വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരിശോധനകളിന്മധ്യേയും മുഴുദേഹിയോടെ സേവിക്കുന്നു

പരിശോധനകളിന്മധ്യേയും മുഴുദേഹിയോടെ സേവിക്കുന്നു

ജീവിത കഥ

പരിശോധനകളിന്മധ്യേയും മുഴുദേഹിയോടെ സേവിക്കുന്നു

റോഡോൾഫോ ലോസാനോ പറഞ്ഞപ്രകാരം

മെക്‌സിക്കോയിലെ ഡുറാങ്‌ഗോ സംസ്ഥാനത്തുള്ള ഗോമെസ്‌ പാലാസ്യോ നഗരത്തിൽ 1917 സെപ്‌റ്റംബർ 17-ാം തീയതിയാണ്‌ ഞാൻ ജനിച്ചത്‌. അപ്പോൾ മെക്‌സിക്കൻ വിപ്ലവം അതിന്റെ മൂർധന്യാവസ്ഥയിലായിരുന്നു. 1920-ൽ വിപ്ലവം അവസാനിച്ചെങ്കിലും ഞങ്ങളുടെ പ്രദേശത്തെ അസ്വസ്ഥതകൾ വർഷങ്ങളോളം തുടർന്നു. ജീവിതം വളരെ ദുഷ്‌കരമായിരുന്നു.

ഒരിക്കൽ വിപ്ലവകാരികളും സൈന്യവും ഏറ്റുമുട്ടാൻ പോകുകയാണെന്ന അറിവു കിട്ടിയപ്പോൾ എന്നെയും എന്റെ മൂന്നു സഹോദരന്മാരെയും രണ്ടു സഹോദരിമാരെയും ദിവസങ്ങളോളം അമ്മ വീടിനു പുറത്തിറങ്ങാൻ സമ്മതിച്ചില്ല. വീട്ടിൽ ആഹാരമൊന്നും ഉണ്ടായിരുന്നില്ല. എന്റെ ഇളയ സഹോദരിയോടൊപ്പം കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്നത്‌ എനിക്ക്‌ ഇപ്പോഴും നല്ല ഓർമയുണ്ട്‌. ഈ സംഭവത്തിനു ശേഷം ഞങ്ങളെയും കൂട്ടി ഐക്യനാടുകളിലേക്കു പോകാൻ അമ്മ നിശ്ചയിച്ചു. പിതാവ്‌ കുറച്ചുകഴിഞ്ഞ്‌ വരാമെന്നു തീരുമാനിച്ചു.

1926-ൽ ഞങ്ങൾ കാലിഫോർണിയയിൽ എത്തിയതിനു തൊട്ടുപിന്നാലെ ഐക്യനാടുകൾ വൻ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായി. എവിടെയെങ്കിലും പണി ലഭ്യമാണെന്നു കേട്ടാൽ ഞങ്ങൾ അങ്ങോട്ടു പോകുമായിരുന്നു. അങ്ങനെ സാൻവോക്കീൻ താഴ്‌വര, സാന്റ ക്ലാര, സലീനസ്‌, കിങ്‌ സിറ്റി എന്നിങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം ഞങ്ങൾ പോയിട്ടുണ്ട്‌. പാടത്തു പണിയെടുക്കാനും പാകമായ ഫലങ്ങളും പച്ചക്കറികളും ശേഖരിക്കാനും ഞങ്ങൾ പഠിച്ചു. ഏറെ കഠിനാധ്വാനം ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിലും എന്റെ കുട്ടിക്കാലം ജീവിതത്തിലെ വളരെ സന്തോഷകരമായ സമയം ആയിരുന്നു.

ബൈബിൾ സത്യം ലഭിക്കുന്നു

1928 മാർച്ചിൽ ബൈബിൾ വിദ്യാർഥികളിൽപ്പെട്ട​—⁠യഹോവയുടെ സാക്ഷികൾ അന്ന്‌ അങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌​—⁠നല്ല പ്രായമുണ്ടായിരുന്ന ഒരാൾ ഞങ്ങളെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ പേര്‌ ഏസ്‌തേബാൻ റിവേറ എന്നായിരുന്നു. സ്‌പാനിഷ്‌ ആണ്‌ അദ്ദേഹം സംസാരിച്ചിരുന്നത്‌. അദ്ദേഹം തന്നിട്ടുപോയ “മരിച്ചവർ എവിടെയാണ്‌?” എന്ന ചെറുപുസ്‌തകത്തിന്റെ തലക്കെട്ടും ഉള്ളടക്കവും എന്നെ വളരെയധികം ആകർഷിച്ചു. നന്നേ ചെറുപ്പമായിരുന്നെങ്കിലും ഞാൻ ബൈബിൾ പഠിക്കാനും ബൈബിൾ വിദ്യാർഥികളുമായി സഹവസിക്കാനും തുടങ്ങി. പിന്നീട്‌ എന്റെ അമ്മയും ഇളയ സഹോദരി ആരോരായും യഹോവയുടെ തീക്ഷ്‌ണതയുള്ള സ്‌തുതിപാഠകരായിത്തീർന്നു.

