വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ ക്ഷീണിതനു ശക്തി നൽകുന്നു

യഹോവ ക്ഷീണിതനു ശക്തി നൽകുന്നു

യഹോവ ക്ഷീണിതനു ശക്തി നൽകുന്നു

“[യഹോവ] ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്‌കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു.”​—⁠യെശയ്യാവു 40:⁠29.

1. ദൈവത്തിന്റെ സൃഷ്ടികളിൽ അടങ്ങിയിരിക്കുന്ന ശക്തിയുടെ ആധിക്യം ദൃഷ്ടാന്തീകരിക്കുക.

യഹോവയുടെ ശക്തി അപരിമേയമാണ്‌. അവന്റെ സൃഷ്ടികളിൽ പ്രവർത്തനക്ഷമമായ എത്രയധികം ഊർജമാണ്‌ അടങ്ങിയിരിക്കുന്നത്‌! എല്ലാ വസ്‌തുക്കളുടെയും അടിസ്ഥാന ഘടകമായ ആറ്റത്തിന്റെ കാര്യമെടുക്കുക. ഒരു തുള്ളി വെള്ളത്തിൽതന്നെ പത്തുലക്ഷം കോടിക്കോടി ആറ്റങ്ങളുണ്ട്‌. * അത്രയ്‌ക്കു ചെറുതാണ്‌ ഒരു ആറ്റം. ഭൂമിയിലെ സകല ജീവജാലങ്ങളും സൂര്യനിൽ നടക്കുന്ന ആറ്റോമിക പ്രതിപ്രവർത്തന ഫലമായി ഉളവാകുന്ന ഊർജത്തെയാണ്‌ ആശ്രയിക്കുന്നത്‌. എന്നാൽ ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന്‌ എത്രമാത്രം സൗരോർജം ആവശ്യമാണ്‌? സൂര്യൻ ഉത്‌പാദിപ്പിക്കുന്ന ഊർജത്തിന്റെ വളരെ ചെറിയ ഒരു അംശം മാത്രമാണ്‌ ഭൂമിയിൽ എത്തുന്നത്‌. എന്നിരുന്നാലും “ഭൂമിയിൽ പതിക്കുന്ന സൗരോർജത്തിന്റെ ആ ചെറിയ അംശം പോലും ലോകത്തിലെ മുഴുവൻ ഫാക്ടറികളിലുംകൂടി ഉപയോഗിക്കുന്ന മൊത്തം ഊർജത്തെക്കാൾ, അളന്നു തിട്ടപ്പെടുത്താൻ സാധിക്കാത്തത്ര അധികമാണ്‌.”

2. യഹോവയുടെ ശക്തിയെ കുറിച്ച്‌ യെശയ്യാവു 40:26 എന്തു പറയുന്നു?

2 ആറ്റത്തെ കുറിച്ചു ചിന്തിച്ചാലും ബ്രഹത്തായ പ്രപഞ്ചത്തെ കുറിച്ചു ചിന്തിച്ചാലും അവിടെയെല്ലാം കാണുന്ന യഹോവയുടെ ഭയഗംഭീര ശക്തി നമ്മെ അമ്പരപ്പിക്കുന്നു. പിൻവരുന്ന പ്രകാരം പറയാൻ അവനു സാധിച്ചതിൽ യാതൊരു അതിശയവുമില്ല: “നിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യം [“പ്രവർത്തനക്ഷമമായ ഊർജം,” NW] നിമിത്തവും അവന്റെ ശക്തിയുടെ ആധിക്യം നിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല”! (യെശയ്യാവു 40:26) അതേ, യഹോവ “ശക്തിയുടെ ആധിക്യ”മുള്ളവനാണ്‌. മുഴു പ്രപഞ്ചത്തെയും സൃഷ്ടിക്കാൻ ഉപയോഗിച്ച “പ്രവർത്തനക്ഷമമായ ഊർജ”ത്തിന്റെ ഉറവാണ്‌ അവൻ.

സാധാരണയിൽ കവിഞ്ഞ ശക്തി ആവശ്യം

3, 4. (എ) നമ്മെ ക്ഷീണിപ്പിച്ചേക്കാവുന്ന ചില ഘടകങ്ങൾ ഏവ? (ബി) ഏതു ചോദ്യം നമ്മുടെ പരിചിന്തനം അർഹിക്കുന്നു?

3 ദൈവത്തിന്റെ ശക്തിക്കു പരിമിതിയില്ലെങ്കിലും മനുഷ്യരുടെ കാര്യം അങ്ങനെയല്ല, അവർ എളുപ്പം ക്ഷീണിക്കുന്നു. എവിടെ ചെന്നാലും നമുക്കു ക്ഷീണിതരെ കാണാം. അവർ ക്ഷീണിതരായി ഉണരുന്നു, ക്ഷീണിതരായി ജോലിക്കോ സ്‌കൂളിലോ പോകുന്നു, ക്ഷീണിതരായി മടങ്ങി വരുന്നു, പരിക്ഷീണിതരായി ഉറങ്ങുന്നു. എവിടെയെങ്കിലും പോയി, അൽപ്പനേരമെങ്കിലും ഒന്നു വിശ്രമിക്കാൻ പലരും അതിയായി ആഗ്രഹിക്കുന്നു. യഹോവയുടെ ദാസന്മാരായ നമുക്കും ക്ഷീണം അനുഭവപ്പെടുന്നു. എന്തെന്നാൽ ദൈവഭക്തിയോടെ ജീവിക്കുന്നതിന്‌ കഠിന പോരാട്ടം ആവശ്യമാണ്‌. (മർക്കൊസ്‌ 6:30, 31; ലൂക്കൊസ്‌ 13:24; 1 തിമൊഥെയൊസ്‌ 4:⁠8) അതിനുപുറമേ, നമ്മുടെ ശക്തി ചോർത്തിക്കളയുന്ന മറ്റു നിരവധി ഘടകങ്ങളുമുണ്ട്‌.

