉണ്ടായെങ്കിലും അതിന്റെ ഗ്രന്ഥകർത്താവായ യഹോവയാം ദൈവം നൂറ്റാണ്ടുകളിലുടനീളം അതിനെ പരിരക്ഷിച്ചിരിക്കുന്നു. “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” അവൻ ആഗ്രഹിക്കുന്നതിനാൽ, മുഴുമനുഷ്യവർഗത്തിനും തന്റെ വചനം ലഭ്യമാണെന്ന്‌ അവൻ ഉറപ്പുവരുത്തിയിരിക്കുന്നു. (1 തിമൊഥെയൊസ്‌ 2:4) വെറും 100 ഭാഷകൾകൊണ്ട്‌ ലോകത്തിലെ ഏകദേശം 80 ശതമാനം ആളുകളുമായും ആശയവിനിമയം നടത്താനാകുമെന്നു കണക്കാക്കപ്പെടുന്നു. ഇപ്പോൾ, 370 ഭാഷകളിൽ മുഴു ബൈബിളും ലഭ്യമാണ്‌. അതിന്റെ ചില ഭാഗങ്ങളാണെങ്കിൽ, 1,860 ഭാഷകളിലും ഉപഭാഷകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. തന്റെ ജനം ബൈബിൾ വായിക്കാൻ യഹോവ ആഗ്രഹിക്കുന്നു. തന്റെ വചനത്തിനു ശ്രദ്ധകൊടുക്കുന്ന, അതേ, അത്‌ അനുദിനം വായിക്കുന്ന തന്റെ ദാസന്മാരെ അവൻ അനുഗ്രഹിക്കുന്നു.​—⁠സങ്കീർത്തനം 1:1, 2.

മേൽവിചാരകന്മാർക്ക്‌ ബൈബിൾ വായന അനിവാര്യം

3, 4. ഇസ്രായേലിലെ രാജാക്കന്മാരിൽനിന്ന്‌ യഹോവ എന്താണു നിഷ്‌കർഷിച്ചത്‌, ആ നിബന്ധനയ്‌ക്കുള്ള ഏതു കാരണങ്ങൾ ഇന്നു ക്രിസ്‌തീയ മൂപ്പന്മാർക്കും ബാധകമാണ്‌?

3 ഒരു മനുഷ്യ രാജാവ്‌ ഇസ്രായേൽ ജനതയെ ഭരിക്കുന്ന കാലത്തിലേക്കു വിരൽ ചൂണ്ടിക്കൊണ്ട്‌ യഹോവ പറഞ്ഞു: “അവൻ തന്റെ രാജാസനത്തിൽ ഇരിക്കുമ്പോൾ ലേവ്യരായ പുരോഹിതന്മാരുടെ പക്കൽനിന്നു ഈ ന്യായപ്രമാണം വാങ്ങി അതിന്റെ ഒരു പകർപ്പു ഒരു പുസ്‌തകത്തിൽ എഴുതി എടുക്കേണം. ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും ചട്ടങ്ങളും അവൻ പ്രമാണിച്ചുനടന്നു തന്റെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നു അതു അവന്റെ കൈവശം ഇരിക്കയും അവന്റെ ഹൃദയം സഹോദരന്മാർക്കു മീതെ അഹങ്കരിച്ചുയരാതെയും അവൻ കല്‌പനവിട്ടു ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെയും ഇരിക്കേണ്ടതിന്നും . . . അവൻ തന്റെ ആയുഷ്‌കാലം ഒക്കെയും അതു വായിക്കയും വേണം.”​—⁠ആവർത്തനപുസ്‌തകം 17:18-20.

4 ഇസ്രായേലിലെ എല്ലാ ഭാവി രാജാക്കന്മാരും ദിവ്യ നിയമങ്ങൾ ദിവസവും വായിക്കാൻ യഹോവ നിഷ്‌കർഷിച്ചതിന്റെ കാരണങ്ങൾ ശ്രദ്ധിക്കുക: (1) “ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും ചട്ടങ്ങളും അവൻ പ്രമാണിച്ചുനടന്നു തന്റെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നു;” (2) “അവന്റെ ഹൃദയം സഹോദരന്മാർക്കു മീതെ അഹങ്കരിച്ചുയരാതെ” ഇരിക്കേണ്ടതിന്‌; (3) “അവൻ കല്‌പനവിട്ടു ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെയും ഇരിക്കേണ്ടതിന്നു.” ഇന്നു ക്രിസ്‌തീയ മേൽവിചാരകന്മാരും യഹോവയെ ഭയപ്പെടുകയും അവന്റെ നിയമങ്ങൾ അനുസരിച്ചു നടക്കുകയും സഹോദരങ്ങൾക്കു മീതെ തങ്ങളെത്തന്നെ ഉയർത്താതിരിക്കുകയും യഹോവയുടെ കൽപ്പനയിൽനിന്ന്‌ വഴിതെറ്റിപ്പോകാതിരിക്കുകയും ചെയ്യേണ്ടതല്ലേ? അനുദിന ബൈബിൾ വായന ഇസ്രായേലിലെ രാജാക്കന്മാർക്കു പ്രധാനമായിരുന്നതു പോലെതന്നെ ഇന്നത്തെ മേൽവിചാരകന്മാർക്കും പ്രധാനമാണ്‌.

