പുതിയ സഹസ്രാബ്ദത്തിൽ സമാധാനമോ?
പുതിയ സഹസ്രാബ്ദത്തിൽ സമാധാനമോ?
‘സാർവദേശീയ സമാധാന സംസ്‌കാര സംവത്സര’ത്തിന്റെ ഉദ്‌ഘാടന പരിപാടികൾ 1999 സെപ്‌റ്റംബർ 14-ന് പാരീസിലും ന്യൂയോർക്ക് നഗരത്തിലും അരങ്ങേറി. 2000-ാം ആണ്ടിലേക്കായി ഐക്യരാഷ്‌ട്ര പൊതുസഭ പ്രഖ്യാപിച്ച പ്രസ്ഥാനമായിരുന്നു അത്. “സമാധാനത്തിനും അക്രമരാഹിത്യത്തിനും വേണ്ടി ഒരു ആഗോള പ്രസ്ഥാനം കെട്ടിപ്പടുക്കാൻ” യുനെസ്‌കോയുടെ മുൻ ഡയറക്ടർ ജനറലായ ഫെഡറിക്കോ മേയർ ഗൗരവപൂർവം അഭ്യർഥിച്ചു.
“യുദ്ധം തുടങ്ങുന്നത് മനുഷ്യ മനസ്സുകളിൽ ആയതുകൊണ്ട്, സമാധാന ചിന്ത കരുപ്പിടിപ്പിക്കേണ്ടതും മനുഷ്യ മനസ്സുകളിലാണ്” എന്നതാണ് യുനെസ്‌കോയുടെ തത്ത്വം. ഇതിനോടുള്ള ചേർച്ചയിൽ, ‘വിദ്യാഭ്യാസത്തിലൂടെയും ചർച്ചകളിലൂടെയും സഹകരണത്തിലൂടെയും’ ഒരു സമാധാന സംസ്‌കാരം വളർത്തിയെടുക്കാൻ യുനെസ്‌കോ ലക്ഷ്യമിടുന്നു. “നാം സമാധാനപ്രേമികളോ സമാധാനവാദികളോ ആയിരുന്നാൽ മാത്രം പോരാ, സമാധാനം ഉണ്ടാക്കുന്നവരും ആയിരിക്കണം” എന്ന് ശ്രീ. മേയർ പ്രസ്‌താവിച്ചു.
ദുഃഖകരമെന്നു പറയട്ടെ, 2000-ാം ആണ്ട് ഒട്ടുംതന്നെ സമാധാനപരം ആയിരുന്നില്ല. ആത്മാർഥമായ ശ്രമങ്ങൾ ഉണ്ടെങ്കിലും, യുദ്ധവും അക്രമവും തടയാൻ മനുഷ്യൻ അപ്രാപ്‌തനാണെന്ന് 2000-ാം ആണ്ടിലെ സംഭവങ്ങൾ ഉൾപ്പെടെയുള്ള ആധുനികകാല ചരിത്രം വ്യക്തമാക്കിയിരിക്കുന്നു.
എന്നാൽ, സമാധാനം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഏകദേശം 2,700 വർഷം മുമ്പ് യെശയ്യാ പ്രവാചകൻ ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: ‘നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.’ (യെശയ്യാവു 54:13) യഹോവയാം ദൈവത്തിന്റെ വഴികൾ പഠിക്കാനായി സകല ജനതകളിലും പെട്ട ആളുകൾ അവന്റെ സത്യാരാധനയിലേക്ക് ഒഴുകിയെത്തുന്ന ഒരു സമയവും അതേ പ്രവാചകൻ മുൻകൂട്ടിക്കണ്ടു. ആ ഒഴുക്കിന്റെ ഫലം എന്തായിരിക്കുമായിരുന്നു? ‘അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.’ (യെശയ്യാവു 2:2-4) ആ പ്രവചനത്തോടുള്ള ചേർച്ചയിൽ, മിക്ക യുദ്ധങ്ങളുടെയും മൂലകാരണമായ ദേശീയവും വർഗീയവുമായ വിദ്വേഷത്തെ മറികടക്കാൻ ദശലക്ഷക്കണക്കിന് ആളുകളെ ഇപ്പോൾത്തന്നെ സഹായിച്ചു കഴിഞ്ഞ ഒരു ലോകവ്യാപക വിദ്യാഭ്യാസ വേലയിൽ ഏർപ്പെട്ടിരിക്കുകയാണ് യഹോവയുടെ സാക്ഷികൾ.
ഒടുവിൽ, ഭൂമിയിൽ ശാശ്വതമായ സമാധാനവും സുരക്ഷിതത്വവും കൈവരുത്താനിരിക്കുന്ന ദൈവരാജ്യത്തിൻ കീഴിൽ യുദ്ധം ഇല്ലാതാകും. (സങ്കീർത്തനം 72:7; ദാനീയേൽ 2:44) അപ്പോൾ സങ്കീർത്തനക്കാരന്റെ ഈ വാക്കുകൾ നിവൃത്തിയാകും: “യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു! [“അതിശയകരമായ കാര്യങ്ങൾ ചെയ്‌തിരിക്കുന്നു,” NW] അവൻ ഭൂമിയുടെ അററംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.”—സങ്കീർത്തനം 46:8, 9.