4 ക്രിസ്‌ത്യാനികൾ ആണെന്നുവെച്ച്‌ നാം, ആളുകൾ പൊതുവെ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽനിന്ന്‌ ഒഴിവുള്ളവരല്ല. (ഇയ്യോബ്‌ 14:⁠1) രോഗങ്ങളോ സാമ്പത്തിക തിരിച്ചടികളോ ജീവിതത്തിലെ മറ്റു ബുദ്ധിമുട്ടുകളോ നമ്മെ നിരാശരും ക്ഷീണിതരും ആക്കിയേക്കാം. ഇവയ്‌ക്കെല്ലാം പുറമേ, നീതി കാത്തുകൊള്ളുന്നതു നിമിത്തമുള്ള കൂടുതലായ പരിശോധനകളും നമുക്കു നേരിടേണ്ടിവരുന്നു. (2 തിമൊഥെയൊസ്‌ 3:12; 1 പത്രൊസ്‌ 3:14) ലോകത്തിൽനിന്നുള്ള അനുദിന സമ്മർദങ്ങളും നമ്മുടെ രാജ്യപ്രസംഗ വേലയോടുള്ള എതിർപ്പും നിമിത്തം അങ്ങേയറ്റം ക്ഷീണിതരായി യഹോവയുടെ സേവനത്തിൽ മന്ദീഭവിച്ചുപോകുന്നതായി ചിലർക്കെങ്കിലും തോന്നിയേക്കാം. തന്നെയുമല്ല, ദൈവത്തോടുള്ള നമ്മുടെ ദൃഢവിശ്വസ്‌തത തകർക്കാനായി പിശാചായ സാത്താൻ സാധ്യമായ സകല മാർഗങ്ങളും ഉപയോഗിക്കുകയും ചെയ്യുന്നു. ക്ഷീണിച്ചു പിന്മാറാതിരിക്കാൻ ആവശ്യമായ ആത്മീയ കരുത്ത്‌ നമുക്ക്‌ എങ്ങനെ നേടാൻ കഴിയും?

5. ക്രിസ്‌തീയ ശുശ്രൂഷ നിർവഹിക്കാൻ മനുഷ്യശക്തി മാത്രം മതിയാകാത്തത്‌ എന്തുകൊണ്ട്‌?

5 ആത്മീയ ശക്തിക്കായി നാം സർവശക്തനാം സ്രഷ്ടാവായ യഹോവയിൽ ആശ്രയിക്കണം. അപൂർണ മനുഷ്യർക്കുള്ള സാധാരണ ശക്തികൊണ്ട്‌ ക്രിസ്‌തീയ ശുശ്രൂഷ നിർവഹിക്കാനാവില്ലെന്നു പൗലൊസ്‌ അപ്പൊസ്‌തലൻ ചൂണ്ടിക്കാട്ടി. അവൻ ഇങ്ങനെ എഴുതി: “ഈ അത്യന്തശക്തി [“സാധാരണയിൽ കവിഞ്ഞ ശക്തി,” NW] ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളതു.” (2 കൊരിന്ത്യർ 4:⁠7) അഭിഷിക്ത ക്രിസ്‌ത്യാനികൾ ഭൗമിക പ്രത്യാശയുള്ള തങ്ങളുടെ സഹകാരികളുടെ പിന്തുണയോടെ ഒരു “അനുരഞ്‌ജന ശുശ്രൂഷ” നിർവഹിക്കുന്നു. (2 കൊരിന്ത്യർ 5:​18, NW; യോഹന്നാൻ 10:16; വെളിപ്പാടു 7:⁠9) അപൂർണ മനുഷ്യരായ നാം ദൈവത്തിന്റെ വേല ചെയ്യുന്നത്‌ പീഡനത്തിന്മധ്യേ ആയതിനാൽ സ്വന്തം ശക്തിയാൽ നമുക്ക്‌ അതു നിർവഹിക്കാനാവില്ല. യഹോവ പരിശുദ്ധാത്മാവിലൂടെ നമ്മെ സഹായിക്കുന്നു. അങ്ങനെ നമ്മുടെ ബലഹീനത അവന്റെ ശക്തിയുടെ മഹത്വത്തെ വെളിപ്പെടുത്തുന്നു. “നീതിമാന്മാരെ യഹോവ താങ്ങും” എന്ന ഉറപ്പ്‌ നമുക്ക്‌ എന്തുമാത്രം ആശ്വാസമാണ്‌ പകരുന്നത്‌!​—⁠സങ്കീർത്തനം 37:⁠17.

