വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“അചഞ്ചലമാം വിശ്വാസത്തിനായ്‌”!

“അചഞ്ചലമാം വിശ്വാസത്തിനായ്‌”!

ജീവിത കഥ

“അചഞ്ചലമാം വിശ്വാസത്തിനായ്‌”!

ഹെർബെർട്ട്‌ മുള്ളർ പറഞ്ഞ പ്രകാരം

ഹിറ്റ്‌ലറിന്റെ സൈന്യം നെതർലൻഡ്‌സിനെ ആക്രമിച്ച്‌ ഏതാനും മാസങ്ങൾ കഴിഞ്ഞ്‌ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്മേൽ നിരോധനം ഏർപ്പെടുത്തി. അതിനു മുമ്പുതന്നെ നാസികളുടെ കൈവശമുണ്ടായിരുന്ന പിടികിട്ടാപ്പുള്ളികളുടെ ലിസ്‌റ്റിൽ എന്റെ പേര്‌ ഉണ്ടായിരുന്നു. അവർ എന്നെ ഒരു മൃഗത്തെ പോലെ വേട്ടയാടുകയായിരുന്നു.

ഒരവസരത്തിൽ, ഒളിവിൽ കഴിഞ്ഞും ഓടിയും വളരെയധികം അവശനായ ഞാൻ, പട്ടാളം പിടികൂടിയിരുന്നെങ്കിൽ ആശ്വാസമായേനെ എന്നുപോലും ഭാര്യയോട്‌ പറഞ്ഞു. അപ്പോഴാണ്‌ ഒരു പാട്ടിന്റെ വരികൾ എന്റെ മനസ്സിലേക്ക്‌ ഓടിയെത്തിയത്‌: “വൈരികളെതിർക്കിലും അചഞ്ചലമാം വിശ്വാസത്തിനായ്‌.” * ആ പാട്ടിനെ കുറിച്ചുള്ള ഓർമ എന്റെ ശക്തിയെ പുതുക്കുകയും ജർമനിയിൽ ഉണ്ടായിരുന്ന എന്റെ മാതാപിതാക്കളെക്കുറിച്ചും എന്റെ സുഹൃത്തുക്കൾ ഈ പാട്ട്‌ പാടി എന്നെ യാത്രയയച്ച ദിവസത്തെക്കുറിച്ചും എന്നെ ഓർമിപ്പിക്കുകയും ചെയ്‌തു. എന്റെ ആ പൂർവകാല സ്‌മരണകൾ ഞാൻ നിങ്ങളുമായി പങ്കുവെക്കട്ടെ.

മാതാപിതാക്കൾ വെച്ച മാതൃക

ജർമനിയിലെ കോപിറ്റ്‌സ്‌ പട്ടണത്തിൽ ഞാൻ ജനിച്ച ആ സമയത്ത്‌ എന്റെ മാതാപിതാക്കൾ ഇവാഞ്ചലിക്കൽ സഭാംഗങ്ങൾ ആയിരുന്നു. * ഏഴു വർഷത്തിനുശേഷം അതായത്‌, 1920-ൽ എന്റെ പിതാവ്‌ സഭയുമായുള്ള തന്റെ ബന്ധം വിച്‌ഛേദിച്ചു. ഏപ്രിൽ 6-ാം തീയതി അദ്ദേഹം പട്ടണത്തിലെ സിവിൽ രജിസ്‌ട്രാറോട്‌ കിർക്കനോസ്‌ട്രിറ്റസ്‌ബെഷൈനീഗങ്‌ (സഭാംഗത്വം രാജിവെച്ചത്‌ അംഗീകരിച്ചുകൊണ്ടുള്ള രേഖ) നൽകാൻ ആവശ്യപ്പെട്ടു. അതനുസരിച്ച്‌ ഓഫീസർ ഒരു രേഖ നൽകി. എന്നാൽ രണ്ടാഴ്‌ച കഴിഞ്ഞ്‌ പിതാവ്‌ വീണ്ടും ഓഫീസറെ സമീപിച്ചു. കാരണം അദ്ദേഹത്തിന്റെ മകളുടെ പേർ അതിൽ ചേർക്കാൻ വിട്ടുപോയിരുന്നു. തുടർന്ന്‌, മാർത്താ മാർഗരെറ്റയെ കൂടി ഉൾപ്പെടുത്തിക്കൊണ്ട്‌ രണ്ടാമതൊരു രേഖ ഓഫീസർ അദ്ദേഹത്തിനു നൽകി. ആ സമയത്ത്‌ എന്റെ സഹോദരി മാർഗരെറ്റയ്‌ക്ക്‌ ഒന്നര വയസ്സേ ഉണ്ടായിരുന്നുള്ളൂ. യഹോവയുടെ സേവനത്തോട്‌ ബന്ധപ്പെട്ട കാര്യങ്ങളിൽ അണുവിടപോലും വിട്ടുകൊടുക്കാൻ പിതാവ്‌ തയ്യാറല്ലായിരുന്നു.

അതേ വർഷംതന്നെ എന്റെ മാതാപിതാക്കളെ ബൈബിൾ വിദ്യാർഥികൾ​—⁠യഹോവയുടെ സാക്ഷികൾ അന്ന്‌ ആ പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌​—⁠സ്‌നാപനപ്പെടുത്തി. പിതാവിന്റെ കർശന നിയന്ത്രണത്തിലാണ്‌ ഞങ്ങൾ വളർന്നുവന്നത്‌. എങ്കിലും അദ്ദേഹം യഹോവയോട്‌ വിശ്വസ്‌തത പുലർത്തിയിരുന്നതിനാൽ അദ്ദേഹത്തിൽനിന്ന്‌ മാർഗനിർദേശങ്ങൾ സ്വീകരിക്കുക എളുപ്പമായിരുന്നു. മാത്രമല്ല, പൊരുത്തപ്പെടുത്തലുകൾ വരുത്താനും ആ വിശ്വസ്‌തത എന്റെ മാതാപിതാക്കളെ പ്രേരിപ്പിച്ചു. ഉദാഹരണത്തിന്‌, ഞായറാഴ്‌ചകളിൽ പുറത്ത്‌ കളിക്കാൻ പോകാൻ ഞങ്ങൾക്ക്‌ അനുവാദമില്ലാഞ്ഞ സമയം ഉണ്ടായിരുന്നു. എങ്കിലും, 1925-ലെ ഒരു ഞായറാഴ്‌ച, എല്ലാവർക്കും കൂടി ഒന്നു നടക്കാൻ പോകാം എന്നു മാതാപിതാക്കൾ ഞങ്ങളോട്‌ പറഞ്ഞു. ഞങ്ങൾ പല തരത്തിലുള്ള ലഘുഭക്ഷണങ്ങൾ കൂടെക്കരുതുകയും ആ അവസരം ആസ്വദിക്കുകയും ചെയ്‌തു​—⁠എപ്പോഴും വീട്ടിൽ അടച്ചുപൂട്ടിയിരിക്കുന്നതിനെക്കാൾ എത്രയോ വ്യത്യസ്‌തമായിരുന്നു അത്‌! ഞായറാഴ്‌ചകളിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച തന്റെ വീക്ഷണത്തിന്‌ മാറ്റംവരുത്തിയ ചില ആശയങ്ങൾ കഴിഞ്ഞയിടെ സംബന്ധിച്ച ഒരു കൺവെൻഷനിൽനിന്നു താൻ മനസ്സിലാക്കിയെന്ന്‌ പിതാവ്‌ ഞങ്ങളോട്‌ പറഞ്ഞു. മറ്റു സന്ദർഭങ്ങളിലും പൊരുത്തപ്പെടുത്തലുകൾ വരുത്താനുള്ള മനസ്സൊരുക്കം അദ്ദേഹം കാണിച്ചിട്ടുണ്ട്‌.