5. ബൈബിൾ വായന സംബന്ധിച്ച്‌ ഭരണസംഘം സമീപകാലത്തു ബ്രാഞ്ച്‌ കമ്മിറ്റിയംഗങ്ങൾക്ക്‌ എന്താണ്‌ എഴുതിയത്‌, ക്രിസ്‌തീയ മൂപ്പന്മാരെല്ലാം ആ ബുദ്ധിയുപദേശം പിൻപറ്റുന്നത്‌ ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

5 ക്രിസ്‌തീയ മൂപ്പന്മാർ ഇന്നു വളരെ തിരക്കുള്ളവരായതിനാൽ ബൈബിൾ വായനയ്‌ക്കു സമയം കണ്ടെത്തുന്നത്‌ അവരെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണ്‌. ഉദാഹരണത്തിന്‌, യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ അംഗങ്ങളുടെയും ലോകമെമ്പാടുമുള്ള ബ്രാഞ്ച്‌ കമ്മിറ്റികളിലെ അംഗങ്ങളുടെയും കാര്യമെടുക്കുക. അവർ എത്രയോ തിരക്കുള്ളവരാണ്‌! എന്നിട്ടും, ഭരണസംഘം സമീപകാലത്ത്‌ എല്ലാ ബ്രാഞ്ച്‌ കമ്മിറ്റിയംഗങ്ങൾക്കും അയച്ച ഒരു കത്തിൽ ബൈബിൾ എല്ലാ ദിവസവും വായിക്കേണ്ടതിന്റെയും നല്ല പഠന ശീലങ്ങൾ ഉണ്ടായിരിക്കേണ്ടതിന്റെയും ആവശ്യം ഊന്നിപ്പറഞ്ഞിരുന്നു. യഹോവയോടും സത്യത്തോടുമുള്ള സ്‌നേഹം വർധിപ്പിക്കുന്നതിനും “മഹത്തായ അന്ത്യംവരെ നമ്മുടെ വിശ്വാസവും സന്തോഷവും സ്ഥിരോത്സാഹവും നിലനിറുത്തുന്നതിനും അതു നമ്മെ സഹായിക്കും” എന്ന്‌ ആ കത്ത്‌ ചൂണ്ടിക്കാണിച്ചു. യഹോവയുടെ സാക്ഷികളുടെ സഭകളിലെ എല്ലാ മൂപ്പന്മാർക്കും അതേ അഭിപ്രായമാണുള്ളത്‌. തിരുവെഴുത്തുകൾ അനുദിനം വായിക്കുന്നത്‌ “ജ്ഞാനപൂർവം പ്രവർത്തിക്കാൻ” (NW) അവരെ സഹായിക്കും. (യോശുവ 1:7, 8) വിശേഷിച്ചും, അവരുടെ കാര്യത്തിൽ ബൈബിൾ വായന “പ്രബോധനത്തിനും ശാസനത്തിനും തെററുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു.”​—⁠2 തിമൊഥെയൊസ്‌ 3:16, 17, പി.ഒ.സി. ബൈബിൾ.

കുട്ടികൾക്കും പ്രായംചെന്നവർക്കും അത്യന്താപേക്ഷിതം

6. കൂടിവന്ന സകല ഇസ്രായേൽ ഗോത്രങ്ങളുടെയും പരദേശികളുടെയും മുമ്പാകെ യോശുവ യഹോവയുടെ ന്യായപ്രമാണത്തിലെ സകല വചനങ്ങളും ഉച്ചത്തിൽ വായിച്ചത്‌ എന്തുകൊണ്ട്‌?

