വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സുഹൃത്തുക്കളെ എങ്ങനെ സമ്പാദിക്കാം?

സുഹൃത്തുക്കളെ എങ്ങനെ സമ്പാദിക്കാം?

സുഹൃത്തുക്കളെ എങ്ങനെ സമ്പാദിക്കാം?

“ഒരായുഷ്‌കാലത്ത്‌ ഒരു സുഹൃത്തുള്ളത്‌ വലിയ കാര്യം; രണ്ടു പേരുണ്ടായാൽ അങ്ങേയറ്റം മഹത്തരം; മൂന്നാമതൊരാളെ കിട്ടുന്നതോ ഏതാണ്ട്‌ അസാധ്യം.”—⁠ഹെൻട്രി ബ്രുക്‌സ്‌ ആഡംസ്‌.

യഥാർഥ സുഹൃത്തുക്കൾ വിരളമാണെന്ന്‌ അത്തരം അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നു. ഒട്ടുമിക്കപ്പോഴും, “എനിക്ക്‌ ആരുമില്ല,” “എനിക്ക്‌ ആരെയും ആശ്രയിക്കാൻ കഴിയുന്നില്ല,” “എന്റെ നായയാണ്‌ എന്റെ ഉത്തമ സുഹൃത്ത്‌” എന്നൊക്കെ സൗഹൃദത്തിനായി വാഞ്‌ഛിക്കുന്ന ഏകാന്തരായ ആളുകൾ പറയാറുണ്ട്‌.

ഉറ്റ സുഹൃദ്‌ബന്ധങ്ങൾ സ്ഥാപിക്കുന്നതും നിലനിറുത്തുന്നതും ഒരു വെല്ലുവിളിയാണ്‌. “പ്രായപൂർത്തിയായ അമേരിക്കക്കാരിൽ 25 ശതമാനവും ‘സ്ഥായിയായ ഏകാന്തത’ അനുഭവിക്കുന്നുവെന്നും ഫ്രഞ്ചുകാരിൽ പകുതി പേരും തീർത്തും ഏകാന്തരാണെന്നും” ഒരു സർവേ വെളിപ്പെടുത്തി. ‘ഡേറ്റിങ്‌ ക്ലബ്ബുക’ളും കമ്പ്യൂട്ടർ ‘ചാറ്റ്‌ റൂമുക’ളും അതുപോലെതന്നെ സൗഹൃദം തേടിയുള്ള പരസ്യങ്ങളുമെല്ലാം അതിനായി ആളുകൾ എത്രമാത്രം വാഞ്‌ഛിക്കുന്നു എന്ന്‌ എടുത്തുകാണിക്കുന്നു.

ഏകാന്തത ഒരാളുടെ മനസ്സിനെ മാത്രമല്ല ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന്‌ ന്യൂറോസൈക്കോളജിസ്റ്റായ ഡോ. ഡേവിഡ്‌ വിക്ക്‌സ്‌ പറയുന്നു. “ഉത്‌കണ്‌ഠയും വിഷാദവും അനുഭവിക്കുന്ന നിരവധി രോഗികൾ എന്റെ അടുക്കൽ വരാറുണ്ട്‌. അവർ ഏകാന്തത അനുഭവിക്കുന്നവരാണ്‌ എന്ന്‌ പറയാൻ കഴിയും. വിഷാദവും ഏകാന്തതയും തമ്മിൽ അടുത്ത ബന്ധമുണ്ട്‌.”

വിവാഹമോചനവും കുടുംബത്തകർച്ചയും ഏകാന്തജീവിതത്തിലേക്കു തള്ളിവിടുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്‌. 21-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബ്രിട്ടീഷുകാരിൽ 30 ശതമാനത്തിനും തങ്ങളുടെ വീടുകളിൽ ഒറ്റയ്‌ക്കു കഴിയേണ്ട അവസ്ഥ ആയിരിക്കുമെന്ന്‌ അവിടെ നടത്തിയ ഒരു സർവേ സൂചിപ്പിക്കുന്നു.

