“ഒരു വിദഗ്‌ധ പദ്ധതി”
തികഞ്ഞവരും പൂർണ നിശ്ചയമുള്ളവരുമായി നിൽക്കുക
“ഒരു വിദഗ്‌ധ പദ്ധതി”
യഹോവയുടെ സാക്ഷികളുടെ ആധുനികകാല ചരിത്രത്തിന്റെ പ്രാരംഭ നാളുകൾ മുതൽ അവർ യേശുവിന്റെ ഒരു പ്രവചനത്തിൽ അതീവ തത്‌പരരായിരുന്നിട്ടുണ്ട്: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) അന്ത്യനാളുകളുടെ ആരംഭമായ 1914-നോട് അടുത്തപ്പോൾ ബൈബിൾ വിദ്യാർഥികൾ വിശുദ്ധ തിരുവെഴുത്തുകളെ അടിസ്ഥാനമാക്കിയുള്ള ലോകവ്യാപക വിദ്യാഭ്യാസ പരിപാടി ഉറച്ച ബോധ്യത്തോടെ ഏറ്റെടുത്തു.—2 തിമൊഥെയൊസ് 3:1.
ഭൂവ്യാപകമായി സുവാർത്ത പ്രസംഗിക്കുക എന്ന തങ്ങളുടെ ലക്ഷ്യം നേടാൻ യഹോവയുടെ ദാസന്മാർ ശക്തവും വ്യക്തവും നൂതനവുമായ ഒരു രീതി അവലംബിച്ചു. അതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാൻ നമുക്ക് ഭൂതകാലത്തിലേക്ക് പോകാം.
സുവാർത്ത പ്രഖ്യാപിക്കാനുള്ള പുതിയ മാർഗം
1914-ലെ ജനുവരി മാസം. ന്യൂയോർക്ക് പട്ടണത്തിലെ ഒരു ഓഡിറ്റോറിയത്തിനുള്ളിലെ ഇരുട്ടിൽ 5,000 പേരോടൊപ്പം നിങ്ങൾ ഇരിക്കുന്നതായി വിഭാവന ചെയ്യുക. കൺമുമ്പിൽ വലിയൊരു തിരശ്ശീലയുണ്ട്. വെള്ളമുടിക്കാരനായ, നീളൻ കുപ്പായം ധരിച്ച ഒരാൾ അതിൽ പ്രത്യക്ഷപ്പെടുന്നു. നിങ്ങൾ മൂക ചലച്ചിത്രങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ഇദ്ദേഹം സംസാരിക്കുന്നുണ്ട്, നിങ്ങൾക്ക് കേൾക്കുകയും ചെയ്യാം. ഇപ്പോൾ ഒരു നവീന സാങ്കേതിക വിദ്യയുടെ അരങ്ങേറ്റത്തിന് ദൃക്‌സാക്ഷിയാകുകയാണ് നിങ്ങൾ. അതിലൂടെ ലഭിക്കുന്ന സന്ദേശം അസാധാരണമാണ്. വാച്ച് ടവർ സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റായിരുന്ന ചാൾസ് റ്റെയ്‌സ് റസ്സൽ ആണ് സംസാരിക്കുന്ന ആ വ്യക്തി. ആ ചലച്ചിത്രമാകട്ടെ “സൃഷ്ടിപ്പിൻ ഫോട്ടോ നാടക”വും.
ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ ചലച്ചിത്രങ്ങൾക്കുള്ള ശക്തിയെക്കുറിച്ച് സി. റ്റി. റസ്സൽ മനസ്സിലാക്കി. അതുകൊണ്ട് 1912-ൽ അദ്ദേഹം “സൃഷ്ടിപ്പിൻ ഫോട്ടോ നാടക”ത്തിന്റെ നിർമാണം തുടങ്ങി. നിശ്ചല ചിത്രങ്ങളും ചലച്ചിത്രവും അടങ്ങിയ അതിന് എട്ടു മണിക്കൂർ ദൈർഘ്യമുണ്ടായിരുന്നു. കളർ ചിത്രങ്ങളായ ഇവയോടൊപ്പം ശബ്ദവും സംയോജിപ്പിച്ചിരുന്നു.