‘യഹോവ നമ്മുടെ ബലം’

6. യഹോവ നമ്മുടെ ശക്തിയുടെ ഉറവാണെന്ന്‌ തിരുവെഴുത്തുകൾ ഉറപ്പു നൽകുന്നത്‌ എങ്ങനെ?

6 നമ്മുടെ സ്വർഗീയ പിതാവ്‌ “ശക്തിയുടെ ആധിക്യ”മുള്ളവനാകയാൽ അവനു നമ്മെ അനായാസം ശക്തീകരിക്കാനാകും. നമ്മോട്‌ ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു: “[യഹോവ] ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്‌കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു. ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൌവനക്കാരും ഇടറിവീഴും. എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.” (യെശയ്യാവു 40:29-31) ക്ഷീണിച്ച്‌ അവശനായി ഒരടിപോലും മുന്നോട്ടു വെക്കാൻ കഴിയില്ലാത്ത ഒരു ഓട്ടക്കാരനെപ്പോലെയാണു നാമെന്ന്‌ സമ്മർദങ്ങൾ ഏറിവരുമ്പോൾ നമുക്കു തോന്നിയേക്കാം. എന്നാൽ ജീവനു വേണ്ടിയുള്ള ഓട്ടത്തിലെ ഫിനിഷിങ്‌ ലൈൻ തൊട്ടുമുന്നിലാണ്‌, അതുകൊണ്ട്‌ നാം മടുത്തു പിന്മാറരുത്‌. (2 ദിനവൃത്താന്തം 29:11) നമ്മുടെ പ്രതിയോഗിയായ പിശാച്‌ “അലറുന്ന സിംഹം എന്നപോലെ” ചുറ്റി നടക്കുകയാണ്‌. ദൈവസേവനത്തിൽനിന്നു നമ്മെ ഏതുവിധേനയും പിന്തിരിപ്പിക്കുക എന്നതാണ്‌ അവന്റെ ലക്ഷ്യം. (1 പത്രൊസ്‌ 5:⁠8) യഹോവ ‘നമ്മുടെ ബലവും നമ്മുടെ പരിചയും’ ആണെന്നുള്ളതു നമുക്ക്‌ ഒരിക്കലും മറക്കാതിരിക്കാം. ‘ക്ഷീണിച്ചിരിക്കുന്നവനു ശക്തി നൽകാൻ’ അവൻ വളരെയേറെ കരുതലുകൾ ചെയ്‌തിട്ടുണ്ട്‌.​—⁠സങ്കീർത്തനം 28:⁠7.

7, 8. യഹോവ ദാവീദിനെയും ഹബക്കൂകിനെയും പൗലൊസിനെയും ബലപ്പെടുത്തി എന്നതിന്‌ എന്തു തെളിവുണ്ട്‌?

7 കടുത്ത പ്രതിബന്ധങ്ങളെ മറികടന്ന്‌ മുന്നേറാൻ ആവശ്യമായ ശക്തി യഹോവ ദാവീദിനു നൽകി. അതുകൊണ്ട്‌ പൂർണ വിശ്വാസത്തോടും ഉറപ്പോടും കൂടെ അവൻ ഇങ്ങനെ എഴുതി: “ദൈവത്താൽ നാം വീര്യം പ്രവർത്തിക്കും; [“ഊർജസ്വലത കൈവരിക്കും,” NW] അവൻ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും.” (സങ്കീർത്തനം 60:12) പ്രവാചകൻ എന്ന നിലയിലുള്ള നിയമനം നിർവഹിക്കാൻ ഹബക്കൂകിനെയും യഹോവ ബലപ്പെടുത്തി. ഹബക്കൂക്‌ 3:19 ഇങ്ങനെ പറയുന്നു: “യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു.” പൗലൊസിന്റെ ദൃഷ്ടാന്തവും ശ്രദ്ധേയമാണ്‌. അവൻ എഴുതി: ‘എന്നെ ശക്തനാക്കുന്ന [ദൈവം] മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.’​—⁠ഫിലിപ്പിയർ 4:⁠13.

8 ശക്തീകരിക്കാനും രക്ഷിക്കാനുമുള്ള ദൈവത്തിന്റെ ശക്തിയിൽ ദാവീദിനെയും ഹബക്കൂകിനെയും പൗലൊസിനെയും പോലെ നാമും വിശ്വാസം അർപ്പിക്കണം. പരമാധികാര കർത്താവായ യഹോവ നമ്മുടെ ‘ബലത്തിന്റെ’ ഉറവ്‌ ആണെന്ന വസ്‌തുത മനസ്സിൽപ്പിടിച്ചുകൊണ്ട്‌, ആത്മീയ ശക്തി ആർജിക്കാൻ കഴിയുന്ന മാർഗങ്ങളെ കുറിച്ചു നമുക്ക്‌ ഇപ്പോൾ പരിചിന്തിക്കാം. അതിനായി ദൈവം അനേകം കരുതലുകൾ ചെയ്‌തിരിക്കുന്നു.

