വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രാർഥനകൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടോ?

പ്രാർഥനകൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടോ?

പ്രാർഥനകൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടോ?

പ്രാർഥിക്കണമെന്ന്‌ എപ്പോഴെങ്കിലും തോന്നാത്തവരായി ആരുംതന്നെ ഇല്ലെന്നു പറയാം. മിക്കവാറും എല്ലാ മതസ്ഥരും ആത്മാർഥമായി പ്രാർഥിക്കുന്നു. ഉദാഹരണത്തിന്‌, ഒരു ബുദ്ധമതക്കാരൻ ദിവസവും ആയിരക്കണക്കിനു പ്രാവശ്യം “ഞാൻ ആമിദാബുദ്ധനിൽ വിശ്വസിക്കുന്നു” എന്ന്‌ ഉരുവിട്ടേക്കാം.

ഭൂമിയിലെങ്ങുമുള്ള പ്രശ്‌നങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇങ്ങനെ ചോദിക്കുന്നത്‌ ന്യായയുക്തം മാത്രം: ‘പ്രാർഥനയിലൂടെ എന്തു നേടാനാണ്‌ ആളുകൾ പ്രതീക്ഷിക്കുന്നത്‌? അവരുടെ ഈ പ്രാർഥനകൾ കൊണ്ടെല്ലാം എന്തെങ്കിലും പ്രയോജനമുണ്ടോ?’

ആളുകൾ പ്രാർഥിക്കുന്നത്‌ എന്തുകൊണ്ട്‌?

പൗരസ്‌ത്യ ദേശക്കാരായ പലരും തങ്ങളുടെ പൂർവികരോടും ഷിന്റോമതത്തിലെയോ താവോമതത്തിലെയോ ദേവന്മാരോടും പ്രാർഥിക്കുന്നു. സ്‌കൂൾ പരീക്ഷയിൽ ജയിക്കാനോ നല്ല വിളവു കിട്ടാനോ രോഗങ്ങൾ വരാതിരിക്കാനോ ഒക്കെയാണ്‌ അവർ ഇങ്ങനെ ചെയ്യുന്നത്‌. പ്രാർഥനയിലൂടെ പ്രബുദ്ധത കൈവരിക്കാൻ ബുദ്ധമതക്കാർ ശ്രമിക്കുന്നു. ജ്ഞാനത്തിനും സമ്പത്തിനും സംരക്ഷണത്തിനുമായി ഹിന്ദുക്കൾ തങ്ങളുടെ ഇഷ്ട ദേവീദേവന്മാരോടു ഭക്തിപുരസ്സരം പ്രാർഥിക്കുന്നു.

കത്തോലിക്കരായ ചിലർ പുരോഹിതന്മാരും കന്യാസ്‌ത്രീകളും ആയിത്തീർന്നുകൊണ്ട്‌ ആശ്രമങ്ങളിലും മഠങ്ങളിലുമിരുന്ന്‌ തുടർച്ചയായി പ്രാർഥിക്കുന്നു. അത്തരമൊരു ജീവിതത്തിലൂടെ മനുഷ്യവർഗത്തിനു നന്മ കൈവരുത്താനാകുമെന്നാണ്‌ അവരുടെ വിശ്വാസം. കാണാപ്പാഠമാക്കിയ പ്രാർഥനകൾ ഉരുവിട്ടുകൊണ്ട്‌ കൊന്ത ഉരുട്ടുകവഴി മറിയയുടെ പ്രീതി നേടാൻ ശ്രമിക്കുന്ന കോടിക്കണക്കിനു കത്തോലിക്കരുണ്ട്‌. പൗരസ്‌ത്യ ദേശങ്ങളിലെ ചില ബുദ്ധമതക്കാർ പ്രാർഥനകൾ ആലേഖനം ചെയ്‌ത, ഒരു അക്ഷത്തിൽ കറങ്ങുന്ന സ്‌തംഭാകാര ചക്രങ്ങൾ ഉപയോഗിക്കുന്നു. പ്രൊട്ടസ്റ്റന്റുകാർ കർത്താവിന്റെ മാതൃകാ പ്രാർഥന ഉരുവിടുന്നു. കൂടാതെ അവർ തങ്ങളുടെ വികാരങ്ങൾ അതേപടി ദൈവത്തോടു പറയുകയും ചെയ്‌തേക്കാം. യെരൂശലേമിലെ പശ്ചിമ മതിലിങ്കലെത്തി പ്രാർഥിക്കാനായി നിരവധി യഹൂദന്മാർ ദീർഘദൂരം യാത്ര ചെയ്യുന്നു. ആലയം പുനഃസ്ഥിതീകരിക്കപ്പെടുകയും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും ഒരു പുതുയുഗം വരുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ്‌ അവർ ഇതു ചെയ്യുന്നത്‌.

