വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുദ്ധം ഏൽപ്പിച്ച മുറിവുകൾ സുഖപ്പെടുത്തൽ

യുദ്ധം ഏൽപ്പിച്ച മുറിവുകൾ സുഖപ്പെടുത്തൽ

യുദ്ധം ഏൽപ്പിച്ച മുറിവുകൾ സുഖപ്പെടുത്തൽ

ഇരുപതു വർഷമായി ഒരു ഗറില്ലാ സേനയിൽ ആയിരുന്നു എബ്രഹാം. * എന്നാൽ, ഇപ്പോൾ അദ്ദേഹം പോരാട്ടമെല്ലാം ഉപേക്ഷിച്ചിരിക്കുന്നു. മേലാൽ അതിനു പോകുകയുമില്ല. മാത്രമല്ല, മുൻകാല ശത്രുക്കളിൽ ചിലർ ഇപ്പോൾ അദ്ദേഹത്തിന്റെ ഉറ്റ മിത്രങ്ങൾ പോലുമാണ്‌. വാസ്‌തവത്തിൽ ഇങ്ങനെയൊരു മാറ്റത്തിന്‌ അദ്ദേഹത്തെ സഹായിച്ചതെന്താണ്‌? ബൈബിൾ. അത്‌ അദ്ദേഹത്തിന്‌ പ്രത്യാശയും ഉൾക്കാഴ്‌ചയും പ്രദാനം ചെയ്‌തു. മാനുഷിക കാര്യാദികളെ ദൈവം വീക്ഷിക്കുന്നതുപോലെ വീക്ഷിക്കാൻ അത്‌ അദ്ദേഹത്തെ പ്രാപ്‌തനാക്കി. പോരാടാനുള്ള ആഗ്രഹത്തെ ബൈബിൾ പിഴുതുമാറ്റി. അങ്ങനെ അദ്ദേഹത്തിന്റെ ദുഃഖവും സങ്കടവും വെറുപ്പും വിദ്വേഷവുമെല്ലാം കെട്ടടങ്ങിത്തുടങ്ങി. മനസ്സിന്റെ മുറിവുണക്കാൻ സഹായിക്കുന്ന ശക്തമായ ഔഷധം ബൈബിളിൽ അടങ്ങിയിരിക്കുന്നുവെന്ന്‌ അദ്ദേഹം കണ്ടെത്തി.

വൈകാരിക മുറിവുകൾ കരിയാൻ ബൈബിൾ ഒരു വ്യക്തിയെ സഹായിക്കുന്നത്‌ എങ്ങനെയാണ്‌? എബ്രഹാമിനു നേരിട്ട അനുഭവങ്ങളെ ഇല്ലായ്‌മ ചെയ്യാൻ അതിനു കഴിഞ്ഞില്ല. എങ്കിലും, ദൈവവചനത്തിന്റെ വായനയും ധ്യാനവും സ്രഷ്ടാവിന്റെ ചിന്തയുമായി അദ്ദേഹത്തിന്റെ ചിന്തയെ അനുരൂപപ്പെടുത്തി. അദ്ദേഹത്തിന്‌ ഇപ്പോൾ ഭാവി സംബന്ധിച്ച്‌ ഒരു പ്രത്യാശയുണ്ട്‌. ചെയ്യാൻ കൂടുതൽ പ്രാധാന്യമുള്ള പുതിയ കാര്യങ്ങളുമുണ്ട്‌. കാരണം, ദൈവം പ്രാധാന്യമുള്ളതായി വീക്ഷിക്കുന്ന കാര്യങ്ങൾ അദ്ദേഹത്തിനും പ്രധാനപ്പെട്ടവയായി തീർന്നിരിക്കുന്നു. അതോടെ, അദ്ദേഹത്തിന്റെ വൈകാരിക മുറിവുകൾ ഉണങ്ങിത്തുടങ്ങി. അങ്ങനെയാണ്‌ മാറ്റം വരുത്താനുള്ള സഹായം എബ്രഹാമിനു ലഭിച്ചത്‌.

