വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിളിലെ ധാർമിക നിലവാരങ്ങൾ അത്യുത്തമമോ?

ബൈബിളിലെ ധാർമിക നിലവാരങ്ങൾ അത്യുത്തമമോ?

ബൈബിളിലെ ധാർമിക നിലവാരങ്ങൾ അത്യുത്തമമോ?

“വ്യക്തികൾക്ക്‌ സുരക്ഷിതത്വവും മാർഗദർശനവും പ്രദാനം ചെയ്യുന്ന അടിസ്ഥാന മൂല്യങ്ങളുടെ ഒരു ചട്ടക്കൂട്‌ ഇന്നത്തെ സമൂഹത്തിന്‌ അത്യന്താപേക്ഷിതമാണ്‌” എന്ന്‌ അനുഭവസമ്പന്നനായ ലേഖകനും ടെലിവിഷൻ പ്രക്ഷേപകനുമായ ഒരു ജർമൻകാരൻ അഭിപ്രായപ്പെട്ടു. തീർച്ചയായും അദ്ദേഹം പറഞ്ഞതിൽ കഴമ്പുണ്ട്‌. മനുഷ്യ സമൂഹത്തിനു കെട്ടുറപ്പും സമൃദ്ധിയും കൈവരുന്നതിന്‌ ശരിയേത്‌ തെറ്റേത്‌ അല്ലെങ്കിൽ നല്ലതേത്‌ തീയതേത്‌ എന്നു തിരിച്ചറിയിക്കുന്ന, പൊതുവെ അംഗീകരിക്കപ്പെടുന്ന അടിയുറച്ച നിലവാരങ്ങൾ ആവശ്യമാണ്‌. എന്നാൽ ചോദ്യമിതാണ്‌: സമൂഹത്തിനും അതിലെ അംഗങ്ങൾക്കും പ്രയോജനം ചെയ്യുന്ന ഉത്തമ നിലവാരങ്ങൾ ഏവയാണ്‌?

ബൈബിളധിഷ്‌ഠിത ധാർമിക മൂല്യങ്ങൾ മാനദണ്ഡമായി സ്വീകരിക്കുന്നെങ്കിൽ ഭദ്രതയും സന്തുഷ്ടിയും നിറഞ്ഞ ജീവിതം നയിക്കാൻ അവ വ്യക്തികളെ സഹായിക്കേണ്ടതാണ്‌. അങ്ങനെ, വിശാലമായ അർഥത്തിൽ പൂർവാധികം സന്തോഷത്തോടെ ആ മൂല്യങ്ങൾ ബാധകമാക്കുന്ന, ഏറെ കെട്ടുറപ്പുള്ള സമൂഹത്തെയും അത്‌ ഉളവാക്കണം. എന്നാൽ അപ്രകാരം സംഭവിക്കുന്നുണ്ടോ? അതിനോടുള്ള ബന്ധത്തിൽ ദാമ്പത്യജീവിതത്തിലെ വിശ്വസ്‌തത, അനുദിന ജീവിതത്തിലെ സത്യസന്ധത എന്നിങ്ങനെ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളെ കുറിച്ചു ബൈബിളിന്‌ എന്താണു പറയാനുള്ളത്‌ എന്നു നമുക്കു പരിശോധിക്കാം.

ഇണയോടു പറ്റിനിൽക്കുക

നമ്മുടെ സ്രഷ്ടാവ്‌ ആദാമിനെയും തുടർന്ന്‌ അവനു പങ്കാളിയായിരിക്കാൻ ഹവ്വായെയും സൃഷ്ടിച്ചു. ചരിത്രത്തിലെ ആദ്യ വിവാഹമായിരുന്നു അവരുടേത്‌. അത്‌ എന്നെന്നും നിലനിൽക്കേണ്ട ഒരു ബന്ധവും ആയിരുന്നു. “പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പററിച്ചേരും” എന്നു ദൈവം പറഞ്ഞു. വിവാഹത്തോടു ബന്ധപ്പെട്ട ഈ പ്രമാണത്തെ കുറിച്ച്‌ ഏകദേശം 4,000 വർഷങ്ങൾക്കു ശേഷം യേശുക്രിസ്‌തുവും തന്റെ അനുഗാമികളോടു പറഞ്ഞു. മാത്രമല്ല, വിവാഹബാഹ്യ ലൈംഗിക ബന്ധങ്ങളെ അവൻ കുറ്റംവിധിക്കുകയും ചെയ്‌തു.​—⁠ഉല്‌പത്തി 1:27, 28; 2:​24; മത്തായി 5:​27-30; 19:⁠5.

