വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘എന്റെ കല്‌പനകളെ പ്രമാണിച്ചു ജീവിക്കുക’

‘എന്റെ കല്‌പനകളെ പ്രമാണിച്ചു ജീവിക്കുക’

‘എന്റെ കല്‌പനകളെ പ്രമാണിച്ചു ജീവിക്കുക’

ചെറുപ്പക്കാരനും ബുദ്ധിമാനും “കോമളനും മനോഹരരൂപിയും” ആയിരുന്നു അവൻ. അവന്റെ യജമാനന്റെ ഭാര്യയാകട്ടെ വിഷയാസക്തയും ലജ്ജയില്ലാത്തവളും. ആ യുവാവിനോട്‌ തീവ്രമായ അഭിനിവേശം തോന്നിയ അവൾ ദിവസവും അവനെ വശീകരിക്കാൻ ശ്രമിച്ചിരുന്നു. “ഒരു ദിവസം അവൻ തന്റെ പ്രവൃത്തി ചെയ്‌വാൻ വീട്ടിന്നകത്തു ചെന്നു; വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു. അവൾ അവന്റെ വസ്‌ത്രം പിടിച്ചു: എന്നോടു കൂടെ ശയിക്ക എന്നു പറഞ്ഞു.” എന്നാൽ ഗോത്രപിതാവായ യാക്കോബിന്റെ പുത്രനായ യോസേഫ്‌ തന്റെ വസ്‌ത്രം ഉപേക്ഷിച്ച്‌ പോത്തീഫറിന്റെ ഭാര്യയുടെ അടുക്കൽനിന്ന്‌ ഓടിപ്പോയി.​—⁠ഉല്‌പത്തി 39:1-12.

പ്രലോഭിപ്പിക്കുന്ന ഒരു സാഹചര്യത്തിൽനിന്ന്‌ എല്ലാവരുമൊന്നും ഓടിയകലാറില്ല. പുരാതന ഇസ്രായേലിലെ ശലോമോൻ രാജാവ്‌ രാത്രിയിൽ തെരുവിൽവെച്ചു കണ്ട ഒരു ചെറുപ്പക്കാരന്റെ കാര്യമെടുക്കുക. വഴിപിഴച്ച ഒരു സ്‌ത്രീയാൽ വശീകരിക്കപ്പെട്ട്‌ ‘അറുക്കുന്നേടത്തേക്കു ഒരു കാള പോകുന്നതുപോലെ അവൻ അവളുടെ പിന്നാലെ ചെന്നു.’​—⁠സദൃശവാക്യങ്ങൾ 7:​21, 22.

“ദുർന്നടപ്പു വിട്ടു ഓടുവിൻ” എന്നു ബൈബിൾ ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിക്കുന്നു. (1 കൊരിന്ത്യർ 6:18) ‘യൗവനമോഹങ്ങളെ വിട്ടോടുക’ എന്ന്‌ യുവ ക്രിസ്‌തുശിഷ്യനായ തിമൊഥെയൊസിന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി. (2 തിമൊഥെയൊസ്‌ 2:22) പരസംഗത്തിലോ വ്യഭിചാരത്തിലോ മറ്റ്‌ അധാർമിക പ്രവൃത്തികളിലോ ഏർപ്പെടാൻ പ്രലോഭിപ്പിക്കുന്നതരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ, മടിച്ചുനിൽക്കാതെ പോത്തീഫറിന്റെ ഭാര്യയുടെ അടുക്കൽനിന്ന്‌ യോസേഫ്‌ ഓടിയതുപോലെ നാമും ഓടേണ്ടതുണ്ട്‌. എന്നാൽ അത്തരമൊരു ദൃഢനിശ്ചയം ഉണ്ടായിരിക്കാൻ നമ്മെ എന്തു സഹായിക്കും? സദൃശവാക്യങ്ങൾ എന്ന ബൈബിൾ പുസ്‌തകത്തിന്റെ 7-ാം അധ്യായത്തിൽ വളരെ വിലപ്പെട്ട കുറെ ബുദ്ധിയുപദേശങ്ങൾ ശലോമോൻ നമുക്കു നൽകുന്നുണ്ട്‌. അധാർമിക വ്യക്തികളുടെ ഉപായങ്ങളിൽനിന്നു നമ്മെത്തന്നെ സംരക്ഷിക്കാൻ സഹായിക്കുന്ന ബുദ്ധിയുപദേശങ്ങൾ അവൻ പ്രദാനം ചെയ്യുന്നു. കൂടാതെ, ദുഷിച്ച സ്‌ത്രീയുടെ പ്രലോഭനത്തിൽ ഒരു ചെറുപ്പക്കാരൻ വീണുപോകുന്ന രംഗം വ്യക്തമായി വർണിച്ചുകൊണ്ട്‌ അവൻ അധർമികളുടെ പ്രവർത്തനവിധം തുറന്നു കാട്ടുകയും ചെയ്യുന്നു.