1930-കളുടെ മധ്യത്തിൽ സാൻ ഹോസേയിൽ അവിടത്തെ ഇംഗ്ലീഷ്‌ സഭയ്‌ക്കു വേണ്ടി ഒരു രാജ്യഹാൾ പണിതു. ആ പ്രദേശത്തെ കൃഷിയിടങ്ങളിൽ സ്‌പാനിഷ്‌ സംസാരിക്കുന്ന അനേകർ ഉണ്ടായിരുന്നു. ഞങ്ങൾ അവരോടു സാക്ഷീകരിക്കുകയും സ്‌പാനിഷിൽ വീക്ഷാഗോപുര അധ്യയനം ആരംഭിക്കുകയും ചെയ്‌തു. ഇതിനായി 80 കിലോമീറ്റർ അകലെ സാൻ ഫ്രാൻസിസ്‌കോയിലുള്ള സ്‌പാനിഷ്‌ സംസാരിക്കുന്ന സാക്ഷികളുടെ സഹായവും ഞങ്ങൾ തേടി. കാലക്രമത്തിൽ സാൻ ഹോസേ രാജ്യഹാളിൽ 60-ഓളം പേർ സ്‌പാനിഷ്‌ ഭാഷയിലുള്ള യോഗങ്ങൾക്ക്‌ കൂടിവരാൻ തുടങ്ങി.

1940 ഫെബ്രുവരി 28-ാം തീയതി സാൻ ഹോസേയിൽ നടന്ന ഒരു സമ്മേളനത്തിൽ ഞാൻ യഹോവയ്‌ക്കുള്ള എന്റെ സമർപ്പണം ജലസ്‌നാപനത്താൽ പ്രതീകപ്പെടുത്തി. അടുത്ത വർഷം എനിക്ക്‌ പയനിയറായി​—⁠യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷകർ അറിയപ്പെടുന്നത്‌ അങ്ങനെയാണ്‌​—⁠നിയമനം ലഭിച്ചു. 1943 ഏപ്രിലിൽ 130 കിലോമീറ്റർ അകലെയുള്ള സ്റ്റോക്‌റ്റണിലേക്കു പോയി സ്‌പാനിഷ്‌ ഭാഷ സംസാരിക്കുന്നവർക്കായി അവിടെ ഒരു സഭ രൂപീകരിക്കാനുള്ള ക്ഷണം എനിക്കു ലഭിച്ചു. ആ സമയത്ത്‌ ഞാൻ സാൻ ഹോസേയിലെ ഇംഗ്ലീഷ്‌ സഭയുടെ അധ്യക്ഷ മേൽവിചാരകനായിരുന്നു. അവിടെയുള്ള സ്‌പാനിഷ്‌ സംസാരിക്കുന്ന സാക്ഷികളുടെ ആവശ്യങ്ങൾക്കായി കരുതിയിരുന്നതും ഞാനായിരുന്നു. ഈ ഉത്തരവാദിത്വങ്ങളെല്ലാം മറ്റുള്ളവരെ ഏൽപ്പിച്ച്‌ ഞാൻ സ്റ്റോക്ക്‌റ്റണിലേക്കു യാത്രയായി.

വിശ്വസ്‌തത പരിശോധിക്കപ്പെടുന്നു

1940-ൽ തുടങ്ങി പലപ്രാവശ്യം എന്നെ റിക്രൂട്ടിങ്‌ ഓഫീസിലേക്കു വിളിപ്പിക്കുകയുണ്ടായി. എന്നാൽ മനസ്സാക്ഷിപരമായ കാരണങ്ങളാൽ യുദ്ധത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന എന്റെ വിശദീകരണം ഓരോ പ്രാവശ്യവും അവർ അംഗീകരിച്ചു. പക്ഷേ 1941 ഡിസംബറിൽ ഐക്യനാടുകൾ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കുചേർന്നതോടെ റിക്രൂട്ടിങ്‌ ഓഫീസിൽ നിന്നുള്ള സമ്മർദം തീവ്രമായി. ഒടുവിൽ 1944-ൽ എന്നെ ജയിലിൽ അടച്ചു. വിധി കാത്തുകിടക്കവെ എന്നെ കുറ്റവാളികളോടൊപ്പം ഒരു ഭൂഗർഭ അറയിൽ ഇട്ടു പൂട്ടി. ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്ന്‌ അറിഞ്ഞപ്പോൾ അവരിൽ പലരും തങ്ങളുടെ കുറ്റകൃത്യങ്ങൾ ദൈവമുമ്പാകെയുള്ള തങ്ങളുടെ നിലയെ എങ്ങനെ ബാധിക്കുമെന്ന്‌ അറിയാൻ ആഗ്രഹിച്ചു.

