വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കേൾക്കുന്നതെല്ലാം അപ്പാടെ—വിശ്വസിക്കണമോ?

കേൾക്കുന്നതെല്ലാം അപ്പാടെ—വിശ്വസിക്കണമോ?

കേൾക്കുന്നതെല്ലാം അപ്പാടെ—വിശ്വസിക്കണമോ?

പന്ത്രണ്ടു വയസ്സുള്ള ഒരു വിദ്യാർഥി ഗണിതശാസ്‌ത്രത്തിലെ അടിസ്ഥാന ബീജഗണിത തത്ത്വങ്ങൾ മനസ്സിലാക്കിയെടുക്കാൻ പെടാപ്പാടു പെടുകയായിരുന്നു. വളരെ ലളിതമെന്നു തോന്നിക്കുന്ന ഒരു ബീജഗണിത സമവാക്യം അധ്യാപകൻ ബോർഡിൽ കുറിച്ചിട്ടു.

“x=y എന്ന സമവാക്യത്തിൽ x-ന്റെയും y-യുടെയും വില 1 ആണെന്നു സങ്കൽപ്പിക്കുക” എന്നു പറഞ്ഞുകൊണ്ട്‌ അദ്ദേഹം ക്ലാസ്സ്‌ തുടങ്ങി.

“വിചാരിച്ചത്രയും ബുദ്ധിമുട്ടില്ലെന്നു തോന്നുന്നു,” ആ വിദ്യാർഥി ചിന്തിച്ചു.

തുടർന്ന്‌ ഏതാനും വരി കണക്കുകൾകൂടി അധ്യാപകൻ ബോർഡിലെഴുതി. അതും കുഴപ്പമില്ലാത്തതായി വിദ്യാർഥികൾക്കു തോന്നി. എന്നാൽ, ഒടുവിൽ കിട്ടിയ ഉത്തരം അമ്പരപ്പിക്കുന്നതായിരുന്നു: “2=1!”

“സാധിക്കുമെങ്കിൽ തെറ്റാണെന്നു തെളിയിക്കൂ,” ചിന്താക്കുഴപ്പത്തിലായ വിദ്യാർഥികളോട്‌ അധ്യാപകൻ പറഞ്ഞു.

ബീജഗണിതത്തിൽ പരിമിതമായ അറിവു മാത്രം ഉണ്ടായിരുന്ന ആ വിദ്യാർഥിക്ക്‌ അതു തെറ്റാണെന്ന്‌ എങ്ങനെ സ്ഥാപിക്കണം എന്നതു സംബന്ധിച്ച്‌ യാതൊരു പിടിപാടുമില്ലായിരുന്നു. അധ്യാപകൻ കുറിച്ചിട്ട കണക്കുകൾ എല്ലാം പിഴവറ്റതായി തോന്നിച്ചു. ആ സ്ഥിതിക്ക്‌, വിചിത്രമായ ഈ കണക്കുകൂട്ടൽ ശരിയാണെന്ന്‌ അവൻ വിശ്വസിക്കണമോ? ഒന്നുമല്ലെങ്കിലും, അധ്യാപകന്‌ ഗണിതശാസ്‌ത്ര തത്ത്വങ്ങൾ അവനെക്കാൾ എത്രയോ നന്നായി അറിയാം. വേണ്ട, അവൻ അതു വിശ്വസിക്കേണ്ടതില്ല! ‘അതു തെറ്റാണെന്നു സ്ഥാപിക്കേണ്ട കാര്യമൊന്നുമില്ല. അതു തെറ്റാണെന്നു മനസ്സിലാക്കാൻ സാമാന്യബുദ്ധി മതി,’ അവൻ ചിന്തിച്ചു. (സദൃശവാക്യങ്ങൾ 14:15, 18) ഉദാഹരണത്തിന്‌, തന്റെ അധ്യാപകനോ സഹപാഠികളോ രണ്ടു രൂപയ്‌ക്കു പകരമായി ഒരു രൂപ സ്വീകരിക്കില്ലെന്ന്‌ അവനു നന്നായി അറിയാമായിരുന്നു!