‘എന്റെ കല്‌പനകളെ നിന്റെ വിരലിന്മേൽ കെട്ടുക’

പിതൃസഹജമായ ബുദ്ധിയുപദേശത്തോടെയാണ്‌ ആ രാജാവ്‌ തന്റെ വാക്കുകൾ തുടങ്ങുന്നത്‌: “മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ചു എന്റെ കല്‌പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചുകൊൾക. നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്‌പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്‌ണമണിയെപ്പോലെ കാത്തുകൊൾക.”​—⁠സദൃശവാക്യങ്ങൾ 7:1, 2.

നന്മതിന്മകൾ സംബന്ധിച്ച ദൈവിക നിലവാരങ്ങൾ മക്കളെ പഠിപ്പിക്കാൻ മാതാപിതാക്കൾക്ക്‌, വിശേഷിച്ചും പിതാവിന്‌, ദൈവദത്ത ഉത്തരവാദിത്വമുണ്ട്‌. മോശെ പിതാക്കന്മാരെ ഇപ്രകാരം ഉദ്‌ബോധിപ്പിച്ചു: “ഇന്നു ഞാൻ നിന്നോടു കല്‌പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.” (ആവർത്തനപുസ്‌തകം 6:6, 7) കൂടാതെ, പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർത്തുവിൻ.” (എഫെസ്യർ 6:⁠4) അതിനാൽ വിലയേറിയതായി, അമൂല്യമായി കരുതേണ്ട മാതാപിതാക്കളുടെ നിർദേശങ്ങളിൽ ദൈവവചനമായ ബൈബിളിലെ ഓർമിപ്പിക്കലുകളും കൽപ്പനകളും നിയമങ്ങളും തീർച്ചയായും ഉൾപ്പെടുന്നു.

മാതാപിതാക്കളുടെ പ്രബോധനത്തിൽ മറ്റു ചില നിബന്ധനകൾ, അതായത്‌ കുടുംബ നിയമങ്ങൾ, ഉൾപ്പെട്ടേക്കാം. അവ കുടുംബാംഗങ്ങളുടെ നന്മയെ ഉദ്ദേശിച്ചുള്ളവയാണ്‌. ഓരോ കുടുംബത്തിലുമുള്ള നിയമങ്ങൾ അതതു കുടുംബങ്ങളുടെ ആവശ്യങ്ങൾക്ക്‌ അനുസൃതമായി വ്യത്യാസപ്പെട്ടിരുന്നേക്കാം. എന്നിരുന്നാലും, കുടുംബത്തിന്‌ ഏറ്റവും പ്രയോജനപ്രദമായിരിക്കുന്നത്‌ എന്താണെന്നു തീരുമാനിക്കാനുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കുണ്ട്‌. അവർ വെക്കുന്ന നിയമങ്ങൾ സാധാരണഗതിയിൽ കുട്ടികളോടുള്ള അവരുടെ യഥാർഥ സ്‌നേഹത്തിന്റെയും പരിഗണനയുടെയും പ്രതിഫലനമാണ്‌. ഈ നിയമങ്ങളും മാതാപിതാക്കളിൽനിന്നു ലഭിക്കുന്ന തിരുവെഴുത്തു പ്രബോധനങ്ങളും അനുസരിക്കാൻ കുട്ടികൾ ബാധ്യസ്ഥരാണ്‌. അതേ, അവരുടെ പ്രബോധനങ്ങളെ “കണ്ണിന്റെ കൃഷ്‌ണമണിയെപ്പോലെ,” അതായത്‌ അതീവ ജാഗ്രതയോടെ കാത്തുകൊള്ളേണ്ടതുണ്ട്‌. യഹോവയുടെ നിലവാരങ്ങൾ അവഗണിക്കുന്നതിന്റെ മാരക ഫലങ്ങൾ ഒഴിവാക്കിക്കൊണ്ട്‌ ‘ജീവിച്ചിരിക്കാനുള്ള’ മാർഗമാണ്‌ അത്‌.

