വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ദൈവത്തെ സേവിക്കുന്നത്‌ എന്തുകൊണ്ട്‌?

നിങ്ങൾ ദൈവത്തെ സേവിക്കുന്നത്‌ എന്തുകൊണ്ട്‌?

നിങ്ങൾ ദൈവത്തെ സേവിക്കുന്നത്‌ എന്തുകൊണ്ട്‌?

ദൈവഭക്തനായ ഒരു രാജാവ്‌ ഒരിക്കൽ തന്റെ പുത്രനെ പിൻവരുന്ന വിധം ഉപദേശിച്ചു: “നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കയും ചെയ്‌ക.” (1 ദിനവൃത്താന്തം 28:9) വ്യക്തമായും, തന്റെ ആരാധകർ നന്ദിയും വിലമതിപ്പും നിറഞ്ഞ ഹൃദയത്തോടെ തന്നെ സേവിക്കണമെന്ന്‌ യഹോവ ആഗ്രഹിക്കുന്നു.

ബൈബിൾ വാഗ്‌ദാനങ്ങൾ ആദ്യമായി വിശദീകരിച്ചു കേട്ടപ്പോൾ അതിരറ്റ സന്തോഷം തോന്നിയെന്നു യഹോവയുടെ സാക്ഷികളായ നാം തുറന്നു സമ്മതിക്കും. ഓരോ ദിവസവും ദൈവോദ്ദേശ്യങ്ങളെക്കുറിച്ച്‌ പുതിയ പുതിയ ആശയങ്ങൾ പഠിക്കാൻ നമുക്കു സാധിച്ചു. യഹോവയെക്കുറിച്ച്‌ നാം എത്ര കൂടുതലായി പഠിച്ചുവോ ‘പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ അവനെ സേവിക്കാനുള്ള’ നമ്മുടെ ആഗ്രഹവും അത്രയ്‌ക്കു തീവ്രമായിത്തീർന്നു.

യഹോവയുടെ സാക്ഷികളായിത്തീരുന്ന അനേകരും ജീവിതകാലത്തുടനീളം അതിരറ്റ സന്തോഷത്തോടെ യഹോവയെ സേവിക്കുന്നു. എന്നാൽ, ആദ്യമൊക്കെ തീക്ഷ്‌ണത പ്രകടമാക്കിയിരുന്ന ചില ക്രിസ്‌ത്യാനികളുടെ കാര്യത്തിൽ, കാലം കടന്നുപോയതോടെ ദൈവത്തെ സേവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾക്ക്‌ പ്രാധാന്യം നഷ്ടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ കാര്യത്തിൽ അങ്ങനെ സംഭവിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ നിരാശപ്പെടേണ്ട. നഷ്ടപ്പെട്ട സന്തോഷം വീണ്ടെടുക്കാൻ നിങ്ങൾക്കു സാധിക്കും. എങ്ങനെ?

ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കുക

ഒന്നാമതായി, ദൈവത്തിൽനിന്ന്‌ ദിവസവും ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച്‌ ധ്യാനിക്കുക. സാമൂഹികമോ സാമ്പത്തികമോ ആയി ഏതു നിലയിൽ ഉള്ളവരായിരുന്നാലും ശരി, എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വൈവിധ്യമാർന്ന സൃഷ്ടികൾ, ഭക്ഷണത്തിനും പാനീയത്തിനുമായി പ്രകൃതിയിൽ അവൻ ചെയ്‌തിരിക്കുന്ന കരുതലുകൾ, നല്ല ആരോഗ്യനില, ബൈബിൾ സത്യത്തെക്കുറിച്ചുള്ള അറിവ്‌, സർവോപരി, തന്റെ സ്വന്തം പുത്രന്റെ മറുവിലായാഗം എന്നിങ്ങനെയുള്ള യഹോവയുടെ നല്ല ദാനങ്ങളെക്കുറിച്ച്‌ ചിന്തിക്കുക. ആ പുത്രന്റെ മരണമാണ്‌ ഒരു ശുദ്ധ മനസ്സാക്ഷിയോടെ ദൈവത്തെ സേവിക്കാനുള്ള വഴി നിങ്ങൾക്കു തുറന്നുതന്നത്‌. (യോഹന്നാൻ 3:16; യാക്കോബ്‌ 1:17) ദൈവത്തിന്റെ നന്മയെക്കുറിച്ച്‌ നിങ്ങൾ എത്രമാത്രം ധ്യാനിക്കുന്നുവോ അത്രമാത്രം അവനോടുള്ള നിങ്ങളുടെ വിലമതിപ്പു വർധിക്കും. അവൻ പ്രദാനം ചെയ്‌തിരിക്കുന്ന എല്ലാറ്റിനോടുമുള്ള നന്ദി നിമിത്തം അവനെ സേവിക്കാൻ ഹൃദയം നിങ്ങളെ പ്രേരിപ്പിക്കും. അപ്പോൾ സങ്കീർത്തനക്കാരനെപ്പോലെ നിങ്ങൾക്കും തോന്നിത്തുടങ്ങുമെന്നതിന്‌ സംശയമില്ല. അവൻ ഇങ്ങനെ എഴുതി: “എന്റെ ദൈവമായ യഹോവേ, നീ ചെയ്‌ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല . . . അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.”​—⁠സങ്കീർത്തനം 40:⁠5.

ഈ വാക്കുകൾ എഴുതിയ ദാവീദ്‌ രാജാവിന്റെ ജീവിതവും പ്രശ്‌നവിമുക്തമായിരുന്നില്ല. ദുഷ്ടരാജാവായ ശൗലും അംഗരക്ഷകരും ദാവീദിനെ തേടിപ്പിടിച്ച്‌ കൊന്നുകളയാൻ ശ്രമിക്കുകയായിരുന്നതിനാൽ, യുവാവായിരുന്ന അവന്‌ മിക്കപ്പോഴും ഒളിവിൽ കഴിയേണ്ടിവന്നു. (1 ശമൂവേൽ 23:7, 8, 19-23) വ്യക്തിപരമായ ബലഹീനതകളോടും അവനു പോരാടേണ്ടതുണ്ടായിരുന്നു. ഇതെല്ലാം 40-ാം സങ്കീർത്തനത്തിൽ ദാവീദ്‌ സമ്മതിച്ചുപറഞ്ഞിട്ടുണ്ട്‌: “സംഖ്യയില്ലാത്ത അനർത്ഥങ്ങൾ എന്നെ ചുററിയിരിക്കുന്നു; മേല്‌[പോ]ട്ടു നോക്കുവാൻ കഴിയാതവണ്ണം എന്റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്റെ തലയിലെ രോമങ്ങളിലും അധികം.” (സങ്കീർത്തനം 40:12) അതേ, ദാവീദിന്‌ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവയൊന്നും അവനെ പൂർണമായി കീഴടക്കിയില്ല. കാരണം, പ്രശ്‌നങ്ങളിന്മധ്യേയും ഏതെല്ലാം വിധങ്ങളിൽ യഹോവ തന്നെ അനുഗ്രഹിക്കുന്നു എന്നതിലാണ്‌ അവൻ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. അങ്ങനെ കഷ്ടങ്ങളെക്കാൾ ഏറെ അനുഗ്രഹങ്ങളാണ്‌ തനിക്കുള്ളതെന്ന്‌ അവൻ മനസ്സിലാക്കി.

വ്യക്തിപരമായ പ്രശ്‌നങ്ങളോ അപര്യാപ്‌തതാ ബോധമോ നിങ്ങളെ വരിഞ്ഞുമുറുക്കുമ്പോൾ ദാവീദിനെപ്പോലെ ഒരു നിമിഷംനിന്ന്‌ യഹോവ പ്രദാനം ചെയ്‌തിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ വളരെ നല്ലതാണ്‌. അത്തരം അനുഗ്രഹങ്ങളോടുള്ള വിലമതിപ്പാണ്‌ യഹോവയ്‌ക്കു സ്വയം അർപ്പിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചത്‌ എന്നതിനു സംശയമില്ല. നഷ്ടപ്പെട്ട സന്തോഷം വീണ്ടെടുക്കാനും വിലമതിപ്പുള്ള ഹൃദയത്തോടെ യഹോവയെ സേവിക്കാനും അത്തരം ചിന്തകൾ നിങ്ങളെ സഹായിക്കും.