ഒടുവിൽ, പ്രസ്‌തുത വിദ്യാർഥി ആ കണക്കിലെ പിശകു കണ്ടുപിടിച്ചു. എന്നാൽ, ആ അനുഭവം അതിനോടകം അവനെ വിലയേറിയ ഒരു പാഠം പഠിപ്പിച്ചിരുന്നു. മറ്റുള്ളവരെക്കാൾ വളരെ ജ്ഞാനമുള്ള ഒരാൾ, പ്രഥമദൃഷ്ട്യാ ശരിയെന്നു തോന്നിക്കുന്ന വിധത്തിൽ സാമാന്യബുദ്ധിക്കു നിരക്കാത്ത ഒരു വാദഗതി അതിവിദഗ്‌ധമായി കെട്ടിച്ചമച്ച്‌ അവതരിപ്പിക്കുന്നെങ്കിൽ തെറ്റാണെന്ന്‌ ഉടനടി തെളിയിക്കാനാവില്ല എന്ന കാരണത്താൽ അതു കണ്ണുമടച്ചു വിശ്വസിക്കേണ്ടതില്ല. ആ വിദ്യാർഥി, 1 യോഹന്നാൻ 4:​1-ലെ വളരെ പ്രായോഗികമായ ഒരു ബൈബിൾ തത്ത്വം പിൻപറ്റുകയായിരുന്നു​—⁠ആധികാരിക ഉറവിടത്തിൽനിന്നുള്ളതായി തോന്നിച്ചാൽപ്പോലും കേൾക്കുന്നതെല്ലാം അപ്പാടെ വിശ്വസിക്കരുത്‌.

‘ഞാൻ പിടിച്ച മുയലിന്‌ കൊമ്പ്‌ മൂന്ന്‌’ എന്ന ചിന്താഗതി നമുക്ക്‌ ഉണ്ടായിരിക്കണമെന്നല്ല അതിനർഥം. തെറ്റായ വീക്ഷണങ്ങൾ തിരുത്താൻ സഹായിക്കുന്ന വിവരങ്ങൾ അവഗണിക്കുന്നതു വലിയ അബദ്ധമാണ്‌. അതേസമയം, കൂടുതൽ അറിവോ ആധികാരികതയോ ഉണ്ടെന്ന്‌ അവകാശപ്പെടുന്ന ഒരാളുടെ സമ്മർദത്തിനു വഴങ്ങി നാം “സുബോധംവിട്ടു വേഗത്തിൽ ഇളകുകയും” അരുത്‌. (2 തെസ്സലൊനീക്യർ 2:2) തുടക്കത്തിൽ പരാമർശിച്ച അധ്യാപകൻ വിദ്യാർഥികളെ വെറുതെയൊന്നു കബളിപ്പിക്കുകയായിരുന്നു. എന്നാൽ, എല്ലാ സമയത്തും കാര്യാദികൾ അത്രകണ്ടു നിരുപദ്രവകരമല്ല. ‘തെററിച്ചുകളയുന്ന തന്ത്രങ്ങൾ’ പ്രയോഗിക്കാൻ ചിലർ മിടുക്കരായിരിക്കും എന്ന കാര്യം മനസ്സിൽപ്പിടിക്കുക.​—⁠എഫെസ്യർ 4:14; 2 തിമൊഥെയൊസ്‌ 2:14, 23, 24.

വിദഗ്‌ധരുടെ അഭിപ്രായം എല്ലായ്‌പോഴും ശരിയായിരിക്കുമോ?

