യഹോവയുടെ സാക്ഷികൾ പൂർണ നിശ്ചയമുള്ളവരായി മുന്നേറുന്നു!
യഹോവയുടെ സാക്ഷികൾ പൂർണ നിശ്ചയമുള്ളവരായി മുന്നേറുന്നു!
വാർഷിക യോഗ റിപ്പോർട്ട്
അനിശ്ചിതത്വത്തിന്റെയും സംശയത്തിന്റെയും ഈ നാളുകളിൽ പൂർണ നിശ്ചയമുള്ള ക്രിസ്‌ത്യാനികൾ എന്ന നിലയിൽ യഹോവയുടെ സാക്ഷികൾ വേറിട്ടു നിൽക്കുന്നു. 2000 ഒക്‌ടോബർ 7 ശനിയാഴ്‌ച, യഹോവയുടെ സാക്ഷികളുടെ ജേഴ്‌സി സിറ്റി, ന്യൂ ജേഴ്‌സി, സമ്മേളന ഹാളിൽ ചേർന്ന വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്‌റ്റ് സൊസൈറ്റി ഓഫ് പെൻസിൽവേനിയയുടെ വാർഷിക യോഗത്തിൽ ഈ സംഗതി വ്യക്തമാക്കപ്പെട്ടു. *
യഹോവയുടെ സാക്ഷികളുടെ ഭരണസംഘാംഗമായ ജോൺ ഇ. ബാർ ആയിരുന്നു പരിപാടിയുടെ അധ്യക്ഷൻ. തന്റെ പ്രാരംഭ പ്രസ്‌താവനകളിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഭൂമിയിലെ ശതകോടിക്കണക്കിനു വരുന്ന ആളുകളിൽ, യഹോവയുടെ പ്രിയ പുത്രനായ ക്രിസ്‌തു യേശു ഇപ്പോൾ സ്വർഗത്തിൽ സിംഹാസനസ്ഥ രാജാവെന്ന നിലയിൽ ശത്രുക്കൾക്കു മധ്യേ വാഴുകയാണെന്നു തിരിച്ചറിയുന്നതും വിശ്വസിക്കുന്നതും നാം മാത്രമാണ്.” ലോകത്തിന്റെ വ്യത്യസ്‌ത ഭാഗങ്ങളിൽ നിന്നുള്ള പുളകപ്രദമായ ആറ് റിപ്പോർട്ടുകൾ അത്തരം പൂർണ നിശ്ചയത്തിനു തെളിവു നൽകി.
ഹെയ്‌റ്റിയിൽ ബൈബിൾ സത്യംകൊണ്ട് ആത്മവിദ്യയെ കീഴടക്കുന്നു
ഹെയ്‌റ്റിയിൽ ആത്മവിദ്യാചാരം വളരെ വ്യാപകമാണ്. ബ്രാഞ്ച് കമ്മിറ്റി കോ-ഓർഡിനേറ്ററായ ജോൺ നോർമൻ പറയുന്നതുപോലെ അവിടെ “ആളുകൾ ആത്മരക്ഷയ്‌ക്കായി വൂഡൂവിൽ ആശ്രയിക്കുന്നതു സാധാരണമാണ്.” എന്നാൽ, ഒരു അപകടത്തിൽ കാലു നഷ്ടപ്പെട്ടപ്പോൾ ഒരു മന്ത്രവാദിയുടെ മനസ്സിൽ ചില സംശയങ്ങൾ ഉടലെടുത്തു. ‘ആത്മാക്കൾ എന്നെ സംരക്ഷിക്കുന്നുണ്ടെങ്കിൽ പിന്നെ എനിക്കിതെങ്ങനെ സംഭവിച്ചു?’ അദ്ദേഹം ചിന്തിച്ചു. മറ്റു പലരുടെയും കാര്യത്തിലെന്ന പോലെ ആ വ്യക്തിയെയും യഹോവയുടെ സാക്ഷികൾ സത്യം പഠിപ്പിക്കുകയും ആത്മവിദ്യയിൽനിന്നു സ്വതന്ത്രനാകാൻ സഹായിക്കുകയും ചെയ്‌തു. 2000 ഏപ്രിൽ 19-ന് നടത്തപ്പെട്ട ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകത്തിന് ആ രാജ്യത്തെ പ്രസാധകരുടെ നാലിരട്ടി ആളുകൾ ഹാജരായതിൽനിന്ന് അവിടെ പുരോഗതിക്ക് എന്തുമാത്രം സാധ്യതയുണ്ട് എന്നു വ്യക്തമാകുന്നു.
