വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിജയം​—⁠അതിന്റെ അളവുകോൽ എന്ത്‌?

വിജയം​—⁠അതിന്റെ അളവുകോൽ എന്ത്‌?

വിജയം​—⁠അതിന്റെ അളവുകോൽ എന്ത്‌?

വിജയം എന്ന പദത്തെ “സമ്പത്തോ അംഗീകാരമോ പ്രാമുഖ്യതയോ നേടൽ” എന്നാണ്‌ ഒരു നിഘണ്ടു നിർവചിക്കുന്നത്‌. എന്നാൽ, ആ നിർവചനം സമ്പൂർണമാണോ? സമ്പത്തോ അംഗീകാരമോ പ്രാമുഖ്യതയോ നേടുന്നതു മാത്രമാണോ വിജയത്തിന്റെ അളവുകോൽ? അതിന്‌ ഉത്തരം നൽകുന്നതിനു മുമ്പ്‌ ഇതൊന്നു പരിചിന്തിക്കുക: യേശുക്രിസ്‌തു തന്റെ ജീവിതകാലത്ത്‌ ഭൗതിക സമ്പത്തു സ്വരുക്കൂട്ടിയില്ല; ഭൂരിപക്ഷം പേരും അവനെ അംഗീകരിച്ചില്ല; അവന്റെ നാളിൽ പ്രാമുഖ്യത നിർണയിച്ചിരുന്ന ആരും അവന്‌ ഉയർന്ന ബഹുമതി നൽകിയില്ല. എന്നിട്ടും യേശു ജീവിതത്തിൽ വിജയം കണ്ടെത്തി എന്നു പറയാനാകും. എന്തുകൊണ്ട്‌?

ഭൂമിയിൽ ആയിരുന്നപ്പോൾ യേശു, “ദൈവവിഷയ”ത്തിൽ സമ്പന്നനായിരുന്നു. (ലൂക്കൊസ്‌ 12:21) പുനരുത്ഥാന ശേഷം, “മഹത്വവും ബഹുമാനവും” നൽകിക്കൊണ്ട്‌ ദൈവം അവനു പ്രതിഫലം നൽകി. യഹോവ തന്റെ പുത്രനെ “ഏററവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്‌കി.” (എബ്രായർ 2:9; ഫിലിപ്പിയർ 2:9) യേശുവിന്റെ ജീവിതഗതി യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ചു. (സദൃശവാക്യങ്ങൾ 27:11) അവന്റെ ഭൗമിക ജീവിതം വിജയപ്രദമായിരുന്നു. എന്തുകൊണ്ടെന്നാൽ, ദൈവേഷ്ടം ചെയ്‌തുകൊണ്ട്‌ ദൈവനാമത്തിനു മഹത്ത്വം കരേറ്റുക എന്ന ലക്ഷ്യത്തിൽ എത്തിച്ചേരാൻ അവനു കഴിഞ്ഞു. തത്‌ഫലമായി, വിദ്യാഭ്യാസ-രാഷ്‌ട്രീയ-സ്‌പോർട്‌സ്‌ രംഗങ്ങളിൽ ഉള്ള പ്രഗത്ഭർക്കൊന്നും ഒരിക്കലും ആസ്വദിക്കാൻ സാധിക്കില്ലാത്ത സമ്പത്തും, അംഗീകാരവും പ്രാമുഖ്യതയും നൽകിക്കൊണ്ട്‌ ദൈവം യേശുവിനെ ഉയർത്തി. അതേ, യേശു ആയിരുന്നു ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്നതിനു യാതൊരു സംശയവുമില്ല.

തങ്ങളുടെ കുട്ടികൾ ക്രിസ്‌തുവിന്റെ കാൽച്ചുവടുകൾ പിൻപറ്റി ദൈവവുമായുള്ള ബന്ധത്തിൽ യേശുവിനെപ്പോലെ സമ്പന്നരാകുന്നപക്ഷം, ഇപ്പോൾത്തന്നെ സമൃദ്ധമായ അനുഗ്രഹങ്ങളും വരാനിരിക്കുന്ന വ്യവസ്ഥിതിയിൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര പ്രതിഫലങ്ങളും അവർക്ക്‌ ആസ്വദിക്കാനാകും എന്ന്‌ ക്രിസ്‌തീയ മാതാപിതാക്കൾ തിരിച്ചറിയുന്നു. ഒരു യുവവ്യക്തിയെ സംബന്ധിച്ചിടത്തോളം യേശുവിനെ അനുഗമിക്കുന്നതിന്‌ അവൻ ചെയ്‌ത വേല ചെയ്യുന്നതിനെക്കാൾ ഉത്തമമായ വേറൊരു മാർഗവുമില്ല​—⁠സാധ്യമെങ്കിൽ മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെടുക.

