ക്രിസ്‌ത്യാനികൾ സേവനം അനുഷ്‌ഠിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു
ക്രിസ്‌ത്യാനികൾ സേവനം അനുഷ്‌ഠിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നു
“സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തുഷ്ടി കൊടുക്കുന്നതിലുണ്ട്.”—പ്രവൃത്തികൾ 20:35, NW.
1. ഏതു തെറ്റായ മനോഭാവം ഇന്നു വ്യാപകമാണ്, അതു
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടുകളിൽ “ഞാൻ മുമ്പേ” എന്ന പ്രയോഗത്തിന് പ്രചാരം സിദ്ധിച്ചു. മറ്റുള്ളവരെ കുറിച്ചു യാതൊരു ചിന്തയുമില്ലാത്ത, സ്വാർഥതയും അത്യാഗ്രഹവും കൂടിച്ചേർന്ന ഒരു മനോഭാവത്തെയാണ് അതു സൂചിപ്പിക്കുന്നത്. 2000-ാം ആണ്ടിലും ആ മനോഭാവത്തിനു യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നു നമുക്ക് ഉറപ്പുണ്ട്. “ഇതുകൊണ്ട് എനിക്കെന്താ നേട്ടം?” അല്ലെങ്കിൽ “ഇതിൽനിന്ന് എനിക്കെന്തു കിട്ടും?” എന്ന ചോദ്യം നിങ്ങൾ എത്ര കൂടെക്കൂടെയാണ് കേൾക്കുന്നത്? അത്തരം സ്വാർഥ മനോഭാവം സന്തുഷ്ടി നേടിത്തരുന്നില്ല. അത് യേശു പറഞ്ഞ പിൻവരുന്ന തത്ത്വത്തിനു നേർവിപരീതമാണ്: “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തുഷ്ടി കൊടുക്കുന്നതിലുണ്ട്.”—പ്രവൃത്തികൾ 20:35, NW.
2. കൊടുക്കൽ സന്തുഷ്ടി കൈവരുത്തുന്നുവെന്ന് എന്തു പ്രകടമാക്കുന്നു?
2 കൊടുക്കുന്നത് സ്വീകരിക്കുന്നതിനെക്കാൾ സന്തുഷ്ടി കൈവരുത്തുന്നു എന്നത് ശരിയാണോ? അതേ. യഹോവയെ കുറിച്ചു ചിന്തിക്കുക. “ജീവന്റെ ഉറവു” അവനാണ്. (സങ്കീർത്തനം 36:9) നമ്മുടെ ജീവിതം സന്തുഷ്ടവും ഫലപ്രദവുമാക്കുന്നതിന് ആവശ്യമായ സകലവും അവൻ പ്രദാനം ചെയ്യുന്നു. തീർച്ചയായും, “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” അവനിൽനിന്നാണ് വരുന്നത്. (യാക്കോബ് 1:17) “സന്തുഷ്ട ദൈവ”മായ യഹോവ സദാ കൊടുത്തുകൊണ്ടിരിക്കുന്നു. (1 തിമൊഥെയൊസ് 1:11, NW) താൻ സൃഷ്ടിച്ച മനുഷ്യരെ അവൻ സ്‌നേഹിക്കുന്നു, അവർക്കു ധാരാളമായി കൊടുക്കുന്നു. (യോഹന്നാൻ 3:16) ഇനി, മാനുഷ കുടുംബത്തെ കുറിച്ചു ചിന്തിക്കുക. നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ, കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിന് എന്തുമാത്രം ത്യാഗങ്ങളും കൊടുക്കലും ആവശ്യമാണെന്നു നിങ്ങൾക്ക് അറിയാം. എന്നാൽ വർഷങ്ങളോളം ആ ത്യാഗങ്ങൾ കുട്ടി മനസ്സിലാക്കുന്നില്ല. അവൻ അതെല്ലാം നിസ്സാരമായെടുക്കുന്നു. എന്നിട്ടും, നിങ്ങളുടെ നിസ്വാർഥമായ കൊടുക്കലിന്റെ ഫലമായി കുട്ടി വളരുമ്പോൾ നിങ്ങൾ സന്തോഷിക്കുന്നു. എന്തുകൊണ്ട്? എന്തെന്നാൽ നിങ്ങൾ കുട്ടിയെ സ്‌നേഹിക്കുന്നു.
3. യഹോവയെയും നമ്മുടെ സഹാരാധകരെയും സേവിക്കുന്നത് സന്തോഷം കൈവരുത്തുന്നത് എന്തുകൊണ്ട്?
3 സമാനമായി, സ്‌നേഹത്തിൽ അധിഷ്‌ഠിതമായ കൊടുക്കൽ സത്യാരാധനയുടെ ഒരു മുഖമുദ്രയാണ്. നാം യഹോവയെയും നമ്മുടെ സഹാരാധകരെയും സ്‌നേഹിക്കുന്നതിനാൽ അവർക്കുവേണ്ടി സേവനം അനുഷ്‌ഠിക്കുന്നതും അതിനായി നമ്മെത്തന്നെ ഉഴിഞ്ഞുവെക്കുന്നതും നമ്മെ സന്തോഷിപ്പിക്കുന്നു. (മത്തായി 22:37-39) സ്വാർഥ ലക്ഷ്യങ്ങളോടെ ദൈവത്തെ ആരാധിക്കുന്ന ആർക്കും ഒട്ടുംതന്നെ സന്തോഷം ലഭിക്കുന്നില്ല. എന്നാൽ, എന്തു കിട്ടും എന്നതിനെക്കാൾ എന്തു കൊടുക്കാനാകും എന്ന ചിന്തയോടെ നിസ്വാർഥമായി സേവിക്കുന്നവർ തീർച്ചയായും സന്തുഷ്ടി കണ്ടെത്തുന്നു. നമ്മുടെ ആരാധനയോടു ബന്ധപ്പെട്ട ചില ബൈബിൾ പദങ്ങൾ തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നത് എങ്ങനെയെന്നു പരിചിന്തിക്കുന്നതിനാൽ നമുക്ക് ആ സത്യം മനസ്സിലാക്കാനാകും. ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലുമായി നാം അത്തരം മൂന്നു പദങ്ങൾ ചർച്ച ചെയ്യുന്നതാണ്.
