വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ സ്‌നേഹം എത്ര വിശാലമാണ്‌?

നിങ്ങളുടെ സ്‌നേഹം എത്ര വിശാലമാണ്‌?

നിങ്ങളുടെ സ്‌നേഹം എത്ര വിശാലമാണ്‌?

“കൂട്ടുകാരനെ [“അയൽക്കാരനെ,” NW] നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം.”​—⁠മത്തായി 22:​39.

1. നാം യഹോവയെ സ്‌നേഹിക്കുന്നെങ്കിൽ, അയൽക്കാരനെയും സ്‌നേഹിക്കേണ്ടത്‌ എന്തുകൊണ്ട്‌?

ഏറ്റവും വലിയ കൽപ്പന ഏതാണെന്നു ചോദിച്ചപ്പോൾ യേശു ഇങ്ങനെ പ്രതിവചിച്ചു: “നിന്റെ ദൈവമായ കർത്താവിനെ [“യഹോവയെ,” NW] നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കേണം.” പിന്നീട്‌ അവൻ ഒന്നാമത്തേതിനോടു സമാനമായ രണ്ടാമത്തെ കൽപ്പന ഉദ്ധരിച്ചു: “കൂട്ടുകാരനെ [“അയൽക്കാരനെ,” NW] നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം.” (മത്തായി 22:37, 39) അതേ, അയൽക്കാരനോടുള്ള സ്‌നേഹം ക്രിസ്‌ത്യാനിത്വത്തിന്റെ മുഖമുദ്രയാണ്‌. തീർച്ചയായും, നാം യഹോവയെ സ്‌നേഹിക്കുന്നെങ്കിൽ നാം അയൽക്കാരനെയും സ്‌നേഹിക്കേണം. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ ദൈവവചനം അനുസരിച്ചുകൊണ്ടാണ്‌ നാം ദൈവത്തോടുള്ള സ്‌നേഹം പ്രകടമാക്കുന്നത്‌. ആ വചനം അയൽക്കാരനെ സ്‌നേഹിക്കാൻ നമ്മോടു കൽപ്പിക്കുന്നു. അതുകൊണ്ട്‌ നാം സഹോദരീസഹോദരന്മാരെ സ്‌നേഹിക്കുന്നില്ലെങ്കിൽ ദൈവത്തോടുള്ള നമ്മുടെ സ്‌നേഹം യഥാർഥമല്ല.​—⁠റോമർ 13:8; 1 യോഹന്നാൻ 2:5; 4:20, 21.

2. അയൽക്കാരോട്‌ ഏതു തരത്തിലുള്ള സ്‌നേഹമാണ്‌ നമുക്ക്‌ ഉണ്ടായിരിക്കേണ്ടത്‌?

2 അയൽക്കാരനെ സ്‌നേഹിക്കണം എന്നു പറഞ്ഞപ്പോൾ യേശു സൗഹൃദത്തിലും കവിഞ്ഞ ഒരു സംഗതിയെക്കുറിച്ചു സംസാരിക്കുകയായിരുന്നു. കുടുംബാംഗങ്ങൾ തമ്മിലോ ഒരു സ്‌ത്രീക്കും പുരുഷനും പരസ്‌പരമോ സ്വാഭാവികമായി തോന്നുന്ന സ്‌നേഹത്തിൽനിന്നു വ്യത്യസ്‌തമായ ഒരു തരം സ്‌നേഹത്തെയാണ്‌ അവൻ പരാമർശിച്ചത്‌. യഹോവയ്‌ക്കു തന്റെ സമർപ്പിത ദാസന്മാരോടും അവർക്ക്‌ അവനോടും തോന്നുന്ന തരത്തിലുള്ള സ്‌നേഹത്തെ കുറിച്ചായിരുന്നു അവൻ പറഞ്ഞത്‌. (യോഹന്നാൻ 17:26; 1 യോഹന്നാൻ 4:11, 19) ബുദ്ധിയോടെ സംസാരിക്കുന്നവനെന്ന്‌ യേശു പരാമർശിച്ച ഒരു യഹൂദ ശാസ്‌ത്രി, ദൈവത്തോടുള്ള സ്‌നേഹം “പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും [“ഗ്രാഹ്യത്തോടും,” NW] പൂർണ്ണശക്തിയോടുംകൂടെ” ഉള്ളത്‌ ആയിരിക്കണം എന്ന കാര്യത്തിൽ യേശുവിനോട്‌ യോജിച്ചു. (മർക്കൊസ്‌ 12:28-34) അവന്റെ അഭിപ്രായം ശരിയായിരുന്നു. ദൈവത്തോടും അയൽക്കാരനോടും ഒരു ക്രിസ്‌ത്യാനി വളർത്തിയെടുക്കുന്ന സ്‌നേഹത്തിൽ നമ്മുടെ വികാരങ്ങളും ബുദ്ധിയും ഉൾപ്പെടുന്നു. അത്‌ ഹൃദയത്തിൽ തോന്നുന്നതും മനസ്സിനാൽ നയിക്കപ്പെടുന്നതുമാണ്‌.

3. (എ) ആരാണ്‌ അയൽക്കാരൻ എന്ന കാര്യത്തിൽ വിശാലമായ ഒരു വീക്ഷണം ഉണ്ടായിരിക്കണമെന്ന്‌ യേശു “ഒരു ന്യായശാസ്‌ത്രി”യെ പഠിപ്പിച്ചത്‌ എങ്ങനെ? (ബി) യേശുവിന്റെ ഉപമ ക്രിസ്‌ത്യാനികൾക്ക്‌ ഇന്നു ബാധകമായിരിക്കുന്നത്‌ എങ്ങനെ?