ബൈബിൾ പറയുന്നതനുസരിച്ച്‌, സന്തുഷ്ട വിവാഹത്തിനുള്ള രണ്ടു പ്രധാനപ്പെട്ട താക്കോലുകൾ ഇണകളുടെ പരസ്‌പര സ്‌നേഹവും ആദരവുമാണ്‌. കുടുംബത്തിന്റെ ശിരസ്സായ ഭർത്താവ്‌ ഭാര്യയുടെ ഉത്തമ താത്‌പര്യങ്ങൾ മുൻനിറുത്തി നിസ്വാർഥ സ്‌നേഹം പ്രകടമാക്കാൻ ബാധ്യസ്ഥനാണ്‌. അദ്ദേഹം “വിവേകത്തോടെ” ഭാര്യയോടൊത്തു കഴിയേണ്ടതുണ്ട്‌. ഭാര്യയോടു “കൈപ്പായിരിക്കയുമരുതു.” ഭാര്യയാണെങ്കിൽ ഭർത്താവിനെ ആഴമായി “ആദരിക്കണം.” വിവാഹ ഇണകൾ ഈ തത്ത്വങ്ങൾ പിൻപറ്റുന്നപക്ഷം വിവാഹജീവിതത്തിലെ മിക്ക പ്രശ്‌നങ്ങളും ഒഴിവാക്കാനാകും അല്ലെങ്കിൽ പരിഹരിക്കാനാകും. അങ്ങനെയാകുമ്പോൾ ഭർത്താവ്‌ ഭാര്യയോടും ഭാര്യ ഭർത്താവിനോടും പറ്റിനിൽക്കാൻ ആഗ്രഹിക്കും.​—⁠1 പത്രൊസ്‌ 3:1-7; കൊലൊസ്സ്യർ 3:18, 19; എഫെസ്യർ 5:22-33, ഓശാന ബൈബിൾ.

വിവാഹ ഇണയോടു വിശ്വസ്‌തമായി പറ്റിനിൽക്കാനുള്ള ബൈബിൾ നിലവാരം വിവാഹജീവിതത്തെ സന്തുഷ്ടമാക്കുമോ? ജർമനിയിൽ നടത്തിയ ഒരു സർവേയുടെ ഫലങ്ങൾ പരിശോധിക്കാം. ഒരു സന്തുഷ്ട വിവാഹജീവിതത്തിനു പ്രധാനമായിരിക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണെന്ന്‌ ആ സർവേയിൽ ആളുകളോടു ചോദിക്കുകയുണ്ടായി. ഏറ്റവും പ്രധാനപ്പെട്ട ഘടകമായി കണക്കാക്കപ്പെട്ടത്‌ ദമ്പതികൾക്കിടയിലെ വിശ്വസ്‌തത ആയിരുന്നു. തന്റെ ഇണ തന്നോടു വിശ്വസ്‌തത പുലർത്തുന്നു എന്ന വസ്‌തുത വിവാഹിതരായ ആളുകൾക്ക്‌ ഏറെ സന്തോഷമേകും എന്നതിനോടു നിങ്ങൾ യോജിക്കുകയില്ലേ?

പ്രശ്‌നങ്ങൾ ഉയർന്നുവരുന്നെങ്കിലോ?

