വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തുമസ്സ്‌ ആചാരങ്ങൾ—അവ ക്രിസ്‌തീയമോ?

ക്രിസ്‌തുമസ്സ്‌ ആചാരങ്ങൾ—അവ ക്രിസ്‌തീയമോ?

ക്രിസ്‌തുമസ്സ്‌ ആചാരങ്ങൾ—അവ ക്രിസ്‌തീയമോ?

ക്രിസ്‌തുമസ്സ്‌ കാലമായി. എന്നാൽ, പ്രസ്‌തുത ആഘോഷം നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും എന്താണ്‌ അർഥമാക്കുന്നത്‌? അത്‌ ആത്മീയമായി പരിപുഷ്ടിപ്പെടുത്തുന്ന ഒരു സന്ദർഭമാണോ? അതോ വെറും ആഘോഷത്തിമിർപ്പിനുള്ള സമയമോ? ക്രിസ്‌തീയ തത്ത്വങ്ങൾക്കു തെല്ലും മൂല്യം കൽപ്പിക്കാതെ യേശുക്രിസ്‌തുവിന്റെ ജനനത്തെ കുറിച്ചു മാത്രം ചിന്തിക്കാനുള്ള സമയമാണോ അത്‌?

ഈ ചോദ്യങ്ങൾ പരിചിന്തിക്കവെ, ഒരു കാര്യം മനസ്സിൽ പിടിക്കുക: നിങ്ങളുടെ നാട്ടിലെ ക്രിസ്‌തുമസ്സ്‌ ആചാരങ്ങൾ ലോകത്തിന്റെ ഇതര ഭാഗങ്ങളിലേതിൽനിന്നു വ്യത്യസ്‌തമായിരിക്കാം. ഉദാഹരണത്തിന്‌, മെക്‌സിക്കോയുടെയും മറ്റ്‌ ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെയും കാര്യമെടുക്കാം. അവിടങ്ങളിൽ ഈ ആഘോഷത്തിന്റെ പേരിനു പോലും വ്യത്യാസമുണ്ട്‌. ഒരു വിജ്ഞാനകോശം പറയുന്നതനുസരിച്ച്‌, ക്രിസ്‌തുമസ്സ്‌ എന്ന ഇംഗ്ലീഷ്‌ പേര്‌, “ക്രിസ്‌തുവിന്റെ പെരുന്നാൾ എന്ന്‌ അർഥമുള്ള ക്രിസ്റ്റസ്‌ മാസ എന്ന മധ്യയുഗ ഇംഗ്ലീഷിൽനിന്ന്‌ ഉരുത്തിരിഞ്ഞതാണ്‌.” എന്നിരുന്നാലും, ഈ ആഘോഷത്തെ കുറിക്കാൻ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ലാ നാവിദാദ്‌ എന്ന പദപ്രയോഗം ക്രിസ്‌തുവിന്റെ ജനനത്തെ പരാമർശിക്കുന്നു. ഈ ആഘോഷത്തോടുള്ള ബന്ധത്തിൽ മെക്‌സിക്കോയിൽ പിൻപറ്റുന്ന ചില ആചാരങ്ങൾ പരിചിന്തിക്കുക. ക്രിസ്‌തുമസ്സ്‌ ആഘോഷത്തെ കുറിച്ചുള്ള നിങ്ങളുടെ വീക്ഷണത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ അതു നിങ്ങളെ സഹായിച്ചേക്കാം.

പോസാദാസ്‌, “മൂന്നു ജ്ഞാനികൾ,” നാസിമിയെന്തോ

ഡിസംബർ 16-നു തുടങ്ങുന്ന പോസാദാസോടുകൂടി ആഘോഷങ്ങൾ ആരംഭിക്കുകയായി. മെക്‌സിക്കോയുടെ ജീവിതോത്സവങ്ങൾ എന്ന ഗ്രന്ഥം ഇങ്ങനെ പറയുന്നു: “ക്രിസ്‌തുമസ്സിനു തൊട്ടു മുമ്പുള്ള വിശേഷപ്പെട്ട ഒമ്പതു ദിവസങ്ങളാണ്‌ പോസാദാസ്‌. യോസേഫും മറിയയും ബേത്ത്‌ലേഹെം നഗരത്തിൽ താമസസ്ഥലം തേടി അലഞ്ഞുനടന്ന്‌ ഒടുവിൽ അതു കണ്ടെത്തുന്നതു വരെയുള്ള ദിവസങ്ങളെയാണ്‌ പോസാദാസ്‌ സൂചിപ്പിക്കുന്നത്‌. ക്രിസ്‌തുവിന്റെ ജനനത്തിനു മുമ്പു നടന്ന പ്രസ്‌തുത സംഭവത്തിന്റെ പുനരാവിഷ്‌കാരത്തിനായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും രാത്രിസമയത്ത്‌ കൂടിവരുന്നു.”

