വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവരാജ്യം​—⁠ഭൂമിയുടെ പുതിയ ഭരണകൂടം

ദൈവരാജ്യം​—⁠ഭൂമിയുടെ പുതിയ ഭരണകൂടം

ദൈവരാജ്യം​—⁠ഭൂമിയുടെ പുതിയ ഭരണകൂടം

“ആ രാജത്വം . . . ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.”​—⁠ദാനീയേൽ 2:⁠44.

1. ബൈബിളിനെ കുറിച്ചു നമുക്ക്‌ എന്ത്‌ ഉറപ്പ്‌ ഉണ്ടായിരിക്കാൻ കഴിയും?

മനുഷ്യർക്കായി ദൈവം വെളിപ്പെടുത്തിയ കാര്യങ്ങളാണ്‌ ബൈബിളിൽ അടങ്ങിയിരിക്കുന്നത്‌. പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: ‘ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല, സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായി തന്നേ നിങ്ങൾ അതു കൈക്കൊണ്ടു.’ (1 തെസ്സലൊനീക്യർ 2:13) ദൈവത്തെ കുറിച്ചു നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ബൈബിളിൽ അടങ്ങിയിരിക്കുന്നു. അവന്റെ വ്യക്തിത്വം, ഉദ്ദേശ്യങ്ങൾ, നമുക്കായി അവൻ വെച്ചിരിക്കുന്ന വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ അതിലുണ്ട്‌. കുടുംബജീവിതവും ദൈനംദിന നടത്തയും സംബന്ധിച്ച ഏറ്റവും മികച്ച ബുദ്ധിയുപദേശം അതിൽ കാണാം. കഴിഞ്ഞ കാലത്തു നിവൃത്തിയേറിയതും ഇപ്പോൾ നിവൃത്തിയേറിക്കൊണ്ടിരിക്കുന്നതും ഭാവിയിൽ നിവൃത്തിയേറാനിരിക്കുന്നതുമായ പ്രവചനങ്ങളുടെ വിശദാംശങ്ങൾ അതു നൽകുന്നു. അതേ, “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.”​—⁠2 തിമൊഥെയൊസ്‌ 3:16, 17.

2. ബൈബിളിലെ മുഖ്യ പ്രതിപാദ്യ വിഷയത്തിന്‌ യേശു ഊന്നൽ നൽകിയത്‌ എങ്ങനെ?

2 ബൈബിളിലെ ഏറ്റവും മുഖ്യ സംഗതി അതിലെ പ്രതിപാദ്യ വിഷയമാണ്‌: സ്വർഗീയ രാജ്യം മുഖാന്തരമുള്ള, ദൈവത്തിന്റെ പരമാധികാരത്തിന്റെ (ഭരിക്കാനുള്ള അവന്റെ അവകാശത്തിന്റെ) സംസ്ഥാപനം. യേശു തന്റെ ശുശ്രൂഷയിലൂടെ അറിയിച്ച മുഖ്യ സന്ദേശം അതായിരുന്നു. “യേശു: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിച്ചുതുടങ്ങി.” (മത്തായി 4:17) “മുമ്പെ [“ഒന്നാമത്‌,” NW] അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ” എന്ന്‌ ഉദ്‌ബോധിപ്പിച്ചുകൊണ്ട്‌ നമ്മുടെ ജീവിതത്തിൽ അതിന്‌ എന്തു സ്ഥാനം ഉണ്ടായിരിക്കണം എന്ന്‌ അവൻ പ്രകടമാക്കി. (മത്തായി 6:33) “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്ന്‌ ദൈവത്തോടു പ്രാർഥിക്കാൻ അനുഗാമികളെ പഠിപ്പിച്ചുകൊണ്ട്‌ അത്‌ എത്ര പ്രധാനമാണെന്നും അവൻ വ്യക്തമാക്കി.​—⁠മത്തായി 6:⁠10.

ഭൂമിയുടെ പുതിയ ഭരണകൂടം

3. നമ്മെ സംബന്ധിച്ചിടത്തോളം ദൈവരാജ്യം വളരെ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

3 എന്തുകൊണ്ടാണ്‌ ദൈവരാജ്യം മനുഷ്യർക്കു വളരെയേറെ പ്രധാനമായിരിക്കുന്നത്‌? ഭൂമിമേലുള്ള ഭരണാധിപത്യത്തിന്‌ സ്ഥായിയായ മാറ്റം വരുത്തുന്ന ഒരു നടപടി അതു സ്വീകരിക്കും എന്നതാണ്‌ കാരണം. ദാനീയേൽ 2:​44-ലെ പ്രവചനം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “[ഇപ്പോൾ ഭൂമിയിൽ ഭരണം നടത്തുന്ന] ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം [ഒരു സ്വർഗീയ ഗവൺമെന്റ്‌] സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ [ഭൗമിക ഗവൺമെന്റുകളെ] ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.” ദൈവത്തിന്റെ സ്വർഗീയ രാജ്യം ഭരണം പൂർണമായി ഏറ്റെടുത്തു കഴിഞ്ഞാൽ, പിന്നെ ഒരിക്കലും ഭൂമിമേലുള്ള നിയന്ത്രണം മനുഷ്യരുടെ കൈകളിൽ ആകുകയില്ല. ഭിന്നിപ്പിക്കുന്ന, അതൃപ്‌തികരമായ മനുഷ്യഭരണം എന്നേക്കുമായി നീങ്ങിപ്പോകും.