3 നാം നമ്മുടെ അയൽക്കാരനെ സ്‌നേഹിക്കണം എന്ന്‌ യേശു പറഞ്ഞപ്പോൾ “ഒരു ന്യായശാസ്‌ത്രി” ഇങ്ങനെ ചോദിച്ചതായി ലൂക്കൊസ്‌ റിപ്പോർട്ടു ചെയ്‌തു: “എന്റെ കൂട്ടുകാരൻ [“അയൽക്കാരൻ,” NW] ആർ”? ഒരു ഉപമയിലൂടെ യേശു ഉത്തരം നൽകി. കള്ളന്മാർ ഒരുവന്റെ വസ്‌തുക്കൾ മോഷ്ടിച്ച്‌, അയാളെ അടിച്ച്‌ അർധപ്രാണനാക്കി വഴിവക്കിൽ ഉപേക്ഷിച്ചു. ആദ്യം ഒരു പുരോഹിതനും പിന്നീട്‌ ഒരു ലേവ്യനും അതുവഴി നടന്നു പോയെങ്കിലും അവർ അയാളെ കണ്ടതായി ഭാവിച്ചില്ല. ഒടുവിൽ, അതുവഴി വന്ന ഒരു ശമര്യക്കാരൻ പരിക്കേറ്റ വ്യക്തിയെ കണ്ടിട്ട്‌ അയാളോട്‌ വളരെ ദയാപുരസ്സരം പെരുമാറി. പരിക്കേറ്റ വ്യക്തിയെ സംബന്ധിച്ചിടത്തോളം ആ മൂന്നുപേരിൽ ആരായിരുന്നു അയാളുടെ അയൽക്കാരൻ? ഉത്തരം വ്യക്തമായിരുന്നു. (ലൂക്കൊസ്‌ 10:25-37) ഒരു പുരോഹിതനെയോ ലേവ്യനെയോകാൾ മെച്ചപ്പെട്ട ഒരു അയൽക്കാരൻ ആയിരിക്കാൻ ഒരു ശമര്യക്കാരന്‌ കഴിയുമെന്ന്‌ യേശു പറഞ്ഞത്‌ ആ ന്യായശാസ്‌ത്രിയെ അമ്പരപ്പിച്ചിട്ടുണ്ടാകണം. കൂടുതൽ വിശാലമായ ഒരു വിധത്തിൽ തന്റെ അയൽക്കാരനെ സ്‌നേഹിക്കാൻ യേശു അയാളെ സഹായിക്കുകയായിരുന്നെന്നു വ്യക്തം. ക്രിസ്‌ത്യാനികളും അത്തരം സ്‌നേഹം പ്രകടമാക്കണം. അവരുടെ സ്‌നേഹത്തിൽ ആരെല്ലാം ഉൾപ്പെടുന്നുവെന്ന്‌ പരിചിന്തിക്കുക.

കുടുംബത്തിനുള്ളിലെ സ്‌നേഹം

4. ഒരു ക്രിസ്‌ത്യാനി ആദ്യം സ്‌നേഹം പ്രകടമാക്കേണ്ടത്‌ എവിടെയാണ്‌?

4 ക്രിസ്‌ത്യാനികൾ തങ്ങളുടെ കുടുംബാംഗങ്ങളെ സ്‌നേഹിക്കുന്നു​—⁠ഭാര്യമാർ ഭർത്താക്കന്മാരെയും ഭർത്താക്കന്മാർ ഭാര്യമാരെയും മാതാപിതാക്കൾ കുട്ടികളെയും സ്‌നേഹിക്കുന്നു. (സഭാപ്രസംഗി 9:9; എഫെസ്യർ 5:32; തീത്തൊസ്‌ 2:⁠4) മിക്ക കുടുംബങ്ങളിലും സ്വാഭാവിക സ്‌നേഹം നിലനിൽക്കുന്നു എന്നതു ശരിതന്നെ. എന്നാൽ, ശിഥിലമായ വിവാഹങ്ങളെയും വിവാഹ ഇണയെ പീഡിപ്പിക്കുന്നതിനെയും കുട്ടികളെ അവഗണിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നതിനെയും കുറിച്ചുള്ള റിപ്പോർട്ടുകൾ, കുടുംബം ഇന്ന്‌ സമ്മർദത്തിൻ കീഴിൽ ആണെന്നു വ്യക്തമാക്കുന്നു. സ്വാഭാവിക കുടുംബ വികാരങ്ങൾ കൊണ്ടുമാത്രം പലപ്പോഴും കുടുംബത്തെ ഒന്നിച്ചുനിറുത്താൻ ആവില്ല. (2 തിമൊഥെയൊസ്‌ 3:1-3) കുടുംബ ജീവിതം യഥാർഥത്തിൽ വിജയപ്രദമാക്കുന്നതിന്‌ യഹോവയ്‌ക്കും യേശുവിനും ഉള്ളതുപോലുള്ള സ്‌നേഹം ക്രിസ്‌ത്യാനികൾ പ്രകടമാക്കേണ്ടതുണ്ട്‌.​—⁠എഫെസ്യർ 5:21-27.

5. മക്കളെ വളർത്തിക്കൊണ്ടുവരാനുള്ള സഹായത്തിനായി മാതാപിതാക്കൾ ആരിലേക്കാണു നോക്കുന്നത്‌, അനേകരുടെയും കാര്യത്തിൽ ഫലം എന്തായിരുന്നു?

5 യഹോവ തങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്ന ഒരു നിധി ആയിട്ടാണ്‌ ക്രിസ്‌തീയ മാതാപിതാക്കൾ തങ്ങളുടെ മക്കളെ വീക്ഷിക്കുന്നത്‌. അവരെ വളർത്തിക്കൊണ്ടു വരാനുള്ള സഹായത്തിനായി അവർ അവനിലേക്കു നോക്കുന്നു. (സങ്കീർത്തനം 127:3-5; സദൃശവാക്യങ്ങൾ 22:⁠6) ഈ വിധത്തിൽ അവർ തങ്ങളുടെ കുട്ടികളിൽ ക്രിസ്‌തീയ സ്‌നേഹം നട്ടുവളർത്തുന്നു. അനേകം യുവജനങ്ങളെ കെണിയിലാക്കുന്ന ദുഷിച്ച സ്വാധീനങ്ങളിൽനിന്നു തങ്ങളുടെ മക്കളെ സംരക്ഷിക്കാൻ അത്‌ അവരെ സഹായിക്കുന്നു. തത്‌ഫലമായി അനേകം ക്രിസ്‌തീയ മാതാപിതാക്കൾ, നെതർലൻഡ്‌സിലെ ഒരു മാതാവ്‌ അനുഭവിച്ചതുപോലുള്ള സന്തോഷം ആസ്വദിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം നെതർലൻഡ്‌സിൽ സ്‌നാപനമേറ്റ 575 പേരിൽ ഒരാളായിരുന്ന തന്റെ മകന്റെ സ്‌നാപനം നിരീക്ഷിച്ച ശേഷം അവർ ഇങ്ങനെ എഴുതി: “എന്റെ 20 വർഷത്തെ പ്രയത്‌നത്തിന്‌ ഫലം ലഭിച്ച നിമിഷമായിരുന്നു അത്‌. അവനു വേണ്ടി ചെലവഴിച്ച സമയവും ഊർജവും അതുപോലെതന്നെ എന്റെ വേദനകളും ഉദ്യമങ്ങളും സങ്കടങ്ങളും ഒന്നും ഞാൻ ഇപ്പോൾ ഓർമിക്കുന്നതേയില്ല.” യഹോവയെ സേവിക്കാൻ മകൻ സ്വന്തം ഇഷ്ടപ്രകാരം തീരുമാനിച്ചതിൽ അവർ എത്ര സന്തുഷ്ടയാണ്‌. നെതർലൻഡ്‌സിൽ കഴിഞ്ഞ വർഷം റിപ്പോർട്ടു ചെയ്‌ത പ്രസാധകരുടെ അത്യുച്ച സംഖ്യ 31,089 ആയിരുന്നു. അവരിൽ പലരും യഹോവയെ സ്‌നേഹിക്കാൻ പഠിച്ചത്‌ മാതാപിതാക്കളിൽ നിന്നാണ്‌.