മാതാപിതാക്കളുടെ ആരോഗ്യം മോശമായിരുന്നെങ്കിലും പ്രസംഗപ്രവർത്തനത്തിൽനിന്ന്‌ അവർ ഒരിക്കലും പിന്മാറി നിന്നില്ല. ഉദാഹരണത്തിന്‌, പുരോഹിതന്മാർ കുറ്റംചുമത്തപ്പെട്ടിരിക്കുന്നു (ഇംഗ്ലീഷ്‌) എന്ന ലഘുലേഖ വിതരണം ചെയ്യാനായി ഞങ്ങളും സഭയിലെ മറ്റുള്ളവരും ഒരു ദിവസം വൈകുന്നേരം ഡ്രെസ്‌ഡെനിൽനിന്ന്‌ ഏതാണ്ട്‌ 300 കിലോമീറ്റർ അകലെയുള്ള റിജൻസ്‌ബർഗിലേക്ക്‌ പുറപ്പെട്ടു. അടുത്ത ദിവസം ഞങ്ങൾ പട്ടണത്തിലെല്ലായിടത്തും ലഘുലേഖ വിതരണം ചെയ്‌തിട്ട്‌ ട്രെയിനിൽ തിരികെ പോന്നു. തിരിച്ചെത്തിയപ്പോഴേക്കും വീട്ടിൽനിന്നു പോയിട്ട്‌ ഏതാണ്ട്‌ 24 മണിക്കൂർ കഴിഞ്ഞിരുന്നു.

വീടുവിടുന്നു

സഭയിലെ യൂഗെന്റ്‌ഗ്രൂപ്പുമായുള്ള (ചെറുപ്പക്കാരുടെ കൂട്ടം) സഹവാസം ആത്മീയമായി വളരാൻ എന്നെ സഹായിച്ചു. ഓരോ വാരവും 14 വയസ്സിനു മേൽ പ്രായമുണ്ടായിരുന്ന ചെറുപ്പക്കാർ സഭയിലെ പ്രായമുള്ള സഹോദരങ്ങളെ കാണാൻ പോകുമായിരുന്നു. ഞങ്ങൾ കളികളിൽ ഏർപ്പെടുകയും സംഗീതോപകരണങ്ങൾ വായിക്കുകയും ബൈബിൾ പഠിക്കുകയും സൃഷ്ടിയെയും ശാസ്‌ത്രത്തെയും കുറിച്ച്‌ സംസാരിക്കുകയും ചെയ്യുമായിരുന്നു. എന്നിരുന്നാലും, എനിക്ക്‌ 19 വയസ്സുള്ളപ്പോൾ അതായത്‌, 1932-ൽ അവരുമായുള്ള എന്റെ സഹവാസത്തിനെല്ലാം തിരശ്ശീല വീണു.

ആ വർഷം ഏപ്രിലിൽ എന്റെ പിതാവിന്‌ മാഗ്‌ദബുർഗിലുള്ള വാച്ച്‌ ടവർ സൊസൈറ്റിയുടെ ഓഫീസിൽനിന്ന്‌ ഒരു കത്തുകിട്ടി. ഡ്രൈവിങ്‌ അറിയാവുന്ന, പയനിയറിങ്ങിന്‌ താത്‌പര്യമുള്ള ഒരാളെ സൊസൈറ്റിക്ക്‌ ആവശ്യമുണ്ടായിരുന്നു. ഞാൻ ഒരു പയനിയർ ആകുക എന്നതാണ്‌ മാതാപിതാക്കളുടെ ആഗ്രഹം എന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. എങ്കിലും, എനിക്ക്‌ അതിനുള്ള പ്രാപ്‌തി ഇല്ലെന്നു ഞാൻ വിചാരിച്ചിരുന്നു. ദരിദ്ര കുടുംബത്തിൽ പിറന്നതിനാൽ, 14-ാമത്തെ വയസ്സിൽത്തന്നെ ഞാൻ സൈക്കിളുകൾ, തയ്യൽ മെഷീനുകൾ, ടൈപ്പ്‌ റൈറ്ററുകൾ, മറ്റ്‌ ഓഫീസ്‌ ഉപകരണങ്ങൾ എന്നിവയുടെയൊക്കെ കേടുപോക്കലുകൾ നടത്തിയിരുന്നു. എന്റെ കുടുംബത്തെ പിരിഞ്ഞു പോകാൻ എനിക്ക്‌ എങ്ങനെ കഴിയുമായിരുന്നു? അവർക്ക്‌ എന്റെ സഹായം ആവശ്യമായിരുന്നു. മാത്രമല്ല, ഞാൻ ആ സമയത്ത്‌ സ്‌നാപനവും ഏറ്റിരുന്നില്ല. അതുകൊണ്ട്‌ സ്‌നാപനത്തിൽ എന്തെല്ലാമാണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്നു മനസ്സിലാക്കാനായി പിതാവ്‌ എന്നോടൊപ്പമിരുന്ന്‌ ഏതാനും ചോദ്യങ്ങൾ ചോദിച്ചു. ഞാൻ സ്‌നാപനമേൽക്കാൻ തക്കവിധം ആത്മീയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന്‌ എന്റെ ഉത്തരങ്ങളിൽനിന്ന്‌ ബോധ്യമായപ്പോൾ അദ്ദേഹം പറഞ്ഞു: “നീ ഈ നിയമനത്തിനായി സ്വയം അർപ്പിക്കണം.” ഞാൻ അതുതന്നെ ചെയ്‌തു.

