വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇന്ന്‌ ആരാണ്‌ ദൈവശുശ്രൂഷകർ?

ഇന്ന്‌ ആരാണ്‌ ദൈവശുശ്രൂഷകർ?

ഇന്ന്‌ ആരാണ്‌ ദൈവശുശ്രൂഷകർ?

“ഞങ്ങളുടെ യോഗ്യത ദൈവത്തിൽനിന്നാണ്‌. അവിടുന്നു ഞങ്ങളെ . . . പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരാകാൻ യോഗ്യരാക്കിയിരിക്കുന്നു.”​—⁠2 കൊരിന്ത്യർ 3:5, 6, പി.ഒ.സി. ബൈബിൾ.

1, 2. ഒന്നാം നൂറ്റാണ്ടിലെ എല്ലാ ക്രിസ്‌ത്യാനികളും ഏത്‌ ഉത്തരവാദിത്വം നിറവേറ്റിയിരുന്നു, എന്നാൽ കാര്യങ്ങൾക്ക്‌ എങ്ങനെ മാറ്റം വന്നു?

പൊതുയുഗം ഒന്നാം നൂറ്റാണ്ടിൽ എല്ലാ ക്രിസ്‌ത്യാനികളും ഒരു സുപ്രധാന ഉത്തരവാദിത്വം​—⁠സുവാർത്താ പ്രസംഗം​—⁠നിറവേറ്റിയിരുന്നു. അവർ എല്ലാവരും അഭിഷിക്തരും പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരും ആയിരുന്നു. അവരിൽ പലർക്കും മറ്റു ചില ഉത്തരവാദിത്വങ്ങളും ഉണ്ടായിരുന്നു. ചിലർക്ക്‌ സഭയിൽ പഠിപ്പിക്കണമായിരുന്നു. (1 കൊരിന്ത്യർ 12:27-29; എഫെസ്യർ 4:11) മാതാപിതാക്കൾക്ക്‌ ആണെങ്കിൽ ഭാരിച്ച കുടുംബ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നു. (കൊലൊസ്സ്യർ 3:18-21) അങ്ങനെയൊക്കെ ആയിരുന്നെങ്കിലും, എല്ലാവരും സുവാർത്താ പ്രസംഗം എന്ന അടിസ്ഥാനപരവും മർമപ്രധാനവുമായ വേലയിൽ പങ്കുപറ്റിയിരുന്നു. ക്രിസ്‌തീയ തിരുവെഴുത്തുകളുടെ മൂല ഗ്രീക്കു ഭാഷയിൽ ഈ ഉത്തരവാദിത്വം ഡിയാക്കോണിയ​—⁠ഒരു സേവനം അഥവാ, ശുശ്രൂഷ​—⁠ആയിരുന്നു.​—⁠കൊലൊസ്സ്യർ 4:⁠17.

2 കാലം കടന്നുപോയതോടെ, കാര്യങ്ങൾക്കു മാറ്റം സംഭവിച്ചു. പുരോഹിതവർഗം എന്ന്‌ അറിയപ്പെട്ട ഒരു വിഭാഗം രംഗപ്രവേശം ചെയ്‌തു. പ്രസംഗിക്കാനുള്ള പദവി അവർ തങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തി. (പ്രവൃത്തികൾ 20:30) തങ്ങളെത്തന്നെ ക്രിസ്‌ത്യാനികൾ എന്നു വിളിച്ചിരുന്നവരുടെ ഇടയിലെ ഒരു ചെറിയ ന്യൂനപക്ഷം മാത്രമായിരുന്നു ഈ പുരോഹിതവർഗം. ബഹുഭൂരിപക്ഷം വരുന്ന മറ്റുള്ളവർ അൽമായർ എന്ന്‌ അറിയപ്പെട്ടു. പുരോഹിതവർഗത്തിന്റെ ചെലവിനു വേണ്ട സംഭാവനകൾ നൽകുന്നത്‌ ഉൾപ്പെടെയുള്ള ചില കടമകൾ അൽമായർക്ക്‌ ഉണ്ടെന്ന്‌ അവരെ പഠിപ്പിച്ചിരുന്നെങ്കിലും, പ്രസംഗത്തിന്റെ കാര്യത്തിൽ അവരിൽ മിക്കവരും നിഷ്‌ക്രിയ ശ്രോതാക്കൾ മാത്രമായിത്തീർന്നു.

3, 4. (എ) ക്രൈസ്‌തവലോകത്തിൽ ഒരാൾ ശുശ്രൂഷകൻ ആയിത്തീരുന്നത്‌ എങ്ങനെ? (ബി) ക്രൈസ്‌തവലോകത്തിൽ ഒരു ശുശ്രൂഷകനായി പരിഗണിക്കുന്നത്‌ ആരെയാണ്‌, യഹോവയുടെ സാക്ഷികളുടെ ഇടയിൽ സ്ഥിതി വ്യത്യസ്‌തമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

3 തങ്ങൾ ശുശ്രൂഷകർ (ഡിയാക്കോണോസ്‌, “സേവകൻ”) ആണെന്ന്‌ പുരോഹിതവർഗം അവകാശപ്പെടുന്നു. * ശുശ്രൂഷകർ ആയിത്തീരുന്നതിന്‌ അവർ കോളേജുകളിൽനിന്നോ സെമിനാരികളിൽനിന്നോ ബിരുദം നേടുന്നു. തുടർന്ന്‌ അവർ ശുശ്രൂഷകരായി വാഴിക്കപ്പെടുന്നു. ദി ഇന്റർനാഷണൽ സ്റ്റാൻഡേർഡ്‌ ബൈബിൾ എൻസൈക്ലോപീഡിയ ഇങ്ങനെ പറയുന്നു: “സാധാരണഗതിയിൽ, ‘വാഴിക്കുക’ അല്ലെങ്കിൽ ‘വാഴിക്കൽ,’ ഔദ്യോഗിക അംഗീകാരമുള്ള മതചടങ്ങുകളിലൂടെ ശുശ്രൂഷകർക്ക്‌ അല്ലെങ്കിൽ പുരോഹിതന്മാർക്ക്‌ പ്രത്യേക പദവികൾ നൽകുന്നതിനെയാണ്‌ അർഥമാക്കുന്നത്‌. വചനം പ്രസംഗിക്കാനോ കൂദാശകൾ നൽകാനോ അല്ലെങ്കിൽ അവ രണ്ടും ചെയ്യാനോ ഉള്ള അധികാരം അതിൽ പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നു.” ആരാണ്‌ ശുശ്രൂഷകരെ വാഴിക്കുന്നത്‌? ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം പറയുന്നു: “പ്രശസ്‌തമായ മെത്രാൻപദവി ഇപ്പോഴും നിലവിലുള്ള സഭകളിൽ ശുശ്രൂഷകനെ വാഴിക്കുന്നത്‌ എപ്പോഴും ഒരു മെത്രാനാണ്‌. പ്രസ്‌ബിറ്റേറിയൻ സഭകളിലാണെങ്കിൽ സഭാ ഭരണസമിതിയിലെ ശുശ്രൂഷകരാണ്‌ അതു ചെയ്യുന്നത്‌.”