6 പുരാതന കാലങ്ങളിൽ വ്യക്തിപരമായി പഠിക്കാൻ തക്കവണ്ണം തിരുവെഴുത്തുകളുടെ പ്രതികൾ ഓരോരുത്തർക്കും ലഭ്യമായിരുന്നില്ല. തന്മൂലം, ബൈബിൾ വായനയ്‌ക്കായി ജനങ്ങൾ കൂടിവരുക പതിവായിരുന്നു. ഹായി നഗരത്തിന്മേൽ വിജയം നേടാൻ യഹോവ ഇസ്രായേൽ ജനതയെ സഹായിച്ചതിനെ തുടർന്ന്‌ യോശുവ സകല ഗോത്രങ്ങളെയും ഏബാൽ പർവതത്തിന്റെയും ഗെരിസീം പർവതത്തിന്റെയും താഴ്‌വാരത്തിൽ വിളിച്ചുകൂട്ടി. അതേക്കുറിച്ചു വിവരണം ഇങ്ങനെ പറയുന്നു: “അവർ ന്യായപ്രമാണപുസ്‌തകത്തിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും അനുഗ്രഹവും ശാപവുമായ ന്യായപ്രമാണ വചനങ്ങളെല്ലാം വായിച്ചു. മോശെ കല്‌പിച്ച സകലത്തിലും സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ യിസ്രായേൽസഭ മുഴുവനും അവരോടുകൂടെ വന്നിരുന്ന പരദേശികളും കേൾക്കെ യോശുവ മോശെ കല്‌പിച്ച സകലത്തിലും യാതൊന്നും വായിക്കാതെ വിട്ടുകളഞ്ഞില്ല.” (യോശുവ 8:34, 35) കുട്ടികളും പ്രായംചെന്നവരും, സ്വദേശികളും പരദേശികളും, യഹോവയുടെ അനുഗ്രഹവും അവന്റെ ശാപവും കൈവരുത്തുന്ന നടപടികൾ ഏതെല്ലാമാണെന്ന്‌ ആലങ്കാരിക അർഥത്തിൽ തങ്ങളുടെ ഹൃദയങ്ങളിലും മനസ്സുകളിലും എഴുതേണ്ടിയിരുന്നു. പതിവായ ബൈബിൾ വായന അക്കാര്യത്തിൽ നമ്മെ തീർച്ചയായും സഹായിക്കും.

7, 8. (എ) ഇന്ന്‌ ആരാണ്‌ ‘പരദേശിക’ളെപ്പോലെ ആയിരിക്കുന്നത്‌, അവർ അനുദിനം ബൈബിൾ വായിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) യഹോവയുടെ ജനത്തിനിടയിലെ ‘കുട്ടികൾ’ക്ക്‌ യേശുവിന്റെ മാതൃക പിൻപറ്റാവുന്നത്‌ എങ്ങനെ?

7 ദശലക്ഷക്കണക്കിന്‌ യഹോവയുടെ ദാസന്മാർ ഇന്ന്‌ ആത്മീയ അർഥത്തിൽ ആ “പരദേശിക”ളെ പോലെയാണ്‌. ഒരുകാലത്ത്‌ ലോക നിലവാരങ്ങൾ അനുസരിച്ചു ജീവിച്ചിരുന്ന അവർ ഇപ്പോൾ ജീവിതത്തിൽ മാറ്റം വരുത്തിയിരിക്കുന്നു. (എഫെസ്യർ 4:22-24; കൊലൊസ്സ്യർ 3:7, 8) നന്മയും തിന്മയും സംബന്ധിച്ച യഹോവയുടെ നിലവാരങ്ങളെ കുറിച്ച്‌ അവർക്കു നിരന്തരം ഓർമിപ്പിക്കലുകൾ ആവശ്യമാണ്‌. (ആമോസ്‌ 5:14, 15) ദൈവവചനത്തിന്റെ അനുദിന വായനയിലൂടെ അവർക്ക്‌ അതു ലഭിക്കുന്നു.​—⁠എബ്രായർ 4:12; യാക്കോബ്‌ 1:⁠25.