കേസ്‌ വിചാരണയ്‌ക്ക്‌ എടുക്കുന്നതിനു മുമ്പ്‌ സാൻ ഹോസേയിലെ സാക്ഷികൾ ആവശ്യമായ പണം അടച്ച്‌ എന്നെ ജാമ്യത്തിലിറക്കി. പൗരാവകാശ സംരക്ഷണ കേസുകളിൽ പ്രതിഭാഗത്തിനായി വാദിച്ചിരുന്ന ലോസ്‌ ആഞ്ചലസിലെ ഒരു അഭിഭാഷകൻ ഫീസൊന്നും ഈടാക്കാതെ എന്റെ കേസ്‌ ഏറ്റെടുത്തു. പയനിയറിങ്‌ ഉപേക്ഷിച്ച്‌ ഞാനൊരു ലൗകിക തൊഴിൽ സ്വീകരിക്കുകയും എല്ലാ മാസവും ഫെഡറൽ അധികാരികളുടെ മുമ്പാകെ ഹാജരാകുകയും ചെയ്യും എന്ന വ്യവസ്ഥയിൽ എന്നെ വിട്ടയയ്‌ക്കാൻ ജഡ്‌ജി തീരുമാനിച്ചു. എന്നാൽ ആ തീരുമാനം എനിക്കു സ്വീകാര്യമായിരുന്നില്ല. അതുകൊണ്ട്‌ വാഷിങ്‌ടണിലെ മക്ക്‌നീൽ ദ്വീപ്‌ ജയിലിൽ രണ്ടു വർഷത്തെ തടവിന്‌ എന്നെ ശിക്ഷിച്ചു. അവിടെ തീവ്രമായ ബൈബിൾ പഠനത്തിൽ മുഴുകിക്കൊണ്ട്‌ ഞാൻ സമയം ചെലവഴിച്ചു. കൂടാതെ ടൈപ്പും പഠിച്ചു. രണ്ടു വർഷം തികയുന്നതിനു മുമ്പുതന്നെ നല്ല നടത്തയുടെ പേരിൽ എന്നെ ജയിലിൽ നിന്നും വിട്ടയച്ചു. ഉടൻതന്നെ ഞാൻ പയനിയർ വേല പുനരാരംഭിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്‌തു.

വർധിച്ച പ്രവർത്തനം

1947-ലെ ശൈത്യകാലത്ത്‌ എന്നെയും മറ്റൊരു പയനിയറെയും ടെക്‌സാസിലെ കൊളറാഡോ നഗരത്തിലുള്ള സ്‌പാനിഷ്‌ ഭാഷക്കാരുടെയിടയിൽ പ്രവർത്തിക്കാൻ നിയമിച്ചു. എന്നാൽ സഹിക്കാൻ വയ്യാത്ത തണുപ്പായിരുന്നു അവിടെ. അതുകൊണ്ട്‌ ഞങ്ങൾ സാൻ അന്റോണ്യോയിലേക്കു പോയി. പക്ഷേ അവിടെ ചെന്നപ്പോൾ വീടുതോറുമുള്ള വേലയ്‌ക്കു പോകാൻ പോലും പറ്റാത്ത വിധത്തിലുള്ള മഴയായിരുന്നു. പെട്ടെന്നുതന്നെ ഞങ്ങളുടെ കൈയിലെ പണം തീർന്നു. ആഴ്‌ചകളോളം പച്ച കാബേജ്‌ നിറച്ച സാൻഡ്‌വിച്ചുകളും ആൽഫാൽഫയിട്ടു തിളപ്പിച്ച ചായയും മാത്രമായിരുന്നു ഞങ്ങളുടെ ഭക്ഷണം. എന്റെ പങ്കാളി വീട്ടിലേക്കു മടങ്ങി. എന്നാൽ ഞാൻ അവിടെത്തന്നെ തുടർന്നു. ഇംഗ്ലീഷ്‌ സംസാരിക്കുന്ന സാക്ഷികൾ എന്റെ അവസ്ഥയെക്കുറിച്ച്‌ അറിഞ്ഞപ്പോൾ സഹായവുമായി എത്തി.