കോടിക്കണക്കിന്‌ ആളുകൾ വളരെയധികം പ്രാർഥനകൾ നടത്താറുണ്ടെങ്കിലും, മനുഷ്യസമൂഹത്തെ കാർന്നുതിന്നുന്ന ദാരിദ്ര്യം, അതിമോഹം, ശിഥിലമായ കുടുംബങ്ങൾ, കുറ്റകൃത്യം, യുദ്ധം എന്നിവ പോലുള്ള പ്രശ്‌നങ്ങൾ അടിക്കടി വർധിച്ചുവരികയാണ്‌. ഇവരെല്ലാം ശരിയായ വിധത്തിലല്ല പ്രാർഥിക്കുന്നത്‌ എന്നുവരുമോ? ഇനി, പ്രാർഥന കേൾക്കുന്ന ആരെങ്കിലുമുണ്ടോ?

ആരെങ്കിലും പ്രാർഥന കേൾക്കുന്നുവോ?

പ്രാർഥന കേൾക്കാൻ ആരുമില്ലെങ്കിൽ അവകൊണ്ട്‌ യാതൊരു പ്രയോജനവുമില്ല. ഒരു വ്യക്തി പ്രാർഥിക്കുമ്പോൾ അയാൾ വിശ്വസിക്കുന്നത്‌ അദൃശ്യ ആത്മമണ്ഡലത്തിലുള്ള ആരോ അതു കേൾക്കുന്നുണ്ട്‌ എന്നാണ്‌. എന്നാൽ പ്രാർഥനകൾ കേവലം ശബ്ദതരംഗങ്ങളിലൂടെയല്ല അവന്റെ പക്കൽ എത്തുന്നത്‌. പ്രാർഥിക്കുന്ന വ്യക്തിയുടെ മനസ്സിലെ വിചാരങ്ങൾ പോലും ആ അദൃശ്യ വ്യക്തിക്ക്‌ അറിയാമെന്ന്‌ അനേകരും വിശ്വസിക്കുന്നു. എങ്കിൽ അത്‌ ആരായിരിക്കും?

നമ്മുടെ മസ്‌തിഷ്‌കത്തിലെ സെറിബ്രൽ കോർട്ടക്‌സിലുള്ള ശതകോടിക്കണക്കിനു നാഡീകോശങ്ങളിൽ (ന്യൂറോണുകൾ) ചിന്തകൾ എങ്ങനെ രൂപപ്പെടുന്നു എന്നത്‌ ഗവേഷകർക്ക്‌ ഇപ്പോഴും ഒരു വലിയ സമസ്യയായി അവശേഷിക്കുന്നു. എന്നാൽ നമ്മുടെ മസ്‌തിഷ്‌കത്തെ രൂപസംവിധാനം ചെയ്‌തവന്‌ ന്യായമായും അത്തരം ചിന്തകൾ മനസ്സിലാക്കാൻ കഴിയും. അതു നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവമല്ലാതെ മറ്റാരുമല്ല. (സങ്കീർത്തനം 83:18; വെളിപ്പാടു 4:11) നാം പ്രാർഥിക്കുന്നത്‌ അവനോട്‌ ആയിരിക്കണം. എന്നാൽ, എല്ലാ പ്രാർഥനകളും യഹോവ കേൾക്കുന്നുണ്ടോ?

ദൈവം എല്ലാ പ്രാർഥനകളും കേൾക്കുന്നുവോ?

പുരാതന ഇസ്രായേലിലെ ദാവീദ്‌ രാജാവ്‌ പ്രാർഥനാനിരതനായിരുന്നു. ദൈവത്താൽ നിശ്വസ്‌തനാക്കപ്പെട്ട ഒരു സങ്കീർത്തനക്കാരൻ എന്ന നിലയിൽ അവൻ ഇങ്ങനെ പാടി: “പ്രാർത്ഥന കേൾക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു.” (സങ്കീർത്തനം 65:2) മനുഷ്യർ ഏതു ഭാഷയിൽ പ്രാർഥിച്ചാലും യഹോവയ്‌ക്ക്‌ അതു മനസ്സിലാക്കാനാകും. ഒരേസമയം വളരെയധികം വിവരങ്ങൾ കൈകാര്യം ചെയ്യാൻ മനുഷ്യൻ അപ്രാപ്‌തനാണ്‌ എന്നത്‌, സ്വീകാര്യമായ വിധത്തിൽ പ്രാർഥിക്കുന്ന എല്ലാവരുടെയും അപേക്ഷ കേൾക്കാൻ ദൈവം അപ്രാപ്‌തനാണ്‌ എന്ന്‌ അർഥമാക്കുന്നില്ല.