ആഭ്യന്തര യുദ്ധത്തിലേർപ്പെടുന്നു

1930-കളിൽ ആഫ്രിക്കയിലാണ്‌ എബ്രഹാം ജനിച്ചത്‌. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അദ്ദേഹത്തിന്റെ രാജ്യം ശക്തമായ ഒരു അയൽരാജ്യത്തിന്റെ ഭരണത്തിൻ കീഴിൽ ആയിരുന്നു. എബ്രഹാമിന്റെ രാജ്യക്കാർ പലരും സ്വാതന്ത്ര്യം ആഗ്രഹിച്ചു. 1961-ൽ എബ്രഹാം ശക്തമായ ആ അയൽരാജ്യത്തിനെതിരെ ഗറില്ലാ ആക്രമണത്തിൽ ഏർപ്പെട്ടിരുന്ന സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ ചേർന്നു.

“അവർ ഞങ്ങളുടെ ശത്രുക്കളായിരുന്നു. ഞങ്ങളെ കൊന്നൊടുക്കാൻ അവർ തീരുമാനിച്ചിരുന്നു, അതുകൊണ്ട്‌ എങ്ങനെയും അവരെ വകവരുത്തുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം,” എബ്രഹാം വിശദീകരിക്കുന്നു.

ഏതു സമയത്തും ജീവൻ നഷ്ടപ്പെടാവുന്ന അവസ്ഥയിൽ ആയിരുന്നു എബ്രഹാം. അതുകൊണ്ട്‌ 20 വർഷത്തെ സായുധ പോരാട്ടത്തിനു ശേഷം 1982-ൽ അദ്ദേഹം യൂറോപ്പിലേക്ക്‌ ഒളിച്ചോടി. അപ്പോൾ തന്റെ 40-കളുടെ ഒടുവിലായിരുന്ന അദ്ദേഹത്തിന്‌ തന്റെ ജീവിതത്തെക്കുറിച്ചു ചിന്തിക്കാനുള്ള അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾക്ക്‌ എന്തു സംഭവിച്ചിരുന്നു? എന്തായിരുന്നു അദ്ദേഹത്തിന്റെ ഭാവി? യഹോവയുടെ സാക്ഷികളായ ചിലരെ കണ്ടുമുട്ടിയ എബ്രഹാം അവരുടെ യോഗങ്ങൾക്കു സംബന്ധിച്ചു തുടങ്ങി. ഏതാനും വർഷം മുമ്പ്‌ ആഫ്രിക്കയിൽ ആയിരുന്നപ്പോൾ ഒരു സാക്ഷിയിൽനിന്നു ലഭിച്ച ലഘുലേഖ വായിച്ചതിനെക്കുറിച്ചും അദ്ദേഹത്തിന്‌ ഓർമ വന്നു. ഭൂമിയിൽ വരാൻപോകുന്ന ഒരു പറുദീസയെക്കുറിച്ചും മനുഷ്യവർഗത്തെ ഭരിക്കാൻ പോകുന്ന ഒരു സ്വർഗീയ ഗവൺമെന്റിനെക്കുറിച്ചുമാണ്‌ അതിൽ വിവരിച്ചിരുന്നത്‌. അത്‌ യഥാർഥത്തിൽ സത്യമായിരിക്കുമോ?

എബ്രഹാം പറയുന്നു: “പോരാട്ടത്തിൽ ഏർപ്പെട്ടുകൊണ്ടു ഞാൻ ചെലവഴിച്ച വർഷങ്ങളെല്ലാം പാഴായിപ്പോയെന്ന്‌ ബൈബിൾ പഠിച്ചപ്പോൾ എനിക്കു മനസ്സിലായി. ദൈവരാജ്യമായിരിക്കും സകലരോടും നീതിയോടുകൂടെ ഇടപെടുന്ന ഒരേയൊരു ഗവൺമെന്റ്‌.”