വിശാലമായ കൊറിയയിലെ ഊർജസ്വലമായ പ്രവർത്തനം
കൊറിയയിലെ യഹോവയുടെ സാക്ഷികളിൽ 40 ശതമാനം പേരും മുഴുസമയ ശുശ്രൂഷകരാണ്. അവിടത്തെ ബ്രാഞ്ച് കമ്മിറ്റി കോ-ഓർഡിനേറ്ററായ മിൽട്ടൺ ഹാമിൽട്ടൺ ഇങ്ങനെ പറഞ്ഞു: “രാജ്യഘോഷകരുടെ ഈ വൻ സൈന്യം 4 കോടി 70 ലക്ഷത്തിലധികം ആളുകളുള്ള ഞങ്ങളുടെ പ്രദേശം ഏകദേശം ഒരു മാസംകൊണ്ട് പ്രവർത്തിച്ചു തീർക്കാൻ സഹായിക്കുന്നു.” ആംഗ്യഭാഷാ സഭകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന വർധന വിശേഷിച്ചും ശ്രദ്ധേയമാണ്. ഒരു ആംഗ്യഭാഷാ സർക്കിട്ടിൽ 800 ഭവന ബൈബിൾ അധ്യയനങ്ങൾ നടത്തപ്പെടുന്നു, ഓരോ പ്രസാധകനും ശരാശരി ഒരു അധ്യയനം വീതം. ദുഃഖകരമെന്നു പറയട്ടെ, തങ്ങളുടെ നിഷ്‌പക്ഷ നിലപാടു നിമിത്തം ഇപ്പോഴും യുവ സഹോദരങ്ങൾ തടവിൽ ആക്കപ്പെടുന്നു. എന്നിരുന്നാലും, ജയിലധികാരികൾ ഈ വിശ്വസ്‌ത ക്രിസ്‌ത്യാനികളോടു നല്ല രീതിയിലാണ്
ഇടപെടുന്നത്. പലപ്പോഴും, വിശ്വസിച്ച് ഏൽപ്പിക്കേണ്ടതായ ജോലികൾ അവർ ഇവർക്കു നൽകുന്നു.മെക്‌സിക്കോയിൽ വളർച്ചയ്‌ക്കനുസൃതം ആവശ്യങ്ങൾ നിറവേറ്റുന്നു
2000 ആഗസ്റ്റ് മാസം മെക്‌സിക്കോയിൽ രാജ്യ പ്രസാധകരുടെ എണ്ണത്തിൽ ഒരു പുതിയ അത്യുച്ചമുണ്ടായി. ആ മാസം 5,33,665 പേരാണ് വയൽസേവനം റിപ്പോർട്ടു ചെയ്‌തത്. സ്‌മാരകത്തിന് ഹാജരായവരുടെ എണ്ണം അതിന്റെ മൂന്നിരട്ടിയിലും കൂടുതലായിരുന്നു. ബ്രാഞ്ച് കമ്മിറ്റി കോ-ഓർഡിനേറ്ററായ റോബർട്ട് ട്രേസി ഇങ്ങനെ പറഞ്ഞു: “240 രാജ്യഹാളുകൾ കൂടെ പണിയുക എന്നതാണ് ഈ വർഷത്തെ ഞങ്ങളുടെ ലക്ഷ്യം. എന്നാൽ, ഞങ്ങളുടെ ആവശ്യത്തിന് അതൊന്നും പോര.”
മെക്‌സിക്കോയിലെ യഹോവയുടെ സാക്ഷികൾക്കിടയിലെ യുവാക്കൾ മാതൃകായോഗ്യരാണ്. ഒരു യുവാവിനെ കുറിച്ച് ഒരു കത്തോലിക്കാ പുരോഹിതൻ ഇപ്രകാരം പറഞ്ഞു: “ഇവനെ പോലുള്ള ഒരാളെങ്കിലും എന്റെ അനുയായികളിൽ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു. ഇവരുടെ നിശ്ചയദാർഢ്യത്തെയും ബൈബിളിന്റെ ജ്ഞാനപൂർവകമായ ഉപയോഗത്തെയുംപ്രതി ഞാൻ ഇവരെ ആദരിക്കുന്നു. ദൈവത്തിന്റെ പക്ഷത്തു നിലകൊള്ളുന്നതിന് ജീവൻ പണയപ്പെടുത്താൻ പോലും ഇവർ തയ്യാറാണ്.”
