മേൽവിചാരകന്മാരും ശുശ്രൂഷാദാസന്മാരും—ദിവ്യാധിപത്യപരമായി നിയമിക്കപ്പെടുന്നവർ
മേൽവിചാരകന്മാരും ശുശ്രൂഷാദാസന്മാരും—ദിവ്യാധിപത്യപരമായി നിയമിക്കപ്പെടുന്നവർ
“നിങ്ങളെത്തന്നേയും . . . പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച [“മേൽവിചാരകന്മാർ ആക്കിവെച്ച,” NW] ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.”—പ്രവൃത്തികൾ 20:28.
1, 2. യെശയ്യാവു 60:22 നിവൃത്തിയേറിക്കൊണ്ടിരിക്കുന്നത് എങ്ങനെ?
അന്ത്യകാലത്ത് ശ്രദ്ധേയമായ ഒരു കാര്യം നടക്കുമെന്നു ദീർഘകാലം മുമ്പ് യഹോവ പ്രവചിച്ചു. പ്രവാചകനായ യെശയ്യാവു മുഖാന്തരം അവൻ ഇങ്ങനെ പ്രസ്താവിച്ചു: “കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും [“ശക്തമായ ഒരു ജനത,” NW] ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും.”—യെശയ്യാവു 60:22.
2 ഈ പ്രവചനം ഇന്നു നിവൃത്തിയേറിക്കൊണ്ടിരിക്കുന്നു എന്നതിനു തെളിവുണ്ടോ? തീർച്ചയായും! 1870-കളിൽ ഐക്യനാടുകളിലെ പെൻസിൽവേനിയയിലുള്ള അലിഗെനിയിൽ യഹോവയുടെ ജനത്തിന്റെ ഒരു സഭ രൂപീകൃതമായി. അത് ഒരു ചെറിയ തുടക്കമായിരുന്നു. പിൽക്കാലത്ത് ലോകവ്യാപകമായി അത്തരത്തിലുള്ള പതിനായിരക്കണക്കിനു സഭകൾ രൂപീകൃതമായി, അവ ഇന്ന് അഭിവൃദ്ധി പ്രാപിച്ചുവരികയുമാണ്. ഇപ്പോൾ ഭൂവ്യാപകമായി 235 ദേശങ്ങളിലുള്ള 91,000-ത്തിലധികം സഭകളോടൊത്ത് ദശലക്ഷക്കണക്കിനു രാജ്യ ഘോഷകർ—അതേ, ശക്തമായ ഒരു ജനത—സഹവസിച്ചുവരുന്നു. ആസന്നമായ “മഹോപദ്രവം” പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുള്ള സത്യാരാധകരുടെ കൂട്ടിച്ചേർപ്പിനെ യഹോവ ത്വരിതപ്പെടുത്തുന്നു എന്ന് ഇതു സ്ഥിരീകരിക്കുന്നു.—മത്തായി 24:21; വെളിപ്പാടു 7:9-14.
3. “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” സ്നാപനമേൽക്കുക എന്നതിന്റെ അർഥമെന്ത്?
3 ദശലക്ഷക്കണക്കിനു വരുന്ന ഇവർ, യഹോവയ്ക്കു സമർപ്പണം നടത്തിയ ശേഷം യേശുവിന്റെ നിർദേശപ്രകാരം “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” സ്നാപനമേറ്റിരിക്കുന്നു. (മത്തായി 28:19) ‘പിതാവിന്റെ നാമത്തിൽ’ സ്നാപനമേൽക്കുന്നു എന്നതിന്റെ അർഥം, സമർപ്പിതരായ ഇവർ യഹോവയെ തങ്ങളുടെ സ്വർഗീയ പിതാവും ജീവദാതാവുമായി തിരിച്ചറിഞ്ഞുകൊണ്ട് അവന്റെ പരമാധികാരത്തിനു കീഴ്പെടുന്നു എന്നാണ്. ‘പുത്രന്റെ നാമത്തിൽ’ സ്നാപനമേൽക്കുന്നതിലൂടെ അവർ തങ്ങളുടെ വീണ്ടെടുപ്പുകാരനും നേതാവും രാജാവും യേശുക്രിസ്തുവാണെന്ന് ഏറ്റുപറയുന്നു. തങ്ങളുടെ ജീവിതത്തെ നയിക്കുന്നതിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ അഥവാ അവന്റെ പ്രവർത്തനനിരതമായ ശക്തിയുടെ പങ്കിനെയും അവർ അംഗീകരിക്കുന്നു. അങ്ങനെ, അവർ ‘പരിശുദ്ധാത്മാവിന്റെ നാമത്തിൽ’ സ്നാപനമേൽക്കുന്നു എന്നു പറയാനാകും.
4. ക്രിസ്തീയ ശുശ്രൂഷകർ നിയമിക്കപ്പെടുന്നത് എങ്ങനെ?