ഭാര്യാഭർത്താക്കന്മാർക്ക്‌ ഇടയിൽ ഗൗരവതരമായ അഭിപ്രായ ഭിന്നതകൾ ഉയർന്നുവരുന്നെങ്കിലോ? അവരുടെ സ്‌നേഹത്തിനു മങ്ങലേൽക്കുന്നെങ്കിലോ? അത്തരം സാഹചര്യങ്ങളിൽ വിവാഹബന്ധം അവസാനിപ്പിക്കുന്നതാണോ ഉത്തമം? അതോ, അപ്പോഴും വിവാഹപങ്കാളിയോടു പറ്റിനിൽക്കാനുള്ള ബൈബിളിന്റെ ബുദ്ധിയുപദേശം പിൻപറ്റുന്നതു ജ്ഞാനപൂർവകം ആയിരിക്കുമോ?

മാനുഷ അപൂർണതയുടെ ഫലമായി എല്ലാ വിവാഹദമ്പതികളുടെയും ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നു ബൈബിൾ എഴുത്തുകാർ സമ്മതിച്ചുപറയുന്നുണ്ട്‌. (1 കൊരിന്ത്യർ 7:28) എങ്കിലും, ബൈബിളിന്റെ ധാർമിക മൂല്യങ്ങൾ പിൻപറ്റുന്ന ദമ്പതികൾ പരസ്‌പരം ക്ഷമിക്കാൻ ശ്രമിക്കുകയും തങ്ങളുടെ പ്രശ്‌നങ്ങൾക്കു പരിഹാരം കണ്ടെത്താൻ ഒത്തൊരുമിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നുവരികിലും, ശാരീരിക ദ്രോഹമോ വ്യഭിചാരമോ പോലുള്ള പ്രശ്‌നങ്ങൾ ഉയർന്നുവരുമ്പോൾ വേർപിരിയാനോ വിവാഹമോചനം നേടാനോ ഒരു ക്രിസ്‌ത്യാനി തീരുമാനിക്കുന്നത്‌ ഉചിതമായിരിക്കാം. (മത്തായി 5:32; 19:9) എന്നാൽ, തക്കതായ കാരണമില്ലാതെ അല്ലെങ്കിൽ മറ്റൊരാളെ സ്വന്തമാക്കാനുള്ള മോഹം നിമിത്തം തിടുക്കംപൂണ്ട്‌ ഒരു വിവാഹബന്ധം അവസാനിപ്പിക്കുന്നതു മറ്റുള്ളവരോടുള്ള അയാളുടെ പരിഗണനയില്ലായ്‌മയെ എടുത്തുകാണിക്കുന്നു. അതു തികച്ചും സ്വാർഥമാണ്‌. തീർച്ചയായും അത്‌ ഒരുവന്റെ ജീവിതത്തിൽ ഭദ്രതയോ സന്തുഷ്ടിയോ പ്രദാനം ചെയ്യുകയില്ല. നമുക്ക്‌ ഒരു ഉദാഹരണം പരിചിന്തിക്കാം.

തന്റെ വിവാഹജീവിതത്തിനു മുമ്പത്തെപ്പോലെ തിളക്കം ഇല്ലാത്തതായി പീറ്ററിനു തോന്നി. * തന്മൂലം, അയാൾ ഭാര്യയെ ഉപേക്ഷിച്ചിട്ട്‌, ഭർത്താവിനെ പിരിഞ്ഞു കഴിയുന്ന മൊനീക്ക എന്ന മറ്റൊരു സ്‌ത്രീയോടൊപ്പം താമസിക്കാൻ തുടങ്ങി. തുടർന്ന്‌ എന്താണു സംഭവിച്ചത്‌? ഏതാനും മാസങ്ങൾക്കകം താൻ ഒരു വസ്‌തുത തിരിച്ചറിഞ്ഞതായി പീറ്റർ തുറന്നു പറഞ്ഞു. മൊനീക്കയോടൊപ്പമുള്ള താമസം “ഞാൻ വിചാരിച്ചതുപോലെ അത്ര എളുപ്പമായിരുന്നില്ല.” കാരണം? ആദ്യ വിവാഹത്തിലെ പോലെതന്നെ പുതിയ ബന്ധത്തിലും മാനുഷിക ബലഹീനതകൾ പ്രകടമായിരുന്നു. കൂടാതെ, തിടുക്കംപൂണ്ട്‌ സ്വാർഥപൂർവം എടുത്ത തീരുമാനത്തിന്റെ ഫലമായി അയാൾക്കു ഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങളെയും നേരിടേണ്ടിവന്നു. അതിനെല്ലാം പുറമേ, കുടുംബത്തിൽ പെട്ടെന്നുണ്ടായ മാറ്റം നിമിത്തം മൊനീക്കയുടെ കുട്ടികൾക്കാണെങ്കിൽ വൈകാരിക ക്ഷതം അനുഭവിക്കേണ്ടതായുംവന്നു.