‘അന്ത്യകാലത്ത്‌’ സ്വാർഥത വളരെ വ്യാപകമായിരിക്കുമെന്നു ബൈബിൾ മുൻകൂട്ടി പറയുന്നു. (2 തിമൊഥെയൊസ്‌ 3:1-5) മറ്റുള്ളവരുമായി ഉറ്റബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിലല്ല, മറിച്ച്‌ വീട്‌, കാറ്‌, ജോലി തുടങ്ങിയ ഭൗതിക കാര്യങ്ങളിലാണ്‌ അനേകർക്കും ഏറെ താത്‌പര്യം. “അവർക്കു പ്രധാനം ഇണയോ കുട്ടികളോ അല്ല, തൊഴിലാണ്‌” എന്നു ഗ്രന്ഥകാരനായ ആന്തണി സ്റ്റോർ അഭിപ്രായപ്പെടുന്നു.

യഥാർഥ സ്‌നേഹിതർ വളരെ വിലപ്പെട്ടവർ

നിങ്ങളുടെ ജീവിതത്തിന്റെ ഗുണമേന്മ സുഹൃദ്‌ബന്ധങ്ങളുടെ ഗുണമേന്മയെ ആശ്രയിച്ചിരിക്കുന്നു. തങ്ങൾക്കായി മാത്രം ജീവിക്കുന്നവർ മിക്കപ്പോഴും അസന്തുഷ്ടരാണ്‌, തങ്ങളുടെ വസ്‌തുക്കളോ ആശയങ്ങളോ പങ്കുവെക്കാൻ അവർക്കു സുഹൃത്തുക്കൾ ഇല്ല എന്നതുതന്നെ കാരണം. “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തുഷ്ടി കൊടുക്കുന്നതിലുണ്ട്‌” എന്ന യേശുവിന്റെ വാക്കുകൾ എത്രയോ സത്യമാണ്‌! (പ്രവൃത്തികൾ 20:​35, NW) ആ വസ്‌തുതയെ പ്രതിധ്വനിപ്പിച്ചുകൊണ്ട്‌ ആംഗലേയ കവിയായ ജോർജ്‌ ബൈറൺ ഇപ്രകാരം എഴുതി: “സന്തോഷം ആഗ്രഹിക്കുന്നെങ്കിൽ, അതു മറ്റുള്ളവരുമായി പങ്കുവെക്കുക.”

ആരാണ്‌ ഒരു സുഹൃത്ത്‌? “സ്‌നേഹത്താലോ ആദരവിനാലോ മറ്റൊരാളോട്‌ അടുപ്പമുള്ള ആൾ” എന്നാണ്‌ സുഹൃത്ത്‌ എന്ന പദത്തെ ഒരു നിഘണ്ടു നിർവചിക്കുന്നത്‌. ഒരു യഥാർഥ സുഹൃത്തിനു നിങ്ങളുടെ ചിന്തകളെ നല്ല കാര്യങ്ങളിലേക്കു തിരിച്ചുവിടാൻ കഴിയും. തക്കസമയത്ത്‌ അയാൾ നിങ്ങൾക്കു പ്രോത്സാഹനവും പിന്തുണയും നൽകും, നിങ്ങളുടെ ദുഃഖത്തിൽ പോലും പങ്കുചേരും. ശലോമോൻ രാജാവ്‌ ഇപ്രകാരം പറഞ്ഞു: “സ്‌നേഹിതൻ എല്ലാകാലത്തും സ്‌നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്‌തീരുന്നു.” (സദൃശവാക്യങ്ങൾ 17:17) കാലപ്രവാഹത്തിൽ ഭൗതിക വസ്‌തുക്കളുടെ മൂല്യം നഷ്ടമാകുന്നു, എന്നാൽ യഥാർഥ സൗഹൃദമോ പടർന്നു പന്തലിക്കുന്നു.

