വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചാവുകടൽ ചുരുളുകൾ—നിങ്ങൾ അവയിൽ താത്‌പര്യമെടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

ചാവുകടൽ ചുരുളുകൾ—നിങ്ങൾ അവയിൽ താത്‌പര്യമെടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

ചാവുകടൽ ചുരുളുകൾ—നിങ്ങൾ അവയിൽ താത്‌പര്യമെടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

ചാവുകടൽ ചുരുളുകൾ കണ്ടുപിടിക്കുന്നതിനു മുമ്പു ലഭ്യമായിരുന്ന എബ്രായ തിരുവെഴുത്തുകളുടെ ഏറ്റവും പഴയ കയ്യെഴുത്തുപ്രതികൾ പൊ.യു. ഒമ്പതും പത്തും നൂറ്റാണ്ടുകളിൽ ഉള്ളവ ആയിരുന്നു. എന്നാൽ, അതിനും ആയിരത്തിലധികം വർഷങ്ങൾക്കു മുമ്പ്‌ എബ്രായ തിരുവെഴുത്തുകളുടെ എഴുത്തു പൂർത്തിയായിരുന്നു. ആ സ്ഥിതിക്ക്‌, ദൈവവചനം വിശ്വസ്‌തമായി നമുക്കു കൈമാറപ്പെട്ടു എന്ന്‌ ഈ കയ്യെഴുത്തുപ്രതികളെ ആധാരമാക്കി നമുക്കു പറയാനാകുമോ? ചാവുകടൽ ചുരുളുകളുടെ അന്താരാഷ്‌ട്ര പത്രാധിപ സംഘത്തിലെ അംഗമായ ഹൂലിയോ ട്രെബോയെ ബാരേരാ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ആയിരത്തിലധികം വർഷക്കാലം യഹൂദ പകർപ്പെഴുത്തുകാർ അത്യന്തം വിശ്വസ്‌തതയോടും അതീവ ശ്രദ്ധയോടും കൂടിയാണു ബൈബിൾ പാഠങ്ങൾ പകർത്തിയെഴുതിയത്‌ എന്നതിനു [കുംറാനിൽനിന്നു ലഭിച്ച] യെശയ്യാ ചുരുൾ തർക്കമറ്റ തെളിവു നൽകുന്നു.”

ബാരേരാ പരാമർശിച്ച ചുരുളിൽ സമ്പൂർണ യെശയ്യാ പുസ്‌തകം ഉൾപ്പെട്ടിരിക്കുന്നു. ഇന്നോളം 200-ലധികം ബൈബിൾ കയ്യെഴുത്തുപ്രതികൾ കുംറാനിൽനിന്നു കണ്ടെടുത്തിട്ടുണ്ട്‌. അവയിൽ എസ്ഥേർ പുസ്‌തകം ഒഴികെ എബ്രായ തിരുവെഴുത്തിലെ എല്ലാ പുസ്‌തകങ്ങളുടെയും ഭാഗങ്ങൾ അടങ്ങിയിട്ടുണ്ട്‌. യെശയ്യാ ചുരുൾ ഒഴികെയുള്ള മിക്ക പുസ്‌തകങ്ങളുടെയും കാര്യത്തിൽ അവയുടെ ശകലങ്ങൾ, ഏതാണ്ട്‌ പത്തിലൊരു ഭാഗം, മാത്രമേ കണ്ടെത്തപ്പെട്ടിട്ടുള്ളൂ. കുംറാനിൽനിന്നു ലഭിച്ച ഏറ്റവും പ്രസിദ്ധമായ ബൈബിൾ പുസ്‌തകങ്ങൾ സങ്കീർത്തനങ്ങൾ (36 പ്രതികൾ), ആവർത്തനപുസ്‌തകം (29 പ്രതികൾ), യെശയ്യാവു (21 പ്രതികൾ) എന്നിവയായിരുന്നു. ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ ഏറ്റവുമധികം ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും ഈ പുസ്‌തകങ്ങളാണ്‌.