എബ്രഹാം സ്‌നാപനമേറ്റ്‌ യഹോവയുടെ സാക്ഷികളിൽ ഒരാളായി അധികം കഴിയുന്നതിനുമുമ്പ്‌, റോബർട്ട്‌ എന്നു പേരുള്ള ഒരാൾ ആഫ്രിക്കയിൽനിന്ന്‌ എബ്രഹാം താമസിക്കുന്ന യൂറോപ്പിലെ നഗരത്തിലേക്ക്‌ ഒളിച്ചോടിവന്നു. റോബർട്ടും എബ്രഹാമും ഒരേ യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ളവരായിരുന്നു, പക്ഷേ എതിർ ചേരികളിൽ ആയിരുന്നെന്നു മാത്രം. ജീവിതത്തിന്റെ യഥാർഥ ഉദ്ദേശ്യം സംബന്ധിച്ചു റോബർട്ട്‌ മിക്കപ്പോഴും ചിന്തിക്കുമായിരുന്നു. ഒരു മതഭക്തനായിരുന്ന അദ്ദേഹം കുറെയൊക്കെ ബൈബിൾ വായിച്ചിട്ടുണ്ടായിരുന്നതിനാൽ ദൈവത്തിന്റെ പേര്‌ യഹോവ എന്നാണെന്ന്‌ അദ്ദേഹം മനസ്സിലാക്കിയിരുന്നു. ബൈബിൾ മെച്ചമായി മനസ്സിലാക്കാൻ സഹായിക്കാമെന്ന്‌ എബ്രഹാമിന്റെ സഭയിലെ സാക്ഷികൾ പറഞ്ഞപ്പോൾ റോബർട്ട്‌ പെട്ടെന്നുതന്നെ അതിനു സമ്മതിച്ചു.

റോബർട്ട്‌ വിവരിക്കുന്നു: “യഹോവയും യേശുവും വെവ്വേറെ വ്യക്തികളാണെന്ന്‌ അംഗീകരിച്ചുകൊണ്ട്‌ യഹോവയുടെ സാക്ഷികൾ ആ പേരുകൾ ഉപയോഗിക്കുന്ന രീതി, എനിക്ക്‌ പണ്ടുമുതലേ ഇഷ്ടമാണ്‌. കാരണം, ഞാൻ ബൈബിളിൽനിന്നു മനസ്സിലാക്കിയതിനു ചേർച്ചയിലാണ്‌ അത്‌. ഏതൊരു രാജ്യത്തായിരുന്നാലും, സാക്ഷികൾ മാന്യമായ വസ്‌ത്രം ധരിക്കുകയും മറ്റുള്ളവരോടു ദയയോടെ ഇടപെടുകയും ചെയ്യുന്നു. ഇവയൊക്കെ എന്നെ ആഴത്തിൽ സ്‌പർശിച്ചിരുന്നു.”

ശത്രുക്കൾ മിത്രങ്ങളായി മാറുന്നു

മുമ്പ്‌ ശത്രുക്കളായിരുന്ന റോബർട്ടും എബ്രഹാമും ഇപ്പോൾ ഉറ്റ മിത്രങ്ങളാണ്‌. യഹോവയുടെ സാക്ഷികളുടെ ഒരേ സഭയിൽത്തന്നെ അവർ ഇരുവരും മുഴുസമയ സുവിശേഷകരായി സേവിക്കുന്നു. എബ്രഹാം വിശദീകരിക്കുന്നു: “അയൽ രാജ്യങ്ങളിലുള്ള ആളുകൾക്ക്‌​—⁠മിക്കവരും ഒരേ മതത്തിൽപ്പെട്ടവർ​—⁠എങ്ങനെ പരസ്‌പരം ദ്വേഷിക്കാൻ കഴിയുന്നു എന്ന്‌ യുദ്ധ സമയത്ത്‌ ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌. ഞാനും റോബർട്ടും ഒരേ മതക്കാരായിരുന്നു, എങ്കിലും ഞങ്ങൾ പരസ്‌പരം പോരാടിക്കൊണ്ടിരുന്നു. ഇപ്പോൾ ഞങ്ങൾ യഹോവയുടെ സാക്ഷികളാണ്‌, ഞങ്ങളുടെ വിശ്വാസം ഞങ്ങളെ ഏകീകരിച്ചിരിക്കുന്നു.”