“നിന്റെ വിരലിന്മേൽ അവയെ [എന്റെ കൽപ്പനകളെ] കെട്ടുക; ഹൃദയത്തിന്റെ പലകയിൽ [അവയെ] എഴുതുക” എന്നു ശലോമോൻ തുടർന്നു പറയുന്നു. (സദൃശവാക്യങ്ങൾ 7:3) കൈവിരലുകൾ നമുക്ക്‌ എളുപ്പം കാണാൻ കഴിയുന്ന സ്ഥാനത്താണ്‌. നാം ഉദ്ദേശിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ അവ ഒരു സുപ്രധാന പങ്കുവഹിക്കുന്നു. അതുപോലെ, തിരുവെഴുത്തു പരിശീലനത്തിൽനിന്നും ബൈബിൾ ഗ്രാഹ്യത്തിൽനിന്നും ലഭിക്കുന്ന പാഠങ്ങൾ ഒരു നിരന്തര മുന്നറിയിപ്പായും നാം ചെയ്യുന്ന സകലത്തിലും ഒരു വഴികാട്ടിയായും ഉതകണം. നാം അവയെ നമ്മുടെ ഹൃദയപ്പലകയിൽ എഴുതുകയും വ്യക്തിത്വത്തിന്റെ ഭാഗമാക്കുകയും വേണം.

ജ്ഞാനത്തിന്റെയും ഗ്രാഹ്യത്തിന്റെയും പ്രാധാന്യം വിസ്‌മരിക്കാവുന്നതല്ല. അതിനാൽ, ശലോമോൻ രാജാവ്‌ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “ജ്ഞാനത്തോടു; നീ എന്റെ സഹോദരി എന്നു പറക; വിവേകത്തിന്നു [“ഗ്രാഹ്യത്തിനു,” NW] സഖി എന്നു പേർ വിളിക്ക.” (സദൃശവാക്യങ്ങൾ 7:4) ദൈവദത്തമായ അറിവ്‌ ശരിയായി ഉപയോഗിക്കാനുള്ള കഴിവാണ്‌ ജ്ഞാനം. നാം അതിയായി സ്‌നേഹിക്കുന്ന സ്വന്തം സഹോദരിയോട്‌ തോന്നുന്നതു പോലുള്ള ഒരു പ്രിയം നമുക്കു ജ്ഞാനത്തോട്‌ ഉണ്ടായിരിക്കണം. എന്താണ്‌ ഗ്രാഹ്യം? ഒരു സംഗതിയെ അടുത്തു വീക്ഷിക്കാനും അതിന്റെ ഭാഗങ്ങൾ മുഴു സംഗതിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാനുമുള്ള പ്രാപ്‌തിയാണ്‌ അത്‌. ഒരു ഉറ്റ സുഹൃത്ത്‌ നമ്മോട്‌ അടുത്തു നിൽക്കുന്നതുപോലെ, ഗ്രാഹ്യം നമ്മുടെ പക്ഷത്ത്‌ സദാ ഉണ്ടായിരിക്കണം.

നാം തിരുവെഴുത്തു പരിശീലനത്തോടു പറ്റിനിൽക്കുകയും ജ്ഞാനത്തോടും ഗ്രാഹ്യത്തോടുമുള്ള പ്രിയം വളർത്തിയെടുക്കുകയും ചെയ്യേണ്ടത്‌ എന്തുകൊണ്ടാണ്‌? “പരസ്‌ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്‌ത്രീയുടെ വശത്തുനിന്നും” നമ്മെത്തന്നെ കാക്കുന്നതിനാണ്‌ അത്‌. (സദൃശവാക്യങ്ങൾ 7:5) അങ്ങനെ ചെയ്യുന്നത്‌ ഒരു പരസ്‌ത്രീയുടെ അഥവാ വേശ്യയുടെ ചക്കരവാക്കിൽനിന്നും വശീകരണ മാർഗത്തിൽനിന്നും നമ്മെ സംരക്ഷിക്കും. *

