വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു കണ്ണട വ്യാപാരി വിത്തു പാകുന്നു

ഒരു കണ്ണട വ്യാപാരി വിത്തു പാകുന്നു

ഒരു കണ്ണട വ്യാപാരി വിത്തു പാകുന്നു

യൂക്രെയിനിലെ ലവിഫിലുള്ള ഒരു കണ്ണട വ്യാപാരിയുടെ ശ്രമങ്ങളും ഏകദേശം 2,000 കിലോമീറ്റർ അകലെ, പല രാജ്യങ്ങൾക്ക്‌ അപ്പുറത്തുള്ള, ഇസ്രായേലിലെ ഹൈഫയിലുള്ള യഹോവയുടെ സാക്ഷികളുടെ റഷ്യൻ ഭാഷയിലുള്ള ഒരു സഭയും തമ്മിൽ എന്തു ബന്ധമാണ്‌ ഉണ്ടായിരിക്കാൻ കഴിയുക? ബൈബിളിലെ സഭാപ്രസംഗി 11:​6-ൽ കാണുന്ന പ്രസ്‌താവനയുടെ സാധുതയ്‌ക്ക്‌ സാക്ഷ്യം വഹിക്കുന്ന ഒരു സംഭവമാണിത്‌. ആ വാക്യം ഇങ്ങനെ പറയുന്നു: “രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്റെ കൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.”

സംഭവത്തിന്റെ തുടക്കം 1990-ലാണ്‌. യഹൂദ പശ്ചാത്തലത്തിൽനിന്നുള്ള ഒരു രസതന്ത്രജ്ഞയായ എല്ല എന്ന യുവതി അന്ന്‌ ലെവിഫിലായിരുന്നു താമസം. എല്ലയും കുടുംബവും ഇസ്രായേലിലേക്ക്‌ കുടിയേറാൻ തയ്യാറെടുക്കുക ആയിരുന്നു. പോകുന്നതിനു കുറച്ചു നാൾ മുമ്പ്‌ എല്ല ഒരു കണ്ണട വ്യാപാരിയുടെ അടുത്തു പോയി. അദ്ദേഹം യഹോവയുടെ സാക്ഷികളിൽ ഒരാൾ ആയിരുന്നു. അന്ന്‌ യൂക്രെയിനിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധനത്തിലായിരുന്നു. എന്നിരുന്നാലും, എല്ലയുമായി തന്റെ ബൈബിളധിഷ്‌ഠിത വിശ്വാസം പങ്കുവെക്കാൻ ആ കണ്ണട വ്യാപാരി മുൻകൈയെടുത്തു. ദൈവത്തിന്‌ ഒരു വ്യക്തിഗത പേരുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞത്‌ അവളെ അമ്പരപ്പിച്ചു. അത്‌ എല്ലയുടെ ജിജ്ഞാസ ഉണർത്തി. തുടർന്ന്‌ നല്ല ഒരു ബൈബിൾ ചർച്ച നടന്നു.

എല്ലയ്‌ക്ക്‌ ആ ചർച്ച വളരെ ഇഷ്ടമായി. അതുകൊണ്ട്‌ തുടർന്നുവരുന്ന ആഴ്‌ച മറ്റൊരു ചർച്ച വേണമെന്ന്‌ അവൾ പറഞ്ഞു. അതു കഴിഞ്ഞപ്പോൾ അവൾ വീണ്ടും ഒരു ചർച്ച ആവശ്യപ്പെട്ടു. അവളുടെ താത്‌പര്യം അനുദിനം വർധിച്ചുവന്നു. എന്നാൽ ഒരു പ്രശ്‌നം ഉണ്ടായിരുന്നു. കുടുംബത്തോടൊപ്പം അവൾക്ക്‌ ഇസ്രായേലിലേക്കു പോകാനുള്ള സമയം അടുത്തു വരികയായിരുന്നു. എല്ലയ്‌ക്ക്‌ അപ്പോഴും വളരെയേറെ കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നു! ശേഷിക്കുന്ന സമയം പരമാവധി പ്രയോജനപ്പെടുത്താനായി, യൂക്രെയിനിൽനിന്നു പോകുന്നതു വരെ എല്ലാ ദിവസവും ബൈബിൾ അധ്യയനം വേണമെന്ന്‌ അവൾ അദ്ദേഹത്തോട്‌ അഭ്യർഥിച്ചു. ഇസ്രായേലിൽ എത്തിയ ഉടനെ അവൾ തന്റെ പഠനം പുനരാരംഭിച്ചില്ലെങ്കിലും സത്യത്തിന്റെ വിത്ത്‌ അവളുടെ ഹൃദയത്തിൽ ആഴമായി വേരൂന്നിയിരുന്നു. ആ വർഷം അവസാനത്തോടെ അവൾ വീണ്ടും ഉത്സാഹപൂർവം ബൈബിൾ പഠിക്കാൻ തുടങ്ങി.

