വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവസേവനത്തിനു പ്രചോദിതർ

ദൈവസേവനത്തിനു പ്രചോദിതർ

ദൈവസേവനത്തിനു പ്രചോദിതർ

തങ്ങളുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും പരിചിതമായ ചുറ്റുപാടുകളെയും വിട്ട്‌ വിദേശ രാജ്യങ്ങളിൽ മിഷനറി സേവനം ഏറ്റെടുക്കാൻ 24 യുവദമ്പതികളെ പ്രേരിപ്പിച്ചത്‌ എന്തായിരിക്കും? പാപ്പുവ ന്യൂഗിനി, തായ്‌വാൻ തുടങ്ങിയ പ്രദേശങ്ങളിലേക്കും ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കയിലെയും രാജ്യങ്ങളിലേക്കും പോകുന്നതിൽ അവർ അതീവ സന്തുഷ്ടരായിരുന്നത്‌ എന്തുകൊണ്ടാണ്‌? സാഹസപ്രിയമായിരുന്നോ അതിനു പിന്നിൽ? അല്ല. മറിച്ച്‌, ദൈവത്തോടും അയൽക്കാരനോടുമുള്ള യഥാർഥ സ്‌നേഹമാണ്‌ അതിനവരെ പ്രചോദിപ്പിച്ചത്‌.​—⁠മത്തായി 22:​37-39.

ആരെ കുറിച്ചാണ്‌ ഈ പറഞ്ഞു വരുന്നത്‌? വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്റെ 109-ാം ക്ലാസ്സിൽനിന്നു ബിരുദം നേടിയ വിദ്യാർഥികളെ കുറിച്ച്‌. 2000 സെപ്‌റ്റംബർ 9 ശനിയാഴ്‌ച നടന്ന ബിരുദദാന ചടങ്ങിൽ വിജയപ്രദരായ മിഷനറിമാരായിരിക്കാൻ സഹായകമായ സ്‌നേഹപുരസ്സരമായ ബുദ്ധിയുപദേശങ്ങൾ അവർക്കു നൽകപ്പെട്ടു. ചടങ്ങു നടന്ന ന്യൂയോർക്കിലെ പാറ്റേഴ്‌സണിലുള്ള വാച്ച്‌ടവർ വിദ്യാഭ്യാസ കേന്ദ്രത്തിലും അവിടവുമായി ബന്ധിപ്പിച്ചിരുന്ന മറ്റിടങ്ങളിലുമായി 5,198 പേർ കൂടിവന്നു.

യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിന്റെ പഠിപ്പിക്കൽ കമ്മിറ്റിയിലെ ഒരംഗമായ സ്റ്റീഫൻ ലെറ്റ്‌ ആയിരുന്നു പരിപാടിയുടെ അധ്യക്ഷൻ. “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു” എന്ന മത്തായി 5:​13-ലെ വാക്കുകളെ കേന്ദ്രീകരിച്ച്‌ അദ്ദേഹം പ്രാരംഭ പ്രസ്‌താവനകൾ നടത്തി. യേശുവിന്റെ വാക്കുകൾ തീർച്ചയായും ബിരുദം നേടുന്ന വിദ്യാർഥികൾക്കു ബാധകമാകുന്നു എന്ന്‌ അദ്ദേഹം വിശദീകരിച്ചു. ഉദാഹരണത്തിന്‌, ഭക്ഷണത്തിന്റെ സ്വാദു വർധിപ്പിക്കാനുള്ള കഴിവ്‌ ഉപ്പിനുണ്ട്‌. പ്രസംഗപ്രവർത്തനം ഫലകരമായി നിറവേറ്റുന്നതിലൂടെ മിഷനറിമാർ ആലങ്കാരിക അർഥത്തിൽ ഉപ്പ്‌ പോലെ വർത്തിക്കുന്നു.