സ്‌നേഹം കാണിക്കുന്നതിൽ “വിശാലത” ഉള്ളവരായിരിക്കാൻ തിരുവെഴുത്തുകൾ നമ്മെ പ്രബോധിപ്പിക്കുന്നു. (2 കൊരിന്ത്യർ 6:13) മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത്‌ വളരെ ജ്ഞാനപൂർവകമായ ഒരു സംഗതിയാണ്‌. സഭാപ്രസംഗി 11:1, 2-ൽ നാം ഇപ്രകാരം വായിക്കുന്നു: “നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക; ഏറിയനാൾ കഴിഞ്ഞിട്ടു നിനക്കു അതു കിട്ടും; ഒരു ഓഹരിയെ ഏഴായിട്ടോ എട്ടായിട്ടോ വിഭാഗിച്ചുകൊൾക; ഭൂമിയിൽ എന്തു അനർത്ഥം സംഭവിക്കും എന്നു നീ അറിയുന്നില്ലല്ലോ.” ഈ തത്ത്വം ഒരു സുഹൃദ്‌ബന്ധത്തിന്‌ എങ്ങനെയാണു ബാധകമാകുന്നത്‌? നിങ്ങൾക്കു നിരവധി സുഹൃത്തുക്കൾ ഉണ്ടെങ്കിൽ, അനർഥകാലത്ത്‌ അവരിൽ ചിലർ നിങ്ങളുടെ സഹായത്തിനെത്തിയേക്കാം.

യഥാർഥ സുഹൃത്തുക്കൾ ഉണ്ടായിരിക്കുന്നത്‌ നിങ്ങൾക്ക്‌ മറ്റൊരു വിധത്തിലും സംരക്ഷണമാണ്‌. “സ്‌നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്‌തതയുടെ ഫലം” എന്ന്‌ സദൃശവാക്യങ്ങൾ 27:6 പ്രസ്‌താവിക്കുന്നു. നിങ്ങളെ പ്രശംസിക്കാൻ നിരവധി പേർ കണ്ടേക്കാം. എന്നാൽ, ഒരു യഥാർഥ സുഹൃത്ത്‌ മാത്രമേ ഗുരുതരമായ തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ സ്‌നേഹപൂർവം നിങ്ങളെ ബുദ്ധിയുപദേശിക്കുകയുള്ളൂ.​—⁠സദൃശവാക്യങ്ങൾ 28:⁠23.

നിങ്ങളിൽ ക്രിയാത്മക സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു അപൂർവ സമ്മാനമാണ്‌ നല്ലവരായ ഉറ്റ സുഹൃത്തുക്കൾ. റോമൻ സൈനിക ഉദ്യോഗസ്ഥൻ ആയിരുന്ന കൊർന്നേല്യൊസിന്റെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച്‌ പ്രവൃത്തികൾ 10-ാം അധ്യായത്തിൽ നാം വായിക്കുന്നു. ദൈവം അവന്റെ പ്രാർഥനകൾ കേട്ടുവെന്ന്‌ ഒരു ദൂതൻ അവനെ അറിയിച്ചു. പത്രൊസ്‌ അപ്പൊസ്‌തലന്റെ സന്ദർശനം പ്രതീക്ഷിച്ച്‌ കൊർന്നേല്യൊസ്‌ “ചാർച്ചക്കാരെയും അടുത്ത സ്‌നേഹിതന്മാരെയും കൂട്ടിവരുത്തി.” കൊർന്നേല്യൊസിന്റെ ആ അടുത്ത സ്‌നേഹിതന്മാർ, സുവാർത്ത സ്വീകരിക്കുകയും പരിശുദ്ധാത്മാവിനാൽ അഭിഷിക്തരാകുകയും ചെയ്‌ത പരിച്ഛേദനയേൽക്കാത്ത ആദ്യ പുറജാതീയരിൽ പെടുന്നു. അവർക്കു ക്രിസ്‌തുവിനോടൊത്തു ദൈവരാജ്യത്തിൽ ഭരിക്കുന്നതിനുള്ള പ്രത്യാശയുണ്ട്‌. കൊർന്നേല്യൊസിന്റെ അടുത്ത സുഹൃത്തുക്കൾക്ക്‌ ലഭിച്ച എത്ര മഹത്തായ പദവി!​—⁠പ്രവൃത്തികൾ 10:24, 44.