8 യഹോവയുടെ ജനത്തിനിടയിൽ നിരവധി “കുട്ടികളും” ഉണ്ട്‌. യഹോവയുടെ പ്രമാണങ്ങളെ കുറിച്ച്‌ ശൈശവഘട്ടം മുതൽ മാതാപിതാക്കൾ അവരെ പഠിപ്പിച്ചിരിക്കുന്നെങ്കിലും ദൈവഹിതത്തിന്റെ ഔചിത്യം സംബന്ധിച്ച്‌ അവർക്കു സ്വയം ബോധ്യം വരേണ്ടതുണ്ട്‌. (റോമർ 12:1, 2, NW) അത്‌ എങ്ങനെ സാധ്യമാകും? ഇസ്രായേലിൽ പുരോഹിതന്മാർക്കും പ്രായമേറിയ പുരുഷന്മാർക്കും ഈ നിർദേശം നൽകപ്പെട്ടു: “ഈ ന്യായപ്രമാണം എല്ലാ യിസ്രായേല്യരും കേൾക്കെ അവരുടെ മുമ്പാകെ വായിക്കേണം. പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും നിന്റെ പട്ടണത്തിലുള്ള പരദേശിയും കേട്ടു പഠിച്ചു നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ടു ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നും അവയെ അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കൾ കേൾക്കേണ്ടതിന്നും . . . നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നും ജനത്തെ വിളിച്ചുകൂട്ടേണം.” (ആവർത്തനപുസ്‌തകം 31:11-13) ന്യായപ്രമാണത്തിൻ കീഴിലായിരുന്ന യേശു, വെറും 12 വയസ്സുള്ളപ്പോൾത്തന്നെ തന്റെ പിതാവിന്റെ നിയമങ്ങൾ മനസ്സിലാക്കുന്നതിന്‌ അതീവ താത്‌പര്യം കാണിച്ചു. (ലൂക്കൊസ്‌ 2:41-49) പിന്നീട്‌, സിനഗോഗുകളിൽ തിരുവെഴുത്തുകൾ വായിക്കുമ്പോൾ ശ്രദ്ധിക്കുന്നതും അതിന്റെ വായനയിൽ പങ്കുപറ്റുന്നതും അവന്റെ പതിവായിരുന്നു. (ലൂക്കൊസ്‌ 4:16; പ്രവൃത്തികൾ 15:21) ദൈവവചനം അനുദിനം വായിക്കുകയും ബൈബിൾ വായനയും പഠനവും നടക്കുന്ന ക്രിസ്‌തീയ യോഗങ്ങളിൽ ക്രമമായി പങ്കെടുക്കുകയും ചെയ്‌തുകൊണ്ട്‌ യേശുവിന്റെ മാതൃക പിൻപറ്റാൻ ഇന്നു യുവജനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു.

ബൈബിൾ വായന മുൻഗണന അർഹിക്കുന്നു

9. (എ) വായനയോടുള്ള ബന്ധത്തിൽ തിരഞ്ഞെടുപ്പു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) ബൈബിൾ പഠന സഹായികളെ കുറിച്ച്‌ ഈ മാസികയുടെ സ്ഥാപക പത്രാധിപൻ എന്താണു പറഞ്ഞത്‌?

9 ജ്ഞാനിയായ ശലോമോൻ രാജാവ്‌ എഴുതി: “എന്റെ മകനേ, പ്രബോധനം കൈക്കൊൾക; പുസ്‌തകം ഓരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല; അധികം പഠിക്കുന്നതു ശരീരത്തിന്നു ക്ഷീണം തന്നേ.” (സഭാപ്രസംഗി 12:12) ഇന്നു പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്‌തകങ്ങളിൽ പലതും വായിക്കുന്നതു ശരീരത്തിനു ക്ഷീണമാണെന്നു മാത്രമല്ല, തുറന്നു പറഞ്ഞാൽ മനസ്സിന്‌ ആപത്‌കരവുമാണ്‌. അതുകൊണ്ട്‌, വായനയോടുള്ള ബന്ധത്തിൽ തിരഞ്ഞെടുപ്പു വളരെ പ്രധാനമാണ്‌. ബൈബിൾ പ്രസിദ്ധീകരണങ്ങൾക്കു പുറമെ, നാം ബൈബിളും വായിക്കേണ്ടതുണ്ട്‌. ഈ മാസികയുടെ സ്ഥാപക പത്രാധിപൻ അതിന്റെ വായനക്കാരോടു പറഞ്ഞു: “ബൈബിളാണു നമ്മുടെ പ്രമാണമെന്നും നമുക്കു ലഭിക്കുന്ന സഹായങ്ങൾ എത്രതന്നെ ദൈവദത്തമെന്നുവരികിലും അവ ‘സഹായങ്ങൾ’ മാത്രമാണ്‌ അല്ലാതെ ബൈബിളിനു ബദലല്ല എന്നുമുള്ള കാര്യം ഒരിക്കലും മറക്കരുത്‌.” * അതുകൊണ്ട്‌, ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ വായിക്കുന്ന ഒപ്പംതന്നെ നാം ബൈബിളും വായിക്കേണ്ടതുണ്ട്‌.

10. “വിശ്വസ്‌തനും വിവേകിയുമായ അടിമ” ബൈബിൾ വായനയുടെ പ്രാധാന്യത്തിന്‌ ഊന്നൽ നൽകിയിരിക്കുന്നത്‌ എങ്ങനെ?