എന്നാൽ, എല്ലാ പ്രാർഥനകളും ദൈവത്തിനു പ്രസാദകരമല്ല എന്ന്‌ പ്രാർഥനാനിരതനായിരുന്ന യേശുക്രിസ്‌തു വെളിപ്പെടുത്തി. മനഃപാഠമാക്കിയ പ്രാർഥനകൾ ഉരുവിടുന്ന രീതി യേശുവിന്റെ നാളിൽ സാധാരണമായിരുന്നു. അതേക്കുറിച്ച്‌ അവൻ പറഞ്ഞത്‌ എന്തെന്നു ശ്രദ്ധിക്കുക: “പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്‌പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു.” (മത്തായി 6:7) നമ്മുടെ ഹൃദയത്തിൽനിന്നു വരാത്ത പ്രാർഥനകൾക്ക്‌ യഹോവ ഉത്തരം നൽകുമെന്നു നമുക്കു പ്രതീക്ഷിക്കാനാവില്ല.

ചില പ്രാർഥനകൾ ദൈവത്തിനു പ്രസാദകരമല്ലാത്തത്‌ എന്തുകൊണ്ടെന്നു സൂചിപ്പിച്ചുകൊണ്ട്‌ ഒരു ബൈബിൾ സദൃശവാക്യം ഇപ്രകാരം പറയുന്നു: “ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളഞ്ഞാൽ അവന്റെ പ്രാർത്ഥനതന്നെയും വെറുപ്പാകുന്നു.” (സദൃശവാക്യങ്ങൾ 28:9) മറ്റൊരു സദൃശവാക്യം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “യഹോവ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു.” (സദൃശവാക്യങ്ങൾ 15:29) പുരാതന യഹൂദയിലെ നേതാക്കന്മാർ കനത്ത പാപഭാരം വഹിച്ചിരുന്ന ഒരു സമയത്ത്‌ യഹോവ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ കൈമലർത്തുമ്പോൾ ഞാൻ എന്റെ കണ്ണു മറെച്ചുകളയും; നിങ്ങൾ എത്ര തന്നേ പ്രാർത്ഥനകഴിച്ചാലും ഞാൻ കേൾക്കയില്ല; നിങ്ങളുടെ കൈ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു.”​—⁠യെശയ്യാവു 1:1, 15.

പ്രാർഥനകളെ ദൈവത്തിന്‌ അസ്വീകാര്യമാക്കിത്തീർക്കുന്ന മറ്റൊരു കാര്യം പത്രൊസ്‌ അപ്പൊസ്‌തലൻ പരാമർശിച്ചു. അവൻ ഇപ്രകാരം എഴുതി: “ഭർത്താക്കന്മാരേ, നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്‌ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ.” (1 പത്രൊസ്‌ 3:7) അത്തരം ബുദ്ധിയുപദേശം അവഗണിക്കുന്ന ഒരു മനുഷ്യന്റെ പ്രാർഥനകൾ അയാളുടെ മുറിക്കു പുറത്തുപോലും എത്തുകയില്ല!

അതുകൊണ്ട്‌, പ്രാർഥനകൾ ദൈവം കേൾക്കണമെങ്കിൽ നാം ചില നിബന്ധനകൾ പാലിക്കണം. എന്നാൽ പ്രാർഥിക്കുന്ന പലരും ദൈവം നമ്മിൽനിന്ന്‌ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ ഒട്ടുംതന്നെ മനസ്സുവെക്കുന്നില്ല. അതുകൊണ്ടാണ്‌ പലരും ആത്മാർഥമായി പ്രാർഥിക്കുന്നെങ്കിലും ഇതുവരെ ഒരു മെച്ചപ്പെട്ട ലോകം വരാത്തത്‌.

അങ്ങനെയെങ്കിൽ, പ്രാർഥന കേൾക്കുന്നതിന്‌ എന്തെല്ലാം വ്യവസ്ഥകളാണ്‌ ദൈവം വെക്കുന്നത്‌? അതിന്റെ ഉത്തരം, നാം എന്തിനു വേണ്ടി പ്രാർഥിക്കുന്നു എന്നതിനോടു ബന്ധപ്പെട്ടിരിക്കുന്നു. പ്രാർഥനകൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടോ എന്നറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, പ്രാർഥനയുടെ ഉദ്ദേശ്യം നാം മനസ്സിലാക്കേണ്ടതുണ്ട്‌. തന്നോടു പ്രാർഥിക്കാൻ യഹോവ മനുഷ്യരെ അനുവദിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

[3-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

G.P.O., Jerusalem