വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചിയാപസ്‌ മലമ്പ്രദേശങ്ങളിൽ സമാധാന സുവിശേഷം എത്തുന്നു

ചിയാപസ്‌ മലമ്പ്രദേശങ്ങളിൽ സമാധാന സുവിശേഷം എത്തുന്നു

ചിയാപസ്‌ മലമ്പ്രദേശങ്ങളിൽ സമാധാന സുവിശേഷം എത്തുന്നു

“സായുധരായ ഒരു കൂട്ടം ആളുകൾ 13 ശിശുക്കൾ ഉൾപ്പെടെ നിരായുധരായ 45 ഗ്രാമീണരെ നിർദയം കൊലചെയ്‌തു. ചിയാപസ്‌ സംസ്ഥാനത്ത്‌ നടന്നിട്ടുള്ളതിലേക്കും ഏറ്റവും ഹീനമായ ഒരു കൂട്ടക്കൊലയാണത്‌.” ചിയാപസ്‌ സംസ്ഥാനത്തിലെ ആക്‌ടീയാലിൽ 1997 ഡിസംബർ 22-ന്‌ നടന്ന സംഭവത്തെ കുറിച്ച്‌ “എൽ യൂണിവെഴ്‌സാൽ” എന്ന വർത്തമാനപ്പത്രത്തിൽ വന്ന റിപ്പോർട്ടാണിത്‌.

മെക്‌സിക്കോയുടെ തെക്കേ അറ്റത്തായി, ഗ്വാട്ടിമാലയുടെ അതിർത്തിയോടു ചേർന്നു സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാനമാണ്‌ ചിയാപസ്‌. ദീർഘകാലമായി അനുഭവിച്ചുകൊണ്ടിരുന്ന ദാരിദ്ര്യവും ബുദ്ധിമുട്ടും നിമിത്തം, തദ്ദേശീയരായ ഒരു കൂട്ടം മായ ഇൻഡ്യാക്കാർ 1994 ജനുവരിയിൽ ഒരു സായുധ ലഹള സംഘടിപ്പിച്ചു. എചെർസിറ്റോ സാപാറ്റിസ്റ്റാ ദെ ലിബെറാസിയോൻ നാസിയോനലിന്റെ (EZLN ദേശീയ വിമോചന സാപാറ്റിസ്റ്റ സേന) പിന്തുണയോടെയായിരുന്നു അത്‌. സമാധാനപരമായ ഒരു പരിഹാരം കണ്ടെത്താനായി നടത്തിയ സന്ധിസംഭാഷണങ്ങളൊന്നും വിജയിച്ചില്ല. ഈ തീവ്രവാദികളും ഗവൺമെന്റ്‌ സേനകളും നടത്തിയ മിന്നൽപ്പരിശോധനകളും ആക്രമണങ്ങളും രക്തച്ചൊരിച്ചിലിലും മരണത്തിലും കലാശിച്ചു. ഈ പ്രക്ഷുബ്ധാവസ്ഥ നിമിത്തം അവിടുള്ള പലർക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കു പലായനം ചെയ്യേണ്ടിവന്നു.

എന്തും സംഭവിക്കാമായിരുന്ന അത്തരം സാഹചര്യങ്ങളിലും രാഷ്‌ട്രീയ പോരാട്ടത്തിൽ നിഷ്‌പക്ഷത പാലിച്ചിട്ടുള്ള, സമാധാനപ്രേമികളായ ഒരു കൂട്ടമാളുകൾ അവിടെ ഉണ്ട്‌. പ്രാദേശികമായും ലോകവ്യാപകമായും ഉള്ള പ്രശ്‌നങ്ങൾക്ക്‌ ഏക പരിഹാരം എന്ന നിലയിൽ ദൈവരാജ്യത്തിലേക്ക്‌ അവർ ആളുകളുടെ ശ്രദ്ധ ക്ഷണിക്കുന്നു. (ദാനീയേൽ 2:44) ആരാണ്‌ അവർ? യഹോവയുടെ സാക്ഷികൾ. യേശുവിന്റെ കൽപ്പന അനുസരിച്ചുകൊണ്ട്‌ അവർ ചിയാപസ്‌ മലമ്പ്രദേശങ്ങളിലെ ഏറ്റവും ഒറ്റപ്പെട്ടുകിടക്കുന്ന ഇടങ്ങളിൽപ്പോലും സുവാർത്ത എത്തിക്കാൻ ശ്രമിക്കുന്നു. (മത്തായി 24:14) അത്തരം സാഹചര്യങ്ങളിൽ സുവാർത്ത പ്രസംഗിക്കുന്നത്‌ എങ്ങനെയുള്ള അനുഭവമായിരുന്നു? അതിന്റെ ഫലം എന്തായിരുന്നു?

“ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണ്‌”

ഈ അടുത്ത കാലത്ത്‌ രാജ്യപ്രസാധകനായിത്തീർന്ന അഡോൾഫോ എന്ന ചെറുപ്പക്കാരൻ ഒരു ദിവസം ഓകോസിങ്കോയിലുള്ള ഒരു റേഡിയോ നിലയത്തിൽ ജോലി ചെയ്‌തുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന്‌ ആരോ കതകിൽ ശക്തമായി മുട്ടുന്നത്‌ അദ്ദേഹം കേട്ടു. മുഖംമൂടി അണിഞ്ഞ കുറേപ്പേർ അകത്തേക്കു തള്ളിക്കയറി അദ്ദേഹത്തിന്റെ തലയ്‌ക്ക്‌ നേരെ തോക്കുചൂണ്ടി. അങ്ങനെ അവർ ആ റേഡിയോ നിലയം പിടിച്ചെടുക്കുകയും തങ്ങൾ ഗവൺമെന്റിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്ന്‌ റേഡിയോയിലൂടെ അറിയിപ്പു നടത്തുകയും ചെയ്‌തു.

തുടർന്ന്‌ അഡോൾഫോയോട്‌ തങ്ങളുടെ കൂട്ടത്തിൽ ചേരാൻ ആ ആയുധധാരികൾ ആജ്ഞാപിച്ചു. ആ സമയത്ത്‌ സ്‌നാപനമേറ്റിരുന്നില്ലെങ്കിലും “ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണ്‌” എന്ന്‌ അഡോൾഫോ പറഞ്ഞു. സമാധാനത്തിനുള്ള ഏക പ്രത്യാശ ദൈവരാജ്യമാണെന്ന്‌ അദ്ദേഹം വിശദീകരിച്ചു. അവർ നൽകിയ യൂണിഫോമും തോക്കും സ്വീകരിക്കാൻ അദ്ദേഹം കൂട്ടാക്കിയതുമില്ല. അദ്ദേഹത്തിന്റെ ഉറച്ച നിലപാട്‌ കണ്ട്‌ അവർ അദ്ദേഹത്തെ വെറുതെ വിട്ടു. പ്രസ്‌തുത സംഭവത്തെക്കുറിച്ച്‌ പിന്നീട്‌ അഡോൾഫോ പറഞ്ഞു: “അത്‌ യഥാർഥത്തിൽ എന്റെ വിശ്വാസത്തെ ശക്തീകരിച്ചു.”

സ്ഥിതിഗതികൾ ക്രമേണ ശാന്തമായെങ്കിലും, ആ പ്രദേശം സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽപ്പോലും, ആ പ്രദേശത്തെ സഹോദരങ്ങളുടെ ഒറ്റപ്പെട്ട ഒരു കൂട്ടത്തോടൊപ്പം പ്രവർത്തിക്കുന്നതിനുള്ള പ്രാദേശിക സഭയിലെ മൂപ്പന്മാരുടെ ക്ഷണം അദ്ദേഹം സസന്തോഷം സ്വീകരിച്ചു. ചെക്ക്‌പോസ്റ്റ്‌ കടക്കേണ്ടിവന്ന അവസരങ്ങളിൽ, താൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്നു പറഞ്ഞതു നിമിത്തം ഭടന്മാർ അദ്ദേഹത്തോട്‌ ആദരവോടെ പെരുമാറി. അദ്ദേഹം പിന്നീട്‌ സ്‌നാപനമേറ്റു. ആ ഒറ്റപ്പെട്ട കൂട്ടത്തെ ഒരു സഭയായിത്തീരാൻ സഹായിച്ചതിലുള്ള സംതൃപ്‌തി ആസ്വദിക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. അഡോൾഫോ പറയുന്നു: “സ്‌നാപനമേറ്റ സ്ഥിതിക്ക്‌, ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്ന്‌ എനിക്കിപ്പോൾ സത്യസന്ധമായിത്തന്നെ പറയാൻ കഴിയും!”