റോബർട്ട്‌ തുടരുന്നു, “അതാണ്‌ വ്യത്യാസം. ഞങ്ങളെ യഥാർഥ സഹോദരവർഗത്തിന്റെ ഭാഗമാക്കിത്തീർക്കുന്ന തരം വിശ്വാസമാണ്‌ ഞങ്ങൾക്കുള്ളത്‌. ഞങ്ങൾ ഇനിമേൽ യുദ്ധം ചെയ്യുകയില്ല.” മുമ്പ്‌ ശത്രുക്കളായിരുന്ന ഇവരുടെമേൽ ബൈബിൾ സത്യം ശക്തമായ സ്വാധീനം ചെലുത്തി. തത്‌ഫലമായി, വിദ്വേഷവും പകയും ക്രമേണ പരസ്‌പര വിശ്വാസത്തിനും സൗഹൃദത്തിനും വഴിമാറിയിരിക്കുന്നു.

എബ്രഹാമും റോബർട്ടും യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന അതേ സമയത്തുതന്നെ, മറ്റു രണ്ട്‌ അയൽരാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിൽ എതിർ ചേരിയിൽനിന്നു പോരാടുകയായിരുന്നു രണ്ടു ചെറുപ്പക്കാർ. അവരുടെയും ഹൃദയത്തിലെ മുറിവുണക്കാൻ കഴിയുന്ന വളരെ ശക്തിയേറിയ ഒരു ഔഷധമായി ബൈബിൾ പെട്ടെന്നുതന്നെ പ്രവർത്തിച്ചു. എങ്ങനെ?

വധിക്കുക​—⁠പിന്നെ രക്തസാക്ഷിത്വം വരിക്കുക

മതഭക്തിയുള്ള ഒരു കുടുംബത്തിലാണ്‌ ഗബ്രിയേൽ വളർന്നത്‌. തന്റെ മാതൃരാജ്യം ഒരു വിശുദ്ധ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നാണ്‌ അവനെ പഠിപ്പിച്ചിരുന്നത്‌. അതുകൊണ്ട്‌, 19-ാം വയസ്സിൽ അവൻ സൈന്യത്തിൽ ചേരുകയും തന്നെ യുദ്ധമുന്നണിയിലേക്ക്‌ അയയ്‌ക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു. 13 മാസത്തേക്ക്‌ അവൻ ഉഗ്രപോരാട്ടങ്ങൾ നടക്കുന്ന ഇടങ്ങളിലായിരുന്നു, മിക്കപ്പോഴും ശത്രുവിൽനിന്ന്‌ ഏതാണ്ട്‌ ഒന്നര കിലോമീറ്റർ അകലെ മാത്രം. അവൻ പറയുന്നു: “ശത്രു രാത്രിയിൽ ആക്രമിക്കുമെന്ന്‌ കമാൻഡർ ഞങ്ങളോട്‌ പറഞ്ഞ ഒരു ദിവസം ഞാൻ പ്രത്യേകം ഓർക്കുന്നു. അന്നു രാത്രി അതീവ ജാഗ്രത പാലിച്ചിരുന്ന ഞങ്ങൾ, പീരങ്കികൾക്ക്‌ വിശ്രമം കൊടുത്തതേയില്ല.” മരണത്തിന്‌ അർഹരായ ശത്രുക്കളായി മാത്രമാണ്‌ അയൽ രാജ്യക്കാരെ ഗബ്രിയേൽ കണ്ടിരുന്നത്‌. “കഴിയുന്നത്ര ആളുകളെ കൊല്ലുക എന്ന ഒരേയൊരു ചിന്തയേ എനിക്ക്‌ ഉണ്ടായിരുന്നുള്ളൂ. എന്നിട്ട്‌, എന്റെ പല സുഹൃത്തുക്കളെയുംപോലെ രക്തസാക്ഷിത്വം വരിക്കാൻ ഞാൻ ആഗ്രഹിച്ചു.”