സിയെറാ ലിയോണിൽ സംഘർഷത്തിൻ മധ്യേയും വിശ്വസ്‌തത
സിയെറാ ലിയോണിൽ 1991 ഏപ്രിലിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ അംഗഭംഗം സംഭവിക്കുകയോ ചെയ്‌തിരിക്കുന്നു. “യുദ്ധവും കഷ്ടപ്പാടും ആളുകളുടെ പ്രതികരണത്തെ ഏറെ സ്വാധീനിച്ചിരിക്കുന്നു” എന്ന് അവിടത്തെ ബ്രാഞ്ച് കമ്മിറ്റി കോ-ഓർഡിനേറ്ററായ ബിൽ കൗവൻ പറയുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “നമ്മുടെ സന്ദേശത്തിൽ ഒരു താത്‌പര്യവും കാണിക്കാതിരുന്ന പല വ്യക്തികളും ഇപ്പോൾ നന്നായി ശ്രദ്ധിക്കുന്നുണ്ട്. ആരും ക്ഷണിക്കാതെതന്നെ ആളുകൾ രാജ്യഹാളിൽ യോഗങ്ങൾക്കു ഹാജരാകുന്നതു സാധാരണമാണ്. പലപ്പോഴും ആളുകൾ നമ്മുടെ സഹോദരങ്ങളെ വഴിയിൽ വെച്ചു കാണുമ്പോൾ ബൈബിൾ അധ്യയനം ആവശ്യപ്പെടാറുണ്ട്.” രാജ്യത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നെങ്കിലും രാജ്യപ്രസംഗ വേല ഫലപ്രദമായി തുടരുന്നു.
ദക്ഷിണാഫ്രിക്കയിലെ വൻ നിർമാണ പ്രവർത്തനം
ദക്ഷിണാഫ്രിക്ക ബ്രാഞ്ചിനു കീഴിലുള്ള പ്രദേശത്ത് ഇപ്പോൾ ആയിരക്കണക്കിനു രാജ്യഹാളുകളുടെ ആവശ്യമുണ്ട്. ഇപ്പോൾത്തന്നെ നൂറുകണക്കിന് ഹാളുകൾ പണിതു കഴിഞ്ഞിരിക്കുന്നു. “മുമ്പത്തെ പോലെ ഒരു വൃക്ഷത്തിനു ചുവട്ടിലോ ഷെഡു കെട്ടിയോ ഒക്കെ യോഗങ്ങൾ നടത്തുന്നതിനു പകരം ഇപ്പോൾ സഹോദരങ്ങൾക്ക് ഇരിപ്പിട സൗകര്യങ്ങളുള്ള നല്ല ഹാളുകളിൽ കൂടിവരാൻ കഴിയുന്നു,” ബ്രാഞ്ച് കമ്മിറ്റി കോ-ഓർഡിനേറ്ററായ ജോൺ കിക്കോട്ട് പറയുന്നു. “മിക്കവയും സാധാരണ ഹാളുകളാണെങ്കിലും ആ പ്രദേശത്തെ ഏറ്റവും മികച്ച കെട്ടിടങ്ങൾ എന്ന നിലയിൽ അവ ശ്രദ്ധിക്കപ്പെടുന്നു. ചില പ്രദേശങ്ങളിൽ രാജ്യഹാൾ പണിത് ഒരു വർഷം കഴിയുമ്പോഴേക്കും സഭയിലെ പ്രസാധകരുടെ എണ്ണം ഇരട്ടിയിലധികമായി വർധിക്കുന്നതായി കണ്ടിട്ടുണ്ട്.”