എത്രതന്നെ അറിവുള്ളവർ ആയിരുന്നാലും, ഏതൊരു രംഗത്തെയും വിദഗ്‌ധർക്കിടയിൽ പരസ്‌പരവിരുദ്ധമായ ആശയങ്ങൾ വെച്ചുപുലർത്തുന്നവർ ഉണ്ട്‌. അവർ ഒരേ അഭിപ്രായത്തിൽത്തന്നെ ഉറച്ചു നിൽക്കുന്നുവെന്നും വരില്ല. ഉദാഹരണത്തിന്‌, വൈദ്യശാസ്‌ത്ര രംഗത്ത്‌ രോഗകാരണങ്ങൾ എന്ന അടിസ്ഥാന വിഷയത്തെച്ചൊല്ലി ശാസ്‌ത്രജ്ഞർക്കിടയിൽ നിരന്തരം വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. “രോഗങ്ങൾക്കു നിദാനം ജനിതക ഘടകങ്ങളാണോ പാരിസ്ഥിതിക-സാമൂഹിക ചുറ്റുപാടുകളാണോ എന്നത്‌ ശാസ്‌ത്രജ്ഞർക്കിടയിൽ ചൂടുപിടിച്ച സംവാദത്തിനു വഴിതെളിച്ചിരിക്കുന്നു” എന്ന്‌ ഹാർവാർഡ്‌ യൂണിവേഴ്‌സിറ്റിയിലെ ഒരു പ്രൊഫസർ എഴുതുന്നു. അതേസമയം, നമുക്കു രോഗം പിടിപെടുന്നതിൽ ജീനുകൾ നിർണായക പങ്കു വഹിക്കുന്നു എന്ന്‌ ഉറച്ചു വിശ്വസിക്കുന്നവരുമുണ്ട്‌. നിയതിവാദികൾ (determinist) എന്നാണ്‌ അവർ അറിയപ്പെടുന്നത്‌. രോഗത്തിനു നിദാനമായ മുഖ്യ ഘടകങ്ങൾ പരിസ്ഥിതിയും ജീവിതരീതിയും ആണെന്നു മറ്റു ചിലർ വാദിക്കുന്നു. തങ്ങളുടെ വാദഗതികൾ സ്ഥാപിക്കാനായി പഠന റിപ്പോർട്ടുകളും സ്ഥിതിവിവരക്കണക്കുകളും എടുത്തുകാണിക്കാൻ ഇരുവിഭാഗക്കാരും ഉത്സുകരാണ്‌. അങ്ങനെ, ഒരു തീരുമാനത്തിലും എത്താതെ തർക്കങ്ങൾ തുടരുന്നു.

അതിവിഖ്യാതരായ പല ചിന്തകരുടെയും പഠിപ്പിക്കലുകൾ ഒരു കാലത്തു പിഴവറ്റതാണെന്നു തോന്നിയിട്ടുണ്ടെങ്കിലും അവർക്കു തെറ്റുപറ്റിയിരിക്കുന്നു എന്നു പലവട്ടം തെളിയിക്കപ്പെട്ടിട്ടുണ്ട്‌. അരിസ്റ്റോട്ടിലിനെ “ഏറ്റവുമധികം പ്രഭാവം ചെലുത്തിയിട്ടുള്ള തത്ത്വചിന്തകൻ” എന്ന്‌ തത്ത്വചിന്തകനായ ബർട്രൻഡ്‌ റസ്സൽ വിശേഷിപ്പിച്ചു. എങ്കിലും, അരിസ്റ്റോട്ടിലിന്റെ പല സിദ്ധാന്തങ്ങളും “ശുദ്ധ മണ്ടത്തരം” ആയിരുന്നു എന്ന്‌ റസ്സൽതന്നെ ചൂണ്ടിക്കാട്ടി. “ആധുനിക കാലങ്ങളിലുടനീളം ശാസ്‌ത്രം, യുക്തിചിന്ത, തത്ത്വചിന്ത എന്നീ മണ്ഡലങ്ങളിലെ എല്ലാ മുന്നേറ്റങ്ങളെയും അരിസ്റ്റോട്ടിലിന്റെ ശിഷ്യന്മാർ നഖശിഖാന്തം എതിർത്തിരിക്കുന്നു” എന്ന്‌ അദ്ദേഹം എഴുതി.​—⁠പാശ്ചാത്യ തത്ത്വശാസ്‌ത്രം (ഇംഗ്ലീഷ്‌).