പേർഷ്യൻ ഗൾഫിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇസ്രായേലിൽ ഇറാക്കിന്റെ മിസൈൽ ആക്രമണം ഉണ്ടായി. അത്‌ അവിടത്തെ ഒരു പതിവ്‌ ചർച്ചാവിഷയമായിരുന്നു. ഒരു ദിവസം സൂപ്പർമാർക്കറ്റിൽ വെച്ച്‌ ഒരു കുടുംബം റഷ്യൻഭാഷ സംസാരിക്കുന്നത്‌ എല്ല കേട്ടു. അവളെപ്പോലെതന്നെ പുതുതായി കുടിയേറി പാർത്തവർ ആയിരുന്നു അവരും. എല്ല അപ്പോഴും ബൈബിൾ പഠിക്കുന്നതേ ഉണ്ടായിരുന്നുള്ളുവെങ്കിലും, അവൾ ആ കുടുംബത്തെ സമീപിച്ച്‌ സമാധാനപൂർണമായ ഒരു ലോകത്തെ കുറിച്ചുള്ള ബൈബിളിലെ വാഗ്‌ദാനം പങ്കുവെച്ചു. തത്‌ഫലമായി, ആ കുടുംബത്തിലെ വലിയമ്മ ഗലിന, അമ്മ നാറ്റാഷ, മകൻ സാഷ (ഏറിയൽ), മകൾ ഇലാനാ എന്നിവർ എല്ലയോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി.

ആ കുടുംബത്തിൽനിന്ന്‌ ആദ്യമായി സ്‌നാപനത്തിന്റെ പടിയിൽ എത്തിച്ചേർന്നത്‌ സാഷ ആയിരുന്നു. പക്ഷേ അവന്‌ അനേകം പരിശോധനകൾ നേരിടേണ്ടിവന്നു. സ്‌കൂൾ പാഠ്യപദ്ധതിയുടെ നിർബന്ധിത ഭാഗമായിരുന്ന പ്രീമിലിട്ടറി പരിശീലനത്തിൽ പങ്കെടുക്കാൻ ക്രിസ്‌തീയ മനഃസാക്ഷി അവനെ അനുവദിച്ചില്ല. അതുകൊണ്ട്‌, ഒരു മികച്ച വിദ്യാർഥി ആയിരുന്നെങ്കിലും അവൻ സ്‌കൂളിൽനിന്നു പുറത്താക്കപ്പെട്ടു. (യെശയ്യാവു 2:2-4) സാഷയുടെ കേസ്‌ യെരൂശലേമിലുള്ള ഇസ്രായേൽ ഹൈക്കോടതിയിൽ എത്തി. സന്തോഷകരമെന്നു പറയട്ടെ, അവനെ സ്‌കൂളിൽ തിരിച്ചെടുക്കാൻ കോടതി ഉത്തരവിട്ടു. ആ കേസിന്‌ ദേശവ്യാപകമായി പ്രചാരം സിദ്ധിച്ചു. തത്‌ഫലമായി അനേകം ഇസ്രായേല്യർ യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളെ കുറിച്ച്‌ അറിയാനിടയായി. *

ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സാഷ യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷയിൽ പ്രവേശിച്ചു. ഇന്ന്‌ അദ്ദേഹം ഒരു പ്രത്യേക പയനിയറും മൂപ്പനുമായി സേവിക്കുന്നു. അദ്ദേഹത്തിന്റെ സഹോദരിയായ ഇലാനയും മുഴുസമയ ശുശ്രൂഷയിൽ അദ്ദേഹത്തോടു ചേർന്നു. അവരുടെ അമ്മയും വലിയമ്മയും സ്‌നാപനമേറ്റ സാക്ഷികളാണ്‌. ആ കണ്ണട വ്യാപാരി വിതച്ച വിത്ത്‌ അപ്പോഴും ഫലം പുറപ്പെടുവിച്ചുകൊണ്ടിരിക്കുക ആയിരുന്നു!