4 അങ്ങനെ, ഒരു ശുശ്രൂഷക പദവി ക്രൈസ്‌തവലോക സഭകൾ ചുരുക്കം ചിലർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ യഹോവയുടെ സാക്ഷികളുടെ ഇടയിൽ സ്ഥിതി അതല്ല. എന്തുകൊണ്ടല്ല? എന്തെന്നാൽ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സഭയിൽ സ്ഥിതി അതായിരുന്നില്ല.

ആരാണ്‌ വാസ്‌തവത്തിൽ ദൈവശുശ്രൂഷകർ?

5. ബൈബിൾ പറയുന്നതനുസരിച്ച്‌, ശുശ്രൂഷകരായി സേവിക്കുന്നവരിൽ ആരെല്ലാം ഉൾപ്പെടുന്നു?

5 ബൈബിൾ പറയുന്നത്‌ അനുസരിച്ച്‌, സ്വർഗത്തിലും ഭൂമിയിലുമുള്ള യഹോവയുടെ എല്ലാ ആരാധകരും ശുശ്രൂഷകരാണ്‌. ദൂതന്മാർ യേശുവിനു ശുശ്രൂഷ ചെയ്‌തു. (മത്തായി 4:11; 26:53; ലൂക്കൊസ്‌ 22:43) ദൂതന്മാർ ‘രക്ഷ പ്രാപിപ്പാനുള്ളവർക്കും ശുശ്രൂഷ’ ചെയ്യുന്നു. (എബ്രായർ 1:14; മത്തായി 18:​10, 11) യേശു ഒരു ശുശ്രൂഷകൻ ആയിരുന്നു. അവൻ ഇങ്ങനെ പറഞ്ഞു: “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാ”നാണ്‌ വന്നത്‌. (മത്തായി 20:28; റോമർ 15:⁠9) യേശുവിന്റെ അനുഗാമികൾ ‘അവന്റെ കാൽച്ചുവടു പിന്തുടരേണ്ട’തിനാൽ അവരും ശുശ്രൂഷകർ ആയിരിക്കണമെന്നതിൽ അതിശയിക്കാനില്ല.​—⁠1 പത്രൊസ്‌ 2:⁠21.

6. തന്റെ ശിഷ്യന്മാർ ശുശ്രൂഷകർ ആയിരിക്കണമെന്ന്‌ യേശു സൂചിപ്പിച്ചത്‌ എങ്ങനെ?

6 സ്വർഗാരോഹണത്തിന്‌ തൊട്ടുമുമ്പ്‌ യേശു തന്റെ ശിഷ്യന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20) യേശുവിന്റെ ശിഷ്യന്മാർ, ശിഷ്യരെ ഉളവാക്കുന്നവർ അതായത്‌, ശുശ്രൂഷകർ, ആയിരിക്കേണ്ടിയിരുന്നു. അവർ ഉളവാക്കുന്ന പുതിയ ശിഷ്യന്മാർ യേശുവിന്റെ കൽപ്പനകൾ ഒക്കെയും പ്രമാണിക്കാൻ പഠിക്കുമായിരുന്നു. അതിൽ ശിഷ്യരെ ഉളവാക്കാനുള്ള കൽപ്പനയും ഉൾപ്പെടുന്നു. സ്‌ത്രീയോ പുരുഷനോ കുട്ടിയോ മുതിർന്നയാളോ ആയിക്കൊള്ളട്ടെ, യേശുക്രിസ്‌തുവിന്റെ യഥാർഥ ശിഷ്യത്വം സ്വീകരിക്കുന്ന വ്യക്തി, ഒരു ശുശ്രൂഷകൻ അല്ലെങ്കിൽ ഒരു ശുശ്രൂഷക ആയിരിക്കേണ്ടിയിരുന്നു.​—⁠യോവേൽ 2:28, 29.

7, 8. (എ) യഥാർഥ ക്രിസ്‌ത്യാനികൾ എല്ലാവരും ശുശ്രൂഷകരാണെന്ന്‌ ഏതു തിരുവെഴുത്തുകൾ പ്രകടമാക്കുന്നു? (ബി) ശുശ്രൂഷകന്റെ നിയമനം സംബന്ധിച്ച്‌ ഏതു ചോദ്യങ്ങൾ ഉയർന്നുവരുന്നു?

7 ഇതിനോടുള്ള ചേർച്ചയിൽ, പൊ.യു. 33-ലെ പെന്തെക്കൊസ്‌തു ദിവസം സന്നിഹിതരായിരുന്ന യേശുവിന്റെ എല്ലാ ശിഷ്യരും, സ്‌ത്രീപുരുഷ ഭേദമെന്യേ, “ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്‌താവിക്കുന്ന”തിൽ പങ്കുചേർന്നു. (പ്രവൃത്തികൾ 2:1-11) കൂടാതെ, പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “[ഒരുവൻ] ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏററുപറകയും ചെയ്യുന്നു.” (റോമർ 10:10) പൗലൊസ്‌ അതു പറഞ്ഞത്‌ ഒരു പരിമിത പുരോഹിതവർഗത്തോട്‌ ആയിരുന്നില്ല, മറിച്ച്‌ ‘റോമയിൽ ദൈവത്തിന്നു പ്രിയരായ എല്ലാവരോടും’ ആയിരുന്നു. (റോമർ 1:2, 3) സമാനമായി, ‘എഫെസൊസിൽ ഉള്ള വിശുദ്ധന്മാരും ക്രിസ്‌തുയേശുവിൽ വിശ്വാസികളുമായ’ എല്ലാവരും “സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്നു ചെരിപ്പാക്ക”ണമായിരുന്നു. (എഫെസ്യർ 1:1; 6:15) എബ്രായർക്ക്‌ എഴുതിയ ലേഖനം വായിച്ചുകേട്ട എല്ലാവരും ‘ചാഞ്ചല്യം കൂടാതെ തങ്ങളുടെ പ്രത്യാശയുടെ പരസ്യപ്രഖ്യാപനം മുറുകെപ്പിടിക്ക’ണമായിരുന്നു.​—⁠എബ്രായർ 10:​23, NW.