ഒരാഴ്‌ച കഴിഞ്ഞ്‌, മാഗ്‌ദബുർഗിലേക്ക്‌ ചെല്ലാനുള്ള ക്ഷണം എനിക്ക്‌ ലഭിച്ചു. ഞാൻ അക്കാര്യം സഭയിലെ ചെറുപ്പക്കാരുടെ കൂട്ടത്തിലെ എന്റെ സുഹൃത്തുക്കളോട്‌ പറഞ്ഞപ്പോൾ സന്തോഷകരമായ ഒരു ഗീതം ആലപിച്ചുകൊണ്ട്‌ എന്നെ യാത്രയാക്കാൻ അവർ ആഗ്രഹിച്ചു. എന്നാൽ ഞാൻ തിരഞ്ഞെടുത്ത ഗൗരവം തുളുമ്പുന്ന പാട്ട്‌ അവരെ അതിശയിപ്പിച്ചു. എന്നിട്ടും ചിലർ വയലിൻ, മാൻഡോളിൻ, ഗിത്താർ എന്നിവ വായിക്കുകയും എല്ലാവരും ഒത്തൊരുമിച്ച്‌ ഇങ്ങനെ പാടുകയും ചെയ്‌തു: “വൈരികളെതിർക്കിലും അചഞ്ചലമാം വിശ്വാസത്തിനായ്‌; പാരിൻ ദുരിതത്തിൽ ഉറപ്പുള്ളതാം വിശ്വാസത്തിനായ്‌.” ആ വാക്കുകൾ ഭാവിയിൽ എന്നെ എത്രമാത്രം ശക്തീകരിക്കുമെന്ന്‌ ഞാൻ അന്നു മനസ്സിലാക്കിയിരുന്നില്ല.

പ്രക്ഷുബ്ധമായ ഒരു തുടക്കം

മാഗ്‌ദബുർഗിലെ സഹോദരങ്ങൾ എന്റെ ഡ്രൈവിങ്‌ വൈദഗ്‌ധ്യങ്ങൾ പരിശോധിച്ചുകഴിഞ്ഞ്‌ എനിക്കും മറ്റ്‌ നാലു പേർക്കുമായി ഒരു കാർ നൽകി. തുടർന്ന്‌ അതിൽ ഞങ്ങൾ ബെൽജിയത്തിനടുത്തുള്ള ഷ്‌നൈഫെലിലേക്ക്‌ പോയി. ഒരു കാർ ഉള്ളതിന്റെ വില ഞങ്ങൾ പെട്ടെന്നുതന്നെ മനസ്സിലാക്കി. ഞങ്ങൾ അവിടെ ചെന്നത്‌ കത്തോലിക്കാ സഭയ്‌ക്കു പിടിച്ചില്ല. അതുകൊണ്ട്‌ പുരോഹിതന്മാർ ഇളക്കിവിട്ടിരുന്ന ഗ്രാമീണർ ഞങ്ങളെ പിടികൂടാനായി പലപ്പോഴും ശ്രമിച്ചിരുന്നു. തൂമ്പായും വൈക്കോൽ നിരത്തുന്നതിനുള്ള നീണ്ട കോലുകളും ഉപയോഗിച്ചുള്ള ഗ്രാമീണരുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ പലപ്പോഴും കാർ ഞങ്ങളെ സഹായിച്ചിട്ടുണ്ട്‌.

1933-ലെ സ്‌മാരകത്തിനുശേഷം, ജർമനിയിലെ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നിരോധിച്ചിരിക്കുന്നുവെന്ന്‌ മേഖലാ മേൽവിചാരകൻ ഞങ്ങളെ അറിയിച്ചു. അധികം താമസിയാതെ, കാറുമായി മാഗ്‌ദബുർഗിലേക്ക്‌ വന്ന്‌ അവിടെനിന്ന്‌ 100 കിലോമീറ്ററോളം അകലെയുള്ള സാക്‌സണി സംസ്ഥാനത്തേക്ക്‌ സാഹിത്യങ്ങൾ കയറ്റിക്കൊണ്ടുപോകാൻ ബ്രാഞ്ച്‌ ഓഫീസ്‌ എന്നോട്‌ ആവശ്യപ്പെട്ടു. ഞാൻ മാഗ്‌ദബുർഗിൽ ചെന്നപ്പോഴേക്കും, ഗസ്റ്റപ്പോ (നാസികളുടെ രഹസ്യ പോലീസ്‌) സൊസൈറ്റിയുടെ ഓഫീസ്‌ അടച്ചു പൂട്ടിക്കഴിഞ്ഞിരുന്നു. അതുകൊണ്ട്‌ കുറച്ചുകാലത്തേക്ക്‌ ഞാൻ കാർ ലീപ്‌സിഗിലെ ഒരു സഹോദരനെ ഏൽപ്പിച്ചിട്ട്‌ വീട്ടിലേക്കു തിരിച്ചുപോയി.

നെതർലൻഡ്‌സിൽ പയനിയറിങ്‌ തുടങ്ങാൻ സൊസൈറ്റിയുടെ സ്വിറ്റ്‌സർലൻഡിലെ ഓഫീസ്‌ എന്നെ ക്ഷണിച്ചു. ഒന്നുരണ്ടാഴ്‌ചകൾക്കു ശേഷം പോകാനായിരുന്നു എന്റെ ഉദ്ദേശ്യം. എന്നാൽ, ഉടനടി സ്ഥലം വിട്ടുകൊള്ളാൻ പിതാവ്‌ എന്നോട്‌ ആവശ്യപ്പെട്ടു. ആ നിർദേശപ്രകാരം ഏതാനും മണിക്കൂറിനുള്ളിൽ ഞാൻ വീടുവിട്ടു. അടുത്ത ദിവസം, സൈന്യത്തിൽനിന്ന്‌ ഒളിച്ചോടിപ്പോന്നു എന്ന കാരണം പറഞ്ഞ്‌ എന്നെ അറസ്റ്റ്‌ ചെയ്യാൻ പോലീസ്‌ വീട്ടിൽവന്നു. അവർ വളരെ വൈകിപ്പോയിരുന്നു.

നെതർലൻഡ്‌സിൽ പ്രവർത്തിക്കുന്നു

1933 ഓഗസ്റ്റ്‌ 15-ാം തീയതി, ആംസ്റ്റർഡാമിൽനിന്ന്‌ 25 കിലോമീറ്റർ അകലെയുള്ള ഹേംസ്റ്റഡിലെ പയനിയർ ഹോമിൽ ഞാൻ എത്തിച്ചേർന്നു. പിറ്റേ ദിവസംതന്നെ ഞാൻ വയസേവനത്തിനു പോയി. ഒറ്റ ഡച്ച്‌ വാക്കുപോലും എനിക്ക്‌ അറിയില്ലായിരുന്നു. പ്രസംഗം അച്ചടിച്ചിരുന്ന സാക്ഷ്യ-കാർഡുകളുമായി ഞാൻ പ്രവർത്തനം തുടങ്ങി. ഒരു കത്തോലിക്കാ സ്‌ത്രീ അനുരഞ്‌ജനം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം സ്വീകരിച്ചത്‌ എനിക്കു വളരെ പ്രോത്സാഹനമേകി. അതേ ദിവസം തന്നെ, 27 ചെറുപുസ്‌തകങ്ങളും ഞാൻ സമർപ്പിച്ചു. ആദ്യ ദിവസം വൈകുന്നേരമായപ്പോഴേക്കും, വീണ്ടും സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ എനിക്ക്‌ അതിയായ സന്തോഷം തോന്നി.