യേശുവിന്റെ പൊതുസേവനം
4. ക്രൈസ്‌തവലോകത്തിലെ ലിറ്റർജിയുടെ അഥവാ “പൊതുസേവന”ത്തിന്റെ സ്വഭാവമെന്ത്?
4 മൂല ഗ്രീക്കു ഭാഷയിൽ, ആരാധനയോടു ബന്ധപ്പെട്ട ഒരു പ്രധാന പദമാണ് ലിറ്റൂറിയ. ഈ പദത്തെ പുതിയലോക ഭാഷാന്തരത്തിൽ “പൊതുസേവനം” [സത്യവേദപുസ്‌തകത്തിൽ, ശുശ്രൂഷ] എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. ലിറ്റൂറിയ എന്ന പദത്തിൽനിന്നാണ് “ലിറ്റർജി” * എന്നാൽ ക്രൈസ്‌തവലോകത്തിലെ ഔപചാരിക ‘ലിറ്റർജികൾ’ അഥവാ ആരാധനാക്രമങ്ങൾ യഥാർഥത്തിൽ പ്രയോജനപ്രദമായ ഒരു പൊതുസേവനം അല്ല.
എന്ന ആംഗലേയ പദം ക്രൈസ്‌തവലോകത്തിലേക്കു കടന്നുവന്നിരിക്കുന്നത്.5, 6. (എ) ഇസ്രായേലിൽ പുരോഹിതന്മാർ ഏതു പൊതുസേവനം അനുഷ്‌ഠിച്ചിരുന്നു, അതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം? (ബി) വളരെ മഹത്തായ ഏതു പൊതുസേവനമാണ് ഇസ്രായേലിലെ ആ പൊതുസേവനത്തിന്റെ സ്ഥാനത്തു വന്നത്, എന്തുകൊണ്ട്?
5 ഇസ്രായേലിലെ പുരോഹിതന്മാരെ കുറിച്ചു സംസാരിക്കവെ, പൗലൊസ് അപ്പൊസ്‌തലൻ ലിറ്റൂറിയയോടു ബന്ധപ്പെട്ട ഒരു ഗ്രീക്കുപദം ഉപയോഗിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും [“പൊതുസേവനം ചെയ്‌തും,” NW; ലിറ്റൂറിയയുടെ ഒരു രൂപം] പാപങ്ങളെ പരിഹരിപ്പാൻ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടക്കൂടെ കഴിച്ചുംകൊണ്ടു നില്‌ക്കുന്നു.” (എബ്രായർ 10:11) ലേവ്യപുരോഹിതന്മാർ ഇസ്രായേലിൽ വളരെ വിലപ്പെട്ട ഒരു പൊതുസേവനം അനുഷ്‌ഠിച്ചിരുന്നു. അവർ ദൈവത്തിന്റെ ന്യായപ്രമാണം പഠിപ്പിക്കുകയും ജനങ്ങളുടെ പാപപരിഹാരത്തിനായി യാഗങ്ങൾ അർപ്പിക്കുകയും ചെയ്‌തിരുന്നു. (2 ദിനവൃത്താന്തം 15:3; മലാഖി 2:7) പുരോഹിതന്മാരും ജനങ്ങളും യഹോവയുടെ ന്യായപ്രമാണം അനുസരിച്ചപ്പോൾ ആ ജനതയ്‌ക്ക് സന്തോഷിക്കാൻ കാരണങ്ങൾ ഉണ്ടായിരുന്നു.—ആവർത്തനപുസ്‌തകം 16:15.
6 ന്യായപ്രമാണത്തിൻ കീഴിൽ പൊതുസേവനം അനുഷ്‌ഠിക്കുന്നത് ഇസ്രായേല്യ പുരോഹിതന്മാരെ സംബന്ധിച്ചിടത്തോളം ഒരു വലിയ പദവിയായിരുന്നു. എന്നാൽ അവിശ്വസ്‌തത നിമിത്തം ഇസ്രായേൽ ജനതയെ ദൈവം തള്ളിക്കളഞ്ഞപ്പോൾ അവരുടെ സേവനത്തിന് യാതൊരു മൂല്യവും ഇല്ലാതായി. (മത്തായി 21:43) യഹോവ അതിലും വളരെ മഹത്തായ ഒരു ക്രമീകരണം ചെയ്‌തു—വലിയ മഹാപുരോഹിതനായ യേശു ചെയ്‌ത പൊതുസേവനം. അവനെ കുറിച്ചു നാം ഇങ്ങനെ വായിക്കുന്നു: “ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൌരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു. അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‌വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്‌തനാകുന്നു.”—എബ്രായർ 7:24, 25.
7. യേശുവിന്റെ പൊതുസേവനം അതുല്യമായ പ്രയോജനങ്ങൾ കൈവരുത്തുന്നത് എന്തുകൊണ്ട്?