8 എന്നാൽ എപ്പോഴാണ്‌ ഒരു വ്യക്തി ശുശ്രുഷകൻ ആകുന്നത്‌? മറ്റു വാക്കുകളിൽ പറഞ്ഞാൽ, എപ്പോഴാണ്‌ അയാൾ വാഴിക്കപ്പെടുന്നത്‌ അഥവാ നിയമിക്കപ്പെടുന്നത്‌? ആരാണ്‌ അയാളെ നിയമിക്കുന്നത്‌?

ശുശ്രൂഷക നിയമനം​—⁠എപ്പോൾ?

9. യേശു ശുശ്രൂഷകനായി നിയമിതനായത്‌ എപ്പോൾ, ആരാൽ?

9 ആര്‌, എപ്പോൾ ഒരുവനെ ഒരു ശുശ്രൂഷകനായി വാഴിക്കുന്നു അഥവാ നിയമിക്കുന്നു എന്ന്‌ അറിയാൻ, യേശുക്രിസ്‌തുവിന്റെ മാതൃക പരിചിന്തിക്കുക. താൻ ഒരു ശ്രുശ്രൂഷകൻ ആണെന്നു തെളിയിക്കാൻ യേശുവിന്‌ ഒരു നിയമനപത്രമോ ഏതെങ്കിലും സെമിനാരിയിൽ നിന്നുള്ള ബിരുദമോ ഇല്ലായിരുന്നു. ഏതെങ്കിലും ഒരു മനുഷ്യൻ അവനെ ശുശ്രൂഷകനായി നിയമിച്ചുമില്ല. അപ്പോൾപ്പിന്നെ, അവൻ ഒരു ശുശ്രൂഷകൻ ആയിരുന്നു എന്ന്‌ പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ യെശയ്യാവിന്റെ പിൻവരുന്ന വാക്കുകൾ അവനിൽ നിവൃത്തിയേറി: “സുവിശേഷം അറിയിപ്പാൻ കർത്താവു [“യഹോവ,” NW] എന്നെ അഭിഷേകം ചെയ്‌കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു.” (ലൂക്കൊസ്‌ 4:17-19; യെശയ്യാവു 61:⁠1) സുവാർത്ത പ്രസംഗിക്കാൻ യേശു നിയോഗിക്കപ്പെട്ടു എന്ന കാര്യം ആ വാക്കുകളിൽനിന്നു വളരെ വ്യക്തമാണ്‌. ആരാണ്‌ അവനെ നിയോഗിച്ചത്‌? പ്രസ്‌തുത വേലയ്‌ക്കായി യഹോവയുടെ ആത്മാവ്‌ അവനെ അഭിഷേകം ചെയ്‌തതിനാൽ വ്യക്തമായും യഹോവയാം ദൈവംതന്നെയാണ്‌ അവനെ നിയമിച്ചത്‌. എപ്പോഴാണ്‌ അതു സംഭവിച്ചത്‌? യേശു സ്‌നാപനമേറ്റപ്പോഴാണ്‌ വാസ്‌തവത്തിൽ യഹോവയുടെ ആത്മാവ്‌ അവന്റെമേൽ വന്നത്‌. (ലൂക്കൊസ്‌ 3:21, 22) അതുകൊണ്ട്‌, സ്‌നാപന സമയത്താണ്‌ യേശു ശുശ്രൂഷകനായി നിയമിതനായത്‌.

10. ഒരുവനെ ക്രിസ്‌തീയ ശുശ്രൂഷകൻ എന്നനിലയിൽ ‘യോഗ്യ’നാക്കുന്നത്‌ ആര്‌?

10 യേശുവിന്റെ ഒന്നാം നൂറ്റാണ്ടിലെ അനുഗാമികളുടെ കാര്യമോ? അവർക്കും ശുശ്രൂഷക പദവി ലഭിച്ചത്‌ യഹോവയിൽനിന്നാണ്‌. പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ യോഗ്യത ദൈവത്തിൽനിന്നാണ്‌. അവിടുന്നു ഞങ്ങളെ . . . പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരാകാൻ യോഗ്യരാക്കിയിരിക്കുന്നു.” (2 കൊരിന്ത്യർ 3:5, 6, പി.ഒ.സി. ബൈ.) ശുശ്രൂഷകരാകാൻ തക്കവണ്ണം യഹോവ തന്റെ ആരാധകരെ യോഗ്യരാക്കുന്നത്‌ എങ്ങനെ? ‘ക്രിസ്‌തുവിന്റെ സുവിശേഷഘോഷണത്തിലെ ദൈവത്തിന്റെ ശുശ്രൂഷകൻ’ എന്ന്‌ പൗലൊസ്‌ വിളിച്ച തിമൊഥെയൊസിന്റെ ദൃഷ്ടാന്തം പരിചിന്തിക്കുക.​—⁠1 തെസ്സലൊനീക്യർ 3:⁠2.

11, 12. തിമൊഥെയൊസ്‌ ഒരു ശുശ്രൂഷകനായി പുരോഗതി പ്രാപിച്ചത്‌ എങ്ങനെ?

11 തിമൊഥെയൊസിനെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ള പിൻവരുന്ന വാക്കുകൾ അവൻ ശുശ്രൂഷകൻ ആയിത്തീർന്നത്‌ എങ്ങനെയെന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു: “നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്‌തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതു കൊണ്ടു നീ പഠിച്ചും നിശ്ചയം പ്രാപിച്ചും [“വിശ്വസിക്കാൻ പ്രചോദിപ്പിക്കപ്പെട്ടും,” NW] ഇരിക്കുന്നതിൽ നിലനില്‌ക്ക.” (2 തിമൊഥെയൊസ്‌ 3:14, 15) ഒരു പരസ്യപ്രഖ്യാപനം നടത്താൻ തിമൊഥെയൊസിനെ പ്രചോദിപ്പിക്കുമായിരുന്ന വിശ്വാസത്തിന്റെ അടിസ്ഥാനം തിരുവെഴുത്തു പരിജ്ഞാനം ആയിരുന്നു. ഇതിന്‌ വ്യക്തിപരമായ വായന മാത്രം മതിയായിരുന്നോ? പോരായിരുന്നു. വായിച്ച കാര്യങ്ങളെ കുറിച്ചുള്ള സൂക്ഷ്‌മ പരിജ്ഞാനവും ആത്മീയ ഗ്രാഹ്യവും നേടുന്നതിന്‌ തിമൊഥെയൊസിന്‌ സഹായം ആവശ്യമായിരുന്നു. (കൊലൊസ്സ്യർ 1:9, 10) അങ്ങനെ തിമൊഥെയൊസ്‌ “വിശ്വസിക്കാൻ പ്രചോദിപ്പിക്കപ്പെട്ടു.” അവൻ തിരുവെഴുത്തുകളെ “ബാല്യംമുതൽ” അറിഞ്ഞിരുന്നതുകൊണ്ട്‌, അവന്റെ ആദ്യത്തെ പ്രബോധകർ അവന്റെ അമ്മയും വല്യമ്മയും ആയിരുന്നിരിക്കണം. കാരണം അവന്റെ പിതാവ്‌ തെളിവനുസരിച്ച്‌ ഒരു അവിശ്വാസി ആയിരുന്നു.​—⁠2 തിമൊഥെയൊസ്‌ 1:⁠5.

12 എന്നാൽ, തിമൊഥെയൊസ്‌ ഒരു ശുശ്രൂഷകൻ ആയിത്തീർന്നതിൽ അതിലുമധികം കാര്യങ്ങൾ ഉൾപ്പെട്ടിരുന്നു. സമീപ സഭകളിലെ ക്രിസ്‌ത്യാനികളുമായുള്ള സഹവാസമായിരുന്നു ഒരു സംഗതി. അത്‌ അവന്റെ വിശ്വാസത്തെ ബലപ്പെടുത്തി. നമുക്ക്‌ അത്‌ എങ്ങനെ അറിയാം? പൗലൊസ്‌ തിമൊഥെയൊസിനെ ആദ്യമായി കണ്ടുമുട്ടുന്ന സമയത്ത്‌ ആ ചെറുപ്പക്കാരൻ “ലുസ്‌ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യംകൊണ്ടവൻ ആയിരുന്നു.” (പ്രവൃത്തികൾ 16:⁠2) തന്നെയുമല്ല, സഹോദരങ്ങളെ ബലപ്പെടുത്താൻ അക്കാലത്ത്‌ ചില സഹോദരന്മാർ സഭകൾക്കു ലേഖനങ്ങൾ എഴുതിയിരുന്നു. സഹോദരന്മാരെ പ്രോത്സാഹിപ്പിക്കാൻ മേൽവിചാരകന്മാർ അവരെ സന്ദർശിച്ചിരുന്നു. അത്തരം കരുതലുകൾ ആത്മീയമായി പുരോഗതി പ്രാപിക്കാൻ തിമൊഥെയൊസിനെ പോലുള്ള ക്രിസ്‌ത്യാനികളെ സഹായിച്ചു.​—⁠പ്രവൃത്തികൾ 15:22-32; 1 പത്രൊസ്‌ 1:​1, 2.

13. തിമൊഥെയൊസ്‌ ഒരു ശുശ്രൂഷകനായി നിയമിതനായത്‌ എപ്പോൾ, അവന്റെ ആത്മീയ പുരോഗതി അവിടംകൊണ്ട്‌ അവസാനിച്ചില്ലെന്ന്‌ പറയാവുന്നത്‌ എന്തുകൊണ്ട്‌?

13 മത്തായി 28:19, 20-ൽ രേഖപ്പെടുത്തിയിരിക്കുന്ന, യേശുവിന്റെ കൽപ്പനയ്‌ക്കു ചേർച്ചയിൽ, യേശുവിനെ അനുകരിക്കാനും സ്‌നാപനം ഏൽക്കാനും ഒരവസരത്തിൽ തന്റെ വിശ്വാസം തിമൊഥെയൊസിനെ പ്രചോദിപ്പിച്ചെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാവുന്നതാണ്‌. (മത്തായി 3:15-17; എബ്രായർ 10:5-9) തിമൊഥെയൊസ്‌ തന്നെത്തന്നെ ദൈവത്തിന്‌ മുഴുദേഹിയോടെ സമർപ്പിച്ചതിന്റെ ഒരു അടയാളമായിരുന്നു അത്‌. സ്‌നാപനത്തോടെ തിമൊഥെയൊസ്‌ ഒരു ശുശ്രൂഷകനായിത്തീർന്നു. അന്നുമുതൽ അവന്റെ ജീവനും ഊർജവും അവന്‌ ഉണ്ടായിരുന്ന സകലതും ദൈവത്തിനുള്ളതായിത്തീർന്നു. അത്‌ അവന്റെ ആരാധനയുടെ ഒരു അവിഭാജ്യ ഘടകം, “ഒരു വിശുദ്ധ സേവനം,” ആയിരുന്നു. എന്നാൽ, ശുശ്രൂഷക പദവി ഉണ്ടായിരുന്നാൽ മതി എന്ന്‌ തിമൊഥെയൊസ്‌ കരുതിയില്ല. അവൻ തുടർന്നും ആത്മീയ പുരോഗതി വരുത്തിക്കൊണ്ട്‌ ഒരു ക്രിസ്‌തീയ ശുശ്രൂഷകൻ എന്ന നിലയിൽ പക്വത പ്രാപിച്ചു. പൗലൊസിനെ പോലുള്ള പക്വമതികളായ ക്രിസ്‌ത്യാനികളുമായുള്ള അടുത്ത സഹവാസവും വ്യക്തിപരമായ പഠനവും ഉത്സാഹപൂർവകമായ പ്രസംഗ പ്രവർത്തനവുമാണ്‌ അതിന്‌ അവനെ സഹായിച്ചത്‌.​—⁠1 തിമൊഥെയൊസ്‌ 4:14; 2 തിമൊഥെയൊസ്‌ 2:2; എബ്രായർ 6:⁠1.