സഹായമേകുന്ന സഭായോഗങ്ങൾ

യഹോവയിൽ നിന്നുള്ള നന്മകളെ കുറിച്ച്‌ നാം സ്വകാര്യമായി ധ്യാനിക്കുന്നതിനു പുറമേ, സഹക്രിസ്‌ത്യാനികളുമായി സഹവസിക്കുകയും വേണം. ദൈവത്തെ സ്‌നേഹിക്കുന്നവരും അവനെ സേവിക്കാൻ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നവരുമായ സ്‌ത്രീകളോടും പുരുഷന്മാരോടും കുട്ടികളോടുമൊത്ത്‌ ക്രമമായി സഹവസിക്കുന്നതു പ്രോത്സാഹജനകമാണ്‌. യഹോവയുടെ സേവനത്തിൽ മുഴു ഹൃദയത്തോടെ പ്രവർത്തിക്കാൻ അവരുടെ മാതൃക നിങ്ങളെ പ്രേരിപ്പിക്കും. രാജ്യഹാളിലെ നമ്മുടെ സാന്നിധ്യം അവരെയും പ്രോത്സാഹിപ്പിക്കും.

ഒരു ദിവസത്തെ കഠിനാധ്വാനത്തിനുശേഷം വീട്ടിൽ വരുമ്പോൾ അല്ലെങ്കിൽ ചില പ്രശ്‌നങ്ങളോ ബലഹീനതകളോ നിമിത്തം നമുക്ക്‌ നിരുത്സാഹം തോന്നുമ്പോൾ ക്രിസ്‌തീയ യോഗങ്ങൾക്ക്‌ ഹാജരാകുന്നതിനെക്കുറിച്ചു ചിന്തിക്കുക അത്ര എളുപ്പമായിരിക്കുകയില്ല എന്നതു ശരിതന്നെ. എങ്കിലും, അത്തരം സന്ദർഭങ്ങളിൽ സഹക്രിസ്‌ത്യാനികളോടൊത്തു കൂടിവരാനുള്ള കൽപ്പന അനുസരിക്കാൻ, നാം നമ്മോടുതന്നെ കർക്കശരായിരിക്കുകയും ആലങ്കാരികമായി നമ്മുടെ ‘ശരീരത്തെ ദണ്ഡിപ്പിക്കുകയും’ ചെയ്യേണ്ടതുണ്ടായിരിക്കാം.​—⁠1 കൊരിന്ത്യർ 9:26, 27; എബ്രായർ 10:23-25.

അങ്ങനെ ചെയ്യേണ്ടി വരുന്നെങ്കിൽ, നാം യഥാർഥമായും യഹോവയെ സ്‌നേഹിക്കുന്നില്ല എന്നു കരുതേണ്ടതുണ്ടോ? അതിന്റെ ആവശ്യമില്ല. ദൈവത്തോട്‌ ആഴമായ സ്‌നേഹമുണ്ടായിരുന്ന പുരാതനകാലത്തെ പക്വമതികളായ പല ക്രിസ്‌ത്യാനികൾക്കും ദൈവേഷ്ടം ചെയ്യാൻ കഠിന പോരാട്ടംതന്നെ നടത്തേണ്ടിവന്നു. (ലൂക്കൊസ്‌ 13:24) ഉദാഹരണത്തിന്‌, അപ്പൊസ്‌തലനായ പൗലൊസിന്റെ കാര്യമെടുക്കാം. അവൻ തന്റെ വികാരങ്ങളെ ഈ വിധത്തിൽ തുറന്ന്‌ പ്രകടിപ്പിച്ചു: “എന്നിൽ എന്നുവെച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നുഞാൻ അറിയുന്നു; നന്മ ചെയ്‌വാനുള്ള താല്‌പര്യം എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ ഇല്ല. ഞാൻ ചെയ്‌വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു.” (റോമർ 7:18, 19) കൂടാതെ കൊരിന്ത്യരോട്‌ അവൻ പറഞ്ഞു: “ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിർബന്ധം എന്റെ മേൽ കിടക്കുന്നു. . . ഞാൻ അതു മനഃപൂർവ്വം നടത്തുന്നു എങ്കിൽ എനിക്കു പ്രതിഫലം ഉണ്ടു; മനഃപൂർവ്വമല്ലെങ്കിലും കാര്യം എങ്കൽ ഭരമേല്‌പിച്ചിരിക്കുന്നു.”​—⁠1 കൊരിന്ത്യർ 9:16, 17.