അതിനിടെ എല്ല ആത്മീയമായി പുരോഗതി വരുത്തുന്നതിൽ തുടരുകയും പെട്ടെന്നുതന്നെ വീടുതോറും പ്രസംഗിക്കാൻ തുടങ്ങുകയും ചെയ്‌തു. ആദ്യ വീട്ടിൽത്തന്നെ അവൾ കണ്ടുമുട്ടിയത്‌ യൂക്രെയിനിൽനിന്നും അടുത്തയിടെ വന്ന ഫായിനയെ ആണ്‌. ഫായിന വളരെ വിഷാദചിത്തയായിരുന്നു. എല്ല, ഫായിനയുടെ വാതിലിൽ മുട്ടുന്നതിനു തൊട്ടുമുമ്പ്‌, ദുഃഖിതയായ ഫായിന ദൈവത്തോട്‌ പിൻവരുന്ന പ്രകാരം പ്രാർഥിച്ചിരുന്നെന്ന്‌ എല്ല പിന്നീടു മനസ്സിലാക്കി: “അങ്ങ്‌ ആരാണെന്ന്‌ എനിക്ക്‌ അറിയില്ല, എന്നാൽ ഞാൻ പറയുന്നത്‌ അങ്ങ്‌ കേൾക്കുന്നുണ്ടെങ്കിൽ, എന്നെ സഹായിക്കേണമേ.” അവളും എല്ലയും തമ്മിൽ സജീവമായ ഒരു ചർച്ച നടന്നു. അനേകം ചോദ്യങ്ങൾ ഉന്നയിച്ച ഫായിന തനിക്കു ലഭിച്ച ഉത്തരങ്ങൾ ശ്രദ്ധാപൂർവം പരിശോധിച്ചു. യഹോവയുടെ സാക്ഷികൾ ബൈബിളിൽനിന്നുള്ള സത്യമാണ്‌ പഠിപ്പിക്കുന്നതെന്ന്‌ ഒടുവിൽ അവൾക്കു ബോധ്യമായി. സഭയിലും പ്രസംഗവേലയിലും കൂടുതൽ സമയം ചെലവഴിക്കാൻ കഴിയത്തക്കവിധം അവൾ തന്റെ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിൽ വേണ്ട പൊരുത്തപ്പെടുത്തലുകൾ വരുത്തി. 1994 മേയിൽ ഫായിന സ്‌നാപനമേറ്റു. തന്റെ സാമ്പത്തിക ആവശ്യങ്ങൾക്കായി കമ്പ്യൂട്ടർ രംഗത്ത്‌ ഒരു അംശകാല ജോലി കണ്ടെത്തിയ അവളും പയനിയർ സേവനം ഏറ്റെടുത്തു.

1994 നവംബറിൽ, പ്രസംഗ വേലയിൽ ആയിരിക്കെ എല്ല ശാരീരികമായി പെട്ടെന്ന്‌ അവശയായി. ആശുപത്രിയിലെ പരിശോധനയിൽ അവൾക്ക്‌ ഉദരവ്രണങ്ങളിൽനിന്ന്‌ രക്തവാർച്ച ഉള്ളതായി കണ്ടെത്തി. വൈകുന്നേരം ആയപ്പോഴേക്കും ഹീമോഗ്ലോബിന്റെ അളവ്‌ 7.2 ആയി കുറഞ്ഞു. എല്ലയുടെ സഭയിലെ ഒരു മൂപ്പനായിരുന്നു ആശുപത്രി ഏകോപന സമിതിയുടെ (എച്ച്‌എൽസി) പ്രാദേശിക അധ്യക്ഷൻ. * രക്തം ഉപയോഗിക്കേണ്ടതില്ലാത്ത അനേകം വൈദ്യശാസ്‌ത്ര നടപടിക്രമങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം ഡോക്ടർമാർക്കു നൽകി. രക്തം നൽകാതെ വിജയകരമായി ശസ്‌ത്രക്രിയ നടത്തി. എല്ല പൂർണമായും സുഖം പ്രാപിച്ചു.​—⁠പ്രവൃത്തികൾ 15:28, 29.

എല്ലയുടെ ഗൈനക്കോളജിസ്റ്റായ കാളിന്‌ വളരെ മതിപ്പു തോന്നി. ജർമനിയിൽ ജനിച്ച ഒരു യഹൂദനായിരുന്നു അദ്ദേഹം. നാസി കൂട്ടക്കൊലയിൽ നിന്ന്‌ അതിജീവിച്ച തന്റെ മാതാപിതാക്കൾ തടങ്കൽ പാളയങ്ങളിൽ വെച്ച്‌ യഹോവയുടെ സാക്ഷികളെ പരിചയപ്പെട്ടിട്ടുള്ള വിവരം അദ്ദേഹം ഓർമിച്ചു. കാൾ അനേകം ചോദ്യങ്ങൾ ചോദിച്ചു. ചികിത്സാ രംഗത്ത്‌ വളരെ തിരക്കുണ്ടായിരുന്നിട്ടും അദ്ദേഹം പതിവായ ബൈബിൾ അധ്യയനത്തിനു സമയം കണ്ടെത്തി. പിറ്റേ വർഷം അദ്ദേഹം വാരംതോറുമുള്ള ക്രിസ്‌തീയ യോഗങ്ങളിൽ ഹാജരാകാനും തുടങ്ങി.