അക്കാലങ്ങളിൽ സാഹിത്യം സമർപ്പിച്ചുകിട്ടുന്ന സംഭാവന മാത്രമാണ്‌ പയനിയർമാർക്ക്‌ ആകെ കിട്ടിയിരുന്നത്‌. മറ്റ്‌ വരുമാനമാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഭക്ഷണവും മറ്റ്‌ അവശ്യ വസ്‌തുക്കളും വാങ്ങാനാണ്‌ ആ പണം ഉപയോഗിച്ചിരുന്നത്‌. മാസാവസാനം ആകുമ്പോഴേക്കും കുറച്ചു പണം മീതിവരുന്നെങ്കിൽ, വ്യക്തിപരമായ ചെലവുകൾക്കായി പയനിയർമാർ അത്‌ വീതിച്ചെടുക്കുമായിരുന്നു. ഭൗതികമായി ഞങ്ങൾക്ക്‌ ഒന്നുമില്ലായിരുന്നെങ്കിലും 1934-ൽ സ്വിറ്റ്‌സർലൻഡിലെ ഒരു കൺവെൻഷനിൽ സംബന്ധിക്കാൻ കഴിയത്തക്കവണ്ണം യഹോവ ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിച്ചു.

ഒരു വിശ്വസ്‌ത സഹകാരി

കൺവെൻഷൻ സ്ഥലത്തു വെച്ച്‌ ഞാൻ 18 കാരിയായ എറീക്കാ ഫിങ്കേയെ കണ്ടു. വീട്ടിൽ ആയിരുന്നപ്പോഴേ എനിക്ക്‌ അവളെ പരിചയമുണ്ടായിരുന്നു. അവൾ എന്റെ സഹോദരി മാർഗരെറ്റയുടെ കൂട്ടുകാരിയായിരുന്നു. സത്യത്തിനുവേണ്ടി എറീക്കാ സ്വീകരിച്ച ഉറച്ച നിലപാടിനെ പ്രതി എനിക്ക്‌ അവളോട്‌ അങ്ങേയറ്റം മതിപ്പ്‌ തോന്നിയിരുന്നു. 1932-ൽ എറീക്കാ സ്‌നാപനമേറ്റ്‌ അധികനാൾ കഴിയുന്നതിനുമുമ്പ്‌, അവൾ “ഹെയ്‌ൽ ഹിറ്റ്‌ലർ!” വിളിക്കാൻ കൂട്ടാക്കുന്നില്ലെന്ന്‌ പോലീസിന്‌ ആരോ അറിവ്‌ കൊടുത്തു. പോലീസ്‌ അവളെ തിരഞ്ഞു പിടിച്ച്‌ അതിന്റെ കാരണം അന്വേഷിച്ചു. എറീക്കാ പോലീസ്‌ സ്റ്റേഷനിൽവെച്ച്‌ പ്രവൃത്തികൾ 17:3 വായിച്ചിട്ട്‌ രക്ഷകനായി ദൈവം നിയമിച്ചിരിക്കുന്ന ഒരേയൊരു വ്യക്തി യേശുക്രിസ്‌തുവാണെന്ന്‌ വിശദീകരിച്ചു. “നിന്നെപ്പോലെ വിശ്വസിക്കുന്ന വേറെ ആരെങ്കിലുമുണ്ടോ?” ഓഫീസർക്ക്‌ അറിയാൻ ആഗ്രഹം. എന്നാൽ അവൾ ആരുടെയും പേര്‌ നൽകിയില്ല. തടവിലാക്കുമെന്ന്‌ പോലീസുകാരൻ ഭീഷണിപ്പെടുത്തിയപ്പോൾ, എന്നെ കൊന്നാലും ഞാൻ പേരു പറയുകയില്ല എന്നായിരുന്നു അവളുടെ മറുപടി. അദ്ദേഹം അവളെ തുറിച്ചുനോക്കിക്കൊണ്ട്‌ ഉച്ചത്തിൽ പറഞ്ഞു: “പോ ഇവിടുന്ന്‌, വീട്ടിൽ പോ. ഹെയ്‌ൽ ഹിറ്റലർ!”

കൺവെൻഷനു ശേഷം എറീക്കാ സ്വിറ്റ്‌സർലൻഡിൽത്തന്നെ തങ്ങിയെങ്കിലും ഞാൻ നെതർലൻഡ്‌സിലേക്കു മടങ്ങി. എങ്കിലും ഞങ്ങൾക്കിടയിലെ സൗഹൃദം വളർന്നതായി ഞങ്ങൾക്കു തോന്നി. ഗസ്റ്റപ്പോ തന്നെ തിരഞ്ഞുകൊണ്ടിരിക്കുകയാണെന്ന്‌ സ്വിറ്റ്‌സർലൻഡിൽ ആയിരിക്കെ അവൾ മനസ്സിലാക്കി. എങ്കിലും അവിടെത്തന്നെ താമസിച്ച്‌ പയനിയറിങ്‌ നടത്താൻ അവൾ തീരുമാനിച്ചു. ഏതാനും മാസങ്ങൾക്കു ശേഷം സ്‌പെയിനിലേക്കു പോകാൻ സൊസൈറ്റി അവളോട്‌ ആവശ്യപ്പെട്ടു. മാഡ്രിഡിലും ബിൽബാവോയിലും പിന്നീട്‌ സാൻ സെബാസ്റ്റിയാനയിലും അവൾ പയനിയറിങ്‌ ചെയ്‌തു. അവിടെ ആയിരുന്നപ്പോഴാണ്‌ പുരോഹിതന്മാർ പീഡനം ഇളക്കിവിട്ടതിന്റെ ഫലമായി അവളുടെ പയനിയർ പങ്കാളി തടവിലായത്‌. 1935-ൽ സ്‌പെയിൻ വിടാൻ അവർക്ക്‌ ഉത്തരവ്‌ ലഭിച്ചു. അങ്ങനെ എറീക്കാ നെതർലൻഡ്‌സിലേക്ക്‌ വരികയും ആ വർഷംതന്നെ ഞങ്ങൾ വിവാഹിതരാകുകയും ചെയ്‌തു.