ഒരു കൂട്ടം ആളുകൾ, മറിയയുടെയും യോസേഫിന്റെയും പ്രതിമകളുമേന്തി ഒരു വീട്ടിൽ ചെന്ന്‌ ഗാനരൂപത്തിൽ അഭയം അഥവാ പോസാദാ ചോദിക്കുന്നത്‌ അവിടത്തുകാരുടെ പാരമ്പര്യമാണ്‌. അതിനു മറുപടിയായി വീട്ടുകാരും ഗീതം ആലപിക്കുന്നു, ഒടുവിൽ അവർക്ക്‌ ഉള്ളിൽ പ്രവേശിക്കാൻ അനുമതി നൽകുന്നു. തുടർന്ന്‌ സത്‌കാരവേളയാണ്‌. ഈ സമയത്ത്‌, കണ്ണു മൂടിക്കെട്ടിയ ചിലർ ചരടിൽ തൂക്കിയിട്ടിരിക്കുന്ന ഒരു വലിയ അലങ്കൃത മൺപാത്രം വടികൊണ്ട്‌ തല്ലിയുടയ്‌ക്കാൻ ശ്രമിക്കും. ഉടയുമ്പോൾ അതിൽനിന്നു വീഴുന്ന ബിസ്‌ക്കറ്റുകളും മിഠായികളുമൊക്കെ ആഘോഷം പ്രമാണിച്ച്‌ അവിടെ എത്തിയിരിക്കുന്നവർ പെറുക്കിയെടുക്കും. തുടർന്ന്‌ അവർ തിന്നാനും കുടിക്കാനും ആടാനും പാടാനുമൊക്കെ തുടങ്ങുന്നു. ഡിസംബർ 16 മുതൽ 23 വരെ എട്ട്‌ പോസാദാ ആഘോഷങ്ങൾ നടക്കുന്നു. 24-ാം തീയതി നോച്ചെബ്‌വെനാ (ക്രിസ്‌തുമസ്സ്‌ വരവേൽപ്പ്‌) ആഘോഷിക്കുന്നു. വിശേഷപ്പെട്ട ഈ അത്താഴത്തിനായി മുഴു കുടുംബാംഗങ്ങളും ഒത്തുകൂടാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്‌.

താമസിയാതെ പുതുവത്സര ദിനം വന്നെത്തുന്നു. അന്ന്‌ എവിടെയും ആളുകൾ ആഘോഷത്തിമിർപ്പിൽ ആറാടുക പതിവാണ്‌. ജനുവരി 5-ാം തീയതി വൈകുന്നേരം ട്രെസ്‌ റേയെസ്‌ മാഗോസ്‌ (“മൂന്നു ജ്ഞാനികൾ”) കുട്ടികൾക്ക്‌ കളിപ്പാട്ടങ്ങൾ കൊണ്ടുവരുമത്രേ. ജനുവരി 6-ാം തീയതിയിലെ സത്‌കാരത്തോടെ ആഘോഷം പാരമ്യത്തിലെത്തും. അന്ന്‌ റോസ്‌കാ ദെ റേയെസ്‌ (വട്ടത്തിലുള്ള കേക്ക്‌) എല്ലാവർക്കും വിളമ്പുന്നു. അതു കഴിക്കുന്നവരിൽ ഒരാൾക്ക്‌, തന്റെ കേക്ക്‌ കഷണത്തിൽനിന്ന്‌ ഉണ്ണിയേശുവിനെ ചിത്രീകരിക്കുന്ന ഒരു പാവക്കുട്ടിയെ കിട്ടുന്നു. അതു കിട്ടുന്നയാൾ ഫെബ്രുവരി 2-ാം തീയതി ഒരു വിരുന്ന്‌ നടത്താൻ ബാധ്യസ്ഥനാണ്‌, അതാണ്‌ അവസാനത്തെ വിരുന്ന്‌. (ചിലയിടങ്ങളിൽ “മൂന്നു ജ്ഞാനിക”ളെ പ്രതിനിധാനം ചെയ്യുന്ന മൂന്നു പാവക്കുട്ടികളായിരിക്കും ഉണ്ടായിരിക്കുക.) ഇതിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്‌​—⁠ക്രിസ്‌തുമസ്സിനോടു ബന്ധപ്പെട്ട സത്‌കാരങ്ങൾ ദിവസങ്ങളോളം തുടരുന്നു.

ഈ കാലത്ത്‌ എവിടെ നോക്കിയാലും നാസിമിയെന്തോ (പുൽക്കൂട്‌) കാണാനാകും. അതിൽ എന്തൊക്കെയാണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? കളിമണ്ണോ തടിയോ ഉപയോഗിച്ച്‌ ഉണ്ടാക്കിയ വലുതോ ചെറുതോ ആയ രൂപങ്ങൾ അതിൽ കാണാനാകും. പൊതുസ്ഥലങ്ങളിലും പള്ളികളിലും വീടുകളിലുമൊക്കെ പുൽക്കൂടുകൾ നിർമിക്കുക സാധാരണമാണ്‌. ഉണ്ണിയേശു കിടക്കുന്ന പുൽത്തൊട്ടിയുടെ മുമ്പാകെ യോസേഫും മറിയയും മുട്ടുകുത്തി നിൽക്കുന്നതാണ്‌ രംഗം. മിക്കപ്പോഴും ആട്ടിടയന്മാരെയും ട്രെസ്‌ റേയെസ്‌ മാഗോസിനെയും (“ജ്ഞാനികൾ”) അവിടെ കാണാനാകും. തൊഴുത്തിന്റെ ദൃശ്യമായതിനാൽ ഏതാനും മൃഗങ്ങളുടെ രൂപങ്ങളും കണ്ടേക്കാം. എന്നാൽ അതിലെ മുഖ്യരൂപം സ്‌പാനിഷ്‌ എൽ നിന്യോ ദെദ്യോസ്‌ (പുത്രനാം ദൈവം) എന്നു വിളിക്കുന്ന ഉണ്ണിയേശുവാണ്‌. ക്രിസ്‌തുമസ്സിന്റെ തലേന്നു വൈകുന്നേരമാണ്‌ ആ രൂപത്തെ അതിൽ കിടത്തുന്നത്‌.

യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട ആചാരങ്ങളുടെ ഉത്ഭവം

ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന ക്രിസ്‌തുമസ്സിനെ കുറിച്ച്‌ ദി എൻസൈക്ലോപീഡിയ അമേരിക്കാനാ ഇങ്ങനെ പറയുന്നു: “ക്രിസ്‌തുമസ്സിനോടു ബന്ധപ്പെട്ട്‌ ഇപ്പോൾ നടത്താറുള്ള ആചാരങ്ങളിൽ മിക്കതും തുടക്കത്തിൽ ക്രിസ്‌തീയമായിരുന്നില്ല. മറിച്ച്‌, ക്രിസ്‌തീയപൂർവ കാലങ്ങളിൽ നിലവിലിരുന്ന, ക്രിസ്‌തീയേതര ആചാരങ്ങളായിരുന്നു. പിൽക്കാലത്ത്‌ ക്രൈസ്‌തവ സഭ അവ കടമെടുക്കുകയായിരുന്നു. ക്രിസ്‌തുമസ്സ്‌ ആചാരങ്ങളിൽ മിക്കവയും പുരാതന റോമാക്കാർ ഡിസംബർ മധ്യത്തോടെ ആഘോഷിച്ചിരുന്ന ഉത്സവമായ സാറ്റർനേലിയയിൽനിന്ന്‌ ഉത്ഭവിച്ചവയാണ്‌. വിഭവ സമൃദ്ധമായ സദ്യ ഒരുക്കുന്നതും സമ്മാനങ്ങൾ കൈമാറുന്നതും മെഴുകുതിരികൾ കത്തിക്കുന്നതും പോലുള്ള ആചാരങ്ങൾ അതിന്‌ ഉദാഹരണങ്ങളാണ്‌.”

ലാറ്റിൻ അമേരിക്കയിൽ യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട ആചാരങ്ങളോടൊപ്പം വേറെയും നിരവധി ആചാരങ്ങൾ നിലവിലുണ്ട്‌. അവയുടെയൊക്കെ ഉത്ഭവം എവിടെനിന്നാണെന്നു നിങ്ങൾ ചിന്തിച്ചേക്കാം. അവയിൽ ചില ആചാരങ്ങൾ ആസ്‌ടെക്കുകാരുടെ ഇടയിൽ നിലവിലിരുന്നവയാണെന്ന്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ അടുത്തു പിൻപറ്റുന്ന അനേകർക്കും അറിയാം. മെക്‌സിക്കോ നഗരത്തിലെ ഒരു വർത്തമാനപ്പത്രമായ എൽ യൂണിവെഴ്‌സാൽ അതേക്കുറിച്ച്‌ ഇങ്ങനെ അഭിപ്രായപ്പെട്ടു: “[ആസ്‌ടെക്കുകാരുടെ] ഉത്സവങ്ങൾ നടന്നിരുന്നത്‌ കത്തോലിക്കരുടെ ആരാധനാ ചടങ്ങുകൾ നടന്നിരുന്ന സമയത്തായിരുന്നതിനാൽ കത്തോലിക്കാ മിഷനറിമാർ തങ്ങളുടെ സുവിശേഷ-മിഷനറി പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കാൻ അവയെ ഉപയോഗപ്പെടുത്തി. അതേത്തുടർന്ന്‌ അവർ ലാറ്റിൻ അമേരിക്കൻ ദേവന്മാരുടെ ആഘോഷങ്ങൾക്കു പകരം ക്രിസ്‌തീയ ദൈവങ്ങളുടെ ആഘോഷങ്ങൾ കൊണ്ടാടുകയും യൂറോപ്യൻ ഉത്സവങ്ങളും ആചാരങ്ങളും അവിടേക്ക്‌ കൊണ്ടുവരുകയും ചെയ്‌തു. അവർ ആസ്‌ടെക്കുകാരുടെ ആഘോഷങ്ങളെ തങ്ങളുടേതുമായി കൂട്ടിക്കലർത്തിയത്‌ ഇരു ജനവിഭാഗങ്ങളുടെയും സാംസ്‌കാരിക സങ്കലനത്തിനു വഴിതെളിച്ചു. അതിൽ നിന്നാണ്‌ ക്രൈസ്‌തവസഭ ഉപയോഗിക്കുന്ന മെക്‌സിക്കൻ പദങ്ങൾ വന്നിരിക്കുന്നത്‌.”