ആ കണ്ണട വ്യാപാരി വിതച്ച വിത്തിന്റെ ഫലം എന്തായിരുന്നു? സാഷയ്‌ക്കും കുടുംബാംഗങ്ങൾക്കും എന്തു സംഭവിച്ചെന്ന്‌ നാം കണ്ടുകഴിഞ്ഞു. എല്ല ഒരു പ്രത്യേക പയനിയർ ശുശ്രൂഷകയാണ്‌. അവളുടെ പുത്രിയായ ഈന ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതേ ഉള്ളൂ. എങ്കിലും അവൾ പയനിയർ ശുശ്രൂഷ ആരംഭിച്ചു കഴിഞ്ഞു. ഫായിനയും ഒരു പ്രത്യേക പയനിയറായി സേവിക്കുന്നു. എല്ലയുടെ ഗൈനക്കോളജിസ്റ്റായ കാൾ ആണെങ്കിൽ, ഇപ്പോൾ സ്‌നാപനമേറ്റ ഒരു സാക്ഷിയും ഒരു ശുശ്രൂഷാദാസനുമാണ്‌. അദ്ദേഹം തന്റെ രോഗികളുമായും മറ്റുള്ളവരുമായും സൗഖ്യമാക്കൽ ശക്തിയുള്ള ബൈബിൾ സത്യം പങ്കുവെക്കുന്നു.

ഹൈഫ എബ്രായ സഭയുടെ ഭാഗമായിരുന്ന, റഷ്യൻ ഭാഷ സംസാരിക്കുന്ന കുടിയേറ്റക്കാരുടെ ആ ചെറിയ കൂട്ടം ഇപ്പോൾ 120 രാജ്യഘോഷകരുള്ള, ഉത്സാഹമുള്ള ഒരു റഷ്യൻ സഭയായിത്തീർന്നിരിക്കുന്നു. ഈ വർധനവിന്റെ ഭാഗികമായ കാരണം, ലവിഫിലുള്ള ഒരു കണ്ണട വ്യാപാരി വിത്തു വിതയ്‌ക്കാനുള്ള അവസരം പ്രയോജനപ്പെടുത്തിയതാണ്‌!

[അടിക്കുറിപ്പുകൾ]

^ ഖ. 6 കൂടുതലായ വിശദീകരണത്തിന്‌, ഉണരുക!യുടെ 1994 നവംബർ 8 ലക്കത്തിന്റെ 12-15 വരെയുള്ള പേജുകൾ കാണുക.

^ ഖ. 9 ലോകത്തെങ്ങുമുള്ള യഹോവയുടെ സാക്ഷികളെ പ്രതിനിധാനം ചെയ്യുന്ന എച്ച്‌എൽസി-കൾ രോഗിയും ആശുപത്രി സ്റ്റാഫും തമ്മിലുള്ള ആശയവിനിമയത്തിനു സഹായിക്കുന്നു. ആധുനിക വൈദ്യശാസ്‌ത്ര ഗവേഷണത്തിൽ അധിഷ്‌ഠിതമായ പകര ചികിത്സകൾ സംബന്ധിച്ച വിവരങ്ങളും അവർ പ്രദാനം ചെയ്യുന്നു.

[29-ാം പേജിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

യൂക്രെയിൻ

ഇസ്രായേൽ

[കടപ്പാട്‌]

Mountain High Maps® Copyright © 1997 Digital Wisdom, Inc.

[30-ാം പേജിലെ ചിത്രം]

എല്ലയും മകൾ ഈനയും

[31-ാം പേജിലെ ചിത്രം]

ഹൈഫയിലുള്ള റഷ്യൻ ഭാഷ സംസാരിക്കുന്ന സാക്ഷികളുടെ ഒരു സന്തുഷ്ട കൂട്ടം. ഇടത്തുനിന്ന്‌ വലത്തേക്ക്‌: സാഷ, ഇലാന, നാറ്റാഷ, ഗലിന, ഫായിന, എല്ല, ഈന, കാൾ