എന്നുവരികിലും, ചില സംസ്‌കാരങ്ങളിൽ നിലവിലുള്ള രീതിയനുസരിച്ച്‌ മുഴു സമയ ശുശ്രൂഷ യുവജനങ്ങൾക്കുള്ളതല്ല. ഒരു യുവവ്യക്തി വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഒരു ജോലി കണ്ടെത്താനും വിവാഹം ചെയ്‌ത്‌ ഒരു കുടുംബമൊക്കെയായി താമസിക്കാനുമാണു പ്രതീക്ഷിക്കപ്പെടുന്നത്‌. ചിലപ്പോഴൊക്കെ, അത്തരം പശ്ചാത്തലങ്ങളിൽ നിന്നുള്ള ചില യുവജനങ്ങൾ അനുകൂലമായ സാഹചര്യങ്ങൾ ഉള്ളപ്പോൾ പോലും തെറ്റിദ്ധാരണയുടെ പേരിൽ മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കാതിരുന്നേക്കാം. (സദൃശവാക്യങ്ങൾ 3:27) എന്തുകൊണ്ട്‌? സമ്മർദം നിമിത്തം നിലവിലുള്ള സാംസ്‌കാരിക നിലവാരങ്ങളോട്‌ അവർ അനുരൂപപ്പെടുന്നു. റോബർട്ടിന്റെ കാര്യത്തിൽ അതാണു സംഭവിച്ചത്‌. *

സംസ്‌കാരം മനസ്സാക്ഷിക്ക്‌ വിരുദ്ധമായിരിക്കുമ്പോൾ

റോബർട്ട്‌ യഹോവയുടെ സാക്ഷികളിൽ ഒരാളായിട്ടാണു വളർത്തപ്പെട്ടത്‌. കൗമാരപ്രായത്തിൽ അവന്റെ നടത്തയും കൂട്ടുകെട്ടുകളും അത്ര നല്ലതായിരുന്നില്ല. അതുകൊണ്ട്‌ അവന്റെ അമ്മ അവനെക്കുറിച്ചു വ്യാകുലപ്പെടാൻ തുടങ്ങി. തന്റെ മകനു പ്രോത്സാഹനമേകാൻ അവർ ഒരു പയനിയറുടെ, യഹോവയുടെ സാക്ഷികളുടെ ഒരു മുഴുസമയ ശുശ്രൂഷകന്റെ, സഹായം തേടി. തുടർന്ന്‌ എന്താണു സംഭവിച്ചതെന്നു റോബർട്ട്‌ വിശദീകരിക്കുന്നു.

“ആ പയനിയർ സഹോദരൻ എന്നോടു കാണിച്ച താത്‌പര്യത്തെ ഞാൻ അതിയായി വിലമതിച്ചു. അദ്ദേഹത്തിന്റെ നല്ല ദൃഷ്ടാന്തം എന്നിൽ കാര്യമായ സ്വാധീനം ചെലുത്തി. തന്മൂലം, സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയായ ഉടനെ പയനിയറിങ്ങിൽ ഏർപ്പെടാൻ ഞാൻ താത്‌പര്യം പ്രകടിപ്പിച്ചു. അപ്പോൾ മറ്റൊരു കാരണത്താൽ മമ്മിക്കു വീണ്ടും പ്രയാസമായി. ഞങ്ങളുടെ സംസ്‌കാരത്തിൽ സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ഒരു പെൺകുട്ടി പയനിയറിങ്ങിൽ ഏർപ്പെടുന്നത്‌ തികച്ചും സാധാരണമാണെങ്കിലും, ഒരു ആൺകുട്ടിയെ സംബന്ധിച്ചിടത്തോളം ആദ്യം സാമ്പത്തിക ഭദ്രത കൈവരിക്കാനും അതിനുശേഷം പയനിയറിങ്ങിൽ ഏർപ്പെടുന്നതിനെ കുറിച്ചു ചിന്തിക്കാനുമാണു പ്രതീക്ഷിക്കപ്പെടുന്നത്‌.