4 സ്നാപനമേൽക്കുന്നതോടെ പുതിയ ശിഷ്യന്മാർ യഹോവയാം ദൈവത്തിന്റെ ശുശ്രൂഷകരായി നിയമിക്കപ്പെടുന്നു. ആരാണ് അവരെ നിയമിക്കുന്നത്? തത്ത്വത്തിൽ, 2 കൊരിന്ത്യർ 3:5-ലെ [പി.ഒ.സി. ബൈബിൾ] വാക്കുകൾ അവർക്കു ബാധകമാണ്: “[ശുശ്രൂഷകരെന്ന] ഞങ്ങളുടെ യോഗ്യത ദൈവത്തിൽനിന്നാണ്.” അവരെ സംബന്ധിച്ചിടത്തോളം, യഹോവയാം ദൈവത്താൽ നേരിട്ടു നിയമിതരാകുന്നതിനെക്കാൾ വലിയ മറ്റൊരു പദവിയുമില്ല! സ്നാപനശേഷം, ദൈവാത്മാവിന്റെ മാർഗദർശനം പിൻപറ്റുകയും ദൈവവചനം ബാധകമാക്കുന്നതിൽ തുടരുകയും ചെയ്യുന്നിടത്തോളം കാലം അവർ “സുവിശേഷ”ത്തിന്റെ ശുശ്രൂഷകർ എന്ന നിലയിൽ ആത്മീയമായി വളർന്നുകൊണ്ടിരിക്കും.—മത്തായി 24:14; പ്രവൃത്തികൾ 9:31.
നിയമനം ദിവ്യാധിപത്യപരം, ജനാധിപത്യപരമല്ല
5. ക്രിസ്തീയ മേൽവിചാരകന്മാരെയും ശുശ്രൂഷാദാസന്മാരെയും ജനാധിപത്യ രീതിയിലാണോ തിരഞ്ഞെടുക്കുന്നത്? വിശദീകരിക്കുക.
5 അനുദിനം എണ്ണത്തിൽ വർധിച്ചുകൊണ്ടിരിക്കുന്ന സജീവ ശുശ്രൂഷകരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിന് യോഗ്യതയുള്ള മേൽവിചാരകന്മാരുടെ പക്വതയുള്ള മേൽനോട്ടവും ശുശ്രൂഷാദാസന്മാരുടെ നല്ല സഹായവും ആവശ്യമാണ്. (ഫിലിപ്പിയർ 1:1, NW) എങ്ങനെയാണ് ഈ ആത്മീയ പുരുഷന്മാർ നിയമിക്കപ്പെടുന്നത്? ക്രൈസ്തവലോകം അവലംബിക്കുന്ന തരം മാർഗങ്ങളിലൂടെയല്ല. ഉദാഹരണത്തിന്, ക്രിസ്തീയ മേൽവിചാരകന്മാരെ ജനാധിപത്യപരമായി അതായത് ഓരോ സഭയിലെയും ഭൂരിപക്ഷം അംഗങ്ങളുടെ വോട്ടിലൂടെയല്ല തിരഞ്ഞെടുക്കുന്നത്. മറിച്ച്, അവർ നിയമിക്കപ്പെടുന്നത് ദിവ്യാധിപത്യപരമായാണ്. അത് എന്താണ് അർഥമാക്കുന്നത്?
6. (എ) യഥാർഥ ദിവ്യാധിപത്യം എന്താണ്? (ബി) മേൽവിചാരകന്മാരുടെയും ശുശ്രൂഷാദാസന്മാരുടെയും നിയമനം ദിവ്യാധിപത്യപരമായിരിക്കുന്നത് എന്തുകൊണ്ട്?
6 ലളിതമായി പറഞ്ഞാൽ, ദൈവത്താലുള്ള ഭരണമാണ് യഥാർഥ ദിവ്യാധിപത്യം. യഹോവയുടെ സാക്ഷികൾ ആ ഭരണത്തിനു സ്വമേധയാ കീഴ്പെടുകയും ദൈവേഷ്ടം നിവർത്തിക്കാൻ പരസ്പരം സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 143:10; മത്തായി 6:9, 10) ക്രിസ്തീയ മേൽവിചാരകന്മാരുടെ അഥവാ മൂപ്പന്മാരുടെ നിയമനം ദിവ്യാധിപത്യപരമാണ്, അതുപോലെതന്നെയാണ് ശുശ്രൂഷാദാസന്മാരുടെ നിയമനവും. കാരണം, ഉത്തരവാദിത്വപ്പെട്ട അത്തരം പുരുഷന്മാരെ പ്രസ്തുത സ്ഥാനങ്ങളിലേക്കു ശുപാർശ ചെയ്യുന്നതും നിയമിക്കുന്നതും വിശുദ്ധ തിരുവെഴുത്തുകളിൽ കൊടുത്തിരിക്കുന്ന ദൈവിക ക്രമീകരണം അനുസരിച്ചാണ്. തന്റെ ദൃശ്യസംഘടന എങ്ങനെ പ്രവർത്തിക്കണമെന്നു നിർണയിക്കാനുള്ള അധികാരമുള്ളത് ‘സകലത്തിനും മീതെ തലവൻ’ ആയിരിക്കുന്ന യഹോവയാം ദൈവത്തിന് മാത്രമാണ്.—1 ദിനവൃത്താന്തം 29:11; സങ്കീർത്തനം 97:9.