വസന്തകാലമായപ്പോൾ ഞാൻ കൊളറാഡോ നഗരത്തിലെ എന്റെ നിയമിത പ്രദേശത്തേക്കു മടങ്ങി. കാലക്രമത്തിൽ അവിടെ സ്‌പാനിഷ്‌ ഭാഷയിലുള്ള ഒരു ചെറിയ സഭ രൂപീകൃതമായി. എന്റെ അടുത്ത നിയമനം ടെക്‌സാസിലെ സ്വീറ്റ്‌വാട്ടറിൽ ആയിരുന്നു. അവിടെയും സ്‌പാനിഷ്‌ ഭാഷയിലുള്ള ഒരു സഭ രൂപീകരിക്കാൻ ഞാൻ സഹായിച്ചു. സ്വീറ്റ്‌വാട്ടറിൽ വെച്ച്‌ മിഷനറി പരിശീലനത്തിനായി 1950 ഫെബ്രുവരി 22-ന്‌ ആരംഭിക്കാനിരുന്ന വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്റെ 15-ാമത്തെ ക്ലാസ്സിൽ പങ്കെടുക്കാനുള്ള ക്ഷണം എനിക്കു ലഭിച്ചു. ആ വേനൽക്കാലത്ത്‌ ന്യൂയോർക്കിലെ യാങ്കീ സ്റ്റേഡിയത്തിൽ നടന്ന അന്താരാഷ്ട്ര കൺവെൻഷനിലെ ബിരുദദാന ചടങ്ങിനു ശേഷം മൂന്നു മാസം ഞാൻ ബ്രുക്ലിനിലെ യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്ത്‌ താമസിച്ചു. മെക്‌സിക്കോ ബ്രാഞ്ച്‌ ഓഫീസിലെ എന്റെ നിയമനത്തിനു വേണ്ട പരിശീലനം അപ്പോൾ എനിക്കു ലഭിച്ചു.

മെക്‌സിക്കോയിലെ പ്രവർത്തനം

1950, ഒക്‌ടോബർ 20-ന്‌ മെക്‌സിക്കോ നഗരത്തിൽ എത്തി രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ എന്നെ അവിടത്തെ ബ്രാഞ്ച്‌ മേൽവിചാരകനായി നിയമിച്ചു. നാലര വർഷം ഞാൻ ഈ നിയമനത്തിൽ തുടർന്നു. പയനിയർ സേവനത്തിൽനിന്നും, ജയിലിൽനിന്നും, ഗിലെയാദിൽനിന്നും, ബ്രുക്ലിനിൽനിന്നും ലഭിച്ച അനുഭവപരിചയം ഈ അവസരത്തിൽ വളരെ പ്രയോജനപ്രദമെന്നു തെളിഞ്ഞു. മെക്‌സിക്കോയിൽ എത്തിയപ്പോൾ അവിടത്തെ സഹോദരങ്ങളെ ആത്മീയമായി കെട്ടുപണി ചെയ്യേണ്ടതുണ്ടെന്ന്‌ എനിക്കു മനസ്സിലായി. ദൈവവചനത്തിലെ ഉയർന്ന ധാർമിക നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ അവർക്കു പ്രത്യേകിച്ചും സഹായം ആവശ്യമായിരുന്നു.

നിയമപരമായി വിവാഹം ചെയ്‌തിട്ടില്ലാത്ത ഒരു വ്യക്തിയോടൊപ്പം ജീവിക്കുന്നത്‌ മെക്‌സിക്കോ ഉൾപ്പെടെയുള്ള ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സർവസാധാരണമായ ഒരു സംഗതിയായിരുന്നു. തിരുവെഴുത്തുവിരുദ്ധമായ ഈ സമ്പ്രദായത്തിനെതിരായി ക്രൈസ്‌തവ സഭകൾ, പ്രത്യേകിച്ചും റോമൻ കത്തോലിക്കാ സഭ ഒരു നടപടിയും കൈക്കൊണ്ടിരുന്നില്ല. (എബ്രായർ 13:⁠4) അതുകൊണ്ട്‌ നിയമപരമായി വിവാഹം ചെയ്യാത്തവരും യഹോവയുടെ സാക്ഷികളായിത്തീർന്നിരുന്നു. അങ്ങനെയുള്ളവർക്കെല്ലാം ആറു മാസത്തെ സമയം അനുവദിച്ചു. അതിനുള്ളിൽ കാര്യങ്ങളെല്ലാം നേരെയാക്കണമായിരുന്നു. അല്ലാത്തപക്ഷം അവർക്ക്‌ യഹോവയുടെ സാക്ഷികളായി തുടരാൻ കഴിയുമായിരുന്നില്ല.

പലരുടെയും കാര്യത്തിൽ കൂടെ താമസിക്കുന്ന വ്യക്തിയുമായുള്ള ബന്ധം നിയമപരമാക്കുകയേ വേണ്ടിയിരുന്നുള്ളൂ. എന്നാൽ ചിലർക്ക്‌ അതത്ര എളുപ്പമായിരുന്നില്ല. ഉദാഹരണത്തിന്‌ നിയമപരമായി വിവാഹമോചനം നേടാതെതന്നെ ചിലർ രണ്ടും മൂന്നും പ്രാവശ്യം വിവാഹം കഴിച്ചിരുന്നു. ഇങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച്‌ ഒടുവിൽ അവർ തങ്ങളുടെ ജീവിതം ദൈവവചനത്തിനു ചേർച്ചയിൽ കൊണ്ടുവന്നപ്പോൾ സഭകൾക്ക്‌ സമൃദ്ധമായ ആത്മീയ അനുഗ്രഹങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞു.​—⁠1 കൊരിന്ത്യർ 6:​9-11.