യുവാവ്‌ ‘ഉപായമുള്ള ഒരു സ്‌ത്രീ’യെ കണ്ടുമുട്ടുന്നു

താൻതന്നെ കണ്ട ഒരു രംഗമാണ്‌ ഇസ്രായേലിന്റെ രാജാവ്‌ അടുത്തതായി വർണിക്കുന്നത്‌: “ഞാൻ എന്റെ വീട്ടിന്റെ കിളിവാതില്‌ക്കൽ അഴിക്കിടയിൽകൂടി നോക്കിക്കൊണ്ടിരിക്കുമ്പോൾ ഭോഷന്മാരുടെ ഇടയിൽ ഒരുത്തനെ കണ്ടു; യൌവനക്കാരുടെ കൂട്ടത്തിൽ ബുദ്ധിഹീനനായോരു യുവാവിനെ കണ്ടറിഞ്ഞു. അവൻ വൈകുന്നേരം, സന്ധ്യാസമയത്തു, ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയിൽ, അവളുടെ വീട്ടിന്റെ കോണിന്നരികെ വീഥിയിൽകൂടി കടന്നു, അവളുടെ വീട്ടിലേക്കുള്ള വഴിയെ നടന്നു ചെല്ലുന്നു.”​—⁠സദൃശവാക്യങ്ങൾ 7:6-9.

ശലോമോൻ പുറത്തേക്കു നോക്കുന്നത്‌ കിളിവാതിലിന്റെ അഴികൾക്കിടയിലൂടെയാണ്‌​—⁠ധാരാളം കൊത്തുപണികൾ ഉള്ള ഒന്നായിരുന്നിരിക്കണം ആ അഴികൾ. ഇപ്പോൾ സന്ധ്യാവെളിച്ചം മങ്ങാനും തെരുവിന്റെ മുക്കിലും മൂലയിലും ഇരുട്ടു പരക്കാനും തുടങ്ങുന്നു. എളുപ്പം പ്രലോഭനത്തിൽ വീണേക്കാവുന്ന ഒരു ചെറുപ്പക്കാരനെ അവൻ കാണുന്നു. വിവേകമോ സുബോധമോ ഇല്ലാത്ത അവൻ ബുദ്ധിഹീനനാണ്‌. സാധ്യതയനുസരിച്ച്‌, താൻ എത്തിയിരിക്കുന്ന സ്ഥലത്തെയും തനിക്ക്‌ അവിടെ എന്തു സംഭവിച്ചേക്കാം എന്നതിനെയും കുറിച്ച്‌ അവന്‌ അറിയാം. ആ ചെറുപ്പക്കാരൻ “അവളുടെ വീട്ടിന്റെ കോണിന്നരികെ” എത്തുന്നു. അവൾ ആരാണ്‌? എന്താണ്‌ അവളുടെ തൊഴിൽ?

അവനെ നിരീക്ഷിച്ചുകൊണ്ടിരുന്ന രാജാവ്‌ ഇപ്രകാരം തുടരുന്നു: “പെട്ടെന്നു ഇതാ, വേശ്യാവസ്‌ത്രം ധരിച്ചും ഹൃദയത്തിൽ ഉപായം പൂണ്ടും ഉള്ളോരു സ്‌ത്രീ അവനെ എതിരേററുവരുന്നു. അവൾ മോഹപരവശയും തന്നിഷ്ടക്കാരത്തിയും ആകുന്നു; അവളുടെ കാൽ വീട്ടിൽ അടങ്ങിയിരിക്കയില്ല. ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; ഓരോ കോണിലും അവൾ പതിയിരിക്കുന്നു.”​—⁠സദൃശവാക്യങ്ങൾ 7:10-12.

ഈ സ്‌ത്രീയുടെ വസ്‌ത്രധാരണരീതിതന്നെ അവളെ കുറിച്ച്‌ ഒരു സന്ദേശം നൽകുന്നതാണ്‌. (ഉല്‌പത്തി 38:14, 15) ഒരു വേശ്യയെപോലെ മാന്യതയില്ലാതെ അവൾ വസ്‌ത്രധാരണം ചെയ്‌തിരിക്കുന്നു. മാത്രമല്ല, അവൾ ഉപായക്കാരിയാണ്‌. അവൾ ‘വഞ്ചകി’യും ‘കുടില’യുമാണ്‌. (ഒരു അമേരിക്കൻ ഭാഷാന്തരം; ഓശാന ബൈബിൾ) അവൾ മോഹപരവശയും തന്നിഷ്ടക്കാരിയും വായാടിയും തന്റേടിയും ഒച്ചയിടുന്നവളും അഹങ്കാരിയും ലജ്ജയില്ലാത്തവളും ധിക്കാരിയുമാണ്‌. വീട്ടിൽ കഴിയുന്നതിനു പകരം പൊതുസ്ഥലങ്ങളിൽ കൂടെക്കൂടെ പോകാൻ അവൾ ഇഷ്ടപ്പെടുന്നു. തന്റെ ഇരയ്‌ക്കു വേണ്ടി തെരുക്കോണുകളിൽ പതിയിരിക്കാനാണ്‌ അവൾ ആഗ്രഹിക്കുന്നത്‌. ഒരു ചെറുപ്പക്കാരനെ കിട്ടാൻ അവൾ കാത്തിരിക്കുന്നു.