7. യഹോവയുടെ സാക്ഷികൾക്കിടയിലെ ഭരണക്രമം ഏതു വിധത്തിലുള്ളതാണ്?
7 ക്രൈസ്തവലോകത്തിലെ മിക്ക മതവിഭാഗങ്ങളിൽനിന്നും ഭിന്നമായി, യഹോവയുടെ സാക്ഷികൾ കീഴ്പെട്ടിരിക്കുന്ന ആത്മീയ ഭരണക്രമം അവർതന്നെ നിശ്ചയിക്കുന്നതല്ല. ആത്മാർഥതയുള്ള ഈ ക്രിസ്ത്യാനികൾ യഹോവയുടെ നിലവാരങ്ങളോടു പറ്റിനിൽക്കാൻ ശ്രമിക്കുന്നു. അവർക്കിടയിലെ മേൽവിചാരകന്മാരെ ഉത്തരവാദിത്വ സ്ഥാനങ്ങളിൽ നിയമിക്കുന്നത് സഭയ്ക്കുള്ളിലെ ഏതെങ്കിലും ഒരു ഭരണസംവിധാനം അനുസരിച്ചല്ല. ഏതെങ്കിലും ലൗകിക ഭരണവ്യവസ്ഥ ഈ നിയമനങ്ങളിൽ കൈകടത്താൻ ശ്രമിക്കുന്നപക്ഷം യഹോവയുടെ ജനം അതിനു വഴങ്ങുന്നില്ല. “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്നു വ്യക്തമാക്കിയ ഒന്നാം നൂറ്റാണ്ടിലെ അപ്പൊസ്തലന്മാരെ പോലെ അവർ തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുന്നു. (പ്രവൃത്തികൾ 5:29) അങ്ങനെ, സാക്ഷികൾ സകലത്തിലും ദൈവത്തിനു കീഴ്പെടുന്നു. (എബ്രായർ 12:9; യാക്കോബ് 4:7) ദിവ്യാധിപത്യ നടപടിക്രമം പിൻപറ്റുന്നത് ദിവ്യാംഗീകാരം കൈവരുത്തുന്നു.
8. ജനാധിപത്യ നടപടികളും ദിവ്യാധിപത്യ നടപടികളും തമ്മിലുള്ള വ്യത്യാസം എന്ത്?
8 വലിയ ദിവ്യാധിപതിയായ യഹോവയുടെ ദാസന്മാർ എന്ന നിലയിൽ നാം ജനാധിപത്യ നടപടികളും ദിവ്യാധിപത്യ നടപടികളും തമ്മിലുള്ള വ്യത്യാസം മനസ്സിൽ പിടിക്കുന്നതു നന്നായിരിക്കും. ജനാധിപത്യ വ്യവസ്ഥയിൽ തുല്യ പ്രാതിനിധ്യം നിലനിറുത്തപ്പെടുന്നു. വോട്ടുകൾ നേടാൻ പ്രചാരണം നടത്തുന്നു. പിന്നീട് ഭൂരിപക്ഷം വോട്ടുകളുടെ അടിസ്ഥാനത്തിൽ ആൾ തിരഞ്ഞെടുക്കപ്പെടുന്നു. അത്തരം നടപടികളൊന്നും ദിവ്യാധിപത്യ നിയമനങ്ങളിൽ ഉൾപ്പെടുന്നില്ല. ഈ നിയമനങ്ങൾ മനുഷ്യരിൽ നിന്നുള്ളവയല്ല, അതിന് ഒരു ലൗകിക നിയമാനുസൃത കോർപ്പറേഷന്റെ അംഗീകാരവും ആവശ്യമില്ല. “ജാതികളുടെ അപ്പൊസ്തലനായി” തന്നെ നിയമിച്ചത് യഹോവയും യേശുവും ആണ് എന്നു സൂചിപ്പിച്ചുകൊണ്ട് തന്റെ നിയമനം “മനുഷ്യരിൽനിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ” എന്ന് പൗലൊസ് ഗലാത്യരോടു പറഞ്ഞു.—റോമർ 11:13; ഗലാത്യർ 1:1.
പരിശുദ്ധാത്മാവിനാൽ നിയമിക്കപ്പെടുന്നു
9. ക്രിസ്തീയ മേൽവിചാരകന്മാരുടെ നിയമനത്തെ കുറിച്ച് പ്രവൃത്തികൾ 20:28 എന്തു പറയുന്നു?
9 എഫെസൊസിലെ മേൽവിചാരകന്മാരെ ദൈവം തന്റെ പരിശുദ്ധാത്മാവിനാലാണു നിയമിച്ചതെന്ന് പൗലൊസ് അവരെ ഓർമിപ്പിച്ചു. അതേക്കുറിച്ച് അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (പ്രവൃത്തികൾ 20:28) ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിന്റെ ഇടയന്മാർ എന്നനിലയിൽ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റവെ, ആ ക്രിസ്തീയ മേൽവിചാരകന്മാർ പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പ് അനുസരിച്ച് തുടർന്നും പ്രവർത്തിക്കണമായിരുന്നു. ഉത്തരവാദിത്വ സ്ഥാനത്തു നിയമിക്കപ്പെട്ട ഒരു വ്യക്തി ദൈവിക നിലവാരങ്ങൾ പിൻപറ്റുന്നില്ലെങ്കിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനഫലമായി തക്കസമയത്ത് അയാൾ ആ സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെടും.