നമ്മെ ശക്തീകരിക്കാനുള്ള ആത്മീയ കരുതലുകൾ

9. നമ്മെ പരിപോഷിപ്പിക്കുന്നതിൽ ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങൾ എന്തു പങ്കു വഹിക്കുന്നു?

9 ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളുടെ സഹായത്തോടെ ഉത്സാഹപൂർവം തിരുവെഴുത്തുകൾ പഠിക്കുന്നത്‌ നമ്മെ ആത്മീയമായി ശക്തീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യും. സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്‌ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ. അവൻ, ആററരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്‌ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.” (സങ്കീർത്തനം 1:1-3) ശാരീരിക ബലം നിലനിറുത്തണമെങ്കിൽ നാം ആഹാരം കഴിക്കേണ്ടതുണ്ട്‌. സമാനമായി, ദൈവം തന്റെ വചനത്തിലൂടെയും ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളിലൂടെയും നൽകുന്ന ആത്മീയ ആഹാരം കഴിച്ചാൽ മാത്രമേ നമുക്ക്‌ ആത്മീയ ബലം നിലനിറുത്താനാകൂ. അതുകൊണ്ട്‌ അർഥവത്തായ പഠനവും ധ്യാനവും അത്യന്താപേക്ഷിതമാണ്‌.

10. പഠനത്തിനും ധ്യാനത്തിനും നമുക്ക്‌ എപ്പോൾ സമയം കണ്ടെത്താൻ കഴിയും?

10 “ദൈവത്തിന്റെ ആഴങ്ങളെ” കുറിച്ചു ധ്യാനിക്കുന്നത്‌ തീർച്ചയായും പ്രതിഫലദായകമാണ്‌. (1 കൊരിന്ത്യർ 2:10) എന്നാൽ എപ്പോഴാണ്‌ നമുക്ക്‌ അതിനുള്ള സമയം കണ്ടെത്താൻ കഴിയുക? അബ്രാഹാമിന്റെ പുത്രനായ യിസ്‌ഹാക്‌ ‘വൈകുന്നേരത്ത്‌ ധ്യാനിപ്പാൻ വെളിമ്പ്രദേശത്തു പോയിരുന്നു.’ (ഉല്‌പത്തി 24:63-67) സങ്കീർത്തനക്കാരനായ ദാവീദ്‌ ‘രാത്രിയാമങ്ങളിൽ ദൈവത്തെ കുറിച്ച്‌ ധ്യാനിക്കു’മായിരുന്നു. (സങ്കീർത്തനം 63:⁠5) നമുക്കു രാവിലെയോ വൈകുന്നേരമോ രാത്രിയിലോ, അതേ ഏതു നേരത്തും, ദൈവവചനം പഠിക്കുകയും അതേക്കുറിച്ചു ധ്യാനിക്കുകയും ചെയ്യാവുന്നതാണ്‌. അത്തരം പഠനവും ധ്യാനവും നമ്മെ ആത്മീയമായി ശക്തീകരിക്കാനുള്ള യഹോവയുടെ മറ്റൊരു കരുതലിലേക്ക്‌ നമ്മെ വഴിനയിക്കുന്നു. ആ കരുതലാണ്‌ പ്രാർഥന.

11. പതിവായ പ്രാർഥനയ്‌ക്കു നാം വലിയ പ്രാധാന്യം കൽപ്പിക്കേണ്ടത്‌ എന്തുകൊണ്ട്‌?

11 പതിവായ പ്രാർഥന നമ്മെ ശക്തീകരിക്കുന്നു. അതുകൊണ്ട്‌ നമുക്ക്‌ “പ്രാർത്ഥനയിൽ ഉറ്റിരി”ക്കാം. (റോമർ 12:13) പരിശോധനയെ തരണം ചെയ്യാനാവശ്യമായ ജ്ഞാനത്തിനും ശക്തിക്കും വേണ്ടി നാം ചില അവസരങ്ങളിൽ പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ട്‌. (യാക്കോബ്‌ 1:5-8) ദൈവോദ്ദേശ്യങ്ങളുടെ നിവൃത്തി കാണുകയോ തന്റെ സേവനത്തിനായി ദൈവം നമ്മെ ശക്തീകരിച്ചിരിക്കുന്നതായി മനസ്സിലാക്കുകയോ ചെയ്യുമ്പോൾ, നമുക്ക്‌ അവനു നന്ദിയും സ്‌തുതിയും കരേറ്റാം. (ഫിലിപ്പിയർ 4:6, 7) നാം പ്രാർഥനയിലൂടെ ദൈവത്തോടു അടുത്തുവരുന്നെങ്കിൽ അവൻ നമ്മെ ഒരിക്കലും ഉപേക്ഷിക്കില്ല. “ഇതാ, ദൈവം എന്റെ സഹായകനാകുന്നു” എന്ന്‌ ദാവീദ്‌ പാടി.​—⁠സങ്കീർത്തനം 54:⁠4.

12. ദൈവത്തിന്റെ പരിശുദ്ധാത്മാവിനു വേണ്ടി നാം പ്രാർഥിക്കേണ്ടത്‌ എന്തുകൊണ്ട്‌?