ചക്രവാളത്തിൽ യുദ്ധത്തിന്റെ കാർമേഘങ്ങൾ

വിവാഹാനന്തരം ഞങ്ങൾ ഹേംസ്റ്റഡിൽ പയനിയറിങ്‌ ചെയ്‌തു, അതിനു ശേഷം റോട്ടർഡാം സിറ്റിയിലേക്കു മാറി. അവിടെയായിരിക്കെ 1937-ൽ ആണ്‌ ഞങ്ങളുടെ പുത്രൻ വോൾഫ്‌ഗാങ്‌ ജനിച്ചത്‌. ഒരു വർഷം കഴിഞ്ഞ്‌ ഞങ്ങൾ നെതർലൻഡ്‌സിന്റെ വടക്കുള്ള ഗ്രോനിങ്കൻ നഗരത്തിലേക്കു മാറിത്താമസിച്ചു. അവിടെ ഞങ്ങളും ജർമൻ പയനിയർമാരായിരുന്ന ഫെർഡിനാൻഡും ഹെൽഗാ ഹോൾട്ടോർഫും അവരുടെ പുത്രിയും ഒരേ വീട്ടിലാണ്‌ താമസിച്ചിരുന്നത്‌. അങ്ങനെയിരിക്കെ 1938 ജൂലൈയിൽ, ജർമൻകാരായ സാക്ഷികൾ മേലാൽ അവിടെ പ്രസംഗിക്കാൻ പാടില്ലെന്ന ഒരു വിജ്ഞാപനം ഡച്ച്‌ ഗവൺമെന്റ്‌ പുറപ്പെടുവിച്ചിട്ടുണ്ടെന്ന്‌ സൊസൈറ്റി ഞങ്ങളെ അറിയിച്ചു. ഏതാണ്ട്‌ അതേ സമയത്തുതന്നെ എനിക്ക്‌ മേഖലാ ദാസൻ (സർക്കിട്ട്‌ മേൽവിചാരകൻ) ആയി നിയമനം ലഭിച്ചു. അങ്ങനെ ഞങ്ങളുടെ കുടുംബം സൊസൈറ്റിയുടെ ലിക്‌ട്‌ഡ്രാഗർ (പ്രകാശവാഹകൻ) എന്ന ബോട്ടിലേക്കു താമസം മാറ്റി. നെതർലൻഡ്‌സിന്റെ വടക്കൻ ഭാഗത്ത്‌ പ്രവർത്തിക്കുന്ന പയനിയർമാർക്ക്‌ ഒരു ഭവനമായി ആ ബോട്ട്‌ ഉതകി. മിക്കപ്പോഴും ഞാൻ കുടുംബത്തിൽനിന്ന്‌ അകലെയായിരിക്കും. കാരണം, പ്രസംഗവേലയിൽ തുടരുന്നതിന്‌ സഹോദരന്മാരെ പ്രോത്സാഹിപ്പിക്കാനായി ഞാൻ സൈക്കിളിൽ സഭകൾതോറും പോകുമായിരുന്നു. ലഭിച്ച പ്രോത്സാഹനത്തിനു ചേർച്ചയിൽ സഹോദരങ്ങൾ പ്രവർത്തിച്ചു. ചിലർ തങ്ങളുടെ പ്രവർത്തനത്തിന്റെ അളവ്‌ വർധിപ്പിക്കുകപോലും ചെയ്‌തു. അതിന്‌ നല്ലൊരു ഉദാഹരണമാണ്‌ വിം കെറ്റ്‌ലാറ.

ഞാൻ വിമ്മിനെ കണ്ടുമുട്ടുന്ന സമയത്ത്‌, ആ ചെറുപ്പക്കാരൻ സത്യം മനസ്സിലാക്കിയിരുന്നു. എങ്കിലും, കൃഷിയിടത്തിലെ ഒരു കൂലിപ്പണിക്കാരൻ എന്ന നിലയിൽ അവൻ വളരെ തിരക്കിലായിരുന്നു. “യഹോവയെ സേവിക്കാൻ സമയം കിട്ടണമെങ്കിൽ, താങ്കൾ വേറൊരു പണി കണ്ടുപിടിച്ചേ മതിയാകൂ,” ഞാൻ പറഞ്ഞു. അദ്ദേഹം അങ്ങനെതന്നെ ചെയ്‌തു. പിന്നീട്‌ അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോൾ പയനിയറിങ്‌ ചെയ്യാൻ ഞാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. “പക്ഷേ വല്ലതും കഴിക്കണമെങ്കിൽ ജോലി ചെയ്‌താലല്ലേ പറ്റൂ.” “അതൊന്നും ഓർത്തു താങ്കൾ വിഷമിക്കേണ്ട, യഹോവ താങ്കൾക്കുവേണ്ടി കരുതും,” ഞാൻ ഉറപ്പുകൊടുത്തു. അങ്ങനെ വിം പയനിയറിങ്‌ തുടങ്ങി. പിന്നീട്‌ രണ്ടാം ലോകമഹായുദ്ധ കാലത്തുപോലും അദ്ദേഹം ഒരു സഞ്ചാര മേൽവിചാരകനായി സേവിച്ചു. ഇപ്പോൾ തന്റെ 80-കളിൽ ആയിരിക്കുന്ന അദ്ദേഹം തീക്ഷ്‌ണതയുള്ള ഒരു സാക്ഷിയാണ്‌. യഹോവ അദ്ദേഹത്തെ പുലർത്തുകതന്നെ ചെയ്‌തു.

നിരോധനവും പോലീസ്‌ തിരച്ചിലും

ഞങ്ങളുടെ രണ്ടാമത്തെ കുട്ടി, റീന ജനിച്ച്‌ ഏതാണ്ട്‌ ഒരു വർഷം കഴിഞ്ഞ്‌, 1940 മേയിൽ ഡച്ച്‌ സേന കീഴടങ്ങുകയും നെതർലൻഡ്‌സ്‌ നാസികളുടെ കീഴിലാകുകയും ചെയ്‌തു. ജൂലൈയിൽ ഗസ്റ്റപ്പോ സൊസൈറ്റിയുടെ ഓഫീസും അച്ചടിശാലയും കണ്ടുകെട്ടി. അതുകഴിഞ്ഞുവന്ന വർഷത്തിലുടനീളം സാക്ഷികളെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു, എന്നെയും അറസ്റ്റു ചെയ്‌തു. സാക്ഷി ആയിരുന്നതുകൊണ്ടും സൈന്യത്തിൽ ചേർക്കാവുന്ന ഒരു ജർമൻകാരനായിരുന്നതിനാലും ഗസ്റ്റപ്പോ എന്നെ എന്താണ്‌ ചെയ്യാൻ പോകുന്നതെന്ന്‌ എനിക്ക്‌ ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്റെ കുടുംബത്തെ ഇനി ഒരിക്കലും കാണാൻ പറ്റില്ല എന്ന സംഗതി എന്നെത്തന്നെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചു.

1941 മേയിൽ, ഗസ്റ്റപ്പോ എന്നെ ജയിലിൽനിന്നു വിട്ടയയ്‌ക്കുകയും സൈനിക സേവനത്തിനായി റിപ്പോർട്ടു ചെയ്യാൻ എന്നോട്‌ ആജ്ഞാപിക്കുകയും ചെയ്‌തു. എനിക്കതു വിശ്വസിക്കാൻ കഴിഞ്ഞില്ല. ആ രാത്രിതന്നെ ഞാൻ ഒളിവിൽ പോകുകയും അതേ മാസംതന്നെ സർക്കിട്ട്‌ വേല പുനഃരാരംഭിക്കുകയും ചെയ്‌തു. ഗസ്‌റ്റപ്പോ എന്നെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ പെടുത്തി.