10. ദിവ്യാധിപത്യ നിയമനങ്ങളിൽ പരിശുദ്ധാത്മാവ് ഒരു മുഖ്യ പങ്കു വഹിക്കുന്നത് എങ്ങനെ?
10 പരിശുദ്ധാത്മാവ് സുപ്രധാന പങ്കു വഹിക്കുന്നത് എങ്ങനെയാണ്? ഒന്നാമതായി, ആത്മീയ മേൽവിചാരണ സംബന്ധിച്ച വ്യവസ്ഥകൾ പരിശുദ്ധാത്മാവിനാൽ നിശ്വസ്തമാക്കപ്പെട്ടവയാണ്. തിമൊഥെയൊസിനും തീത്തൊസിനുമുള്ള ലേഖനങ്ങളിൽ 1 തിമൊഥെയൊസ് 3:1-10, 12, 13; തീത്തൊസ് 1:5-9.
മേൽവിചാരകന്മാർക്കും ശുശ്രൂഷാദാസന്മാർക്കും ഉണ്ടായിരിക്കേണ്ട യോഗ്യതകളെ കുറിച്ച് പൗലൊസ് വ്യക്തമാക്കുകയുണ്ടായി. ഏകദേശം 16 വ്യവസ്ഥകൾ അവൻ രേഖപ്പെടുത്തി. ഉദാഹരണത്തിന്, അധ്യക്ഷൻ അഥവാ മേൽവിചാരകൻ അപവാദരഹിതനും മിതശീലനും സുബോധമുള്ളവനും ചിട്ടയോടെ പ്രവർത്തിക്കുന്നവനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർഥനും മാതൃകായോഗ്യനായ കുടുംബനാഥനും ആയിരിക്കണമായിരുന്നു. ലഹരിപാനീയങ്ങളുടെ ഉപയോഗത്തിൽ മിതത്വം പാലിക്കുന്നവനും പണസ്നേഹം ഇല്ലാത്തവനും ആത്മസംയമനം ഉള്ളവനും ആയിരിക്കണമായിരുന്നു. സമാനമായി, ശുശ്രൂഷാദാസന്മാരുടെ സ്ഥാനം എത്തിപ്പിടിക്കുന്നവരും ഉയർന്ന നിലവാരങ്ങൾ പിൻപറ്റേണ്ടതുണ്ടായിരുന്നു.—11. സഭാ ഉത്തരവാദിത്വങ്ങൾ എത്തിപ്പിടിക്കുന്ന പുരുഷന്മാർക്ക് ഉണ്ടായിരിക്കേണ്ട ചില യോഗ്യതകൾ ഏവ?
11 മേൽപ്പറഞ്ഞ യോഗ്യതകൾ പരിചിന്തിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നു: യഹോവയുടെ ആരാധനയിൽ നേതൃത്വം വഹിക്കുന്നവർ ക്രിസ്തീയ നടത്തയിൽ മാതൃകായോഗ്യർ ആയിരിക്കണം. സഭാ ഉത്തരവാദിത്വങ്ങൾക്കായി എത്തിപ്പിടിക്കുന്ന പുരുഷന്മാർ തങ്ങളുടെമേൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നു എന്നതിനു തെളിവു നൽകണം. (2 തിമൊഥെയൊസ് 1:14) ആ പുരുഷന്മാരിൽ ദൈവാത്മാവ് “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം” എന്നീ ഫലങ്ങൾ ഉത്പാദിപ്പിക്കുന്നു എന്നതു വ്യക്തമായിരിക്കണം. (ഗലാത്യർ 5:22, 23) സഹവിശ്വാസികളോടും മറ്റുള്ളവരോടുമുള്ള അവരുടെ ഇടപെടലുകളിൽ അത്തരം ഫലങ്ങൾ പ്രകടമായിരിക്കണം. ചിലർ പരിശുദ്ധാത്മാവിന്റെ ചില ഫലങ്ങൾ പ്രകടിപ്പിക്കുന്നതിൽ മികച്ചുനിന്നേക്കാം. അതേസമയം വേറെ ചിലരാകട്ടെ, മേൽവിചാരകന്മാർക്കായുള്ള മറ്റു യോഗ്യതകളിലാകാം മികച്ചുനിൽക്കുന്നത്. എന്തുതന്നെയായാലും, മേൽവിചാരകന്മാരുടെയും ശുശ്രൂഷാദാസന്മാരുടെയും സ്ഥാനം എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങൾ ദൈവവചനത്തിലെ വ്യവസ്ഥകൾ പാലിക്കുന്ന ആത്മീയ പുരുഷന്മാരാണെന്നു തങ്ങളുടെ ജീവിതരീതിയിലൂടെ പ്രകടമാക്കണം.
12. പരിശുദ്ധാത്മാവിനാൽ നിയമിക്കപ്പെടുന്നു എന്ന് ആരെക്കുറിച്ചു പറയാനാകും?
