നിങ്ങൾക്ക് നിരുത്സാഹത്തെ വിജയകരമായി നേരിടാൻ കഴിയും!
നിങ്ങൾക്ക് നിരുത്സാഹത്തെ വിജയകരമായി നേരിടാൻ കഴിയും!
ജ്ഞാനിയായ ഒരു മനുഷ്യൻ ഒരിക്കൽ ഇങ്ങനെ എഴുതി: “കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ [‘നിരുത്സാഹിതനായാൽ,’ NW] നിന്റെ ബലം നഷ്ടം തന്നേ.” (സദൃശവാക്യങ്ങൾ 24:10) നിങ്ങൾ എന്നെങ്കിലും നിരുത്സാഹിതൻ ആയിരുന്നിട്ടുണ്ടെങ്കിൽ നിങ്ങൾ ആ പ്രസ്‌താവനയോടു യോജിക്കാനിടയുണ്ട്.
നിരുത്സാഹത്തിന്റെ ഫലങ്ങളിൽനിന്ന് ആരും ഒഴിവുള്ളവരല്ല. ചെറിയൊരു നിരുത്സാഹം ഒന്നോ രണ്ടോ ദിവസംകൊണ്ടു മാറും. എന്നാൽ വ്രണിത വികാരങ്ങളോ നീരസമോ ഉൾപ്പെടുമ്പോൾ പ്രശ്‌നം കൂടുതൽ കാലം നീണ്ടുനിന്നേക്കാം. അനേക വർഷങ്ങളോളം വിശ്വസ്‌തരായി നിന്നിട്ടുള്ള ചില ക്രിസ്‌ത്യാനികൾ വളരെ നിരുത്സാഹിതർ ആയിത്തീർന്നതിന്റെ ഫലമായി ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുന്നതും വയൽ ശുശ്രൂഷയിൽ പങ്കുപറ്റുന്നതും നിറുത്തിയിരിക്കുന്നു.
നിങ്ങൾക്കു നിരുത്സാഹം തോന്നുന്ന പക്ഷം ആത്മവിശ്വാസം കൈവെടിയരുത്! യഹോവയുടെ കഴിഞ്ഞകാല വിശ്വസ്‌ത ദാസന്മാർ നിരുത്സാഹത്തെ വിജയപ്രദമായി നേരിട്ടു. ദൈവസഹായത്താൽ നിങ്ങൾക്കും അതു സാധിക്കും.
മറ്റുള്ളവർ നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമ്പോൾ
മറ്റുള്ളവർ ഒരിക്കലും നമ്മോട് അശ്രദ്ധമായി സംസാരിക്കുകയോ ചിന്താശൂന്യമായി പെരുമാറുകയോ ചെയ്യില്ലെന്ന് നമുക്കു പ്രതീക്ഷിക്കാനാവില്ല. എന്നിരുന്നാലും, അവരുടെ അപൂർണതകൾ യഹോവയെ സേവിക്കുന്നതിൽ നിങ്ങൾക്ക് ഒരു പ്രതിബന്ധമാകാതെ നോക്കാൻ കഴിയും. ആരെങ്കിലും നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ശമൂവേലിന്റെ അമ്മയായ ഹന്നാ നിരുത്സാഹജനകമായ ഒരു സാഹചര്യത്തെ കൈകാര്യം ചെയ്‌ത വിധം പരിചിന്തിക്കുന്നത് സഹായകമാണ്.