വിടവാങ്ങലിനു മുമ്പായുള്ള പ്രോത്സാഹനം

അടുത്തതായി, യഹോവയുടെ സേവനത്തിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള ചിലരെ ലെറ്റ്‌ സഹോദരൻ പരിചയപ്പെടുത്തുകയുണ്ടായി. അവർ ഹ്രസ്വമെങ്കിലും വളരെ ശക്തമായ തിരുവെഴുത്തധിഷ്‌ഠിത പ്രസംഗങ്ങൾ നടത്തി. ആദ്യം എഴുത്തു വിഭാഗത്തിൽ പ്രവർത്തിക്കുന്ന ജോൺ വിസ്‌ചക്‌ 117-ാം സങ്കീർത്തനത്തെ അടിസ്ഥാനപ്പെടുത്തി പ്രസംഗിച്ചു. “ഏറ്റവും ചെറിയ സങ്കീർത്തനം മിഷനറി ആത്മാവിനെ പ്രോത്സാഹിപ്പിക്കുന്നു” എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷയം. യഹോവയെയും അവന്റെ രാജ്യത്തെയും സംബന്ധിച്ച്‌ ഇന്ന്‌ ലോകവ്യാപകമായി ‘ജാതികളെയും’ ‘വംശങ്ങളെയും’ അറിയിക്കേണ്ടതുണ്ട്‌. ‘യഹോവയെ സ്‌തുതിക്കാൻ’ മറ്റുള്ളവരെ ആഹ്വാനം ചെയ്‌തുകൊണ്ട്‌ സങ്കീർത്തനം 117-ന്റെ നിവൃത്തിയിൽ പങ്കുചേരാൻ വിദ്യാർഥികൾ പ്രോത്സാഹിപ്പിക്കപ്പെട്ടു.

അടുത്തതായി, അധ്യക്ഷൻ പരിചയപ്പെടുത്തിയത്‌ ഭരണസംഘത്തിലെ ഗൈ പിയേഴ്‌സിനെയാണ്‌. “വഴക്കമുള്ളവരും ഉറച്ചു നിൽക്കുന്നവരും ആയിരിക്കുക” എന്ന വിഷയത്തെ ആസ്‌പദമാക്കി അദ്ദേഹം പ്രസംഗിച്ചു. ആവർത്തനപുസ്‌തകം 32:​4-ൽ യഹോവയാം ദൈവത്തെ പാറ എന്നു വിളിച്ചിരിക്കുന്നു. അതുപോലെ അവന്റെ വചനവും ഉറപ്പുള്ളതാണ്‌. എന്നിരുന്നാലും അതു വഴക്കമുള്ളതാണ്‌. കാരണം, എല്ലാ ഭാഷയിലും സംസ്‌കാരത്തിലും പെട്ടവർക്കു വേണ്ടി, അതേ മുഴു മനുഷ്യവർഗത്തിനും വേണ്ടിയാണ്‌ അത്‌ എഴുതപ്പെട്ടിരിക്കുന്നത്‌. ആളുകളുടെ ഹൃദയത്തെയും മനസ്സാക്ഷിയെയും സ്വാധീനിക്കുന്ന വിധത്തിൽ ദൈവവചനത്തിലെ സന്ദേശം മറ്റുള്ളവരോടു പ്രസംഗിക്കാൻ വിദ്യാർഥികൾ ഉദ്‌ബോധിപ്പിക്കപ്പെട്ടു. (2 കൊരിന്ത്യർ 4:⁠2) പിയേഴ്‌സ്‌ സഹോദരൻ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “ശരിയായ തത്ത്വങ്ങൾക്കായി ഉറച്ചു നിൽക്കുമ്പോൾത്തന്നെ വഴക്കമുള്ളവർ ആയിരിക്കുക. നിങ്ങളുടെ നിയമിത പ്രദേശത്തെ ആളുകളുടെ സംസ്‌കാരം വ്യത്യസ്‌തമാണ്‌ എന്നതിന്റെ പേരിൽ അവരെ അവജ്ഞയോടെ വീക്ഷിക്കരുത്‌.”