12 തന്റെ അനുകാരികൾ ആകാൻ പൗലൊസ് മറ്റുള്ളവരെ ഉദ്ബോധിപ്പിച്ചു. പൗലൊസിന് അങ്ങനെ തുറന്നു പറയാൻ കഴിഞ്ഞത്, തന്റെ ‘കാൽച്ചുവടു പിന്തുടരുവാൻ നമുക്കെല്ലാം മാതൃക വെച്ചേച്ചു പോയ’ യേശുക്രിസ്തുവിനെ അവൻ അനുകരിച്ചതുകൊണ്ടാണ്. (1 പത്രൊസ് 2:21; 1 കൊരിന്ത്യർ 11:1) അതിനാൽ, തിരുവെഴുത്തു യോഗ്യതകളിൽ എത്തിച്ചേരുന്ന വ്യക്തികൾ മേൽവിചാരകന്മാരും ശുശ്രൂഷാദാസന്മാരുമായി നിയമിക്കപ്പെടുമ്പോൾ അവർ പരിശുദ്ധാത്മാവിനാലാണു നിയമിക്കപ്പെടുന്നത് എന്നു പറയാനാകും.
13. സഭയിൽ മേൽവിചാരക സ്ഥാനത്തേക്കു സഹോദരന്മാരെ ശുപാർശ ചെയ്യുന്നവരെ പരിശുദ്ധാത്മാവ് സഹായിക്കുന്നത് എങ്ങനെ?
13 സഹോദരന്മാർ മേൽവിചാരകന്മാരായി ശുപാർശ ചെയ്യപ്പെടുന്നതിലും നിയമിക്കപ്പെടുന്നതിലും പരിശുദ്ധാത്മാവ് എങ്ങനെ പ്രവർത്തിക്കുന്നു എന്നു വ്യക്തമാക്കുന്ന വേറൊരു ഘടകമുണ്ട്. അതേക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു: ‘സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ കൊടുക്കും.’ (ലൂക്കൊസ് 11:13) തന്മൂലം, സഭയിലെ ഉത്തരവാദിത്വ സ്ഥാനത്തേക്ക് സഹോദരന്മാരെ ശുപാർശ ചെയ്യാൻ പ്രാദേശിക സഭയിലെ മൂപ്പന്മാർ കൂടിവരുമ്പോൾ തങ്ങളെ വഴിനയിക്കുന്നതിന് അവർ ദൈവാത്മാവിനു വേണ്ടി പ്രാർഥിക്കുന്നു. ദൈവത്തിന്റെ നിശ്വസ്ത വചനത്തിൽ പ്രസ്താവിച്ചിരിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അവർ ശുപാർശ നടത്തുന്നത്. കൂടാതെ, ശുപാർശ ചെയ്യപ്പെടുന്ന വ്യക്തി തിരുവെഴുത്തു നിബന്ധനകളിൽ എത്തിച്ചേരുന്നുണ്ടോ എന്നു വിവേചിച്ചറിയാനും പരിശുദ്ധാത്മാവ് അവരെ പ്രാപ്തരാക്കുന്നു. ഒരു വ്യക്തിയുടെ ബാഹ്യപ്രകൃതമോ വിദ്യാഭ്യാസ യോഗ്യതകളോ നൈസർഗിക കഴിവുകളോ ഒന്നും ശുപാർശ ചെയ്യുന്നവരെ സ്വാധീനിക്കാൻ പാടില്ല. ശുപാർശ ചെയ്യപ്പെടുന്ന വ്യക്തി യഥാർഥത്തിൽ ഒരു ആത്മീയ പുരുഷനാണോ, ആത്മീയ സഹായം അഭ്യർഥിച്ചുകൊണ്ട് സഭാംഗങ്ങൾക്ക് സമീപിക്കാനാകുന്ന വ്യക്തിയാണോ എന്നാണ് അവർ പ്രധാനമായും കണക്കിലെടുക്കേണ്ടത്.
14. പ്രവൃത്തികൾ 6:1-3-ൽനിന്നു നാം എന്തു മനസ്സിലാക്കുന്നു?
14 മൂപ്പന്മാരും ശുശ്രൂഷാദാസന്മാരുമായി സേവിക്കുന്നതിനു സഹോദരന്മാരെ ശുപാർശ ചെയ്യാൻ മൂപ്പന്മാരുടെ സംഘങ്ങൾ സഞ്ചാര മേൽവിചാരകന്മാരോടൊപ്പം കൂടിവരുന്നെങ്കിലും യഥാർഥ നിയമനം നടക്കുന്നത് ഒന്നാം നൂറ്റാണ്ടിലേതുപോലെയാണ്. അന്ന് ഒരു പ്രത്യേക നിയമനം കൈകാര്യം ചെയ്യുന്നതിന് ആത്മീയ യോഗ്യതയുള്ള പുരുഷന്മാരെ ആവശ്യമായി വന്നപ്പോൾ അതു സംബന്ധിച്ച് ഭരണസംഘം ഈ മാർഗനിർദേശം നൽകി: “നിങ്ങളുടെ ഇടയിൽനിന്നു സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞവരുമായ ഏഴുപേരെ തെരഞ്ഞെടുക്കുക. അവരെ ഞങ്ങൾ ഈ ജോലിക്കായി നിയോഗിക്കാം.” (പ്രവൃത്തികൾ 6:1-3, ഓശാന ബൈബിൾ) പ്രാദേശിക മൂപ്പന്മാരാണ് ശുപാർശ ചെയ്തതെങ്കിലും നിയമനങ്ങൾ നടത്തിയത് യെരൂശലേമിലുള്ള ഉത്തരവാദിത്വപ്പെട്ട പുരുഷന്മാരായിരുന്നു. ഇന്നും സമാനമായ രീതിയാണു പിൻപറ്റുന്നത്.
