വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ തന്റെ ജനത്തിനു വിശ്രമസ്ഥലമേകുന്നു

യഹോവ തന്റെ ജനത്തിനു വിശ്രമസ്ഥലമേകുന്നു

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

യഹോവ തന്റെ ജനത്തിനു വിശ്രമസ്ഥലമേകുന്നു

മലമ്പാതയുടെ ഓരത്തുള്ള തണലേകുന്ന ഒരു വിശ്രമസ്ഥലം ക്ഷീണിതനായ ഒരു യാത്രക്കാരന്‌ ആശ്വാസം പകരുന്നു. നേപ്പാളിൽ അത്തരം വിശ്രമസ്ഥലങ്ങളെ ചൗത്താര എന്നാണു വിളിക്കുന്നത്‌. ഇരുന്നു വിശ്രമിക്കാൻ പറ്റിയ ഒരു ചൗത്താര തഴച്ചുവളരുന്ന ഒരു പേരാൽ വൃക്ഷത്തിന്റെ കീഴിൽ കാണാവുന്നതാണ്‌. ഒരു ചൗത്താര ഉണ്ടാക്കുന്നത്‌ ദയാപ്രവൃത്തിയായി പൊതുവെ കണക്കാക്കപ്പെടുന്നു, അത്‌ ഉണ്ടാക്കിയത്‌ ആരാണെന്നു മിക്കപ്പോഴും അജ്ഞാതമായിരിക്കും.

ഈ ദുഷ്ടവ്യവസ്ഥിതിയിലെ ക്ഷീണിതരായ അനേകം “യാത്രക്കാരെ” യഹോവയാം ദൈവം സന്തോഷവും ആത്മീയ നവോന്മേഷവും നൽകി അനുഗ്രഹിച്ചിരിക്കുന്നതായി നേപ്പാളിൽ നിന്നുള്ള അനുഭവങ്ങൾ വ്യക്തമാക്കുന്നു.​—⁠സങ്കീർത്തനം 23:⁠2.

• മഞ്ഞുമൂടിക്കിടക്കുന്ന ഹിമാലയ പർവത നിരകളുടെ താഴ്‌വാരത്തുള്ള മനോഹരമായ പോക്കറ നഗരത്തിലാണു ലിൽ കുമാരി താമസിക്കുന്നത്‌. എന്നാൽ, മനോഹരമായ അത്തരം ചുറ്റുപാടുകളിൽ താമസിച്ചിട്ടും ജീവിതത്തിൽ പ്രത്യാശയ്‌ക്കു വകയൊന്നുമില്ലെന്ന്‌ അവർക്കു തോന്നി. കാരണം, അവരുടെ കുടുംബത്തിലെ സാമ്പത്തികസ്ഥിതി വളരെ മോശമായിരുന്നു. അങ്ങനെയിരിക്കെ, യഹോവയുടെ സാക്ഷികളിൽ ഒരാൾ ലില്ലിനെ സന്ദർശിച്ചു. ശോഭനമായ ബൈബിൾ പ്രത്യാശ അവരെ അതിയായി സന്തോഷിപ്പിച്ചു. തന്മൂലം, അവർ അപ്പോൾത്തന്നെ ബൈബിൾ പഠിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.

ലിൽ കുമാരിക്ക്‌ ബൈബിൾ പഠനം വളരെ ഇഷ്ടമായിരുന്നെങ്കിലും, കുടുംബാംഗങ്ങളുടെ എതിർപ്പു നിമിത്തം അതു തുടരുക വളരെ ബുദ്ധിമുട്ടായിരുന്നു. പക്ഷേ അവർ പിന്മാറിയില്ല. ക്രമമായി ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങിയ അവർ പഠിക്കുന്ന കാര്യങ്ങളെല്ലാം​—⁠പ്രത്യേകിച്ചും ഭർത്താവിനു കീഴ്‌പെട്ടിരിക്കുന്നതു സംബന്ധിച്ച ബൈബിൾ ബുദ്ധിയുപദേശം​—⁠ബാധകമാക്കാൻ തുടങ്ങി. തന്മൂലം, ലിൽ കുമാരി ബൈബിൾ പഠിക്കുന്നത്‌ മുഴു കുടുംബത്തിനും പ്രയോജനം ചെയ്യുന്നതായി അവരുടെ ഭർത്താവും അമ്മയും തിരിച്ചറിഞ്ഞു.

അവരുടെ ഭർത്താവും പല ബന്ധുക്കളും ഇപ്പോൾ ബൈബിൾ പഠിക്കുന്നുണ്ട്‌. അടുത്തയിടെ പോക്കറയിൽ നടന്ന ഒരു സമ്മേളനത്തിന്‌ ലിൽ കുമാരിയോടൊപ്പം ബന്ധുക്കളായ 15 പേർ ഹാജരായിരുന്നു. “ഞങ്ങളുടെ കുടുംബം സത്യാരാധനയിൽ ഐക്യപ്പെട്ടിരിക്കുന്നതിനാൽ എന്റെ വീട്ടിൽ ഇപ്പോൾ സമാധാനവും സന്തോഷവും കളിയാടുന്നു. എനിക്കിപ്പോൾ യഥാർഥ മനസ്സമാധാനം ഉണ്ട്‌,” ലിൽ കുമാരി പറയുന്നു.