12 നമ്മുടെ സ്വർഗീയ പിതാവ്‌ തന്റെ പരിശുദ്ധാത്മാവിലൂടെ അഥവാ പ്രവർത്തനനിരതമായ ശക്തിയിലൂടെ നമ്മെ ബലപ്പെടുത്തുന്നു. പൗലൊസ്‌ ഇങ്ങനെ എഴുതി: “ഞാൻ . . . പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു. അവൻ തന്റെ മഹത്വത്തിന്റെ ധനത്തിന്നു ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിന്നു” പ്രാർഥിക്കുന്നു. (എഫെസ്യർ 3:14-16) ദൈവം പരിശുദ്ധാത്മാവിനെ നൽകി നമ്മെ അനുഗ്രഹിക്കും എന്ന ഉറപ്പോടെ നാം അതിനായി പ്രാർഥിക്കണം. യേശുവിന്റെ ന്യായവാദം ശ്രദ്ധിക്കുക: ഒരു കുട്ടി മീൻ ചോദിച്ചാൽ സ്‌നേഹമുള്ള ഒരു പിതാവ്‌ അവന്‌ പാമ്പിനെ കൊടുക്കുമോ? തീർച്ചയായും ഇല്ല. അതുകൊണ്ട്‌ അവൻ ഇങ്ങനെ നിഗമനം ചെയ്‌തു: ‘[അപൂർണരും അതു നിമിത്തം പൊതുവെ] ദോഷികളുമായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.’ (ലൂക്കൊസ്‌ 11:11-13) അത്തരം ഉറച്ച ബോധ്യത്തോടെ നമുക്കു പ്രാർഥിക്കുകയും ദൈവത്തിന്റെ വിശ്വസ്‌ത ദാസന്മാർക്ക്‌ അവന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ‘ബലപ്പെടാൻ’ കഴിയുമെന്ന്‌ ഒരിക്കലും മറക്കാതിരിക്കുകയും ചെയ്യാം.

സഭയിലൂടെ ശക്തീകരിക്കപ്പെടുന്നു

13. നാം ക്രിസ്‌തീയ യോഗങ്ങളെ എങ്ങനെ വീക്ഷിക്കണം?

13 ക്രിസ്‌തീയ യോഗങ്ങളിലൂടെ യഹോവ നമ്മെ ശക്തീകരിക്കുന്നു. യേശു ഇങ്ങനെ പറഞ്ഞു: “രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ടു.” (മത്തായി 18:20) സഭയിൽ നേതൃത്വം എടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചു സംസാരിക്കവെയാണ്‌ യേശു ആ വാഗ്‌ദാനം നൽകിയത്‌. (മത്തായി 18:15-19) എന്നിരുന്നാലും അവന്റെ ആ വാക്കുകൾ തത്ത്വത്തിൽ നമ്മുടെ എല്ലാ യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും കൺവെൻഷനുകൾക്കും ബാധകമാണ്‌, അവന്റെ നാമത്തിലുള്ള പ്രാർഥനയോടെയാണല്ലോ അവ ആരംഭിക്കുന്നതും അവസാനിക്കുന്നതും. (യോഹന്നാൻ 14:14) അതുകൊണ്ട്‌ കൂടിവരുന്നവരുടെ എണ്ണം പരിമിതമാണെങ്കിലും അല്ലെങ്കിലും, അത്തരം ക്രിസ്‌തീയ കൂടിവരവുകളിൽ സംബന്ധിക്കാൻ കഴിയുന്നത്‌ ഒരു പദവിതന്നെയാണ്‌. ആയതിനാൽ, നമ്മെ ആത്മീയമായി ശക്തീകരിക്കാനും നമുക്കിടയിൽ സ്‌നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർധിപ്പിക്കാനും ഉദ്ദേശിച്ചുള്ള അത്തരം അവസരങ്ങളെ പ്രതി നമുക്കു കൃതജ്ഞതയുള്ളവരായിരിക്കാം.​—⁠എബ്രായർ 10:24, 25.

14. ക്രിസ്‌തീയ മൂപ്പന്മാരുടെ ശ്രമങ്ങൾ നമുക്ക്‌ പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ?

14 ക്രിസ്‌തീയ മൂപ്പന്മാർ ആത്മീയ സഹായവും പ്രോത്സാഹനവും പ്രദാനം ചെയ്യുന്നു. (1 പത്രൊസ്‌ 5:2, 3) താൻ സേവിച്ച സഭകളിലെ സഹോദരങ്ങളെ പൗലൊസ്‌ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു, ഇന്ന്‌ സഞ്ചാരമേൽവിചാരകന്മാർ ചെയ്യുന്നതുപോലെ. വാസ്‌തവത്തിൽ, ആത്മീയമായി പരിപുഷ്ടിപ്പെടുത്തുന്ന പരസ്‌പര പ്രോത്സാഹനത്തിനായി സഹവിശ്വാസികളോടൊപ്പം ആയിരിക്കാൻ അവൻ വാഞ്‌ഛിച്ചു. (പ്രവൃത്തികൾ 14:19-22; റോമർ 1:11, 12, NW) നമ്മെ ആത്മീയമായി ശക്തിപ്പെടുത്തുന്നതിൽ വലിയൊരു പങ്കു വഹിക്കുന്ന നമ്മുടെ പ്രദേശിക മൂപ്പന്മാരോടും മറ്റു ക്രിസ്‌തീയ മേൽവിചാരകന്മാരോടും നമുക്ക്‌ എല്ലായ്‌പോഴും വിലമതിപ്പു പ്രകടമാക്കാം.