‘ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നത്‌’

സോക്രട്ടീസ്‌, പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നിങ്ങനെ അഗ്രഗണ്യരായ തത്ത്വചിന്തകന്മാരുടെ ശിഷ്യരായിരുന്ന പലരെയും ആദിമ ക്രിസ്‌ത്യാനികൾ കണ്ടുമുട്ടിയിരിക്കാൻ ഇടയുണ്ട്‌. അക്കാലത്തെ വിദ്യാസമ്പന്നർ മിക്ക ക്രിസ്‌ത്യാനികളെയും അപേക്ഷിച്ച്‌ തങ്ങളെത്തന്നെ അതീവ ബുദ്ധിശാലികളായി കരുതിയിരുന്നു. യേശുവിന്റെ ശിഷ്യന്മാരിൽ പലരും “ലോകാഭിപ്രായപ്രകാരം” ജ്ഞാനികളായി കണക്കാക്കപ്പെട്ടിരുന്നില്ല. (1 കൊരിന്ത്യർ 1:26) വാസ്‌തവത്തിൽ, ക്രിസ്‌ത്യാനികളുടെ വിശ്വാസങ്ങൾ ‘ഭോഷത്തം’ അല്ലെങ്കിൽ ഫിലിപ്‌സ്‌ ബൈബിൾ ഭാഷാന്തരം പറയുന്ന പ്രകാരം, “തികഞ്ഞ വിഡ്‌ഢിത്തം” ആണെന്നാണ്‌ അന്നത്തെ തത്ത്വചിന്തകരുടെ ശിഷ്യന്മാർ വിശ്വസിച്ചിരുന്നത്‌.​—⁠1 കൊരിന്ത്യർ 1:23.

നിങ്ങൾ ആദിമ ക്രിസ്‌ത്യാനികളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ അക്കാലത്തെ ‘ബുദ്ധിജീവികളുടെ’ വാദഗതി നിങ്ങൾക്ക്‌ ആകർഷകമായി തോന്നുമായിരുന്നോ? അല്ലെങ്കിൽ അവരുടെ ജ്ഞാനപ്രകടനത്തിൽ നിങ്ങൾ വിസ്‌മയം കൂറുമായിരുന്നോ? (കൊലൊസ്സ്യർ 2:4) പൗലൊസ്‌ അപ്പൊസ്‌തലൻ പറയുന്നതനുസരിച്ച്‌, അതിനു യാതൊരു കാരണവും ഉണ്ടായിരിക്കുമായിരുന്നില്ല. “ജ്ഞാനികളുടെ ജ്ഞാന”ത്തെയും “ബുദ്ധിമാന്മാരുടെ ബുദ്ധി”യെയും യഹോവ ഭോഷത്വമായി വീക്ഷിക്കുന്നു എന്ന്‌ അവൻ ക്രിസ്‌ത്യാനികളെ ഓർമിപ്പിച്ചു. (1 കൊരിന്ത്യർ 1:19) “ജ്ഞാനി എവിടെ? ശാസ്‌ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ?” എന്ന്‌ അവൻ ചോദിച്ചു. (1 കൊരിന്ത്യർ 1:20) അതിബുദ്ധിമാന്മാർ ആയിരുന്നിട്ടും പൗലൊസിന്റെ നാളിലെ തത്ത്വചിന്തകന്മാർക്കും എഴുത്തുകാർക്കും വിമർശകർക്കുമൊന്നും മാനുഷിക പ്രശ്‌നങ്ങൾക്കു യഥാർഥ പരിഹാരം കണ്ടെത്താനായില്ല.