7 യേശുവിന്റെ പൗരോഹിത്യം എന്നേക്കുമുള്ളതാണ്, അവനു പിൻഗാമികളില്ല. അതുകൊണ്ട് അവനു മാത്രമേ മനുഷ്യരെ പൂർണമായി രക്ഷിക്കാനാകൂ. അവൻ ആ അതുല്യ പൊതുസേവനം അനുഷ്‌ഠിക്കുന്നത് ഏതെങ്കിലും മനുഷ്യ നിർമിത ആലയത്തിൽ അല്ല, മറിച്ച് യെരൂശലേമിലെ ആലയം മുൻനിഴലാക്കിയ, യഹോവയുടെ മഹത്തായ ആരാധനാ ക്രമീകരണമാകുന്ന സാക്ഷാലുള്ള ആലയത്തിലാണ്. അതു പ്രവർത്തനത്തിൽ വന്നത് പൊ.യു. 29-ലാണ്. യേശു ഇപ്പോൾ ആ ആലയത്തിന്റെ സ്വർഗീയ അതിവിശുദ്ധത്തിൽ സേവിക്കുന്നു. അവൻ ‘വിശുദ്ധസ്ഥലത്തിന്റെയും മനുഷ്യനല്ല കർത്താവു സ്ഥാപിച്ച സത്യകൂടാരത്തിന്റെയും ശുശ്രൂഷകൻ [“പൊതുസേവകൻ,” NW; ലിറ്റൂർഗോസ്]’ ആണ്. (എബ്രായർ 8:2; 9:11, 12) യേശു വളരെ ഉന്നതമായ സ്ഥാനത്താണെങ്കിലും, അവൻ അപ്പോഴും ഒരു ‘പൊതുസേവകനാണ്.’ അവൻ തന്റെ ഉന്നത അധികാരം ഉപയോഗിക്കുന്നത് കൊടുക്കാനാണ്, എടുക്കാനല്ല. അത്തരം കൊടുക്കൽ അവനു സന്തോഷം കൈവരുത്തുന്നു. അവന്റെ “മുമ്പിൽ വെച്ചിരുന്ന സന്തോഷ”ത്തിന്റെ ഭാഗമാണ് അത്. ഭൗമിക ജീവിതത്തിലുടനീളം സഹിച്ചുനിൽക്കാൻ അവനെ ബലപ്പെടുത്തിയതും ആ സന്തോഷംതന്നെ.—എബ്രായർ 12:2.
8. ന്യായപ്രമാണ ഉടമ്പടി നീക്കം ചെയ്യാനായി യേശു എന്തു പൊതുസേവനം അനുഷ്‌ഠിച്ചു?
8 യേശുവിന്റെ പൊതുസേവനത്തിനു മറ്റൊരു വശം കൂടിയുണ്ട്. പൗലൊസ് ഇങ്ങനെ എഴുതി: “അവനോ വിശേഷതയേറിയ വാഗ്‌ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട നിയമത്തിന്റെ മദ്ധ്യസ്ഥനാകയാൽ അതിന്റെ വിശേഷതെക്കു ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും [“പൊതുസേവനം,” NW] പ്രാപിച്ചിരിക്കുന്നു.” (എബ്രായർ 8:6) യഹോവയുമായുള്ള ഇസ്രായേൽ ജനതയുടെ ബന്ധത്തിന്റെ അടിസ്ഥാനമായ നിയമത്തിന് അഥവാ ഉടമ്പടിക്ക് മോശെ മധ്യസ്ഥത വഹിച്ചു. (പുറപ്പാടു 19:4, 5) എന്നാൽ, അനേകം ജനതകളിൽനിന്നുള്ള ആത്മാഭിഷിക്ത ക്രിസ്‌ത്യാനികൾ അടങ്ങിയ “ദൈവത്തിന്റെ യിസ്രായേ”ലായ പുതിയ ജനതയുടെ പിറവി സാധ്യമാക്കിയ ഒരു പുതിയ ഉടമ്പടിക്കാണ് യേശു മധ്യസ്ഥത വഹിച്ചത്. (ഗലാത്യർ 6:16; എബ്രായർ 8:8, 13; വെളിപ്പാടു 5:9, 10) എത്രയോ ശ്രേഷ്‌ഠമായ ഒരു പൊതുസേവനമായിരുന്നു അത്! യേശുവിലൂടെ യഹോവയ്‌ക്കു സ്വീകാര്യമായ ആരാധന അർപ്പിക്കാൻ നമുക്കു കഴിയും. ആ പൊതുസേവകനെ അടുത്തറിയുന്നതിൽ നാം എത്രയധികം സന്തോഷിക്കുന്നു!—യോഹന്നാൻ 14:6.
ക്രിസ്‌ത്യാനികളും പൊതുസേവനം അനുഷ്‌ഠിക്കുന്നു
9, 10. ക്രിസ്‌ത്യാനികൾ അനുഷ്‌ഠിക്കുന്ന ചില പൊതുസേവനങ്ങൾ ഏവ?