ഏകദേശം 53 വർഷമായി ലോകാസ്ഥാനത്ത്‌ സേവിച്ചുകൊണ്ടിരിക്കുന്ന ഒരു ഗിലെയാദ്‌ അധ്യാപകനായ കാൾ ആഡംസ്‌ “ഇവിടെനിന്ന്‌ നിങ്ങൾ എങ്ങോട്ട്‌ പോകും?” എന്ന ചിന്തോദ്ദീപകമായ വിഷയത്തെ കുറിച്ചു പ്രസംഗിച്ചു. 24 ദമ്പതിമാരും, തങ്ങൾക്കു മിഷനറി നിയമനം ലഭിച്ചിരിക്കുന്ന 20 വ്യത്യസ്‌ത രാജ്യങ്ങളിലേക്കായിരിക്കും പോകുക എന്നതു ശരിതന്നെ. എന്നാൽ അവിടെ എത്തിച്ചേർന്നശേഷമോ? ആളുകൾ ഒന്നിലും തൃപ്‌തി കണ്ടെത്താത്ത ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്‌. തങ്ങളുടെ ഇഷ്ടാനുസരണം പുതിയ സ്ഥലങ്ങൾ സന്ദർശിക്കാനും പുതിയ കാര്യങ്ങൾ ചെയ്യാനും അവർ ആഗ്രഹിക്കുന്നു. എന്നാൽ അതിൽനിന്നു വ്യത്യസ്‌തമായി, യഹോവ ആഗ്രഹിക്കുന്ന സ്ഥലത്തു പോയി അവന്റെ ‘ആടുകളെ’ നിസ്വാർഥമായി പരിപാലിക്കാനുള്ള നിയമനം അവനിൽനിന്ന്‌ ഈ വിദ്യാർഥികൾക്ക്‌ ലഭിച്ചിരിക്കുന്നു. മുഴു മനുഷ്യവർഗത്തെയും അനുഗ്രഹിക്കുന്നതിൽ യഹോവയാൽ ഉപയോഗിക്കപ്പെടാനുള്ള അവസരം സ്വാർഥത നിമിത്തം നഷ്ടപ്പെടുത്തിയ പുരാതന ഇസ്രായേല്യരെ പോലെ ആയിരിക്കരുത്‌ അവർ. മറിച്ച്‌, എല്ലായ്‌പോഴും നിസ്വാർഥമായി തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുകയും എല്ലാ സാഹചര്യങ്ങളിലും അനുസരണം പ്രകടമാക്കുകയും ചെയ്‌ത യേശുക്രിസ്‌തുവിനെയാണ്‌ അവർ അനുകരിക്കേണ്ടത്‌.​—⁠യോഹന്നാൻ 8:29; 10:⁠16.

ഗിലെയാദ്‌ സ്‌കൂൾ രജിസ്‌ട്രാറായ വാലസ്‌ ലിവറൻസ്‌ ആണ്‌ അടുത്ത പ്രസംഗം നടത്തിയത്‌. “ദൈവത്തിന്റെ ആഴമുള്ള കാര്യങ്ങളെ വിലമതിക്കുക” എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗവിഷയം. തിരുവെഴുത്തുകളിൽ പലപ്പോഴും ദൈവവചനത്തെ ധനം, രത്‌നങ്ങൾ, വിലപിടിച്ച ലോഹങ്ങൾ എന്നിങ്ങനെ ആളുകൾ അമൂല്യമായി വീക്ഷിക്കുകയും സമ്പാദിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സംഗതികളോടു താരതമ്യം ചെയ്‌തിട്ടുണ്ട്‌. “ദൈവപരിജ്ഞാനം” കണ്ടെത്തണമെങ്കിൽ നാം “നിക്ഷേപങ്ങളെപ്പോലെ” അതിനായി തിരയേണ്ടതുണ്ടെന്ന്‌ സദൃശവാക്യങ്ങൾ 2:​1-5 പറയുന്നു. പുതിയ സ്ഥലങ്ങളിലേക്കു പോയിക്കഴിഞ്ഞും ദൈവത്തിന്റെ ആഴമുള്ള കാര്യങ്ങളിലേക്കു കുഴിച്ചിറങ്ങുന്നതു തുടരാൻ പ്രസംഗകൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. ലിവറൻസ്‌ സഹോദരൻ ഇങ്ങനെ പറഞ്ഞു: “ഇതു സഹായകമാണ്‌, എന്തുകൊണ്ടെന്നാൽ യഹോവയിൽ ശക്തമായ വിശ്വാസവും ആശ്രയവും ഉണ്ടായിരിക്കാനും നിയമനത്തോടു പറ്റിനിൽക്കാനുള്ള നിങ്ങളുടെ തീരുമാനത്തെ ബലപ്പെടുത്താനും അതു സഹായിക്കും. ബോധ്യത്തോടെ സംസാരിക്കാനും ദൈവോദ്ദേശ്യങ്ങളെ കുറിച്ച്‌ കൂടുതൽ ഫലപ്രദമായി മറ്റുള്ളവരെ പഠിപ്പിക്കാനും അതു നിങ്ങളെ പ്രാപ്‌തരാക്കും.”