അതുകൊണ്ട്‌, ‘ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നത്‌’ എന്നു പൗലൊസ്‌ അപ്പൊസ്‌തലൻ വിശേഷിപ്പിച്ചതിനെ വർജിക്കാൻ ക്രിസ്‌ത്യാനികൾ പഠിച്ചിരിക്കുന്നു. (1 തിമൊഥെയൊസ്‌ 6:20) അത്തരം ജ്ഞാനത്തെ “വ്യാജം” എന്നു പൗലൊസ്‌ വിളിച്ചത്‌ അതിൽ ഒരു പ്രധാനപ്പെട്ട ഘടകത്തിന്റെ​—⁠അവരുടെ സിദ്ധാന്തങ്ങളുടെ മാറ്റുരച്ചുനോക്കാൻ സാധിക്കുന്ന ദൈവദത്ത ഉരകല്ലിന്റെ​—⁠അഭാവം ഉണ്ടായിരുന്നു എന്നതിനാലാണ്‌. (ഇയ്യോബ്‌ 28:12; സദൃശവാക്യങ്ങൾ 1:7) അതു മാത്രമല്ല, മുഖ്യ വഞ്ചകനായ പിശാചിനാൽ കുരുടാക്കപ്പെടുന്നു എന്നതിനാലും അത്തരം ജ്ഞാനത്തെ ആശ്രയിക്കുന്നവർക്കു സത്യം കണ്ടെത്താനാകുമെന്നു പ്രത്യാശിക്കാൻ വകയില്ലായിരുന്നു.​—⁠1 കൊരിന്ത്യർ 2:6-8, 14; 3:​18-20; 2 കൊരിന്ത്യർ 4:4; 11:14; വെളിപ്പാടു 12:⁠9.

ബൈബിൾ​—⁠നിശ്വസ്‌ത വഴികാട്ടി

തിരുവെഴുത്തിലൂടെയാണ്‌ ദൈവം തന്റെ ഇഷ്ടങ്ങളും ഉദ്ദേശ്യങ്ങളും തത്ത്വങ്ങളും വെളിപ്പെടുത്തിയിരിക്കുന്നത്‌ എന്നതിൽ ആദിമ ക്രിസ്‌ത്യാനികൾക്ക്‌ ഒരു സംശയവും ഉണ്ടായിരുന്നില്ല. (2 തിമൊഥെയൊസ്‌ 3:16, 17) ‘മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും തങ്ങളെ കവർന്നുകളയാതിരിപ്പാൻ’ അത്‌ അവരെ സഹായിച്ചു. (കൊലൊസ്സ്യർ 2:8) ഇന്നും ആ സ്ഥിതിവിശേഷത്തിനു മാറ്റമില്ല. മനുഷ്യരുടെ സങ്കീർണവും പരസ്‌പര വിരുദ്ധവുമായ അഭിപ്രായങ്ങൾക്കു നേർവിപരീതമായി ദൈവത്തിന്റെ നിശ്വസ്‌ത വചനം നമ്മുടെ വിശ്വാസത്തിനു ശക്തമായ അടിത്തറ പ്രദാനം ചെയ്യുന്നു. (യോഹന്നാൻ 17:17; 1 തെസ്സലൊനീക്യർ 2:13; 2 പത്രൊസ്‌ 1:21) ബൈബിൾ ഇല്ലായിരുന്നെങ്കിൽ, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന മനുഷ്യ സിദ്ധാന്തങ്ങളുടെയും തത്ത്വചിന്തകളുടെയും തെല്ലും ഉറപ്പില്ലാത്ത മണൽസമാന അടിസ്ഥാനത്തിന്മേൽ നാം വിശ്വാസം കെട്ടിപ്പടുക്കേണ്ട അവസ്ഥ വരുമായിരുന്നു.​—⁠മത്തായി 7:24-27.