“ഞാൻ ഒരു തൊഴിൽ പഠിച്ച്‌ സ്വന്തമായി ബിസിനസ്‌ തുടങ്ങി. പെട്ടെന്നുതന്നെ ഞാൻ ബിസിനസിൽ വ്യാപൃതനായി, സമയത്തിന്റെ സിംഹഭാഗവും അതിനായി നീക്കിവെക്കേണ്ടിവന്നു. യോഗങ്ങൾക്കു ഹാജരാകുന്നതും പ്രസംഗവേലയ്‌ക്കു പോകുന്നതുമെല്ലാം എന്നെ സംബന്ധിച്ചിടത്തോളം വെറുമൊരു ചടങ്ങായി മാറി. എന്റെ മനസ്സാക്ഷി എന്നെ കുറ്റപ്പെടുത്താൻ തുടങ്ങി. എന്റെ കാര്യത്തിൽ യഹോവയെ മെച്ചമായി സേവിക്കാൻ സാധിക്കുമെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. എന്നിരുന്നാലും, മറ്റുള്ളവരുടെ പ്രതീക്ഷയ്‌ക്കു വിരുദ്ധമായി കാര്യങ്ങൾ ചെയ്യുന്നത്‌ ശരിക്കും ഒരു പോരാട്ടംതന്നെ ആയിരുന്നു. എങ്കിലും ഞാൻ അതുതന്നെ ചെയ്‌തു എന്നു പറയുന്നതിൽ എനിക്കു സന്തോഷമുണ്ട്‌. ഞാൻ ഇപ്പോൾ വിവാഹിതനാണ്‌. കഴിഞ്ഞ രണ്ടു വർഷമായി ഞാനും ഭാര്യയും പയനിയറിങ്‌ ചെയ്യുന്നു. ഈയിടെ, സഭയിൽ ശുശ്രൂഷാ ദാസനായി എനിക്കു നിയമനം ലഭിച്ചു. യഹോവയുടെ സേവനത്തിൽ മുഴു ഹൃദയത്തോടെ കഴിവിന്റെ പരമാവധി ചെയ്യുന്നതിന്റെ സംതൃപ്‌തി ഞാൻ ഇപ്പോൾ ആസ്വദിക്കുന്നു എന്ന്‌ എനിക്ക്‌ ആത്മാർഥമായി പറയാനാകും.”

ഒരു തൊഴിൽ പഠിച്ചെടുക്കാനോ പ്രയോജനപ്രദമായ എന്തെങ്കിലും കഴിവുകൾ വികസിപ്പിച്ചെടുക്കാനോ​—⁠സാധ്യമെങ്കിൽ സ്‌കൂളിൽ ആയിരിക്കുമ്പോൾത്തന്നെ​—⁠ഈ മാസിക യുവജനങ്ങൾക്ക്‌ ആവർത്തിച്ചു പ്രോത്സാഹനം നൽകിയിട്ടുണ്ട്‌. എന്ത്‌ ഉദ്ദേശ്യത്തിൽ? സമ്പത്തു കുന്നുകൂട്ടാനാണോ? അല്ല. മുഖ്യമായും അത്‌, മുതിർന്നവർ എന്ന നിലയിൽ സ്വന്തം ആവശ്യങ്ങൾ നോക്കി നടത്താനും കഴിവിന്റെ പരമാവധി യഹോവയെ സേവിക്കാനും​—⁠വിശേഷിച്ചും മുഴുസമയ ശുശ്രൂഷയിൽ​—⁠അവരെ സഹായിക്കും. എന്നാൽ, മിക്കപ്പോഴും യുവജനങ്ങൾ ലൗകിക ജീവിതവൃത്തിയിൽ വ്യാപൃതരാകുന്നതു മൂലം ശുശ്രൂഷയ്‌ക്ക്‌ അവർ വലിയ പ്രാധാന്യം നൽകാറില്ല. ചിലരാണെങ്കിൽ മുഴു സമയ സേവനത്തിൽ ഏർപ്പെടുന്നതിനെ കുറിച്ചു ചിന്തിക്കുന്നതുപോലുമില്ല. എന്തുകൊണ്ട്‌?