ആ കാലങ്ങളിൽ മെക്‌സിക്കോയിലെ വിദ്യാഭ്യാസ നിലവാരം വളരെ താണതായിരുന്നു. 1950-ൽ ഞാൻ അവിടെ എത്തുന്നതിനു മുമ്പുതന്നെ ബ്രാഞ്ച്‌ ഓഫീസ്‌ സാക്ഷരതാ ക്ലാസ്സുകൾ സംഘടിപ്പിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഈ ക്ലാസ്സുകൾ പുനഃസംഘടിപ്പിക്കുകയും ഗവൺമെന്റ്‌ രജിസ്‌ട്രേഷൻ നേടാനുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്‌തു. 1946-ൽ കൃത്യമായ രേഖകൾ സൂക്ഷിക്കാൻ തുടങ്ങിയതിനു ശേഷം 1,43,000-ത്തിലധികം ആളുകൾ സാക്ഷികൾ നടത്തിയിട്ടുള്ള ക്ലാസ്സുകളിൽനിന്ന്‌ എഴുത്തും വായനയും പഠിച്ചിട്ടുണ്ട്‌!

മെക്‌സിക്കോയിലെ നിയമം മതങ്ങൾക്ക്‌ ഒട്ടും സ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല. എന്നിരുന്നാലും അടുത്ത കാലത്ത്‌ ഈ കാര്യത്തിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്‌. 1992-ൽ ഒരു പുതിയ മതകാര്യ നിയമം പാസാക്കപ്പെട്ടു. അതിന്റെ ഫലമായി 1993-ൽ യഹോവയുടെ സാക്ഷികൾ ഒരു മത സംഘടനയെന്ന നിലയിൽ രജിസ്റ്റർ ചെയ്യപ്പെട്ടു.

ഈ മാറ്റങ്ങളെല്ലാം എന്നെ എത്രയധികം സന്തോഷിപ്പിച്ചെന്നോ! ഒരുകാലത്ത്‌ അവയെ കുറിച്ചൊന്നും സ്വപ്‌നം കാണാൻ പോലും എനിക്കാവുമായിരുന്നില്ല. ഇതിനെല്ലാം വേണ്ടി അനേകം വർഷം ഗവൺമെന്റ്‌ ഓഫീസുകളുടെ പടി കയറിയിറങ്ങിയിട്ടുള്ള ഞാൻ നമ്മുടെ വേലയോടുള്ള ഉദ്യോഗസ്ഥരുടെ പ്രതികൂല മനോഭാവം നേരിൽ കണ്ടിട്ടുണ്ട്‌. എന്നാൽ ഇപ്പോൾ ബ്രാഞ്ച്‌ ഓഫീസിലെ ഞങ്ങളുടെ നിയമകാര്യ ഡിപ്പാർട്ടുമെന്റിനു കാര്യങ്ങളെല്ലാം ഭംഗിയായി കൈകാര്യം ചെയ്യാൻ സാധിച്ചിരിക്കുന്നു. അതിന്റെ ഫലമായി കാര്യമായ തടസ്സങ്ങളൊന്നും കൂടാതെതന്നെ പ്രസംഗവേല മുമ്പോട്ടു കൊണ്ടുപോകാൻ ഞങ്ങൾക്കു കഴിയുന്നു.

ഒരു മിഷനറി പങ്കാളിയുമൊത്തുള്ള പ്രവർത്തനം

ഞാൻ മെക്‌സിക്കോയിൽ എത്തുന്നതിനു മുമ്പുതന്നെ മുൻ ഗിലെയാദ്‌ ക്ലാസ്സുകളിൽനിന്നു ബിരുദം നേടിയ ചില മിഷനറിമാർ ആ രാജ്യത്തു പ്രവർത്തിക്കുന്നുണ്ടായിരുന്നു. അർമേനിയക്കാരിയായ എസ്ഥർ വാർട്ടനിയൻ ആയിരുന്നു അവരിലൊരാൾ. 1942-ൽ കാലിഫോർണിയയിലെ വലേയോയിലാണ്‌ അവർ പയനിയറിങ്‌ ആരംഭിച്ചത്‌. 1955 ജൂലൈ 30-ാം തീയതി ഞങ്ങൾ വിവാഹിതരായി. മെക്‌സിക്കോയിലെ നിയമനത്തിൽ ഞങ്ങൾ തുടർന്നു. ഞങ്ങൾ താമസിച്ചിരുന്നത്‌ ഞാൻ സേവിച്ചിരുന്ന ബ്രാഞ്ച്‌ ഓഫീസിലാണ്‌. എസ്ഥർ മെക്‌സിക്കോ നഗരത്തിലെ തന്റെ മിഷനറി പ്രവർത്തനം തുടർന്നു.