‘ഏറിയ ഇമ്പവാക്കുകൾ’

കൗശലക്കാരിയായ ഒരു അധാർമിക സ്‌ത്രീയെ ഒരു ചെറുപ്പക്കാരൻ കണ്ടുമുട്ടുന്നു. അതു ശലോമോന്റെ ശ്രദ്ധ എത്രയധികം ആകർഷിച്ചിരിക്കണം! അവൻ ഇങ്ങനെ വിവരിക്കുന്നു: “അവൾ അവനെ പിടിച്ചു ചുംബിച്ചു, ലജ്ജകൂടാതെ അവനോടു പറയുന്നതു: എനിക്കു സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു; ഇന്നു ഞാൻ എന്റെ നേർച്ചകളെ കഴിച്ചിരിക്കുന്നു. അതുകൊണ്ടു ഞാൻ നിന്നെ കാണ്മാൻ ആഗ്രഹിച്ചു. നിന്നെ എതിരേല്‌പാൻ പുറപ്പെട്ടു നിന്നെ കണ്ടെത്തിയിരിക്കുന്നു.”​—⁠സദൃശവാക്യങ്ങൾ 7:13-15.

ഈ സ്‌ത്രീയുടെ അധരങ്ങളിൽ മൃദുവാക്കു നിറഞ്ഞിരിക്കുന്നു. ധൈര്യം നടിച്ചുകൊണ്ട്‌ അവൾ അവനോട്‌ ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു. അവൾ പറയുന്ന ഓരോ വാക്കും ആ ചെറുപ്പക്കാരനെ വശീകരിക്കാൻ ശ്രദ്ധാപൂർവം മെനഞ്ഞെടുത്തവയാണ്‌. ആ ദിവസംതന്നെ സമാധാനയാഗങ്ങൾ നടത്തി നേർച്ചകളെ കഴിച്ചിരിക്കുന്നു എന്നു പ്രസ്‌താവിച്ചുകൊണ്ട്‌ താൻ നീതിനിഷ്‌ഠയും ആത്മീയതയുള്ളവളും ആണെന്ന്‌ അവൾ സൂചിപ്പിക്കുകയാണ്‌. യെരൂശലേമിലെ ആലയത്തിൽ അർപ്പിച്ചിരുന്ന സമാധാനയാഗങ്ങളിൽ മാംസവും മാവുപൊടിയും എണ്ണയും വീഞ്ഞും ഉൾപ്പെട്ടിരുന്നു. (ലേവ്യപുസ്‌തകം 19:5, 6; 22:21; സംഖ്യാപുസ്‌തകം 15:8-10) സമാധാനയാഗം അർപ്പിക്കുന്ന വ്യക്തിക്കും അയാളുടെ കുടുംബത്തിനും യാഗവസ്‌തുക്കൾ ഭക്ഷിക്കാമായിരുന്നതിനാൽ, വീട്ടിൽ തിന്നാനും കുടിക്കാനും ധാരാളം ഉണ്ടെന്ന്‌ അവൾ സൂചിപ്പിക്കുകയായിരുന്നു. അവൾ ഇവിടെ ഉദ്ദേശിക്കുന്ന കാര്യം വ്യക്തമാണ്‌: ചെറുപ്പക്കാരന്‌ അവളുടെ വീട്ടിൽ എല്ലാവിധ സുഖങ്ങളും ആസ്വദിക്കാൻ കഴിയും. അവനെത്തന്നെ തേടിയാണ്‌ അവൾ വീട്ടിൽനിന്നു പുറത്തു വന്നിരിക്കുന്നത്‌. ആ കഥ വിശ്വസിക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം, അത്‌ എത്ര ഹൃദയസ്‌പർശിയാണ്‌! ഒരു ബൈബിൾ പണ്ഡിതൻ ഇങ്ങനെ പറയുന്നു: “ആരെയെങ്കിലും കിട്ടാനാണ്‌ അവൾ വെളിയിൽ വന്നത്‌ എന്നതു ശരിതന്നെ, എന്നാൽ ഈ ആളെത്തന്നെ തേടിയാണോ അവൾ വന്നിരിക്കുന്നത്‌? ഒരു വിഡ്‌ഢി മാത്രമേ അതു വിശ്വസിക്കുകയുള്ളൂ​—⁠ഈ ചെറുപ്പക്കാരൻ അത്തരമൊരു വിഡ്‌ഢി ആണെന്നു തോന്നുന്നു.”