15. സഭയിലെ നമ്മുടെ സഹവിശ്വാസികൾ “ബലപ്പെടുത്തുന്ന ഒരു സഹായം” ആയിരിക്കുന്നത്‌ എങ്ങനെ?

15 സഹവിശ്വാസികൾക്ക്‌ നമ്മെ “ബലപ്പെടുത്തുന്ന ഒരു സഹായം” ആയിരിക്കാൻ കഴിയും. (കൊലൊസ്സ്യർ 4:10, 11, NW) നമ്മുടെ ആത്മാർഥ ‘സ്‌നേഹിതരായ’ അവർക്ക്‌ അനർഥ സമയങ്ങളിൽ നമ്മെ സഹായിക്കാനാകും. (സദൃശവാക്യങ്ങൾ 17:17) ദൃഷ്ടാന്തത്തിന്‌, 1945-ൽ സാക്‌സെൻഹൗസെൻ തടങ്കൽപ്പാളയത്തിൽനിന്ന്‌ നാസികൾ വിട്ടയച്ച 220 ദൈവദാസന്മാർക്ക്‌ 200 കിലോമീറ്റർ ദൂരം നടക്കേണ്ടിവന്നു. അവർ ഒരു കൂട്ടമായാണ്‌ സഞ്ചരിച്ചത്‌. ആരോഗ്യം ഉണ്ടായിരുന്നവർ ഏറ്റവും ബലഹീനരായവരെ ഏതാനും ചെറിയ ഉന്തുവണ്ടികളിലിരുത്തി വലിച്ചുകൊണ്ടു പോയി. ഫലമോ? തടങ്കൽപ്പാളയത്തിലെ അന്തേവാസികളിൽ 10,000-ത്തിൽ ഏറെ പേർ മരിച്ചുവീണ ആ ‘മരണപ്രയാണ’ത്തിനിടയിൽ യഹോവയുടെ സാക്ഷികളായ ആരും മരിച്ചില്ല. യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം, യഹോവയുടെ സാക്ഷികൾ​—⁠ദൈവരാജ്യ ഘോഷകർ തുടങ്ങിയ വാച്ച്‌ടവർ പ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെടുന്ന അത്തരം വിവരണങ്ങൾ, മടുത്തു പിൻവാങ്ങാതിരിക്കാൻ തക്കവിധം ദൈവം തന്റെ ജനത്തെ ശക്തീകരിക്കുന്നു എന്നതിന്റെ തെളിവാണ്‌.​—⁠ഗലാത്യർ 6:⁠9. *

വയൽശുശ്രൂഷയാൽ ശക്തീകരിക്കപ്പെടുന്നു

16. വയൽ ശുശ്രൂഷയിൽ പതിവായി പങ്കുപറ്റുന്നത്‌ നമ്മെ ആത്മീയമായി ശക്തീകരിക്കുന്നത്‌ എങ്ങനെ?

16 രാജ്യപ്രസംഗ വേലയിൽ പതിവായി പങ്കുപറ്റുന്നത്‌ നമ്മെ ആത്മീയമായി ശക്തീകരിക്കുന്നു. ദൈവരാജ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിത്യജീവനെയും അതിന്റെ അനുഗ്രഹങ്ങളെയും കുറിച്ചുള്ള പ്രതീക്ഷകൾ ദൃഷ്ടിപഥത്തിൽ നിലനിറുത്താനും അതു നമ്മെ സഹായിക്കുന്നു. (യൂദാ 20, 21) ശുശ്രൂഷയിലായിരിക്കെ നാം മറ്റുള്ളവരുമായി ചർച്ചചെയ്യുന്ന തിരുവെഴുത്തു വാഗ്‌ദാനങ്ങൾ നമുക്കു പ്രത്യാശ പകരുക മാത്രമല്ല, പ്രവാചകനായ മീഖായുടേതു പോലുള്ള ദൃഢനിശ്ചയം ഉണ്ടായിരിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. അവൻ ഇങ്ങനെ പറഞ്ഞു: “[നാം] നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.”​—⁠മീഖാ 4:⁠5.

17. ഭവന ബൈബിൾ അധ്യയനങ്ങൾ സംബന്ധിച്ച്‌ ഏതു നിർദേശങ്ങൾ നൽകപ്പെട്ടിരിക്കുന്നു?