4, 5. (എ) ദൈവരാജ്യത്തിന്റെ രാജാവായിരിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി യേശു ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) സമീപ ഭാവിയിൽ യേശുവിന്‌ എന്തു നിയമനം ഉണ്ടായിരിക്കും?

4 യഹോവയുടെ നേരിട്ടുള്ള മേൽനോട്ടത്തിൻ കീഴിൽ, സ്വർഗീയ രാജ്യത്തിലെ മുഖ്യ ഭരണാധിപനായി ഭരിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തിയാണ്‌ ക്രിസ്‌തുയേശു. യഹോവയുടെ ആദ്യ സൃഷ്ടിയായ അവൻ ഭൂമിയിൽ വരുന്നതിനു മുമ്പ്‌, ഒരു “ശില്‌പി” എന്ന നിലയിൽ ദൈവത്തോടൊപ്പം സ്വർഗത്തിൽ ഉണ്ടായിരുന്നു. (സദൃശവാക്യങ്ങൾ 8:22-31) “അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും . . . സകലവും അവൻമുഖാന്തരം സൃഷ്ടിക്കപ്പെട്ടു.” (കൊലൊസ്സ്യർ 1:15, 16) ദൈവത്താൽ അയയ്‌ക്കപ്പെട്ട്‌ ഭൂമിയിൽ വന്ന യേശു എല്ലായ്‌പോഴും ദൈവഹിതമാണ്‌ ചെയ്‌തത്‌. ഏറ്റവും ദുഷ്‌കരമായ പരിശോധനകളെ പോലും അവൻ സഹിച്ചു നിൽക്കുകയും ജീവപര്യന്തം തന്റെ പിതാവിനോടു വിശ്വസ്‌തനായി നിലകൊള്ളുകയും ചെയ്‌തു.​—⁠യോഹന്നാൻ 4:34; 15:⁠10.

5 മരണംവരെ ദൈവത്തോടു വിശ്വസ്‌തത പാലിച്ചതിനാൽ, യേശു അനുഗ്രഹിക്കപ്പെട്ടു. ദൈവം അവനെ സ്വർഗത്തിലേക്ക്‌ ഉയിർപ്പിക്കുകയും സ്വർഗീയ രാജ്യത്തിന്റെ രാജാവായിരിക്കാനുള്ള അവകാശം നൽകുകയും ചെയ്‌തു. (പ്രവൃത്തികൾ 2:32-36) ദൈവരാജ്യത്തിന്റെ രാജാവ്‌ എന്ന നിലയിൽ യേശുക്രിസ്‌തുവിന്‌, ഭൂമിയിൽനിന്നു മനുഷ്യഭരണം നീക്കം ചെയ്യാനും ദുഷ്‌ടത ഇല്ലായ്‌മ ചെയ്യാനും വേണ്ടി ശക്തരായ അസംഖ്യം ആത്മസൃഷ്ടികൾക്കു നേതൃത്വം നൽകാനുള്ള ഭയഗംഭീരമായ ഉത്തരവാദിത്വം ഉണ്ടായിരിക്കും. (സദൃശവാക്യങ്ങൾ 2:21, 22; 2 തെസ്സലൊനീക്യർ 1:6-9; വെളിപ്പാടു 19:11-21; 20:1-3) അപ്പോൾ, ദൈവം ക്രിസ്‌തുവിന്റെ കീഴിൽ ആക്കിവെച്ചിരിക്കുന്ന സ്വർഗീയ രാജ്യമായിരിക്കും പുതിയ ഭരണകൂടം, ഭൂമിമേലുള്ള ഏക ഗവൺമെന്റും അതായിരിക്കും.​—⁠വെളിപ്പാടു 11:⁠15.

6. ദൈവരാജ്യത്തിന്റെ രാജാവിൽനിന്ന്‌ എങ്ങനെയുള്ള ഒരു ഭരണം നമുക്കു പ്രതീക്ഷിക്കാനാകും?

6 ഭൂമിയുടെ ആ പുതിയ ഭരണാധിപനെ കുറിച്ച്‌ ദൈവവചനം ഇങ്ങനെ പറയുന്നു: “സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു.” (ദാനീയേൽ 7:14) യേശു ദൈവസ്‌നേഹം അനുകരിക്കുമെന്നതിനാൽ, അവന്റെ ഭരണത്തിൻ കീഴിൽ ഭൂമിയിൽ വലിയ സമാധാനവും സന്തുഷ്ടിയും ഉണ്ടായിരിക്കും. (മത്തായി 5:5; യോഹന്നാൻ 3:16; 1 യോഹന്നാൻ 4:7-10) “അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; . . . അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും.” (യെശയ്യാവു 9:7) സ്‌നേഹത്തോടും ന്യായത്തോടും നീതിയോടും കൂടെ ഭരിക്കുന്ന ഒരു ഭരണാധിപൻ ഉണ്ടായിരിക്കുന്നത്‌ എന്തൊരു അനുഗ്രഹമാണ്‌! അതിനാൽ 2 പത്രൊസ്‌ 3:13 ഇപ്രകാരം മുൻകൂട്ടി പറയുന്നു: “എന്നാൽ നാം അവന്റെ വാഗ്‌ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും [ദൈവത്തിന്റെ സ്വർഗീയ രാജ്യം] പുതിയ ഭൂമിക്കുമായിട്ടു [ഭൂമിയിലെ ഒരു പുതിയ ജനസമൂഹം] കാത്തിരിക്കുന്നു.”