നാലു ഭാഗങ്ങളായി നിർമിച്ച ഈ “ഫോട്ടോ നാടകം” സൃഷ്ടി മുതൽ ക്രിസ്‌തുവിന്റെ സഹസ്രാബ്ദ വാഴ്‌ചയുടെ അവസാനത്തിങ്കൽ ഭൂമിയെയും മനുഷ്യവർഗത്തെയും സംബന്ധിച്ച യഹോവയാം ദൈവത്തിന്റെ ഉദ്ദേശ്യത്തിന്റെ പൂർത്തീകരണം വരെയുള്ള മനുഷ്യ ചരിത്രം നിരീക്ഷകരുടെ മുമ്പിലെത്തിക്കുന്നു. വാണിജ്യലോകം ഈ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിച്ചത് വർഷങ്ങൾക്കു ശേഷമായിരുന്നു. എന്നിട്ടും, ദശലക്ഷക്കണക്കിനാളുകൾ “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” സൗജന്യമായി കണ്ടു!
ഉയർന്ന ഗുണനിലവാരമുള്ള സംഗീതവും ഗ്രാമഫോണിൽ റെക്കോർഡ് ചെയ്‌ത 96 പ്രസംഗങ്ങളും “ഫോട്ടോ നാടക”ത്തിനുവേണ്ടി തയ്യാർ ചെയ്‌തിരുന്നു. ലോക ചരിത്രത്തെ ചിത്രീകരിക്കുന്ന സുകുമാര കലകളുടെ സ്ലൈഡുകൾ ഉപയോഗിച്ചാണ് ഒരു ദൃശ്യം ക്രമത്തിൽ മാഞ്ഞുപോകുമ്പോൾ മറ്റൊന്ന് തെളിഞ്ഞുവരുന്നതിനുള്ള സ്ലൈഡുകൾ (Stereopticon slides) ഉണ്ടാക്കിയിരുന്നത്. ഇതിനുപുറമേ, നൂറുകണക്കിന് പുതിയ ചിത്രങ്ങളും സ്‌കെച്ചുകളും നിർമിച്ചു. കുറെ കളർ സ്ലൈഡുകളും ഫിലിമുകളും കൈകൊണ്ട് അതീവ ശ്രദ്ധയോടെ വരയ്‌ക്കേണ്ടിവന്നു. ഇത് പല പ്രാവശ്യം
ആവർത്തിച്ചു. കാരണം, നാലു ഭാഗങ്ങളുള്ള ഇതിന്റെ 20 കോപ്പികൾ നിർമിക്കണമായിരുന്നു. “ഫോട്ടോ നാടക”ത്തിന്റെ ഒരു ഭാഗം ഒരു ദിവസംതന്നെ 80 വ്യത്യസ്‌ത പട്ടണങ്ങളിൽ പ്രദർശിപ്പിക്കാൻ ഇതു സഹായകമായി!പിന്നണിയിൽ
“ഫോട്ടോ നാടക”ത്തിന്റെ പ്രദർശനം നടന്നപ്പോൾ പിന്നണിയിൽ എന്താണ് സംഭവിച്ചത്? ആലീസ് ഹോഫ്‌മാൻ എന്ന ബൈബിൾ വിദ്യാർഥിനി പറയുന്നു: “റസ്സൽ സഹോദരനെ സ്‌ക്രീനിൽ കാണിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്. വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്ന അദ്ദേഹത്തിന്റെ ചുണ്ടുകൾ അനങ്ങുമ്പോൾ ഒരു ഗ്രാമഫോൺ കേൾപ്പിച്ചു തുടങ്ങുമായിരുന്നു. . . അദ്ദേഹത്തിന്റെ ശബ്ദം ഞങ്ങൾക്ക് കേട്ട് ആസ്വദിക്കാൻ കഴിഞ്ഞു.”