10 അതു തിരിച്ചറിഞ്ഞുകൊണ്ട്‌ “വിശ്വസ്‌തനും വിവേകിയുമായ അടിമ” ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികളുടെ സഭകളിൽ ദിവ്യാധിപത്യ ശുശ്രൂഷാ സ്‌കൂളിന്റെ ഭാഗമായി ബൈബിൾ വായന പട്ടികപ്പെടുത്തിയിരിക്കുന്നു. (മത്തായി 24:​45, NW) ഇപ്പോഴത്തെ പട്ടിക അനുസരിച്ച്‌ ഒരുവന്‌ ഏഴു വർഷം കൊണ്ട്‌ മുഴു ബൈബിളും വായിച്ചു തീർക്കാനാകും. ഈ പട്ടിക സകലർക്കും പ്രയോജനം ചെയ്യുന്നു, വിശേഷിച്ചും ഇതുവരെ ബൈബിൾ മുഴുവനായി വായിച്ചു തീർക്കാത്ത പുതിയവർക്ക്‌. മിഷനറിമാർക്കായുള്ള വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിലോ ശുശ്രൂഷാ പരിശീലന സ്‌കൂളിലോ പങ്കെടുക്കുന്നവരും ബെഥേൽ ഭവനങ്ങളിലെ പുതിയ അംഗങ്ങളും ഒരു വർഷംകൊണ്ട്‌ മുഴു ബൈബിളും വായിച്ചു തീർക്കേണ്ടതാണ്‌. വ്യക്തികളോ കുടുംബങ്ങളോ എന്ന നിലയിൽ നിങ്ങൾ ഏതു പട്ടിക പിൻപറ്റിയാലും ബൈബിൾ വായനയ്‌ക്കു മുൻഗണന നൽകിയാലേ അതിൻപ്രകാരം ബൈബിൾ വായിച്ചു തീർക്കാൻ സാധിക്കൂ.

നിങ്ങളുടെ വായനാ ശീലം എന്താണു വെളിപ്പെടുത്തുന്നത്‌?

11. നമുക്കെങ്ങനെ അനുദിനം യഹോവയുടെ വചനങ്ങൾ വായിക്കാനാകും, നാം അങ്ങനെ ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌?

11 ബൈബിൾ വായനാ പട്ടിക പിൻപറ്റാൻ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നപക്ഷം നാം സ്വയം ഇങ്ങനെ ചോദിക്കുന്നത്‌ ഉചിതമായിരിക്കും: ‘ടിവി കാണാനും മറ്റുമായി ഞാൻ സമയം ചെലവിടുന്നത്‌ യഹോവയുടെ വചനം വായിക്കാനുള്ള എന്റെ ശ്രമത്തിന്‌ എത്രമാത്രം തടസ്സമായിരിക്കുന്നു?” “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്ന മോശെയുടെ വാക്കുകൾ​—⁠പിന്നീട്‌ യേശു അത്‌ ഉദ്ധരിക്കുകയുണ്ടായി​—⁠ഇത്തരുണത്തിൽ ഓർമിക്കുക. (ആവർത്തനപുസ്‌തകം 8:3; മത്തായി 4:⁠4) നമ്മുടെ ശാരീരിക ആരോഗ്യം നിലനിറുത്തുന്നതിനു നാം ദിവസവും പോഷകപ്രദമായ ആഹാരം കഴിക്കേണ്ടത്‌ ആവശ്യമായിരിക്കുന്നതുപോലെ നമ്മുടെ ആത്മീയത നിലനിറുത്തുന്നതിന്‌ നാം യഹോവയുടെ ചിന്തകൾ ദിവസവും ഉൾക്കൊള്ളേണ്ടത്‌ ആവശ്യമാണ്‌. ദിവസവും തിരുവെഴുത്തുകൾ വായിക്കുക എന്നതാണ്‌ അതിനുള്ള ഒരു മാർഗം.

12, 13. (എ) ദൈവവചനത്തിനായി നാം വാഞ്‌ഛയുള്ളവർ ആയിരിക്കണമെന്ന്‌ പത്രൊസ്‌ അപ്പൊസ്‌തലൻ ദൃഷ്ടാന്തീകരിക്കുന്നത്‌ എങ്ങനെ? (ബി) പത്രൊസ്‌ പറഞ്ഞതിൽനിന്നു വ്യത്യസ്‌തമായി പൗലൊസ്‌ പാലിന്റെ ദൃഷ്ടാന്തം ഉപയോഗിക്കുന്നത്‌ എങ്ങനെ?

12 ബൈബിളിനെ “മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊ”ള്ളുന്നപക്ഷം ഒരു കുട്ടി അമ്മയുടെ പാലിനായി വാഞ്‌ഛിക്കുന്നതുപോലെ നാം അതിനായി വാഞ്‌ഛിക്കും. (1 തെസ്സലൊനീക്യർ 2:13) പത്രൊസ്‌ അപ്പൊസ്‌തലൻ അതേക്കുറിച്ച്‌ ഇങ്ങനെയൊരു താരതമ്യം നടത്തി: “ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്‌ഛിപ്പിൻ. കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ.” (1 പത്രൊസ്‌ 2:2, 3) “കർത്താവു ദയാലു” ആണെന്നു വ്യക്തിപരമായ അനുഭവത്തിലൂടെ മനസ്സിലാക്കിയിട്ടുള്ളപക്ഷം ബൈബിൾ വായിക്കാൻ നാം വാഞ്‌ഛയുള്ളവരായിരിക്കും.