എന്റെ കുടുംബം ആ സമയത്തു പ്രവർത്തിച്ച വിധം

എന്റെ ഭാര്യയും കുട്ടികളും രാജ്യത്തിന്റെ കിഴക്കൻ ഭാഗത്തുള്ള വോർഡൻ ഗ്രാമത്തിലേക്കു താമസം മാറ്റി. അവർക്കു കഴിവതും പ്രശ്‌നമൊന്നും ഉണ്ടാകാതിരിക്കാൻ ഞാൻ വല്ലപ്പോഴുമൊക്കെ മാത്രമേ വീട്ടിൽ ചെല്ലുമായിരുന്നുള്ളൂ. (മത്തായി 10:16) എന്റെ സുരക്ഷയെ പ്രതി സഹോദരങ്ങൾ എന്റെ യഥാർഥ പേരല്ല, ഡൈറ്റസെ യാൻ (ജർമൻ ജോൺ) എന്ന പകരനാമമാണ്‌ ഉപയോഗിച്ചിരുന്നത്‌. നാലുവയസ്സുകാരനായ എന്റെ മകൻ, വോൾഫ്‌ഗാങ്‌ പോലും “ഡാഡി”യെ കുറിച്ചല്ല, “ഓമേ യാൻ”നെ (ജോൺ അങ്കിൾ) കുറിച്ച്‌ വേണമായിരുന്നു സംസാരിക്കാൻ. അവനെ സംബന്ധിച്ചിടത്തോളം അത്‌ വൈകാരികമായി വളരെ ബുദ്ധിമുട്ടുള്ള സംഗതിയായിരുന്നു.

ഞാൻ ഒളിവിൽ കഴിഞ്ഞുകൊണ്ട്‌ സഞ്ചാര വേലയിൽ തുടർന്നപ്പോൾ, എറീക്കാ കുട്ടികളുടെ കാര്യങ്ങളൊക്കെ നോക്കുകയും പ്രസംഗവേലയിൽ തുടരുകയും ചെയ്‌തു. റീനയ്‌ക്ക്‌ രണ്ടു വയസ്സുണ്ടായിരുന്നപ്പോൾ, എറീക്കാ അവളെ സൈക്കിളിന്റെ കാര്യറിൽ ഇരുത്തി അടുത്തുള്ള ഗ്രാമപ്രദേശങ്ങളിൽ സുവാർത്ത പ്രസംഗിക്കാനായി പോകുമായിരുന്നു. ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും, എറീക്കായ്‌ക്ക്‌ ഒരിക്കലും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. (മത്തായി 6:33) കത്തോലിക്കനായ ഒരു കൃഷിക്കാരൻ​—⁠ഒരിക്കൽ ഞാൻ അദ്ദേഹത്തിന്റെ തയ്യൽമെഷീൻ നന്നാക്കിയിട്ടുണ്ട്‌​—⁠അവൾക്ക്‌ ആവശ്യത്തിനുള്ള ഉരുളക്കിഴങ്ങുകൾ നൽകി. ഞാൻ കൊടുത്തിരുന്ന സന്ദേശങ്ങൾ അദ്ദേഹം എറീക്കായ്‌ക്ക്‌ കൈമാറുകയും ചെയ്‌തിരുന്നു. ഒരവസരത്തിൽ അവൾ ഒരു കടയിൽ ചെന്ന്‌ ഒരു സാധനത്തിന്റെ വിലയായി ഒരു ഗിൽഡൻ നൽകി. അവൾ ഒളിച്ചുതാമസിക്കുകയാണെന്നും റേഷൻ കാർഡ്‌ കിട്ടുകയില്ലെന്നും മനസ്സിലാക്കിയ കടയുടമ അവൾക്ക്‌ ആവശ്യമായ സാധനവും രണ്ടു ഗിൽഡനും കൊടുത്തു. അത്തരം ദയാ പ്രവൃത്തികൾ പിടിച്ചുനിൽക്കാൻ അവളെ സഹായിച്ചു.—എബ്രായർ 13:⁠5.

ധീരരായ സഹോദരങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു

ഈ സമയത്തും ഞാൻ സഭകൾ സന്ദർശിച്ചുകൊണ്ടിരുന്നു. എന്നാൽ ഉത്തരവാദിത്വപ്പെട്ട സഹോദരങ്ങളെ മാത്രമേ കണ്ടിരുന്നുള്ളൂ. ഗസ്റ്റപ്പോ എന്നെ പിന്തുടർന്നുകൊണ്ടിരുന്നതിനാൽ എനിക്ക്‌ ഒരു സ്ഥലത്ത്‌ ഏതാനും മണിക്കൂറിൽ കൂടുതൽ തങ്ങാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല. എന്നെ കാണാൻ മിക്ക സഹോദരങ്ങളെയും അനുവദിച്ചിരുന്നുമില്ല. അവർക്ക്‌ തങ്ങളുടെ ചെറിയ ബൈബിളധ്യയന കൂട്ടത്തിലെ സഹോദരങ്ങളെ മാത്രമേ പരിചയമുണ്ടായിരുന്നുള്ളൂ. അതിന്റെ ഫലമായി, ഒരേ പട്ടണത്തിൽത്തന്നെ വ്യത്യസ്‌ത സ്ഥലങ്ങളിലായി താമസിക്കുന്ന രണ്ടു ജഡിക സഹോദരിമാർ, രണ്ടാം ലോക മഹായുദ്ധകാലത്ത്‌ ഇരുവരും സാക്ഷികളായിത്തീർന്നിരുന്നു എന്ന വിവരം യുദ്ധാനന്തരമാണ്‌ അറിഞ്ഞത്‌.

സൊസൈറ്റിയുടെ സാഹിത്യങ്ങൾ ഒളിച്ചുവെക്കാനുള്ള സ്ഥലങ്ങൾ കണ്ടുപിടിക്കുക എന്നതായിരുന്നു എനിക്കുണ്ടായിരുന്ന മറ്റൊരു ജോലി. ആവശ്യമായി വരുന്നപക്ഷം വീക്ഷാഗോപുരം മാസികയുടെ കൂടുതൽ പ്രതികൾ ഉണ്ടാക്കാനായി കടലാസും ടെൻസിൽ മെഷീനും ടൈപ്പ്‌റൈറ്ററുകളും ഞങ്ങൾ ഒളിപ്പിച്ചുവെച്ചിരുന്നു. മിക്കപ്പോഴും സൊസൈറ്റി അച്ചടിച്ച സാഹിത്യങ്ങൾ ഒരു സങ്കേതത്തിൽനിന്ന്‌ മറ്റൊന്നിലേക്ക്‌ മാറ്റുമായിരുന്നു. സാഹിത്യങ്ങൾ നിറച്ച 30 കാർട്ടനുകൾ മറ്റാരുടെയും ശ്രദ്ധയിൽ പെടാതെ കൊണ്ടുപോയത്‌ ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്‌. തികച്ചും വെല്ലുവിളി നിറഞ്ഞ ഒരു ദൗത്യമായിരുന്നു അത്‌.