9 യേശു അനുഷ്‌ഠിച്ച അത്രയും ശ്രേഷ്‌ഠമായ ഒരു പൊതുസേവനം യാതൊരു മനുഷ്യനും അനുഷ്‌ഠിക്കുന്നില്ല. എന്നാൽ അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക് തങ്ങളുടെ സ്വർഗീയ പ്രതിഫലം ലഭിക്കുമ്പോൾ, അവർ സ്വർഗീയ രാജാക്കന്മാരും പുരോഹിതന്മാരും എന്ന നിലയിൽ യേശുവിനോടൊപ്പം പൊതുസേവനം അനുഷ്‌ഠിക്കും. (വെളിപ്പാടു 20:6; 22:1-5) അതേസമയം, ഭൂമിയിലെ ക്രിസ്‌ത്യാനികളും പൊതുസേവനം അനുഷ്‌ഠിക്കുന്നു. അവർ അതിൽ വലിയ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. ദൃഷ്ടാന്തത്തിന്, പാലസ്‌തീനിൽ ഭക്ഷ്യക്ഷാമം ഉണ്ടായപ്പോൾ അവിടുത്തെ യഹൂദ ക്രിസ്‌ത്യാനികളെ സഹായിക്കാനായി പൗലൊസ് അപ്പൊസ്‌തലൻ യൂറോപ്പിലെ സഹോദരന്മാരിൽനിന്നു സംഭാവനകൾ ശേഖരിച്ചു കൊണ്ടുവന്നു. അത് ഒരു പൊതുസേവനം ആയിരുന്നു. (റോമർ 15:27; 2 കൊരിന്ത്യർ 9:12, NW) ഇന്ന് സമാനമായ സേവനങ്ങൾ ചെയ്യാൻ ക്രിസ്‌ത്യാനികൾ സന്തോഷമുള്ളവരാണ്. തങ്ങളുടെ സഹോദരങ്ങൾക്കു ദുരിതങ്ങളോ പ്രകൃതിവിപത്തുകളോ മറ്റു ബുദ്ധിമുട്ടുകളോ നേരിടുമ്പോൾ അവർ പെട്ടെന്നുതന്നെ സഹായഹസ്‌തം നീട്ടുന്നു.—സദൃശവാക്യങ്ങൾ 14:21.
10 പിൻവരുന്ന പ്രകാരം എഴുതിയപ്പോൾ പൗലൊസ് മറ്റൊരു പൊതുസേവനത്തെ കുറിച്ചു പരാമർശിക്കുകയുണ്ടായി: “നിങ്ങളുടെ വിശ്വാസത്തിന്റെ യാഗവഴിപാടിൽ [“യാഗത്തിലും പൊതുസേവനത്തിലും,” NW] എന്നെത്തന്നെ പാനീയ നിവേദ്യമായി ചൊരിയേണ്ടിവന്നാലും ഞാൻ നിങ്ങൾ എല്ലാവരോടും ചേർന്ന് സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യും.” (ഫിലിപ്പിയർ 2:17, ഓശാന ബൈബിൾ) ഫിലിപ്പിയരെ പ്രതിയുള്ള പൗലൊസിന്റെ കഠിനാധ്വാനം സ്‌നേഹത്തോടും ഉത്സാഹത്തോടും കൂടെയുള്ള ഒരു പൊതുസേവനം ആയിരുന്നു. സമാനമായ ഒരു പൊതുസേവനം ഇന്ന് നിർവഹിക്കപ്പെടുന്നുണ്ട്. മുഖ്യമായും അഭിഷിക്ത ക്രിസ്‌ത്യാനികളാണ് അതു ചെയ്യുന്നത്. തക്കസമയത്ത് ആത്മീയ ആഹാരം പ്രദാനം ചെയ്‌തുകൊണ്ട് അവർ “വിശ്വസ്‌തനും വിവേകിയുമായ അടിമ”യായി സേവിക്കുന്നു. (മത്തായി 24:45-47, NW) തന്നെയുമല്ല, ഒരു കൂട്ടം എന്ന നിലയിൽ അവർ, “യേശുക്രിസ്‌തുമുഖാന്തരം ദൈവത്തിന്നു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാ”നും “അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു [തങ്ങളെ] വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാ”നും നിയോഗിക്കപ്പെട്ടിരിക്കുന്ന ഒരു “വിശുദ്ധപുരോഹിതവർഗ്ഗ”വുമാണ്. (1 പത്രൊസ് 2:5, 9) ‘തങ്ങളെത്തന്നെ ഒരു പാനീയ നിവേദ്യമായി ചൊരിഞ്ഞാൽ’ എന്നപോലെ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്ന അവർ ആ പദവികളിൽ സന്തോഷിക്കുന്നു. അവരുടെ സഹകാരികളായ ‘വേറെ ആടുകൾ’ യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു പ്രസംഗിക്കുന്നതിൽ അവരോടു ചേരുകയും അവരെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. * (യോഹന്നാൻ 10:16; മത്തായി 24:14) എത്ര മഹത്തരവും സന്തോഷകരവുമായ ഒരു പൊതുസേവനമാണ് അത്!—സങ്കീർത്തനം 107:21, 22.
വിശുദ്ധ സേവനം അർപ്പിക്കൽ
11. പ്രവാചകിയായ ഹന്നാ ക്രിസ്‌ത്യാനികൾക്കെല്ലാം നല്ല ഒരു മാതൃകയായിരിക്കുന്നത് എങ്ങനെ?
11 ആരാധനയോടു ബന്ധപ്പെട്ട മറ്റൊരു പദമാണ് ലാട്രിയ. അതിനെ പുതിയലോക ഭാഷാന്തരത്തിൽ “വിശുദ്ധ സേവനം” [സത്യവേദപുസ്‌തകത്തിൽ, ആരാധന] എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. വിശുദ്ധ സേവനം ആരാധനാപരമായ കാര്യങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു. ദൃഷ്ടാന്തത്തിന്, 84 വയസ്സുള്ള വിധവയും പ്രവാചകിയുമായ ഹന്നാ “ദൈവാലയം വിട്ടുപിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടുംകൂടെ രാവും പകലും ആരാധന [“വിശുദ്ധ സേവനം,” NW; ലാട്രിയയോടു ബന്ധപ്പെട്ട ഒരു ഗ്രീക്കുപദം] ചെയ്‌തു പോന്നു” എന്നു ബൈബിൾ പറയുന്നു. (ലൂക്കൊസ് 2:36, 37) ഹന്നാ യഹോവയെ ഇടവിടാതെ ആരാധിച്ചു. അവൾ നമുക്കെല്ലാം, ചെറുപ്പക്കാർക്കും പ്രായമായവർക്കും പുരുഷന്മാർക്കും സ്‌ത്രീകൾക്കുമെല്ലാം, ഒരു നല്ല മാതൃകയാണ്. ഹന്നാ യഹോവയോട് ഉള്ളുരുകി പ്രാർഥിക്കുകയും ആലയത്തിൽ അവനെ പതിവായി ആരാധിക്കുകയും ചെയ്‌തിരുന്നു. അതുപോലെ, നമ്മുടെ വിശുദ്ധ സേവനത്തിൽ പ്രാർഥനയും യോഗഹാജരും ഉൾപ്പെടുന്നു.—റോമർ 12:13; എബ്രായർ 10:24, 25.