13 ഇവിടെ പത്രൊസ്‌ പാലിനെ ഉപമാനമായി ഉപയോഗിക്കുന്നത്‌ പൗലൊസ്‌ അപ്പൊസ്‌തലൻ ഉപയോഗിച്ചതിൽനിന്നു വ്യത്യസ്‌തമായിട്ടാണെന്നു ശ്രദ്ധിക്കുക. ഒരു നവജാത ശിശുവിന്‌ ആവശ്യമായ എല്ലാ പോഷകങ്ങളും പാലിൽനിന്നു ലഭിക്കുന്നു. “രക്ഷെക്കായി വളരുവാൻ” നമുക്ക്‌ ആവശ്യമായിരിക്കുന്ന സകലതും ദൈവവചനത്തിൽ അടങ്ങിയിട്ടുണ്ടെന്നാണ്‌ പത്രൊസ്‌ ഇവിടെ ദൃഷ്ടാന്തീകരിക്കുന്നത്‌. നേരെ മറിച്ച്‌, ആത്മീയമായി മുതിർന്നവരെന്ന്‌ അവകാശപ്പെടുന്ന ചിലരുടെ മോശമായ പഠന രീതിയെ ചിത്രീകരിക്കാനാണു പൗലൊസ്‌ പാലിനെ ഉപമാനമാക്കിയത്‌. എബ്രായ ക്രിസ്‌ത്യാനികൾക്കുള്ള തന്റെ ലേഖനത്തിൽ പൗലൊസ്‌ എഴുതി: “കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്കു ആവശ്യമെന്നു വന്നിരിക്കുന്നു. പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ. കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി [“ഗ്രഹണപ്രാപ്‌തികൾ ഉള്ളവരായി,” NW] പ്രായം തികഞ്ഞവർക്കേ പററുകയുള്ളു.” (എബ്രായർ 5:12-14) ശ്രദ്ധാപൂർവമുള്ള ബൈബിൾ വായനയിലൂടെ നമുക്ക്‌ ‘ഗ്രഹണ പ്രാപ്‌തികൾ’ വികസിപ്പിച്ചെടുക്കാനും ആത്മീയ കാര്യങ്ങളിലുള്ള താത്‌പര്യം വളർത്തിയെടുക്കാനും സാധിക്കും.

ബൈബിൾ വായനയ്‌ക്കുള്ള ചില പടികൾ

14, 15. (എ) ബൈബിളിന്റെ ഗ്രന്ഥകർത്താവ്‌ നമുക്ക്‌ എന്തു പദവി വെച്ചുനീട്ടുന്നു? (ബി ദിവ്യ ജ്ഞാനത്തിൽനിന്നു നമുക്ക്‌ എങ്ങനെ പ്രയോജനം നേടാനാകും? (ഉദാഹരണങ്ങൾ നൽകുക.)

14 ബൈബിൾ വായന ഏറ്റവും പ്രയോജനപ്രദം ആയിരിക്കുന്നത്‌ പ്രാർഥനയോടെ അതു തുടങ്ങുമ്പോഴാണ്‌. പ്രാർഥന മഹത്തായ ഒരു പദവിയാണ്‌. ആഴമായ ഒരു വിഷയത്തെ കുറിച്ചു ചർച്ച ചെയ്യുന്ന ഒരു പുസ്‌തകം വായിച്ചു മനസ്സിലാക്കുന്നതിന്‌ അതിന്റെ ഗ്രന്ഥകർത്താവിന്റെ സഹായം തേടുന്നതുപോലെയാണ്‌ അത്‌. എത്ര പ്രയോജനപ്രദമാണത്‌! ബൈബിളിന്റെ ഗ്രന്ഥകർത്താവായ യഹോവ നമുക്ക്‌ ആ പദവി വെച്ചുനീട്ടുന്നു. ഒന്നാം നൂറ്റാണ്ടിലെ ഒരു ഭരണസംഘാംഗം തന്റെ സഹോദരങ്ങൾക്ക്‌ എഴുതി: “നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും. എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം.” (യാക്കോബ്‌ 1:5, 6) ആധുനിക നാളിലെ ഭരണസംഘവും പ്രാർഥനാനിർഭരമായ ബൈബിൾ വായനയിൽ ഏർപ്പെടാൻ നമ്മെ നിരന്തരം ഉദ്‌ബോധിപ്പിക്കുന്നു.