യൂക്രെയിനിൽ സാക്ഷികളുടെ ഒരു പുതിയ തലമുറ
സേവന വർഷം 2000-ത്തിൽ ഈ രാജ്യത്തെ പ്രസാധകരുടെ എണ്ണം 1,12,720 എന്ന പുതിയ അത്യുച്ചത്തിൽ എത്തി. ഇവരിൽ 50,000-ത്തിലധികം പേർ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ബൈബിൾ സത്യം പഠിച്ചവരാണ്. “യഹോവ വാസ്‌തവത്തിൽ തന്റെ നാമം പ്രഖ്യാപിക്കുന്നതിനായി സാക്ഷികളുടെ ഒരു യുവ തലമുറയെ ഉയർത്തിയിരിക്കുകയാണ്” എന്ന് ബ്രാഞ്ച് കമ്മിറ്റി കോ-ഓർഡിനേറ്ററായ ജോൺ ഡീഡർ പറഞ്ഞു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “കഴിഞ്ഞ രണ്ടു വർഷംകൊണ്ട് ഞങ്ങൾ 5 കോടിയിലധികം മാസികകൾ സമർപ്പിച്ചിരിക്കുന്നു. ഇത് ഞങ്ങളുടെ രാജ്യത്തെ മൊത്തം ജനസംഖ്യക്കു തുല്യമാണ്. കൂടുതൽ വിവരങ്ങൾ ചോദിച്ചുകൊണ്ട് ഓരോ മാസവും താത്‌പര്യക്കാരിൽനിന്ന് ശരാശരി ആയിരം കത്തുകളെങ്കിലും ഞങ്ങൾക്കു ലഭിക്കുന്നുണ്ട്.”
പരിപാടിയിലെ മറ്റു ചില പ്രചോദനാത്മക സവിശേഷതകൾ
ഭരണസംഘാംഗമായ ഡാനിയേൽ സിഡ്‌ലിക് വളരെ താത്‌പര്യജനകമായ ഒരു പ്രസംഗം നടത്തി. ഈ മാസികയിൽ കാണുന്ന “ഭരണസംഘം നിയമപരമായ ഒരു കോർപ്പറേഷനിൽനിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നത് എങ്ങനെ?” എന്ന ലേഖനം അദ്ദേഹം അവതരിപ്പിച്ച വിവരങ്ങളെ ആസ്‌പദമാക്കിയുള്ളതാണ്.
ഭരണസംഘത്തിലെ തിയോഡർ ജാരറ്റ്‌സ് “മേൽവിചാരകന്മാരും ശുശ്രൂഷാദാസന്മാരും—ദിവ്യാധിപത്യപരമായി നിയമിക്കപ്പെടുന്നവർ” എന്ന ചിന്തോദ്ദീപകമായ വിഷയത്തെ കേന്ദ്രീകരിച്ചു പ്രസംഗിച്ചു. ആ വിഷയത്തെ ആസ്‌പദമാക്കിയും ഈ മാസികയിൽ ഒരു ലേഖനമുണ്ട്.
വാർഷികയോഗത്തിൽ 2001-ലെ വാർഷിക വാക്യത്തെ ആസ്‌പദമാക്കിയുള്ള പ്രചോദനാത്മകമായ ഒരു പ്രസംഗവും ഉണ്ടായിരുന്നു. ഭരണസംഘാംഗമായ ഡേവിഡ് സ്‌പ്ലെയ്‌ൻ ആണ് അതു നടത്തിയത്. ‘തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂർണ്ണനിശ്ചയമുള്ളവരുമായി നിൽക്കുവിൻ’ എന്നതാണ് വാർഷിക വാക്യം. അത് അപ്പൊസ്‌തലനായ പൗലൊസിന്റെ വാക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. (കൊലൊസ്സ്യർ 4:12) മുഴു ഭൂമിയിലും ദൈവരാജ്യ സുവാർത്ത ഘോഷിക്കുന്നതിൽ വിശ്വസ്‌തരായി തുടരവെ അതുതന്നെ ചെയ്യാൻ ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ ദൃഢചിത്തരാണ്.—മത്തായി 24:14.
[അടിക്കുറിപ്പ്]
^ ഖ. 3 ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ പലയിടങ്ങളിലേക്ക് പരിപാടി പ്രക്ഷേപണം ചെയ്‌തു. അങ്ങനെ, മൊത്തം 13,082 പേർ പരിപാടി ശ്രദ്ധിക്കുകയുണ്ടായി.