വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലാത്‌വിയ സുവാർത്തയോടു പ്രതികരിക്കുന്നു

ലാത്‌വിയ സുവാർത്തയോടു പ്രതികരിക്കുന്നു

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

ലാത്‌വിയ സുവാർത്തയോടു പ്രതികരിക്കുന്നു

“സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” ദൈവം ആഗ്രഹിക്കുന്നു എന്ന്‌ ബൈബിൾ വ്യക്തമായി പ്രകടമാക്കുന്നു. (1 തിമൊഥെയൊസ്‌ 2:⁠4) സുവാർത്ത കേൾക്കാനുള്ള അവസരം അനേകം വർഷങ്ങളായി നിഷേധിക്കപ്പെട്ടിരുന്ന ആളുകൾക്ക്‌ ഇപ്പോൾ അതു കേൾക്കാൻ കഴിയുന്നു! ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ എന്നപോലെ ലാത്‌വിയയിലും എല്ലാ പ്രായത്തിലും പശ്ചാത്തലത്തിലുമുള്ള ആളുകൾ രാജ്യസന്ദേശത്തോടു പ്രതികരിക്കുന്നു. പിൻവരുന്ന അനുഭവങ്ങൾ അതു പ്രകടമാക്കുന്നു.

• പൂർവ ലാത്‌വിയയിലെ ഒരു പട്ടണമായ റിസെക്ക്‌നിയിലെ ഒരു അമ്മയും അവരുടെ കൗമാരപ്രായക്കാരിയായ മകളും കൂടി ഒരു സ്‌ത്രീയോട്‌ വഴി ചോദിച്ചു. യഹോവയുടെ സാക്ഷിയായിരുന്ന ആ സ്‌ത്രീ വഴി പറഞ്ഞുകൊടുത്ത ശേഷം അവരെ സാക്ഷികളുടെ യോഗങ്ങൾക്കു ക്ഷണിച്ചു.

ആ അമ്മയും മകളും മതവിശ്വാസികൾ ആയിരുന്നതുകൊണ്ട്‌ യോഗത്തിനു പോകാൻ തീരുമാനിച്ചു. പക്ഷേ, അനുചിതമായ എന്തെങ്കിലും കണ്ടാൽ ആ നിമിഷംതന്നെ അവിടെനിന്ന്‌ ഇറങ്ങിപ്പോരണമെന്ന തീരുമാനത്തോടെ ആയിരുന്നു അവർ പോയത്‌. എന്നാൽ യോഗം വളരെ രസകരം ആയിരുന്നതിനാൽ ഇറങ്ങിപ്പോരുന്നതിനെ കുറിച്ചുള്ള ചിന്തയേ അവരുടെ മനസ്സിൽ വന്നില്ല. ബൈബിൾ അധ്യയനത്തിനുള്ള ക്ഷണം അവർ സ്വീകരിച്ചു. യോഗങ്ങൾക്കു പതിവായി സംബന്ധിക്കാൻ തുടങ്ങിയ അവർ വെറും മൂന്നു മാസം കഴിഞ്ഞപ്പോൾ പ്രസംഗവേലയിൽ പങ്കെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അവർ ഇപ്പോൾ സ്‌നാപനമേൽക്കാനായി നോക്കിപ്പാർത്തിരിക്കുകയാണ്‌.

• പശ്ചിമ ലാത്‌വിയയിലെ ഒരു നഗരത്തിൽ ഒരു സാക്ഷി 85-കാരിയായ അന്നായെ കണ്ടുമുട്ടി. അവർ യഥാർഥ താത്‌പര്യം പ്രകടമാക്കുകയും ഒരു ബൈബിൾ അധ്യയനം സ്വീകരിക്കുകയും ചെയ്‌തു. അവരുടെ മകളും മറ്റു കുടുംബാംഗങ്ങളും അവരെ ശക്തമായി എതിർത്തു. എന്നാൽ അധ്യയനം തുടരുന്നതിൽനിന്ന്‌ തന്നെ തടയാൻ ആ എതിർപ്പിനെയോ പ്രായാധിക്യത്തെയോ അനാരോഗ്യത്തെയോ അന്നാ അനുവദിച്ചില്ല.

താൻ സ്‌നാപനമേൽക്കാൻ പോകുകയാണെന്ന്‌ ഒരു ദിവസം അന്നാ മകളോടു പറഞ്ഞു. “സ്‌നാനപ്പെട്ടാൽ ഞാൻ നിങ്ങളെ ഒരു നേഴ്‌സിങ്‌ ഹോമിലേക്ക്‌ അയയ്‌ക്കും” എന്നായിരുന്നു മകളുടെ മറുപടി. എന്നാൽ ആ ഭീഷണിയൊന്നും അന്നായുടെ അടുത്ത്‌ വിലപ്പോയില്ല. ആരോഗ്യപരമായ കാരണങ്ങളാൽ സ്വന്തം വീട്ടിൽ വെച്ചുതന്നെ അന്നാ സ്‌നാപനമേറ്റു.

അന്നായുടെ മകൾ അതിനോട്‌ എങ്ങനെയാണ്‌ പ്രതികരിച്ചത്‌? അവൾക്കു മനംമാറ്റം ഉണ്ടായി. സ്‌നാപനത്തിനു ശേഷം അമ്മയ്‌ക്കു വേണ്ടി അവൾ ഒരു വിശേഷ ഭക്ഷണം ഉണ്ടാക്കി. “സ്‌നാപനമേറ്റ ശേഷം അമ്മയ്‌ക്ക്‌ എന്താണു തോന്നുന്നത്‌” എന്ന്‌ അവൾ ചോദിച്ചപ്പോൾ അന്നായുടെ മറുപടി ഇതായിരുന്നു: “പുതുതായി ജനിച്ചതുപോലെ!”

• 1998 ഡിസംബറിൽ, രണ്ട്‌ സാക്ഷികൾ മുൻ സോവിയറ്റ്‌ യൂണിയനിലെ ഒരു റിട്ടയേർഡ്‌ ആർമി ഓഫീസറെ കണ്ടുമുട്ടി. സ്രഷ്ടാവിൽ വിശ്വാസം ഉണ്ടായിരുന്നതുകൊണ്ട്‌ അദ്ദേഹം ഒരു ബൈബിൾ അധ്യയനം സ്വീകരിച്ചു. പിന്നീട്‌ അദ്ദേഹത്തിന്റെ ഭാര്യയും പഠിക്കാൻ തുടങ്ങി. ത്വരിതഗതിയിൽ പുരോഗതി വരുത്തിയ അവർ പെട്ടെന്നുതന്നെ സ്‌നാപനമേറ്റിട്ടില്ലാത്ത പ്രസാധകരായിത്തീർന്നു. തുടർന്നുവന്ന വസന്തകാലത്ത്‌ ആ മുൻ ഓഫീസർ സ്‌നാപനമേറ്റു. ആത്മീയ കാര്യങ്ങളോട്‌ ഈ ദമ്പതികൾക്കുള്ള ആഴമായ സ്‌നേഹം സഭയിലെ എല്ലാവർക്കും ഒരു പ്രോത്സാഹനമാണ്‌. തന്നെയുമല്ല, അവർ ഇപ്പോൾ ഒരു പ്രാദേശിക ഭവനം നല്ലൊരു രാജ്യഹാളാക്കി മാറ്റുന്ന വേലയിൽ മുഴുകിയിരിക്കുകയാണ്‌.