ടൈം-ലാപ്‌സ് ഫോട്ടോഗ്രഫിയെ പരാമർശിച്ചുകൊണ്ട്, സോളാ ഹോഫ്‌മാൻ പറയുന്നു: സൃഷ്ടിപ്പിൻ ദിനങ്ങളുടെ ചിത്രങ്ങൾ കണ്ടപ്പോൾ ഞാൻ വിസ്‌മയിച്ച് കണ്ണുമിഴിച്ചിരുന്നു. ഞങ്ങളുടെ കൺമുമ്പിൽ ലില്ലിപ്പൂക്കൾ മെല്ലെ ഇതൾ വിരിക്കുകയായിരുന്നു.”
യഹോവയുടെ സാക്ഷികളുടെ ഭരണസംഘാംഗമായ ഒരു സംഗീതപ്രേമി, കാൾ എഫ്. ക്ലൈൻ പറയുന്നു: “ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ട സമയത്ത് നാർസിസെസ്, ഹ്യൂമറെസ്‌ക് തുടങ്ങിയ ഒന്നാംതരം സംഗീതത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു.”
സ്‌മരണാർഹമായ മറ്റു സംഭവങ്ങൾ ഉണ്ടായിരുന്നോ? ക്ലിന്റൺ ജെ. വുഡ്‌വർത്ത് അതേക്കുറിച്ച് പറയുന്നു: “ചിലപ്പോൾ രസകരമായ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമായിരുന്നു. ഒരവസരത്തിൽ ‘ഒരു പക്ഷിയെപ്പോലെ നിന്റെ പർവതത്തിലേക്ക് പറന്നുപോക’ എന്ന റെക്കോർഡ് കേൾപ്പിച്ച സമയത്ത്, പ്രളയപൂർവ കാലത്തുണ്ടായിരുന്ന ജൈജാന്റോസറസ് എന്ന ഭീമാകാര ജീവിയുടെ ചിത്രമാണ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്!”
“സൃഷ്ടിപ്പിൻ ഫോട്ടോ നാടക”ത്തിന് പുറമേ “യൂറീക്കാ നാടക”ത്തിന്റെ ഭാഗങ്ങളും അധികം താമസിയാതെ പുറത്തുവന്നു. (ചതുരം കാണുക.) ഒന്നിൽ റെക്കോർഡ് ചെയ്‌ത പ്രസംഗങ്ങളും സംഗീതവും ഉണ്ടായിരുന്നു. മറ്റേതിൽ ഈ രണ്ടു റെക്കോർഡുകളും സ്ലൈഡുകളും ഉണ്ടായിരുന്നു. “യൂറീക്കാ നാടക”ത്തിൽ ചലച്ചിത്രങ്ങൾ ഇല്ലായിരുന്നെങ്കിലും, ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിൽ അത് വമ്പിച്ച വിജയമായിരുന്നു.
സാക്ഷീകരിക്കാനുള്ള ശക്തമായ ഉപകരണം
1914-ന്റെ അവസാനമായപ്പോഴേക്കും, വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി 90,00,000-ത്തിലധികം പേർ “ഫോട്ടോ നാടകം” കണ്ടുകഴിഞ്ഞിരുന്നു. എണ്ണത്തിൽ കുറവായിരുന്നെങ്കിലും, ഈ പുതിയ മാധ്യമം ഉപയോഗിച്ച് സുവാർത്ത ഘോഷിക്കാനുള്ള ഉറച്ച ബോധ്യം ബൈബിൾ വിദ്യാർഥികൾക്ക് ഉണ്ടായിരുന്നു. പ്രദർശനങ്ങൾ നടത്താൻ അനുയോജ്യമായ സ്ഥലങ്ങൾ വായകയ്‌ക്കെടുക്കുന്നതിനു വേണ്ടി അവർ സന്തോഷത്തോടെ ആവശ്യമായ സംഭാവനകൾ നൽകി. അങ്ങനെ, ദൈവത്തിന്റെ വചനത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും നിരീക്ഷകർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിൽ “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” വലിയൊരു പങ്കുവഹിച്ചു.