എങ്കിലും, കാലക്രമത്തിൽ ഗബ്രിയേൽ നിരാശനായി. അവൻ പർവത പ്രദേശങ്ങളിലേക്ക്‌ ഓടിപ്പോകുകയും അതിർത്തിയിലൂടെ ഒരു നിഷ്‌പക്ഷ രാജ്യത്തേക്ക്‌ നുഴഞ്ഞു കടന്ന്‌ യൂറോപ്പിലേക്ക്‌ യാത്ര തിരിക്കുകയും ചെയ്‌തു. ജീവിതം ഇത്ര ദുരിത പൂർണമായിരിക്കുന്നത്‌ എന്തുകൊണ്ട്‌ എന്ന്‌ അദ്ദേഹം കൂടെക്കൂടെ ദൈവത്തോട്‌ ചോദിക്കുമായിരുന്നു. കൂടാതെ, പ്രശ്‌നങ്ങൾ ദൈവത്തിൽനിന്നുള്ള ശിക്ഷയാണോ എന്നും. അങ്ങനെയിരിക്കെയാണ്‌, അദ്ദേഹം യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വന്നത്‌. ജീവിതം ഇന്ന്‌ ഇത്ര പ്രശ്‌നപൂരിതമായിരിക്കുന്നതിന്റെ കാരണം അവർ ബൈബിളിൽനിന്ന്‌ അദ്ദേഹത്തിനു കാണിച്ചുകൊടുത്തു.​—⁠മത്തായി 24:3-14; 2 തിമൊഥെയൊസ്‌ 3:1-5.

ബൈബിൾ പഠിക്കുന്തോറും അതിൽ സത്യം ഉണ്ടെന്ന്‌ അദ്ദേഹത്തിനു കൂടുതലായി ബോധ്യപ്പെട്ടു. ഗബ്രിയേൽ പറയുന്നു: “നമുക്ക്‌ ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയുമെന്ന്‌ ഞാൻ മനസ്സിലാക്കി. വിചിത്രമെന്നു പറയട്ടെ, കുട്ടിക്കാലം മുതലേ ഞാൻ ആഗ്രഹിച്ചിരുന്നതും അത്തരമൊരു ജീവിതമായിരുന്നു.” ബൈബിൾ ഗബ്രിയേലിനെ ആശ്വസിപ്പിക്കുകയും ഇതുവരെ കലുഷിതമായിരുന്ന അദ്ദേഹത്തിന്റെ ഹൃദയത്തെ ശാന്തമാക്കുകയും ചെയ്‌തു. അങ്ങനെ അദ്ദേത്തിന്റെ ആഴമായ വൈകാരിക മുറിവുകൾ കരിഞ്ഞു തുടങ്ങി. അതുകൊണ്ട്‌, മുമ്പ്‌ തന്റെ ഒരു ശത്രുവായിരുന്ന ഡാനിയേലിനെ കണ്ടുമുട്ടിയപ്പോൾ, ഗബ്രിയേലിന്‌ യാതൊരു വിദ്വേഷവും തോന്നിയില്ല. എന്നാൽ ഡാനിയേൽ യൂറോപ്പിലേക്ക്‌ വരാൻ ഇടയായത്‌ എങ്ങനെയാണ്‌?

“അങ്ങ്‌ വാസ്‌തവമായും സ്ഥിതിചെയ്യുന്നുണ്ടെങ്കിൽ, എന്നെ സഹായിക്കേണമേ!”

ഒരു കത്തോലിക്കാ കുടുംബത്തിലാണ്‌ ഡാനിയേൽ വളർന്നുവന്നത്‌. 18-ാമത്തെ വയസ്സിൽ അവനെ സൈനിക സേവനത്തിനായി വിളിച്ചു. ഗബ്രിയേൽ പങ്കെടുത്തിരുന്ന ആ യുദ്ധത്തിൽതന്നെയാണ്‌ അവനും പങ്കെടുത്തത്‌, പക്ഷേ എതിർപക്ഷത്തായിരുന്നു എന്നുമാത്രം. യുദ്ധമുന്നണിക്കടുത്ത്‌ അവൻ ടാങ്കിൽ നീങ്ങിക്കൊണ്ടിരുന്നപ്പോൾ ഒരു ഷെൽ അതിൽ വന്നിടിച്ചു. അവന്റെ സുഹൃത്തുക്കൾക്കു ജീവൻ നഷ്ടമായി. ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ട ഡാനിയേൽ ഒരു യുദ്ധ തടവുകാരനായി പിടിക്കപ്പെട്ടു. ഒരു നിഷ്‌പക്ഷ രാജ്യത്തേക്കു നാടുകടത്തപ്പെടുന്നതിനു മുമ്പ്‌ മാസങ്ങളോളം ആശുപത്രിയിലും ഒരു ക്യാമ്പിലും അവനു കഴിയേണ്ടിവന്നു. സകലവും നഷ്ടപ്പെട്ട്‌ ഒറ്റയ്‌ക്കു കഴിഞ്ഞിരുന്ന ആ അവസരത്തിൽ അവൻ ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചു. ഡാനിയേൽ ദൈവത്തോട്‌ പ്രാർഥിച്ചു: “അങ്ങ്‌ വാസ്‌തവമായും സ്ഥിതിചെയ്യുന്നുണ്ടെങ്കിൽ, എന്നെ സഹായിക്കേണമേ!” അടുത്ത ദിവസംതന്നെ യഹോവയുടെ സാക്ഷികൾ അവനെ സന്ദർശിച്ച്‌ അവന്റെ പല ചോദ്യങ്ങൾക്കും ഉത്തരം നൽകി. അവസാനം അവൻ യൂറോപ്പിലേക്ക്‌ ഒരു അഭയാർഥിയായി പോയി. അവിടെയും അവൻ യഹോവയുടെ സാക്ഷികളുമായി സഹവസിക്കുകയും ബൈബിൾ പഠിക്കുകയും ചെയ്‌തു. പഠിച്ച കാര്യങ്ങൾ ഉത്‌കണ്‌ഠയും വിദ്വേഷവും തന്റെ മനസ്സിൽനിന്നു മായ്‌ക്കാൻ അവനെ സഹായിച്ചു.