ഒരു ക്ലാസ്‌റൂം പശ്ചാത്തലം ഉപയോഗിച്ചുകൊണ്ട്‌ ഗിലെയാദ്‌ സ്‌കൂളിലെ മറ്റൊരു അധ്യാപകനായ ലോറൻസ്‌ ബോവൻ കഴിഞ്ഞ അഞ്ചു മാസത്തെ വിദ്യാർഥികളുടെ വയൽസേവന പ്രവർത്തനത്തെ യഹോവ അനുഗ്രഹിച്ച വിധം അവലോകനം ചെയ്‌തു. അദ്ദേഹം പ്രവൃത്തികൾ 20:​20-ൽ കാണുന്ന, എഫെസൊസിലെ തന്റെ പരസ്യ ശുശ്രൂഷയെ കുറിച്ചുള്ള പൗലൊസ്‌ അപ്പൊസ്‌തലന്റെ, വാക്കുകളിലേക്കു ശ്രദ്ധ ക്ഷണിക്കുകയും സാക്ഷ്യം കൊടുക്കാനുള്ള എല്ലാ അവസരങ്ങളും അവൻ പ്രയോജനപ്പെടുത്തി എന്ന വസ്‌തുത എടുത്തുപറയുകയും ചെയ്‌തു. അപ്പൊസ്‌തലനായ പൗലൊസിനെ പോലെ, ഇന്നും യഹോവയോടും അയൽക്കാരനോടുമുള്ള സ്‌നേഹത്താൽ പ്രചോദിപ്പിക്കപ്പെടുന്നവർക്ക്‌ സത്യം സംസാരിക്കാതിരിക്കാൻ കഴിയില്ലെന്ന്‌ ആ ഗിലെയാദ്‌ വിദ്യാർഥികളുടെ അനുഭവങ്ങൾ പ്രകടമാക്കി. അങ്ങനെ അവർ ദൈവവചനത്തിന്റെ പ്രഭാവം അനുഭവിച്ചറിയാൻ മറ്റുള്ളവരെ സഹായിക്കുന്നു. ഇത്‌ യഹോവയുടെ സമൃദ്ധമായ അനുഗ്രഹത്തിൽ കലാശിക്കുന്നു.

അനുഭവസമ്പന്നർ സംസാരിക്കുന്നു

ഗിലെയാദ്‌ ക്ലാസ്‌ നടക്കുന്ന സമയത്ത്‌ 23 രാജ്യങ്ങളിൽ നിന്നുള്ള ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾ പ്രത്യേക പരിശീലനത്തിനായി പാറ്റേഴ്‌സൺ വിദ്യാഭ്യാസ കേന്ദ്രത്തിൽ എത്തിയിരുന്നതിനാൽ, ഈ ക്ലാസ്സിലെ വിദ്യാർഥികൾക്ക്‌ അവരുമായുള്ള സഹവാസത്തിൽനിന്നു വളരെയധികം പ്രയോജനങ്ങൾ ലഭിച്ചു. സേവന വിഭാഗത്തിലെ ലിയോൺ വീവറും മെർട്ടൻ കാംപ്‌ബെല്ലും പല ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങളുമായി അഭിമുഖങ്ങൾ നടത്തി. മുൻ ഗിലെയാദ്‌ ക്ലാസ്സുകളിൽനിന്നു ബിരുദം നേടിയവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അനുഭവസമ്പന്നരായ ഈ മിഷനറിമാരുടെ വാക്കുകൾ വിദ്യാർഥികൾക്കും അവരുടെ ബന്ധുമിത്രാദികൾക്കും ധൈര്യം പകർന്നു.

ബിരുദം നേടുന്ന വിദ്യാർഥികൾക്കു തങ്ങളുടെ വിദേശനിയമനങ്ങളുമായി പൊരുത്തപ്പെടാൻ സഹായകമായ ഉപദേശങ്ങൾ നൽകപ്പെട്ടു. അവയിൽ ചിലതാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌: “ക്രിയാത്മക മനോഭാവം പുലർത്തുക. വളരെ വിചിത്രമോ മനസ്സിലാക്കാൻ കഴിയാത്തതോ ആയ എന്തെങ്കിലും അനുഭവം ഉണ്ടായാൽ മടുത്തു പിന്മാറരുത്‌. യഹോവയിൽ ആശ്രയിക്കുക;” “ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടാൻ പഠിക്കുക, നിങ്ങൾക്ക്‌ ആവശ്യമുള്ളത്‌ യഹോവ തരും എന്ന വിശ്വാസം ഉണ്ടായിരിക്കുക.” നിയമനത്തിലെ സന്തോഷം നിലനിറുത്താൻ സഹായിക്കുന്ന ഉപദേശങ്ങളായിരുന്നു മറ്റുള്ളവ. “നിങ്ങളുടെ പുതിയ നിയമന സ്ഥലത്തെ, നിങ്ങളുടെ സ്വന്തം സ്ഥലവുമായി താരതമ്യം ചെയ്യരുത്‌;” “ആളുകളുമായി ആശയവിനിമയം നടത്താൻ കഴിയേണ്ടതിന്‌ പ്രാദേശിക ഭാഷ പഠിച്ച്‌ അതു നന്നായി സംസാരിക്കുക;” “തദ്ദേശീയരുടെ ആചാരങ്ങളും രീതികളും പഠിക്കുക, നിങ്ങളുടെ നിയമനത്തോടു പറ്റിനിൽക്കാൻ ഇതു സഹായിക്കും” എന്നിവ ഏതാനും ഉദാഹരണങ്ങളാണ്‌. ഈ ബുദ്ധിയുപദേശങ്ങളെല്ലാം പുതിയ മിഷനറിമാർക്കു വളരെ പ്രോത്സാഹനം നൽകി.