വിവാഹം പ്രശ്‌നങ്ങളുടെ നീർച്ചുഴിയിൽ അകപ്പെടുമ്പോൾ വിവാഹക്കപ്പൽ ഉപേക്ഷിച്ചു പോകുന്നത്‌ ഒരു പരിഹാരം ആയിരിക്കുന്നില്ല എന്ന്‌ ആ ഉദാഹരണം വ്യക്തമാക്കുന്നു. നേരെ മറിച്ച്‌, അത്തരം സാഹചര്യങ്ങളിൽ ദൈവവചനമായ ബൈബിളിലെ ധാർമിക മൂല്യങ്ങൾ അനുസരിച്ചു ജീവിക്കുന്നത്‌ മിക്കപ്പോഴും വിവാഹക്കപ്പലിനെ നിയന്ത്രിക്കാനും ശാന്തമായ ചുറ്റുപാടിലേക്ക്‌ അതിനെ നയിക്കാനും സഹായിക്കും. അതാണു തോമസിന്റെയും ഡോറിസിന്റെയും കാര്യത്തിൽ സംഭവിച്ചത്‌.

അവർ വിവാഹിതരായിട്ട്‌ 30 വർഷം കഴിഞ്ഞിരുന്നു. അങ്ങനെയിരിക്കെ, തോമസ്‌ അമിതമായി മദ്യപിക്കാൻ തുടങ്ങി. ഡോറിസിനെ അതു വിഷാദത്തിലാഴ്‌ത്തി. ഇരുവരും വിവാഹമോചനം നേടുന്നതിനെ കുറിച്ചു ഗൗരവമായി ചിന്തിച്ചു. ഒരു ദിവസം, ഡോറിസ്‌ യഹോവയുടെ സാക്ഷികളിൽ ഒരാളോടു തന്റെ പ്രശ്‌നങ്ങൾ തുറന്നു പറഞ്ഞു. വിവാഹത്തെ കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം എന്താണെന്ന്‌ ആ സാക്ഷി ഡോറിസിനു വിശദീകരിച്ചുകൊടുത്തു. വിവാഹമോചനം നേടാൻ തിടുക്കം കൂട്ടാതെ ആദ്യം ഭർത്താവുമൊത്തു പ്രശ്‌നങ്ങൾ ചർച്ചചെയ്യാനും അങ്ങനെ പരിഹാരം കണ്ടെത്താനും സാക്ഷി അവർക്കു പ്രോത്സാഹനമേകി. അതുതന്നെയാണു ഡോറിസ്‌ ചെയ്‌തതും. ഏതാനും മാസങ്ങൾക്കകം, വിവാഹമോചനം നേടാനുള്ള ആശയം അവർ ഉപേക്ഷിച്ചു. തുടർന്ന്‌, തോമസും ഡോറിസും പ്രശ്‌നങ്ങൾക്കു പരിഹാരം കണ്ടെത്താൻ ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ തുടങ്ങി. ബൈബിളിന്റെ ബുദ്ധിയുപദേശം പിൻപറ്റിയതു തങ്ങളുടെ വിവാഹജീവിതത്തെ ബലിഷ്‌ഠമാക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും അവരെ സഹായിച്ചു.