തനിക്കു കുട്ടികൾ ഉണ്ടാകാൻ ഹന്നാ വളരെയേറെ കൊതിച്ചു. പക്ഷേ അവൾ മച്ചിയായിരുന്നു. അവളുടെ ഭർത്താവിന്റെ രണ്ടാം ഭാര്യയായ പെനിന്നായ്‌ക്ക് അയാളിൽ പുത്രന്മാരും പുത്രിമാരും ജനിച്ചു. ഹന്നായുടെ ദുരവസ്ഥ കണ്ടറിഞ്ഞു പ്രവർത്തിക്കുന്നതിനു പകരം പെനിന്നാ അവളെ ഒരു പ്രതിയോഗിയെ പോലെ കാണുകയും അവളോട് അത്തരത്തിൽ പെരുമാറുകയും ചെയ്‌തു. തത്‌ഫലമായി ഹന്നാ “കരഞ്ഞു പട്ടിണി കിടന്നു.”—1 ശമൂവേൽ 1:2, 4-7.
ഹന്നാ ഒരു ദിവസം പ്രാർഥിക്കാനായി സമാഗമന കൂടാരത്തിലേക്കു പോയി. ഇസ്രായേലിലെ മഹാപുരോഹിതനായിരുന്ന ഏലി അവളുടെ ചുണ്ടുകൾ അനങ്ങുന്നതായി കണ്ടു. എന്നാൽ അവൾ പ്രാർഥിക്കുക ആണെന്ന് ഏലിക്കു മനസ്സിലായില്ല. അവൾക്കു ലഹരി പിടിച്ചിരിക്കുകയാണെന്ന് അവൻ നിഗമനം ചെയ്‌തു. “നീ എത്രത്തോളം ലഹരിപിടിച്ചിരിക്കും? നിന്റെ വീഞ്ഞു ഇറങ്ങട്ടെ” എന്ന് ഏലി പറഞ്ഞു. (1 ശമൂവേൽ 1:12-14) അപ്പോൾ ഹന്നായ്‌ക്ക് എന്തു തോന്നിക്കാണുമെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ? പ്രോത്സാഹനം തേടിയാണ് അവൾ സമാഗമന കൂടാരത്തിൽ എത്തിയത്. ഇസ്രായേലിലെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തികളിൽ ഒരാൾ തന്റെ മേൽ കുറ്റം ആരോപിക്കുമെന്ന് അവൾ ഒരിക്കലും കരുതിയില്ല!
ഹന്നാ അങ്ങേയറ്റം നിരുത്സാഹിത ആയിത്തീരാൻ എളുപ്പം ഇടയാക്കാമായിരുന്ന ഒരു സാഹചര്യമായിരുന്നു അത്. ഏലി മഹാപുരോഹിതനായി സേവിക്കുന്നിടത്തോളം കാലം മേലാൽ സമാഗമന കൂടാരത്തിൽ പോകില്ലെന്നു ശപഥം ചെയ്‌തുകൊണ്ട് അവൾക്ക് അപ്പോൾത്തന്നെ അവിടം വിട്ടുപോകാമായിരുന്നു. എന്നാൽ, അത്തരമൊരു ഗതി യഹോവയ്‌ക്ക് ഇഷ്ടമാകില്ലെന്ന് അവനുമായുള്ള തന്റെ ബന്ധത്തെ നിശ്ചയമായും വിലമതിച്ചിരുന്ന ഹന്നായ്‌ക്ക് അറിയാമായിരുന്നു. സമാഗമന കൂടാരം നിർമലാരാധനയുടെ കേന്ദ്രമായിരുന്നു. യഹോവ തന്റെ നാമം അതിൽ പ്രതിഷ്‌ഠിച്ചിരുന്നു. അപൂർണൻ ആയിരുന്നെങ്കിലും ഏലി യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി ആയിരുന്നു.