15. സഹോദരന്മാരെ ഉത്തരവാദിത്വ സ്ഥാനങ്ങളിൽ നിയമിക്കുന്നതിൽ ഭരണസംഘം ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ?
15 ബ്രാഞ്ച് കമ്മിറ്റിയിലെ എല്ലാ അംഗങ്ങളെയും യഹോവയുടെ സാക്ഷികളുടെ ഭരണസംഘം നേരിട്ടാണു നിയമിക്കുന്നത്. അത്തരം ഭാരിച്ച ഉത്തരവാദിത്വം ആർ കൈകാര്യം ചെയ്യണമെന്നു തീരുമാനിക്കവെ ഭരണസംഘം യേശുവിന്റെ ഈ പ്രസ്താവന മനസ്സിൽ പിടിക്കുന്നു: “വളരെ ലഭിച്ചവനോടു വളരെ ആവശ്യപ്പെടും; അധികം ഏററു വാങ്ങിയവനോടു അധികം ചോദിക്കും.” (ലൂക്കൊസ് 12:48) ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾക്കു പുറമേ ബെഥേൽ മൂപ്പന്മാരെയും സഞ്ചാര മേൽവിചാരകന്മാരെയും നിയമിക്കുന്നതും ഭരണസംഘമാണ്. അതേസമയം, വേറെ ചില നിയമനങ്ങൾ നടത്തുന്നതിന് അവർ ഉത്തരവാദിത്വപ്പെട്ട സഹോദരന്മാരെ നിയോഗിക്കുന്നു. ഇതിനും തിരുവെഴുത്തുപരമായ കീഴ്വഴക്കമുണ്ട്.
‘ഞാൻ നിർദേശിച്ചതുപോലെ നിയമനം നടത്തുക’
16. പൗലൊസ് അപ്പൊസ്തലൻ തീത്തൊസിനെ ക്രേത്തയിൽ വിട്ടിട്ടുപോന്നത് എന്തിന്, ഇന്നത്തെ ദിവ്യാധിപത്യ നിയമനങ്ങളുടെ കാര്യത്തിൽ അത് എന്തു വ്യക്തമാക്കുന്നു?
16 പൗലൊസ് സഹപ്രവർത്തകനായ തീത്തൊസിനോട് ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്നെ ക്രേത്തിൽ വിട്ടിട്ടുപോന്നത് നീ അവിടത്തെ ക്രമക്കേടുകൾ പരിഹരിക്കാനും ഞാൻ നിർദേശിച്ചിരിക്കുന്നതുപോലെ ഓരോ പട്ടണത്തിലും മൂപ്പന്മാരെ നിയമിക്കാനും ആയിരുന്നല്ലോ.” (തീത്തൊസ് 1:5, ഓശാന ബൈ.) തുടർന്ന്, അങ്ങനെ നിയമിക്കപ്പെടുന്നതിന് ഒരു വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതകൾ പൗലൊസ് അപ്പൊസ്തലൻ തീത്തൊസിനോടു വ്യക്തമാക്കി. അതേരീതി പിൻപറ്റിക്കൊണ്ട് ഇന്ന് മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും നിയമിക്കുന്ന കാര്യത്തിൽ തങ്ങളെ പ്രതിനിധാനം ചെയ്യാൻ ഭരണസംഘം ബ്രാഞ്ചുകളിലുള്ള യോഗ്യരായ സഹോദരന്മാരെ നിയോഗിക്കുന്നു. ഈ വിധത്തിൽ ഭരണസംഘത്തെ പ്രതിനിധാനം ചെയ്യുന്നവർ അത്തരം നിയമനങ്ങൾ നടത്തുമ്പോൾ തിരുവെഴുത്തു മാർഗനിർദേശങ്ങൾ വ്യക്തമായി മനസ്സിലാക്കി അതനുസരിച്ചു പ്രവർത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. അങ്ങനെ, ഭരണസംഘത്തിന്റെ മാർഗനിർദേശത്തിൻ കീഴിലാണ് യഹോവയുടെ സാക്ഷികളുടെ ലോകവ്യാപകമായുള്ള സഭകളിൽ സേവിക്കാൻ യോഗ്യതയുള്ള പുരുഷന്മാർ നിയമിക്കപ്പെടുന്നത്.
17. ബ്രാഞ്ച് ഓഫീസിൽ മേൽവിചാരകന്മാരുടെയും ശുശ്രൂഷാദാസന്മാരുടെയും ശുപാർശകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെ?
