‘നിന്റെ നാഭിക്ക് ആരോഗ്യം’
‘നിന്റെ നാഭിക്ക് ആരോഗ്യം’
മിക്ക രോഗങ്ങൾക്കും ഇടയാക്കുന്നത് ഭയം, ദുഃഖം, അസൂയ, നീരസം, വിദ്വേഷം, കുറ്റബോധം എന്നിങ്ങനെയുള്ള വൈകാരിക പിരിമുറുക്കങ്ങൾ ആണെന്നു കരുതപ്പെടുന്നു. ഇതിന്റെ വീക്ഷണത്തിൽ, ബൈബിളിന്റെ പിൻവരുന്ന പ്രസ്‌താവന എത്ര ആശ്വാസദായകമാണ്: ‘യഹോവയോടുള്ള ഭയം’ “നിന്റെ നാഭിക്കു ആരോഗ്യവും അസ്ഥികൾക്കു തണുപ്പും ആയിരിക്കും.”—സദൃശവാക്യങ്ങൾ 3:7, 8.
ശരീരത്തെ താങ്ങിനിറുത്തുന്ന ചട്ടക്കൂടാണ് അസ്ഥികൾ. അതുകൊണ്ട്, ഒരുവന്റെ അവസ്ഥയെ—പ്രത്യേകിച്ച് ആഴമായ വികാരവിചാരങ്ങളാൽ ബാധിക്കപ്പെടുന്ന അവസ്ഥയെ—അർഥമാക്കാൻ ബൈബിൾ ‘അസ്ഥികൾ’ എന്ന പദത്തെ ആലങ്കാരികമായി ഉപയോഗിക്കുന്നു. എന്നാൽ യഹോവയോടുള്ള ഭയം ‘നിന്റെ നാഭിക്ക് ആരോഗ്യമായിരിക്കുന്നത്’ ഏതു വിധത്തിലാണ്?
ഈ വാക്യത്തിലെ “നാഭി” എന്ന പരാമർശത്തെക്കുറിച്ച് പണ്ഡിതന്മാർക്ക് ഭിന്നാഭിപ്രായങ്ങളാണ് ഉള്ളത്. ഒരു വ്യാഖ്യാതാവ് പറയുന്നത്, “ശരീരത്തിന്റെ കേന്ദ്രഭാഗ”ത്തായതിനാൽ, “നാഭി” എല്ലാ പ്രധാന അവയവങ്ങളെയും പ്രതിനിധാനം ചെയ്‌തേക്കാം എന്നാണ്. മറ്റൊരു പണ്ഡിതന്റെ അഭിപ്രായത്തിൽ, “നാഭി” എന്ന പദം യെഹെസ്‌കേൽ 16:4-ലേതുപോലെ പൊക്കിൾക്കൊടിയെ ആകാം അർഥമാക്കുന്നത്. അതു ശരിയാണെങ്കിൽ, നിസ്സഹായമായ ഒരു ഭ്രൂണം പോഷണത്തിനായി അതിന്റെ അമ്മയിൽ ആശ്രയിക്കുന്നതുപോലെ, ദൈവത്തിൽ നാം പൂർണമായി ആശ്രയിക്കേണ്ടതിന്റെ ആവശ്യത്തിന് സദൃശവാക്യങ്ങൾ 3:8 ഊന്നൽ നൽകുകയായിരിക്കണം. “നാഭി” എന്ന പദം ഇവിടെ പേശികളെയും സ്‌നായുക്കളെയും ആയിരിക്കാം അർഥമാക്കുന്നത് എന്നാണ് മറ്റൊരഭിപ്രായം. ഈ വാക്യത്തിന്റെ സന്ദർഭം നോക്കുമ്പോൾ, ശരീരത്തിന്റെ കട്ടികൂടിയ ഭാഗങ്ങളായ “അസ്ഥി”കളുമായി ഇവയെ വിപരീത താരതമ്യം ചെയ്യുകയായിരിക്കാം.
ഇതിന്റെ കൃത്യമായ അർഥം എന്തായിരുന്നാലും, ഒരു കാര്യം ഉറപ്പാണ്: യഹോവയോട് ആദരപൂർവകമായ ഭയം പ്രകടിപ്പിക്കുന്നത് വിവേകമായിരിക്കും. ദൈവത്തിന്റെ നിലവാരങ്ങൾക്ക് ചേർച്ചയിൽ ജീവിക്കുന്നത് ഇപ്പോൾത്തന്നെ നമ്മുടെ ശാരീരിക ക്ഷേമത്തിൽ കലാശിക്കും. അതിലുപരി, വരാനിരിക്കുന്ന പുതിയ ലോകത്തിൽ ശാരീരികമായും വൈകാരികമായും പൂർണ ആരോഗ്യത്തോടെയുള്ള നിത്യജീവൻ നേടിത്തരുന്ന, യഹോവയുടെ പ്രീതി സമ്പാദിക്കാനും അതു നമ്മെ സഹായിക്കും.—യെശയ്യാവു 33:24; വെളിപ്പാടു 21:4, 5; 22:2.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Dr. G. Moscoso/SPL/Photo Researchers