• നേപ്പാളിൽ വർണവിവേചനം നിയമവിരുദ്ധമാണെങ്കിലും ആളുകളുടെ ജീവിതത്തിൽ അത്‌ ഇപ്പോഴും ശക്തമായ സ്വാധീനം ചെലുത്തുന്നു. തന്മൂലം, സമത്വത്തെയും നിഷ്‌പക്ഷതയെയും കുറിച്ചുള്ള ബൈബിൾ സന്ദേശത്തിൽ പലരും താത്‌പര്യം പ്രകടിപ്പിക്കാറുണ്ട്‌. “ദൈവത്തിന്നു മുഖപക്ഷമില്ല” എന്ന അറിവ്‌ സൂര്യ മായയുടെയും കുടുംബത്തിന്റെയും ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവ്‌ ആയിരുന്നു.​—⁠പ്രവൃത്തികൾ 10:⁠34.

വർണവിവേചനം എന്ന അനീതി സൂര്യ മായയെ അത്യധികം ദുഃഖിപ്പിച്ചിരുന്നു. അതുപോലെതന്നെ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്ന പാരമ്പര്യങ്ങളും ആചാരങ്ങളും അവർക്ക്‌ അസഹ്യമായി തോന്നി. അതീവ ഭക്തയായിരുന്ന അവർ വർഷങ്ങളായി തന്റെ ദൈവങ്ങളോടു സഹായം അഭ്യർഥിച്ചു വരുകയായിരുന്നു. എങ്കിലും അവരുടെ പ്രാർഥനകൾകൊണ്ട്‌ യാതൊരു ഫലവും ഉണ്ടായില്ല. ഒരിക്കൽ അവർ വിഗ്രഹങ്ങളുടെ മുന്നിൽ കരഞ്ഞു പ്രാർഥിക്കുകയായിരുന്നു. അപ്പോൾ അവരുടെ ആറു വയസ്സുള്ള പേരക്കുട്ടി ബബിത അവരോട്‌ ഇങ്ങനെ ചോദിച്ചു: “മുത്തശ്ശി എന്തിനാണ്‌ ജീവനില്ലാത്ത ഈ വിഗ്രഹങ്ങളോടു പ്രാർഥിക്കുന്നത്‌? വിഗ്രഹങ്ങൾക്ക്‌ ഒന്നും ചെയ്യാനാവില്ല.”

ബബിതയുടെ അമ്മ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. ഉത്സാഹവതിയായ ബബിത മുത്തശ്ശിയെ ക്രിസ്‌തീയ യോഗത്തിനു കൊണ്ടുപോയി. രാജ്യഹാളിൽ ചെന്നപ്പോൾ സൂര്യ മായയ്‌ക്കു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല: പല ജാതികളിൽപ്പെട്ട ആളുകൾ യാതൊരു വേർതിരിവും ഇല്ലാതെ അടുത്ത്‌ ഇടപഴകുന്നു! ഉടനടി അവർ ബൈബിൾ പഠിക്കാൻ താത്‌പര്യം പ്രകടിപ്പിച്ചു. ബൈബിൾ പഠിക്കുന്നതിന്റെ പേരിൽ അയൽക്കാർ സൂര്യ മായയെ ഒറ്റപ്പെടുത്തിയെങ്കിലും അവർ അതിൽനിന്നു പിന്മാറിയില്ല. സൂര്യ മായയ്‌ക്ക്‌ എഴുത്തും വായനയും നല്ല വശമില്ലായിരുന്നു. എന്നാൽ, അത്‌ തന്റെ ആത്മീയ പുരോഗതിക്കു തടസ്സമാകാൻ അവർ അനുവദിച്ചില്ല.

ഇപ്പോൾ എട്ടു വർഷം പിന്നിട്ടിരിക്കുന്നു. ഭർത്താവും മൂന്നു കുട്ടികളും ഉൾപ്പെടെ അവരുടെ കുടുംബത്തിലെ ആറു പേർ ഇന്ന്‌ യഹോവയുടെ സാക്ഷികളാണ്‌. സൂര്യ മായ ഇപ്പോൾ സാധാരണ പയനിയർ എന്ന നിലയിൽ മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നു. യഹോവയ്‌ക്കു മാത്രം പ്രദാനം ചെയ്യാൻ കഴിയുന്ന യഥാർഥ വിശ്രമസ്ഥലത്തു ഭാരിച്ച ചുമടുകൾ ഇറക്കിവെച്ച്‌ വിശ്രമിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ അവർ അതീവ സന്തുഷ്ടയാണ്‌.