12. വിശുദ്ധ സേവനത്തിന്റെ ഒരു പ്രമുഖ വശമേത്, അതും ഒരു പൊതുസേവനം ആയിരിക്കുന്നത് എങ്ങനെ?
12 പിൻവരുന്ന പ്രകാരം എഴുതിയപ്പോൾ പൗലൊസ് അപ്പൊസ്‌തലൻ നമ്മുടെ വിശുദ്ധ സേവനത്തിന്റെ ഒരു പ്രധാന വശത്തെ കുറിച്ചു പരാമർശിച്ചു: “ഞാൻ ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ടു . . . എന്റെ പ്രാർത്ഥനയിൽ എപ്പോഴും യാചിക്കുന്നു എന്നുള്ളതിന്നു അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ ആരാധിക്കുന്ന [“വിശുദ്ധ സേവനം അർപ്പിക്കുന്ന,” NW] ദൈവം എനിക്കു സാക്ഷി.” (റോമർ 1:9, 10) അതേ, സുവാർത്താ പ്രസംഗം അതു കേൾക്കുന്നവർക്കു നാം ചെയ്യുന്ന ഒരു പൊതുസേവനം മാത്രമല്ല, യഹോവയാം ദൈവത്തിനുള്ള ആരാധനയുടെ ഒരു ഭാഗം കൂടെയാണ്. ആളുകൾ നമ്മുടെ സന്ദേശം ശ്രദ്ധിച്ചാലും ഇല്ലെങ്കിലും, പ്രസംഗവേല യഹോവയ്‌ക്ക് അർപ്പിക്കുന്ന വിശുദ്ധ സേവനമാണ്. നമ്മുടെ പ്രിയ സ്വർഗീയ പിതാവിന്റെ നല്ല ഗുണങ്ങളെയും പ്രയോജനകരമായ ഉദ്ദേശ്യങ്ങളെയും കുറിച്ചു മറ്റുള്ളവരോടു പറയാനുള്ള നമ്മുടെ ശ്രമം തീർച്ചയായും നമുക്കു വലിയ സന്തോഷം കൈവരുത്തുന്നു.—സങ്കീർത്തനം 71:23.
നാം വിശുദ്ധ സേവനം അർപ്പിക്കുന്നത് എവിടെ?
13. യഹോവയുടെ ആത്മീയ ആലയത്തിന്റെ അകത്തെ പ്രാകാരത്തിൽ വിശുദ്ധ സേവനം അർപ്പിക്കുന്നവരുടെ പ്രത്യാശയെന്ത്, അവരോടൊപ്പം ആർ സന്തോഷിക്കുന്നു?
13 അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക് പൗലൊസ് ഇങ്ങനെ എഴുതി: “ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുംകൂടെ സേവ [“വിശുദ്ധ സേവനം,” NW] ചെയ്‌ക.” (എബ്രായർ 12:28) രാജ്യം അവകാശമാക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയുള്ള അഭിഷിക്തർ, അത്യുന്നതനു തങ്ങൾ അർപ്പിക്കുന്ന ആരാധനയുടെ കാര്യത്തിൽ ഇളകാത്തവരാണ്. അവർക്കു മാത്രമേ യഹോവയുടെ ആത്മീയ ആലയത്തിന്റെ വിശുദ്ധ സ്ഥലത്തും അകത്തെ പ്രാകാരത്തിലും വിശുദ്ധ സേവനം അർപ്പിക്കാൻ കഴിയൂ. യേശുവിനോടൊപ്പം അതിവിശുദ്ധത്തിൽ, അതായത് സ്വർഗത്തിൽ, സേവിക്കാൻ അവർ ആകാംക്ഷാപൂർവം കാത്തിരിക്കുന്നു. അവരുടെ അതിശയകരമായ പ്രത്യാശയിൽ അവരുടെ സഹകാരികളായ വേറെ ആടുകളും അവരോടൊപ്പം സന്തോഷിക്കുന്നു.—എബ്രായർ 6:19, 20; 10:19-22.
14. യേശുവിന്റെ പൊതുസേവനത്തിൽനിന്നു മഹാപുരുഷാരം പ്രയോജനം നേടുന്നത് എങ്ങനെ?