6. വിവാഹബന്ധം അരക്കിട്ടുറപ്പിക്കാൻ ക്രിസ്‌തീയ സ്‌നേഹം സഹായകമായിരിക്കുന്നത്‌ എങ്ങനെ?

6 പൗലൊസ്‌ സ്‌നേഹത്തെ ‘സമ്പൂർണതയുടെ ബന്ധം’ എന്നു വിളിച്ചു. പ്രക്ഷുബ്ധ സമയങ്ങളിൽ പോലും ഒരു വിവാഹബന്ധത്തെ കാത്തുസംരക്ഷിക്കാൻ അതിനു കഴിയും. (കൊലൊസ്സ്യർ 3:14, 18, 19; 1 പത്രൊസ്‌ 3:1-7) തഹീതിയിൽനിന്ന്‌ ഏകദേശം 700 കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ ദ്വീപായ റുറുട്ടുവിൽ ഒരു വ്യക്തി യഹോവയുടെ സാക്ഷികളോടൊത്ത്‌ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ശക്തമായി എതിർത്തു. തുടർന്ന്‌ അവൾ അദ്ദേഹത്തെ വിട്ട്‌ കുട്ടികളെയും കൂട്ടി തഹീതിയിലേക്കു താമസം മാറി. എന്നാൽ, അവൾക്കു പതിവായി പണം അയച്ചുകൊടുത്തുകൊണ്ടും അവൾക്കും കുട്ടികൾക്കും എന്തെങ്കിലും ആവശ്യമുണ്ടോയെന്നു തിരക്കാനായി ഫോൺ ചെയ്‌തുകൊണ്ടും അദ്ദേഹം തന്റെ സ്‌നേഹം പ്രകടമാക്കി. അങ്ങനെ തന്റെ ക്രിസ്‌തീയ കടപ്പാടുകൾ നിറവേറ്റാൻ അദ്ദേഹം പരമാവധി ശ്രമിച്ചു. (1 തിമൊഥെയൊസ്‌ 5:⁠8) തന്റെ കുടുംബം വീണ്ടും ഒന്നിക്കുന്നതിനുവേണ്ടി അദ്ദേഹം പതിവായി പ്രാർഥിച്ചു. ഒടുവിൽ അദ്ദേഹത്തിന്റെ ഭാര്യ മടങ്ങി വന്നു. അപ്പോൾ അദ്ദേഹം അവളോട്‌ ‘സ്‌നേഹത്തോടും ക്ഷമയോടും സൗമ്യതയോടും’ കൂടെ പെരുമാറി. (1 തിമൊഥെയൊസ്‌ 6:11) 1998-ൽ അദ്ദേഹം സ്‌നാപനമേറ്റു. പിന്നീട്‌ ഭാര്യ ബൈബിൾ പഠിക്കാൻ സമ്മതിച്ചപ്പോൾ അദ്ദേഹത്തിന്‌ അതിരറ്റ സന്തോഷം തോന്നി. തഹീതി ബ്രാഞ്ചിന്റെ കീഴിലുള്ള പ്രദേശത്ത്‌ കഴിഞ്ഞ വർഷം നടത്തിയ 1,351 ബൈബിൾ അധ്യയനങ്ങളിൽ ഒന്നായിരുന്നു അത്‌.

7. ജർമനിയിലെ ഒരു വ്യക്തി പറയുന്നത്‌ അനുസരിച്ച്‌, അദ്ദേഹത്തിന്റെ വിവാഹത്തെ ബലിഷ്‌ഠമാക്കിയത്‌ എന്താണ്‌?

7 ജർമനിയിൽ ഒരു സ്‌ത്രീ ബൈബിൾ സത്യത്തിൽ താത്‌പര്യം പ്രകടമാക്കിയപ്പോൾ ഭർത്താവ്‌ അതിനെ എതിർത്തു. യഹോവയുടെ സാക്ഷികൾ അവളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. എന്നാൽ, തന്റെ ഭാര്യയുമായി ആദ്യം സമ്പർക്കം പുലർത്തിയ സഹോദരിക്ക്‌ അദ്ദേഹം പിന്നീട്‌ ഇപ്രകാരം എഴുതി: “യഹോവയുടെ സാക്ഷികളെ എന്റെ ഭാര്യക്കു പരിചയപ്പെടുത്തിയതിനു നന്ദി. ആദ്യം ഞാൻ വളരെ ഉത്‌കണ്‌ഠാകുലനായിരുന്നു. കാരണം സാക്ഷികളെ കുറിച്ച്‌ വളരെ മോശമായ കാര്യങ്ങളാണ്‌ ഞാൻ കേട്ടിരുന്നത്‌. എന്നാൽ, ഇപ്പോൾ ഭാര്യയോടൊപ്പം യോഗങ്ങൾക്കു സംബന്ധിച്ചപ്പോഴാണ്‌ എന്റെ ചിന്തകൾ എത്ര തെറ്റായിരുന്നുവെന്ന്‌ എനിക്കു മനസ്സിലായത്‌. ഞാൻ കേൾക്കുന്നത്‌ സത്യം ആണെന്ന്‌ എനിക്കറിയാം. അതു ഞങ്ങളുടെ വിവാഹത്തെ കൂടുതൽ ബലിഷ്‌ഠമാക്കിയിരിക്കുന്നു.” ജർമനിയിൽ യഹോവയുടെ സാക്ഷികളുടെ എണ്ണം 1,62,932 ആണ്‌, തഹീതി ബ്രാഞ്ചിന്റെ കീഴിലുള്ള ദ്വീപുകളിൽ അത്‌ 1,773-ഉം. ദൈവിക സ്‌നേഹത്തിൽ ഏകീകൃതരായിത്തീർന്ന അനേകം കുടുംബങ്ങൾ അവരിൽപ്പെടുന്നു.

ക്രിസ്‌തീയ സഹോദരങ്ങളോടുള്ള സ്‌നേഹം

8, 9. (എ) നമ്മുടെ സഹോദരങ്ങളെ സ്‌നേഹിക്കാൻ നമ്മെ പഠിപ്പിക്കുന്നത്‌ ആരാണ്‌, എന്തു ചെയ്യാനാണ്‌ സ്‌നേഹം നമ്മെ പ്രേരിപ്പിക്കുന്നത്‌? (ബി) പരസ്‌പരം പിന്താങ്ങാൻ സ്‌നേഹം സഹോദരങ്ങളെ പ്രചോദിപ്പിക്കുന്നത്‌ എങ്ങനെയെന്നു കാണിക്കുന്ന ഒരു ദൃഷ്ടാന്തം പറയുക.