ഇതിനുപുറമേ, നെതർലൻഡ്‌സിന്റെ കിഴക്കുള്ള കൃഷിയിടങ്ങളിൽനിന്ന്‌ ഭക്ഷ്യവസ്‌തുക്കൾ പടിഞ്ഞാറുള്ള പട്ടണങ്ങളിലേക്കു കൊണ്ടുപോകാനുള്ള ക്രമീകരണങ്ങളും ഞങ്ങൾ ചെയ്‌തു, അതിന്‌ നിരോധനം ഉണ്ടായിരുന്നെങ്കിൽപ്പോലും. ഭക്ഷ്യവസ്‌തുക്കളെല്ലാം കുതിര വലിക്കുന്ന ഒരു വാഗണിൽ കയറ്റി ഞങ്ങൾ പടിഞ്ഞാറോട്ട്‌ പുറപ്പെട്ടു. എന്നാൽ ഒരു നദിക്കടുത്തുവന്നപ്പോൾ, ഞങ്ങൾക്ക്‌ പാലത്തിലൂടെ അത്‌ മറുകരയിൽ എത്തിക്കാൻ കഴിയുമായിരുന്നില്ല. കാരണം പാലത്തിലെല്ലാം പോലീസുകാരുണ്ടായിരുന്നു. അതുകൊണ്ട്‌ ഞങ്ങൾ അതെല്ലാം കുറേശ്ശെയായി ഒരു ചെറിയ ബോട്ടിൽ കയറ്റി മറുകരയിൽ എത്തിക്കുകയും അവിടെനിന്ന്‌ മറ്റൊരു വാഗണിൽ കയറ്റുകയും ചെയ്‌തു. അവസാനം, ലക്ഷ്യസ്ഥാനമായ പട്ടണത്തിൽ എത്തിയപ്പോൾ, ഇരുട്ടു വീഴുന്നതുവരെ ഞങ്ങൾ കാത്തിരുന്നു, പിന്നെ കുതിരയുടെ കുളമ്പുകളിൽ സോക്‌സുകൾ ഇട്ട്‌, സഭയുടെ രഹസ്യ ഭക്ഷ്യഡിപ്പോയിലേക്ക്‌ പതുക്കെപ്പതുക്കെ പോയി. അവിടെ നിന്ന്‌ ആവശ്യക്കാരായ സഹോദരങ്ങൾക്ക്‌ ഭക്ഷണം വിതരണം ചെയ്‌തു.

അത്തരമൊരു ഭക്ഷ്യഡിപ്പോ ജർമൻ സേനയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിൽ, അത്‌ ആരുടെയെങ്കിലും ജീവൻ നഷ്ടപ്പെടുന്നതിൽ കലാശിക്കുമായിരുന്നു. എന്നിട്ടും, പല സഹോദരങ്ങളും സഹായിക്കാൻ സന്നദ്ധരായി. ഉദാഹരണത്തിന്‌, ആമേഴ്‌സ്‌ഫ്രൂട്ട്‌ പട്ടണത്തിൽ താമസിക്കുന്ന ബ്ലൂമിങ്ക്‌ കുടുംബം ഭക്ഷ്യ സാധനങ്ങൾ സൂക്ഷിച്ചുവെക്കാനായി തങ്ങളുടെ ഊണുമുറി വിട്ടുകൊടുത്തു, ജർമൻ കാവൽസേന തമ്പടിച്ചിരുന്നത്‌ അവിടെനിന്ന്‌ വിളിച്ചാൽ കേൾക്കാവുന്ന അകലത്തിൽ ആയിരുന്നെങ്കിലും! ഇവരെപ്പോലെയുള്ള ധീരരായ സഹോദരങ്ങൾ സ്വന്തം ജീവൻപോലും പണയപ്പെടുത്തിക്കൊണ്ടാണ്‌ തങ്ങളുടെ സഹോദരങ്ങൾക്കുവേണ്ടി അതെല്ലാം ചെയ്‌തത്‌.

നിരോധനം നിലവിലിരുന്ന വർഷങ്ങളിൽ ഉടനീളം വിശ്വസ്‌തരായി നിലകൊള്ളാൻ എന്നെയും ഭാര്യയെയും യഹോവ സഹായിച്ചു. 1945-ൽ ജർമൻ സേന പരാജയപ്പെട്ടു, എന്റെ ഒളിവിലുള്ള ജീവിതം അവസാനിക്കുകയും ചെയ്‌തു. പകരക്കാരെ കിട്ടുന്നതുവരെ സഞ്ചാര വേല തുടരാൻ സൊസൈറ്റി എന്നോട്‌ ആവശ്യപ്പെട്ടു. 1947-ൽ ബെർറ്റസ്‌ ഫാൻ ഡെർ ബേൽ എന്റെ വേല ഏറ്റെടുത്തു. * ഈ സമയമായപ്പോഴേക്കും ഞങ്ങൾക്ക്‌ മൂന്നാമതൊരു കുട്ടികൂടെ ജനിച്ചു. അതുകൊണ്ട്‌ ഞങ്ങൾ രാജ്യത്തിന്റെ കിഴക്കു ഭാഗത്തു താമസമുറപ്പിച്ചു.

സന്താപവും സന്തോഷവും

പിറ്റേ വർഷം, ഞാൻ വീട്ടിൽനിന്ന്‌ നെതർലൻഡ്‌സിലേക്ക്‌ പോയി ഏകദേശം ഒരു വർഷം കഴിഞ്ഞ്‌, പിതാവ്‌ തടവിലാക്കപ്പെട്ടെന്ന്‌ എനിക്ക്‌ അറിവു കിട്ടി. മോശമായ ആരോഗ്യസ്ഥിതി കാരണം അദ്ദേഹത്തെ രണ്ടു തവണ മോചിപ്പിച്ചെങ്കിലും ഓരോ പ്രാവശ്യവും വീണ്ടും തടവിലാക്കി. 1938 ഫെബ്രുവരിയിൽ അദ്ദേഹത്തെ ബൂകൻവോൾഡ്‌ തടങ്കൽപ്പാളയത്തിലേക്കും പിന്നീട്‌ ഡാക്കൗയിലേക്കും അയച്ചു. അവിടെവെച്ച്‌ 1942 മേയ്‌ 14-ന്‌ എന്റെ പിതാവ്‌ മരണമടഞ്ഞു. മരണത്തോളം അദ്ദേഹം അചഞ്ചലനും വിശ്വസ്‌തനും ആയിരുന്നു.

