വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു പ്രത്യേക അറിയിപ്പ്‌

ഒരു പ്രത്യേക അറിയിപ്പ്‌

ഒരു പ്രത്യേക അറിയിപ്പ്‌

രണ്ടായിരം ഒക്‌ടോബർ ഏഴിനു നടന്ന വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയയുടെ വാർഷിക യോഗത്തിന്റെ സമാപനത്തിൽ പരിപാടിയുടെ അധ്യക്ഷനായിരുന്ന ഭരണസംഘാംഗം, ജോൺ ഇ. ബാർ ഒരു പ്രത്യേക അറിയിപ്പു നടത്തി. അന്നേദിവസം തിയോഡർ ജാരറ്റ്‌സും ഡാനിയേൽ സിഡ്‌ലികും നടത്തിയ പ്രസംഗങ്ങളെ ആസ്‌പദമാക്കിയുള്ള ഒരു അറിയിപ്പ്‌ ആയിരുന്നു അത്‌.​—⁠ഈ മാസികയുടെ 12-16-ഉം 28-31-ഉം പേജുകൾ കാണുക.

വളരെ പ്രധാനപ്പെട്ട ഒരു സംഗതിയിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട്‌ ബാർ സഹോദരൻ ഇങ്ങനെ പറഞ്ഞു: “നിയമ കോർപ്പറേഷനുകൾക്കു നൽകിയിട്ടുള്ളതിനെക്കാൾ വളരെ ഉയർന്നതും ഭാരിച്ചതുമായ ഉത്തരവാദിത്വങ്ങളാണ്‌ ‘വിശ്വസ്‌തനും വിവേകിയുമായ അടിമ’യ്‌ക്കും അതിന്റെ ഭരണസംഘത്തിനും ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നത്‌. നിയമ കോർപ്പറേഷനുകളുടെ ചാർട്ടറുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന സംഗതികൾക്കു പരിമിതികളുണ്ട്‌. എന്നാൽ നമ്മുടെ യജമാനനായ യേശുക്രിസ്‌തു തന്റെ സകല സ്വത്തുക്കളുടെയും അഥവാ ഭൂമിയിലെ മുഴു രാജ്യതാത്‌പര്യങ്ങളുടെയും മേലാണ്‌ വിശ്വസ്‌ത അടിമയെ നിയമിച്ചിരിക്കുന്നത്‌.”​—⁠മത്തായി 24:​45-47, NW.

പെൻസിൽവേനിയ കോർപ്പറേഷനെ കുറിച്ച്‌ ബാർ സഹോദരൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “1884-ൽ രൂപീകൃതമായതു മുതൽ വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയ നമ്മുടെ ആധുനിക ചരിത്രത്തിൽ ഒരു സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്‌. എന്നുവരികിലും, അത്‌ ‘വിശ്വസ്‌തനും വിവേകിയുമായ അടിമ’യുടെ ആവശ്യാനുസൃതം ഉപയോഗിക്കാനുള്ള നിയമപരമായ ഒരു ഉപകരണം മാത്രമാണ്‌.”

“വിശ്വസ്‌തനും വിവേകിയുമായ അടിമ”യെ കർത്താവിന്റെ സകല ഭൗമിക സ്വത്തുക്കളുടെയും മേൽ നിയമിച്ചിരിക്കുന്നു എന്ന വസ്‌തുത ദൈനംദിന ഭരണ ചുമതലകൾ കൈകാര്യം ചെയ്യാൻ ‘വേറെ ആടുകളിലെ’ യോഗ്യതയുള്ള പുരുഷന്മാരെ അനുവദിക്കുന്നതിൽനിന്ന്‌ അടിമവർഗത്തെ തടയുന്നില്ല എന്ന്‌ സിഡ്‌ലിക്‌ സഹോദരനും ജാരറ്റ്‌സ്‌ സഹോദരനും നേരത്തേ തങ്ങളുടെ പ്രസംഗങ്ങളിൽ വിശദീകരിച്ചിരുന്നു. (യോഹന്നാൻ 10:16) അതുപോലെ, യഹോവയുടെ സാക്ഷികൾ ഉപയോഗപ്പെടുത്തുന്ന നിയമ കോർപ്പറേഷനുകളുടെ ഡയറക്ടർമാർ എല്ലാവരുമോ അവരിൽ ആരെങ്കിലുമോ അഭിഷിക്ത ക്രിസ്‌ത്യാനികൾ ആയിരിക്കണമെന്നു നിഷ്‌കർഷിക്കുന്നതിനുള്ള തിരുവെഴുത്തുപരമായ ഒരു കാരണവുമില്ല.

ഈയിടെ, ഐക്യനാടുകളിൽ “വിശ്വസ്‌തനും വിവേകിയുമായ അടിമ” ഉപയോഗപ്പെടുത്തുന്ന കോർപ്പറേഷനുകളിൽ ഡയറക്ടർമാരും ഓഫീസർമാരുമായി സേവിച്ചുകൊണ്ടിരുന്ന ഭരണസംഘാംഗങ്ങൾ കോർപ്പറേഷൻ അംഗങ്ങൾ എന്ന നിലയിലുള്ള തങ്ങളുടെ സ്ഥാനം സ്വമേധയാ ഒഴിഞ്ഞതായി ബാർ സഹോദരൻ സദസ്സിനു മുമ്പാകെ പ്രഖ്യാപിച്ചു. ആ സ്ഥാനങ്ങളിലേക്കു വേറെയാടുകളിൽ നിന്നുള്ള ആശ്രയയോഗ്യരായ സഹോദരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു.

ഭരണസംഘത്തിന്റെ ഈ തീരുമാനം തീർച്ചയായും പ്രയോജനപ്രദമാണ്‌. അങ്ങനെ ആത്മീയ ഭക്ഷണം തയ്യാറാക്കുന്നതിനും ലോകവ്യാപക സഹോദരവർഗത്തിന്റെ മറ്റ്‌ ആത്മീയ ആവശ്യങ്ങൾക്കായി കരുതുന്നതിനും ഭരണസംഘാംഗങ്ങൾക്ക്‌ കൂടുതൽ സമയം ലഭ്യമാകുന്നു.

ഉപസംഹാരമായി അധ്യക്ഷൻ ആഹ്ലാദഭരിതരായ സദസ്യരോട്‌ ഇങ്ങനെ പറഞ്ഞു: “പരിചയസമ്പന്നരായ മേൽവിചാരകന്മാർക്ക്‌ നിയമപരവും ഭരണപരവുമായ വ്യത്യസ്‌ത ഉത്തരവാദിത്വങ്ങൾ നിയമിച്ചു കൊടുക്കുന്നുവെങ്കിലും . . . അവരെല്ലാവരും ഭരണസംഘത്തിന്റെ ആത്മീയ മാർഗനിർദേശത്തിൻ കീഴിലാണു സേവിക്കുന്നത്‌. . . . യഹോവയുടെ പരമോന്നത നാമത്തിന്‌ സ്‌തുതിയും മഹത്ത്വവും കരേറ്റുന്ന വിധത്തിൽ അവന്റെ ഇഷ്ടം ചെയ്യാനുള്ള നമ്മുടെ ഏകീകൃത ശ്രമങ്ങളുടെമേൽ അനുഗ്രഹത്തിനായി നമുക്കെല്ലാം പ്രാർഥനാപൂർവം യഹോവയിൽ ആശ്രയിക്കാം.”