8 തെസ്സലൊനീക്യ ക്രിസ്‌ത്യാനികളോടു പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “അന്യോന്യം സ്‌നേഹിപ്പാൻ നിങ്ങൾ ദൈവത്താൽ ഉപദേശം പ്രാപി”ച്ചിരിക്കുന്നു. (1 തെസ്സലൊനീക്യർ 4:⁠9) അതേ, “യഹോവയാൽ ഉപദേശിക്കപ്പെട്ട”വർ പരസ്‌പരം സ്‌നേഹിക്കുന്നു. (യെശയ്യാവു 54:13) അവരുടെ സ്‌നേഹം അവരുടെ പ്രവർത്തനത്തിൽ പ്രകടമാണ്‌. അതേക്കുറിച്ച്‌ പൗലൊസ്‌ ഇങ്ങനെ പ്രസ്‌താവിച്ചു: “സ്‌നേഹത്താൽ അന്യോന്യം സേവിപ്പിൻ.” (ഗലാത്യർ 5:13; 1 യോഹന്നാൻ 3:18) രോഗികളായ സഹോദരങ്ങളെ സന്ദർശിക്കുമ്പോഴും വിഷാദഹൃദയരെ പ്രോത്സാഹിപ്പിക്കുമ്പോഴും ദുർബലരെ താങ്ങുമ്പോഴും ഒക്കെ അവർ അതാണു ചെയ്യുന്നത്‌. (1 തെസ്സലൊനീക്യർ 5:14) ആത്മാർഥമായ ക്രിസ്‌തീയ സ്‌നേഹം നമ്മുടെ ആത്മീയ പറുദീസയുടെ വളർച്ചയ്‌ക്ക്‌ ആക്കം കൂട്ടുന്നു.

9 ഇക്വഡോറിലെ 544 സഭകളിൽ ഒന്നായ അൻകോണിൽ സഹോദരങ്ങൾ പ്രായോഗികമായ ഒരു വിധത്തിൽ തങ്ങളുടെ സ്‌നേഹം പ്രകടമാക്കി. ഒരു സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി അവർക്ക്‌ തൊഴിലും വരുമാനവും ഇല്ലാതായി. പ്രാദേശിക മീൻപിടിത്തക്കാർ രാത്രിയിലെ മത്സ്യബന്ധനം കഴിഞ്ഞ്‌ മടങ്ങിയെത്തുമ്പോൾ അവർക്ക്‌ ആഹാരസാധനങ്ങൾ വിറ്റ്‌ പണം ഉണ്ടാക്കാൻ ആ പ്രസാധകർ തീരുമാനിച്ചു. കുട്ടികൾ ഉൾപ്പെടെ എല്ലാവരും സഹകരിച്ചു. രാവിലെ 4 മണിക്ക്‌ മീൻപിടിത്തക്കാർ മടങ്ങി വരുമ്പോഴേക്കും ആഹാരം തയ്യാറാക്കുന്നതിന്‌ അവർ രാത്രി ഒരു മണിക്ക്‌ ജോലി തുടങ്ങണമായിരുന്നു. അങ്ങനെ ഉണ്ടാക്കിയ പണം ഓരോരുത്തരുടെയും ആവശ്യം അനുസരിച്ച്‌ സഹോദരന്മാർ പങ്കുവെച്ചു. അത്തരം പരസ്‌പര സഹായം യഥാർഥ ക്രിസ്‌തീയ സ്‌നേഹത്തിന്റെ പ്രകടനമാണ്‌.

10, 11. വ്യക്തിപരമായി അറിയില്ലാത്ത സഹോദരങ്ങളോട്‌ നമുക്ക്‌ എങ്ങനെ സ്‌നേഹം പ്രകടമാക്കാൻ കഴിയും?

10 എന്നാൽ, വ്യക്തിപരമായി അറിയുന്ന ക്രിസ്‌ത്യാനികളെ മാത്രമല്ല നാം സ്‌നേഹിക്കുന്നത്‌. “മുഴു സഹോദരവർഗ്ഗത്തെയും സ്‌നേഹി”ക്കാൻ പത്രൊസ്‌ അപ്പൊസ്‌തലൻ പറഞ്ഞു. (1 പത്രൊസ്‌ 2:​17, NW) നമ്മുടെ എല്ലാ സഹോദരീസഹോദരന്മാരെയും നാം സ്‌നേഹിക്കുന്നു. കാരണം അവർ എല്ലാവരും നമ്മോടൊപ്പം യഹോവയാം ദൈവത്തെ സേവിക്കുന്നു. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഈ സ്‌നേഹം പ്രകടമാക്കാൻ നമുക്ക്‌ അവസരം ലഭിക്കുന്നു. ദൃഷ്ടാന്തത്തിന്‌ സേവനവർഷം 2000-ത്തിൽ, മൊസാമ്പിക്കിൽ വൻപ്രളയം കടുത്ത നാശം വിതച്ചു. അംഗോളയിൽ ആണെങ്കിൽ തുടർച്ചയായ ആഭ്യന്തര യുദ്ധം അനേകരെയും തീർത്തും ദരിദ്രരാക്കി. മൊസാമ്പിക്കിലെ 31,725 സഹോദരങ്ങളിലും അംഗോളയിലെ 41,222 സഹോദരങ്ങളിലും വളരെയേറെപ്പേരെ ഈ കെടുതികൾ ബാധിച്ചു. അതുകൊണ്ട്‌, ഈ രാജ്യങ്ങളിലെ സഹോദരങ്ങളുടെ ദുരിതം അകറ്റാനായി അയൽ രാജ്യമായ ദക്ഷിണാഫ്രിക്കയിലെ സാക്ഷികൾ വളരെയേറെ സാധനങ്ങൾ അവർക്ക്‌ അയച്ചു കൊടുത്തു. ദരിദ്രരായ തങ്ങളുടെ സഹോദരങ്ങൾക്ക്‌ തങ്ങളുടെ “സുഭിക്ഷ”ത്തിൽനിന്ന്‌ സംഭാവന ചെയ്യാനുള്ള മനസ്സൊരുക്കം അവരുടെ സ്‌നേഹത്തിന്റെ പ്രകടനമായിരുന്നു.​—⁠2 കൊരിന്ത്യർ 8:8, 13-15, 24.