“യേശു ജനിച്ച പശ്ചാത്തലത്തെ ചിത്രീകരിക്കുന്ന പുനരവതരണങ്ങൾ വളരെക്കാലം മുമ്പുതന്നെ ക്രിസ്‌തുമസ്സ്‌ ആഘോഷത്തിന്റെ ഭാഗമായിത്തീർന്നു . . . പുൽക്കൂടു നിർമിക്കുന്ന രീതിക്കു തുടക്കമിട്ടത്‌ ഫ്രാൻസിസ്‌ പുണ്യവാളനാണെന്നു പറയപ്പെടുന്നു” എന്ന്‌ ദി എൻസൈക്ലോപീഡിയ അമേരിക്കാനാ വിശദീകരിക്കുന്നു. ക്രിസ്‌തുവിന്റെ ജനനത്തെ ചിത്രീകരിക്കുന്ന ഇത്തരം പുൽക്കൂടുകൾ മെക്‌സിക്കോയിൽ കോളനിവത്‌കരണം തുടങ്ങിയ കാലഘട്ടത്തിൽ പള്ളികളിൽ കാണാമായിരുന്നു. യേശുവിന്റെ ജനനത്തെ കുറിച്ച്‌ ആസ്‌ടെക്കുകാരെ പഠിപ്പിക്കുന്നതിന്‌ ഫ്രാൻസിസ്‌കൻ സന്യാസിമാരാണ്‌ അതു സംഘടിപ്പിച്ചിരുന്നത്‌. പിന്നീട്‌ പോസാദാസ്‌ കൂടുതൽ ജനപ്രീതിയാർജിച്ചു. അതിന്റെ ആദിമ ഉദ്ദേശ്യം എന്തുതന്നെ ആയിരുന്നാലും, ഇന്നത്തെ പോസാദാസ്‌ അതിന്റെ തനിനിറം വെളിപ്പെടുത്തുന്നു. ക്രിസ്‌തുമസ്സ്‌ കാലത്തു മെക്‌സിക്കോ സന്ദർശിച്ചാൽ, എൽ യൂണിവെഴ്‌സാൽ പത്രത്തിന്റെ ലേഖകൻ പറഞ്ഞ പിൻവരുന്ന അഭിപ്രായം എത്ര കഴമ്പുള്ളതാണെന്നു നിങ്ങൾക്കു മനസ്സിലാകും: “യേശു ജനിക്കുന്നതിനുമുമ്പ്‌ അവന്റെ മാതാപിതാക്കൾ പുത്രനാം ദൈവത്തിനു പിറക്കാനുള്ള സ്ഥലം തേടി അലഞ്ഞതിനെ കുറിച്ചു ഓർമിക്കാൻ തുടക്കമിട്ട പോസാദാസ്‌ ഇന്ന്‌ വെറിക്കൂത്ത്‌, അമിതഭോജനം, അലസത എന്നിവയുടെയും കുറ്റകൃത്യങ്ങളുടെയും കൂത്തരങ്ങായി മാറിയിരിക്കുന്നു.”

ആദ്യകാല പുൽക്കൂടു ദൃശ്യങ്ങളിൽ രൂപങ്ങൾക്കു പകരം ആളുകൾതന്നെ ആയിരുന്നു നിന്നിരുന്നത്‌. അതിൽനിന്നാണ്‌ കോളനിവാഴ്‌ചക്കാലത്ത്‌ നാസിമിയെന്തോയ്‌ക്കു തുടക്കം കുറിച്ചത്‌. ചിലർക്ക്‌ അത്‌ ആകർഷകമായി തോന്നിയേക്കാമെങ്കിലും, അത്‌ യഥാർഥത്തിൽ ബൈബിൾ വിവരണത്തോടു ചേർച്ചയിലാണോ? വളരെ പ്രസക്തമായ ഒരു ചോദ്യമാണിത്‌. ജ്ഞാനികൾ എന്നു പറയപ്പെടുന്ന മൂന്നു വ്യക്തികൾ​—⁠അവർ വാസ്‌തവത്തിൽ ജോത്സ്യന്മാരായിരുന്നു​—⁠യേശുവിനെ സന്ദർശിച്ചപ്പോൾ അവനും അവന്റെ മാതാപിതാക്കളും കാലിത്തൊഴുത്തിൽ ആയിരുന്നില്ല. യേശു ജനിച്ച്‌ നാളുകൾ കഴിഞ്ഞാണ്‌ അവർ അവനെ സന്ദർശിക്കുന്നത്‌. അവർ ചെല്ലുമ്പോൾ യേശുവും മാതാപിതാക്കളും ഒരു വീട്ടിലായിരുന്നു താമസം. രസകരമായ ഈ വിശദാംശം മത്തായി 2:1, 11-ലെ നിശ്വസ്‌ത വൃത്താന്തത്തിൽ വായിക്കാനാകും. മാത്രമല്ല, യേശുവിനെ സന്ദർശിക്കാൻ എത്തിയ ജോത്സ്യന്മാരുടെ എണ്ണം ബൈബിൾ പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്‌. *