യഹോവയുടെ സ്‌നാപനമേറ്റ സാക്ഷികളെന്ന നിലയിൽ ഏകീകൃതരായ ആത്മീയ സഹോദര വർഗത്തിനുള്ളിൽ ഗബ്രിയേലും ഡാനിയേലും ഇപ്പോൾ ഉറ്റ സൗഹൃദം ആസ്വദിക്കുന്നു. “യഹോവയോടുള്ള സ്‌നേഹവും ബൈബിൾ പരിജ്ഞാനവും യഹോവ കാര്യങ്ങളെ കാണുന്നതുപോലെ കാണാൻ എന്നെ സഹായിച്ചിരിക്കുന്നു. ഡാനിയേൽ ഇപ്പോൾ എന്റെ ശത്രുവേ അല്ല. വർഷങ്ങൾക്കു മുമ്പായിരുന്നെങ്കിൽ ഞാൻ അദ്ദേഹത്തെ കൊന്നുകളയുമായിരുന്നു. എന്നാൽ അതിനെല്ലാം നേർവിപരീതമാണ്‌ ബൈബിൾ എന്നെ പഠിപ്പിച്ചിരിക്കുന്നത്‌​—⁠അദ്ദേഹത്തിനുവേണ്ടി മരിക്കാൻ തയ്യാറാകുക,” ഗബ്രിയേൽ പറയുന്നു.

ഡാനിയേൽ പറയുന്നു: “വ്യത്യസ്‌ത മതങ്ങളിലും രാജ്യങ്ങളിലും പെട്ട ആളുകൾ പരസ്‌പരം കൊല്ലുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളിലെ ഒരേ മതക്കാരായ ആളുകൾ അന്യോന്യം കൊല്ലുന്നതും ഞാൻ കണ്ടിട്ടുണ്ട്‌. ഇതെല്ലാം കണ്ടപ്പോൾ, ഈ കാര്യങ്ങൾക്ക്‌ ഉത്തരവാദി ദൈവമാണെന്നാണ്‌ ഞാൻ വിചാരിച്ചിരുന്നത്‌. എന്നാൽ, സാത്താനാണ്‌ യുദ്ധങ്ങളുടെയെല്ലാം ചരടു വലിക്കുന്നതെന്ന്‌ എനിക്ക്‌ ഇപ്പോൾ ബോധ്യമായി. ഗബ്രിയേലും ഞാനും ഇപ്പോൾ ഒരേ മതത്തിൽ വിശ്വസിക്കുന്നവരാണ്‌. ഞങ്ങൾ ഇനിയൊരിക്കലും യുദ്ധം ചെയ്യില്ല!”