14 എന്നാൽ വേറെ ആടുകളെ സംബന്ധിച്ചെന്ത്? യോഹന്നാൻ അപ്പൊസ്‌തലൻ ദർശനത്തിൽ കണ്ടതുപോലെ, ഈ അന്ത്യകാലത്ത് അവരുടെ ഒരു മഹാപുരുഷാരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അവർ “കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.” (വെളിപ്പാടു 7:14) മനുഷ്യവർഗത്തിനായി തന്റെ പൂർണതയുള്ള മാനുഷ ജീവൻ നൽകിക്കൊണ്ട് യേശു ചെയ്‌ത പൊതുസേവനത്തിൽ, അഭിഷിക്ത സഹാരാധകരെ പോലെ അവരും വിശ്വാസം അർപ്പിക്കുന്നുവെന്ന് ഇത് അർഥമാക്കുന്നു. ‘കർത്താവിന്റെ [യഹോവയുടെ] ഉടമ്പടി മുറുകെ പിടിക്കുന്ന’തിലൂടെ ഈ വേറെ ആടുകളും യേശുവിന്റെ പൊതുസേവനത്തിൽനിന്നു പ്രയോജനം അനുഭവിക്കുന്നു. (യെശയ്യാവു 56:6, ഓശാന ബൈ.) അവർ പുതിയ ഉടമ്പടിയിലെ കക്ഷികൾ അല്ല. എന്നാൽ അതിനോടു ബന്ധപ്പെട്ട നിയമങ്ങൾ അനുസരിക്കുകയും അതിലൂടെ ചെയ്‌തിരിക്കുന്ന ക്രമീകരണങ്ങളോടു സഹകരിക്കുകയും ചെയ്യുന്നു എന്ന അർഥത്തിൽ അവർ അതിനെ മുറുകെ പിടിക്കുന്നു. അവർ ദൈവത്തിന്റെ ഇസ്രായേലുമായി സഹവസിക്കുന്നു. ഇരു കൂട്ടരും ഒരേ ആത്മീയ മേശയിൽനിന്നു ഭക്ഷിക്കുന്നുവെന്നു മാത്രമല്ല, ദൈവത്തെ പരസ്യമായി സ്‌തുതിക്കുകയും അവനെ പ്രസാദിപ്പിക്കുന്ന ആത്മീയ യാഗങ്ങൾ അർപ്പിക്കുകയും ചെയ്‌തുകൊണ്ട് ഒരുമിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു.—എബ്രായർ 13:15.
15. മഹാപുരുഷാരം വിശുദ്ധസേവനം അർപ്പിക്കുന്നത് എവിടെ, അത് അവരെ എങ്ങനെ ബാധിക്കുന്നു?
15 “മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്‌ക്കുന്ന”തായി കാണപ്പെടുന്നു. കൂടാതെ, “അവർ ദൈവത്തിന്റെ സിംഹാസനത്തിൻമുമ്പിൽ ഇരുന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു [“വിശുദ്ധസേവനം അർപ്പിക്കുന്നു,” NW]; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവർക്കു കൂടാരം ആയിരിക്കും.” (വെളിപ്പാടു 7:9, 15) ഇസ്രായേലിൽ, യഹൂദാ മതപരിവർത്തിതർ ശലോമോന്റെ ആലയത്തിന്റെ പുറത്തെ പ്രാകാരത്തിൽ ആയിരുന്നു ആരാധന നടത്തിയിരുന്നത്. സമാനമായി, മഹാപുരുഷാരം യഹോവയുടെ ആത്മീയ ആലയത്തിന്റെ പുറത്തെ പ്രാകാരത്തിൽ യഹോവയെ ആരാധിക്കുന്നു. അവിടെ സേവിക്കുന്നത് അവർക്കു സന്തോഷം കൈവരുത്തുന്നു. (സങ്കീർത്തനം 122:1) അവരുടെ അഭിഷിക്ത സഹകാരികളിൽ എല്ലാവർക്കും സ്വർഗീയ അവകാശം ലഭിച്ച ശേഷവും, യഹോവയുടെ ജനം എന്ന നിലയിൽ അവർ അവനു വിശുദ്ധസേവനം അർപ്പിച്ചുകൊണ്ടിരിക്കും.—വെളിപ്പാടു 21:3.
അസ്വീകാര്യമായ വിശുദ്ധ സേവനം
16. വിശുദ്ധസേവനം സംബന്ധിച്ച് ഏതു മുന്നറിയിപ്പുകൾ നൽകപ്പെട്ടിരിക്കുന്നു?
16 പുരാതന ഇസ്രായേലിൽ, യഹോവയുടെ നിയമങ്ങൾക്കു ചേർച്ചയിൽ വേണമായിരുന്നു വിശുദ്ധസേവനം അർപ്പിക്കാൻ. (പുറപ്പാടു 30:9; ലേവ്യപുസ്‌തകം 10:1, 2) സമാനമായി ഇന്ന്, നമ്മുടെ വിശുദ്ധസേവനം യഹോവയ്‌ക്കു സ്വീകര്യമായിരിക്കണമെങ്കിൽ നാം ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് പൗലൊസ് കൊലൊസ്യർക്ക് ഇപ്രകാരം എഴുതിയത്: “ഞങ്ങൾ . . . നിങ്ങൾക്കു വേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്നു. നിങ്ങൾ പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും [“ഗ്രാഹ്യത്തിലും,” NW] അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും” അപേക്ഷിക്കുന്നു. (കൊലൊസ്സ്യർ 1:9, 10) ദൈവത്തെ ആരാധിക്കാനുള്ള ശരിയായ വിധം ഏതാണെന്നു തീരുമാനിക്കേണ്ടതു നാമല്ല. ദൈവത്തെ സ്വീകാര്യമായ വിധത്തിൽ ആരാധിക്കുന്നതിനു സൂക്ഷ്‌മമായ തിരുവെഴുത്തു പരിജ്ഞാനവും ആത്മീയ ഗ്രാഹ്യവും ദൈവിക ജ്ഞാനവും അനിവാര്യമാണ്. അല്ലാത്തപക്ഷം ഫലം വിപത്‌കരമായിരിക്കാം.
17. (എ) മോശെയുടെ നാളിൽ വിശുദ്ധസേവനം ദുഷിപ്പിക്കപ്പെട്ടത് എങ്ങനെ? (ബി) വിശുദ്ധസേവനം ഇന്ന് തെറ്റായ ദിശയിലേക്കു വഴുതിപ്പോയേക്കാവുന്നത് എങ്ങനെ?