സകലത്തിലും സത്യസന്ധർ

വിശ്വസ്‌തതയോടെ ഇണയോടു പറ്റിനിൽക്കുന്നതിനു ധാർമിക ബലവും തത്ത്വാധിഷ്‌ഠിത സ്‌നേഹവും ആവശ്യമായിരിക്കുന്നതു പോലെതന്നെ സത്യസന്ധതയില്ലാത്ത ഈ ലോകത്ത്‌ സത്യസന്ധരായി ജീവിക്കാനും അതേ ഗുണങ്ങൾ ആവശ്യമാണ്‌. സത്യസന്ധതയെ കുറിച്ചു ബൈബിൾ വളരെയധികം കാര്യങ്ങൾ പറയുന്നുണ്ട്‌. ഒന്നാം നൂറ്റാണ്ടിലെ യെഹൂദ്യ ക്രിസ്‌ത്യാനികൾക്കു പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: ‘സകലത്തിലും നല്ലവരായി [“സത്യസന്ധതയോടെ,” NW] നടപ്പാൻ ഞങ്ങൾ ഇച്ഛിക്കുന്നു.’ (എബ്രായർ 13:18) അതിന്റെ അർഥമെന്താണ്‌?

സത്യസന്ധനായ ഒരു വ്യക്തി വിശ്വസ്‌തനും വഞ്ചനയില്ലാത്തവനുമാണ്‌. മറ്റുള്ളവരുമായുള്ള തന്റെ ഇടപെടലുകളിൽ അയാൾ തികച്ചും വിശ്വസ്‌തനായിരിക്കും. മറ്റുള്ളവരുമായി മാന്യതയോടെ, തുറന്നിടപെടുന്ന അയാൾ ആരെയും വഞ്ചിക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നില്ല. കൂടാതെ, സത്യസന്ധനായ ഒരു വ്യക്തി ധാർമിക നിഷ്‌ഠ ഉള്ളവൻ ആയിരിക്കും. സത്യസന്ധരായ ആളുകൾ ആശ്രയത്വത്തിന്റെയും വിശ്വസ്‌തതയുടെയും അന്തരീക്ഷം സൃഷ്ടിക്കും. അതു നല്ല മനോഭാവങ്ങൾ വെച്ചുപുലർത്താനും ശക്തമായ മാനുഷിക ബന്ധങ്ങൾ ഊട്ടിവളർത്താനും ആളുകളെ സഹായിക്കും.

സത്യസന്ധരായ ആളുകൾ സന്തുഷ്ടരായിരിക്കുമോ? അങ്ങനെ ആയിരിക്കുന്നതിന്‌ അവർക്കു കാരണങ്ങളുണ്ട്‌. അഴിമതിയും വഞ്ചനയും പ്രബലമായിരുന്നിട്ടും​—⁠അല്ലെങ്കിൽ ഒരുപക്ഷേ അവ പ്രബലമായിരിക്കുന്നു എന്ന കാരണത്താൽത്തന്നെ​—⁠സത്യസന്ധരായ ആളുകളെ മറ്റുള്ളവർ പൊതുവെ പുകഴ്‌ത്തുന്നു. യുവജനങ്ങളുടെ ഇടയിൽ നടത്തിയ ഒരു സർവെയിൽ പങ്കെടുത്ത 70 ശതമാനം പേരും സത്യസന്ധത ഒരു ഉത്‌കൃഷ്ട സ്വഭാവഗുണമാണ്‌ എന്ന അഭിപ്രായക്കാരായിരുന്നു. നാം ഏതു പ്രായക്കാർ ആയിരുന്നാലും, നമ്മുടെ സുഹൃത്തുക്കളിൽ ഉണ്ടായിരിക്കാൻ നാം പ്രതീക്ഷിക്കുന്ന ഒരു മുഖ്യ ഗുണം സത്യസന്ധതയാണ്‌.