ലാറ്റിൻ അമേരിക്കയിൽ മൂന്നു ജ്ഞാനികൾ ക്രിസ്‌തുമസ്സ്‌ അപ്പൂപ്പന്റെ സ്ഥാനം കയ്യടക്കുന്നു. മറ്റു ദേശങ്ങളിലെപ്പോലെ, അവിടെയും പല മാതാപിതാക്കളും കളിപ്പാട്ടങ്ങൾ വീട്ടിൽ ഒളിച്ചുവെക്കുക പതിവാണ്‌. പിന്നീട്‌, ജനുവരി 6-ാം തീയതി, മൂന്നു ജ്ഞാനികൾ കൊണ്ടുവെച്ചതെന്നു കരുതപ്പെടുന്ന ആ കളിപ്പാട്ടങ്ങൾ കുട്ടികൾ തേടി കണ്ടുപിടിക്കും. കളിപ്പാട്ടങ്ങൾ വിൽക്കുന്നവർക്കു പണം കൊയ്യാനുള്ള ഒരു സമയമാണത്‌. പല ബിസിനസുകാരെയും സമ്പന്നരാക്കിയിരിക്കുന്ന ഈ ആചാരം വെറും കെട്ടുകഥയാണെന്ന്‌ ആത്മാർഥഹൃദയരായ പലർക്കും അറിയാം. മൂന്നു ജ്ഞാനികളെ കുറിച്ചുള്ള ഈ സങ്കൽപ്പകഥയിൽ ഇന്നു പലർക്കും​—⁠കൊച്ചുകുട്ടികൾക്കു പോലും​—⁠താത്‌പര്യമില്ല. ഈ കഥയിൽ വിശ്വസിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞുവന്നേക്കാം എന്ന ചിന്ത പലരെയും അലട്ടുന്നുണ്ട്‌. എന്നാൽ, ബിസിനസുകാരുടെ കീശ വീർപ്പിക്കാനുള്ള, പാരമ്പര്യങ്ങളിൽ മാത്രം അധിഷ്‌ഠിതമായിരിക്കുന്ന ഇത്തരമൊരു ആചാരത്തിന്റെ കാര്യത്തിൽ മറ്റെന്താണ്‌ ഒരുവന്‌ പ്രതീക്ഷിക്കാനാവുക?

ഇനി നമുക്ക്‌ ആദിമ ക്രിസ്‌ത്യാനികളുടെ കാര്യമെടുക്കാം. അവർ ക്രിസ്‌തുമസ്സ്‌ ആഘോഷിക്കുകയോ പുൽക്കൂടു പണിയുകയോ ഒന്നും ചെയ്‌തിരുന്നില്ല. അതേക്കുറിച്ച്‌ ഒരു വിജ്ഞാനകോശം പറയുന്നതു ശ്രദ്ധിക്കുക: “ക്രിസ്‌തീയ സഭയുടെ ആദ്യ നൂറ്റാണ്ടുകളിൽ ക്രിസ്‌തുമസ്സ്‌ ആഘോഷിക്കപ്പെട്ടിരുന്നില്ല. ക്രിസ്‌ത്യാനികൾ പൊതുവെ ശ്രദ്ധേയരായ വ്യക്തികളുടെ ജന്മദിനമല്ല, മറിച്ച്‌ മരണദിനമാണ്‌ ആചരിച്ചിരുന്നത്‌.” ദൈവത്തിന്റെ സത്യാരാധകർ ജന്മദിനം ആഘോഷിച്ചിരുന്നതായി ബൈബിളിൽ ഒരിടത്തും പറയുന്നില്ല. മറിച്ച്‌ പുറജാതീയരാണ്‌ അങ്ങനെ ചെയ്‌തിരുന്നത്‌ എന്ന്‌ അതു വ്യക്തമാക്കുന്നു.​—⁠മത്തായി 14:6-10.

ദൈവപുത്രന്റെ ജനനവുമായി ബന്ധപ്പെട്ട യഥാർഥ സംഭവങ്ങളെ കുറിച്ചു മനസ്സിലാക്കുകയും ഓർമിക്കുകയും ചെയ്യുന്നതിൽ ഒരു പ്രയോജനവുമില്ലെന്നല്ല അതിന്റെ അർഥം. അതുമായി ബന്ധപ്പെട്ട വസ്‌തുനിഷ്‌ഠമായ ബൈബിൾ വിവരണങ്ങൾ ദൈവേഷ്ടം ചെയ്യാൻ ആഗ്രഹിക്കുന്ന ഏവർക്കും ഉൾക്കാഴ്‌ച പകരുന്നുവെന്നു മാത്രമല്ല പ്രധാനപ്പെട്ട പല കാര്യങ്ങളും അവരെ പഠിപ്പിക്കുകയും ചെയ്യുന്നു.

യേശുവിന്റെ ജനനത്തെ കുറിച്ചുള്ള ബൈബിൾ വിവരണം

മത്തായിയുടെയും ലൂക്കൊസിന്റെയും സുവിശേഷങ്ങളിൽ യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട വിശ്വാസയോഗ്യമായ വിവരങ്ങൾ നമുക്കു കണ്ടെത്താനാകും. ഗലീലയിലെ നസറെത്ത്‌ എന്ന പട്ടണത്തിൽ താമസിച്ചിരുന്ന മറിയ എന്നു പേരുള്ള ഒരു അവിവാഹിത യുവതിയെ ഗബ്രീയേൽ ദൂതൻ സന്ദർശിച്ചതായി ആ വൃത്താന്തങ്ങൾ പറയുന്നു. ആ ദൂതൻ എന്തു സന്ദേശമാണ്‌ അറിയിച്ചത്‌? “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും. അവൻ യാക്കോബ്‌ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല.”⁠—⁠ലൂക്കൊസ്‌ 1:31-33.