17 മറ്റുള്ളവരെ പഠിപ്പിക്കാനായി കൂടുതൽ തിരുവെഴുത്തുകൾ ഉപയോഗിക്കുമ്പോൾ യഹോവയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ശക്തമായിത്തീരുന്നു. നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്‌തകത്തിന്റെ സഹായത്തോടെ ബൈബിൾ അധ്യയനം നടത്തുമ്പോൾ, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളിൽ പലതും വായിച്ചു ചർച്ച ചെയ്യുന്നത്‌ ജ്ഞാനപൂർവകമാണ്‌. ഇത്‌ വിദ്യാർഥിയെ സഹായിക്കുകയും നമ്മുടെതന്നെ ആത്മീയ ഗ്രാഹ്യം വർധിപ്പിക്കുകയും ചെയ്യും. ബൈബിളിലെ ഒരു ആശയമോ ഉപമയോ മനസ്സിലാക്കാൻ വിദ്യാർഥിക്കു ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നെങ്കിൽ, പരിജ്ഞാനം പുസ്‌തകത്തിലെ അത്തരമൊരു അധ്യായം പൂർത്തിയാക്കാൻ ഒന്നിലേറെ അധ്യയന വേളകൾ ഉപയോഗിക്കാവുന്നതാണ്‌. ദൈവത്തോട്‌ അടുത്തുവരുന്നതിനു മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി നന്നായി തയ്യാറാകുകയും കൂടുതലായ ശ്രമം നടത്തുകയും ചെയ്യാൻ നാം എത്രയോ സന്തോഷമുള്ളവരാണ്‌!

18. പരിജ്ഞാനം പുസ്‌തകം ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നത്‌ എങ്ങനെയെന്നു ദൃഷ്ടാന്തീകരിക്കുക.

18 ഓരോ വർഷവും, യഹോവയുടെ സമർപ്പിത ദാസന്മാർ ആയിത്തീരുന്നതിന്‌ ആയിരക്കണക്കിന്‌ ആളുകളെ സഹായിക്കാൻ പരിജ്ഞാനം പുസ്‌തകം ഉപയോഗിക്കപ്പെടുന്നു. അവരിൽ പലരും ബൈബിളിനെ കുറിച്ച്‌ യാതൊരു ഗ്രാഹ്യവും ഇല്ലാത്തവരാണ്‌. ഹൈന്ദവ പശ്ചാത്തലത്തിൽപ്പെട്ട ശ്രീലങ്കക്കാരനായ ഒരാളുടെ കാര്യം പരിചിന്തിക്കുക. അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ, ഒരു സാക്ഷി മറ്റൊരാളോട്‌ പറുദീസയെ കുറിച്ചു സംസാരിക്കുന്നതു കേട്ടിരുന്നു. കുറെ വർഷങ്ങൾക്കു ശേഷം അദ്ദേഹം ആ സാക്ഷിയെ സമീപിച്ചു. താമസിയാതെ അവരുടെ ഭർത്താവ്‌ അദ്ദേഹവുമായി ബൈബിൾ അധ്യയനം തുടങ്ങി. ആ ചെറുപ്പക്കാരൻ അധ്യയനത്തിനായി ദിവസവും അവരുടെ വീട്ടിൽ പോകുമായിരുന്നു. താരതമ്യേന ചുരുങ്ങിയ കാലംകൊണ്ട്‌ അദ്ദേഹം പരിജ്ഞാനം പുസ്‌തകം പഠിച്ചുതീർത്തു. എല്ലാ യോഗങ്ങൾക്കും ഹാജരാകാൻ തുടങ്ങിയ അദ്ദേഹം തന്റെ മുൻ മതവുമായുള്ള ബന്ധങ്ങളെല്ലാം അവസാനിപ്പിച്ച്‌ ഒരു രാജ്യ പ്രസാധകനായിത്തീർന്നു. സ്‌നാപനമേൽക്കുന്നതിനു മുമ്പുതന്നെ അദ്ദേഹം പരിചയക്കാരനുമായി ബൈബിൾ അധ്യയനവും തുടങ്ങിയിരുന്നു.

19. ഒന്നാമതു ദൈവരാജ്യം അന്വേഷിക്കുന്നുവെങ്കിൽ, നമുക്ക്‌ എന്ത്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും?

19 ഒന്നാമതു രാജ്യം അന്വേഷിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷം നമ്മെ ശക്തിപ്പെടുത്തുന്നു. (മത്തായി 6:33) അനേകം പരിശോധനകൾ ഉണ്ടെങ്കിലും, സന്തോഷത്തോടും ശുഷ്‌ക്കാന്തിയോടും കൂടെ സുവാർത്ത പ്രസംഗിക്കുന്നതിൽ നാം തുടരുന്നു. (തീത്തൊസ്‌ 2:14) നമ്മിൽ പലരും മുഴുസമയ ശുശ്രൂഷകരായി സേവിക്കുന്നു. ചിലർ കൂടുതൽ പ്രസംഗകരെ ആവശ്യമുള്ള സ്ഥലങ്ങളിൽ പോയി സേവിക്കുന്നു. ഈ വിധങ്ങളിലോ മറ്റു വിധങ്ങളിലോ നാം രാജ്യതാത്‌പര്യങ്ങളെ സന്തോഷപൂർവം ഉന്നമിപ്പിക്കുന്ന പക്ഷം, യഹോവ നമ്മുടെ വേലയും അവന്റെ നാമത്തോടു നാം കാണിക്കുന്ന സ്‌നേഹവും മറക്കുകയില്ലെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും.​—⁠എബ്രായർ 6:10-12.