14. “നിത്യജീവനു ചേർന്ന പ്രകൃതമുള്ള” ഒരാൾ ഇന്ന്‌ ഒരു ശുശ്രൂഷകൻ ആകാൻ തക്കവണ്ണം പുരോഗതി പ്രാപിക്കുന്നത്‌ എങ്ങനെ?

14 ക്രിസ്‌തീയ ശുശ്രൂഷ്‌ക്കായുള്ള നിയമനം ഇന്നും സമാനമാണ്‌. “നിത്യജീവനു ചേർന്ന പ്രകൃതമുള്ള” വ്യക്തിക്ക്‌ ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച്‌ പഠിക്കാൻ ബൈബിൾ അധ്യയനത്തിലൂടെ സഹായം ലഭിക്കുന്നു. (പ്രവൃത്തികൾ 13:​48, NW) ബൈബിൾ തത്ത്വങ്ങളനുസരിച്ചു ജീവിക്കാനും ദൈവത്തോട്‌ അർഥവത്തായി പ്രാർഥിക്കാനും അയാൾ പഠിക്കുന്നു. (സങ്കീർത്തനം 1:1-3; സദൃശവാക്യങ്ങൾ 2:1-9; 1 തെസ്സലൊനീക്യർ 5:17, 18) അയാൾ മറ്റു വിശ്വാസികളുമായി സഹവസിക്കുകയും “വിശ്വസ്‌തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്യുന്ന ആത്മീയ കരുതലുകളും ക്രമീകരണങ്ങളും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. (മത്തായി 24:45-47, NW; സദൃശവാക്യങ്ങൾ 13:20; എബ്രായർ 10:23-25) അങ്ങനെ, പടിപടിയായുള്ള ഒരു വിദ്യാഭ്യാസ പരിപാടിയിലൂടെ അയാൾ പുരോഗതി പ്രാപിക്കുന്നു.

15. ഒരു വ്യക്തി സ്‌നാപനമേൽക്കുമ്പോൾ എന്തു സംഭവിക്കുന്നു? (അടിക്കുറിപ്പു കൂടെ കാണുക.)

15 കാലക്രമത്തിൽ, യഹോവയാം ദൈവത്തോടുള്ള സ്‌നേഹവും മറുവിലയാഗത്തിലുള്ള ശക്തമായ വിശ്വാസവും വളർത്തിയെടുക്കുന്ന ബൈബിൾ വിദ്യാർഥി തന്റെ സ്വർഗീയ പിതാവിന്‌ തന്നെത്തന്നെ പൂർണമായി സമർപ്പിക്കാൻ ആഗ്രഹിക്കുന്നു. (യോഹന്നാൻ 14:⁠1) അയാൾ വ്യക്തിപരമായ പ്രാർഥനയിൽ ആ സമർപ്പണം നടത്തുന്നു. തുടർന്ന്‌ ആ സ്വകാര്യ നടപടിയുടെ ഒരു പരസ്യ പ്രതീകമായി സ്‌നാപനമേൽക്കുന്നു. അയാളുടെ സ്‌നാപനമാണ്‌ അയാളുടെ നിയമന ചടങ്ങ്‌. കാരണം, അപ്പോഴാണ്‌ അയാൾ ദൈവത്തിന്റെ പൂർണമായി സമർപ്പിക്കപ്പെട്ട ദാസൻ, അഥവാ ഒരു ഡിയാക്കോണോസ്‌, ആയി തിരിച്ചറിയിക്കപ്പെടുന്നത്‌. അയാൾ ലോകത്തിൽനിന്നു വേറിട്ടു നിൽക്കണം. (യോഹന്നാൻ 17:16; യാക്കോബ്‌ 4:⁠4) അയാൾ തന്റെ മുഴു സ്വത്വവും, “ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗ”മെന്ന നിലയിൽ പൂർണമായും നിരുപാധികമായും സമർപ്പിച്ചിരിക്കുകയാണ്‌. (റോമർ 12:⁠1) * ക്രിസ്‌തുവിനെ അനുകരിക്കുന്ന അയാൾ ദൈവത്തിന്റെ ശുശ്രൂഷകനാണ്‌.

എന്താണ്‌ ക്രിസ്‌തീയ ശുശ്രൂഷ?

16. ഒരു ശുശ്രൂഷകൻ എന്ന നിലയിൽ തിമൊഥെയൊസിന്‌ ഉണ്ടായിരുന്ന ചില ഉത്തരവാദിത്വങ്ങൾ ഏവ?

16 തിമൊഥെയൊസിന്റെ ശുശ്രൂഷയിൽ എന്തെല്ലാമാണ്‌ ഉൾപ്പെട്ടിരുന്നത്‌? പൗലൊസിന്റെ സഞ്ചാര കൂട്ടാളി എന്ന നിലയിൽ അവനു ചില പ്രത്യേക ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നു. ഒരു മൂപ്പൻ ആയിത്തീർന്നപ്പോൾ, തിമൊഥെയൊസ്‌ സഹക്രിസ്‌ത്യാനികളെ പഠിപ്പിക്കാനും ബലപ്പെടുത്താനുമായി കഠിനാധ്വാനം ചെയ്‌തു. എന്നാൽ, യേശുവിന്റെയും പൗലൊസിന്റെയും കാര്യത്തിൽ എന്നപോലെ, അവന്റെ ശുശ്രൂഷയുടെയും മുഖ്യ വശം സുവാർത്ത പ്രസംഗവും ശിഷ്യരെ ഉളവാക്കലും ആയിരുന്നു. (മത്തായി 4:23; 1 കൊരിന്ത്യർ 3:⁠5) പൗലൊസ്‌ തിമൊഥെയൊസിനോട്‌ ഇങ്ങനെ പറഞ്ഞു: ‘നീയോ സകലത്തിലും നിർമ്മദൻ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തി ചെയ്‌ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക.’​—⁠2 തിമൊഥെയൊസ്‌ 4:⁠5.

17, 18. (എ) ക്രിസ്‌തീയ ശുശ്രൂഷകർ ഏതു ശുശ്രൂഷയിൽ ഏർപ്പെടുന്നു? (ബി) ഒരു ക്രിസ്‌തീയ ശുശ്രൂഷകന്‌ പ്രസംഗവേല എത്ര പ്രധാനമാണ്‌?