17 മേൽവിചാരകന്മാരുടെയും ശുശ്രൂഷാദാസന്മാരുടെയും നിയമനത്തോടു ബന്ധപ്പെട്ട ശുപാർശകൾ വാച്ച് ടവർ സൊസൈറ്റിയുടെ ഒരു ബ്രാഞ്ച് ഓഫീസിൽ ലഭിക്കുമ്പോൾ അവിടെയുള്ള അനുഭവസമ്പന്നരായ പുരുഷന്മാർ പ്രസ്തുത നിയമനങ്ങൾ നടത്തുന്നതിനുള്ള മാർഗനിർദേശത്തിനായി ദൈവാത്മാവിൽ ആശ്രയിക്കുന്നു. തങ്ങൾ കണക്കു ബോധിപ്പിക്കാൻ ബാധ്യസ്ഥരാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് 1 തിമൊഥെയൊസ് 5:22.
അവർ ആരുടെയുംമേൽ വേഗത്തിൽ കൈവെക്കാതിരിക്കാനും അങ്ങനെ അന്യന്റെ പാപങ്ങളിൽ ഓഹരിക്കാർ ആകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നു.—18, 19. (എ) ചില നിയമനങ്ങൾ കൈമാറപ്പെടുന്നത് എങ്ങനെ? (ബി) ശുപാർശയും നിയമനങ്ങളും ഉൾപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യപ്പെടുന്നത് എങ്ങനെ?
18 ചില നിയമനങ്ങൾ ഒരു നിയമാനുസൃത കോർപ്പറേഷന്റെ ഔദ്യോഗിക സീൽ പതിപ്പിച്ച ഒരു കത്തിലൂടെ അറിയിക്കാവുന്നതാണ്. അത്തരത്തിലുള്ള ഒരു കത്ത് മുഖേന സഭയിലെ ഒന്നിലധികം സഹോദരന്മാരെ നിയമിക്കാവുന്നതാണ്.
19 ദിവ്യാധിപത്യ നിയമനങ്ങൾ വരുന്നത് യഹോവയിൽ നിന്ന് അവന്റെ പുത്രനായ യേശുവിലൂടെയാണ്. തുടർന്ന് അവ “വിശ്വസ്തനും വിവേകിയുമായ അടിമ”യും അതിന്റെ ഭരണസംഘവും ഉൾപ്പെട്ട ദൈവത്തിന്റെ ഭൗമിക സരണിയിലൂടെ കൈമാറപ്പെടുന്നു. (മത്തായി 24:45-47, NW) അത്തരം ശുപാർശകളും നിയമനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശുദ്ധാത്മാവിന്റെ മേൽനോട്ടത്തിലാണു നടക്കുന്നത്. കാരണം, പരിശുദ്ധാത്മാവിനാൽ നിശ്വസ്തമാക്കപ്പെട്ട ദൈവവചനത്തിലാണ് അവർക്കുള്ള യോഗ്യതകൾ വിവരിച്ചിരിക്കുന്നത്. കൂടാതെ, നിയമിക്കപ്പെടുന്ന വ്യക്തി ജീവിതത്തിൽ ആത്മാവിന്റെ ഫലങ്ങൾ പ്രകടമാക്കുകയും ചെയ്യുന്നു. തന്മൂലം, പരിശുദ്ധാത്മാവ് നിയമനങ്ങൾ നടത്തുന്നതായി കണക്കാക്കേണ്ടതാണ്. അതേ, ഒന്നാം നൂറ്റാണ്ടിലെപ്പോലെ ഇന്നും മേൽവിചാരകന്മാരും ശുശ്രൂഷാദാസന്മാരും ദിവ്യാധിപത്യപരമായാണ് നിയമിക്കപ്പെടുന്നത്.
യഹോവയുടെ മാർഗദർശനത്തിനു നന്ദിയുള്ളവർ
20. സങ്കീർത്തനം 133:1-ൽ രേഖപ്പെടുത്തിയിരിക്കുന്ന ദാവീദിന്റെ അതേ മനോഭാവം നാമും പുലർത്തുന്നതിനു കാരണമെന്ത്?
20 ആത്മീയ സമൃദ്ധിയുടെയും രാജ്യപ്രസംഗ പ്രവർത്തനത്തിലെ ദിവ്യാധിപത്യ വളർച്ചയുടെയും ഈ കാലഘട്ടത്തിൽ മേൽവിചാരകന്മാരുടെയും ശുശ്രൂഷാദാസന്മാരുടെയും നിയമനത്തിനു പിന്നിൽ മുഖ്യമായും യഹോവയാണെന്നതിൽ നാം നന്ദിയുള്ളവരാണ്. തിരുവെഴുത്തുപരമായ ഈ ക്രമീകരണം നീതി സംബന്ധിച്ച ദൈവത്തിന്റെ ഉന്നത നിലവാരങ്ങൾ പുലർത്താൻ യഹോവയുടെ സാക്ഷികളായ നമ്മെ സഹായിക്കുന്നു. കൂടാതെ, ഈ പുരുഷന്മാരുടെ ക്രിസ്തു സമാനമായ ആത്മാവും ആത്മാർഥ ശ്രമങ്ങളും യഹോവയുടെ ദാസന്മാർക്കിടയിൽ മഹത്തായ സമാധാനവും ഐക്യവും നിലനിറുത്താൻ ഉതകുന്നു. തന്മൂലം, സങ്കീർത്തനക്കാരനായ ദാവീദിനെ പോലെ നാമും ഇങ്ങനെ ഉദ്ഘോഷിക്കാൻ പ്രേരിതരാകുന്നു: “ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!”—സങ്കീർത്തനം 133:1.