17 മോശെയുടെ നാളിലെ ഇസ്രായേല്യരുടെ കാര്യം ഓർമിക്കുക. നാം ഇങ്ങനെ വായിക്കുന്നു: ‘ദൈവം പിന്തിരിഞ്ഞു, ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാൻ അവരെ കൈവിട്ടു.’ (പ്രവൃത്തികൾ 7:42) തങ്ങൾക്കായി യഹോവ ചെയ്‌ത വിസ്‌മയ പ്രവൃത്തികൾ ആ ഇസ്രായേല്യർ കണ്ടതായിരുന്നു. എന്നിട്ടും, തങ്ങൾക്കു നേട്ടം ഉണ്ടായേക്കുമെന്നു തോന്നിയപ്പോൾ അവർ മറ്റു ദൈവങ്ങളുടെ പിന്നാലെ പോയി. അവർ വിശ്വസ്‌തരായിരുന്നില്ല. നമ്മുടെ വിശുദ്ധസേവനം ദൈവത്തിനു പ്രസാദകരമായിരിക്കണമെങ്കിൽ നാം വിശ്വസ്‌തരായിരുന്നേ മതിയാകൂ. (സങ്കീർത്തനം 18:25, NW) ഇന്ന് അധികമാരും നക്ഷത്രങ്ങളെയോ സ്വർണക്കാളക്കുട്ടികളെയോ ആരാധിക്കാൻ തുനിയുകയില്ലായിരിക്കാം. എന്നാൽ മറ്റു തരത്തിലുള്ള ചില വിഗ്രഹാരാധനയുണ്ട്. “മാമോനെ” അഥവാ ധനത്തെ സേവിക്കുന്നതിന് എതിരെ യേശു മുന്നറിയിപ്പു നൽകി. പൗലൊസ് അത്യാഗ്രഹത്തെ വിഗ്രഹാരാധന എന്നു വിളിച്ചു. (മത്തായി 6:24; കൊലൊസ്സ്യർ 3:5) സാത്താൻ തന്നെത്തന്നെ ഒരു ദൈവമായി ഉയർത്തുന്നു. (2 കൊരിന്ത്യർ 4:4) അത്തരത്തിലുള്ള വിഗ്രഹാരാധന ഇന്നു വിപുലവ്യാപകമാണ്, അതൊരു കെണിയാണ്. ദൃഷ്ടാന്തത്തിന്, യേശുവിനെ അനുഗമിക്കുന്നുവെന്ന് അവകാശപ്പെടുകയും അതേസമയം ധനാർജനം ജീവിതത്തിലെ മുഖ്യ ലക്ഷ്യമാക്കുകയും ചെയ്യുന്ന അല്ലെങ്കിൽ, തന്നിൽത്തന്നെയോ തന്റെ ആശയങ്ങളിലോ ആശ്രയം അർപ്പിക്കുന്ന, ഒരു വ്യക്തിയെ കുറിച്ചു ചിന്തിക്കുക. വാസ്‌തവത്തിൽ ആരെയാണ് അയാൾ സേവിക്കുന്നത്? യഹോവയുടെ നാമത്തിൽ ആണയിടുകയും അതേസമയം അവന്റെ വിസ്‌മയ പ്രവൃത്തികൾക്കുള്ള ബഹുമതി അശുദ്ധ വിഗ്രഹങ്ങൾക്കു നൽകുകയും ചെയ്‌ത, യെശയ്യാവിന്റെ നാളിലെ യഹൂദന്മാരിൽനിന്ന് അയാൾക്ക് എന്തു വ്യത്യാസമാണുള്ളത്?—യെശയ്യാവു 48:1, 5.
18. കഴിഞ്ഞകാലത്തും ഇക്കാലത്തും വിശുദ്ധസേവനം തെറ്റായ വിധത്തിൽ അർപ്പിക്കപ്പെട്ടിട്ടുള്ളത് എങ്ങനെ?
18 യേശു ഇങ്ങനെയും മുന്നറിയിപ്പു നൽകി: “നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു [“വിശുദ്ധസേവനം ചെയ്യുന്നു,” NW] എന്നു വിചാരിക്കുന്ന നാഴിക വരുന്നു.” (യോഹന്നാൻ 16:2) അപ്പൊസ്‌തലനായ പൗലൊസ് ആയിത്തീർന്ന ശൗലിന്റെ കാര്യം പരിചിന്തിക്കുക. ‘സ്‌തെഫാനോസിന്റെ കൊലപാതകത്തിനു സമ്മതം’ മൂളുകയും “കർത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കുലയും നിശ്വസി”ക്കുകയും ചെയ്‌തപ്പോൾ നിസ്സംശയമായും താൻ ദൈവത്തെ സേവിക്കുകയാണെന്ന് അവൻ കരുതി. (പ്രവൃത്തികൾ 8:1; 9:1) ഇന്ന്, ‘വംശീയ വെടിപ്പാക്കലി’നും കൂട്ടക്കൊലയ്‌ക്കും ഉത്തരവാദികളായ പലരും ദൈവത്തെ ആരാധിക്കുന്നുവെന്ന് അവകാശപ്പെടുന്നവരാണ്. അങ്ങനെ, അനേകർ ദൈവത്തെ ആരാധിക്കുന്നുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അവർ വാസ്‌തവത്തിൽ ആരാധിക്കുന്നത് ദേശീയത, ഗോത്രവാദം, ധനം എന്നിങ്ങനെയുള്ളവയെയോ മറ്റേതെങ്കിലും ദൈവങ്ങളെയോ തങ്ങളെത്തന്നെയോ ആണ്.