അഭിമുഖങ്ങളെ തുടർന്ന്‌, ഗിലെയാദിന്റെ 42-ാം ക്ലാസ്സിൽനിന്നു ബിരുദം നേടിയ ഒരു മുൻ മിഷനറിയും യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ അംഗവുമായ ഡേവിഡ്‌ സ്‌പ്ലെയ്‌ൻ പരിപാടിയിലെ മുഖ്യ പ്രസംഗം നിർവഹിച്ചു. “വിദ്യാർഥികളോ ബിരുദധാരികളോ?” എന്ന താത്‌പര്യജനകമായ വിഷയത്തെ ആസ്‌പദമാക്കിയാണ്‌ അദ്ദേഹം പ്രസംഗിച്ചത്‌. അദ്ദേഹം പുതിയ മിഷനറിമാരോടായി ഇങ്ങനെ ചോദിച്ചു: “നിയമിത പ്രദേശങ്ങളിലേക്കു പോകുമ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ എങ്ങനെയാണു കാണാൻ പോകുന്നത്‌? മിഷനറി വേലയെ കുറിച്ച്‌ എല്ലാം അറിയാവുന്ന ബിരുദധാരികളായോ അതോ ഇനിയും വളരെയധികം പഠിക്കാനുള്ള വിദ്യാർഥികളായോ?” ജ്ഞാനമുള്ള ബിരുദധാരി തന്നെത്തന്നെ ഒരു വിദ്യാർഥിയായിട്ടാണു കാണുകയെന്ന്‌ സ്‌പ്ലെയ്‌ൻ സഹോദരൻ ചൂണ്ടിക്കാണിച്ചു. നിയമിത പ്രദേശത്തു കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിൽനിന്നും എന്തെങ്കിലുമൊക്കെ പഠിക്കാനാവും എന്ന മനോഭാവം മിഷനറിമാർക്ക്‌ ഉണ്ടായിരിക്കണം. (ഫിലിപ്പിയർ 2:⁠3) സഹ മിഷനറിമാരുമായും ബ്രാഞ്ച്‌ ഓഫീസുമായും പ്രാദേശിക സഭയുമായും സഹകരിച്ച്‌ പ്രവർത്തിക്കാനുള്ള പ്രോത്സാഹനം വിദ്യാർഥികൾക്കു ലഭിച്ചു. “അവസാന പരീക്ഷകൾ പാസ്സായെങ്കിലും നിങ്ങൾ ഇപ്പോഴും വിദ്യാർഥികളാണ്‌. നിങ്ങൾ അവിടെ ആയിരിക്കുന്നതു പഠിക്കാനാണെന്ന്‌ എല്ലാവർക്കും വ്യക്തമാക്കിക്കൊടുക്കുക” എന്ന്‌ സ്‌പ്ലെയ്‌ൻ സഹോദരൻ പറഞ്ഞു.

ആ പ്രസംഗത്തിനു ശേഷം വിദ്യാർഥികൾക്കു തങ്ങളുടെ ഡിപ്ലോമകൾ ലഭിച്ചു. അവരുടെ നിയമനങ്ങൾ എവിടെയായിരിക്കും എന്നും അറിയിച്ചു. അടുത്തതായി ക്ലാസ്സിന്റെ ഒരു പ്രതിനിധി, വിശുദ്ധ സേവനത്തിൽ വർധിച്ചുവരാൻ ദൈവവചനത്തിൽ നിന്നു പഠിച്ച കാര്യങ്ങളെ അനുവദിക്കാനുള്ള വിദ്യാർഥികളുടെ നിശ്ചയദാർഢ്യത്തെ സൂചിപ്പിക്കുന്ന ഒരു പ്രമേയം വായിച്ചു. ബിരുദം നേടുന്ന വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം വളരെ ഹൃദയസ്‌പർശിയായ ഒരു സന്ദർഭം ആയിരുന്നു അത്‌.

