വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ കോപദിവസത്തിനു മുമ്പേ അവനെ അന്വേഷിപ്പിൻ

യഹോവയുടെ കോപദിവസത്തിനു മുമ്പേ അവനെ അന്വേഷിപ്പിൻ

യഹോവയുടെ കോപദിവസത്തിനു മുമ്പേ അവനെ അന്വേഷിപ്പിൻ

‘യഹോവയെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൗമ്യത അന്വേഷിപ്പിൻ; പക്ഷെ [“ഒരുപക്ഷേ,” NW] നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.’​—⁠സെഫന്യാവു 2:⁠3.

1. സെഫന്യാവ്‌ പ്രവാചകവേല ആരംഭിച്ചപ്പോൾ യഹൂദയിലെ ആത്മീയ അവസ്ഥ എന്തായിരുന്നു?

യഹൂദയുടെ ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിലാണ്‌ സെഫന്യാവ്‌ തന്റെ പ്രവാചകവേല ആരംഭിച്ചത്‌. ജനത്തിന്റെ ആത്മീയ അവസ്ഥ പരിതാപകരമായിരുന്നു. യഹോവയെ ആശ്രയിക്കുന്നതിനു പകരം, അവർ പുറജാതീയ പുരോഹിതന്മാരുടെയും ജ്യോതിഷക്കാരുടെയും മാർഗനിർദേശം തേടി. ഉർവരപൂജകൾ ഉൾപ്പെട്ടിരുന്ന ബാൽ ആരാധന ദേശത്തെങ്ങും വ്യാപകമായിരുന്നു. ജനത്തലവന്മാരായിരുന്ന രാജകുമാരന്മാരും പ്രഭുക്കന്മാരും ന്യായാധിപന്മാരും ജനത്തെ സംരക്ഷിക്കേണ്ടതിനു പകരം അടിച്ചമർത്തുകയായിരുന്നു. (സെഫന്യാവു 1:9; 3:⁠3) യഹൂദയെയും യെരൂശലേമിനെയും നശിപ്പിക്കാനായി തന്റെ ‘കൈ നീട്ടാൻ’ യഹോവ തീരുമാനിച്ചതിൽ അതിശയിക്കാനില്ല!​—⁠സെഫന്യാവു 1:⁠4.

2. യഹൂദയിലെ വിശ്വസ്‌ത ദൈവദാസന്മാർക്ക്‌ എന്തു പ്രത്യാശ ഉണ്ടായിരുന്നു?

2 സാഹചര്യം വളരെ മോശമായിരുന്നെങ്കിലും, നേരിയ പ്രത്യാശയ്‌ക്കു വകയുണ്ടായിരുന്നു. ആമോന്റെ മകനായ യോശീയാവ്‌ ആയിരുന്നു അന്നു രാജാവ്‌. ഒരു ബാലൻ ആയിരുന്നെങ്കിലും അവനു യഹോവയോട്‌ യഥാർഥ സ്‌നേഹമുണ്ടായിരുന്നു. യഹോവയെ വിശ്വസ്‌തമായി സേവിച്ചിരുന്നവർ എണ്ണത്തിൽ വളരെ കുറവായിരുന്നു. പുതിയ രാജാവായ യോശീയാവ്‌ യഹൂദയിൽ സത്യാരാധന പുനഃസ്ഥാപിക്കുന്ന പക്ഷം അത്‌ അവർക്ക്‌ എത്ര ആശ്വാസം പകരുമായിരുന്നു! ഒരുപക്ഷേ മറ്റുള്ളവർ അവരോടു ചേരാൻ പ്രേരിതരാകുകയും അങ്ങനെ യഹോവയുടെ കോപദിവസത്തിൽ സംരക്ഷിക്കപ്പെടുകയും ചെയ്യുമായിരുന്നു.

രക്ഷയ്‌ക്കുള്ള നിബന്ധനകൾ

3, 4. “യഹോവയുടെ കോപദിവസത്തിൽ” രക്ഷിക്കപ്പെടുന്നതിന്‌ ഒരുവൻ ഏതു മൂന്നു നിബന്ധനകളിൽ എത്തിച്ചേരണം?

3 വാസ്‌തവത്തിൽ യഹോവയുടെ കോപദിവസത്തിൽ ആരെങ്കിലും സംരക്ഷിക്കപ്പെടുമായിരുന്നോ? ഉവ്വ്‌, സെഫന്യാവു 2:​1-3-ൽ വിവരിച്ചിരിക്കുന്ന മൂന്നു വ്യവസ്ഥകളിൽ എത്തിച്ചേരുന്നപക്ഷം. ആ വാക്യങ്ങൾ വായിക്കവെ, നമുക്ക്‌ ആ മൂന്നു വ്യവസ്ഥകൾക്കു സവിശേഷ ശ്രദ്ധ നൽകാം. സെഫന്യാവ്‌ എഴുതി: “നിർണ്ണയം ഫലിക്കുന്നതിന്നു മുമ്പെ​—⁠ദിവസം പതിർപോലെ പാറിപ്പോകുന്നു​—⁠യഹോവയുടെ ഉഗ്രകോപം നിങ്ങളുടെ മേൽ വരുന്നതിന്നു മുമ്പെ, യഹോവയുടെ കോപദിവസം നിങ്ങളുടെ മേൽ വരുന്നതിന്നു മുമ്പെ, . . . യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ; പക്ഷെ [“ഒരുപക്ഷേ,” NW] നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.”