ക്രിസ്റ്റീന്റെ കാര്യമെടുക്കാം. വെറും 12 വയസ്സുള്ളപ്പോൾത്തന്നെ അവൾ മോഷണം തുടങ്ങിയതാണ്‌. വർഷങ്ങൾ കടന്നുപോകവെ പോക്കറ്റടിയിൽ അവൾ വിരുതുനേടി. “5,000 ഡോയിഷ്‌ മാർക്കുകൾ [ഒരു ലക്ഷം രൂപ] വരെ ഞാൻ വീട്ടിൽ കൊണ്ടുവന്ന ദിവസങ്ങളുണ്ട്‌,” അവൾ വിശദീകരിക്കുന്നു. പല തവണ അറസ്റ്റു ചെയ്യപ്പെട്ട ക്രിസ്റ്റീൻ എപ്പോൾ വേണമെങ്കിലും തടവിലാക്കപ്പെട്ടേക്കാം എന്നതുകൊണ്ട്‌ നിരന്തരം ഭീതിയുടെ നിഴലിൽ കഴിയുകയായിരുന്നു. എന്നാൽ, സത്യസന്ധതയെ കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം യഹോവയുടെ സാക്ഷികൾ വ്യക്തമാക്കിക്കൊടുത്തപ്പോൾ ബൈബിളിലെ ധാർമിക നിലവാരങ്ങളിൽ അവൾ ആകൃഷ്ടയായി. ‘കള്ളൻ ഇനി കക്കാതിരിക്കട്ടെ’ എന്ന അനുശാസനം അനുസരിക്കാൻ അവൾ പഠിച്ചു.—എഫെസ്യർ 4:⁠28.

ക്രമേണ, മോഷണം നിറുത്തിക്കൊണ്ട്‌ ക്രിസ്റ്റീൻ യഹോവയുടെ സാക്ഷിയായി സ്‌നാപനമേറ്റു. സാക്ഷികൾ സത്യസന്ധതയ്‌ക്കും മറ്റു ക്രിസ്‌തീയ ഗുണങ്ങൾക്കും വളരെയധികം മൂല്യം കൽപ്പിക്കുന്നതുകൊണ്ട്‌ സകലത്തിലും സത്യസന്ധത പുലർത്താൻ അവൾ ശ്രമിച്ചു. ലോയ്‌സിറ്റ്‌സർ റുണ്ട്‌ഷാവു വർത്തമാനപ്പത്രം പറയുന്നതനുസരിച്ച്‌, “സത്യസന്ധത, സൗമ്യത, അയൽക്കാരോടുള്ള സ്‌നേഹം എന്നീ ധാർമിക നിലവാരങ്ങൾ സാക്ഷികളുടെ മതവിശ്വാസത്തിൽ പ്രമുഖ സ്ഥാനം വഹിക്കുന്നു.” ജീവിതത്തിൽ വന്ന മാറ്റത്തെ കുറിച്ചു ക്രിസ്റ്റീന്റെ അഭിപ്രായമെന്താണ്‌? “മോഷണം നിറുത്തിയതോടെ എനിക്ക്‌ എന്തെന്നില്ലാത്ത സന്തോഷമാണ്‌. സമൂഹത്തിൽ മാന്യമായ ഒരു സ്ഥാനം ഉള്ളതായി എനിക്കിപ്പോൾ തോന്നുന്നു.”