11 സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിൽ രാജ്യഹാളുകളും സമ്മേളനഹാളുകളും പണിയാനായി അനേകം രാജ്യങ്ങളിൽനിന്നുള്ള സഹോദരങ്ങൾ സംഭാവന ചെയ്യുന്നു. അതും സ്‌നേഹത്തിന്റെ പ്രകടനമാണ്‌. സോളമൻ ദ്വീപുകളുടെ ദൃഷ്ടാന്തമെടുക്കുക. വളരെയേറെ ആഭ്യന്തര അസ്വസ്ഥതകൾ ഉണ്ടായിരുന്നിട്ടും, സോളമൻ ദ്വീപുകളിൽ കഴിഞ്ഞവർഷം പ്രസാധകരുടെ എണ്ണത്തിൽ 6 ശതമാനം വർധനവ്‌ ഉണ്ടായി, അവരുടെ അത്യുച്ച സംഖ്യ 1,697 ആണ്‌. അവർ ഒരു സമ്മേളനഹാൾ നിർമിക്കാൻ ആസൂത്രണം ചെയ്‌തു. മിക്ക ദ്വീപവാസികളും രാജ്യം വിട്ടു പലായനം ചെയ്യുകയായിരുന്നെങ്കിലും ഹാൾ നിർമാണത്തിൽ സഹായിക്കാനായി ഓസ്‌ട്രേലിയയിൽനിന്ന്‌ സ്വമേധയാ പ്രവർത്തകർ എത്തി. കുറേക്കഴിഞ്ഞപ്പോൾ അവർക്കു മടങ്ങിപ്പോകേണ്ടിവന്നെങ്കിലും, അടിത്തറ പൂർത്തിയാക്കാൻ വേണ്ട പരിശീലനം അവർ അപ്പോഴേക്കും പ്രാദേശിക സഹോദരന്മാർക്ക്‌ നൽകിക്കഴിഞ്ഞിരുന്നു. ഹാളിന്റെ, മുൻകൂട്ടി നിർമിച്ച ഉരുക്ക്‌ ചട്ടക്കൂടുകൾ ഓസ്‌ട്രേലിയയിൽനിന്ന്‌ കപ്പൽ മാർഗം കയറ്റി അയച്ചു. മിക്ക കെട്ടിടങ്ങളുടെയും നിർമാണം ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന ഒരു സമയത്ത്‌, ആരാധനയ്‌ക്കായുള്ള ഈ മനോഹര കെട്ടിടത്തിന്റെ പണി പൂർത്തിയാകുമ്പോൾ അത്‌ യഹോവയുടെ നാമത്തിനും സഹോദരങ്ങളുടെ സ്‌നേഹത്തിനും ഒരു ഉത്തമ സാക്ഷ്യമായിരിക്കും.

ദൈവത്തെപ്പോലെ നാമും ലോകത്തെ സ്‌നേഹിക്കുന്നു

12. നമ്മുടെ വിശ്വാസത്തിൽ അല്ലാത്തവരോടുള്ള മനോഭാവത്തിൽ നാം യഹോവയെ അനുകരിക്കുന്നത്‌ എങ്ങനെ?

12 നമ്മുടെ കുടുംബത്തെയും സഹോദരവർഗത്തെയും മാത്രമേ നാം സ്‌നേഹിക്കുന്നുള്ളോ? നാം “ദൈവത്തെ അനുകരി”ക്കുന്നവർ ആണെങ്കിൽ അങ്ങനെ ആയിരിക്കില്ല. യേശു പറഞ്ഞു: ‘തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‌കുവാൻ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു.’ (എഫെസ്യർ 5:1; യോഹന്നാൻ 3:16) യഹോവയാം ദൈവത്തെപ്പോലെ നാമും എല്ലാവരോടും, നമ്മുടെ വിശ്വാസത്തിൽ അല്ലാത്തവരോടുപോലും, സ്‌നേഹപൂർവം പെരുമാറുന്നു. (ലൂക്കൊസ്‌ 6:35, 36; ഗലാത്യർ 6:10) നാം മറ്റുള്ളവരോട്‌ ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുകയും ദൈവം അവരോടു കാണിച്ചിരിക്കുന്ന സ്‌നേഹത്തെ കുറിച്ചു പറയുകയും ചെയ്യുന്നു. അവരോടുള്ള സ്‌നേഹം നാം പ്രകടമാക്കുന്ന മുഖ്യ വിധം അതാണ്‌. അത്‌, ശ്രദ്ധിക്കുന്ന ഏതൊരുവന്റെയും രക്ഷയിൽ കലാശിക്കുന്നു.​—⁠മർക്കൊസ്‌ 13:10; 1 തിമൊഥെയൊസ്‌ 4:⁠16.

13, 14. വ്യക്തിപരമായി വലിയ അസൗകര്യങ്ങൾ ഉണ്ടായിരുന്നിട്ടും, സാക്ഷികൾ അല്ലാത്തവരോട്‌ സ്‌നേഹം പ്രകടമാക്കിയ സഹോദരങ്ങളുടെ ചില അനുഭവങ്ങൾ ഏവ?

13 നേപ്പാളിലെ നാല്‌ പ്രത്യേക പയനിയർശുശ്രൂഷകരുടെ കാര്യമെടുക്കുക. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറുള്ള ഒരു നഗരത്തിൽ അവർക്കു നിയമനം ലഭിച്ചു. കഴിഞ്ഞ അഞ്ചു വർഷമായി, അവർ ആ നഗരത്തിലും സമീപ ഗ്രാമങ്ങളിലും സഹിഷ്‌ണുതയോടെ സാക്ഷീകരിച്ചുകൊണ്ട്‌ തങ്ങളുടെ സ്‌നേഹം പ്രകടമാക്കിയിരിക്കുന്നു. അവിടത്തെ താപനില 40 ഡിഗ്രി സെൽഷ്യസിലും കൂടുതലാണ്‌. എന്നിട്ടും പ്രദേശം പ്രവർത്തിച്ചു തീർക്കാനായി അവർ മിക്കപ്പോഴും ദീർഘദൂരം സൈക്കിളിൽ യാത്ര ചെയ്യുന്നു. ആ ഗ്രാമങ്ങളിൽ ഒന്നിൽ ഒരു പുസ്‌തകാധ്യയന കൂട്ടം ആരംഭിക്കാൻ കഴിഞ്ഞപ്പോൾ അവരുടെ സ്‌നേഹത്തിനും “സത്‌പ്രവൃത്തിയിലെ സഹിഷ്‌ണുത”യ്‌ക്കും നല്ല ഫലം ലഭിച്ചു. (റോമർ 2:⁠7, NW) 2000 മാർച്ചിൽ, സർക്കിട്ട്‌ മേൽവിചാരകന്റെ പരസ്യപ്രസംഗം കേൾക്കാനായി 32 പേർ കൂടിവന്നു. കഴിഞ്ഞ വർഷം നേപ്പാളിലെ പ്രസാധകരുടെ അത്യുച്ചം 430 ആയിരുന്നു. അത്‌ 9 ശതമാനം വർധനവായിരുന്നു. ആ രാജ്യത്തെ സഹോദരങ്ങളുടെ തീക്ഷ്‌ണതയെയും സ്‌നേഹത്തെയും യഹോവ അനുഗ്രഹിക്കുന്നു എന്നു വ്യക്തമാണ്‌.