ഏലിയുടെ കുറ്റാരോപണത്തോടുള്ള ഹന്നായുടെ ആദരപൂർവകമായ പ്രതികരണം ഇന്നു നമുക്ക് ഒരു ഉത്തമ മാതൃകയാണ്. തന്റെ മേലുള്ള തെറ്റായ ആരോപണം അവൾ അംഗീകരിച്ചില്ല. അതേസമയം, അവൾ പ്രതികരിച്ചത് വളരെ ആദരവോടെയാണ്. “അങ്ങനെയല്ല, യജമാനനേ; ഞാൻ മനോവ്യസനമുള്ളൊരു സ്‌ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുകയത്രേ ചെയ്‌തതു. അടിയനെ ഒരു നീചസ്‌ത്രീയായി വിചാരിക്കരുതേ; അടിയൻ സങ്കടത്തിന്റെയും വ്യസനത്തിന്റെയും ആധിക്യംകൊണ്ടാകുന്നു സംസാരിച്ചതു.”—1 ശമൂവേൽ 1:15, 16.
ഹന്നാ തനിക്കു പറയാനുള്ളത് വ്യക്തമാക്കിയോ? തീർച്ചയായും! എന്നാൽ നയപൂർവമാണ് അവൾ ഏലിയോട് സംസാരിച്ചത്. തെറ്റായ ആരോപണങ്ങളെ പ്രതി അവനെ വിമർശിക്കാൻ അവൾ മുതിർന്നില്ല. തിരിച്ച്, ഏലിയും വളരെ ദയയോടെയാണ് അവളോടു പ്രതിവചിച്ചത്. 1 ശമൂവേൽ 1:17, 18.
അവൻ ഇങ്ങനെ പറഞ്ഞു: “സമാധാനത്തോടെ പൊയ്‌ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്‌കുമാറാകട്ടെ.” സംഗതി രമ്യമായി പരിഹരിച്ചതിനെ തുടർന്ന് ഹന്നാ “തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.”—ഈ വിവരണത്തിൽനിന്ന് നാം എന്താണു പഠിക്കുന്നത്? തെറ്റിദ്ധാരണ തിരുത്താൻ ഹന്നാ പെട്ടെന്നുതന്നെ നടപടി സ്വീകരിച്ചു. അതേസമയം അവൾ അത് ആഴമായ ആദരവോടെയാണ് ചെയ്‌തത്. തത്‌ഫലമായി യഹോവയുമായും ഏലിയുമായും ഒരു നല്ല ബന്ധം നിലനിറുത്താൻ അവൾക്കു കഴിഞ്ഞു. ഒട്ടുമിക്കപ്പോഴും, നല്ല ആശയവിനിമയവും ഒരൽപ്പം നയവും ഉണ്ടെങ്കിൽ നിസ്സാര പ്രശ്‌നങ്ങൾ വളർന്നു വലുതാകുന്നത് നമുക്കു തടയാനാകും!
അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് താഴ്‌മയും വഴക്കവും ഇരു പക്ഷത്തും ആവശ്യമാണെന്നു നാം മനസ്സിലാക്കണം. ഒരു പ്രശ്‌നം പരിഹരിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളോടു പ്രതികരിക്കാൻ ഒരു സഹവിശ്വാസി പരാജയപ്പെടുന്നെങ്കിൽ, യഹോവ തന്റെ സമയത്ത് തന്റേതായ വിധത്തിൽ അതു കൈകാര്യം ചെയ്യുമെന്ന വിശ്വാസത്തോടെ നിങ്ങൾ ഒരുപക്ഷേ അക്കാര്യം അവന്റെ കരങ്ങളിൽ വിട്ടുകൊടുക്കേണ്ടത് ഉണ്ടായിരിക്കാം.
നിങ്ങൾക്ക് ഒരു സേവന പദവി നഷ്ടമായിട്ടുണ്ടോ?