7. നമ്മുടെ നാളിൽ മത്തായി 24:14 നിവൃത്തിയേറുന്നത്‌ എങ്ങനെ?

7 ദൈവരാജ്യം എന്നത്‌ ശരിയായത്‌ പ്രിയപ്പെടുന്ന സകലരെയും സംബന്ധിച്ചുള്ള ഏറ്റവും നല്ല വാർത്തയാണ്‌. അതുകൊണ്ടാണ്‌ നാം ജീവിക്കുന്ന ഈ ദുഷ്‌ട വ്യവസ്ഥിതിയുടെ “അന്ത്യകാല”ത്തിന്റെ അടയാളത്തിന്റെ ഭാഗമായി യേശു ഇങ്ങനെ മുൻകൂട്ടി പറഞ്ഞത്‌: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (2 തിമൊഥെയൊസ്‌ 3:1-5; മത്തായി 24:14) ആ പ്രവചനം ഇപ്പോൾ നിവൃത്തിയേറിക്കൊണ്ടിരിക്കുന്നു. 60 ലക്ഷത്തോളം വരുന്ന യഹോവയുടെ സാക്ഷികൾ 234 ദേശങ്ങളിലായി ദൈവരാജ്യത്തെ കുറിച്ചു മറ്റുള്ളവരോട്‌ സാക്ഷീകരിക്കാൻ വർഷംതോറും നൂറു കോടിയിലധികം മണിക്കൂർ ചെലവഴിക്കുന്നത്‌ അതിന്റെ തെളിവാണ്‌. ലോകവ്യാപകമായുള്ള അവരുടെ 90,000 സഭകളുടെ ആരാധനാസ്ഥലങ്ങളെ രാജ്യഹാൾ എന്നു വിളിക്കുന്നത്‌ തീർച്ചയായും ഉചിതമാണ്‌. ആസന്നമായ ദൈവരാജ്യത്തെ കുറിച്ചു പഠിക്കാൻ അവിടെ ആളുകൾ കൂടിവരുന്നു.

സഹഭരണാധികാരികൾ

8, 9, (എ) ക്രിസ്‌തുവിന്റെ സഹഭരണാധികാരികൾ എവിടെ നിന്നുള്ളവരാണ്‌? (ബി) ഈ രാജാവിന്റെയും അവന്റെ സഹഭരണാധികാരികളുടെയും ഭരണം സംബന്ധിച്ച്‌ നമുക്ക്‌ എന്ത്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും?

8 ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിൽ ക്രിസ്‌തുവിനോടൊപ്പം വാഴുന്ന സഹഭരണാധികാരികൾ ഉണ്ടായിരിക്കും. ‘ഭൂമിയിൽനിന്നു വിലയ്‌ക്കു വാങ്ങപ്പെട്ട’ 1,44,000 പേർ സ്വർഗീയ ജീവനിലേക്കു പുനരുത്ഥാനം ചെയ്യപ്പെടുമെന്ന്‌ വെളിപ്പാടു 14:1-4 മുൻകൂട്ടി പറഞ്ഞു. സ്‌ത്രീപുരുഷന്മാർ ഉൾപ്പെടുന്ന ഇവർ മറ്റുള്ളവരുടെ ശുശ്രൂഷ സ്വീകരിക്കുകയല്ല, മറിച്ച്‌ ദൈവത്തെയും സഹമനുഷ്യരെയും സേവിക്കുകയാണു ചെയ്‌തിരിക്കുന്നത്‌. “അവർ ദൈവത്തിന്നും ക്രിസ്‌തുവിന്നും പുരോഹിതന്മാരായി ക്രിസ്‌തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.” (വെളിപ്പാടു 20:6) അവരുടെ എണ്ണം, ‘സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ള, ആർക്കും എണ്ണിക്കൂടാത്ത മഹാപുരുഷാര’ത്തിന്റെതിലും വളരെ കുറവാണ്‌. ഈ മഹാപുരുഷാരവും ദൈവത്തെ ‘രാപ്പകൽ ആരാധിക്കുന്നു’വെങ്കിലും, അവർക്കു സ്വർഗീയ വിളിയില്ല. (വെളിപ്പാടു 7:9, 15) ദൈവരാജ്യത്തിന്റെ പ്രജകൾ എന്ന നിലയിൽ അവരാണ്‌ പുതിയ ഭൂമിയുടെ കേന്ദ്രമായി വർത്തിക്കുന്നത്‌.​—⁠സങ്കീർത്തനം 37:29; യോഹന്നാൻ 10:⁠16.