‘ദൈവവചനം ജീവനുള്ളതും ശക്തി ചെലുത്തുന്നതും ആകുന്നു’

എബ്രഹാമിനും റോബർട്ടിനും ഗബ്രിയേലിനും ഡാനിയേലിനും നാടകീയമായ ഈ മാറ്റം വരുത്താൻ കഴിഞ്ഞത്‌ എന്തുകൊണ്ടാണ്‌? തങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ വേരൂന്നിയ ദുഃഖത്തെയും വിദ്വേഷത്തെയും മായ്‌ച്ചുകളയാൻ അവർക്ക്‌ എങ്ങനെ കഴിഞ്ഞു?

ഇവരിൽ ഓരോരുത്തരും, ‘ജീവനുള്ളതും ശക്തി ചെലുത്തുന്നതുമായ’ ബൈബിൾ വായിക്കുകയും ധ്യാനിക്കുകയും അതിൽനിന്ന്‌ സത്യം പഠിക്കുകയും ചെയ്‌തു. (എബ്രായർ 4:​12, NW) ബൈബിളിന്റെ ഗ്രന്ഥകർത്താവ്‌ മനുഷ്യവർഗത്തിന്റെ സ്രഷ്ടാവാണ്‌. തന്നെ ശ്രദ്ധിക്കാനും പഠിക്കാനും മനസ്സൊരുക്കമുള്ള ഒരാളുടെ ഹൃദയത്തെ ഏതു വിധത്തിൽ സ്വാധീനിക്കണമെന്ന്‌ അവന്‌ അറിയാം. “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.” ബൈബിൾ വായിക്കുന്ന ഒരാൾ അതനുസരിച്ച്‌ നയിക്കപ്പെടുമ്പോൾ അയാൾക്കു ജീവിതത്തിൽ പുതിയ മൂല്യങ്ങളും നിലവാരങ്ങളും ഉണ്ടാകുന്നു. യഹോവ കാര്യങ്ങളെ വീക്ഷിക്കുന്നത്‌ എങ്ങനെയെന്ന്‌ അയാൾ പഠിച്ചുതുടങ്ങുന്നു. യുദ്ധം വരുത്തിവെച്ച മുറിവുകൾ ഉണങ്ങുന്നത്‌ ഉൾപ്പെടെയുള്ള അനേകം പ്രയോജനങ്ങൾ ഇതു മുഖാന്തരം ലഭ്യമാകുന്നു.​—⁠2 തിമൊഥെയൊസ്‌ 3:​16, 17.

ദേശീയമോ വർഗീയമോ വംശീയമോ ആയ വ്യത്യാസങ്ങൾ ഒരു കൂട്ടത്തെ മറ്റൊന്നിനെക്കാൾ ശ്രേഷ്‌ഠമോ മോശമോ ആക്കുന്നില്ല എന്നു ദൈവവചനം വ്യക്തമാക്കുന്നു. “ദൈവത്തിന്നു മുഖപക്ഷമില്ല . . . ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു.” ഇതു മനസ്സിലാക്കുന്ന വായനക്കാരൻ വംശീയമോ ദേശീയമോ ആയ വിദ്വേഷത്തെ കീഴടക്കാൻ ക്രമേണ സഹായിക്കപ്പെടുന്നു.​—⁠പ്രവൃത്തികൾ 10:34, 35.

പെട്ടെന്നുതന്നെ ദൈവം, ഈ മാനുഷ ഭരണ വ്യവസ്ഥിതിയെ നീക്കി തൽസ്ഥാനത്ത്‌ മിശിഹൈക രാജ്യം സ്ഥാപിക്കുമെന്ന്‌ ബൈബിൾ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. ഈ ഗവൺമെന്റ്‌ മുഖാന്തരം ദൈവം “ഭൂമിയുടെ അററംവരെയും യുദ്ധങ്ങളെ നിർത്തൽ” ചെയ്യാൻ പോകുകയാണ്‌. യുദ്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയും പോരാടാൻ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾ നശിപ്പിക്കപ്പെടും. യുദ്ധത്തിന്റെ ബലിയാടുകൾ പുനരുത്ഥാനം പ്രാപിക്കും, അവർക്ക്‌ പറുദീസാഭൂമിയിൽ ജീവിക്കാനുള്ള ഒരു അവസരം ലഭിക്കും. ആക്രമിക്കുകയോ അടിച്ചമർത്തുകയോ ചെയ്യുന്നവരെ ഭയന്ന്‌ ആർക്കും ഓടിപ്പോകേണ്ടി വരികയില്ല.​—⁠സങ്കീർത്തനം 46:9; ദാനീയേൽ 2:44; പ്രവൃത്തികൾ 24:15.