ആ സന്ദേശം കേട്ടപ്പോൾ മറിയ അത്ഭുതസ്‌തബ്ധയായി. അവിവാഹിതയായ അവൾ ചോദിച്ചു: “ഞാൻ പുരുഷനെ അറിയായ്‌കയാൽ ഇതു എങ്ങനെ സംഭവിക്കും”? അതിന്നു ദൂതൻ “പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന്‌ ഉത്തരം പറഞ്ഞു. അതു ദൈവേഷ്ടമാണെന്നു തിരിച്ചറിഞ്ഞ മറിയ ഇങ്ങനെ പറഞ്ഞു: “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ.”​—⁠ലൂക്കൊസ്‌ 1:34-38.

മറിയ ഗർഭിണിയാണെന്ന്‌ അറിഞ്ഞ യോസേഫ്‌ അവളെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. അപ്പോൾ ദൈവദൂതൻ യോസേഫിനു പ്രത്യക്ഷനായി. പരിശുദ്ധാത്മാവിനാലാണു മറിയയിൽ ശിശു ഉത്‌പാദിതമായത്‌ എന്നും അവളെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ട എന്നും ദൂതൻ അവനോടു പറഞ്ഞു. അങ്ങനെ ദൈവപുത്രനെ പരിപാലിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാൻ അവൻ സന്നദ്ധനായി.​—⁠മത്തായി 1:18-25.

അങ്ങനെയിരിക്കെ, പേർവഴി ചാർത്താനുള്ള ഔഗുസ്‌തൊസ്‌ കൈസറിന്റെ ആജ്ഞയെ തുടർന്ന്‌ യോസേഫും മറിയയും ഗലീലയിലെ നസറെത്തിൽനിന്ന്‌ യെഹൂദ്യയിലെ ബേത്ത്‌ലേഹെമിലേക്കു യാത്ര തിരിച്ചു. “അവർ അവിടെ ഇരിക്കുമ്പോൾ അവൾക്കു പ്രസവത്തിന്നുള്ള കാലം തികെഞ്ഞു. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുററി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്‌കയാൽ പശുത്തൊട്ടിയിൽ കിടത്തി.”⁠—⁠ലൂക്കൊസ്‌ 2:1-7.

തുടർന്ന്‌ എന്താണു സംഭവിച്ചതെന്ന്‌ ലൂക്കൊസ്‌ 2:8-14 വിവരിക്കുന്നു: ‘അന്നു ആ പ്രദേശത്തു ഇടയന്മാർ രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു. അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ നിന്നു, കർത്താവിന്റെ തേജസ്സ്‌ അവരെ ചുററിമിന്നി, അവർ ഭയപരവശരായ്‌തീർന്നു. ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്‌തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്കു അടയാളമോ: ശീലകൾ ചുററി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു. പെട്ടെന്നു സ്വർഗ്ഗീയസൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്‌ത്തി. “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു.’

ജോത്സ്യന്മാർ

യഹൂദന്മാരുടെ രാജാവായി പിറന്നവനെ അന്വേഷിച്ച്‌ കിഴക്കുനിന്ന്‌ വിദ്വാന്മാർ [ജോത്സ്യന്മാർ] യെരൂശലേമിൽ എത്തിയതായി മത്തായിയുടെ വിവരണം പറയുന്നു. ആ ശിശുവിന്റെ ജനനത്തെ കുറിച്ച്‌ അറിയാൻ ഹെരോദാരാജാവ്‌ വളരെ ഉത്സുകനായിരുന്നു, നല്ല ആന്തരത്തോടെ അല്ലായിരുന്നു എന്നുമാത്രം. അവൻ “അവരെ ബേത്ത്‌ലേഹെമിലേക്കു അയച്ചു: നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്‌മമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്നു അവനെ നമസ്‌കരിക്കേണ്ടതിന്നു, വന്നു എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു.” ശിശുവിന്റെ അടുക്കലെത്തിയ ആ ജോത്സ്യന്മാർ “നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്‌ചവെച്ചു.” എന്നാൽ, അവർ ഹെരോദാവിന്റെ അടുക്കലേക്കു മടങ്ങിയില്ല. കാരണം, “ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു [അവർക്ക്‌] സ്വപ്‌നത്തിൽ അരുളപ്പാടുണ്ടായി.” ഒരു ദൂതൻ മുഖാന്തരം ദൈവം ഹെരോദാവിന്റെ ആന്തരം യോസേഫിനു വെളിപ്പെടുത്തി. തുടർന്ന്‌, യോസേഫും മറിയയും ശിശുവിനെയുംകൂട്ടി മിസ്രയീമിലേക്ക്‌ ഓടിപ്പോയി. ക്രൂരനായ ഹെരോദാവ്‌ അടുത്തതായി ശിശുവിനെ കൊല്ലാനുള്ള ശ്രമത്തിൽ, ബേത്ത്‌ലേഹെമിലും സമീപപ്രദേശത്തുമുള്ള “ആൺകുട്ടികളെ ഒക്കെയും” കൊല്ലാൻ കൽപ്പന പുറപ്പെടുവിച്ചു. ഏത്‌ ആൺകുട്ടികളെ? രണ്ടു വയസ്സും താഴെയുമുള്ള എല്ലാ ആൺകുട്ടികളെയും.​—⁠മത്തായി 2:1-16.