‘എന്നാൽ, ബൈബിൾ തെറ്റാണെന്നു ശാസ്‌ത്രം തെളിയിച്ചിട്ടുണ്ടല്ലോ? ആ സ്ഥിതിക്ക്‌, നിത്യം മാറിക്കൊണ്ടിരിക്കുന്ന മാനുഷ തത്ത്വചിന്തകളെപ്പോലെ അതും ആശ്രയിക്കാൻ കൊള്ളാത്തതല്ലേ’? എന്നു ചിലർ ചോദിച്ചേക്കാം. ദൃഷ്ടാന്തത്തിന്‌, “ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രസ്ഥാനമല്ല എന്ന തങ്ങളുടെ വാദഗതി സ്ഥാപിച്ചെടുക്കാൻ കോപ്പർനിക്കസ്‌, കെപ്ലർ, ഗലീലിയോ എന്നിവർക്ക്‌ അരിസ്റ്റോട്ടിലിനും അതുപോലെ ബൈബിളിനും എതിരെ പോരാടേണ്ടിവന്നു” എന്ന്‌ ബർട്രൻഡ്‌ റസ്സൽ അവകാശപ്പെട്ടു. (ചെരിച്ചെഴുതിരിക്കുന്നത്‌ ഞങ്ങൾ.) ഭൂഗ്രഹത്തിന്‌ ശതകോടിക്കണക്കിനു വർഷം പഴക്കമുണ്ടെന്ന്‌ എല്ലാ വസ്‌തുതകളും വ്യക്തമാക്കുമ്പോൾത്തന്നെ 24 മണിക്കൂറുള്ള ഏഴു ദിവസങ്ങൾ കൊണ്ടാണ്‌ അത്‌ സൃഷ്ടിക്കപ്പെട്ടത്‌ എന്നു ബൈബിൾ പഠിപ്പിക്കുന്നതായി ഇന്നു സൃഷ്ടിവാദികൾ തറപ്പിച്ചു പറയുന്നില്ലേ?

ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രസ്ഥാനമാണെന്നു ബൈബിൾ പഠിപ്പിക്കുന്നില്ല എന്നതാണു വാസ്‌തവം. ദൈവവചനം പിൻപറ്റാതിരുന്ന സഭാ നേതാക്കന്മാരാണ്‌ ആ പഠിപ്പിക്കലിന്റെ പിന്നിൽ. ഉല്‌പത്തിയിലെ സൃഷ്ടിപ്പിൻ വിവരണം അനുസരിച്ച്‌, ഭൂമിക്ക്‌ ശതകോടിക്കണക്കിനു വർഷം പഴക്കമുണ്ടായിരിക്കാൻ സാധ്യതയുണ്ട്‌. ഓരോ സൃഷ്ടിദിവസത്തെയും 24 മണിക്കൂറുള്ള ദിവസങ്ങളായി അതു പരിമിതപ്പെടുത്തുന്നുമില്ല. (ഉല്‌പത്തി 1:1, 5, 8, 13, 19, 23, 31; 2:​3, 4) ബൈബിൾ ഒരു ശാസ്‌ത്ര പാഠപുസ്‌തകം അല്ലെങ്കിലും അതിലെ വിവരങ്ങൾ ഒരുപ്രകാരത്തിലും ‘തികഞ്ഞ വിഡ്‌ഢിത്തം’ അല്ലെന്ന്‌ ബൈബിളിനെ കുറിച്ചുള്ള സത്യസന്ധമായ വിലയിരുത്തൽ വ്യക്തമാക്കും. വാസ്‌തവത്തിൽ, അത്‌ തെളിയിക്കപ്പെട്ട ശാസ്‌ത്രവുമായി പൂർണ യോജിപ്പിലാണ്‌. *

‘ന്യായബോധം’

യേശുവിന്റെ അനുഗാമികളിൽ പലരും അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള സാധാരണ സ്‌ത്രീപുരുഷന്മാർ ആയിരുന്നെങ്കിലും, ചില പ്രത്യേക കഴിവുകൾ നൽകി ദൈവം അവരെ അനുഗ്രഹിക്കുകയുണ്ടായി. അവർ വ്യത്യസ്‌ത ജീവിതതുറകളിൽ നിന്നുള്ളവർ ആയിരുന്നെങ്കിലും അതൊന്നും ഗണ്യമാക്കാതെ ദൈവം അവർക്കെല്ലാം ന്യായബോധവും ചിന്താപ്രാപ്‌തികളും നൽകി. തങ്ങളുടെ ‘ന്യായബോധം’ പരമാവധി ഉപയോഗിക്കാനും ‘ദൈവഹിതം ഇന്നതെന്നു തിരിച്ചറിയാനും’ പൗലൊസ്‌ അവരെ പ്രോത്സാഹിപ്പിച്ചു.​—⁠റോമർ 12:1, 2.