‘യഹോവ ഞങ്ങളെ ശക്തീകരിച്ചു’

ഗവൺമെന്റിനെതിരെ സാപാറ്റിസ്റ്റ സേന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു എന്ന്‌ റേഡിയോയിലൂടെ കേട്ട പട്ടണവാസികൾ അവിടെനിന്നു പലായനം ചെയ്‌തു. ആ ദുർഘട സമയത്ത്‌, തന്നെയും ഭാര്യയെയും യഹോവ ശക്തീകരിച്ച വിധത്തെക്കുറിച്ച്‌ ഫ്രാൻസിസ്‌കോ എന്ന ഒരു മുഴുസമയ ശുശ്രൂഷകൻ അഥവാ പയനിയർ വിശദീകരിക്കുന്നു.

“മൂന്നു മണിക്കൂറുകൊണ്ട്‌ നടന്നെത്താവുന്ന ഒരു പ്രദേശത്ത്‌ അഭയംതേടാൻ ഞങ്ങൾ തീരുമാനിച്ചു. അവിടെ ഒരു സഭ ഉണ്ടായിരുന്നതിനാൽ, ഞങ്ങൾക്കങ്ങനെ സഹോദരങ്ങളോടൊപ്പം ആയിരിക്കാൻ കഴിയുമായിരുന്നു. അധികം താമസിയാതെ പാലെങ്കേയിൽ ഒരു സർക്കിട്ട്‌ സമ്മേളനത്തിനു സമയമായി. പയനിയർമാർക്കുവേണ്ടിയുള്ള പ്രത്യേക യോഗം മുടക്കുന്നതിനെക്കുറിച്ച്‌ എനിക്കും ഭാര്യയ്‌ക്കും ചിന്തിക്കാൻകൂടി കഴിയുമായിരുന്നില്ല. എന്നാൽ, സമ്മേളന സ്ഥലത്തേക്കുള്ള വഴിയിലുടനീളം സാപാറ്റിസ്റ്റ സേന നിലയുറപ്പിച്ചിരിക്കുകയാണെന്ന്‌ ഞങ്ങൾ മനസ്സിലാക്കി. അതുകൊണ്ട്‌ കാട്ടിലൂടെ പോകാൻ ഞങ്ങൾ തീരുമാനിച്ചു. അതിന്‌ ഒൻപതു മണിക്കൂർ എടുത്തു. ഏതായാലും പയനിയർ മീറ്റിങ്‌ തുടങ്ങുന്നതിനു മുമ്പുതന്നെ അവിടെ എത്തിച്ചേരുന്നതിനു ഞങ്ങൾക്കു കഴിഞ്ഞു. ആ യോഗവും മുഴു സമ്മേളനപരിപാടികളും ഞങ്ങൾ നന്നായി ആസ്വദിച്ചു.