മെക്‌സിക്കോയിലെ നോവ ലിയോണിലുള്ള മോൺടെറേയിലെ തന്റെ ആദ്യ മിഷനറി നിയമനം എസ്ഥറിന്‌ ലഭിച്ചത്‌ 1947-ലാണ്‌. അപ്പോൾ മോൺടെറേയിൽ 40 സാക്ഷികളുള്ള ഒരൊറ്റ സഭയേ ഉണ്ടായിരുന്നുള്ളു. എന്നാൽ 1950-ൽ മെക്‌സിക്കോ നഗരത്തിലേക്ക്‌ എസ്ഥറിനു നിയമനം ലഭിച്ചപ്പോഴേക്കും അവിടെ നാലു സഭകൾ ഉണ്ടായിരുന്നു. മോൺടെറേയിൽ വെച്ച്‌ എസ്ഥർ ബൈബിൾ പഠിപ്പിച്ച രണ്ടു കുടുംബങ്ങളുടെ പിൻ തലമുറകളിൽപ്പെട്ട രണ്ടു യുവാക്കൾ ഇപ്പോൾ മെക്‌സിക്കോ നഗരത്തിന്‌ അടുത്തുള്ള ഞങ്ങളുടെ ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കുന്നുണ്ട്‌.

1950-ൽ മെക്‌സിക്കോ നഗരത്തിന്റെ അധികഭാഗവും അവിടത്തെ മിഷനറിമാരുടെ പ്രസംഗ പ്രദേശത്തിന്റെ ഭാഗമായിരുന്നു. കാൽനടയായോ ആളുകളെ തിക്കിക്കൊള്ളിച്ച പഴഞ്ചൻ ബസ്സുകളിലോ ആയിരുന്നു അവരുടെ യാത്ര. 1950-ന്റെ അവസാനം ഞാൻ അവിടെ എത്തിയപ്പോൾ ആകെ ഏഴു സഭകളേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ മെക്‌സിക്കോ നഗരത്തിൽ 90,000-ത്തിലധികം രാജ്യപ്രസാധകരുള്ള ഏതാണ്ട്‌ 1,600 സഭകൾ ഉണ്ട്‌! കഴിഞ്ഞ വർഷം അവിടെ 2,50,000-ത്തിലധികം ആളുകൾ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം ആഘോഷിക്കാനായി കൂടിവന്നു! ഈ വർഷങ്ങളിലെല്ലാം ഇവയിൽ അനേകം സഭകളോടൊത്ത്‌ സേവിക്കാനുള്ള പദവി എനിക്കും എസ്ഥറിനും ലഭിച്ചിട്ടുണ്ട്‌.

ബൈബിളധ്യയനങ്ങൾ എടുക്കുമ്പോൾ ഞാനും എസ്ഥറും എപ്പോഴും കുടുംബനാഥന്റെ താത്‌പര്യം ഉണർത്താൻ ശ്രമിക്കുന്നു. അങ്ങനെയാകുമ്പോൾ മുഴു കുടുംബത്തെയും ഉൾപ്പെടുത്താൻ എളുപ്പമാണ്‌. ഇതിന്റെ ഫലമായി വലിയ കുടുംബങ്ങൾ യഹോവയുടെ സേവനത്തിലേക്കു വരുന്നത്‌ ഞങ്ങൾക്കു കാണാൻ കഴിഞ്ഞിരിക്കുന്നു. മിക്കപ്പോഴും കുടുംബങ്ങൾ ഒത്തൊരുമിച്ച്‌ സത്യാരാധന സ്വീകരിക്കുന്നു എന്നതാണ്‌ മെക്‌സിക്കോയിലെ സത്യാരാധനയുടെ ത്വരിത വളർച്ചയ്‌ക്കുള്ള ഒരു കാരണമെന്ന്‌ ഞാൻ വിശ്വസിക്കുന്നു.

യഹോവ വേലയെ അനുഗ്രഹിച്ചിരിക്കുന്നു

1950-നു ശേഷം മെക്‌സിക്കോയിൽ ഉണ്ടായിട്ടുള്ള പുരോഗതി ശ്രദ്ധേയമാണ്‌. ഇതിൽ എണ്ണത്തിലെ വർധനവും സംഘടനാപരമായ മാറ്റങ്ങളും ഉൾപ്പെടുന്നു. അതിഥിപ്രിയരും സന്തുഷ്ടരുമായ ആളുകളോടൊപ്പം പ്രവർത്തിച്ചുകൊണ്ട്‌ വേലയുടെ വർധനയ്‌ക്ക്‌ ചെറിയതോതിൽ സംഭാവന ചെയ്യാൻ സാധിച്ചിരിക്കുന്നു എന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്‌.