14 കൊളംബിയയിൽ താത്‌കാലിക പ്രത്യേക പയനിയർമാർ വൈയൂ ഇൻഡ്യക്കാരുടെ ഇടയിൽ പ്രസംഗിക്കാൻ പോയി. അവരോടു പ്രസംഗിക്കുന്നതിന്‌ അവർ ഒരു പുതിയ ഭാഷ പഠിക്കണമായിരുന്നു. എന്നാൽ അവരുടെ സ്‌നേഹപൂർവകമായ താത്‌പര്യത്തിന്‌ ഫലമുണ്ടായി. പെരുമഴ ഉണ്ടായിരുന്ന ഒരു ദിവസം പോലും 27 പേർ പരസ്യപ്രസംഗം കേൾക്കാൻ എത്തി. ഈ പയനിയർമാർ പ്രകടമാക്കിയതു പോലുള്ള സ്‌നേഹപൂർവകമായ തീക്ഷ്‌ണതയുടെ ഫലമായി കൊളംബിയയിൽ 5 ശതമാനം വർധനവ്‌ ഉണ്ടായി. അവിടത്തെ പ്രസാധക അത്യുച്ചം 1,07,613 ആണ്‌. ഡെൻമാർക്കിലെ വൃദ്ധയായ ഒരു സഹോദരി മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കാൻ ആഗ്രഹിച്ചു. അവർ ഒരു വികലാംഗയുമായിരുന്നു. എന്നിട്ടും അവർ പിന്മാറിയില്ല. താത്‌പര്യക്കാരുമായി അവർ കത്തുകളിലൂടെ ബന്ധപ്പെട്ടു. ഇപ്പോൾ ആ സഹോദരിക്ക്‌ 42 പേരുമായി അത്തരം കത്തിടപാടുകൾ ഉണ്ട്‌, 11 ബൈബിൾ അധ്യയനങ്ങളും നടത്തുന്നു. കഴിഞ്ഞ വർഷം ഡെൻമാർക്കിൽ റിപ്പോർട്ടു ചെയ്‌ത പ്രസാധകരുടെ അത്യുച്ചമായ 14,885 പേരിൽ ഒരാളാണ്‌ ആ സഹോദരി.

നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിപ്പിൻ

15, 16. (എ) നമ്മുടെ സ്‌നേഹം എത്ര വിശാലമായിരിക്കണം എന്നാണ്‌ യേശു പറഞ്ഞത്‌? (ബി) യഹോവയുടെ സാക്ഷികൾക്ക്‌ എതിരെ തെറ്റായ ആരോപണങ്ങൾ നടത്തിയ ഒരു വ്യക്തിയോട്‌ ഉത്തരവാദിത്വപ്പെട്ട സഹോദരന്മാർ സ്‌നേഹപൂർവം പെരുമാറിയത്‌ എങ്ങനെ?

15 ശമര്യക്കാരനെ അയൽക്കാരനായി കരുതാനാകുമെന്ന്‌ ന്യായശാസ്‌ത്രിയോട്‌ യേശു പറഞ്ഞു. തന്റെ ഗിരിപ്രഭാഷണത്തിൽ യേശു ഒരു പടികൂടെ മുന്നോട്ടു പോയി ഇങ്ങനെ പറഞ്ഞു: “കൂട്ടുകാരനെ [“അയൽക്കാരനെ,” NW] സ്‌നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്‌തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രൻമാരായി തീരേണ്ടതിന്നു തന്നേ.” (മത്തായി 5:43-45) ഒരുവൻ നമ്മെ എതിർക്കുമ്പോൾ പോലും നാം “നന്മയാൽ തിന്മയെ ജയി”ക്കാൻ ശ്രമിക്കുന്നു. (റോമർ 12:19-21) സാധ്യമെങ്കിൽ, നമ്മുടെ ഏറ്റവും അമൂല്യ സ്വത്തായ സത്യം നാം അയാളുമായി പങ്കുവെക്കുകയും ചെയ്യുന്നു.

16 യഹോവയുടെ സാക്ഷികൾ വളരെ അപകടകരമായ ഒരു മതവിഭാഗമാണെന്ന്‌ യൂക്രെയിനിലെ ക്രിമിൻച്ചൂക്ക്‌ ഹെറാൾഡ്‌ എന്ന പത്രത്തിലെ ഒരു ലേഖനം പ്രസ്‌താവിച്ചു. ഇതു വളരെ ഗൗരവമുള്ള ഒരു സംഗതി ആയിരുന്നു. കാരണം യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യേണ്ടതാണെന്നു ജനങ്ങളെ വിശ്വസിപ്പിക്കാൻ വേണ്ടി യൂറോപ്പിൽ ചിലർ സാക്ഷികളെ കുറിച്ച്‌ ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്നുണ്ട്‌. അതുകൊണ്ട്‌, പ്രസ്‌തുത ലേഖനത്തിലെ തെറ്റുകൾ തിരുത്തുന്ന ഒരു ലേഖനം പ്രസിദ്ധീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ സാക്ഷികൾ പത്രാധിപരെ സമീപിച്ചു. അദ്ദേഹം അതിനു സമ്മതിച്ചു. എന്നാൽ അതു പ്രസിദ്ധീകരിച്ചപ്പോൾ, ആദ്യത്തെ ലേഖനം വസ്‌തുതയിൽ അധിഷ്‌ഠിതമായിരുന്നു എന്നൊരു പ്രസ്‌താവനകൂടെ അദ്ദേഹം എഴുതിച്ചേർത്തു. അതുകൊണ്ട്‌, ഉത്തരവാദിത്വപ്പെട്ട സഹോദരന്മാർ കൂടുതൽ വിവരങ്ങളുമായി അദ്ദേഹത്തെ പിന്നെയും സമീപിച്ചു. ഒടുവിൽ, ആദ്യത്തെ ലേഖനത്തിലെ വിവരങ്ങൾ തെറ്റായിരുന്നെന്ന്‌ പത്രാധിപർക്കു ബോധ്യമായി. അദ്ദേഹം അതു തിരുത്തിക്കൊണ്ട്‌ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അദ്ദേഹത്തോട്‌ ഇപ്രകാരം നേരിട്ട്‌, എന്നാൽ ദയാപൂർവം ഇടപെട്ടത്‌ നല്ല ഫലം ഉളവാക്കി. ആ സാഹചര്യത്തെ കൈകാര്യം ചെയ്യേണ്ടിയിരുന്ന സ്‌നേഹപൂർവകമായ വിധം അതുതന്നെയായിരുന്നു.