ദൈവത്തോടും അയൽക്കാരനോടുമുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള ബിരുദധാരികളുടെ തീരുമാനത്തെ ശക്തിപ്പെടുത്തുന്നവ ആയിരുന്നു നൽകപ്പെട്ട ബുദ്ധിയുപദേശങ്ങൾ എന്ന കാര്യത്തോട്‌ അവിടെ കൂടിവന്ന എല്ലാവരും തീർച്ചയായും യോജിക്കും. അവ, തങ്ങളുടെ നിയമിത പ്രദേശത്തെ ആളുകളെ ആത്മീയമായി സഹായിക്കുന്നതിൽ ഉറച്ചു നിൽക്കും എന്നു ദൃഢനിശ്ചയം ചെയ്യാൻ വിദ്യാർഥികളെ പ്രേരിപ്പിച്ചു.

[25-ാം പേജിലെ ചതുരം]

ക്ലാസ്സിന്റെ സ്ഥിതിവിവര കണക്ക്‌

പ്രതിനിധീകരിച്ച രാജ്യങ്ങളുടെ എണ്ണം: 10

നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 20

വിദ്യാർഥികളുടെ എണ്ണം: 48

ശരാശരി വയസ്സ്‌: 33.7

സത്യത്തിലായിരുന്ന ശരാശരി വർഷം: 16.2

മുഴുസമയ ശുശ്രൂഷയിലായിരുന്ന ശരാശരി വർഷം: 12.5

[26-ാം പേജിലെ ചിത്രം]

വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിൽനിന്നു ബിരുദം നേടുന്ന 109-ാമത്തെ ക്ലാസ്സ്‌

ചുവടെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ, നിരകൾ മുമ്പിൽനിന്നു പിമ്പിലേക്ക്‌ എണ്ണുന്നു. പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.

(1) കോളിൻസ്‌, ഇ.; മൈൽസ്‌, എൽ.; ആൽവാറാഥോ, എ.; ലേക്ക്‌, ജെ. (2) വാൻ ഡൂസൻ, എൽ.; ബിഹാരി, എ.; ഹേക്കിനൻ, എച്ച്‌.; കോസ്‌, എസ്‌.; സ്‌മിത്ത്‌, എച്ച്‌. (3) ആഷ്‌ഫർഡ്‌, ജെ.; ആഷ്‌ഫർഡ്‌, സി.; ബോർ, സി.; റിച്ചർഡ്‌, എൽ.; വിൽബേൺ, ഡി.; ലേക്ക്‌, ജെ. (4) ചിച്ചിയി, കെ.; ചിച്ചിയി, എച്ച്‌.; റാമിറെസ്‌, എം.; ബൗമാൻ, ഡി.; ബെക്കർ, ജി.; ബിഹാരി, എസ്‌.; റാമിറെസ്‌, എ. (5) വാൻ ഡൂസൻ, ഡബ്ല്യു.; ലമാറ്റർ, എച്ച്‌.; പിസ്‌കോ, ജെ.; കട്ട്‌സ്‌, എൽ.; റസ്സൽ, എച്ച്‌.; ജോൺസൺ, ആർ. (6) ബെക്കർ, എഫ്‌.; ബൗമാൻ, ഡി.; ജോൺസൺ, കെ.; പൈഫർ, എ.; മാസൻ, സി.; ലമാറ്റർ, ജെ.; ഹേക്കിനൻ, പി. (7) സ്‌മിത്ത്‌, ആർ.; റസ്സൽ, ജെ.; കോളിൻസ്‌, എ.; പിസ്‌കോ, ഡി.; വിൽബേൺ, ആർ.; കോസ്‌, ജി. (8) കട്ട്‌സ്‌, ബി.; ബോർ, ജെ.; മാസൻ, എൻ.; പൈഫർ, എസ്‌.; റിച്ചർഡ്‌, ഇ.; മൈൽസ്‌, ബി.; ആൽവാറാഥോ, ആർ.