യഹോവയുടെ ശക്തിയിൽ മുന്നേറുക

20. ശക്തിക്കായി നാം യഹോവയിൽ ആശ്രയിക്കുന്നുവെന്ന്‌ ഏതെല്ലാം വിധങ്ങളിൽ നമുക്കു പ്രകടമാക്കാൻ കഴിയും?

20 യഹോവയിൽ പ്രത്യാശിക്കുന്നുവെന്നും ശക്തിക്കായി അവനിൽ ആശ്രയിക്കുന്നുവെന്ന്‌ നമുക്ക്‌ എല്ലാ വിധങ്ങളിലും പ്രകടമാക്കാം. ‘വിശ്വസ്‌ത അടിമ’ മുഖാന്തരം അവൻ പ്രദാനം ചെയ്യുന്ന ആത്മീയ കരുതലുകൾ പൂർണമായി പ്രയോജനപ്പെടുത്തിക്കൊണ്ട്‌ നമുക്ക്‌ അതു ചെയ്യാനാകും. (മത്തായി 24:​45, NW) ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളുടെ സഹായത്തോടെയുള്ള ദൈവവചനത്തിന്റെ വ്യക്തിപരവും സഭാപരവുമായ പഠനം, ഹൃദയംഗമമായ പ്രാർഥന, മൂപ്പന്മാരിൽനിന്നുള്ള ആത്മീയ സഹായം, വിശ്വസ്‌ത സഹവിശ്വാസികളുടെ നല്ല മാതൃക, ശുശ്രൂഷയിലെ പതിവായ പങ്കുപറ്റൽ എന്നിവ യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ ബലപ്പെടുത്തുകയും അവന്റെ വിശുദ്ധ സേവനത്തിൽ തുടരാൻ നമ്മെ ശക്തീകരിക്കുകയും ചെയ്യുന്ന കരുതലുകളാണ്‌.

21. അപ്പൊസ്‌തലന്മാരായ പത്രൊസും പൗലൊസും ദൈവദത്ത ശക്തിയിൽ ആശ്രയിക്കേണ്ടതിന്റെ ആവശ്യം പ്രകടമാക്കിയത്‌ എങ്ങനെ?

21 നാം ബലഹീനരാണെങ്കിലും, സഹായത്തിനായി യഹോവയിൽ ആശ്രയിക്കുന്ന പക്ഷം അവന്റെ ഇഷ്ടം ചെയ്യാൻ അവൻ നമ്മെ ശക്തീകരിക്കും. അത്തരം സഹായത്തിന്റെ ആവശ്യം മനസ്സിലാക്കിക്കൊണ്ട്‌ പത്രൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: ‘ഒരുത്തൻ ശുശ്രൂഷിക്കുന്നു എങ്കിൽ ദൈവം നല്‌കുന്ന പ്രാപ്‌തിക്കു ഒത്തവണ്ണം [“ശക്തിയെ ആശ്രയിച്ച്‌,” NW] ആകട്ടെ.’ (1 പത്രൊസ്‌ 4:11) പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട്‌ പൗലൊസ്‌ ദൈവദത്ത ശക്തിയിലുള്ള തന്റെ ആശ്രയം പ്രകടമാക്കി: “ഞാൻ ക്രിസ്‌തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു.” (2 കൊരിന്ത്യർ 12:10) നമുക്കും അതേ ബോധ്യം പ്രകടമാക്കിക്കൊണ്ട്‌ ക്ഷീണിതരെ ശക്തീകരിക്കുന്ന പരമാധികാര കർത്താവായ യഹോവയ്‌ക്കു മഹത്വം കരേറ്റാം.​—⁠യെശയ്യാവു 12:⁠2.

[അടിക്കുറിപ്പുകൾ]

^ ഖ. 1 1-നു ശേഷം 20 പൂജ്യങ്ങളുള്ള സംഖ്യ.

^ ഖ. 15 വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി പ്രസിദ്ധീകരിച്ചത്‌.

നിങ്ങളുടെ ഉത്തരം എന്താണ്‌?

• യഹോവയുടെ ജനത്തിന്‌ സാധാരണയിൽ കവിഞ്ഞ ശക്തി ആവശ്യമുള്ളത്‌ എന്തുകൊണ്ട്‌?

• ദൈവം തന്റെ ദാസന്മാരെ ശക്തീകരിക്കുന്നു എന്നതിന്‌ തിരുവെഴുത്തുപരമായ എന്തു തെളിവുണ്ട്‌?

• നമ്മെ ശക്തീകരിക്കാൻ യഹോവ ചെയ്‌തിരിക്കുന്ന ചില ആത്മീയ കരുതലുകൾ ഏവ?

• ശക്തിക്കായി നാം യഹോവയിൽ ആശ്രയിക്കുന്നു എന്ന്‌ നമുക്ക്‌ എങ്ങനെ പ്രകടമാക്കാം?

[അധ്യയന ചോദ്യങ്ങൾ]

[12-ാം പേജിലെ ചിത്രം]

മറ്റുള്ളവരെ പഠിപ്പിക്കാനായി നാം ബൈബിൾ ഉപയോഗിക്കുമ്പോൾ യഹോവയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ശക്തമായിത്തീരുന്നു