9 സ്വർഗത്തിൽ ക്രിസ്‌തുവിനോടു കൂടെ ഭരണം നടത്താൻ യഹോവ തിരഞ്ഞെടുത്തത്‌ ജീവിതത്തിൽ സകലവിധ പ്രശ്‌നങ്ങളും അഭിമുഖീകരിച്ചിട്ടുള്ള വിശ്വസ്‌ത മനുഷ്യരെയാണ്‌. ആളുകൾ അനുഭവിച്ചിട്ടുള്ളതെല്ലാംതന്നെ ഈ രാജപുരോഹിതന്മാരും അനുഭവിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ ഭൂമിയിലെ അവരുടെ ജീവിതം മനുഷ്യരുടെമേൽ ഭരണം നടത്താനുള്ള അവരുടെ പ്രാപ്‌തി വർധിപ്പിക്കുന്നു. യേശു പോലും “താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു.” (എബ്രായർ 5:8) പൗലൊസ്‌ അപ്പൊസ്‌തലൻ അവനെ കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.” (എബ്രായർ 4:15) ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകത്തിൽ ആളുകളെ ഭരിക്കുന്നത്‌ സ്‌നേഹവും സഹാനുഭൂതിയുമുള്ള രാജാക്കന്മാരും പുരോഹിതന്മാരും ആയിരിക്കുമെന്ന്‌ അറിയുന്നത്‌ എത്ര ആശ്വാസകരമാണ്‌!

രാജ്യം ദൈവം ഉദ്ദേശിച്ചിരുന്നതോ?

10. സ്വർഗീയ രാജ്യം ദൈവത്തിന്റെ ആദിമ ഉദ്ദേശ്യത്തിന്റെ ഭാഗമല്ലാതിരുന്നത്‌ എന്തുകൊണ്ട്‌?

10 ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചപ്പോഴത്തെ ദൈവത്തിന്റെ ആദിമ ഉദ്ദേശ്യത്തിന്റെ ഭാഗമായിരുന്നോ സ്വർഗീയ രാജ്യം? ഉല്‌പത്തിയിലെ സൃഷ്ടിപ്പിൻ വിവരണത്തിൽ മനുഷ്യവർഗത്തെ ഭരിക്കുന്ന ഒരു രാജ്യത്തെ കുറിച്ചുള്ള യാതൊരു പരാമർശവും ഇല്ല. യഹോവതന്നെ ആയിരുന്നു അവരുടെ ഭരണാധികാരി. മനുഷ്യർ അവനെ അനുസരിക്കുന്നിടത്തോളം കാലം മറ്റു യാതൊരു ഭരണത്തിന്റെയും ആവശ്യം ഇല്ലായിരുന്നു. യഹോവ, സാധ്യതയനുസരിച്ച്‌ തന്റെ ആദ്യജാത സ്വർഗീയ പുത്രനിലൂടെ, ആദാമിനോടും ഹവ്വായോടും ഇടപെട്ടിരുന്നതായി ഉല്‌പത്തി 1-ാം അധ്യായം പ്രകടമാക്കുന്നു. ‘ദൈവം അവരോടു കല്‌പിച്ചു,’ “ദൈവം കല്‌പിച്ചു” എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ ആ അധ്യായത്തിൽ നമുക്കു കാണാം.​—⁠ഉല്‌പത്തി 1:28, 29; യോഹന്നാൻ 1:⁠1.

11. മനുഷ്യവർഗത്തിന്റെ തുടക്കം എങ്ങനെയുള്ളതായിരുന്നു?

11 ബൈബിൾ ഇങ്ങനെ പറയുന്നു: “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.” (ഉല്‌പത്തി 1:31) ഏദെൻതോട്ടത്തിൽ ഉണ്ടായിരുന്ന സകലവും പരിപൂർണമായിരുന്നു. ആദാമും ഹവ്വായും ജീവിച്ചത്‌ ഒരു പറുദീസയിലാണ്‌. അവരുടെ മനസ്സും ശരീരവും പൂർണമായിരുന്നു. തങ്ങളുടെ സ്രഷ്ടാവുമായി അവർക്കും അവരുമായി അവനും ആശയവിനിമയം നടത്താൻ കഴിയുമായിരുന്നു. വിശ്വസ്‌തരായി നിലകൊണ്ടാൽ അവർക്കു പൂർണതയുള്ള കുട്ടികൾ ജനിക്കുമായിരുന്നു. പുതിയ ഒരു സ്വർഗീയ ഗവൺമെന്റിന്റെ ആവശ്യമേ ഉണ്ടാകുമായിരുന്നില്ല.

12, 13. പൂർണ മനുഷ്യരുടെ എണ്ണം വർധിക്കുന്നതോടെ, അവരുമായി അപ്പോഴും ആശയവിനിമയം നടത്താൻ ദൈവത്തിനു കഴിയുമായിരുന്നത്‌ എന്തുകൊണ്ട്‌?