15 അറിവിനെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനുള്ള പ്രാപ്‌തിയാണ്‌ ജ്ഞാനം. അതുകൊണ്ട്‌ ബൈബിൾ തുറക്കുന്നതിനു മുമ്പ്‌, നിങ്ങൾ വായിക്കാൻ പോകുന്ന ഭാഗത്തുള്ള, വ്യക്തിഗത ജീവിതത്തിൽ ബാധകമാക്കേണ്ടിയിരിക്കുന്ന ആശയങ്ങൾ തിരിച്ചറിയാൻ യഹോവയുടെ സഹായം തേടുക. മുമ്പു നേടിയിട്ടുള്ള അറിവുമായി പുതിയ വിവരങ്ങൾ ബന്ധപ്പെടുത്തുക. അവയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുള്ള “ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക”യോടു ചേർച്ചയിലാക്കുക. (2 തിമൊഥെയൊസ്‌ 1:​13, NW) യഹോവയുടെ പൂർവകാല ദാസന്മാരുടെ അനുഭവങ്ങൾ പരിചിന്തിക്കുക. അത്തരം സാഹചര്യങ്ങളിൽ നിങ്ങൾ എന്തു ചെയ്യുമായിരുന്നു എന്നു സ്വയം ചോദിക്കുക.​—⁠ഉല്‌പത്തി 39:7-9; ദാനീയേൽ 3:3-6, 16-18; പ്രവൃത്തികൾ 4:18-20.

16. ബൈബിൾ വായന കൂടുതൽ പ്രയോജനപ്രദം ആക്കുന്നതിനു നമുക്ക്‌ ഏതെല്ലാം പ്രായോഗിക നിർദേശങ്ങൾ ലഭ്യമാണ്‌?

16 കേവലം വായിച്ചു തീർക്കുക എന്ന ലക്ഷ്യത്തിലായിരിക്കരുതു നാം വായിക്കുന്നത്‌. സമയമെടുത്തു വായിക്കുക. വായിക്കുന്ന കാര്യങ്ങളെ കുറിച്ചു ചിന്തിക്കുക. ഏതെങ്കിലുമൊരു ആശയം വ്യക്തമാകാത്ത പക്ഷം, നിങ്ങളുടെ ബൈബിളിൽ ഒത്തുവാക്യങ്ങൾ കൊടുത്തിട്ടുണ്ടെങ്കിൽ അവ എടുത്തു നോക്കുക. എന്നിട്ടും ആശയം വ്യക്തമായില്ലെങ്കിൽ പിന്നീട്‌ അതേക്കുറിച്ചു കൂടുതലായ ഗവേഷണം നടത്താൻ പ്രത്യേകം ശ്രദ്ധിക്കുക. ബൈബിൾ വായിക്കുമ്പോൾ, പ്രത്യേകം ഓർത്തിരിക്കാൻ ആഗ്രഹിക്കുന്ന തിരുവെഴുത്തുകൾ അടയാളപ്പെടുത്തുകയോ പകർത്തിയെഴുതുകയോ ചെയ്യുക. വ്യക്തിപരമായ കുറിപ്പുകളോ ഒത്തുവാക്യങ്ങളോ ബൈബിളിന്റെ മാർജിനിൽ എഴുതാവുന്നതാണ്‌. പ്രസംഗ-പഠിപ്പിക്കൽ വേലയിൽ എപ്പോഴെങ്കിലും ആവശ്യമായി വരുമെന്നു തോന്നുന്ന തിരുവെഴുത്തു പരാമർശങ്ങൾ ബൈബിളിന്റെ അവസാന പേജുകളിൽ പ്രത്യേകം കുറിച്ചിടുക. *

ബൈബിൾ വായന ആനന്ദദായകമാക്കുക

17. ബൈബിൾ വായനയിൽ നാം ആനന്ദിക്കേണ്ടത്‌ എന്തുകൊണ്ട്‌?