എങ്ങനെ സ്‌നേഹം നട്ടുവളർത്താം

17. മറ്റുള്ളവരോടു സ്‌നേഹപൂർവം ഇടപെടുന്നത്‌ എല്ലായ്‌പോഴും എളുപ്പമല്ലെന്ന്‌ എന്തു സൂചിപ്പിക്കുന്നു?

17 ഒരു ശിശു ജനിക്കുമ്പോൾ മാതാപിതാക്കൾ പെട്ടെന്നുതന്നെ അതിനെ സ്‌നേഹിച്ചു തുടങ്ങുന്നു. എന്നാൽ പ്രായപൂർത്തിയായവരോടുള്ള സ്‌നേഹപൂർവകമായ പെരുമാറ്റം എല്ലായ്‌പോഴും അത്ര സഹജമായി ഉണ്ടാകുന്ന ഒന്നല്ല, പകരം നാം അതു നട്ടുവളർത്തേണ്ടതുണ്ട്‌. അതുകൊണ്ടുതന്നെ ആയിരിക്കാം പരസ്‌പരം സ്‌നേഹിക്കാൻ ബൈബിൾ നമ്മോട്‌ ആവർത്തിച്ചു പറയുന്നത്‌. (1 പത്രൊസ്‌ 1:22; 4:8; 1 യോഹന്നാൻ 3:11) നാം നമ്മുടെ സഹോദരനോട്‌ “ഏഴു എഴുപതു വട്ടം” ക്ഷമിക്കണം എന്ന്‌ യേശു പറഞ്ഞപ്പോൾ, നമ്മുടെ സ്‌നേഹം പരിശോധിക്കപ്പെടുമെന്ന്‌ അവന്‌ അറിയാമായിരുന്നു. (മത്തായി 18:21, 22) ‘അന്യോന്യം പൊറുക്കാൻ’ പൗലൊസും നമ്മെ ഉദ്‌ബോധിപ്പിച്ചു. (കൊലൊസ്സ്യർ 3:12, 13) “സ്‌നേഹം ആചരിപ്പാൻ” നമ്മോട്‌ ആവശ്യപ്പെട്ടിരിക്കുന്നതിൽ അതിശയിക്കാനില്ല. (1 കൊരിന്ത്യർ 14:⁠1) നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാനാകും?

18. മറ്റുള്ളവരോടുള്ള സ്‌നേഹം നട്ടുവളർത്താൻ നമ്മെ എന്തു സഹായിക്കും?

18 ഒന്നാമതായി, യഹോവയാം ദൈവത്തോടു നമുക്കുള്ള സ്‌നേഹം മനസ്സിൽ പിടിക്കുക. നമ്മുടെ അയൽക്കാരനെ സ്‌നേഹിക്കുന്നതിനുള്ള ശക്തമായ ഒരു പ്രചോദക ഘടകമാണ്‌ ഈ സ്‌നേഹം. എന്തുകൊണ്ട്‌? എന്തെന്നാൽ നാം സ്‌നേഹം പ്രകടമാക്കുമ്പോൾ അതു നമ്മുടെ സ്വർഗീയ പിതാവിനു മഹത്ത്വവും സ്‌തുതിയും കൈവരുത്തുന്നു. (യോഹന്നാൻ 15:8-10; ഫിലിപ്പിയർ 1:9-11) രണ്ടാമതായി, കാര്യങ്ങളെ യഹോവ കാണുന്നതുപോലെ കാണാൻ ശ്രമിക്കുക. നാം ഓരോ തവണ പാപം ചെയ്യുമ്പോഴും നാം യഹോവയ്‌ക്ക്‌ എതിരെ പാപം ചെയ്യുകയാണ്‌. എന്നിരുന്നാലും അവൻ നമ്മോടു വീണ്ടും വീണ്ടും ക്ഷമിക്കുകയും നമ്മെ തുടർന്നും സ്‌നേഹിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 86:5; 103:​2, 3; 1 യോഹന്നാൻ 1:9; 4:18) നാം യഹോവയുടെ വീക്ഷണം നട്ടുവളർത്തുന്നെങ്കിൽ, മറ്റുള്ളവരെ സ്‌നേഹിക്കാനും നമുക്ക്‌ എതിരായ അവരുടെ കുറ്റങ്ങൾ പൊറുക്കാനും നാം ചായ്‌വുള്ളവരായിരിക്കും. (മത്തായി 6:12) മൂന്നാമതായി, മറ്റുള്ളവർ നമ്മോട്‌ ഇടപെടണമെന്നു നാം ആഗ്രഹിക്കുന്ന വിധത്തിൽ അവരോട്‌ ഇടപെടുക. (മത്തായി 7:12) അപൂർണരായ നമുക്കു മിക്കപ്പോഴും മറ്റുള്ളവരിൽനിന്നുള്ള ക്ഷമ ആവശ്യമാണ്‌. ദൃഷ്ടാന്തത്തിന്‌, നാം മറ്റുള്ളവരെ വ്രണപ്പെടുത്തുന്ന കാര്യങ്ങൾ പറയുമ്പോൾ, എല്ലാവരും നാവുകൊണ്ട്‌ ഇടയ്‌ക്കിടെ പാപം ചെയ്യുന്നുവെന്ന സംഗതി അവർ ഓർമിക്കാനും നാം പ്രതീക്ഷിക്കുന്നു. (യാക്കോബ്‌ 3:⁠2) മറ്റുള്ളവർ നമ്മോടു സ്‌നേഹപൂർവം ഇടപെടാൻ നാം ആഗ്രഹിക്കുന്നെങ്കിൽ, നാം അവരോടു സ്‌നേഹപൂർവം ഇടപെടണം.

19. സ്‌നേഹം നട്ടുവളർത്തുന്നതിൽ നമുക്കു പരിശുദ്ധാത്മാവിന്റെ സഹായം തേടാൻ കഴിയുന്നത്‌ എങ്ങനെ?