17 ഇന്നത്തെ ക്രിസ്‌തീയ ശുശ്രൂഷകരുടെ കാര്യവും സമാനമാണ്‌. ഒരു പൊതുശുശ്രൂഷയിൽ അതായത്‌, സുവിശേഷ വേലയിൽ, പങ്കുപറ്റിക്കൊണ്ട്‌ അവർ യേശുവിന്റെ ബലിയിൽ അധിഷ്‌ഠിതമായ രക്ഷയിലേക്ക്‌ ആളുകളുടെ ശ്രദ്ധ തിരിച്ചുവിടുകയും യഹോവയുടെ നാമം വിളിച്ചപേക്ഷിക്കാൻ സൗമ്യരെ പഠിപ്പിക്കുകയും ചെയ്യുന്നു. (പ്രവൃത്തികൾ 2:21; 4:10-12; റോമർ 10:13) അവർ, ദുരിതം അനുഭവിക്കുന്ന മനുഷ്യവർഗത്തിന്റെ ഏക പ്രത്യാശ ദൈവരാജ്യമാണെന്ന്‌ ബൈബിളിൽനിന്ന്‌ തെളിയിക്കുകയും ദൈവിക തത്ത്വങ്ങൾ അനുസരിച്ചു നാം ജീവിക്കുന്ന പക്ഷം ഇപ്പോൾ പോലും കാര്യങ്ങൾ മെച്ചപ്പെടുത്താനാകുമെന്ന്‌ കാട്ടിക്കൊടുക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 15:1-5; മർക്കൊസ്‌ 13:10) എന്നാൽ ഒരു ക്രിസ്‌തീയ ശുശ്രൂഷകൻ സാമൂഹിക സുവിശേഷമല്ല പ്രസംഗിക്കുന്നത്‌, മറിച്ച്‌ ‘ദൈവഭക്തി ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്‌ദത്തമുള്ളതാണെന്നുള്ള’ വസ്‌തുതയാണ്‌ അയാൾ പഠിപ്പിക്കുന്നത്‌.​—⁠1 തിമൊഥെയൊസ്‌ 4:⁠8.

18 മിക്ക ക്രിസ്‌തീയ ശുശ്രൂഷകർക്കും കൂടുതലായ സേവന മേഖലകൾ ഉണ്ടെന്നുള്ളതു ശരിതന്നെ. ഓരോ ക്രിസ്‌ത്യാനിയുടെ കാര്യത്തിലും അതു വ്യത്യസ്‌തമായിരിക്കാം. അനേകർക്കും കുടുംബ ഉത്തരവാദിത്വങ്ങളുണ്ട്‌. (എഫെസ്യർ 5:​21–6:⁠4) മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും സഭാ ഉത്തരവാദിത്വങ്ങളുണ്ട്‌. (1 തിമൊഥെയൊസ്‌ 3:1, 12, 13; തീത്തൊസ്‌ 1:5; എബ്രായർ 13:⁠7) നിരവധി ക്രിസ്‌ത്യാനികൾ രാജ്യഹാൾ നിർമാണത്തിൽ സഹായിക്കുന്നു. ചിലർക്ക്‌ വാച്ച്‌ടവർ സൊസൈറ്റിയുടെ ബെഥേൽ ഭവനങ്ങളിൽ ഒന്നിൽ സ്വമേധയാ സേവകരായി പ്രവർത്തിക്കാനുള്ള സവിശേഷ പദവിയുണ്ട്‌. എന്നിരുന്നാലും, എല്ലാ ക്രിസ്‌തീയ ശുശ്രൂഷകരും സുവാർത്ത പ്രസംഗത്തിൽ പങ്കെടുക്കുന്നു. അക്കാര്യത്തിൽ യാതൊരു ഒഴിവുമില്ല. ഈ വേലയിൽ പങ്കുപറ്റുന്നതാണ്‌ ഒരുവനെ ഒരു യഥാർഥ ക്രിസ്‌തീയ ശുശ്രൂഷകൻ എന്ന നിലയിൽ പരസ്യമായി തിരിച്ചറിയിക്കുന്നത്‌.

ഒരു ക്രിസ്‌തീയ ശുശ്രൂഷകന്റെ മനോഭാവം

19, 20. ക്രിസ്‌തീയ ശുശ്രൂഷകർ ഏതു മനോഭാവം നട്ടുവളർത്തണം?

19 ക്രൈസ്‌തവലോകത്തിലെ മിക്ക ശുശ്രൂഷകരും തങ്ങൾക്കു പ്രത്യേക ബഹുമാനം ലഭിക്കാൻ ആഗ്രഹിക്കുന്നു. “പിതാവ്‌,” “പരിശുദ്ധപിതാവ്‌” തുടങ്ങിയ സ്ഥാനപ്പേരുകൾ അവർ സ്വീകരിക്കുന്നു. എന്നാൽ, ഭക്തിപുരസ്സരമായ ബഹുമാനത്തിന്‌ യോഗ്യൻ യഹോവ മാത്രമാണെന്ന്‌ ഒരു ക്രിസ്‌തീയ ശുശ്രൂഷകൻ മനസ്സിലാക്കുന്നു. (1 തിമൊഥെയൊസ്‌ 2:9, 10) ക്രിസ്‌തീയ ശുശ്രൂഷകർ ആരും അത്തരം ഉന്നത ബഹുമാനം ആവശ്യപ്പെടുകയോ പ്രത്യേക പദവിനാമങ്ങൾ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല. (മത്തായി 23:8-12) ഡിയാക്കോണിയ എന്നതിന്റെ അടിസ്ഥാന അർഥം “സേവനം” എന്നാണെന്ന്‌ അയാൾക്ക്‌ അറിയാം. ഇതിനോടു ബന്ധപ്പെട്ട ക്രിയാപദം, ആഹാരം വിളമ്പികൊടുക്കുന്നതു പോലെയുള്ള സ്വകാര്യ സേവനങ്ങളോടുള്ള ബന്ധത്തിൽ ബൈബിളിൽ ചിലപ്പോഴൊക്കെ ഉപയോഗിച്ചിട്ടുണ്ട്‌. (ലൂക്കൊസ്‌ 4:39; 17:8; യോഹന്നാൻ 2:⁠5) ക്രിസ്‌തീയ ശുശ്രൂഷയോടുള്ള ബന്ധത്തിൽ ഡിയാക്കോണിയ എന്ന പദത്തിന്‌ വളരെ ഉത്‌കൃഷ്ടമായ ഒരു അർഥമാണ്‌ ഉള്ളതെങ്കിലും, ഡിയാക്കോണോസ്‌ അപ്പോഴും ഒരു സേവകൻതന്നെയാണ്‌.