മുഴു സമൂഹത്തിനും പ്രയോജനകരം

ഇണയോടു വിശ്വസ്‌തരായിരിക്കുകയും സത്യസന്ധരായിരിക്കുകയും ചെയ്യുന്ന വ്യക്തികൾ സന്തുഷ്ടരായിരിക്കുമെന്നു മാത്രമല്ല, മുഴു സമൂഹത്തിനും പ്രയോജനമുള്ളവരും ആയിരിക്കും. തങ്ങളെ വഞ്ചിക്കാത്ത തൊഴിലാളികളെയാണു തൊഴിലുടമകൾ ഇഷ്ടപ്പെടുന്നത്‌. ആശ്രയയോഗ്യരായ അയൽക്കാർ ഉണ്ടായിരിക്കാൻ നാമെല്ലാം ആഗ്രഹിക്കും. കബളിപ്പിക്കുകയില്ലാത്ത കടക്കാരിൽനിന്നു സാധനങ്ങൾ വാങ്ങാനാണു നാമെല്ലാവരും ആഗ്രഹിക്കുക. യാതൊരു അഴിമതിക്കും കൂട്ടുനിൽക്കാത്ത രാഷ്‌ട്രീയക്കാരെയും പൊലീസുകാരെയും ജഡ്‌ജിമാരെയും നാം ആദരിക്കുന്നില്ലേ? സമൂഹത്തിലുള്ള എല്ലാവരും സത്യസന്ധരായിരിക്കുക എന്ന തത്ത്വം തങ്ങൾക്കു സൗകര്യപ്പെടുമ്പോൾ മാത്രമല്ല, മറിച്ച്‌ നിരന്തരം പിൻപറ്റാൻ ശ്രമിക്കുന്നെങ്കിൽ അത്‌ മുഴു സമൂഹത്തിനും പ്രയോജനം ചെയ്യും.

വിശ്വസ്‌തരായ വിവാഹ ഇണകൾ ഭദ്രതയുള്ള കുടുംബങ്ങളുടെ അടിത്തറയാണ്‌. ആ സ്ഥിതിക്ക്‌, യൂറോപ്പിലെ ഒരു രാഷ്‌ട്രീയക്കാരന്റെ പിൻവരുന്ന പ്രഖ്യാപനത്തോട്‌ ഒട്ടുമിക്കവരും യോജിക്കും: “ഇന്നും മനുഷ്യർക്കു സുരക്ഷിതത്വത്തോടെ, അർഥപൂർണമായ ജീവിതം നയിക്കാൻ സാധിക്കുന്ന സുപ്രധാന സങ്കേതം [പരമ്പരാഗത] കുടുംബമാണ്‌.” സമാധാനമുള്ള കുടുംബത്തിലേ മുതിർന്നവർക്കും കുട്ടികൾക്കും വൈകാരിക സുരക്ഷിതത്വം അനുഭവപ്പെടുകയുള്ളൂ. അങ്ങനെ, വിശ്വസ്‌ത വിവാഹജീവിതം നയിക്കുന്നവർ കെട്ടുറപ്പുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിനു സംഭാവന ചെയ്യുന്നു.

ഉപേക്ഷിക്കപ്പെട്ട ഇണയോ വിവാഹമോചന കോടതിയോ കുട്ടികളുടെ സംരക്ഷണാവകാശ നിർണയ കേസുകളോ ഇല്ലായിരുന്നെങ്കിൽ സ്ഥിതിഗതികൾ എത്ര നന്നായിരുന്നേനെ എന്നൊന്നു ചിന്തിച്ചു നോക്കൂ. പോക്കറ്റടിക്കാരോ കടയിൽനിന്നു സാധനങ്ങൾ മോഷ്ടിക്കുന്നവരോ നികുതിവെട്ടിപ്പുകാരോ അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരോ വഞ്ചകരായ ശാസ്‌ത്രജ്ഞന്മാരോ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലോ? അങ്ങനെയൊരു അവസ്ഥ കേവലം ഒരു സ്വപ്‌നമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? ബൈബിളിലും ഭാവിയെ കുറിച്ച്‌ അതു പറയുന്ന കാര്യങ്ങളിലും അതീവ താത്‌പര്യമെടുക്കുന്ന ആർക്കും അതൊരു സ്വപ്‌നമാണെന്നു തോന്നുന്നില്ല. പെട്ടെന്നുതന്നെ യഹോവയുടെ മിശിഹൈക രാജ്യം മുഴു മനുഷ്യ സമൂഹത്തിന്മേലും വാഴ്‌ച നടത്തുമെന്നു ദൈവവചനം വാഗ്‌ദാനം ചെയ്യുന്നു. ആ രാജ്യത്തിൻ കീഴിൽ അതിലെ പ്രജകളെല്ലാം ബൈബിളിന്റെ ധാർമിക നിലവാരങ്ങൾ അനുസരിച്ചു ജീവിക്കാൻ പഠിപ്പിക്കപ്പെടും. അക്കാലത്ത്‌, “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”​—⁠സങ്കീർത്തനം 37:⁠29.