19. (എ) നമ്മുടെ വിശുദ്ധ സേവനത്തെ നാം എങ്ങനെയാണ് വീക്ഷിക്കുന്നത്? (ബി) ഏതു തരത്തിലുള്ള വിശുദ്ധ സേവനമാണ് നമുക്കു സന്തോഷം കൈവരുത്തുന്നത്?
19 യേശു പറഞ്ഞു: ‘“നിന്റെ ദൈവമായ കർത്താവിനെ നമസ്‌കരിച്ചു അവനെ മാത്രമേ ആരാധിക്കാവു.”’ (മത്തായി 4:10) അവൻ സാത്താനോടാണ് അതു പറഞ്ഞത്. എന്നാൽ നാം ഏവരും ആ വാക്കുകൾക്കു ശ്രദ്ധ കൊടുക്കേണ്ടത് എത്ര മർമപ്രധാനമാണ്! പ്രപഞ്ചത്തിന്റെ പരമാധികാര കർത്താവിന് വിശുദ്ധ സേവനം അർപ്പിക്കുന്നത് അങ്ങേയറ്റം ശ്രേഷ്‌ഠമായ, ഭയാദരജനകമായ, ഒരു പദവിയാണ്. നമ്മുടെ ആരാധനയോടു ബന്ധപ്പെട്ട പൊതുസേവനം അനുഷ്‌ഠിക്കുന്നതിനെ കുറിച്ച് എന്തു പറയാനാകും? സഹമനുഷ്യർക്കുവേണ്ടി ഇതു ചെയ്യുന്നത് വളരെയേറെ സന്തുഷ്ടി കൈവരുത്തുന്ന ഒരു വേലയാണ്. (സങ്കീർത്തനം 41:1, 2; 59:16) എന്നാൽ, അത്തരം സേവനം യഥാർഥ സന്തുഷ്ടി പ്രദാനം ചെയ്യണമെങ്കിൽ നാം അതു മുഴുഹൃദയത്തോടെയും ശരിയായ വിധത്തിലും ചെയ്യണം. വാസ്‌തവത്തിൽ ആരാണ് ദൈവത്തെ ശരിയായ വിധത്തിൽ ആരാധിക്കുന്നത്? ആരുടെ വിശുദ്ധ സേവനമാണ് യഹോവ സ്വീകരിക്കുന്നത്? നമ്മുടെ ആരാധനയോടു ബന്ധപ്പെട്ട മൂന്നാമത്തെ ബൈബിൾ പദം പരിചിന്തിക്കുന്ന പക്ഷം നമുക്ക് ആ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കും. അടുത്ത ലേഖനത്തിൽ നാം അതു പരിചിന്തിക്കുന്നതാണ്.
[അടിക്കുറിപ്പുകൾ]
^ ഖ. 4 ക്രൈസ്‌തവലോകത്തിലെ ‘ലിറ്റർജികൾ’ പൊതുവെ, റോമൻ കത്തോലിക്കാ സഭയിലെ കുർബാന പോലുള്ള മതചടങ്ങുകളോ ആരാധനാ ശുശ്രൂഷകളോ ആണ്.
^ ഖ. 10 അന്ത്യൊക്ക്യയിലെ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും യഹോവയ്‌ക്ക് “പരസ്യമായി ശുശ്രൂഷ” (ലിറ്റൂറിയയോടു ബന്ധപ്പെട്ട ഒരു ഗ്രീക്കു പദത്തിന്റെ പരിഭാഷ) അർപ്പിച്ചിരുന്നതായി പ്രവൃത്തികൾ 13:2 [NW] പറയുന്നു. സാധ്യതയനുസരിച്ച്, ഈ പരസ്യ ശുശ്രൂഷയിൽ പൊതുജനങ്ങളോടു സുവാർത്ത പറയുന്നതും ഉൾപ്പെട്ടിരുന്നു.
നിങ്ങളുടെ ഉത്തരമെന്ത്?
• യേശു മഹത്തായ ഏതു പൊതുസേവനമാണ് അനുഷ്‌ഠിച്ചത്?
• ക്രിസ്‌ത്യാനികൾ ഏതു പൊതുസേവനമാണ് അനുഷ്‌ഠിക്കുന്നത്?
• എന്താണ് ക്രിസ്‌തീയ വിശുദ്ധസേവനം, അത് എവിടെയാണ് അർപ്പിക്കപ്പെടുന്നത്?
• നമ്മുടെ വിശുദ്ധസേവനം ദൈവത്തിനു പ്രസാദകരം ആകണമെങ്കിൽ നാം എന്തു സമ്പാദിക്കണം?
[അധ്യയന ചോദ്യങ്ങൾ]
ഹാനികരമായിരിക്കുന്നത് എന്തുകൊണ്ട്?
[10-ാം പേജിലെ ചിത്രം]
മാതാപിതാക്കൾ കൊടുക്കുന്നതിൽ വലിയ സന്തോഷം കണ്ടെത്തുന്നു
[13-ാം പേജിലെ ചിത്രങ്ങൾ]
മറ്റുള്ളവരെ സഹായിക്കുകയും സുവാർത്ത ഘോഷിക്കുകയും ചെയ്യുമ്പോൾ ക്രിസ്‌ത്യാനികൾ പൊതുസേവനം അനുഷ്‌ഠിക്കുകയാണ്
[14-ാം പേജിലെ ചിത്രം]
നമ്മുടെ വിശുദ്ധസേവനം ദൈവത്തിനു സ്വീകാര്യമാണെന്ന് ഉറപ്പുവരുത്താൻ നമുക്കു സൂക്ഷ്‌മപരിജ്ഞാനവും ഗ്രാഹ്യവും അനിവാര്യമാണ്