എന്നാൽ, നിങ്ങൾക്ക്‌ എങ്ങനെ സുഹൃത്തുക്കളെ സമ്പാദിക്കാനാകും? സുഹൃദ്‌ബന്ധത്തെ കുറിച്ചു വളരെ കാര്യങ്ങൾ പറയുന്ന ബൈബിൾ പ്രായോഗിക ബുദ്ധിയുപദേശം നൽകിക്കൊണ്ട്‌ ആ ചോദ്യത്തിന്‌ ഉത്തരമേകുന്നു. (താഴെ കൊടുത്തിരിക്കുന്ന ചതുരം കാണുക.)

യഥാർഥ സുഹൃത്തുക്കളെ എവിടെ കണ്ടെത്താം?

സുഹൃത്തുക്കളെ നേടാൻ കഴിയുന്ന ഉത്തമ സ്ഥലം ക്രിസ്‌തീയ സഭയാണ്‌. ഒന്നാമതായി, നിങ്ങളുടെ സ്രഷ്ടാവും സ്വർഗീയ പിതാവുമായ യഹോവയെയും നിങ്ങളുടെ രക്ഷകനായ യേശുക്രിസ്‌തുവിനെയും സ്‌നേഹിതരാക്കുന്നതിനുള്ള അവസരം നിങ്ങൾക്ക്‌ അവിടെ ലഭിക്കുന്നു. “സ്‌നേഹിതന്മാർക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്‌നേഹം ആർക്കും ഇല്ല” എന്ന്‌ നിങ്ങളെ തന്റെ സ്‌നേഹിതൻ ആയിരിക്കാൻ ക്ഷണിക്കുന്ന യേശു പറഞ്ഞു. (യോഹന്നാൻ 15:13-15) യഹോവയെയും യേശുവിനെയും സ്‌നേഹിതർ ആക്കുന്നെങ്കിൽ, “അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും” എന്ന ഉറപ്പ്‌ നിങ്ങൾക്ക്‌ ഉണ്ടായിരിക്കാൻ കഴിയും. അതേ, യഹോവയോടും യേശുവിനോടുമുള്ള സൗഹൃദം നിത്യജീവനിലേക്കു നയിക്കുന്നു.​—⁠ലൂക്കൊസ്‌ 16:9; യോഹന്നാൻ 17:⁠3.

ആ ഊഷ്‌മളമായ സുഹൃദ്‌ബന്ധം നിങ്ങൾക്ക്‌ എങ്ങനെ നേടാനാകും? യഹോവയുടെ ഒരു സ്‌നേഹിതൻ എന്നനിലയിൽ അവന്റെ കൂടാരത്തിൽ ഒരു അതിഥി ആയിരിക്കാനുള്ള യോഗ്യതകൾ 15-ാം സങ്കീർത്തനത്തിൽ വിവരിച്ചിരിക്കുന്നു. നിങ്ങളുടെ ബൈബിൾ തുറന്ന്‌, അതൊന്നു വായിച്ചുനോക്കൂ. കൂടുതലായി, യേശുക്രിസ്‌തു ഇങ്ങനെ പ്രസ്‌താവിച്ചു: “ഞാൻ നിങ്ങളോടു കല്‌പിക്കുന്നതു ചെയ്‌താൽ നിങ്ങൾ എന്റെ സ്‌നേഹിതന്മാർ തന്നേ.”​—⁠യോഹന്നാൻ 15:⁠14.