തങ്ങൾ വളരെയേറെ വിലമതിച്ചിരുന്ന സേവന പദവികൾ ഉപേക്ഷിക്കേണ്ടി വന്നതു നിമിത്തം ചിലർ നിരാശരായി തീർന്നിട്ടുണ്ട്. തങ്ങളുടെ സഹോദരന്മാരെ സേവിക്കുന്നത് അവർ വിലമതിച്ചിരുന്നു. എന്നാൽ ആ പദവി നഷ്ടമായപ്പോൾ, മേലാൽ യഹോവയ്‌ക്കോ അവന്റെ സംഘടനയ്‌ക്കോ തങ്ങളെക്കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്ന് അവർക്കു തോന്നി. നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ, യോഹന്നാൻ മർക്കൊസ് എന്നും പേരുള്ള ബൈബിൾ എഴുത്തുകാരനായ മർക്കൊസിന്റെ ദൃഷ്ടാന്തം പരിചിന്തിക്കുന്നതിൽനിന്ന് നിങ്ങൾക്ക് ഉൾക്കാഴ്‌ച നേടാനാകും.—പ്രവൃത്തികൾ 12:12.
പൗലൊസിന്റെയും ബർന്നബാസിന്റെയും ആദ്യത്തെ മിഷനറി പര്യടനത്തിൽ മർക്കൊസ് അവരെ അനുഗമിച്ചെങ്കിലും ഇടയ്‌ക്കുവെച്ച് അവൻ അവരെ വിട്ട് യെരൂശലേമിലേക്കു മടങ്ങിപ്പോയി. (പ്രവൃത്തികൾ 13:13) പിന്നീട് മറ്റൊരു യാത്രയിൽ മർക്കൊസിനെയും തങ്ങളോടൊപ്പം കൊണ്ടുപോകാൻ ബർന്നബാസ് ആഗ്രഹിച്ചു. എന്നാൽ ബൈബിൾ ഇങ്ങനെ പറയുന്നു: “പൌലൊസോ പംഫുല്യയിൽനിന്നു തങ്ങളെ വിട്ടു പ്രവൃത്തിക്കു വരാതെ പോയവനെ കൂട്ടിക്കൊണ്ടു പോകുന്നതു യോഗ്യമല്ല എന്നു നിരൂപിച്ചു.” എന്നാൽ ബർന്നബാസിന് ആ അഭിപ്രായത്തോടു യോജിക്കാനായില്ല. വിവരണം ഇങ്ങനെ തുടരുന്നു: “അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ടു വേർപിരിഞ്ഞു, ബർന്നബാസ് മർക്കൊസിനെ കൂട്ടി കപ്പൽകയറി കുപ്രൊസ്‌ദ്വീപിലേക്കു പോയി. പൌലൊസോ ശീലാസിനെ തിരഞ്ഞെടുത്തു . . . യാത്ര പുറപ്പെട്ടു.”—പ്രവൃത്തികൾ 15:36-40.
ബഹുമാന്യ അപ്പൊസ്‌തലനായ പൗലൊസ് തന്നോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തന്റെ യോഗ്യതയെ കുറിച്ചുള്ള തർക്കം പൗലൊസും ബർന്നബാസും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉളവാക്കിയെന്നും അറിഞ്ഞപ്പോൾ മർക്കൊസ് ആകെ തകർന്നുപോയിട്ടുണ്ടാകണം. എന്നാൽ സംഗതി അവിടംകൊണ്ട് അവസാനിക്കുന്നില്ല.
പൗലൊസിനും ശീലാസിനും മറ്റൊരു സഞ്ചാര കൂട്ടാളിയെക്കൂടെ വേണമായിരുന്നു. ലുസ്‌ത്രയിൽ എത്തിയപ്പോൾ അവർ മർക്കൊസിനു പകരം മറ്റൊരാളെ കണ്ടെത്തി—ചെറുപ്പക്കാരനായ തിമൊഥെയൊസ്. തിമൊഥെയൊസിനെ തിരഞ്ഞെടുത്ത സമയത്ത് അവൻ സ്‌നാപനമേറ്റിട്ട് വെറും രണ്ടോ മൂന്നോ വർഷമേ ആയിരുന്നുള്ളൂ. അതേസമയം, മർക്കൊസാകട്ടെ ക്രിസ്‌തീയ സഭയുടെ തുടക്കം മുതലേ, വാസ്‌തവത്തിൽ പൗലൊസിനെക്കാൾ പോലും മുമ്പേ, സഭയുമായി സഹവസിച്ചിരുന്നു. എന്നിട്ടും തിമൊഥെയൊസിനാണ് ആ നിയമന പദവി ലഭിച്ചത്.—പ്രവൃത്തികൾ 16:1-3.