ബൈബിളിലെ ധാർമിക നിലവാരങ്ങൾ അത്യുത്തമം

ബൈബിളിലെ ബുദ്ധിയുപദേശം മാനുഷിക ചിന്തകളെക്കാൾ അത്യധികം ഉത്‌കൃഷ്ടമായ ദൈവിക ജ്ഞാനത്തിൽ അധിഷ്‌ഠിതമാണെന്നു തിരുവെഴുത്തുകൾ അടുത്തു പരിശോധിച്ചിരിക്കുന്ന ദശലക്ഷങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. അവർ ബൈബിളിനെ ആശ്രയയോഗ്യവും നമ്മുടെ നാളിൽ പ്രസക്തവുമായ ഒരു ഗ്രന്ഥമായി കണക്കാക്കുന്നു. ദൈവവചനത്തിലെ ബുദ്ധിയുപദേശം പിൻപറ്റുന്നതു തങ്ങൾക്ക്‌ ഏറ്റവും ഉത്തമമായിരിക്കുമെന്ന്‌ അവർക്കറിയാം.

നമ്മുടെ സ്രഷ്ടാവ്‌ യെശയ്യാ പ്രവാചകനിലൂടെ പറഞ്ഞ പിൻവരുന്ന വാക്കുകൾ ആ വ്യക്തികൾ അനുസരിക്കുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും;” (സദൃശവാക്യങ്ങൾ 3:5, 6) അങ്ങനെ ചെയ്യുന്നതിലൂടെ അവർ തങ്ങളുടെതന്നെ ജീവിതം വളരെയേറെ മെച്ചപ്പെടുത്തുന്നതോടൊപ്പം തങ്ങളുടെ ചുറ്റുമുള്ളവർക്കും പ്രയോജനം കൈവരുത്തുന്നു. മാത്രമല്ല, മുഴു മനുഷ്യവർഗവും ബൈബിളിലെ ധാർമിക നിലവാരങ്ങൾ പിൻപറ്റുന്ന ‘വരുവാനിരിക്കുന്ന ജീവനിൽ’ അവർ ഉറച്ച വിശ്വാസം നട്ടുവളർത്തുകയും ചെയ്യുന്നു.​—⁠1 തിമൊഥെയൊസ്‌ 4:⁠8.

[അടിക്കുറിപ്പ്‌]

^ ഖ. 11 പേരുകൾ യഥാർഥമല്ല.

[5-ാം പേജിലെ ആകർഷക വാക്യം]

ദൈവവചനമായ ബൈബിളിലെ ധാർമിക നിലവാരങ്ങൾ അനുസരിച്ചു ജീവിക്കുന്നത്‌ മിക്കപ്പോഴും, വൈവാഹിക പ്രശ്‌നങ്ങളുടെ നീർച്ചുഴിയിൽ അകപ്പെടുമ്പോൾ വിവാഹക്കപ്പലിനെ നിയന്ത്രിക്കുന്നതിനും ശാന്തമായ ചുറ്റുപാടിലേക്ക്‌ അതിനെ നയിക്കുന്നതിനും സഹായിക്കും

[6-ാം പേജിലെ ആകർഷക വാക്യം]

അഴിമതിയും വഞ്ചനയും പ്രബലമായിരുന്നിട്ടും​—⁠അല്ലെങ്കിൽ ഒരുപക്ഷേ അവ പ്രബലമായിരിക്കുന്നു എന്ന കാരണത്താൽത്തന്നെ​—⁠സത്യസന്ധരായ ആളുകളെ മറ്റുള്ളവർ പൊതുവെ പുകഴ്‌ത്തുന്നു