റോബർട്ടിന്റെ വാക്കുകൾ അതിലേക്കു വെളിച്ചം വീശുന്നു. ഒരു തൊഴിൽ പഠിച്ചെടുത്ത റോബർട്ട്‌ ബിസിനസ്‌ ആരംഭിച്ചു. പെട്ടെന്നുതന്നെ അദ്ദേഹം എങ്ങും എത്തിക്കാത്ത ഒരു ആലങ്കാരിക ശകടത്തിൽ കയറിപ്പറ്റി. സാമ്പത്തിക ഭദ്രത കൈവരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ, ക്രിസ്‌തീയ സഭയ്‌ക്ക്‌ ഉള്ളിലോ വെളിയിലോ ഉള്ള ആരെങ്കിലും എന്നെങ്കിലും പൂർണമായി ആ ലക്ഷ്യത്തിൽ എത്തിച്ചേരുന്നുണ്ടോ? ക്രിസ്‌ത്യാനികൾ സാമ്പത്തിക കാര്യങ്ങളിൽ ആശ്രയയോഗ്യർ ആയിരിക്കുകയും തങ്ങളുടെ സാമ്പത്തിക കടമകൾ ഉത്സാഹപൂർവം നോക്കിനടത്തുകയും ചെയ്യണം. എന്നാൽ, അതേസമയംതന്നെ അവർ ഇക്കാര്യവും മനസ്സിൽ പിടിക്കേണ്ടതുണ്ട്‌: അനിശ്ചിതത്വത്തിന്റെ ഈ നാളുകളിൽ സാമ്പത്തിക ഭദ്രത എന്ന ലക്ഷ്യത്തിൽ എത്തിച്ചേർന്നു എന്നു പറയാൻ കഴിയുന്നവർ വളരെ വിരളമാണ്‌. മത്തായി 6:​33-ൽ കാണുന്ന യേശുവിന്റെ വാഗ്‌ദാനം ക്രിസ്‌ത്യാനികൾക്ക്‌ അത്യന്തം ആശ്വാസം പകരുന്നതും അതുകൊണ്ടാണ്‌.

സംസ്‌കാരം നിഷ്‌കർഷിക്കുന്നതു ചെയ്യുന്നതിനു പകരം തന്റെ ഹൃദയാഭിലാഷം നിവർത്തിക്കാൻ തീരുമാനിച്ചതിൽ റോബർട്ട്‌ അതീവ സന്തുഷ്ടനാണ്‌. അദ്ദേഹം ഇന്ന്‌ മുഴുസമയ സേവനത്തിൽ ആസ്വാദനം കണ്ടെത്തുന്നു. അതേ, മുഴുസമയ ശുശ്രൂഷ മാന്യമായ ഒരു ജീവിതവൃത്തിയാണ്‌. റോബർട്ടിന്റെ വാക്കുകളിൽ പറഞ്ഞാൽ ഇപ്പോൾ ‘തന്റെ കഴിവിന്റെ പരമാവധി’ യഹോവയെ സേവിക്കുന്നതിനാൽ ജീവിതം സമാധാനപൂർണമാണ്‌.

നിങ്ങളുടെ പ്രാപ്‌തികൾ പൂർണമായി വിനിയോഗിക്കുക

യഹോവയുടെ സാക്ഷികൾക്കിടയിൽ പ്രാപ്‌തരായ അനേകരുണ്ട്‌. ചിലർ അതീവ ബുദ്ധിശാലികളാണെങ്കിൽ മറ്റു ചിലർ കായിക ജോലിയിൽ സമർഥരാണ്‌. ഈ പ്രാപ്‌തികളുടെയെല്ലാം ഉറവിടം “എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്ന” യഹോവയാണ്‌. (പ്രവൃത്തികൾ 17:25) ജീവനില്ലെങ്കിൽ ഈ പ്രാപ്‌തികൾകൊണ്ട്‌ എന്തു പ്രയോജനം?