തനിക്കു പകരം തന്നെക്കാൾ ഇളയ, അനുഭവപരിചയം കുറഞ്ഞ ഒരാളെ നിയമിച്ചെന്ന് അറിഞ്ഞപ്പോൾ മർക്കൊസ് എങ്ങനെയാണു പ്രതികരിച്ചത്? ബൈബിൾ അതു പറയുന്നില്ല. എന്നാൽ, മർക്കൊസ് യഹോവയുടെ സേവനത്തിൽ സജീവമായി നിലകൊണ്ടെന്ന് ബൈബിൾ സൂചിപ്പിക്കുന്നു. തനിക്കു ലഭ്യമായിരുന്ന പദവികൾ അവൻ പ്രയോജനപ്പെടുത്തി. പൗലൊസിനോടും ശീലാസിനോടും ഒപ്പം സേവിക്കാൻ കഴിഞ്ഞില്ലെങ്കിലും ബർന്നബാസിന്റെ സ്വന്തപ്രദേശമായ കുപ്രൊസിലേക്ക് അവനോടൊപ്പം പോകാൻ മർക്കൊസിനു കഴിഞ്ഞു. ബാബിലോണിൽ പത്രൊസിനോടൊപ്പവും അവൻ സേവിച്ചു. ഒടുവിൽ, റോമിൽ പൗലൊസിനോടും തിമൊഥെയൊസിനോടും ഒപ്പം പ്രവർത്തിക്കാനും അവന് അവസരം കിട്ടി. (കൊലൊസ്സ്യർ 1:1; 4:10; 1 പത്രൊസ് 5:13) പിന്നീട്, നാലു സുവിശേഷങ്ങളിൽ ഒന്ന് എഴുതാൻ മർക്കൊസ് നിശ്വസ്‌തനാക്കപ്പെടുക പോലും ചെയ്‌തു!
ഇതിൽനിന്നെല്ലാം വിലയേറിയ ഒരു പാഠം പഠിക്കാനുണ്ട്. തനിക്ക് അപ്പോഴും ലഭ്യമായിരുന്ന പദവികളെ വിലമതിക്കാൻ കഴിയാത്തവിധം, നഷ്ടപ്പെട്ട പദവിയെ കുറിച്ച് ഓർത്ത് മർക്കൊസ് വ്യാകുലപ്പെട്ടില്ല. അവൻ യഹോവയുടെ സേവനത്തിൽ തിരക്കുള്ളവനായി തുടർന്നു. യഹോവ അവനെ അനുഗ്രഹിക്കുകയും ചെയ്‌തു.
അതുകൊണ്ട്, നിങ്ങൾക്ക് ഒരു സേവനപദവി നഷ്ടമായെങ്കിൽ നിരുത്സാഹിതനാകരുത്. നിങ്ങൾ ശുഭാപ്‌തി വിശ്വാസത്തോടു കൂടിയ ഒരു മനോഭാവം നിലനിറുത്തുകയും സേവനത്തിൽ തിരക്കുള്ളവനായി തുടരുകയും ചെയ്യുന്ന പക്ഷം മറ്റു പദവികൾ നിങ്ങൾക്കു ലഭ്യമായേക്കാം. കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുണ്ട്.—1 കൊരിന്ത്യർ 15:58.