12 മനുഷ്യരുടെ എണ്ണം വർധിക്കുമ്പോൾ, ദൈവം അവരുമായെല്ലാം എങ്ങനെ ആശയവിനിമയം നടത്തുമായിരുന്നു? ആകാശത്തിലെ നക്ഷത്രങ്ങളെ കുറിച്ചു ചിന്തിക്കുക. താരാപംക്തികൾ എന്നു വിളിക്കപ്പെടുന്ന നക്ഷത്രസമൂഹങ്ങളായാണ്‌ അവ കാണപ്പെടുന്നത്‌. ചില താരാപംക്തികളിൽ നൂറുകോടിയോളം നക്ഷത്രങ്ങളുണ്ട്‌. മറ്റു ചിലവയിലുള്ള നക്ഷത്രങ്ങളുടെ എണ്ണമാകട്ടെ ഒരു ലക്ഷം കോടിയോളം വരും. ദൃശ്യമായ പ്രപഞ്ചത്തിൽ 10,000 കോടിയോളം താരാപംക്തികൾ ഉള്ളതായി ശാസ്‌ത്രജ്ഞർ കണക്കാക്കുന്നു! എങ്കിലും സ്രഷ്ടാവ്‌ ഇപ്രകാരം പറയുന്നു: “നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.”​—⁠യെശയ്യാവു 40:26.

13 ഈ ജ്യോതിർഗോളങ്ങളെ സംബന്ധിച്ച കണക്കുകൾ ദൈവത്തിനു സൂക്ഷിക്കാൻ കഴിയുമെന്നതിനാൽ, അവയെക്കാൾ എണ്ണത്തിൽ വളരെ കുറവുള്ള മനുഷ്യരെ സംബന്ധിച്ച എല്ലാ വിവരങ്ങളും സൂക്ഷിക്കാൻ അവന്‌ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരിക്കുമായിരുന്നില്ല. ഇപ്പോൾ പോലും അവന്റെ ദശലക്ഷക്കണക്കിന്‌ ദാസന്മാർ അവനോടു ദിവസവും പ്രാർഥിക്കുന്നു. ആ പ്രാർഥനകൾ തത്‌ക്ഷണം ദൈവത്തിന്റെ പക്കൽ എത്തുകയും ചെയ്യുന്നു. അതിനാൽ സകല പൂർണ മനുഷ്യരോടും ആശയവിനിമയം ചെയ്യുക എന്നത്‌ അവന്‌ ഒരു പ്രശ്‌നമേയല്ല. അവരെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ അവന്‌ ഒരു സ്വർഗീയ രാജ്യത്തിന്റെ ആവശ്യമില്ല. യഹോവ ഭരണാധികാരിയായി ഉണ്ടായിരിക്കുക, അവനുമായി നേരിട്ട്‌ ആശയവിനിമയം നടത്താൻ കഴിയുക, ഒരിക്കലും മരിക്കാതെ ഒരു പറുദീസാ ഭൂമിയിൽ നിത്യമായി ജീവിക്കാൻ കഴിയുക എന്നിവയെല്ലാം എത്ര വിസ്‌മയകരമായ കാര്യങ്ങളാണ്‌!

‘മനുഷ്യനു തന്റെ കാലടികളെ നേരെ ആക്കാവതല്ല’

14. മനുഷ്യർക്ക്‌ എക്കാലവും യഹോവയുടെ ഭരണം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

14 എന്നിരുന്നാലും, മനുഷ്യർക്ക്‌​—⁠പൂർണതയുള്ളവർക്കു പോലും​—⁠യഹോവയുടെ ഭരണം നിത്യമായി ആവശ്യമാണ്‌. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ, തന്റെ ഭരണം കൂടാതെതന്നെ വിജയിക്കാൻ കഴിയുന്ന വിധത്തിലല്ല യഹോവ അവരെ സൃഷ്ടിച്ചിരിക്കുന്നത്‌. യിരെമ്യാ പ്രവാചകൻ പിൻവരുന്നപ്രകാരം സമ്മതിച്ചു പറയുന്നതുപോലെ മനുഷ്യരെ സംബന്ധിച്ച ഒരു നിയമമാണ്‌ അത്‌: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു. യഹോവേ, . . . നീ എന്നെ . . . ശിക്ഷിക്കേണമേ [“തിരുത്തേണമേ,” NW].” (യിരെമ്യാവു 10:23, 24) ഭരണാധിപനായി യഹോവയുടെ ആവശ്യമില്ലാതെതന്നെ സമൂഹത്തെ മനുഷ്യർക്കു വിജയപ്രദമായി നിയന്ത്രിക്കാൻ കഴിയുമെന്നു ചിന്തിക്കുന്നത്‌ ഭോഷത്വമായിരിക്കും. അവർ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന വിധത്തിനു വിരുദ്ധമായിരിക്കും അത്‌. യഹോവയുടെ ഭരണത്തെ കൂടാതെയുള്ള സ്വാതന്ത്ര്യം തീർച്ചയായും സ്വാർഥതയിലും വിദ്വേഷത്തിലും ക്രൂരതയിലും അക്രമത്തിലും യുദ്ധങ്ങളിലും മരണത്തിലും കലാശിക്കും. അങ്ങനെ ‘മനുഷ്യൻ മനുഷ്യന്റെ മേൽ ദോഷത്തിന്നായി അധികാരം’ നടത്തുകയും ചെയ്യും.​—⁠സഭാപ്രസംഗി 8:⁠9.

15. നമ്മുടെ ആദ്യ മാതാപിതാക്കൾ കൈക്കൊണ്ട തെറ്റായ തീരുമാനത്തിന്റെ ചില തിക്തഫലങ്ങൾ ഏവ?