വെളിപ്പെടുത്തപ്പെട്ട ദൈവവചനത്തിനു ചേർച്ചയിലല്ലാത്ത ഏതൊരു തത്ത്വചിന്തയും പഠിപ്പിക്കലും ഉപയോഗശൂന്യമാണെന്നു ദൈവദത്ത ‘ന്യായബോധം’ ഉണ്ടായിരുന്ന ആദിമ ക്രിസ്‌ത്യാനികൾ തിരിച്ചറിഞ്ഞു. ചില കാര്യങ്ങളോടുള്ള ബന്ധത്തിൽ അവരുടെ നാളിലെ ജ്ഞാനികൾ, “സത്യത്തെ തടുക്കു”കയും ദൈവമുണ്ട്‌ എന്നതിനു തങ്ങൾക്കു ചുറ്റുമുണ്ടായിരുന്ന തെളിവുകളെ അവഗണിക്കുകയും ചെയ്‌തിരുന്നു. “ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി” എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി. ദൈവത്തെയും അവനെക്കുറിച്ചുള്ള സത്യത്തെയും നിരാകരിച്ചതുകൊണ്ട്‌ അവർ “തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.”​—⁠റോമർ 1:18-22; യിരെമ്യാവു 8:8, 9.

ജ്ഞാനികൾ എന്നു സ്വയം കരുതുന്നവർ മിക്കപ്പോഴും, “ദൈവമില്ല,” “ബൈബിൾ ആശ്രയയോഗ്യമല്ല,” “ഇത്‌ ‘അന്ത്യകാലം’ അല്ല” എന്നൊക്കെ വാദിക്കുന്നു. അതു ദൈവദൃഷ്ടിയിൽ ഭോഷത്തമാണ്‌, “2=1” ആണെന്നു നിഗമനം ചെയ്യുന്നതു പോലെ. (1 കൊരിന്ത്യർ 3:19) ആളുകൾ തങ്ങൾക്ക്‌ എത്രതന്നെ അധികാരമുള്ളതായി കരുതിയാലും അവരുടെ നിഗമനങ്ങൾ ദൈവവിരുദ്ധവും ദൈവവചനത്തിനു ചേർച്ചയിൽ അല്ലാത്തതും സാമാന്യബുദ്ധിക്കു നിരക്കാത്തതും ആണെങ്കിൽ നാം അവ അംഗീകരിക്കേണ്ടതില്ല. ആത്യന്തികമായി പറഞ്ഞാൽ, “ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്‌കു പറയുന്നവർ” എന്ന്‌ എല്ലായ്‌പോഴും അംഗീകരിക്കുന്നതാണു ജ്ഞാനപൂർവകമായ ഗതി.​—⁠റോമർ 3:⁠4.

[അടിക്കുറിപ്പ്‌]

^ ഖ. 20 കൂടുതൽ വിശദാംശങ്ങൾക്ക്‌ വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ബൈബിൾ​—⁠ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ?, നിങ്ങളെക്കുറിച്ചു കരുതുന്ന ഒരു സ്രഷ്ടാവ്‌ ഉണ്ടോ? എന്നീ പുസ്‌തകങ്ങൾ കാണുക.

[31-ാം പേജിലെ ചിത്രങ്ങൾ]

നിരന്തരം മാറിക്കൊണ്ടിരിക്കുന്ന മാനുഷ ആശയങ്ങളിൽനിന്നു വ്യത്യസ്‌തമായി വിശ്വാസത്തിന്റെ ഉറച്ച അടിസ്ഥാനം ബൈബിൾ പ്രദാനം ചെയ്യുന്നു

[കടപ്പാട്‌]

ഇടത്ത്‌, എപ്പിക്കൂറസ്‌: Photograph taken by courtesy of the British Museum; മുകളിൽ മധ്യത്തിൽ, പ്ലേറ്റോ: National Archaeological Museum, Athens, Greece;വലത്ത്‌, സോക്രട്ടീസ്‌: Roma, Musei Capitolini