4 അതുകൊണ്ട്‌ രക്ഷിക്കപ്പെടുന്നതിന്‌ ഒരുവൻ (1) യഹോവയെ അന്വേഷിക്കണമായിരുന്നു, (2) നീതി അന്വേഷിക്കണമായിരുന്നു, (3) സൗമ്യത അന്വേഷിക്കണമായിരുന്നു. ഈ നിബന്ധനകളിൽ ഇന്നു നാം തത്‌പരർ ആയിരിക്കണം. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ, പൊ.യു.മു. ഏഴാം നൂറ്റാണ്ടിൽ യഹൂദയ്‌ക്കും യെരൂശലേമിനും ഒരു ന്യായവിധി ദിവസത്തെ അഭിമുഖീകരിക്കേണ്ടി വന്നതുപോലെ, ക്രൈസ്‌തവലോക രാഷ്‌ട്രങ്ങളും​—⁠അതേ, മുഴു ദുഷ്ടന്മാരും​—⁠ആസന്നമായ “മഹോപദ്രവ”ത്തിൽ യഹോവയാം ദൈവവുമായുള്ള ഒരു അന്തിമ കണക്കുതീർപ്പിന്റെ ദിവസത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. (മത്തായി 24:​21, NW) അന്ന്‌ രക്ഷിക്കപ്പെടാൻ ആഗ്രഹിക്കുന്ന ഏതൊരുവനും ഇപ്പോൾ നിർണായക നടപടികൾ സ്വീകരിക്കേണ്ടതുണ്ട്‌. എങ്ങനെ? വൈകുന്നതിനു മുമ്പേ, യഹോവയെ അന്വേഷിച്ചുകൊണ്ട്‌, നീതി അന്വേഷിച്ചുകൊണ്ട്‌, സൗമ്യത അന്വേഷിച്ചുകൊണ്ട്‌!

5. ഇന്ന്‌ ‘യഹോവയെ അന്വേഷിക്കുന്നതിൽ’ എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നു?

5 ഒരുപക്ഷേ നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കാം: ‘ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരുവനാണ്‌, സമർപ്പിച്ചു സ്‌നാപനമേറ്റ ഒരു ദൈവദാസൻ. ആ സ്ഥിതിക്ക്‌ ഞാൻ ഇപ്പോൾത്തന്നെ ആ നിബന്ധനകളിൽ എത്തിച്ചേർന്നിട്ടില്ലേ?’ വാസ്‌തവത്തിൽ, യഹോവയ്‌ക്കു നമ്മെത്തന്നെ സമർപ്പിക്കുന്നതിലും അധികം കാര്യങ്ങൾ അതിൽ ഉൾപ്പെട്ടിരിക്കുന്നു. ഇസ്രായേൽ ഒരു സമർപ്പിത ജനതയായിരുന്നു. എന്നാൽ സെഫന്യാവിന്റെ നാളിൽ യഹൂദയിലെ ജനങ്ങളുടെ ജീവിതം ആ സമർപ്പണത്തിനു ചേർച്ചയിൽ ആയിരുന്നില്ല. തത്‌ഫലമായി ആ ജനത ഒടുവിൽ ഛേദിക്കപ്പെട്ടു. ഇന്ന്‌ ‘യഹോവയെ അന്വേഷിക്കുന്നതിൽ,’ അവന്റെ ഭൗമിക സംഘടനയോടു സഹവസിച്ചുകൊണ്ട്‌ അവനുമായി വ്യക്തിപരമായ ഒരു ഊഷ്‌മള ബന്ധം വളർത്തിയെടുക്കുന്നതും നിലനിറുത്തുന്നതും ഉൾപ്പെടുന്നു. അതിന്റെ അർഥം കാര്യങ്ങൾ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം അറിയുകയും അവന്റെ വികാരങ്ങൾക്കു ശ്രദ്ധ കൊടുക്കുകയും ചെയ്യുക എന്നാണ്‌. യഹോവയുടെ വചനം ശ്രദ്ധാപൂർവം പഠിക്കുകയും അതേക്കുറിച്ചു ധ്യാനിക്കുകയും അതിലെ ബുദ്ധിയുപദേശം ജീവിതത്തിൽ ബാധകമാക്കുകയും ചെയ്യുമ്പോൾ നാം അവനെ അന്വേഷിക്കുകയാണ്‌ ചെയ്യുന്നത്‌. കൂടാതെ, തീക്ഷ്‌ണമായ പ്രാർഥനയിലൂടെ നാം യഹോവയുടെ മാർഗനിർദേശം തേടുകയും അവന്റെ പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പ്‌ അനുസരിക്കുകയും ചെയ്യുമ്പോൾ അവനുമായുള്ള നമ്മുടെ ബന്ധം ബലിഷ്‌ഠമാകുകയും ‘പൂർണ്ണ ഹൃദയത്തോടും മനസ്സോടും ശക്തിയോടും കൂടെ’ അവനെ സേവിക്കാൻ നാം പ്രചോദിതരാകുകയും ചെയ്യും.​—⁠ആവർത്തനപുസ്‌തകം 6:5; ഗലാത്യർ 5:22-25; ഫിലിപ്പിയർ 4:6, 7; വെളിപ്പാടു 4:⁠11.