ഒരു വിശ്വസ്‌ത ദാസൻ നിരുത്സാഹിതൻ ആയിത്തീരുന്നു
വിശ്വാസത്തിനു വേണ്ടി കഠിന പോരാട്ടം നടത്തുക എളുപ്പമല്ല. ചില അവസരങ്ങളിൽ നിങ്ങൾക്കു നിരുത്സാഹം തോന്നിയേക്കാം. തുടർന്ന് അതു സംബന്ധിച്ച് നിങ്ങൾക്കു കുറ്റബോധവും തോന്നിയേക്കാം. കാരണം ഒരു വിശ്വസ്‌ത ദൈവദാസൻ ഒരിക്കലും നിരുത്സാഹിതനാകാൻ പാടില്ല എന്നായിരിക്കാം നിങ്ങളുടെ നിഗമനം. ഇസ്രായേലിലെ ഒരു പ്രമുഖ പ്രവാചകൻ ആയിരുന്ന ഏലിയാവിനെ കുറിച്ചു ചിന്തിക്കുക.
ബാൽ ആരാധനയെ ഭ്രാന്തമായി പ്രോത്സാഹിപ്പിച്ചിരുന്ന ഇസ്രായേലിലെ ഈസേബെൽ രാജ്ഞി, ഏലിയാവ് ബാലിന്റെ പ്രവാചകന്മാരെ കൊന്നു എന്നു കേട്ടപ്പോൾ അവനെ കൊല്ലുമെന്നു ശപഥം ചെയ്‌തു. ഈസേബെലിനെക്കാൾ വലിയ ശത്രുക്കളെ നേരിട്ടിട്ടുള്ളവൻ ആയിരുന്നെങ്കിലും ഏലിയാവ് പെട്ടെന്ന് വളരെ നിരുത്സാഹിതൻ ആയിത്തീരുകയും മരിക്കാൻ ആഗ്രഹിക്കുകയും ചെയ്‌തു. (1 രാജാക്കന്മാർ 19:1-4) അതെങ്ങനെ സംഭവിക്കുമായിരുന്നു? അവൻ ചില കാര്യങ്ങൾ വിസ്‌മരിച്ചിരുന്നു.
തന്റെ ബലത്തിന്റെ ഉറവ് എന്ന നിലയിൽ യഹോവയിലേക്കു നോക്കാൻ ഏലിയാവ് മറന്നുപോയി. മരിച്ച ഒരു വ്യക്തിയെ ഉയിർപ്പിക്കാനും ബാലിന്റെ പ്രവാചകന്മാരെ നേരിടാനും ഏലിയാവിനു ശക്തി നൽകിയത് ആരായിരുന്നു? യഹോവ. തീർച്ചയായും, ഈസേബെൽ രാജ്ഞിയുടെ ക്രോധത്തെ നേരിടാനുള്ള ശക്തിയും അവനു നൽകാൻ യഹോവയ്‌ക്കു കഴിയുമായിരുന്നു.—1 രാജാക്കന്മാർ 17:17-24; 18:21-40; 2 കൊരിന്ത്യർ 4:7.
യഹോവയിലുള്ള ആശ്രയത്തിന്റെ കാര്യത്തിൽ ഏതൊരുവനും ഒരു നിമിഷത്തേക്ക് പതറിയേക്കാം. ഒരു പ്രശ്‌നത്തെ നേരിടാൻ ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ ഉപയോഗിക്കുന്നതിനു പകരം ഏലിയാവിനെ പോലെ നിങ്ങളും ചില അവസരങ്ങളിൽ മാനുഷികമായ ഒരു വീക്ഷണം പുലർത്തിയേക്കാം. (യാക്കോബ് 3:17) എന്നാൽ, ഏലിയാവിനു താത്‌കാലികമായി സംഭവിച്ച ഒരു പിഴവു നിമിത്തം യഹോവ അവനെ കൈവിട്ടില്ല.