തന്റെ വസ്‌ത്രത്താലും മധുരവാക്കുകളാലും ആലിംഗന സ്‌പർശത്താലും ചുംബനത്താലും ആ ചെറുപ്പക്കാരനെ തന്നിലേക്ക്‌ ആകർഷിച്ചശേഷം അവൾ സുഗന്ധത്തെ കുറിച്ച്‌ പറയുന്നു: “ഞാൻ എന്റെ കട്ടിലിന്മേൽ പരവതാനികളും മിസ്രയീമ്യനൂൽകൊണ്ടുള്ള വരിയൻപടങ്ങളും വിരിച്ചിരിക്കുന്നു. മൂറും അകിലും ലവംഗവുംകൊണ്ടു ഞാൻ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.” (സദൃശവാക്യങ്ങൾ 7:16, 17) അവൾ ഈജിപ്‌തിൽനിന്നുള്ള വർണഭംഗിയാർന്ന വിരികൾകൊണ്ട്‌ തന്റെ കിടക്ക മനോഹരമായി അണിയിച്ചൊരുക്കുകയും മൂറും അകിലും ലവംഗവും കൊണ്ട്‌ അതിനെ സുഗന്ധപൂരിതമാക്കുകയും ചെയ്‌തിരിക്കുന്നു.

അവൾ തുടർന്നു പറയുന്നു, “വരിക; വെളുക്കുംവരെ നമുക്കു പ്രേമത്തിൽ രമിക്കാം; കാമവിലാസങ്ങളാൽ നമുക്കു സുഖിക്കാം.” ആ ക്ഷണം ഇരുവർക്കുമുള്ള നല്ലൊരു ഭോജനത്തെക്കാൾ കവിഞ്ഞ ഒന്നാണ്‌. ലൈംഗികസുഖം നൽകാം എന്നാണ്‌ അവളുടെ വാഗ്‌ദാനം. ആ ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം പ്രസ്‌തുത വാഗ്‌ദാനം സാഹസികവും ഉത്തേജകവുമാണ്‌! അവനെ കൂടുതലായി വശീകരിക്കാനെന്നോണം അവൾ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പുരുഷൻ വീട്ടിൽ ഇല്ല; ദൂരയാത്ര പോയിരിക്കുന്നു; പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ടു; പൌർണ്ണമാസിക്കേ വീട്ടിൽ വന്നെത്തുകയുള്ളു.” (സദൃശവാക്യങ്ങൾ 7:18-20) അവർ തികച്ചും സുരക്ഷിതരായിരിക്കുമെന്ന്‌ അവൾ ഉറപ്പു നൽകുന്നു. കാരണം, അവളുടെ ഭർത്താവ്‌ ഏതോ ബിസിനസ്‌ ആവശ്യത്തിനായി ദൂരയാത്ര പോയിരിക്കുകയാണ്‌, ഉടനെയെങ്ങും മടങ്ങിയെത്തുകയില്ല. ഒരു ചെറുപ്പക്കാരനെ വഞ്ചിക്കാൻ അവൾ എത്ര മിടുക്കിയാണ്‌! “ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ചു അധരമാധുര്യംകൊണ്ടു അവനെ നിർബ്ബന്ധിക്കുന്നു.” (സദൃശവാക്യങ്ങൾ 7:21) യോസേഫിന്റെതു പോലുള്ള മാനസിക കരുത്ത്‌ ഉണ്ടെങ്കിലേ ഒരുവന്‌ ഇത്തരം പ്രലോഭനത്തെ ചെറുത്തുനിൽക്കാനാകൂ. (ഉല്‌പത്തി 39:9, 12) ഈ ചെറുപ്പക്കാരൻ ആ പ്രലോഭനത്തെ ചെറുത്തുനിൽക്കുന്നുണ്ടോ?

‘അറുക്കുന്നേടത്തേക്കു പോകുന്ന കാളയെപ്പോലെ’

“അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും, പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കണിയിലേക്കു ബദ്ധപ്പെടുന്നതു പോലെയും കരളിൽ അസ്‌ത്രം തറെക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു” എന്നു ശലോമോൻ റിപ്പോർട്ടു ചെയ്യുന്നു.​—⁠സദൃശവാക്യങ്ങൾ 7:22, 23.