ബൈബിൾ പാഠത്തിനു കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്ന്‌ ആ ചുരുളുകൾ വെളിപ്പെടുത്തുന്നു. എന്നുവരികിലും, രണ്ടാമത്തെ ആലയം നിലവിലിരുന്ന കാലഘട്ടത്തിൽ യഹൂദന്മാർ അൽപ്പസ്വൽപ്പം ഭേദഗതികളോടു കൂടിയ എബ്രായ തിരുവെഴുത്തുകളുടെ വ്യത്യസ്‌ത പ്രതികൾ ഉപയോഗിച്ചിരുന്നതായി ചുരുളുകൾ വ്യക്തമാക്കുന്നു. മാസൊരിറ്റിക്‌ പാഠത്തിലെ അതേ അക്ഷരങ്ങളും വാക്കുകളുമല്ല എല്ലാ ചുരുളുകളിലും ഉപയോഗിച്ചിരിക്കുന്നത്‌. ചിലതിന്‌ സെപ്‌റ്റുവജിന്റിനോടാണു കൂടുതൽ സാമ്യം. സെപ്‌റ്റുവജിന്റിലെ വ്യത്യാസങ്ങൾ പരിഭാഷകനു സംഭവിച്ച യാദൃശ്ചികമായ പിശകോ അയാൾ മനപ്പൂർവം കൂട്ടിച്ചേർത്ത ആശയങ്ങൾ പോലുമോ ആണെന്നാണു മുമ്പ്‌ പണ്ഡിതന്മാർ വിചാരിച്ചിരുന്നത്‌. എന്നാൽ, ഇത്തരം പല വ്യത്യാസങ്ങൾക്കുമുള്ള യഥാർഥ കാരണം എബ്രായ പാഠഭാഗങ്ങളിലെ വ്യത്യാസങ്ങളാണെന്ന്‌ ഈ ചുരുളുകൾ വെളിപ്പെടുത്തുന്നു. ആദിമ ക്രിസ്‌ത്യാനികൾ ഉദ്ധരിച്ച എബ്രായ തിരുവെഴുത്തുകളിലെ ചില വാക്കുകൾ മാസൊരിറ്റിക്‌ പാഠത്തിൽനിന്നു വ്യത്യസ്‌തമായിരിക്കുന്നതിന്റെ കാരണം അതായിരിക്കാം.​—⁠പുറപ്പാടു 1:5; പ്രവൃത്തികൾ 7:⁠14.

അങ്ങനെ, ബൈബിൾ ചുരുളുകളുടെയും ശകലങ്ങളുടെയും ഈ അമൂല്യ ശേഖരം, എബ്രായ ബൈബിൾ പാഠങ്ങൾ എങ്ങനെ കൈമാറ്റം ചെയ്യപ്പെട്ടു എന്നു പഠിക്കുന്നതിനുള്ള ഒരു ഉത്‌കൃഷ്ട അടിസ്ഥാനമാണ്‌. ബൈബിൾ പാഠങ്ങൾ താരതമ്യം ചെയ്‌തു പഠിക്കുന്നതിന്‌ സെപ്‌റ്റുവജിന്റ്‌ ഭാഷാന്തരവും ശമര്യൻ പഞ്ചഗ്രന്ഥങ്ങളും എത്ര മൂല്യവത്താണെന്നു ചാവുകടൽ ചുരുളുകൾ സ്ഥിരീകരിക്കുന്നു. മാസൊരിറ്റിക്‌ പാഠത്തിൽനിന്നു പരിഭാഷ നടത്തുമ്പോൾ പാഠഭാഗങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ അവ പരിഭാഷകരെ സഹായിക്കുന്നു. മാസൊരിറ്റിക്‌ പാഠത്തിൽ യഹോവയുടെ നാമം നീക്കിക്കളഞ്ഞിരുന്ന തിരുവെഴുത്തു ഭാഗങ്ങൾ പരിഭാഷപ്പെടുത്തവെ അവിടെ യഹോവയുടെ നാമം വീണ്ടും ചേർക്കാനുള്ള പുതിയ ലോക ബൈബിൾ ഭാഷാന്തര കമ്മിറ്റിയുടെ തീരുമാനത്തെ ആ ചുരുളുകൾ പിന്താങ്ങുന്നു.