അമ്മയെയും ഡാക്കൗ തടങ്കൽപ്പാളയത്തിലേക്ക്‌ അയച്ചിരുന്നു. അമ്മയെ 1945-ൽ മോചിപ്പിച്ചു. എന്റെ മാതാപിതാക്കളുടെ അചഞ്ചലമായ മാതൃക എനിക്ക്‌ ആത്മീയ അനുഗ്രഹങ്ങൾ കൈവരുന്നതിൽ വളരെയേറെ സഹായിച്ചിരിക്കുന്നതിനാൽ, 1954-ൽ അമ്മ ഞങ്ങളോടൊപ്പം താമസിക്കാൻ വന്നത്‌ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വലിയ സംഗതിയായിരുന്നു. എന്റെ സഹോദരി മാർഗരെറ്റയും​—⁠കമ്മ്യൂണിസ്റ്റ്‌ പൂർവ ജർമനിയിൽ 1945 മുതൽ പയനിയറിങ്‌ ചെയ്യുകയായിരുന്നു അവർ​—⁠അവിടെ ഉണ്ടായിരുന്നു. രോഗിയും ഡച്ച്‌ ഭാഷ വശമില്ലാത്തവളും ആയിരുന്നിട്ടും 1957 ഒക്‌ടോബറിൽ വിശ്വസ്‌തതയോടെ തന്റെ ഭൗമിക ഗതി പൂർത്തിയാക്കിയതുവരെ അമ്മ തുടർച്ചയായി വയൽസേവനത്തിൽ ഏർപ്പെട്ടിരുന്നു.

ജർമനിയിലെ ന്യൂറെൻബർഗിൽ 1955-ൽ നടന്ന കൺവെൻഷൻ പ്രത്യേക സന്തോഷത്തിന്റെ ഒരു അവസരമായിരുന്നു. അവിടെ എത്തിച്ചേർന്ന ശേഷം, ഡ്രെസ്‌ഡെനിൽനിന്നുള്ള ഒരു സഹോദരൻ എറീക്കായോട്‌ അവളുടെ അമ്മയും കൺവെൻഷനു വന്നിട്ടുണ്ടെന്ന്‌ അറിയിച്ചു. ആ സമയത്ത്‌ ഡ്രെസ്‌ഡെൻ പൂർവ ജർമനിയുടെ ഭരണത്തിൻ കീഴിൽ ആയിരുന്നതിനാൽ അവൾ തന്റെ അമ്മയെ കണ്ടിട്ട്‌ 21 വർഷം കഴിഞ്ഞിരുന്നു. തമ്മിൽ കണ്ടുമുട്ടിയ അവർ ആലിംഗനം ചെയ്‌തു. എത്ര സന്തോഷകരമായ ഒരു ഒത്തുചേരലായിരുന്നു അത്‌!

കാലക്രമത്തിൽ, എട്ടു കുട്ടികളുള്ള ഒരു വലിയ കുടുംബമായിത്തീർന്നു ഞങ്ങളുടേത്‌. സങ്കടകരമെന്നു പറയട്ടെ, ഒരു കാർ അപകടത്തിൽ ഞങ്ങൾക്ക്‌ ഒരു മകനെ നഷ്ടമായി. എങ്കിലും ബാക്കിയുള്ള എല്ലാ മക്കളും യഹോവയെ സേവിക്കുന്നതായി കാണുന്നത്‌ ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷകാരണമാണ്‌. ഞങ്ങളുടെ മകൻ വോൾഫ്‌ഗാങ്ങും ഭാര്യയും മാത്രമല്ല അവരുടെ പുത്രനും സർക്കിട്ട്‌ വേലയിലാണ്‌ എന്നതിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്‌.

നെതർലൻഡ്‌സിലെ യഹോവയുടെ സാക്ഷികളുടെ പുരോഗതിക്ക്‌ സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ ഞാൻ കൃതാർഥനാണ്‌. ഞാൻ പയനിയറിങ്‌ തുടങ്ങിയ 1933-ൽ നൂറോളം സാക്ഷികളേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇന്ന്‌ ആ സ്ഥാനത്ത്‌ 30,000-ത്തിലധികം പേരുണ്ട്‌. ഞങ്ങളുടെ ആരോഗ്യം ക്ഷയിച്ചുവരികയാണെങ്കിലും ഞാനും എറീക്കായും കഴിഞ്ഞ കാലത്തെ ആ പാട്ടിന്റെ വരികൾക്കൊത്ത്‌ ജീവിക്കാൻ ദൃഢചിത്തരാണ്‌: “വൈരികളെതിർക്കിലും അചഞ്ചലമാം വിശ്വാസത്തിനായ്‌.”

[അടിക്കുറിപ്പുകൾ]

^ ഖ. 5 ഗീതം 194.​—⁠യഹോവയ്‌ക്കുള്ള സ്‌തുതിഗീതങ്ങൾ (1928) (ഇംഗ്ലീഷ്‌)

^ ഖ. 7 ഇപ്പോൾ പിർനാ എന്ന പേരിൽ അറിയപ്പെടുന്ന കോപിറ്റ്‌സ്‌ പട്ടണം ഡ്രെസ്‌ഡെൻ നഗരത്തിൽനിന്ന്‌ 18 കിലോമീറ്റർ അകലെയായി എൽബേ നദീതീരത്താണ്‌ സ്ഥിതി ചെയ്യുന്നത്‌.

^ ഖ. 38 ഫാൻ ഡെർ ബേലിന്റെ ജീവിതകഥ 1998 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിലെ “സത്യത്തെക്കാൾ മെച്ചമായ യാതൊന്നുമില്ല” എന്ന ലേഖനത്തിൽ കാണാവുന്നതാണ്‌.

[23-ാം പേജിലെ ചിത്രം]

വയൽസേവനത്തിനു ശേഷമുള്ള ഇടവേളയിലെ “യൂഗെന്റ്‌ഗ്രൂപ്പ്‌”

[24-ാം പേജിലെ ചിത്രം]

എന്റെ പയനിയർ പങ്കാളിയും ഞാനും ഷ്‌നൈഫെൽ പ്രദേശം പ്രവർത്തിച്ചു തീർത്തു. എനിക്കന്ന്‌ 20 വയസ്സായിരുന്നു.

[25-ാം പേജിലെ ചിത്രം]

എറീക്കയോടും വോൾഫ്‌ഗാങ്ങിനോടുമൊപ്പം 1940-ൽ

[26-ാം പേജിലെ ചിത്രം]

ഇടത്തുനിന്ന്‌ വലത്തേക്ക്‌: എന്റെ കൊച്ചുമകൻ ജോനാഥാൻ, അവന്റെ ഭാര്യ മിര്യാം; എറീക്ക, ഞാൻ, എന്റെ മകൻ വോൾഫ്‌ഗാങ്‌, അവന്റെ ഭാര്യ ജൂലിയ

[26-ാം പേജിലെ ചിത്രം]

പിതാവിന്റെ ചിത്രം, അദ്ദേഹത്തോടൊപ്പം ജയിലിൽ ഉണ്ടായിരുന്ന ഒരു സഹോദരൻ 1941-ൽ വരച്ചത്‌