ആ സ്ഥിതിക്ക്‌, നമ്മുടെ അർപ്പിത ജീവിതം യഹോവയുടെ സേവനത്തിനായി ഉപയോഗിക്കുന്നത്‌ തികച്ചും ഉചിതമാണ്‌. അതുതന്നെയാണ്‌ ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കഴിവുറ്റ ഒരു യുവാവു ചെയ്‌തതും. ഒരു പ്രമുഖ കുടുംബത്തിലെ അംഗമായിരുന്ന അവൻ കിലിക്യയിലെ പ്രസിദ്ധ നഗരമായിരുന്ന തർസൊസിൽ തന്റെ യൗവനകാലം ചെലവഴിച്ചു. ജന്മനാ യഹൂദനായിരുന്നെങ്കിലും പിതാവിലൂടെ അവനു റോമാ പൗരത്വം ലഭിച്ചു. തന്മൂലം പല അവകാശങ്ങൾക്കും പദവികൾക്കും അവൻ യോഗ്യനായിത്തീർന്നു. കുറെക്കൂടെ വളർന്നപ്പോൾ അവൻ അക്കാലത്തെ ഒരു പ്രമുഖ “പ്രൊഫസർ” ആയിരുന്ന ഗമാലിയേലിൽനിന്നു നിയമം പഠിച്ചു. താമസിയാതെ, അവനു ‘സമ്പത്തും അംഗീകാരവും പ്രാമുഖ്യതയും’ കൈവരുമെന്ന മട്ടായി.​—⁠പ്രവൃത്തികൾ 21:​39; 22:3, 27, 28.

ആരായിരുന്നു ആ യുവാവ്‌? ശൗൽ. ക്രിസ്‌ത്യാനി ആയിത്തീർന്ന ശൗൽ ഒടുവിൽ അപ്പൊസ്‌തലനായ പൗലൊസ്‌ ആയിത്തീർന്നു. തന്റെ പ്രാരംഭ ലക്ഷ്യങ്ങളെല്ലാം ഉപേക്ഷിച്ച അവൻ മുഴു ജീവിതവും ഒരു ക്രിസ്‌ത്യാനി എന്ന നിലയിൽ യഹോവയുടെ സേവനത്തിനായി നീക്കിവെച്ചു. വിദഗ്‌ധനായ ഒരു അഭിഭാഷകൻ എന്ന നിലയിലല്ല, മറിച്ച്‌ സുവാർത്തയുടെ തീക്ഷ്‌ണതയുള്ള പ്രസംഗകൻ എന്ന നിലയിലാണ്‌ പൗലൊസ്‌ അറിയപ്പെട്ടത്‌. ഏകദേശം 30 വർഷത്തെ മിഷനറി ജീവിതത്തിനു ശേഷം പൗലൊസ്‌ ഫിലിപ്പിയിലെ ക്രിസ്‌ത്യാനികൾക്ക്‌ ഒരു ലേഖനം എഴുതി. ക്രിസ്‌ത്യാനി ആയിത്തീരുന്നതിനു മുമ്പുള്ള തന്റെ ചില നേട്ടങ്ങളെ കുറിച്ച്‌ പ്രസ്‌തുത ലേഖനത്തിൽ പരാമർശിച്ചശേഷം അവൻ ഇങ്ങനെ പറഞ്ഞു: “[യേശുക്രിസ്‌തുവിനു]വേണ്ടി സർവതും ഞാൻ നഷ്ടപ്പെടുത്തി. ക്രിസ്‌തുവിനെ നേടാൻ അവയെ ഞാൻ ഉച്‌ഛിഷ്ടമായി കണക്കാക്കുന്നു.” (ഫിലിപ്പിയർ 3:​8, ഓശാന ബൈ.) തന്റെ ജീവിതം ചെലവഴിച്ച വിധത്തിൽ പൗലൊസിനു തെല്ലും ഖേദം തോന്നിയില്ല!

പൗലൊസിന്‌ ഗമാലിയേലിൽനിന്നു ലഭിച്ച പരിശീലനത്തെ കുറിച്ചെന്ത്‌? അത്‌ അവന്‌ എപ്പോഴെങ്കിലും പ്രയോജകീഭവിച്ചോ? തീർച്ചയായും! പല സന്ദർഭങ്ങളിലും “സുവാർത്തയ്‌ക്കു വേണ്ടി പ്രതിവാദം നടത്താനും അതു നിയമപരമായി സ്ഥാപിക്കാനും” അത്‌ അവനെ സഹായിച്ചു. എന്നാൽ, പൗലൊസിന്റെ പ്രധാന വേല സുവാർത്താപ്രസംഗം ആയിരുന്നു. ഏതെങ്കിലും ലൗകിക വിദ്യാഭ്യാസത്തിലൂടെ അവനതു പഠിച്ചെടുക്കാൻ കഴിയുമായിരുന്നില്ല.​—⁠ഫിലിപ്പിയർ 1:​7, NW; പ്രവൃത്തികൾ 26:24, 25.