“തിരിച്ചെത്തിയപ്പോഴേക്കും, ഞങ്ങളുടെ വീട്‌ തീ വെച്ച്‌ നശിപ്പിച്ചിരുന്നു, വളർത്തു മൃഗങ്ങളെല്ലാം മോഷ്ടിക്കപ്പെട്ടിരുന്നു. ആകപ്പാടെ ശേഷിച്ചിരുന്നതു തുണി നിറച്ച ഒരു ചെറിയ ബാഗ്‌ മാത്രമാണ്‌. എല്ലാം നഷ്ടപ്പെട്ടതിൽ ഞങ്ങൾക്കു വളരെ സങ്കടം തോന്നി. എന്നാൽ, ഓകോസിങ്കോയിലെ സഹോദരങ്ങൾ ഞങ്ങളെ സ്‌നേഹപൂർവം തങ്ങളുടെ വീടുകളിലേക്കു സ്വാഗതം ചെയ്‌തു. കർഷകരായ ഞങ്ങൾ മുമ്പൊരിക്കലും ചെയ്‌തിട്ടില്ലാത്ത ജോലികൾ അവർ ഞങ്ങളെ പഠിപ്പിച്ചു. ഒരു സഹോദരൻ എന്നെ ഫോട്ടോഗ്രഫി പഠിപ്പിച്ചു, മറ്റൊരാൾ ഷൂസ്‌ നന്നാക്കാനും. അങ്ങനെ പയനിയറിങ്‌ ഉപേക്ഷിക്കാതെതന്നെ ഇന്നോളം ഞങ്ങളുടെ കാര്യങ്ങൾ നോക്കിനടത്താൻ ഞങ്ങൾക്കു കഴിഞ്ഞിരിക്കുന്നു. സംഭവിച്ചതൊക്കെ ഓർക്കുമ്പോൾ, സഹിച്ചു നിൽക്കുക ദുഷ്‌കരമായിരുന്ന ആ സമയത്ത്‌ യഹോവ ഞങ്ങളെ ശക്തീകരിച്ചതായി ഞങ്ങൾ മനസ്സിലാക്കുന്നു.”

പ്രസംഗവേലയുടെ ഫലം

ചിയാപസ്‌ സംസ്ഥാനത്തുള്ള സാക്ഷികൾ, ആ പ്രദേശത്തെ ആളുകളോടു സുവാർത്ത പങ്കുവെക്കാനുള്ള തങ്ങളുടെ പ്രത്യേക ശ്രമത്തിന്‌ ഒരു തടസ്സമാകാൻ ബുദ്ധിമുട്ടുകളെയോ അപകടങ്ങളെയോ അനുവദിച്ചില്ല. ഉദാഹരണത്തിന്‌, 1995 ഏപ്രിലിലും മേയിലും നടന്ന രാജ്യവാർത്ത നമ്പർ 34-ന്റെ വിതരണത്തിൽ അവർ ലോകവ്യാപകമായുള്ള തങ്ങളുടെ സഹക്രിസ്‌ത്യാനികളോടു ചേർന്നു. ജീവിതം ഇത്ര പ്രശ്‌നപൂരിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? എന്ന അതിന്റെ തലക്കെട്ട്‌ സമുചിതമായ ഒന്നായിരുന്നു.

ഈ പ്രസ്ഥാനകാലത്ത്‌ പ്യൂബ്ലോന്വേബോ എന്ന സ്ഥലത്തുവെച്ച്‌ സിറോ എന്ന ഒരു സാധാരണ പയനിയർ താത്‌പര്യം പ്രകടമാക്കിയ ഒരു കുടുംബത്തെ കണ്ടുമുട്ടി. മൂന്നു ദിവസം കഴിഞ്ഞ്‌ മടങ്ങിച്ചെന്ന അദ്ദേഹം അവരുമായി ഒരു ബൈബിൾ അധ്യയനം ആരംഭിച്ചു. എന്നാൽ അടുത്ത തവണ അധ്യയനത്തിനായി സിറോയും അദ്ദേഹത്തിന്റെ ഒരു സുഹൃത്തും ആ വീട്ടിൽ ചെന്നപ്പോൾ വീട്ടുകാരൻ അവിടെയില്ലായിരുന്നു. പകരം, അദ്ദേഹത്തെ ആക്രമിക്കാനായി കാത്തുനിൽക്കുന്ന മുഖംമൂടി അണിഞ്ഞ ഒരു കൂട്ടം ആളുകളെയാണ്‌ അവർ അവിടെ കണ്ടെത്തിയത്‌. അവിടെ എന്തന്വേഷിക്കുകയാണെന്ന്‌ സിറോയോടും സുഹൃത്തിനോടും ചോദിച്ച അവർ, അവിടെ നിന്നാൽ അവരെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. നിശ്ശബ്ദമായി യഹോവയോടു പ്രാർഥിച്ചശേഷം, തങ്ങൾ ആ കുടുംബത്തെ ബൈബിൾ പഠിപ്പിക്കാൻ വന്നതാണെന്ന്‌ അവർ ധൈര്യപൂർവം വിശദീകരിച്ചു. അതുകേട്ടപ്പോൾ അവർ സിറോയെയും കൂട്ടുകാരനെയും വെറുതെവിട്ടു. എന്തോ കാരണത്താൽ വീട്ടുകാരൻ അന്നു വീട്ടിൽ വന്നതേയില്ല.