19 നാലാമതായി, പരിശുദ്ധാത്മാവിന്റെ സഹായം തേടുക. കാരണം സ്‌നേഹം ആത്മാവിന്റെ ഫലങ്ങളിൽ ഒന്നാണ്‌. (ഗലാത്യർ 5:22, 23) സൗഹൃദങ്ങൾ, കുടുംബ വികാരങ്ങൾ, അനുരാഗം എന്നിവയൊക്കെ മിക്കപ്പോഴും സഹജമാണ്‌. എന്നാൽ യഹോവ പ്രകടമാക്കുന്ന സ്‌നേഹം, അതായത്‌ ഐക്യത്തിന്റെ സമ്പൂർണ ബന്ധമായ സ്‌നേഹം, നട്ടുവളർത്താൻ നമുക്ക്‌ അവന്റെ ആത്മാവിന്റെ സഹായം ആവശ്യമാണ്‌. ദൈവവചനമായ ബൈബിൾ വായിക്കുന്നതിലൂടെ നമുക്കു പരിശുദ്ധാത്മാവിന്റെ സഹായം തേടാനാകും. ദൃഷ്ടാന്തത്തിന്‌, നാം യേശുവിന്റെ ജീവിതത്തെ കുറിച്ചു പഠിക്കുകയാണെങ്കിൽ, അവൻ ആളുകളോട്‌ ഇടപെട്ടത്‌ എങ്ങനെയെന്നു കാണാനും അങ്ങനെ അവനെ അനുകരിക്കാനും നമുക്കു കഴിയും. (യോഹന്നാൻ 13:34, 35; 15:12) കൂടുതലായി, യഹോവയുടെ പരിശുദ്ധാത്മാവിനായി നമുക്കു യാചിക്കാൻ കഴിയും, വിശേഷിച്ചും സ്‌നേഹപൂർവകമായ ഒരു വിധത്തിൽ പ്രവർത്തിക്കാൻ നമുക്കു ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ. (ലൂക്കൊസ്‌ 11:13) അവസാനമായി, ക്രിസ്‌തീയ സഭയോടു പറ്റിനിന്നുകൊണ്ട്‌ നമുക്കു സ്‌നേഹത്തിന്റെ ഗതി പിന്തുടരാൻ കഴിയും. സ്‌നേഹമുള്ള സഹോദരീസഹോദരന്മാരോടൊപ്പം ആയിരിക്കുന്നത്‌ സ്‌നേഹം നട്ടുവളർത്താൻ നമ്മെ സഹായിക്കുന്നു.​—⁠സദൃശവാക്യങ്ങൾ 13:⁠20.

20, 21. സേവനവർഷം 2000-ത്തിൽ യഹോവയുടെ സാക്ഷികൾ സ്‌നേഹത്തിന്റെ ഏത്‌ മുന്തിയ പ്രകടനമാണു കാഴ്‌ചവെച്ചത്‌?

20 കഴിഞ്ഞ വർഷം സുവാർത്ത പ്രസംഗകരുടെ ലോകവ്യാപക അത്യുച്ചം 60,35,564 ആയിരുന്നു. ആളുകളോടു സുവാർത്ത പറയാനായി യഹോവയുടെ സാക്ഷികൾ കഴിഞ്ഞ വർഷം മൊത്തം 117,12,70,425 മണിക്കൂർ ചെലവഴിക്കുകയുണ്ടായി. ചൂടും മഴയും തണുപ്പും കാര്യമാക്കാതെ ആ വേല ചെയ്യുന്നതിൽ സഹിച്ചുനിൽക്കാൻ അവരെ പ്രാപ്‌തരാക്കിയത്‌ സ്‌നേഹമായിരുന്നു. സഹപാഠികളോടും സഹജോലിക്കാരോടും സംസാരിക്കാനും തെരുവിലും മറ്റു സ്ഥലങ്ങളിലും തികച്ചും അപരിചിതരായവരെ സമീപിക്കാനും അവരെ പ്രേരിപ്പിച്ചതും സ്‌നേഹമായിരുന്നു. സാക്ഷികൾ സന്ദർശിച്ച പലരും താത്‌പര്യം ഇല്ലാത്തവരായിരുന്നു. ചിലരാണെങ്കിൽ എതിർപ്പുള്ളവരും. എന്നിരുന്നാലും ചിലർ താത്‌പര്യം പ്രകടമാക്കി. തത്‌ഫലമായി 43,34,54,049 മടക്ക സന്ദർശനങ്ങളും 47,66,631 ബൈബിൾ അധ്യയനങ്ങളും നടത്തുകയുണ്ടായി. *

21 ദൈവത്തോടും അയൽക്കാരോടും യഹോവയുടെ സാക്ഷികൾക്കുള്ള സ്‌നേഹത്തിന്റെ എത്ര മഹത്തായ ഒരു പ്രകടനമായിരുന്നു ഇവയെല്ലാം! ആ സ്‌നേഹം ഒരിക്കലും തണുത്തുപോകില്ല. സേവനവർഷം 2001-ൽ മാനവരാശിക്ക്‌ ഇതിലും വലിയ ഒരു സാക്ഷ്യം നൽകപ്പെടുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ട്‌. വിശ്വസ്‌തരും തീക്ഷ്‌ണതയുള്ളവരുമായ യഹോവയുടെ ആരാധകർ ‘തങ്ങൾ ചെയ്യുന്നതെല്ലാം സ്‌നേഹത്തിൽ ചെയ്യവെ’ അവൻ അവരെ അനുഗ്രഹിക്കുമാറാകട്ടെ!​—⁠1 കൊരിന്ത്യർ 16:⁠14.

[അടിക്കുറിപ്പ്‌]

^ ഖ. 20 സേവനവർഷം 2000-ത്തിലെ റിപ്പോർട്ടിന്റെ സമ്പൂർണ വിശദാംശങ്ങൾക്ക്‌ 18-21 പേജുകളിലെ ചാർട്ട്‌ കാണുക.

നിങ്ങൾക്കു വിശദീകരിക്കാമോ?

• അയൽക്കാരെ സ്‌നേഹിക്കുമ്പോൾ നാം ആരെയാണ്‌ അനുകരിക്കുന്നത്‌?

• നമ്മുടെ സ്‌നേഹം എത്ര വിശാലമായിരിക്കണം?

• ക്രിസ്‌തീയ സ്‌നേഹം പ്രകടമാകുന്ന ചില അനുഭവങ്ങൾ ഏവ?

• നമുക്ക്‌ എങ്ങനെ ക്രിസ്‌തീയ സ്‌നേഹം നട്ടുവളർത്താൻ കഴിയും?

[അധ്യയന ചോദ്യങ്ങൾ]

[18-21 പേജിലെ ചാർട്ട്‌]

യഹോവയുടെ സാക്ഷികളുടെ 2000 സേവനവർഷത്തിലെ ലോകവ്യാപക റിപ്പോർട്ട്‌

(അച്ചടിച്ച മാസിക കാണുക)

[15-ാം പേജിലെ ചിത്രങ്ങൾ]

Christian love can hold a family together

[17-ാം പേജിലെ ചിത്രങ്ങൾ]

Love moves us to share our hope with others