പതിനേഴു വയസ്സുള്ള ഒരു ആൺകുട്ടി സി. റ്റി. റസ്സലിന് ഇങ്ങനെ എഴുതി: “നിങ്ങളുടെ [ഫോട്ടോ] നാടകം എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു; അല്ലെങ്കിൽ ബൈബിൾ പരിജ്ഞാനത്തിലെ വഴിത്തിരിവ്.” ഒരു വിവാഹിത ഇപ്രകാരം പറഞ്ഞു: ‘എന്റെ വിശ്വാസക്കപ്പൽ ഏറെക്കുറെ തകർന്ന നിലയിലായിരുന്നു, ഇവിടെ കഴിഞ്ഞ വേനൽക്കാലത്ത് പ്രദർശിപ്പിച്ച “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” ആണ് എന്നെ രക്ഷിച്ചതെന്നു തോന്നുന്നു. . . ലോകത്തിന് പ്രദാനം ചെയ്യാൻ കഴിയാത്ത സമാധാനം എനിക്കിപ്പോഴുണ്ട്. ലോകത്തിലെ സകല സമ്പത്തിനെക്കാളും അമൂല്യമാണത്.’
വളരെക്കാലമായി സൊസൈറ്റിയുടെ ലോക ആസ്ഥാനത്തെ ഒരു അംഗമായ ഡമിട്രിയസ് പാപാജൊർജ് പറഞ്ഞു: “ചെറിയൊരു കൂട്ടം ബൈബിൾ വിദ്യാർഥികളെയും താരതമ്യേന തുച്ഛമായി മാത്രം ലഭ്യമായിരുന്ന സാമ്പത്തിക പിന്തുണയെയും കണക്കിലെടുക്കുമ്പോൾ, ‘ഫോട്ടോ നാടകം’ ഒരു വിദഗ്‌ധ പദ്ധതി ആയിരുന്നു. അതിനെ യഹോവ പിന്തുണച്ചു എന്നതിന് സംശയമില്ല!”
[8, 9 പേജിലെ ചതുരം/ചിത്രങ്ങൾ]
“യൂറീക്ക നാടകം”
“ഫോട്ടോ നാടക”ത്തിന്റെ പ്രഥമ പ്രദർശനത്തിന് എട്ടു മാസങ്ങൾക്കു ശേഷം അതിന്റെ മറ്റൊരു പതിപ്പായ “യൂറീക്ക നാടകം” പുറത്തിറക്കേണ്ടതിന്റെ ആവശ്യം സൊസൈറ്റി തിരിച്ചറിഞ്ഞു. “ഫോട്ടോ നാടകം” വലിയ പട്ടണങ്ങളിലും “യൂറീക്ക”യുടെ ഭാഗങ്ങൾ ഗ്രാമപ്രദേശങ്ങളിലുമായിരുന്നു പ്രദർശിപ്പിച്ചിരുന്നത്. എങ്കിലും, അവയുടെ സന്ദേശം അടിസ്ഥാനപരമായി ഒന്നുതന്നെയായിരുന്നു. “യൂറീക്ക നാടക”ത്തിന്റെ ഒരു പതിപ്പ്, പ്രസംഗിക്കുന്നതിന് “സഹോദരിമാർക്ക് അത്യപൂർവമായ അവസര”മേകുന്നതായിരുന്നു. കാരണമെന്തായിരുന്നു? ഗ്രാമഫോൺ റെക്കോർഡുകൾ അടങ്ങിയ അതിന്റെ പെട്ടിക്ക് 14 കിലോഗ്രാം മാത്രമേ ഭാരമുണ്ടായിരുന്നുള്ളൂ. ഒരു പ്രദർശനത്തിന് ഗ്രാമഫോൺ കൂടെ കൊണ്ടുപോകണമായിരുന്നു.