ഏതാണ്ട്‌ മൂന്നു കൊല്ലം കഴിഞ്ഞ്‌ ഒരു ദിവസം ആ വ്യക്തി തന്റെ വീട്ടുവാതിൽക്കൽ നിൽക്കുന്നതു കണ്ട സിറോയ്‌ക്ക്‌ തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ആ കുടുംബം മുഴുവനും സ്‌നാപനമേറ്റെന്നും ഇപ്പോൾ ഗ്വാട്ടിമാലയിലെ സഭയോടൊത്ത്‌ സഹവസിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഒരു മകൾ സാധാരണ പയനിയറായി സേവിക്കുകയാണെന്നും ഒക്കെ കേട്ടപ്പോൾ സിറോയ്‌ക്ക്‌ എന്തെന്നില്ലാത്ത സന്തോഷം തോന്നി.

ആത്മീയ ആഹാരത്തോടുള്ള വിലമതിപ്പ്‌

ചിയാപസിൽ തുടർച്ചയായുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും, സഭായോഗങ്ങൾക്കു കൂടിവരേണ്ടതിന്റെ

പ്രാധാന്യം ആ പ്രദേശത്തുള്ള സാക്ഷികൾ ശരിക്കും വിലമതിക്കുന്നുവെന്ന്‌ ഒരു ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകൻ റിപ്പോർട്ടു ചെയ്യുന്നു. (എബ്രായർ 10:24, 25) ഈയിടെ നടന്ന ഒരു പ്രത്യേക സമ്മേളന ദിനത്തിലെ സംഭവത്തെക്കുറിച്ച്‌ അദ്ദേഹം വിവരിക്കുന്നു. കൺവെൻഷനിൽ സംബന്ധിക്കുന്നവർക്ക്‌, സുരക്ഷിതരായി സന്ധ്യയ്‌ക്കു മുമ്പ്‌ വീട്ടിൽ തിരിച്ചെത്തത്തക്കവിധം പരിപാടികൾ അതിരാവിലെ ആരംഭിക്കുന്നതിനു പട്ടികപ്പെടുത്തിയിരുന്നു. സമ്മേളന സ്ഥലത്ത്‌ എത്താൻ മിക്കവർക്കും വനത്തിലൂടെ മൂന്നു മണിക്കൂർ നടക്കേണ്ടതുണ്ടായിരുന്നെങ്കിലും രാവിലെ കൃത്യം 7 മണി ആയപ്പോഴേക്കും എല്ലാവരും തങ്ങളുടെ ഇരിപ്പിടത്തിൽ ഹാജരായിരുന്നു. സദസ്സിൽ സാപാറ്റിസ്റ്റ സേനയിൽപ്പെട്ട ആറുപേർ ഉണ്ടായിരുന്നു. അവർ പരിപാടി ശ്രദ്ധിക്കുകയും കൈയടിക്കുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു. അവരും പരിപാടി ആസ്വദിച്ചു എന്നതിനു സംശയമില്ല. മൂന്നു മണിക്കൂർ നടന്നാണ്‌ അവരും സമ്മേളന സ്ഥലത്ത്‌ എത്തിച്ചേർന്നത്‌. അവിടത്തെ പ്രാദേശിക രാജ്യഹാളിൽവെച്ച്‌ നടന്ന, ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകത്തിന്‌ അവരിൽപ്പെട്ട 20 സ്‌ത്രീപുരുഷന്മാർ സന്നിഹിതരായിരുന്നു.