20 അതുകൊണ്ട്‌ ക്രിസ്‌തീയ ശുശ്രൂഷകരായ ആർക്കും അഹംഭാവം തോന്നാൻ യാതൊരു കാരണവുമില്ല. യഥാർഥ ക്രിസ്‌തീയ ശുശ്രൂഷകർ​—⁠സഭയിൽ പ്രത്യേക ഉത്തരവാദിത്വങ്ങൾ ഉള്ളവർ പോലും​—⁠താഴ്‌മയുള്ള ദാസന്മാരാണ്‌. യേശു പറഞ്ഞു: “നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം.” (മത്തായി 20:26, 27) ശിഷ്യന്മാർ നട്ടുവളർത്തേണ്ട ശരിയായ മനോഭാവം എന്താണെന്നു പ്രകടമാക്കികൊണ്ട്‌ യേശു അവരുടെ കാൽപ്പാദങ്ങൾ കഴുകി, ഏറ്റവും താഴ്‌ന്ന ഒരു അടിമയുടെ ജോലിയായിരുന്നു അത്‌. (യോഹന്നാൻ 13:1-15) എന്തൊരു എളിയ സേവനം! അതുകൊണ്ട്‌ ക്രിസ്‌തീയ ശുശ്രൂഷകർ യഹോവയെയും യേശുക്രിസ്‌തുവിനെയും താഴ്‌മയോടെ സേവിക്കുന്നു. (2 കൊരിന്ത്യർ 6:4; 11:23) അവർ സഹവിശ്വാസികളെയും അപ്രകാരം സേവിക്കുന്നു. കൂടാതെ, സുവാർത്ത പ്രസംഗിച്ചുകൊണ്ട്‌ അവർ അവിശ്വാസികളായ അയൽക്കാരെയും നിസ്വാർഥമായി സേവിക്കുന്നു.​—⁠റോമർ 1:14, 15; എഫെസ്യർ 3:1-7.

ശുശ്രൂഷയിൽ സഹിച്ചുനിൽക്കുക

21. ശുശ്രൂഷയിൽ സഹിച്ചുനിന്നതു നിമിത്തം പൗലൊസിനു ലഭിച്ച പ്രതിഫലമെന്ത്‌?

21 പൗലൊസിനെ സംബന്ധിച്ചിടത്തോളം ഒരു ശുശ്രൂഷകൻ ആയിരിക്കുന്നതിന്‌ സഹിഷ്‌ണുത ആവശ്യമായിരുന്നു. കൊലൊസ്സ്യരോടു സുവാർത്ത പ്രസംഗിക്കാനായി താൻ അനേകം കഷ്ടങ്ങൾ സഹിച്ചെന്ന്‌ അവൻ അവരോടു പറഞ്ഞു. (കൊലൊസ്സ്യർ 1:24, 25) എന്നാൽ അവൻ സഹിച്ചുനിന്നതുകൊണ്ട്‌ അനേകർ സുവാർത്ത സ്വീകരിക്കുകയും ക്രിസ്‌തീയ ശുശ്രൂഷകരായിത്തീരുകയും ചെയ്‌തു. അവർ ദൈവപുത്രന്മാരും യേശുക്രിസ്‌തുവിന്റെ സഹോദരന്മാരും എന്ന നിലയിൽ ജനിപ്പിക്കപ്പെട്ടു. സ്വർഗത്തിൽ ക്രിസ്‌തുവിനോടൊപ്പം ആത്മജീവികൾ ആയിത്തീരാനുള്ള പ്രതീക്ഷയും അവർക്കുണ്ടായിരുന്നു. പൗലൊസിന്റെ സഹിഷ്‌ണുതയ്‌ക്കു ലഭിച്ച എത്ര മഹത്തായ പ്രതിഫലം!

22, 23. (എ) ക്രിസ്‌തീയ ശുശ്രൂഷകർക്ക്‌ ഇന്നു സഹിഷ്‌ണുത ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) ക്രിസ്‌തീയ സഹിഷ്‌ണുത അതിശയകരമായ എന്തു ഫലങ്ങൾ കൈവരുത്തുന്നു?

22 ദൈവത്തിന്റെ യഥാർഥ ശുശ്രൂഷകർക്ക്‌ ഇന്ന്‌ സഹിഷ്‌ണുത അനിവാര്യമാണ്‌. അനേകർ രോഗത്താലോ വർധക്യത്തിന്റെ വേദനകളാലോ അനുദിനം കഷ്ടപ്പെടുന്നു. കുട്ടികളെ വളർത്തിക്കൊണ്ടു വരാനായി മാതാപിതാക്കൾ കഠിനാധ്വാനം ചെയ്യുന്നു. അവരിൽ പലരും ഒരു ഇണയുടെ സഹായം ഇല്ലാതെയാണ്‌ അപ്രകാരം ചെയ്യുന്നത്‌. സ്‌കൂൾ കുട്ടികൾ തങ്ങൾക്കു ചുറ്റുമുള്ള മോശമായ സ്വാധീനങ്ങളെ ധീരമായി ചെറുത്തുനിൽക്കുന്നു. അനേകം ക്രിസ്‌ത്യാനികൾ കടുത്ത സാമ്പത്തിക ക്ലേശം അനുഭവിക്കുന്നു. ഇന്നത്തെ “ദുർഘടസമയങ്ങൾ” നിമിത്തം അനേകർ പീഡനമോ ദുരിതങ്ങളോ സഹിക്കുന്നു! (2 തിമൊഥെയൊസ്‌ 3:⁠1) അതേ, യഹോവയുടെ ഇന്നത്തെ 60 ലക്ഷത്തോളം വരുന്ന ശുശ്രൂഷകർക്ക്‌ പൗലൊസ്‌ അപ്പൊസ്‌തലനെ പോലെ ഇങ്ങനെ പറയാൻ കഴിയും: ‘ഞങ്ങൾ ബഹു സഹിഷ്‌ണുതയോടെ സകലത്തിലും ഞങ്ങളെത്തന്നേ ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു.’ (2 കൊരിന്ത്യർ 6:⁠4) കഷ്ടപ്പാടുകൾ ഉണ്ടെങ്കിലും ക്രിസ്‌തീയ ശുശ്രൂഷകർ മടുത്തു പിന്മാറുന്നില്ല. അവരുടെ സഹിഷ്‌ണുത തീർച്ചയായും പ്രശംസനീയമാണ്‌.