15 ദുഃഖകരമെന്നു പറയട്ടെ, ഭരണാധികാരിയായി തങ്ങൾക്കു ദൈവത്തിന്റെ ആവശ്യമില്ലെന്ന്‌ നമ്മുടെ ആദ്യ മാതാപിതാക്കൾ തീരുമാനിക്കുകയും അവനിൽനിന്ന്‌ അകന്നു ജീവിക്കുകയും ചെയ്‌തു. തത്‌ഫലമായി, ദൈവം മേലാൽ അവരെ പൂർണാവസ്ഥയിൽ നിലനിറുത്തിയില്ല. അങ്ങനെ അവർ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ട ഒരു ഉപകരണം പോലെ ആയിത്തീർന്നു. അങ്ങനെ അവരുടെ ജീവത്‌പ്രവർത്തനങ്ങൾ കുറഞ്ഞുകുറഞ്ഞുവന്ന്‌ അവർ ഒടുവിൽ മരിക്കുമായിരുന്നു. ന്യൂനത ഉള്ളവർ ആയിത്തീർന്ന അവർക്ക്‌ അതു മാത്രമേ തങ്ങളുടെ മക്കളിലേക്കു കൈമാറാൻ കഴിഞ്ഞുള്ളൂ. (റോമർ 5:12) “[യഹോവ] പാറ; അവന്റെ പ്രവൃത്തി ഊനമറ്റത്‌; . . . അവർ അവനോടു തിന്മ പ്രവർത്തിച്ചു, അവരുടെ ന്യൂനതമൂലം അവർ ഇനി അവന്റെ മക്കളല്ല.” (ആവർത്തനപുസ്‌തകം 32:4, 5, ഓശാന ബൈബിൾ) സാത്താൻ ആയിത്തീർന്ന മത്സരിയായ ആത്മസൃഷ്ടിയാണ്‌ ആദാമിനെയും ഹവ്വായെയും സ്വാധീനിച്ചത്‌ എന്നതു സത്യംതന്നെ. എന്നാൽ പൂർണമായ മനസ്സുണ്ടായിരുന്ന അവർക്ക്‌ സാത്താന്റെ തെറ്റായ നിർദേശങ്ങൾ നിരസിക്കാൻ കഴിയുമായിരുന്നു.​—⁠ഉല്‌പത്തി 3:1-19; യാക്കോബ്‌ 4:⁠7.

16. മനുഷ്യർ ദൈവത്തിന്റെ അധികാരത്തെ അംഗീകരിക്കാഞ്ഞതിന്റെ ദാരുണഫലത്തിനു ചരിത്രം എന്തു സാക്ഷ്യം വഹിക്കുന്നു?

16 മനുഷ്യർ ദൈവത്തിന്റെ അധികാരത്തെ അംഗീകരിക്കാതെ ജീവിച്ചതിന്റെ ദാരുണ ഫലങ്ങൾക്കു ചരിത്രം വാചാലമായ സാക്ഷ്യം വഹിക്കുന്നു. ആയിരക്കണക്കിനു വർഷങ്ങളായി ആളുകൾ നാനാതരം ഭരണസമ്പ്രദായങ്ങളും സാമ്പത്തികവും സാമൂഹികവുമായ വിവിധ വ്യവസ്ഥകളും പരീക്ഷിച്ചുനോക്കിയിട്ടുണ്ട്‌. എന്നാൽ, ദുഷ്ടത “മേല്‌ക്കുമേൽ” വർധിച്ചുവരുകയാണ്‌. (2 തിമൊഥെയൊസ്‌ 3:13, 14) 20-ാം നൂറ്റാണ്ട്‌ അതിനു തെളിവേകി. ചരിത്രത്തിലെ ഏറ്റവും ദുഷ്ടമായ വിദ്വേഷവും അതിഹീനമായ അക്രമവും യുദ്ധവും പട്ടിണിയും ദാരിദ്ര്യവും യാതനയും കൊണ്ടു നിറഞ്ഞതായിരുന്നു അത്‌. വൈദ്യശാസ്‌ത്ര രംഗത്ത്‌ എന്തെല്ലാം പുരോഗതി ഉണ്ടായിരുന്നാലും, ഒരിക്കൽ എല്ലാവരും മരിക്കുന്നു. (സഭാപ്രസംഗി 9:5, 10) സ്വന്തം കാലടികളെ നയിക്കാൻ ശ്രമിച്ചുകൊണ്ട്‌ മനുഷ്യർ സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും കയ്യിലെ കളിപ്പാവ ആയിത്തീർന്നിരിക്കുന്നു. അതിനാൽ ബൈബിൾ സാത്താനെ “ഈ ലോകത്തിന്റെ ദൈവം” എന്നാണു വിളിക്കുന്നത്‌.​—⁠2 കൊരിന്ത്യർ 4:⁠4.

ഇച്ഛാസ്വാതന്ത്ര്യം എന്ന ദാനം

17. ദൈവം മനുഷ്യർക്കു നൽകിയ ഇച്ഛാസ്വാതന്ത്ര്യം എന്ന ദാനം അവർ എങ്ങനെ ഉപയോഗിക്കണമായിരുന്നു?