ഗറില്ലാ സംഘത്തിലെ ഒരു ചെറുപ്പക്കാരനെ കാടിന്റെ ഒരു പ്രത്യേക ഭാഗത്ത്‌ റോന്തുചുറ്റാൻ സംഘ തലവന്മാർ നിയമിച്ചു. അവിടെ എത്തിയപ്പോൾ സ്ഥലവാസികളിൽ എല്ലാവരും തന്നെ​—⁠ഭൂരിപക്ഷവും യഹോവയുടെ സാക്ഷികൾ​—⁠അവിടം വിട്ടുപോയിരിക്കുന്നതായി അയാൾ മനസ്സിലാക്കി. അതുകൊണ്ട്‌ അയാൾ ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടിൽ താമസമാക്കി. കാര്യമായ ജോലിയൊന്നും ഇല്ലാതിരുന്നതിനാൽ അയാൾ ആ വീട്ടിൽകണ്ട ചില പുസ്‌തകങ്ങൾ എടുത്തു വായിക്കാൻ തുടങ്ങി. സാക്ഷികൾ ഉപേക്ഷിച്ചുപോയ വാച്ച്‌ ടവർ പ്രസിദ്ധീകരണങ്ങളായിരുന്നു അവ. ഒറ്റയ്‌ക്കായിരുന്ന അയാൾക്ക്‌ താൻ വായിച്ചുകൊണ്ടിരുന്ന കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കാൻ ഇഷ്ടംപോലെ സമയമുണ്ടായിരുന്നു. ആയുധങ്ങളെല്ലാം ഉപേക്ഷിച്ച്‌ തന്റെ ജീവിതരീതിക്കു മാറ്റം വരുത്താൻ അയാൾ തീരുമാനിച്ചു. പെട്ടെന്നുതന്നെ അയാൾ സാക്ഷികളെ കണ്ടുപിടിച്ച്‌ ബൈബിൾ പഠിക്കാൻ തുടങ്ങി. മാത്രമല്ല, ആറു മാസത്തിനുള്ളിൽ മറ്റുള്ളവരോടു സുവാർത്ത പറയാനും. അയാളും ഗറില്ലാ സംഘത്തിൽപ്പെട്ട അയാളുടെ കുടുംബാംഗങ്ങളിൽ മൂന്നു പേരും ഇപ്പോൾ സ്‌നാപനമേറ്റ ക്രിസ്‌ത്യാനികളാണ്‌.

സത്‌ഫലങ്ങൾ

ഈ പോരാട്ടം വളരെയധികം ദുരിതം വരുത്തിവെച്ചെങ്കിലും, പ്രസംഗവേലയോടുള്ള ആളുകളുടെ മനോഭാവത്തെ അതു ക്രിയാത്‌മകമായി സ്വാധീനിച്ചിരിക്കുന്നു. പോരാട്ടം പൊട്ടിപ്പുറപ്പെട്ട ആ പട്ടണത്തിൽ താമസിക്കുന്ന ഒരു സഭാമൂപ്പൻ പറയുന്നു: “പോരാട്ടം തുടങ്ങി ഏതാണ്ട്‌ അഞ്ചു ദിവസം കഴിഞ്ഞ്‌ ഞങ്ങൾ പട്ടണത്തിനകത്തും പുറത്തും പ്രസംഗവേല സംഘടിപ്പിച്ചു. ഞങ്ങൾ പറയുന്ന കാര്യങ്ങൾ കേൾക്കാൻ ആളുകൾക്ക്‌ ആകാംക്ഷയായിരുന്നു. ഞങ്ങൾ ധാരാളം ബൈബിൾ സാഹിത്യങ്ങൾ സമർപ്പിക്കുകയും അനവധി ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കുകയും ചെയ്‌തു. ഒരു പ്രദേശത്ത്‌, മിക്കവർക്കും സത്യത്തോട്‌ എതിർപ്പായിരുന്നു. എന്നാൽ ഈ പ്രശ്‌നമുണ്ടായ ശേഷം അവർ ഞങ്ങളെ ശ്രദ്ധിക്കാനും ബൈബിൾ പഠിക്കാനും തുടങ്ങിയിരിക്കുന്നു. മാത്രമല്ല, അവർ സഭാ യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും ഹാജരാകുകയും ചെയ്യുന്നുണ്ട്‌.”