പ്രസ്‌തുത ബൈബിൾ വിവരണത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും?

യേശുവിനെ സന്ദർശിച്ച ജോത്സ്യന്മാർ​—⁠അവർ എത്രപേരുണ്ടായിരുന്നാലും​—⁠സത്യ ദൈവത്തിന്റെ ആരാധകർ ആയിരുന്നില്ല. ഒരു ബൈബിൾ ഭാഷാന്തരമായ ലാ നൂയെവാ ബിബ്ലിക്ക ലാറ്റിനോ-അമേരിക്ക (1989-ലെ പതിപ്പ്‌) അതിന്റെ ഒരു അടിക്കുറിപ്പിൽ ഇങ്ങനെ പറയുന്നു: “മേജൈകൾ രാജാക്കന്മാർ ആയിരുന്നില്ല. മറിച്ച്‌, അവർ ഭാവികഥനക്കാരും പുറജാതീയ മതപുരോഹിതന്മാരും ആയിരുന്നു.” തങ്ങൾ ആരാധിച്ചിരുന്ന നക്ഷത്രങ്ങൾ വെളിപ്പെടുത്തിക്കൊടുത്ത കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്‌ അവർ അവിടെ എത്തിയത്‌. ഇനി, ശിശുവിന്റെ അടുക്കലേക്ക്‌ അവരെ നയിക്കാൻ ദൈവം ആഗ്രഹിച്ചിരുന്നെങ്കിൽ അവൻ അവരെ നേരിട്ട്‌ കൃത്യ സ്ഥലത്തേക്കു നയിച്ചേനെ, യെരൂശലേമിൽ ഹെരോദാവിന്റെ കൊട്ടാരത്തിലേക്ക്‌ ആദ്യം അവർക്കു പോകേണ്ടിവരുമായിരുന്നില്ല. എന്നാൽ, പിന്നീട്‌ ദൈവം ഇടപെട്ടുകൊണ്ട്‌ അവരെ വേറെ വഴിക്കു പറഞ്ഞുവിടുകയും അങ്ങനെ ശിശുവിനെ സംരക്ഷിക്കുകയും ചെയ്‌തു.

പൊടിപ്പും തൊങ്ങലും വെച്ച കാൽപ്പനിക വിഷയങ്ങൾക്കാണു ക്രിസ്‌തുമസ്സിൽ പ്രാമുഖ്യത നൽകപ്പെടുന്നത്‌. മറിയയോടും ആട്ടിടയന്മാരോടും ദൈവദൂതന്മാർ ഘോഷിച്ചതുപോലെ, ആ ശിശു ശക്തനായ രാജാവ്‌ ആയിത്തീരാനാണ്‌ ജനിച്ചത്‌ എന്ന സുപ്രധാന സംഗതിക്ക്‌ ആരുംതന്നെ വിലകൽപ്പിക്കുന്നില്ല. യേശു ഇപ്പോൾ ഒരു ശിശുവോ കുട്ടിയോ അല്ല, മറിച്ച്‌ ദൈവരാജ്യത്തിന്റെ വാഴ്‌ച നടത്തുന്ന രാജാവാണ്‌. ആ രാജ്യം ഉടനടി ദൈവേഷ്ടത്തിന്‌ എതിരായ സകല ഭരണങ്ങളെയും തുടച്ചുനീക്കുകയും മനുഷ്യവർഗത്തിന്റെ പ്രശ്‌നങ്ങൾക്കു പരിഹാരം വരുത്തുകയും ചെയ്യും. ആ രാജ്യത്തിനു വേണ്ടിയാണു നാം കർത്താവിന്റെ പ്രാർഥനയിൽ യാചിക്കുന്നത്‌.​—⁠ദാനീയേൽ 2:44; മത്തായി 6:9, 10.

ആട്ടിടയന്മാരോടുള്ള ദൈവദൂതന്മാരുടെ ഘോഷണത്തിൽനിന്ന്‌ ഒരു സംഗതി വ്യക്തമാണ്‌: സുവാർത്തയ്‌ക്കു ചെവികൊടുക്കുന്ന ഏതൊരാൾക്കും രക്ഷ പ്രാപിക്കുന്നതിനുള്ള അവസരമുണ്ട്‌. ദൈവാംഗീകാരം നേടുന്നവരെല്ലാം “ദൈവപ്രസാദമുള്ള മനുഷ്യർ” ആയിത്തീരുന്നു. യേശുക്രിസ്‌തുവിന്റെ രാജ്യത്തിൻ കീഴിൽ ലോകമെമ്പാടും സമാധാനം സ്ഥാപിതമാകും. എന്നുവരികിലും, ദൈവേഷ്ടം ചെയ്യുന്നവർക്കു മാത്രമേ അവിടെ ആയിരിക്കാനാകൂ. എന്നാൽ, ദൈവേഷ്ടം ചെയ്യാൻ ക്രിസ്‌തുമസ്സ്‌ ആളുകളെ പ്രേരിപ്പിക്കുന്നുണ്ടോ? അതിന്‌ ആളുകൾ തത്‌പരരാണെന്ന്‌ ക്രിസ്‌തുമസ്സ്‌ വെളിപ്പെടുത്തുന്നുണ്ടോ? ബൈബിൾ അനുസരിച്ചു ജീവിക്കാനാഗ്രഹിക്കുന്ന ആത്മാർഥ ഹൃദയരായ അനേകർക്കും അതിന്റെ ഉത്തരം സംബന്ധിച്ച്‌ യാതൊരു സംശയവുമില്ല.​—⁠ലൂക്കൊസ്‌ 2:​10, 11, 14.