17 സ്വന്തവഴിക്കു പോകാൻ ദൈവം മനുഷ്യരെ അനുവദിച്ചത്‌ എന്തുകൊണ്ടാണ്‌? എന്തുകൊണ്ടെന്നാൽ ഇച്ഛാസ്വാതന്ത്ര്യം അഥവാ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്ന അത്ഭുതകരമായ ദാനത്തോടെയാണ്‌ അവൻ അവരെ സൃഷ്ടിച്ചത്‌. “കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു,” അപ്പൊസ്‌തലനായ പൗലൊസ്‌ പറയുകയുണ്ടായി. (2 കൊരിന്ത്യർ 3:17) ഒരു യന്ത്രമനുഷ്യൻ പോലെ ആയിരിക്കാൻ അഥവാ, താൻ എന്തു പറയണം അല്ലെങ്കിൽ എന്തു ചെയ്യണം എന്ന്‌ എല്ലായ്‌പോഴും മറ്റാരെങ്കിലും തീരുമാനിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. എന്നാൽ, തങ്ങൾക്കു ലഭിച്ച ഇച്ഛാസ്വാതന്ത്ര്യം എന്ന ദാനത്തെ ഉത്തരവാദിത്വപൂർവം ഉപയോഗിക്കാനും യഹോവയുടെ ഹിതം ചെയ്യുന്നതിന്റെ ജ്ഞാനം കാണാനും അവനു കീഴ്‌പെട്ടിരിക്കാനും യഹോവ മനുഷ്യരോട്‌ ആവശ്യപ്പെട്ടു. (ഗലാത്യർ 5:13) അതിനാൽ അവരുടെ സ്വാതന്ത്ര്യം പരിപൂർണം ആയിരിക്കുമായിരുന്നില്ല. കാരണം, അത്‌ അരാജകത്വത്തിൽ കലാശിക്കുമായിരുന്നു. സ്വാതന്ത്ര്യത്തെ ദൈവം നൽകിയ പ്രയോജനപ്രദമായ നിയമങ്ങളുടെ പരിധിക്കുള്ളിൽ നിറുത്തേണ്ടിയിരുന്നു.

18. സ്വതന്ത്ര ഇച്ഛാശക്തി ഉപയോഗിക്കാൻ മനുഷ്യരെ അനുവദിക്കുകവഴി ദൈവം എന്തു തെളിയിച്ചിരിക്കുന്നു?

18 സ്വന്ത ഗതി തിരഞ്ഞെടുക്കാൻ മനുഷ്യകുടുംബത്തെ അനുവദിക്കുകവഴി, നമുക്ക്‌ ദൈവഭരണത്തിന്റെ ആവശ്യമുണ്ടെന്ന്‌ ദൈവം എല്ലാ കാലത്തേക്കുമായി തെളിയിച്ചിരിക്കുന്നു. ദൈവത്തിന്റെ ഭരണം, അവന്റെ പരമാധികാരം, അതാണ്‌ ശരിയായ ഏക ഭരണം. അത്‌ ഏറ്റവും വലിയ സന്തുഷ്ടിയും സംതൃപ്‌തിയും ഐശ്വര്യവും കൈവരുത്തുന്നു. കാരണം യഹോവയുടെ നിയമങ്ങൾക്കു ചേർച്ചയിൽ ആയിരുന്നാൽ മാത്രം ഉത്തമ ഫലം പുറപ്പെടുവിക്കാൻ കഴിയുന്ന വിധത്തിലാണ്‌ നമ്മുടെ മനസ്സിനെയും ശരീരത്തെയും രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌. “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.” (യെശയ്യാവു 48:17) ദൈവത്തിന്റെ നിയമങ്ങളുടെ പരിധികൾക്ക്‌ ഉള്ളിലുള്ള സ്വതന്ത്രമായ തിരഞ്ഞെടുപ്പ്‌ ഭാരപ്പെടുത്തുന്ന ഒന്നായിരിക്കുമായിരുന്നില്ല, മറിച്ച്‌ ഭക്ഷണം, ഭവനം, കല, സംഗീതം എന്നിങ്ങനെയുള്ള നാനാ കാര്യങ്ങളിൽ അത്‌ ആസ്വാദനം കൈവരുത്തുമായിരുന്നു. സ്വതന്ത്ര ഇച്ഛാശക്തി ഉചിതമായി ഉപയോഗിച്ചുകൊണ്ട്‌ മനുഷ്യർക്കു ഭൂമിയിലെ പറുദീസയിൽ അത്ഭുതകരവും അങ്ങേയറ്റം ആനന്ദകരവുമായ ജീവിതം ആസ്വദിക്കാൻ കഴിയുമായിരുന്നു.

19. എന്തു മുഖേനയാണ്‌ ദൈവം മനുഷ്യരെ താനുമായി ഒരു സമാധാന ബന്ധത്തിലേക്കു വരുത്താൻ പോകുന്നത്‌?