ദൈവവചനമായ ബൈബിൾ ഉത്സാഹപൂർവം പഠിക്കുകയും അതിലെ മാർഗനിർദേശപ്രകാരം ജീവിക്കുകയും ചെയ്‌തുകൊണ്ട്‌ യഹോവയുടെയും യേശുവിന്റെയും ഒരു സുഹൃത്ത്‌ ആയിരിക്കാൻ ആഗ്രഹിക്കുന്നുവെന്ന്‌ നിങ്ങൾക്കു പ്രകടമാക്കാൻ സാധിക്കും. ആ ലക്ഷ്യം കൈവരിക്കുന്നതിന്‌, യഹോവയാം ദൈവത്തെ കുറിച്ചുള്ള പരിജ്ഞാനം നേടാൻ സഹായിക്കുന്ന ക്രിസ്‌തീയ യോഗങ്ങളിൽ മുടങ്ങാതെ ഹാജരാകുക. കൂടാതെ, യഹോവ പറയുന്ന കാര്യങ്ങൾ വിശ്വസ്‌തതയോടെ ശ്രദ്ധിക്കുക. എങ്കിൽ നിങ്ങൾക്ക്‌ യഹോവയോടും അവന്റെ പുത്രനോടും കൂടുതൽ അടുത്തുചെല്ലാനാകും.

ആ യോഗങ്ങളിൽ, യഹോവയെ സ്‌നേഹിക്കുകയും ജീവിതത്തിൽ ആത്മാവിന്റെ ഫലങ്ങൾ​—⁠സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്‌തത, സൗമ്യത, ഇന്ദ്രിയജയം​—⁠പ്രകടമാക്കുകയും ചെയ്യുന്നവരെ നിങ്ങൾക്ക്‌ കണ്ടുമുട്ടാനാകും. (ഗലാത്യർ 5:22, 23) സുഹൃത്തുക്കളെ നേടാനും ഏകാന്തത അകറ്റാനും നിങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുന്നെങ്കിൽ, ആഴ്‌ചതോറും ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുക. അപ്പോൾ, ദൈവത്തിന്റെ അനുഗൃഹീത ജനതയുമായി നിലനിൽക്കുന്ന സുഹൃദ്‌ബന്ധങ്ങൾ നട്ടുവളർത്താൻ കഴിയുന്ന ഉചിതമായ സ്ഥാനത്തായിരിക്കും നിങ്ങൾ.

നിത്യസുഹൃത്തുക്കൾ

യഥാർഥ സുഹൃദ്‌ബന്ധം യഹോവയാം ദൈവത്തിൽ നിന്നുള്ള അത്ഭുതകരമായ ഒരു ദാനമാണ്‌. അത്‌ അവന്റെ വ്യക്തിത്വത്തിന്റെയും സ്വഭാവത്തിന്റെയും ഒരു സവിശേഷതയാണ്‌. സ്‌നേഹവാനും ഉദാരമതിയുമായ അവൻ നമുക്കു സുഹൃദ്‌ബന്ധം വളർത്തിയെടുക്കാൻ കഴിയുന്ന ബുദ്ധിശക്തിയുള്ള സഹസൃഷ്ടികളെക്കൊണ്ട്‌ ഭൂമിയെ നിറച്ചിരിക്കുന്നു. സഹക്രിസ്‌ത്യാനികളുമായി സഹവസിക്കുക, അവരെ പ്രോത്സാഹിപ്പിക്കുക, ശുശ്രൂഷയിൽ അവരോടൊപ്പം പ്രവർത്തിക്കുക, അവരോടൊത്തും അവർക്കു വേണ്ടിയും പതിവായി പ്രാർഥിക്കുക. അങ്ങനെയെങ്കിൽ, നിങ്ങൾ യഹോവയാം ദൈവത്തെയും അവന്റെ പുത്രനായ യേശുക്രിസ്‌തുവിനെയും അനുകരിക്കുകയാകും ചെയ്യുന്നത്‌.