യഹോവയുടെ സാക്ഷികളുടെ ഭരണസംഘാംഗമായ കാൾ ക്ലൈനും ഭാര്യ മാർഗരറ്റും ഏതാനും വർഷം മുമ്പ്‌ അവധിയിലായിരിക്കെ ഞങ്ങളെ സന്ദർശിച്ചു. ഞങ്ങൾ ആ സമയത്തു മെക്‌സിക്കോ നഗരത്തിനടുത്തുള്ള സാൻ വാൻ ടെസോൺറ്റ്‌ലാ സഭയോടൊപ്പമാണു പ്രവർത്തിച്ചിരുന്നത്‌. മെക്‌സിക്കൻ പ്രദേശത്തെ വേലയുടെ പുരോഗതി നേരിൽക്കണ്ടു മനസ്സിലാക്കാൻ ക്ലൈൻ സഹോദരൻ ആഗ്രഹിച്ചു. അതുകൊണ്ട്‌ അവർ ഞങ്ങളുടെ യോഗത്തിനു വന്നു. ഏകദേശം 4.5 മീറ്റർ വീതിയും 5.5 മീറ്റർ നീളവുമുള്ള ഒരു ചെറിയ രാജ്യഹാളായിരുന്നു ഞങ്ങളുടേത്‌. ഞങ്ങൾ എത്തിയപ്പോഴേക്കും ഏകദേശം 70 പേർ ഹാജരായിരുന്നു. നിൽക്കാൻപോലും കഷ്ടിച്ചേ ഇടമുണ്ടായിരുന്നുള്ളൂ. പ്രായമായവർ കസേരകളിലും ചെറുപ്പക്കാർ ബഞ്ചുകളിലും കുട്ടികൾ ഇഷ്ടികകളിന്മേലും തറയിലുമായി ഇരുന്നിരുന്നു.

കുട്ടികൾക്കെല്ലാം ബൈബിൾ ഉണ്ടായിരുന്നതും അവർ പ്രസംഗകനോടൊത്ത്‌ തിരുവെഴുത്തുകൾ എടുത്തുനോക്കിയതും ക്ലൈൻ സഹോദരനിൽ വളരെ മതിപ്പുളവാക്കി. പരസ്യ പ്രസംഗത്തിനു ശേഷം സഹോദരൻ മത്തായി 13:​19-23-നെ ആസ്‌പദമാക്കി സംസാരിച്ചു. യേശു പറഞ്ഞ ‘നല്ല നിലം’ മെക്‌സിക്കോയിൽ ധാരാളം ഉണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. അന്ന്‌ അവിടെയുണ്ടായിരുന്ന കുട്ടികളിൽ ഏഴു പേർ ഇപ്പോൾ മെക്‌സിക്കോ നഗരത്തിനടുത്തുള്ള ഞങ്ങളുടെ ബ്രാഞ്ച്‌ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്ന ബൃഹത്തായ വേലയിൽ ഏർപ്പെട്ടിരിക്കുന്നു. മറ്റൊരാൾ ബെഥേലിലും കുറേ പേർ പയനിയർമാരായും സേവിക്കുന്നു!

ഞാൻ മെക്‌സിക്കോ നഗരത്തിൽ വന്നപ്പോൾ ബ്രാഞ്ചിൽ ആകെ 11 പേരേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഇവിടെ 1,350 പേരുണ്ട്‌. 250 പേർ പുതിയ ബ്രാഞ്ച്‌ കെട്ടിടങ്ങളുടെ നിർമാണത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ഈ പണിയെല്ലാം 2002-ൽ പൂർത്തിയാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. അപ്പോൾ ഏതാണ്ട്‌ 1,200 പേരെ കൂടി താമസിപ്പിക്കുന്നതിനുള്ള സൗകര്യം ഇവിടെ ഉണ്ടായിരിക്കും. 1950-ൽ മെക്‌സിക്കോയിലെ മൊത്തം രാജ്യപ്രസാധകരുടെ എണ്ണം 7,000-ത്തിൽ താഴെയായിരുന്നു. എന്നാൽ ഇപ്പോൾ അത്‌ 5,00,000 കവിഞ്ഞിരിക്കുന്നു! തന്നെ സ്‌തുതിക്കുന്നതിൽ കഠിനാധ്വാനം ചെയ്യുന്ന എളിയ മെക്‌സിക്കൻ സഹോദരങ്ങളുടെ പ്രവർത്തനത്തെ യഹോവ അനുഗ്രഹിച്ചിരിക്കുന്ന വിധം കാണുമ്പോൾ എന്റെ ഹൃദയം സന്തോഷംകൊണ്ടു നിറഞ്ഞു തുളുമ്പുകയാണ്‌.