19 തെറ്റായ തിരഞ്ഞെടുപ്പിന്റെ ഫലമായി, മനുഷ്യർ ദൈവത്തിൽനിന്ന്‌ അന്യപ്പെട്ടു പോകുകയും അപൂർണരും അപക്ഷയം സംഭവിക്കുന്നവരും മരിക്കുന്നവരും ആയിത്തീരുകയും ചെയ്‌തു. അതിനാൽ പരിതാപകരമായ ആ അവസ്ഥയിൽനിന്ന്‌ അവരെ വീണ്ടെടുത്ത്‌ ദൈവത്തിന്റെ പുത്രീപുത്രന്മാർ എന്ന നിലയിലുള്ള ഉചിതമായ ബന്ധത്തിലേക്കു കൊണ്ടുവരേണ്ടിയിരുന്നു. ദൈവരാജ്യം മുഖേനയാണ്‌ ദൈവം അതു നിർവഹിക്കാൻ പോകുന്നത്‌. യേശുക്രിസ്‌തുവാണ്‌ വീണ്ടെടുപ്പുകാരൻ. (യോഹന്നാൻ 3:16) യേശുവിന്റെ ഉപമയിലെ മുടിയനായ പുത്രനെ പോലെ, ശരിയായ അനുതാപമുള്ളവർ ഈ ക്രമീകരണത്തിലൂടെ, ദൈവവുമായുള്ള ഒരു സമാധാനബന്ധത്തിലേക്കു വരുകയും അവന്റെ മക്കളായി സ്വീകരിക്കപ്പെടുകയും ചെയ്യും.​—⁠ലൂക്കൊസ്‌ 15:11-24; റോമർ 8:20; 2 കൊരിന്ത്യർ 6:⁠17.

20. രാജ്യം മുഖാന്തരം ദൈവോദ്ദേശ്യം നിവൃത്തിയേറുന്നത്‌ എങ്ങനെ?

20 യഹോവയുടെ ഹിതം ഭൂമിയിൽ നിറവേറും എന്നതിനു യാതൊരു സംശയവുമില്ല. (യെശയ്യാവു 14:24, 27; 55:11) ക്രിസ്‌തുവിന്റെ കീഴിലെ രാജ്യം മുഖാന്തരം നമ്മുടെ പരമാധികാരി ആയിരിക്കാനുള്ള അവകാശം ദൈവം പൂർണമായി സംസ്ഥാപിക്കും (നീതീകരിക്കും അഥവാ തെളിയിക്കും). ആ രാജ്യം ഭൂമിമേലുള്ള, മനുഷ്യരുടെയും ഭൂതങ്ങളുടെയും ഭരണത്തിന്‌ അറുതി വരുത്തുകയും ആയിരം വർഷത്തേക്ക്‌ സ്വർഗത്തിൽനിന്നു ഭരിക്കുകയും ചെയ്യും. (റോമർ 16:20; വെളിപ്പാടു 20:1-6) എന്നാൽ അപ്പോൾ യഹോവയുടെ ഭരണത്തിന്റെ ശ്രേഷ്‌ഠത തെളിയിക്കപ്പെടുന്നത്‌ എങ്ങനെ ആയിരിക്കും? ആയിരം വർഷത്തിനു ശേഷം ആ രാജ്യത്തിന്‌ എന്തു പങ്കായിരിക്കും ഉണ്ടായിരിക്കുക? പിൻവരുന്ന ലേഖനം ഈ ചോദ്യങ്ങൾ പരിചിന്തിക്കും.

പരിചിന്തന ചോദ്യങ്ങൾ

• ബൈബിളിലെ മുഖ്യ പ്രതിപാദ്യ വിഷയം എന്ത്‌?

• ഭൂമിയുടെമേലുള്ള പുതിയ ഭരണാധിപത്യത്തിൽ ആരെല്ലാം ഉൾപ്പെടുന്നു?

• ദൈവത്തെ കൂടാതെയുള്ള മനുഷ്യഭരണം ഒരിക്കലും വിജയിക്കുകയില്ലാത്തത്‌ എന്തുകൊണ്ട്‌?

• സ്വതന്ത്ര ഇച്ഛാശക്തി എങ്ങനെ ഉപയോഗിക്കണം?

[അധ്യയന ചോദ്യങ്ങൾ]

[10-ാം പേജിലെ ചിത്രം]

രാജ്യം മുഖാന്തരമുള്ള ദൈവത്തിന്റെ ഭരണത്തിന്‌ യേശുവിന്റെ പഠിപ്പിക്കൽ ഊന്നൽ നൽകി

[12-ാം പേജിലെ ചിത്രം]

ദൈവരാജ്യം എല്ലാ ദേശത്തുമുള്ള യഹോവയുടെ സാക്ഷികളുടെ മുഖ്യ പഠിപ്പിക്കലാണ്‌

[14-ാം പേജിലെ ചിത്രം]

മനുഷ്യർ ദൈവത്തിന്റെ അധികാരത്തെ തള്ളിക്കളഞ്ഞതിന്റെ ദാരുണ ഫലങ്ങൾക്കു ചരിത്രം സാക്ഷ്യം വഹിക്കുന്നു

[കടപ്പാട്‌]

ഡബ്ല്യുഡബ്ല്യുഐ സൈനികർ: U.S. National Archives photo; തടങ്കൽപ്പാളയം: Oświęcim Museum; കുട്ടി: UN PHOTO 186156/J. Isaac