സമാനമായി, ഇന്നു ചിലർക്കു തങ്ങളുടെ പ്രാപ്‌തികളും കഴിവുകളും തങ്ങളുടെ വിദ്യാഭ്യാസം പോലും രാജ്യതാത്‌പര്യങ്ങളുടെ ഉന്നമനത്തിനായി ഉപയോഗിക്കാൻ സാധിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌ എമിയുടെ കാര്യമെടുക്കാം. കൊമേഴ്‌സിലും നിയമത്തിലും അവൾ ബിരുദം നേടിയിട്ടുണ്ട്‌. നല്ല ശമ്പളം പറ്റിക്കൊണ്ട്‌ അവൾ ഒരു നിയമസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. എന്നാൽ ഇപ്പോൾ അവൾ വാച്ച്‌ടവർ സൊസൈറ്റിയുടെ ഒരു ബ്രാഞ്ചിൽ, വേതനം പറ്റാതെ സ്വമേധയാ ശുശ്രൂഷകയായി പ്രവർത്തിക്കുകയാണ്‌. അതേക്കുറിച്ച്‌ എമി പറയുന്നതു ശ്രദ്ധിക്കൂ: “എന്റെ ജീവിതത്തിലേക്കും വെച്ച്‌ ഏറ്റവും നല്ല തീരുമാനമായി ഞാൻ ഇതിനെ കണക്കാക്കുന്നു. . .  യാതൊരു ലൗകിക പദവിയുമായും ഇതിനെ തുലനം ചെയ്യാനാവില്ല. എന്റെ തിരഞ്ഞെടുപ്പിൽ എനിക്ക്‌ അഭിമാനമേയുള്ളൂ. എനിക്ക്‌ ആവശ്യമുള്ളതും ഞാൻ ആഗ്രഹിക്കുന്നതുമെല്ലാം എനിക്കു കൈവന്നിരിക്കുന്നു​—⁠സംതൃപ്‌തിയും സന്തുഷ്ടിയും നിറഞ്ഞ ജീവിതവും അർഥപൂർണമായ ജീവിതവൃത്തിയും.”

മനസ്സമാധാനവും സംതൃപ്‌തിയും യഹോവയുടെ അനുഗ്രഹവും ലഭ്യമാക്കുന്ന ഒരു ജീവിതഗതിയാണ്‌ എമി തിരഞ്ഞെടുത്തത്‌. തങ്ങളുടെ കുട്ടികൾക്കും അത്തരമൊരു ഭാവി കൈവരണമെന്നല്ലേ ക്രിസ്‌തീയ മാതാപിതാക്കൾ ആഗ്രഹിക്കുന്നത്‌?

ക്രിസ്‌തീയ ശുശ്രൂഷയിലെ വിജയം

ക്രിസ്‌തീയ ശുശ്രൂഷയിലെ വിജയം സംബന്ധിച്ച്‌ ശരിയായ വീക്ഷണം പുലർത്തുന്നതു വളരെ പ്രധാനമാണ്‌. ബൈബിൾ സാഹിത്യങ്ങൾ സമർപ്പിക്കുകയോ വീട്ടുകാരുമായി രസകരമായ ബൈബിൾ ചർച്ചയിൽ ഏർപ്പെടുകയോ ചെയ്‌തുകൊണ്ട്‌ വയൽ ശുശ്രൂഷയിൽ നല്ലരീതിയിൽ സമയം ചെലവഴിക്കുമ്പോൾ ശുശ്രൂഷ വിജയകരമായിരുന്നു എന്നു ചിന്തിക്കുക സ്വാഭാവികമാണ്‌. അതേസമയം, നമ്മുടെ സന്ദേശത്തോട്‌ ആരുംതന്നെ അനുകൂലമായി പ്രതികരിക്കാതെ വരുമ്പോൾ നാം വെറുതെ സമയം പാഴാക്കുകയാണെന്ന തോന്നൽ ഉളവായേക്കാം. എന്നാൽ, വിജയത്തിന്റെ ഒരു നിർവചനം ‘അംഗീകാരം നേടുക’ എന്നതാണെന്ന കാര്യം മനസ്സിൽപ്പിടിക്കുക. ആരുടെ അംഗീകാരം നേടാനാണു നാം ആഗ്രഹിക്കുന്നത്‌? യഹോവയുടേതല്ലേ? അതാകട്ടെ, ആളുകൾ നമ്മുടെ സന്ദേശത്തിനു ചെവികൊടുത്താലും ഇല്ലെങ്കിലും നമുക്കു നേടാനുമാകും. അതു സംബന്ധിച്ച്‌ യേശു തന്റെ ശിഷ്യന്മാർക്കു നല്ലൊരു പാഠം നൽകി.