17 “യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്ന” മനുഷ്യനെ സങ്കീർത്തനക്കാരൻ ഭാഗ്യവാൻ അഥവാ സന്തുഷ്ടൻ എന്നു വിശേഷിപ്പിച്ചു. (സങ്കീർത്തനം 1:2) നമ്മുടെ അനുദിന ബൈബിൾ വായന വെറുമൊരു കടമനിർവഹണം ആയിരിക്കരുത്‌, പകരം അത്‌ ആനന്ദദായകമായിരിക്കണം. വായന ഉല്ലാസപ്രദമാക്കാൻ നമ്മെ സഹായിക്കുന്ന ഒരു സംഗതി, പഠിക്കുന്ന കാര്യങ്ങളുടെ മൂല്യത്തെക്കുറിച്ച്‌ എല്ലായ്‌പോഴും ബോധവാന്മാരായിരിക്കുക എന്നതാണ്‌. ജ്ഞാനിയായ ശലോമോൻ രാജാവ്‌ എഴുതി: ‘ജ്ഞാനം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. [“സന്തുഷ്ടൻ,” NW] അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു. അതിനെ പിടിച്ചുകൊള്ളുന്നവർക്കു അതു ജീവ വൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” NW].’ (സദൃശവാക്യങ്ങൾ 3:13, 17, 18) ജ്ഞാനം സമ്പാദിക്കാനായി നടത്തുന്ന ശ്രമങ്ങൾ തീർച്ചയായും മൂല്യവത്താണ്‌. കാരണം, അതിന്റെ വഴികൾ ഇമ്പമുള്ളതും സമാധാനവും സന്തോഷവും നിറഞ്ഞതുമാണ്‌. ഒടുവിൽ അതു നമ്മെ ജീവനിലേക്കു നയിക്കുകയും ചെയ്യുന്നു.

18. ബൈബിൾ വായനയ്‌ക്കു പുറമേ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌, അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കുന്നതായിരിക്കും?

18 ബൈബിൾ വായന പ്രയോജനപ്രദവും ആനന്ദദായകവുമാണ്‌. എന്നാൽ ബൈബിൾ വായിച്ചാൽ മാത്രം മതിയാകുമോ? നൂറ്റാണ്ടുകളായി ബൈബിൾ വായിക്കുന്നുണ്ടെങ്കിലും “എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത”വരാണ്‌ ക്രൈസ്‌തവലോക സഭാംഗങ്ങൾ. (2 തിമൊഥെയൊസ്‌ 3:7) ബൈബിൾ വായന ഫലപ്രദം ആക്കണമെങ്കിൽ, വായനയിലൂടെ നേടിയെടുക്കുന്ന അറിവ്‌ വ്യക്തിഗത ജീവിതത്തിൽ ബാധകമാക്കാനും പ്രസംഗപഠിപ്പിക്കൽ വേലയിൽ ഉപയോഗിക്കാനുമുള്ള ലക്ഷ്യത്തിൽ നാം അതു ചെയ്യേണ്ടതുണ്ട്‌. (മത്തായി 24:14; 28:19, 20) അതിനു ശ്രമവും നല്ല പഠന രീതികളും ആവശ്യമാണ്‌. പ്രതിഫലദായകവും ആസ്വാദ്യവും ആയിരിക്കാവുന്ന ആ പഠന രീതികളെ കുറിച്ച്‌ അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കുന്നതായിരിക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 9 വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി പ്രസിദ്ധീകരിച്ച യഹോവയുടെ സാക്ഷികൾ​—⁠ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്റെ 241-ാം പേജു കാണുക.

^ ഖ. 16 1995 മേയ്‌ 1 വീക്ഷാഗോപുരത്തിന്റെ 16, 17 പേജുകളിലുള്ള “നിങ്ങളുടെ ബൈബിൾ വായന വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ” എന്ന ചതുരം കാണുക.

പുനരവലോകന ചോദ്യങ്ങൾ

• ഇസ്രായേലിലെ രാജാക്കന്മാർക്കു നൽകിയ ഏതു ബുദ്ധിയുപദേശം ഇന്നു മേൽവിചാരകന്മാർക്കു ബാധകമാണ്‌, എന്തുകൊണ്ട്‌?

• ആരാണ്‌ ഇന്ന്‌ ‘പരദേശികളെയും’ ‘കുട്ടികളെയും’ പോലെ ആയിരിക്കുന്നത്‌, അവർ ദിവസവും ബൈബിൾ വായിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• ബൈബിൾ പതിവായി വായിക്കാൻ ഏതു പ്രായോഗിക വിധങ്ങളിലാണു “വിശ്വസ്‌തനും വിവേകിയുമായ അടിമ” നമ്മെ സഹായിച്ചിരിക്കുന്നത്‌?

• ബൈബിൾ വായനയിൽനിന്നു നമുക്ക്‌ യഥാർഥ പ്രയോജനവും ആനന്ദവും കണ്ടെത്താൻ കഴിയുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[9-ാം പേജിലെ ചിത്രം]

മൂപ്പന്മാർ പ്രത്യേകിച്ചും അനുദിനം ബൈബിൾ വായിക്കേണ്ടതാണ്‌

[10-ാം പേജിലെ ചിത്രങ്ങൾ]

സിനഗോഗുകളിൽ തിരുവെഴുത്തു വായനയിൽ പങ്കുപറ്റുന്നത്‌ യേശുവിന്റെ പതിവായിരുന്നു