അവളുടെ ക്ഷണം ആ ചെറുപ്പക്കാരനു നിരസിക്കാൻ കഴിയുന്നില്ല. എല്ലാ സുബോധവും ഉപേക്ഷിച്ച്‌ ‘അറുക്കുന്നേടത്തേക്കു പോകുന്ന കാളയെപ്പോലെ’ അവൻ അവളുടെ പിന്നാലെ പോകുന്നു. ചങ്ങലയാൽ ബന്ധിതനായ ഒരു മനുഷ്യനു തന്റെ ശിക്ഷയിൽനിന്ന്‌ രക്ഷപ്പെടാൻ കഴിയാത്തതു പോലെ, ആ ചെറുപ്പക്കാരൻ പാപത്തിലേക്ക്‌ ആകർഷിക്കപ്പെടുന്നു. “കരളിൽ അസ്‌ത്രം തറെക്കുവോളം” അതായത്‌ മരണകരമായ മുറിവ്‌ ഏൽക്കുന്നതുവരെ, അവൻ അപകടം കാണുന്നില്ല. ലൈംഗികമായി പകരുന്ന മാരക രോഗങ്ങൾ പിടിപെട്ട്‌ അവൻ അക്ഷരീയമായി മരിച്ചേക്കാം. * പ്രസ്‌തുത മുറിവിന്റെ ഫലമായി, അവന്‌ ആത്മീയ മരണവും​—⁠“ജീവഹാനി”​—⁠സംഭവിച്ചേക്കാം. അവന്റെ മുഴു സ്വത്വവും, മുഴു ജീവിതവും, അങ്ങനെ പ്രതികൂലമായി ബാധിക്കപ്പെടുന്നു. അവൻ ദൈവത്തിനെതിരെ ഗുരുതരമായ പാപം ചെയ്‌തിരിക്കുന്നു. അങ്ങനെ അവൻ, കെണിയിൽ അകപ്പെടുന്ന ഒരു പക്ഷിയെപ്പോലെ മരണത്തിന്റെ പിടിയിലേക്കു ധൃതിപ്പെടുന്നു.

“അവളുടെ വഴിയിലേക്കു ചായരുതു”

താൻ കണ്ടതിൽനിന്ന്‌ ഒരു പാഠം ഉൾക്കൊണ്ടുകൊണ്ട്‌ ജ്ഞാനിയായ രാജാവ്‌ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ വായിലെ വചനങ്ങളെ ശ്രദ്ധിപ്പിൻ. നിന്റെ മനസ്സു അവളുടെ വഴിയിലേക്കു ചായരുതു; അവളുടെ പാതകളിലേക്കു നീ തെററിച്ചെല്ലുകയുമരുതു. അവൾ വീഴിച്ച ഹതന്മാർ അനേകർ; അവൾ കൊന്നുകളഞ്ഞവർ ആകെ വലിയോരു കൂട്ടം ആകുന്നു. അവളുടെ വീടു പാതാളത്തിലേക്കുള്ള വഴിയാകുന്നു; അതു മരണത്തിന്റെ അറകളിലേക്കു ചെല്ലുന്നു.”​—⁠സദൃശവാക്യങ്ങൾ 7:24-27.

വ്യക്തമായും, ഒരു അധാർമിക വ്യക്തിയുടെ മരണകരമായ വഴികൾ ഉപേക്ഷിച്ച്‌ “ജീവിച്ചിരി”ക്കാനാണ്‌ ശലോമോന്റെ ബുദ്ധിയുപദേശം. (സദൃശവാക്യങ്ങൾ 7:2) ഈ ബുദ്ധിയുപദേശം നമ്മുടെ നാളിലേക്ക്‌ എത്ര സമയോചിതമാണ്‌! ഇരകളെ പിടിക്കാനായി ഒളിഞ്ഞിരിക്കുന്നവർ സാധാരണമായിരിക്കുന്ന സ്ഥലങ്ങൾ തീർച്ചയായും ഒഴിവാക്കേണ്ടതുണ്ട്‌. അത്തരം സ്ഥലങ്ങളിൽ പോകുന്നതുവഴി അവരുടെ കുടില മാർഗത്തിനു നിങ്ങൾ എന്തിനു വഴിപ്പെടണം? നിങ്ങൾ “ബുദ്ധിഹീന”നായി “പരസ്‌ത്രീ”യുടെ വഴികളിലേക്ക്‌ എന്തിനു പോകണം?