യേശു 70 രാജ്യ പ്രസംഗകരെ “താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും” അയച്ച കാര്യം നിങ്ങൾ അനുസ്‌മരിക്കുന്നുണ്ടാകും. (ലൂക്കൊസ്‌ 10:1) പട്ടണങ്ങളിലും ഗ്രാമങ്ങളിലും യേശുവിനോടൊപ്പമല്ലാതെ അവർ തനിയെ പ്രസംഗിക്കേണ്ടിയിരുന്നു. അവരെ സംബന്ധിച്ചിടത്തോളം അത്‌ പുതിയൊരു അനുഭവം ആയിരുന്നു. തന്മൂലം, അവരെ അയയ്‌ക്കുന്നതിനു മുമ്പ്‌ യേശു അവർക്ക്‌ വിശദമായ നിർദേശങ്ങൾ നൽകി. “ഒരു സമാധാനപുത്ര”നെ കണ്ടുമുട്ടുന്നെങ്കിൽ അവർ അയാൾക്ക്‌ രാജ്യത്തെക്കുറിച്ച്‌ നല്ല സാക്ഷ്യം നൽകേണ്ടിയിരുന്നു. ഇല്ലെന്നുവരികിൽ അതേക്കുറിച്ചു വ്യാകുലപ്പെടാതെ അവർ അവിടം വിട്ടു പോകേണ്ടിയിരുന്നു. അവർക്കു ചെവികൊടുക്കാൻ വിസമ്മതിക്കുന്നവർ വാസ്‌തവത്തിൽ യഹോവയെയാണ്‌ തിരസ്‌കരിക്കുന്നത്‌ എന്ന്‌ യേശു അവർക്കു വ്യക്തമാക്കിക്കൊടുത്തു.​—⁠ലൂക്കൊസ്‌ 10:4-7, 16.

ആ 70 പേർ തങ്ങളുടെ പ്രസംഗ നിയമനം പൂർത്തീകരിച്ചശേഷം “സന്തോഷത്തോടെ മടങ്ങിവന്നു: കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു” എന്ന്‌ യേശുവിനോടു റിപ്പോർട്ടു ചെയ്‌തു. (ലൂക്കൊസ്‌ 10:17) ശക്തരായ ആത്മ വ്യക്തികളെ പുറത്താക്കാൻ കഴിഞ്ഞത്‌ ആ അപൂർണ മനുഷ്യരെ ആവേശഭരിതർ ആക്കിയിരിക്കണം! എന്നുവരികിലും, ഉത്സാഹഭരിതരായിരുന്ന തന്റെ ശിഷ്യന്മാർക്ക്‌ യേശു ഈ മുന്നറിയിപ്പു നൽകി: “ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (ലൂക്കൊസ്‌ 10:20) ആ 70 ശിഷ്യന്മാർക്ക്‌ എല്ലായ്‌പോഴും ഭൂതങ്ങളെ പുറത്താക്കാൻ ശക്തി ഉണ്ടായിരിക്കുകയോ ശുശ്രൂഷയിൽ നല്ല ഫലങ്ങൾ ലഭിക്കുകയോ ചെയ്‌തെന്നു വരില്ല. എന്നാൽ വിശ്വസ്‌തരായി നിലകൊള്ളുന്നിടത്തോളം കാലം അവർക്ക്‌ എല്ലായ്‌പോഴും യഹോവയുടെ അംഗീകാരം ഉണ്ടായിരിക്കുമായിരുന്നു.

നിങ്ങൾ മുഴു സമയ സേവകരെ വിലമതിക്കുന്നുവോ?