ഏലിയാവ് ബേർ-ശേബയിലേക്കും തുടർന്നു മരുഭൂമിയിലേക്കും ഒളിച്ചോടി. അവിടെ ആർക്കും തന്നെ കണ്ടെത്താനാവില്ലെന്നാണ് അവൻ കരുതിയത്. എന്നാൽ യഹോവ അവനെ കണ്ടെത്തി. അവനെ ആശ്വസിപ്പിക്കാനായി ദൈവം ഒരു ദൂതനെ അയച്ചു. ദൂതൻ ഏലിയാവിനു തിന്നാൻ ചുട്ടെടുത്ത അടയും കുടിക്കാൻ നവോന്മേഷദായകമായ വെള്ളവും പ്രദാനം ചെയ്‌തു. ഏലിയാവ് വിശ്രമിച്ചു കഴിഞ്ഞപ്പോൾ, 300 കിലോമീറ്റർ അകലെയുള്ള ഹോരേബ് പർവതത്തിലേക്കു പോകാൻ ദൂതൻ അവനു നിർദേശം നൽകി. അവിടെവെച്ച് യഹോവ അവനെ വീണ്ടും ബലപ്പെടുത്തുമായിരുന്നു.—1 രാജാക്കന്മാർ 19:5-8.
ഹോരേബ് പർവതത്തിൽ വെച്ച് യഹോവയുടെ ശക്തിയുടെ ഒരു പ്രകടനത്തിന് ഏലിയാവ് സാക്ഷ്യം വഹിച്ചു. അവന്റെ വിശ്വാസത്തെ ബലപ്പെടുത്തുന്ന ഒരു സംഭവമായിരുന്നു അത്. തുടർന്ന്, അവൻ ഒറ്റയ്‌ക്കല്ലെന്ന് ശാന്തമായി, ഒരു മൃദുസ്വരത്തിൽ യഹോവ അവന് ഉറപ്പു നൽകി. യഹോവ അവനോടൊപ്പം ഉണ്ടായിരുന്നു. കൂടാതെ, 7,000 സഹഇസ്രായേല്യരും അവന്റെ ഒപ്പം ഉണ്ടായിരുന്നു, അവന് അവരെ അറിയില്ലായിരുന്നെങ്കിലും. ഒടുവിൽ, യഹോവ അവന് കൂടുതൽ നിയമനങ്ങൾ നൽകി. പ്രവാചക സ്ഥാനത്തുനിന്ന് അവൻ ഏലിയാവിനെ നീക്കം ചെയ്‌തില്ല!—1 രാജാക്കന്മാർ 19:11-18.
സഹായം ലഭ്യമാണ്
നിങ്ങൾക്ക് വല്ലപ്പോഴുമൊക്കെ അൽപ്പം നിരുത്സാഹം തോന്നുന്നെങ്കിൽ, പതിവിലും അൽപ്പം കൂടുതൽ വിശ്രമിക്കുകയോ പോഷകസമൃദ്ധമായ കുറച്ച് ആഹാരം കഴിക്കുകയോ ചെയ്‌താൽ കൂടുതൽ ഉന്മേഷം അനുഭവപ്പെട്ടേക്കാം. രാത്രിയിൽ നന്നായിട്ടൊന്ന് ഉറങ്ങിയാൽ, ചില വലിയ പ്രശ്‌നങ്ങൾ നേരം വെളുക്കുമ്പോൾ കുറെക്കൂടെ ചെറിയ പ്രശ്‌നങ്ങളായി തോന്നിയേക്കാമെന്ന് 1977-ൽ മരിക്കുന്നതുവരെ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിൽ സേവിച്ചിരുന്ന നേഥൻ എച്ച്. നോർ ഒരിക്കൽ പറയുകയുണ്ടായി. എന്നാൽ പ്രശ്‌നം കൂടുതൽ സ്ഥായിയായ ഒന്നാണെങ്കിൽ പ്രശ്‌നപരിഹാരത്തിന് ഇതു പര്യാപ്‌തമാവില്ല. നിരുത്സാഹത്തോടു പോരാടാൻ നിങ്ങൾക്കു സഹായം വേണ്ടിവരും.