രാജാവു കണ്ട “പരസ്‌ത്രീ,” ‘പ്രേമത്തിൽ രമിക്കാൻ’ ക്ഷണം വെച്ചുനീട്ടിക്കൊണ്ട്‌ ചെറുപ്പക്കാരനെ വശീകരിച്ചു. സമാനമായ വിധത്തിൽ നിരവധി യുവജനങ്ങൾ, പ്രത്യേകിച്ചും പെൺകുട്ടികൾ, ചൂഷണം ചെയ്യപ്പെട്ടിട്ടില്ലേ? എന്നാൽ ഇതൊന്നു ചിന്തിക്കുക: ആരെങ്കിലും നിങ്ങളെ ലൈംഗിക ദുർന്നടത്തയിൽ ഏർപ്പെടാൻ പ്രലോഭിപ്പിച്ചാൽ, അത്‌ യഥാർഥ സ്‌നേഹമായിരിക്കുമോ അതോ സ്വാർഥമായ കാമാവേശം ആയിരിക്കുമോ? ഒരു സ്‌ത്രീയെ യഥാർഥമായി സ്‌നേഹിക്കുന്ന പുരുഷൻ ക്രിസ്‌തീയ തത്ത്വങ്ങളും മനസ്സാക്ഷിയും ലംഘിക്കാൻ അവളെ നിർബന്ധിക്കുമോ? ‘നിന്റെ മനസ്സ്‌’ അത്തരം മാർഗങ്ങളിലേക്കു ‘ചായരുത്‌’ എന്ന്‌ ശലോമോൻ ഉദ്‌ബോധിപ്പിക്കുന്നു.

പ്രലോഭിപ്പിക്കുന്ന വ്യക്തി മധുരവാക്കുകൾ ഉപയോഗിച്ച്‌ കൗശലപൂർവം സംസാരിക്കും. ജ്ഞാനവും ഗ്രാഹ്യവും ഉണ്ടെങ്കിൽ നമുക്ക്‌ അതു തിരിച്ചറിയാനാകും. യഹോവ കൽപ്പിച്ചിരിക്കുന്നത്‌ ഒരിക്കലും മറക്കാതിരിക്കുന്നത്‌ നമുക്ക്‌ ഒരു സംരക്ഷണമാണ്‌. അതിനാൽ ‘ജീവിച്ചിരിക്കേണ്ടതിന്‌,’ അതേ എന്നേക്കും ജീവിച്ചിരിക്കേണ്ടതിന്‌, നമുക്കു ‘ദൈവകൽപ്പനകൾ കാത്തുകൊള്ളാൻ’ കഠിനശ്രമം ചെയ്യാം.​—⁠1 യോഹന്നാൻ 2:17.

[അടിക്കുറിപ്പുകൾ]

^ ഖ. 11 “പരസ്‌ത്രീ” എന്നതിലെ “പര” എന്ന വിശേഷണം ന്യായപ്രമാണത്തിൽനിന്നു വ്യതിചലിച്ച്‌ യഹോവയിൽനിന്ന്‌ അകന്നുപോയ വ്യക്തികളെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. അതിനാൽ “പരസ്‌ത്രീ” എന്നതുകൊണ്ട്‌ ഒരു വേശ്യയെ പോലുള്ള വഴിപിഴച്ച സ്‌ത്രീയെയാണ്‌ സൂചിപ്പിക്കുന്നത്‌.

^ ഖ. 24 ലൈംഗികമായി പകരുന്ന ചില രോഗങ്ങൾ കരളിനു ഹാനി വരുത്തുന്നു. ഉദാഹരണത്തിന്‌, സിഫിലിസ്‌ എന്ന ലൈംഗിക രോഗം മൂർച്ഛിച്ചാൽ ബാക്‌ടീരിയ കരളിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചേക്കാം. അതുപോലെ, മറ്റൊരു ലൈംഗികരോഗമായ ഗൊണോറിയയുടെ ഫലമായി കരൾവീക്കം ഉണ്ടായേക്കാം.

[29-ാം പേജിലെ ചിത്രങ്ങൾ]

മാതാപിതാക്കൾ വെക്കുന്ന നിയമങ്ങളെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു?

[31-ാം പേജിലെ ചിത്രം]

ദൈവകൽപ്പനകൾ കാത്തുകൊള്ളുന്നത്‌ ജീവനെ അർഥമാക്കുന്നു