ഒരിക്കൽ ഒരു യുവാവ്‌ ഒരു ക്രിസ്‌തീയ മൂപ്പനോട്‌ ഇങ്ങനെ പറഞ്ഞു: “സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഞാൻ ഒരു ജോലി കണ്ടെത്താൻ ശ്രമിക്കും. ഒരു ജോലി കിട്ടാത്തപക്ഷം ഏതെങ്കിലും വിധത്തിലുള്ള മുഴുസമയ സേവനത്തിൽ ഏർപ്പെടാനാണു ഞാൻ ഉദ്ദേശിക്കുന്നത്‌. എന്നിരുന്നാലും, പയനിയർ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന മിക്കവരുടെയും വീക്ഷണം അത്തരത്തിലുള്ള ഒന്നല്ല. പയനിയറിങ്‌ ചെയ്യുന്നതിനു ചിലർ തങ്ങളുടെ ജീവിതമാർഗമായിരുന്ന നല്ല വരുമാനമുള്ള ജോലി ഉപേക്ഷിച്ചിരിക്കുന്നു. മറ്റു ചിലർ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം തുറന്നുകിട്ടിയെങ്കിലും അതു വേണ്ടെന്നു വെച്ചിരിക്കുന്നു. പൗലൊസ്‌ അപ്പൊസ്‌തലനെ പോലെ അവർ ത്യാഗങ്ങൾ ചെയ്‌തിരിക്കുന്നു. അതേസമയംതന്നെ പൗലൊസിനെയും റോബർട്ടിനെയും എമിയെയും പോലെ അവരും തങ്ങളുടെ തീരുമാനത്തിൽ ഖേദിക്കുന്നില്ല. യഹോവയെ സ്‌തുതിക്കുന്നതിനു തങ്ങളുടെ പ്രാപ്‌തികൾ ഉപയോഗിക്കാനായി ലഭിച്ചിരിക്കുന്ന പദവിയെ അവർ വിലമതിക്കുന്നു. കാരണം തങ്ങൾക്കുള്ളതിൽ ഏറ്റവും നല്ലത്‌ യഹോവയ്‌ക്കു നൽകേണ്ടതാണ്‌ എന്ന ബോധ്യം അവർക്കുണ്ട്‌.

യഹോവയുടെ വിശ്വസ്‌ത സാക്ഷികളിൽ പലരും ഇപ്പോൾ പല കാരണങ്ങളാൽ പയനിയറിങ്‌ ചെയ്യാൻ സാധിക്കുന്ന ഒരു സ്ഥാനത്തല്ല എന്നതു ശരിതന്നെ. ഒരുപക്ഷേ അവർക്കു തിരുവെഴുത്തുപരമായ മറ്റു കടമകൾ ഉണ്ടായിരിക്കാം. എങ്കിലും ദൈവത്തെ മുഴു ‘ഹൃദയത്തോടും ആത്മാവോടും മനസ്സോടും’ കൂടെ സേവിക്കുന്നെങ്കിൽ യഹോവ അവരിൽ സംപ്രീതനാണ്‌. (മത്തായി 22:37) തങ്ങൾക്കു പയനിയറിങ്‌ ചെയ്യാനാകുന്നില്ലെങ്കിലും അതു ചെയ്യുന്നവർ ഏറ്റവും നല്ല ഒരു ജീവിതവൃത്തിയാണു തിരഞ്ഞെടുത്തിരിക്കുന്നത്‌ എന്ന്‌ അവർക്ക്‌ അറിയാം.

‘ഈ ലോകത്തിന്നു അനുരൂപമാകാതിരിപ്പിൻ,’ പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി. (റോമർ 12:2) ആ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ, നമ്മുടെ ചിന്താഗതിയെ രൂപപ്പെടുത്തുന്നതിന്‌ ഈ വ്യവസ്ഥിതിയുടെ ഭാഗമായ ഏതെങ്കിലും സംസ്‌കാരത്തെയോ മാനദണ്ഡങ്ങളെയോ നാം അനുവദിക്കരുത്‌. പയനിയറിങ്‌ ചെയ്യാൻ സാധിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ ജീവിതം യഹോവയുടെ സേവനത്തിൽ കേന്ദ്രീകരിക്കുക. യഹോവയുടെ അംഗീകാരം ഉള്ളിടത്തോളം കാലം നിങ്ങൾ വിജയപ്രദർ ആയിരിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 5 പേരുകൾ യഥാർഥമല്ല.

[19-ാം പേജിലെ ചിത്രം]

എങ്ങും എത്തിച്ചേരാൻ സഹായിക്കാത്ത ഒരു ആലങ്കാരിക ശകടത്തിൽ നാം കയറിപ്പറ്റരുത്‌