23 തന്നെയുമല്ല, പൗലൊസിന്റെ കാര്യത്തിൽ എന്നപോലെ, സഹിഷ്‌ണുത അതിശയകരമായ ഫലങ്ങൾ കൈവരുത്തുന്നു. സഹിച്ചുനിൽക്കുന്നതിലൂടെ, ദൈവവുമായി ഒരു അടുത്ത ബന്ധം നിലനിറുത്താനും അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാനും നമുക്കു സാധിക്കുന്നു. (സദൃശവാക്യങ്ങൾ 27:11) നാം നമ്മുടെതന്നെ വിശ്വാസത്തെ ബലപ്പെടുത്തുകയും ശിഷ്യരെ ഉളവാക്കിക്കൊണ്ട്‌ ക്രിസ്‌തീയ സാഹോദര്യത്തിലേക്ക്‌ ആളുകളെ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. (1 തിമൊഥെയൊസ്‌ 4:16) ഈ അന്ത്യനാളുകളിൽ യഹോവ തന്റെ ശുശ്രൂഷകരെ പിന്തുണയ്‌ക്കുകയും അവരുടെ ശുശ്രൂഷയെ അനുഗ്രഹിക്കുകയും ചെയ്‌തിരിക്കുന്നു. തത്‌ഫലമായി 1,44,000-ത്തിലെ അവസാന അംഗങ്ങൾ കൂട്ടിച്ചേർക്കപ്പെടുകയും ലക്ഷക്കണക്കിനു മറ്റുള്ളവർക്ക്‌ ഒരു പറുദീസാ ഭൂമിയിൽ നിത്യജീവൻ ആസ്വദിക്കാനുള്ള ഉറച്ച പ്രത്യാശ ലഭിക്കുകയും ചെയ്‌തിരിക്കുന്നു. (ലൂക്കൊസ്‌ 23:43; വെളിപ്പാടു 14:⁠1) തീർച്ചയായും, ക്രിസ്‌തീയ ശുശ്രൂഷ യഹോവയുടെ കരുണയുടെ ഒരു പ്രകടനമാണ്‌. (2 കൊരിന്ത്യർ 4:⁠1) നമുക്ക്‌ എല്ലാവർക്കും അതിനെ ഒരു നിധിപോലെ കരുതുകയും അതിന്റെ ഫലങ്ങൾ എന്നും നിലനിൽക്കുമെന്നതിൽ നന്ദിയുള്ളവരായിരിക്കയും ചെയ്യാം.​—⁠1 യോഹന്നാൻ 2:⁠17.

[അടിക്കുറിപ്പുകൾ]

^ ഖ. 3 “ഡീക്കൺ” (ശെമ്മാശ്ശൻ) എന്ന പദത്തിന്റെ ഉത്ഭവം ഡിയാക്കോണോസ്‌ എന്ന ഗ്രീക്ക്‌ പദത്തിൽനിന്നാണ്‌. പള്ളിയധികാരികളിൽ പെടുന്ന ആളാണ്‌ ഡീക്കൺ. ചില സഭകളിൽ സ്‌ത്രീകൾക്കു ഡീക്കൺ സ്ഥാനം അനുവദിച്ചിട്ടുണ്ട്‌. അവരെ ‘ഡീക്കണസസ്‌’ എന്നാണ്‌ വിളിക്കുന്നത്‌.

^ ഖ. 15 റോമർ 12:​1 ബാധകമായിരിക്കുന്നത്‌ പ്രത്യേകിച്ച്‌ അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ ആണെങ്കിലും അതിലെ തത്ത്വം “വേറെ ആടുകൾ”ക്കും ബാധകമാണ്‌. (യോഹന്നാൻ 10:16) ഇവർ, ‘യഹോവയെ സേവിച്ച്‌, അവന്റെ നാമത്തെ സ്‌നേഹിച്ച്‌, അവന്റെ ദാസന്മാർ ആകേണ്ടതിന്‌ യഹോവയോടു ചേരുന്നു.’​—⁠യെശയ്യാവു 56:⁠6.

നിങ്ങൾക്കു വിശദീകരിക്കാമോ?

• ഒന്നാം നൂറ്റാണ്ടിലെ എല്ലാ ക്രിസ്‌ത്യാനികളും ഏത്‌ ഉത്തരവാദിത്വം നിറവേറ്റിയിരുന്നു?

• ഒരുവൻ ക്രിസ്‌തീയ ശുശ്രൂഷകനായി നിയമിക്കപ്പെടുന്നത്‌ എപ്പോൾ, ആരാൽ?

• ഒരു ക്രിസ്‌തീയ ശുശ്രൂഷകൻ ഏതു മനോഭാവം വളർത്തിയെടുക്കണം?

• കഷ്ടപ്പാടുകൾക്കു മധ്യേ ഒരു ക്രിസ്‌തീയ ശുശ്രൂഷകൻ സഹിച്ചുനിൽക്കേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[16, 17  പേജിലെ ചിത്രങ്ങൾ]

ബാല്യം മുതലേ തിമൊഥെയൊസിന്‌ ദൈവവചനത്തിൽ പരിശീലനം ലഭിച്ചു. സ്‌നാപനമേറ്റപ്പോൾ അവൻ ദൈവത്തിന്റെ ഒരു നിയമിത ശുശ്രൂഷകനായിത്തീർന്നു

[18-ാം പേജിലെ ചിത്രം]

സ്‌നാപനം ദൈവത്തിനുള്ള ഒരുവന്റെ സമർപ്പണത്തെ പ്രതീകപ്പെടുത്തുന്നു, അത്‌ അവനെ ഒരു നിയമിത

ദൈവശുശ്രൂഷകനാക്കുകയും ചെയ്യുന്നു

[20-ാം പേജിലെ ചിത്രം]

ക്രിസ്‌തീയ ശുശ്രൂഷകർ സേവന സന്നദ്ധരാണ്‌