യേശുവിന്റെ കാലത്ത്‌ ഒന്നിലധികം യഹൂദ മതഭേദങ്ങൾ നിലവിലുണ്ടായിരുന്നതായി കുംറാൻ മതവിഭാഗത്തിന്റെ നിയമങ്ങളെയും വിശ്വാസങ്ങളെയും വിവരിക്കുന്ന ചുരുളുകൾ വ്യക്തമാക്കുന്നു. പരീശന്മാരിൽനിന്നും സദൂക്യരിൽനിന്നും വ്യത്യസ്‌തമായ പാരമ്പര്യങ്ങളായിരുന്നു കുംറാൻ മതവിഭാഗക്കാർ പിൻപറ്റിയിരുന്നത്‌. ഈ വ്യത്യാസങ്ങളായിരിക്കാം മരുഭൂമിയിൽ ഒറ്റപ്പെട്ടു ജീവിക്കുന്നതിലേക്ക്‌ അവരെ നയിച്ചത്‌. യെശയ്യാവു 40:​3 അനുസരിച്ച്‌, മരുഭൂമിയിൽ യഹോവയ്‌ക്കു വഴി നിരപ്പാക്കുവിൻ എന്നു വിളിച്ചുപറയുന്ന ശബ്ദം തങ്ങളുടേതാണെന്ന്‌ അവർ തെറ്റിദ്ധരിച്ചു. ചുരുൾശകലങ്ങളിൽ പലതും മിശിഹായെ കുറിച്ചു പരാമർശിക്കുന്നുണ്ട്‌. അതിന്റെ എഴുത്തുകാർ മിശിഹായുടെ വരവ്‌ ആസന്നമാണെന്നു വിചാരിച്ചിരുന്നതായി അവ പ്രകടമാക്കുന്നു. ഇതു വിശേഷാൽ താത്‌പര്യജനകമായ സംഗതിയാണ്‌. കാരണം, മിശിഹായുടെ വരവിനുവേണ്ടി “ജനം കാത്തുനിന്നു” എന്ന്‌ ലൂക്കൊസും അഭിപ്രായപ്പെടുന്നുണ്ട്‌.​—⁠ലൂക്കൊസ്‌ 3:⁠15.

യേശു പ്രസംഗവേലയിൽ ഏർപ്പെട്ടിരുന്ന കാലത്ത്‌ യഹൂദന്മാരുടെ ജീവിതരീതി എങ്ങനെയിരുന്നു എന്നു മനസ്സിലാക്കാൻ ചാവുകടൽ ചുരുളുകൾ ഒരു പരിധിവരെ നമ്മെ സഹായിക്കുന്നു. അവ പുരാതന എബ്രായ ഭാഷയും ബൈബിൾ പാഠഭാഗങ്ങളും താരതമ്യം ചെയ്‌തു പഠിക്കാൻ സഹായകമായ വിവരങ്ങൾ പ്രദാനം ചെയ്യുന്നു. എങ്കിലും ചാവുകടൽ ചുരുളുകളിലെ പാഠഭാഗങ്ങളിൽ പലതും ഇപ്പോഴും അടുത്തു വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. അങ്ങനെ കൂടുതൽ ഉൾക്കാഴ്‌ച നേടാൻ കഴിഞ്ഞേക്കും. അതേ, 20-ാം നൂറ്റാണ്ടിലെ പുരാവസ്‌തുപരമായ ഏറ്റവും വലിയ ഈ കണ്ടുപിടിത്തം ഈ 21-ാം നൂറ്റാണ്ടിലും പണ്ഡിതരെയും ബൈബിൾ വിദ്യാർഥികളെയും ആവേശം കൊള്ളിക്കുന്നതിൽ തുടരുന്നു.

[7-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

കുംറാൻ കുഴിച്ചെടുക്കലുകൾ: Pictorial Archive (Near Eastern History) Est.; കയ്യെഴുത്തുപ്രതി: Courtesy of Shrine of the Book, Israel Museum, Jerusalem