കൊടുക്കാനും സ്വീകരിക്കാനും എല്ലാവർക്കും കഴിയുന്ന ഒരു സമ്മാനമാണ്‌ സുഹൃദ്‌ബന്ധം. സമീപ ഭാവിയിൽ അനവധി സുഹൃത്തുക്കളെ നേടുന്നതിനുള്ള അവസരം നിങ്ങൾക്കു ലഭിക്കും. ഇപ്പോൾ ജീവിക്കുന്ന ദശലക്ഷക്കണക്കിന്‌ ആളുകളുമായി മാത്രമല്ല, മരിച്ചുപോയെങ്കിലും ‘മേലാൽ മരണം ഉണ്ടായിരിക്കുകയില്ലാത്ത’ ഒരു കാലത്തു പുനരുത്ഥാനം പ്രാപിക്കാനിരിക്കുന്ന മുൻതലമുറകളിൽപ്പെട്ട ആളുകളുമായും നിങ്ങൾക്കു സൗഹൃദം സ്ഥാപിക്കാനാകും. (വെളിപ്പാടു 21:5; യോഹന്നാൻ 5:28, 29) ഒരു നല്ല സുഹൃത്ത്‌ ആയിരിക്കാൻ ശ്രമിക്കുക, യഹോവയെ സ്‌നേഹിക്കുന്നവരെ സുഹൃത്തുക്കളാക്കുക. ദൈവത്തിന്റെ നിശ്വസ്‌ത വചനത്തിനു ശ്രദ്ധ നൽകിക്കൊണ്ട്‌ യഹോവയാം ദൈവവുമായും യേശുക്രിസ്‌തുവുമായും സൗഹൃദം വളർത്തിയെടുക്കുക. അങ്ങനെ ചെയ്‌താൽ, നിത്യതയിൽ ഒരിക്കലും നിങ്ങൾ ഏകാന്തതയ്‌ക്ക്‌ ഇരയാകുകയില്ല.

[22, 23 പേജിലെ ചതുരം/ചിത്രങ്ങൾ]

നിലനിൽക്കുന്ന സൗഹൃദത്തിന്‌ ആറ്‌ പടികൾ

1. ഒരു സുഹൃത്ത്‌ ആയിരിക്കുക. അചഞ്ചലമായ വിശ്വാസം പ്രകടമാക്കിയതു നിമിത്തം അബ്രാഹാമിനെ “ദൈവത്തിന്റെ സ്‌നേഹിതൻ” എന്നു ബൈബിൾ വിളിക്കുന്നു. (യാക്കോബ്‌ 2:23) എന്നാൽ അങ്ങനെ വിളിക്കാൻ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. അബ്രാഹാമിന്‌ ദൈവത്തോട്‌ ഉണ്ടായിരുന്ന സ്‌നേഹമാണ്‌ അത്‌. (2 ദിനവൃത്താന്തം 20:7) അവൻതന്നെ മുൻകൈയെടുത്ത്‌ തന്റെ വികാരങ്ങൾ യഹോവയെ അറിയിച്ചു. (ഉല്‌പത്തി 18:20-33) അതേ, നിങ്ങളുടെ സൗഹൃദത്തിന്റെ തെളിവു നൽകുന്നതിന്‌ നിങ്ങൾതന്നെ മുൻകൈയെടുക്കേണ്ടതുണ്ട്‌. “കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും” എന്ന്‌ യേശു പറഞ്ഞ തത്ത്വം ഇക്കാര്യത്തിലും ബാധകമാണ്‌. (ലൂക്കൊസ്‌ 6:38) പ്രോത്സാഹനത്തിന്റെ ഒരു വാക്കോ ഒരു ചെറിയ സഹായമോ മതി ഒരു വലിയ സൗഹൃദം പൊട്ടിമുളയ്‌ക്കാൻ. അമേരിക്കൻ ഉപന്യാസകാരനായ റാൽഫ്‌ വാൽഡോ എമേഴ്‌സൺ ഇങ്ങനെ പ്രസ്‌താവിച്ചു: “ഒരു സുഹൃത്തിനു മാത്രമേ, ഒരു സുഹൃത്തിനെ ലഭിക്കൂ.”