[അടിക്കുറിപ്പ്‌]

^ ഖ. 13 മറ്റൊരു വിശദാംശവും പരിഗണന അർഹിക്കുന്നു: മെക്‌സിക്കൻ നാസിമിയെന്തോയിൽ കുട്ടിയെ “പുത്രനാം ദൈവം” എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. ദൈവംതന്നെയാണ്‌ ഒരു ശിശുവായി ഭൂമിയിലേക്കു വന്നത്‌ എന്ന ആശയത്തിൽ അധിഷ്‌ഠിതമാണിത്‌. എന്നാൽ ബൈബിൾ യേശുവിനെ ഭൂമിയിൽ പിറന്ന ദൈവപുത്രനായാണു ചിത്രീകരിക്കുന്നത്‌; അവൻ സർവശക്തനാം ദൈവമായ യഹോവ തന്നെയോ യഹോവയ്‌ക്കു തുല്യനോ ആയിരുന്നില്ല. അതു സംബന്ധിച്ച സത്യം ലൂക്കൊസ്‌ 1:35; യോഹന്നാൻ 3:16; 5:37; 14:​1, 6, 9, 28; 17:​1, 3; 20:17 എന്നീ തിരുവെഴുത്തുകളിൽ കാണാനാകും.

[4-ാം പേജിലെ ചതുരം]

ചിലരെ ഇത്‌ അതിശയിപ്പിച്ചേക്കാം

ക്രിസ്‌തുമസ്സിനെ കുറിച്ചു വർഷങ്ങളോളം ഗവേഷണങ്ങൾ നടത്തിയശേഷം ടോം ഫ്‌ളിൻ എന്ന എഴുത്തുകാരൻ തന്റെ ഗവേഷണഫലങ്ങൾ ക്രിസ്‌തുമസ്സിന്റെ കുഴപ്പം (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി:

“ക്രിസ്‌തുമസ്സുമായി ബന്ധപ്പെട്ട നിരവധി ആചാരങ്ങൾ ക്രിസ്‌തീയപൂർവ പുറജാതി മതങ്ങളിൽ വേരൂന്നിയവയാണ്‌. അവയിൽ ചിലത്‌ വ്യത്യസ്‌ത സമൂഹങ്ങളിലെ പരമ്പരാഗതവും ലൈംഗികവും ജോതിശാസ്‌ത്രപരവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രസ്‌തുത ആചാരങ്ങളുടെ ഉത്ഭവത്തെ കുറിച്ച്‌ അറിയുമ്പോൾ വിദ്യാസമ്പന്നരും സംസ്‌കാരമുള്ളവരുമായ ആളുകൾ അവയ്‌ക്കു തെല്ലും മൂല്യം കൽപ്പിക്കുകയില്ല.”​—⁠പേജ്‌ 19.

തന്റെ വാദഗതിയെ പിന്തുണയ്‌ക്കുന്ന ഒട്ടനേകം വിവരങ്ങൾ അവതരിപ്പിച്ചശേഷം ഫ്‌ളിൻ ഇങ്ങനെ പറയുന്നു: “ക്രിസ്‌ത്യാനികളുടെ ആഘോഷമാണു ക്രിസ്‌തുമസ്സ്‌ എന്ന്‌ അവകാശപ്പെടുന്നെങ്കിലും അതിൽ യഥാർഥത്തിൽ ക്രിസ്‌തീയമായി ഒന്നുംതന്നെ ഇല്ല എന്നതാണ്‌ ഏറ്റവും വലിയ വൈരുദ്ധ്യം. മറ്റുള്ളവരിൽനിന്നു കടമെടുത്ത ആചാരങ്ങളും അനുഷ്‌ഠാനങ്ങളും നീക്കിക്കളയുമ്പോൾ യഥാർഥത്തിൽ ക്രിസ്‌തീയമെന്നു പറയാവുന്ന യാതൊന്നും ക്രിസ്‌തുമസ്സിൽ ഉണ്ടായിരിക്കുകയില്ല.”​—⁠പേജ്‌ 155.

[7-ാം പേജിലെ ചിത്രം]

യേശുവിന്റെ ജനനത്തെ കുറിച്ചുള്ള ഘോഷണം, ദൈവം തിരഞ്ഞെടുത്ത രാജാവാണ്‌ അവൻ എന്നു വ്യക്തമാക്കി