വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുദ്ധം ഏൽപ്പിക്കുന്ന മുറിവുകൾ

യുദ്ധം ഏൽപ്പിക്കുന്ന മുറിവുകൾ

യുദ്ധം ഏൽപ്പിക്കുന്ന മുറിവുകൾ

“യുദ്ധത്തിൽ വിജയികളില്ല, പരാജിതരേ ഉള്ളൂ.” രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഒരു മുൻ ഭടന്റെ വാക്കുകളാണിവ. അനേകരും അദ്ദേഹത്തോടു യോജിക്കും എന്നതിനു സംശയമില്ല. യുദ്ധച്ചെലവുകൾ ഞെട്ടിക്കുന്നവയാണ്‌; അതുപോലെയാണ്‌ വിജയികളും പരാജിതരും ഒടുക്കേണ്ടി വരുന്ന കനത്ത വിലയും. ഒരു സായുധ പോരാട്ടം അവസാനിച്ച ശേഷവും, ദശലക്ഷക്കണക്കിന്‌ ആളുകൾ വൈകാരികവും ശാരീരികവുമായി യുദ്ധം ഏൽപ്പിച്ച മുറിവുകളുടെ ഘോരമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുന്നു.

ഏതുതരം മുറിവുകൾ? യുദ്ധം ഒരു പ്രദേശത്തുള്ള വലിയൊരു കൂട്ടം ആളുകളെ കൊന്നൊടുക്കിയേക്കാം. അതിജീവിക്കുന്ന പലരും അനാഥരും വിധവകളുമായിത്തീരുന്നു. അവരിലനേകരും ശാരീരികമായി മാത്രമല്ല മാനസികമായും മുറിവേറ്റവർ ആണ്‌. ദശലക്ഷക്കണക്കിന്‌ ആളുകൾ ദരിദ്രരായി മാറുകയോ അഭയാർഥികളാകാൻ നിർബന്ധിതരാകുകയോ ചെയ്‌തേക്കാം. അത്തരം പോരാട്ടങ്ങളെ അതിജീവിച്ചവരുടെ ദുഃഖവും വിദ്വേഷവും നമുക്കു ഭാവനയിൽ കാണാൻ കഴിയുമോ?

അഴുകുന്ന മുറിവുകൾ

വെടിനിറുത്തൽ പ്രഖ്യാപനത്തോടെ, തോക്കിന്റെ ഗർജനം അവസാനിക്കുന്നു, സൈനികരെല്ലാം തിരിച്ചുപോകുന്നു. ഇതിനെല്ലാം വളരെക്കാലത്തിനു ശേഷവും യുദ്ധം ജനഹൃദയങ്ങളിൽ ഏൽപ്പിച്ചിരിക്കുന്ന മുറിവുകൾ ഉണങ്ങുകയില്ല. പിൻതലമുറക്കാരുടെ മനസ്സിൽ അപ്പോഴും വിദ്വേഷം ഉറഞ്ഞുകൂടുകയായിരിക്കും. അങ്ങനെ, ഒരു യുദ്ധം ഏൽപ്പിച്ച മുറിവുകൾ മറ്റൊരു യുദ്ധത്തിനു തിരികൊളുത്തിയേക്കാം.

ഉദാഹരണത്തിന്‌, ഒന്നാം ലോകമഹായുദ്ധം ഔദ്യോഗികമായി അവസാനിപ്പിച്ചുകൊണ്ട്‌ 1919-ൽ ഒപ്പുവെച്ച വേഴ്‌സായി ഉടമ്പടിയിലൂടെ തങ്ങളുടെമേൽ അടിച്ചേൽപ്പിച്ച വ്യവസ്ഥകളെ തങ്ങളോടുള്ള നിഷ്‌ഠുരതയുടെയും പകരംവീട്ടലിന്റെയും തെളിവായാണ്‌ ജർമൻകാർ കണക്കാക്കിയത്‌. ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നതനുസരിച്ച്‌, “പ്രസ്‌തുത ഉടമ്പടിയിലെ വ്യവസ്ഥകൾ ജർമൻകാരെ കോപാകുലരാക്കുകയും അവരിലെ പ്രതികാരാഗ്നി ആളിക്കത്താൻ ഇടയാക്കുകയും ചെയ്‌തു.” ഏതാനും വർഷം കഴിഞ്ഞ്‌, “സമാധാന ഉടമ്പടിയോടുള്ള ഹിറ്റ്‌ലറിന്റെ നീരസം അദ്ദേഹത്തിന്‌ തിരിച്ചടിക്കുള്ള ഒരു കാരണം നൽകി.” അതാണ്‌ രണ്ടാം ലോകമഹായുദ്ധത്തിലേക്കു നയിച്ച ഘടകങ്ങളിൽ ഒന്ന്‌.

രണ്ടാം ലോകമഹായുദ്ധം പശ്ചിമ യൂറോപ്പിൽ ആരംഭിക്കുകയും ബാൾക്കൻ പ്രദേശത്തേക്കുകൂടെ വ്യാപിക്കുകയും ചെയ്‌തു. 1940-കളിൽ അവിടത്തെ വംശീയ കൂട്ടങ്ങൾ പരസ്‌പരം ഏൽപ്പിച്ച മുറിവുകളാണ്‌ 1990-കളിലെ ബാൾക്കൻസ്‌ യുദ്ധത്തിനു വഴിതെളിച്ചത്‌. “വിദ്വേഷവും പ്രതികാരദാഹവും ഒന്നിനൊന്ന്‌ ആളിപ്പടർന്ന്‌ ഇക്കാലംവരെയും എത്തിയിരിക്കുന്നു” എന്നാണ്‌ ഡി റ്റ്‌സൈറ്റ്‌ എന്ന ജർമൻ വർത്തമാനപ്പത്രം അതിനെക്കുറിച്ചു റിപ്പോർട്ടു ചെയ്‌തത്‌.

മനുഷ്യവർഗത്തിനു സമാധാനത്തിൽ ജീവിക്കാൻ കഴിയണമെങ്കിൽ യുദ്ധം ഏൽപ്പിച്ച മുറിവുകൾ ഭേദമായേ തീരൂ. അത്‌ എങ്ങനെ സാധ്യമാകും? വിദ്വേഷത്തെയും ദുഃഖത്തെയും തുടച്ചുനീക്കുന്നതിന്‌ എന്തു ചെയ്യാൻ കഴിയും? യുദ്ധത്തിന്റെ മുറിവുകളെ ഭേദമാക്കാൻ ആർക്കു കഴിയും?

[2-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

COVER: Fatmir Boshnjaku

[3-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

U.S. Coast Guard photo; UN PHOTO 158297/J. Isaac