അത്തരം അനിശ്ചിത സാഹചര്യങ്ങളിന്മധ്യേയും തങ്ങളുടെ ദിവ്യാധിപത്യ പ്രവർത്തനങ്ങളെ അനസ്യൂതം മുന്നോട്ട്‌ കൊണ്ടുപോകാൻ കഴിയുന്നതിൽ ആ സഹോദരങ്ങൾ വളരെ സന്തുഷ്ടരാണ്‌. ഭരണകൂടത്തിന്റെയും സാപാറ്റിസ്റ്റ സേനയുടെയും അറിവോടെ അവർ തുടർന്നും സമ്മേളനങ്ങൾ നടത്തുന്നു, അത്‌ അവർക്ക്‌ ആത്മീയമായി കരുത്തേകുന്നു. സഞ്ചാര മേൽവിചാരകന്മാരുടെ സന്ദർശനങ്ങളും പ്രസംഗവേലയിൽ തുടരാനുള്ള ശക്തമായ പ്രേരകഘടകമായിരുന്നിട്ടുണ്ട്‌. രസകരമെന്നു പറയട്ടെ, പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നവരിൽനിന്നുപോലും സാക്ഷികൾക്കു പ്രോത്സാഹനം ലഭിക്കുന്നു. പ്രസംഗ പ്രവർത്തനം തുടരാനാണ്‌ അവരും സാക്ഷികളെ പ്രേരിപ്പിക്കുന്നത്‌.

കാലംകടന്നുപോയതോടെ ചിയാപസിലെ പ്രശ്‌നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും കുറെയൊക്കെ മയംവന്നിട്ടുണ്ടെങ്കിലും ഇതുവരെ അവ അവസാനിച്ചിട്ടില്ല. സാഹചര്യം എന്തുതന്നെയായിരുന്നാലും, ദൈവവചനമായ ബൈബിളിൽ നിന്നുള്ള സമാധാന സുവിശേഷം ആളുകളുടെ പക്കൽ എത്തിക്കുന്നതിൽ അവിരാമം തുടരാൻ യഹോവയുടെ സാക്ഷികൾ ദൃഢചിത്തരായി തുടരുകതന്നെ ചെയ്യും. (പ്രവൃത്തികൾ 10:34-36; എഫെസ്യർ 6:15) “നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല” എന്ന പ്രവാചകനായ യിരെമ്യാവിന്റെ വാക്കുകളുടെ അർഥം അവർ മനസ്സിലാക്കുന്നു. (യിരെമ്യാവു 10:23) യേശുക്രിസ്‌തുവിന്റെ കരങ്ങളിലുള്ള ദൈവരാജ്യത്തിനു മാത്രമേ ലോകത്തിലെ അനീതിക്കും പട്ടിണിക്കും അറുതി വരുത്താൻ കഴിയൂ.​—⁠മത്തായി 6:⁠10.

[9-ാം പേജിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ചിയാപസ്‌

ഗ്വാട്ടിമാല

മെക്‌സിക്കൻ ഉൾക്കടൽ

ശാന്ത സമുദ്രം

[കടപ്പാട്‌]

Mountain High Maps® Copyright © 1997 Digital Wisdom, Inc.

[9-ാം പേജിലെ ചിത്രം]

ചിയാപസ്‌ മലമ്പ്രദേശങ്ങളിൽ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന സാക്ഷികൾ