ഏലിയാവിനെ ബലപ്പെടുത്താൻ യഹോവ ഒരു ദൂതനെ അയച്ചു. ഇന്ന്, മൂപ്പന്മാരിലൂടെയും പക്വതയുള്ള മറ്റു ക്രിസ്‌ത്യാനികളിലൂടെയും ദൈവം പ്രോത്സാഹനം പ്രദാനം ചെയ്യുന്നു. മൂപ്പന്മാർക്ക് തീർച്ചയായും “കാററിന്നു ഒരു മറവു”പോലെ ആയിരിക്കാൻ കഴിയും. (യെശയ്യാവു 32:1, 2) എന്നാൽ അവരിൽനിന്നുള്ള പ്രോത്സാഹനം ലഭിക്കുന്നതിന്, നിങ്ങൾ മുൻകൈ എടുക്കേണ്ടതുണ്ടായിരിക്കാം. ഏലിയാവ് നിരുത്സാഹിതൻ ആയിത്തീർന്നെങ്കിലും, യഹോവയിൽനിന്നുള്ള പ്രബോധനം സ്വീകരിക്കാനായി അവൻ ഹോരേബ് പർവതത്തിലേക്കു യാത്ര ചെയ്‌തു. ക്രിസ്‌തീയ സഭയിലൂടെ നമുക്ക് ബലദായകമായ പ്രബോധനം ലഭിക്കുന്നു.
നാം സഹായം സ്വീകരിക്കുകയും വ്രണിത വികാരങ്ങളോ പദവി നഷ്ടമോ പോലുള്ള പരിശോധനകളെ ധൈര്യസമേതം നേരിടുകയും ചെയ്യുന്ന പക്ഷം നാം ഒരു സുപ്രധാന വിവാദപ്രശ്‌നത്തിൽ യഹോവയുടെ പക്ഷത്തു നിലയുറപ്പിക്കുകയാണ്. ഏതാണ് ആ വിവാദപ്രശ്‌നം? മനുഷ്യർ യഹോവയെ സേവിക്കുന്നത് സ്വാർഥ താത്‌പര്യങ്ങളാൽ മാത്രമാണെന്ന് സാത്താൻ വാദിച്ചു. ജീവിതത്തിൽ എല്ലാ കാര്യങ്ങളും സുഗമമായി പോകുമ്പോൾ നാം ദൈവത്തെ സേവിക്കും എന്ന കാര്യം സാത്താൻ നിഷേധിക്കുന്നില്ല. എന്നാൽ പ്രശ്‌നങ്ങളിൽ അകപ്പെട്ടാൽ നാം ദൈവത്തെ സേവിക്കുന്നതു നിറുത്തുമെന്ന് അവൻ വാദിക്കുന്നു. (ഇയ്യോബ് 1-ഉം 2-ഉം അധ്യായങ്ങൾ) നിരുത്സാഹം ഗണ്യമാക്കാതെ യഹോവയുടെ സേവനത്തിൽ അചഞ്ചലരായി തുടർന്നുകൊണ്ട് നമുക്ക് സാത്താന്റെ വ്യാജമായ കുറ്റാരോപണത്തിനു മറുപടി നൽകുന്നതിൽ സഹായിക്കാൻ കഴിയും.—സദൃശവാക്യങ്ങൾ 27:11.
ഹന്നായ്‌ക്കും മർക്കൊസിനും ഏലിയാവിനും ഒക്കെ അവരുടെ സന്തോഷം തത്‌കാലത്തേക്കു കെടുത്തിക്കളഞ്ഞ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, അവർ അവയെ വിജയകരമായി നേരിടുകയും ഫലകരമായ ഒരു ജീവിതം നയിക്കുകയും ചെയ്‌തു. യഹോവയുടെ സഹായത്താൽ നിങ്ങൾക്കും നിരുത്സാഹത്തെ വിജയകരമായി നേരിടാനാകും!