അക്കാലത്ത്‌ ജീവിച്ചിരിക്കുന്ന ആളുകളെക്കുറിച്ച്‌ ബൈബിൾ പറയുന്നു: “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറെറാരുത്തൻ പാർക്ക എന്നു വരികയില്ല . . . അവർ വൃഥാ അദ്ധ്വാനിക്കയില്ല; ആപത്തിന്നായിട്ടു പ്രസവിക്കയുമില്ല.” ഉണങ്ങാത്തതായി യാതൊരു മുറിവോ ക്ഷതമോ ഉണ്ടായിരിക്കുകയില്ല. അത്തരമൊരു പ്രത്യാശയിൽ വിശ്വാസമർപ്പിക്കുന്നത്‌, ഒരുവന്റെ ഹൃദയത്തിൽനിന്ന്‌ ദുഃഖവും സങ്കടവും പടിപടിയായി അകറ്റും.​—⁠യെശയ്യാവു 65:21-23.

ഹൃദയത്തിനുള്ള ഫലകരമായ ഒരു ഔഷധം തീർച്ചയായും ബൈബിളാണ്‌. അതിന്റെ പഠിപ്പിക്കൽ ഇപ്പോൾത്തന്നെ യുദ്ധത്തിന്റെ മുറിവുകൾ ഉണക്കുന്നുണ്ട്‌. മുമ്പ്‌ ശത്രുക്കളായിരുന്നവർ ഇപ്പോൾ ഒരു ആഗോള സഹോദരവർഗത്തിന്റെ ഭാഗമെന്ന നിലയിൽ ഏകീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ ഹൃദയത്തിൽ വെറുപ്പോ വിദ്വേഷമോ ദുഃഖമോ മേലാൽ ഇല്ലാതാകുന്നതുവരെ ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിൽ ഈ മുറിവുണങ്ങൽ പ്രക്രിയ തുടരും. സ്രഷ്ടാവ്‌ ഈ വാഗ്‌ദാനം നൽകുന്നു: “മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.”​—⁠യെശയ്യാവു 65:⁠17.

[അടിക്കുറിപ്പ്‌]

^ ഖ. 2 ചില പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്‌.

[4-ാം പേജിലെ ആകർഷക വാക്യം]

“പോരാട്ടത്തിൽ ഏർപ്പെട്ടുകൊണ്ടു ഞാൻ ചെലവഴിച്ച വർഷങ്ങളെല്ലാം പാഴായിപ്പോയെന്ന്‌ ബൈബിൾ പഠിച്ചപ്പോൾ എനിക്കു മനസ്സിലായി”

[5-ാം പേജിലെ ആകർഷക വാക്യം]

മുൻ ശത്രുക്കളുടെ ഹൃദയങ്ങളിൽ ശക്തമായ സ്വാധീനമായിരിക്കാൻ ബൈബിളിനു കഴിയും

[6-ാം പേജിലെ ആകർഷക വാക്യം]

വിദ്വേഷവും പകയും പരസ്‌പര വിശ്വാസത്തിനും സൗഹൃദത്തിനും വഴിമാറി

[6-ാം പേജിലെ ആകർഷക വാക്യം]

ബൈബിൾ വായിക്കുന്ന ഒരാൾ അതനുസരിച്ച്‌ നയിക്കപ്പെടുമ്പോൾ അയാൾക്ക്‌ ജീവിതത്തിൽ പുതിയ മൂല്യങ്ങളും നിലവാരങ്ങളും ഉണ്ടാകുന്നു

[7-ാം പേജിലെ ചിത്രം]

മുമ്പ്‌ ശത്രുക്കളായിരുന്നവർ ഇപ്പോൾ ഒരു ആഗോള സഹോദരവർഗത്തിന്റെ ഭാഗമെന്ന നിലയിൽ ഏകീകരിക്കപ്പെടുന്നു

[4-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

അഭയാർഥി ക്യാമ്പ്‌: UN PHOTO 186811/J. Isaac