നമ്മുടെ കാര്യത്തിലെന്നപോലെ, ശരി ചെയ്യാനുള്ള ആഗ്രഹത്തിന്‌ വിഘാതമായി നിൽക്കുന്ന പാപ പ്രവണതകൾ പൗലൊസിനും ഉണ്ടായിരുന്നു. എന്നുവരികിലും, അവൻ അത്തരം പ്രവണതകൾക്കെതിരായി കഠിന പോരാട്ടം നടത്തുകയും മിക്ക സന്ദർഭങ്ങളിലും വിജയിക്കുകയും ചെയ്‌തു. വ്യക്തമായും പൗലൊസിന്‌ അപ്രകാരം ചെയ്യാൻ സാധിച്ചത്‌ സ്വന്തം ശക്തിയാൽ ആയിരുന്നില്ല. അവൻ എഴുതി: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.” (ഫിലിപ്പിയർ 4:13) പൗലൊസിനെ ശക്തനാക്കിയത്‌ യഹോവയായിരുന്നു. അവനോടു സഹായം അഭ്യർഥിക്കുന്നെങ്കിൽ ശരി ചെയ്യാനായി അവൻ നമ്മെയും ശക്തീകരിക്കും. (ഫിലിപ്പിയർ 4:6, 7) അതുകൊണ്ട്‌ ‘വിശ്വാസത്തിനുവേണ്ടി പോരാടുക.’ തീർച്ചയായും, യഹോവ നിങ്ങളെ അനുഗ്രഹിക്കും.​—⁠യൂദാ 3.

നിങ്ങൾ തനിയെ ഈ പോരാട്ടം നടത്തേണ്ടതില്ല. യഹോവയുടെ സാക്ഷികളുടെ സഭകളിലെ പക്വമതികളായ ക്രിസ്‌തീയ മൂപ്പന്മാർ നിങ്ങളെ സഹായിക്കാൻ മനസ്സൊരുക്കമുള്ളവരാണ്‌. അവർതന്നെയും ‘വിശ്വാസത്തിനുവേണ്ടി പോരാടുന്നവരാ’ണ്‌. സഹായത്തിനായി നിങ്ങൾ ഒരു മൂപ്പനെ സമീപിക്കുന്നെങ്കിൽ അദ്ദേഹം നിങ്ങളോട്‌ ‘ആശ്വാസദായകമായി സംസാരിക്കും.’ (1 തെസ്സലൊനീക്യർ 5:​14, NW) “കാററിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും” എന്നപോലെ വർത്തിക്കുകയാണ്‌ അദ്ദേഹത്തിന്റെ ലക്ഷ്യം.​—⁠യെശയ്യാവു 32:⁠2.

“ദൈവം സ്‌നേഹം തന്നേ.” (1 യോഹന്നാൻ 4:8) തന്റെ ദാസരെല്ലാം സ്‌നേഹത്താൽ പ്രചോദിതരായി തന്നെ സേവിക്കാൻ അവൻ ആഗ്രഹിക്കുന്നു. ദൈവത്തോടുള്ള നിങ്ങളുടെ സ്‌നേഹത്തെ പുനർജ്വലിപ്പിക്കേണ്ടതുണ്ടെങ്കിൽ, മേൽപ്പറഞ്ഞ വിധമുള്ള നടപടികൾ സ്വീകരിക്കുക. അങ്ങനെ ചെയ്യുന്നപക്ഷം നിങ്ങൾക്കു സന്തോഷം വീണ്ടെടുക്കാനാകും.