ഒരു വലിയ വെല്ലുവിളിയെ നേരിടുന്നു

ഈയിടെയായി ഞാൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്‌ രോഗമാണ്‌. പൊതുവെ നല്ല ആരോഗ്യമുള്ള ഒരു വ്യക്തിയായിരുന്നു ഞാൻ. എന്നാൽ 1988 നവംബറിൽ ഉണ്ടായ മസ്‌തിഷ്‌കാഘാതം എന്റെ ശാരീരിക പ്രാപ്‌തികളെ വളരെയധികം ബാധിച്ചു. വ്യായാമത്തിലൂടെയും മറ്റു ചികിത്സകളിലൂടെയും ഒരളവു വരെ സുഖം പ്രാപിക്കാൻ സാധിച്ചിരിക്കുന്നതിൽ ഞാൻ യഹോവയോടു നന്ദിയുള്ളവനാണ്‌. എന്നിരുന്നാലും ഇപ്പോഴും എന്റെ ഇഷ്ടാനുസരണം ചില അവയവങ്ങൾ പ്രവർത്തിപ്പിക്കാൻ എനിക്കു കഴിയുന്നില്ല. കഠിനമായ തലവേദനയും മറ്റു ബുദ്ധിമുട്ടുകളും ഇല്ലാതാക്കാൻ ഇപ്പോഴും ചികിത്സയും പരിശോധനകളുമൊക്കെ നടത്തുന്നുണ്ട്‌.

ആഗ്രഹിക്കുന്നിടത്തോളം പ്രവർത്തിക്കാൻ ഇപ്പോൾ കഴിയുന്നില്ലെങ്കിലും യഹോവയുടെ ഉദ്ദേശ്യങ്ങളെ കുറിച്ചു പഠിച്ച്‌ അവന്റെ സമർപ്പിത ദാസരായിത്തീരാൻ അനേകരെ സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട്‌ എന്നതിൽ ഞാൻ കൃതാർഥനാണ്‌. ഞങ്ങളുടെ ബ്രാഞ്ചു സന്ദർശിക്കുന്ന കഴിയുന്നത്ര സഹോദരങ്ങളുമായി സംസാരിക്കുന്നതും ഞാൻ ആസ്വദിക്കുന്നു. ഇത്‌ അവർക്കും എനിക്കും പ്രോത്സാഹനം നൽകുന്നു.

യഹോവ നമ്മുടെ സേവനത്തെ വളരെയധികം വിലമതിക്കുന്നുവെന്നും നാം ചെയ്‌തിട്ടുള്ള സംഗതികളൊന്നും വ്യർഥമല്ല എന്നും അറിയുന്നത്‌ എന്നെ വളരെയധികം ശക്തീകരിക്കുന്നു. (1 കൊരിന്ത്യർ 15:58) രോഗവും പരിമിതികളും ഉണ്ടെങ്കിലും കൊലൊസ്സ്യർ 3:​23, 24-ലെ [NW] വാക്കുകൾ ബാധകമാക്കാൻ ഞാൻ ശ്രമിക്കുന്നു: “നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നല്ല, യഹോവയ്‌ക്കെന്നപോലെ മുഴുദേഹിയോടെ ചെയ്യുവിൻ. എന്തെന്നാൽ അവകാശമെന്ന പ്രതിഫലം യഹോവ തരും എന്നു നിങ്ങൾ അറിയുന്നുവല്ലോ.” ഈ ബുദ്ധിയുപദേശത്തോടുള്ള ചേർച്ചയിൽ പരിശോധനകളിന്മധ്യേയും യഹോവയെ മുഴുദേഹിയോടെ സേവിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു.

[24-ാം പേജിലെ ചിത്രം]

1942-ൽ പയനിയർ ആയിരുന്നപ്പോൾ

[24-ാം പേജിലെ ചിത്രം]

എന്റെ ഭാര്യ 1947-ൽ മെക്‌സിക്കോയിലെ മിഷനറി പ്രവർത്തനം ആരംഭിച്ചു

[24-ാം പേജിലെ ചിത്രം]

ഇന്ന്‌ എസ്ഥറിനോടൊപ്പം

[26-ാം പേജിലെ ചിത്രങ്ങൾ]

മുകളിൽ ഇടത്ത്‌: 1952-ലെ മെക്‌സിക്കൻ ബെഥേൽ കുടുംബം. ഞാൻ മുമ്പിൽ നിൽക്കുന്നു

മുകളിൽ: 1999-ൽ ഈ മെക്‌സിക്കൻ സ്റ്റേഡിയത്തിൽ 1,09,000-ത്തിലധികം ആളുകൾ ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനായി കൂടിവന്നു

താഴെ ഇടത്ത്‌: പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ പുതിയ ബ്രാഞ്ച്‌ സൗകര്യങ്ങൾ