2. സൗഹൃദം വളർത്തിയെടുക്കാൻ സമയം കണ്ടെത്തുക. മിക്കവരും സൗഹൃദത്തിന്റെ പ്രയോജനങ്ങൾ കാംക്ഷിക്കുന്നവരാണ്‌. എന്നാൽ, അതിനായി സമയം നീക്കിവെക്കാൻ അവർക്കു കഴിയുന്നില്ല. മറ്റുള്ളവരുടെ സന്തോഷത്തിലും വിജയത്തിലും, ദുഃഖങ്ങളിലും നിരാശകളിലും പങ്കുചേരാൻ റോമർ 12:15, 16 നമ്മെ പ്രോത്സാഹിപ്പിക്കുന്നു. “സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‌വിൻ. തമ്മിൽ ഐകമത്യമുള്ളവരായി . . . [മറ്റുള്ളവരോടു] ചേർന്നുകൊൾവിൻ” എന്ന്‌ ആ വാക്യം പറയുന്നു. യേശുക്രിസ്‌തു വളരെ തിരക്കുള്ളവൻ ആയിരുന്നിട്ടും തന്റെ സ്‌നേഹിതന്മാരോടു കൂടെ സമയം ചെലവഴിച്ചു. (മർക്കൊസ്‌ 6:31-34) പുഷ്‌പിക്കുന്ന ഒരു ചെടിക്കു സമാനമാണ്‌ സൗഹൃദം. അതിനു പുഷ്‌പിക്കാൻ വെള്ളവും വളവും, അതുപോലെതന്നെ സമയവും ആവശ്യമാണെന്ന്‌ ഓർക്കുക.

3. മറ്റുള്ളവർ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക. മറ്റുള്ളവർക്കു പറയാനുള്ളത്‌ ശ്രദ്ധയോടെ കേൾക്കുന്നവരാണ്‌ മിക്കപ്പോഴും എളുപ്പം സുഹൃത്തുക്കളെ സമ്പാദിക്കുന്നത്‌. ‘ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവുമുള്ളവൻ ആയിരിക്കട്ടെ,’ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (യാക്കോബ്‌ 1:19) മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ അവർ പറയുന്ന കാര്യത്തിൽ വ്യക്തിപരമായ താത്‌പര്യം കാണിക്കുക. തങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ പറയാൻ അവരെ പ്രോത്സാഹിപ്പിക്കുക. അവരെ ബഹുമാനിക്കുന്നതിൽ മുന്നിട്ടുനിൽക്കുക. (റോമർ 12:10) അപ്പോൾ അവർ നിങ്ങളോടൊപ്പം ആയിരിക്കാൻ ആഗ്രഹിക്കും. എന്നാൽ, സംഭാഷണത്തിൽ ആധിപത്യം പുലർത്താനോ മറ്റുള്ളവരുടെ മുഴു ശ്രദ്ധയും നമ്മിലേക്ക്‌ ആകർഷിക്കാനോ ശ്രമിക്കുന്നെങ്കിൽ, ശ്രദ്ധിക്കാൻ മനസ്സൊരുക്കം കാണിക്കുകയോ നിങ്ങളുടെ വികാരങ്ങളെയും ആവശ്യങ്ങളെയും കുറിച്ച്‌ കരുതുകയോ ചെയ്യുന്ന ഒരാളെ കണ്ടെത്തുക ദുഷ്‌കരമാണെന്നു വന്നേക്കാം.

4. തെറ്റുകൾ ക്ഷമിക്കുക. “ഏഴു എഴുപതു വട്ടം” ക്ഷമിക്കാൻ ഒരുക്കമുള്ളവൻ ആയിരിക്കാൻ യേശു ഒരിക്കൽ പത്രൊസിനോടു പറഞ്ഞു. (മത്തായി 18:21, 22) ഒരു യഥാർഥ സുഹൃത്ത്‌ നിസ്സാര തെറ്റുകൾ കാര്യമാക്കുകയില്ല. അത്‌ നമുക്ക്‌ ഇങ്ങനെ ദൃഷ്ടാന്തീകരിക്കാം: ചെറിയ കുരുക്കൾ ഉള്ളതുകൊണ്ട്‌ പേരയ്‌ക്കാ തിന്നാൻ ചിലർക്ക്‌ ഇഷ്ടമില്ല. എന്നാൽ ആ കനി പ്രിയപ്പെടുന്നവർ അതിന്റെ കുരു അത്ര ഗൗനിക്കാറില്ല. യഥാർഥ സ്‌നേഹിതർ മറ്റുള്ളവരുടെ നല്ല ഗുണങ്ങളെ പ്രിയപ്പെടുകയും നിസ്സാര കുറ്റങ്ങളെ കണക്കിലെടുക്കാതിരിക്കുകയും ചെയ്യും. പൗലൊസ്‌ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ.” (കൊലൊസ്സ്യർ 3:13) തെറ്റുകൾ ക്ഷമിക്കുന്നവരാണ്‌ സുഹൃദ്‌ബന്ധങ്ങൾ നിലനിറുത്തുന്നത്‌.

5. മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുക. നിങ്ങളുടെ സുഹൃത്തുക്കൾ ഉൾപ്പെടെ എല്ലാവർക്കും സ്വകാര്യത ആവശ്യമാണ്‌. സദൃശവാക്യങ്ങൾ 25:17 ജ്ഞാനപൂർവം ഇങ്ങനെ പറയുന്നു: “കൂട്ടുകാരൻ നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന്നു അവന്റെ വീട്ടിൽ കൂടെക്കൂടെ ചെല്ലരുതു.” അതുകൊണ്ട്‌, നിങ്ങൾ സുഹൃത്തുക്കളുടെ അടുക്കൽ കൂടെക്കൂടെ ചെല്ലാതിരിക്കുകയും പോയാൽത്തന്നെ അവിടെ വളരെ നേരം തങ്ങാതിരിക്കുകയും ചെയ്യുക. മാത്രമല്ല, നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങളുടേതു മാത്രമാണെന്ന ചിന്ത ഒഴിവാക്കുകയും ചെയ്യുക. അത്തരം ചിന്ത അസൂയയ്‌ക്കു മാത്രമേ വളംവെക്കുകയുള്ളൂ എന്ന്‌ ഓർക്കുക. വ്യക്തിപരമായ നിഗമനങ്ങളും അഭിപ്രായങ്ങളും വിവേകപൂർവം ചിന്തിച്ചിട്ടു മാത്രം പറയുക. എങ്കിൽ, പരിപുഷ്ടിപ്പെടുത്തുന്ന സുഹൃദ്‌ബന്ധങ്ങൾ വളർത്തിയെടുക്കാൻ നിങ്ങൾക്കു കഴിയും.

6. ഉദാരമതി ആയിരിക്കുക. ഔദാര്യമനസ്‌കതയിലൂടെ സുഹൃദ്‌ബന്ധങ്ങൾ നട്ടുവളർത്താനാകും. ‘ദാനശീലരും ഔദാര്യമുള്ളവരും’ ആയിരിക്കാൻ പൗലൊസ്‌ അപ്പൊസ്‌തലൻ നമ്മെ ബുദ്ധിയുപദേശിക്കുന്നു. (1 തിമൊഥെയൊസ്‌ 6:18) ഉദാഹരണത്തിന്‌, മറ്റുള്ളവർക്കു പ്രോത്സാഹനമേകുക. (സദൃശവാക്യങ്ങൾ 11:25) ആത്മാർഥമായി അനുമോദിക്കുന്നതിലും പരിപുഷ്ടിപ്പെടുത്തുന്ന വിധത്തിൽ സംസാരിക്കുന്നതിലും പിശുക്കു കാണിക്കാതിരിക്കുക. മറ്റുള്ളവരുടെ ക്ഷേമത്തിൽ യഥാർഥ താത്‌പര്യം കാണിക്കുമ്പോൾ അവർ നിങ്ങളിലേക്ക്‌ ആകർഷിക്കപ്പെടും. നിങ്ങൾക്കായി അവർക്ക്‌ എന്തു ചെയ്യാൻ കഴിയുമെന്നതിനെ കുറിച്ചല്ല, അവർക്കായി നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയുമെന്നതിനെ കുറിച്ചു ചിന്തിക്കുക.