അധഃപതിക്കുന്ന ധാർമിക നിലവാരങ്ങൾ
അധഃപതിക്കുന്ന ധാർമിക നിലവാരങ്ങൾ
“ഇത്തരം കാര്യങ്ങളെ കുറിച്ചൊന്നും മുമ്പു കേട്ടിട്ടുകൂടിയില്ല,” ജർമനിയുടെ മുൻ ചാൻസലറായ ഹെൽമൂട്ട് ഷ്‌മിത്ത് അഭിപ്രായപ്പെട്ടു. സമീപകാലത്ത് പത്രങ്ങളിൽ വാർത്ത സൃഷ്ടിച്ച, ചില സർക്കാർ ഉദ്യോഗസ്ഥന്മാരുടെ കടുത്ത വഞ്ചനയിലുള്ള തന്റെ ഖേദം പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം. “ധാർമിക നിലവാരങ്ങളെ അത്യാഗ്രഹം വിഴുങ്ങിക്കളഞ്ഞിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.
അനേകരും ആ അഭിപ്രായത്തോടു യോജിക്കും. ദൈവവചനമായ ബൈബിളിൽ വേരൂന്നിയിരിക്കുന്ന, ദീർഘകാലമായി നല്ലതും തീയതും സംബന്ധിച്ച വഴികാട്ടിയായി പൊതുവെ അംഗീകരിക്കപ്പെട്ടിരുന്ന ധാർമിക നിലവാരങ്ങളെ ഇന്ന് ആളുകൾ പാടെ അവഗണിക്കുന്നു. ക്രൈസ്‌തവ രാജ്യങ്ങളിലെപോലും അവസ്ഥ ഇതാണ്.
ബൈബിളിലെ ധാർമിക നിലവാരങ്ങൾ പ്രായോഗികമോ?
ബൈബിൾ പഠിപ്പിക്കലുകളിൽ അധിഷ്‌ഠിതമായ ധാർമികതയിൽ സത്യസന്ധതയും ദൃഢമായ വിശ്വസ്‌തതയും ഉൾപ്പെടുന്നു. എന്നുവരികിലും വഞ്ചന, അഴിമതി, ചതി എന്നിവ എങ്ങും നടമാടുകയാണ്. ചില കുറ്റാന്വേഷകർ “ഓരോ തവണയും 1,00,000-ത്തോളം പൗണ്ടു [70 ലക്ഷത്തോളം രൂപ] വീതം കൈക്കലാക്കിക്കൊണ്ട്, പിടിച്ചെടുത്ത മയക്കു മരുന്നുകൾ വീണ്ടും കുറ്റവാളികളെ ഏൽപ്പിക്കുകയോ അധോലോക കുറ്റവാളികൾക്ക് എതിരെയുള്ള തെളിവുകൾ നശിപ്പിക്കുകയോ ചെയ്യുന്നതായി ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നു” എന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഓസ്‌ട്രിയയിൽ ഇൻഷ്വറൻസ് രംഗത്തു തട്ടിപ്പ് സർവസാധാരണമാണ് എന്നു പറയപ്പെടുന്നു. സമീപകാലത്ത് “ജർമൻ ശാസ്‌ത്ര രംഗത്തെ അത്യന്തം അപകീർത്തിപ്പെടുത്തിയ ഒരു ശാസ്‌ത്രവഞ്ചന” ഗവേഷകർ വെളിച്ചത്തു കൊണ്ടുവന്നപ്പോൾ ജർമൻ ശാസ്‌ത്രലോകം ഞെട്ടിത്തരിച്ചു. “ജർമൻ ജനിതക ശാസ്‌ത്രജ്ഞരിൽ അഗ്രഗണ്യനായ” ഒരു പ്രൊഫസർ ഒട്ടനവധി
കൃത്രിമ വിവരങ്ങൾ കെട്ടിച്ചമച്ചു എന്നതായിരുന്നു ആരോപണം.
ബൈബിളധിഷ്‌ഠിത ധാർമികതയിൽ വൈവാഹിക വിശ്വസ്‌തതയും ഉൾപ്പെട്ടിരിക്കുന്നു. വിവാഹം ശാശ്വതമായിരിക്കാനാണു പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ, ഇന്നു വിവാഹ മോചനം നേടുന്ന ദമ്പതികളുടെ എണ്ണം വർധിച്ചുവരുകയാണ്. “‘യാഥാസ്ഥിതിക’ ചിന്താഗതി പുലർത്തുന്ന സ്വിറ്റ്‌സർലൻഡിൽ പോലും മുമ്പെന്നത്തെക്കാളും അധികമായി ദാമ്പത്യബന്ധങ്ങൾ തകർന്നടിയുന്നു” എന്ന് ക്രിസ്റ്റ് ഇൻ ഡേയ ഗേഗെൻവാർട്ട് (സമകാലിക ക്രിസ്‌ത്യാനി) എന്ന കത്തോലിക്കാ വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. നെതർലൻഡ്‌സിൽ വിവാഹ മോചന നിരക്ക് 33 ശതമാനമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ജർമനിയിലെ സാമൂഹിക മാറ്റങ്ങളെ അടുത്തു നിരീക്ഷിച്ചിരിക്കുന്ന ഒരു സ്‌ത്രീ അതേക്കുറിച്ചുള്ള തന്റെ ഉത്‌കണ്‌ഠ ഇങ്ങനെ വ്യക്തമാക്കി: “വിവാഹ ക്രമീകരണം കാലഹരണപ്പെട്ടതും അപ്രായോഗികവുമായി വീക്ഷിക്കപ്പെടുന്നു. ഇന്ന് ആളുകൾ വിവാഹപങ്കാളിയെ തിരഞ്ഞെടുക്കുന്നത് എക്കാലവും ഒരുമിച്ചു ജീവിക്കാനുള്ള ഉദ്ദേശ്യത്തിലല്ല.”
അതേസമയം, ബൈബിളിലെ ധാർമിക നിലവാരങ്ങൾ ആശ്രയയോഗ്യവും ഈ ആധുനിക ജീവിതത്തിനു തികച്ചും അനുയോജ്യവുമാണെന്നു ദശലക്ഷങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ബൈബിൾ നിലവാരങ്ങൾ അനുസരിച്ചു ജീവിക്കുന്നതു തങ്ങളെ കൂടുതൽ സന്തുഷ്ടരാക്കിയിരിക്കുന്നതായി സ്വിസ്-ജർമൻ അതിർത്തിയിൽ ജീവിക്കുന്ന ഒരു ഭാര്യയും ഭർത്താവും സമ്മതിച്ചുപറഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം, “ജീവിതത്തിന്റെ സകല തുറകളിലും മാർഗദർശി ആയിരിക്കുന്ന ഒരേയൊരു ഗ്രന്ഥമേ ഉള്ളൂ, ബൈബിൾ.”
നിങ്ങളെ സംബന്ധിച്ചെന്ത്? ബൈബിളിന് മൂല്യവത്തായ ഒരു മാർഗദർശി ആയിരിക്കാനാകുമോ? ബൈബിളധിഷ്‌ഠിത നിലവാരങ്ങൾ ഇന്നു പ്രയോഗികമാണോ?