21. നമ്മുടെ നാളുകളിൽ യെശയ്യാവു 60:17 നിവൃത്തിയേറിയിരിക്കുന്നത് എങ്ങനെ?
21 യഹോവ തന്റെ വചനത്തിലൂടെയും പരിശുദ്ധാത്മാവിലൂടെയും നമുക്കു നൽകുന്ന മാർഗദർശനത്തിനു നാം അവനോട് എത്ര നന്ദിയുള്ളവരാണ്! യെശയ്യാവു 60:17-ലെ വാക്കുകൾ തീർച്ചയായും അർഥവത്താണ്: “ഞാൻ താമ്രത്തിന്നു പകരം സ്വർണ്ണം വരുത്തും; ഇരിമ്പിന്നു പകരം വെള്ളിയും മരത്തിന്നു പകരം താമ്രവും കല്ലിന്നു പകരം ഇരിമ്പും വരുത്തും; ഞാൻ സമാധാനത്തെ നിനക്കു നായകന്മാരും നീതിയെ നിനക്കു അധിപതിമാരും ആക്കും.” യഹോവയുടെ സാക്ഷികൾക്കിടയിൽ ദിവ്യാധിപത്യ നടപടിക്രമങ്ങൾ പടിപടിയായി, കൂടുതൽ തികവിൽ ബാധകമാക്കപ്പെടുന്നതിന്റെ ഫലമായി ദൈവത്തിന്റെ ഭൗമിക സംഘടനയിലുടനീളം നാം അനുഗൃഹീതമായ ഈ അവസ്ഥ ആസ്വദിച്ചിരിക്കുന്നു.
22. എന്തിനെ പ്രതി നാം ദൈവത്തോട് ആഴമായ നന്ദിയുള്ളവരാണ്, എന്തു ചെയ്യാൻ നാം ദൃഢചിത്തരായിരിക്കണം?
22 നമ്മുടെ ഇടയിലെ ദിവ്യാധിപത്യ ക്രമീകരണങ്ങളെ പ്രതി നമുക്കു ദൈവത്തോട് ഹൃദയംഗമമായ നന്ദിയുണ്ട്. ദിവ്യാധിപത്യപരമായി നിയമിക്കപ്പെടുന്ന മേൽവിചാരകന്മാരുടെയും ശുശ്രൂഷാദാസന്മാരുടെയും കഠിനവും അതേസമയം സംതൃപ്തികരവുമായ അധ്വാനത്തെ നാം അങ്ങേയറ്റം വിലമതിക്കുന്നു. ആത്മീയ സമൃദ്ധി പ്രദാനം ചെയ്തുകൊണ്ട് നമ്മെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്ന സ്നേഹവാനായ സ്വർഗീയ പിതാവിനെ നാം മുഴുഹൃദയത്തോടെ വാഴ്ത്തുന്നു. (സദൃശവാക്യങ്ങൾ 10:22) അതുകൊണ്ട്, യഹോവയുടെ സംഘടനയോടൊപ്പം മുന്നേറാൻ നമുക്കു ദൃഢചിത്തരായിരിക്കാം. സർവോപരി, യഹോവയുടെ ഉന്നതവും വിശുദ്ധവുമായ നാമത്തിന്റെ സ്തുതിക്കും മഹത്ത്വത്തിനുമായി നമുക്ക് അവനെ ഐക്യത്തിൽ സേവിക്കുന്നതിൽ തുടരാം.
നിങ്ങളുടെ ഉത്തരമെന്ത്?
• മേൽവിചാരകന്മാരും ശുശ്രൂഷാദാസന്മാരും നിയമിക്കപ്പെടുന്നത് ജനാധിപത്യ രീതിയിലല്ല, ദിവ്യാധിപത്യ രീതിയിലാണ് എന്നു നമുക്കു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
• ഉത്തരവാദിത്വപ്പെട്ട ക്രിസ്തീയ പുരുഷന്മാർ പരിശുദ്ധാത്മാവിനാൽ നിയമിക്കപ്പെടുന്നത് എങ്ങനെ?
• മേൽവിചാരകന്മാരുടെയും ശുശ്രൂഷാദാസന്മാരുടെയും നിയമനത്തിൽ ഭരണസംഘം ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ?
• ദിവ്യാധിപത്യ നിയമനങ്ങളെ പ്രതി നാം യഹോവയോടു നന്ദിയുള്ളവർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[15-ാം പേജിലെ ചിത്രങ്ങൾ]
സഭയെ സേവിക്കാൻ പദവിയുള്ള മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ദിവ്യാധിപത്യപരമായി നിയമിക്കപ്പെടുന്നു