6. നാം എങ്ങനെയാണ്‌ “നീതി അന്വേഷി”ക്കുന്നത്‌, ഇന്നത്തെ ലോകത്തിലും അതു സാധ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

6 സെഫന്യാവു 2:​3-ൽ പരാമർശിച്ചിരിക്കുന്ന രണ്ടാമത്തെ നിബന്ധന “നീതി അന്വേഷി”ക്കുക എന്നതാണ്‌. സ്‌നാപനത്തിനു യോഗ്യത പ്രാപിക്കാൻ തക്കവണ്ണം നമ്മിൽ മിക്കവരും ജീവിതത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി. എന്നിരുന്നാലും, ജീവിതത്തിൽ ഉടനീളം നാം യഹോവയുടെ നീതിയുള്ള ധാർമിക നിലവാരങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ തുടരണം. ഇക്കാര്യത്തിൽ വളരെ നന്നായി പ്രവർത്തിച്ചു തുടങ്ങിയ ചിലർ തങ്ങളുടെമേൽ ഈ ലോകത്തിന്റെ കളങ്കമേൽക്കാൻ അനുവദിച്ചിരിക്കുന്നു. നീതി അന്വേഷിക്കുന്നത്‌ എല്ലായ്‌പോഴും എളുപ്പമല്ല. കാരണം ലൈംഗിക അധാർമികതയും ഭോഷ്‌കും വഞ്ചനയുമൊക്കെ സാധാരണ സംഗതികളായി വീക്ഷിക്കുന്ന ആളുകളാണ്‌ നമുക്കു ചുറ്റുമുള്ളത്‌. എന്നാൽ യഹോവയെ പ്രസാദിപ്പിക്കാനുള്ള ശക്തമായ ആഗ്രഹമുണ്ടെങ്കിൽ, ലോകത്തോട്‌ ഇഴുകിച്ചേർന്നുകൊണ്ട്‌ അതിന്റെ അംഗീകാരം നേടാനുള്ള ഏതൊരു പ്രവണതയെയും നമുക്കു ജയിച്ചടക്കാനാകും. യഹൂദയ്‌ക്ക്‌ യഹോവയുടെ അംഗീകാരം നഷ്ടപ്പെട്ടത്‌, അതു പുറജാതീയ അയൽരാജ്യങ്ങളെ അനുകരിക്കാൻ ശ്രമിച്ചതുകൊണ്ടാണ്‌. അതുകൊണ്ട്‌ ലോകത്തെ അനുകരിക്കുന്നതിനു പകരം, “യഥാർഥ നീതിയിലും വിശ്വസ്‌തതയിലും ദൈവഹിതപ്രകാരം സൃഷ്ടിക്കപ്പെട്ട പുതിയ വ്യക്തിത്വം ധരിച്ചു”കൊണ്ട്‌ നമുക്കു “ദൈവത്തെ അനുകരി”ക്കാം.​—⁠എഫെസ്യർ 4:​24, NW; 5:​1.

7. നാം ‘സൗമ്യത അന്വേഷിക്കുന്നത്‌’ എങ്ങനെ?

7 യഹോവയുടെ കോപദിവസത്തിൽ മറയ്‌ക്കപ്പെടാൻ ആഗ്രഹിക്കുന്നെങ്കിൽ, നാം ‘സൗമ്യത അന്വേഷിക്കണം’ എന്നതാണ്‌ സെഫന്യാവു 2:​3-ലെ മൂന്നാമത്തെ ആശയം. സൗമ്യത എന്താണെന്നു പോലും അറിയില്ലാത്ത ആളുകളുമായി നമുക്ക്‌ അനുദിനം ഇടപെടേണ്ടിവരുന്നു. അവരെ സംബന്ധിച്ചിടത്തോളം സൗമ്യത ഒരു പോരായ്‌മയാണ്‌. കീഴ്‌പെടലിനെ അവർ ഗുരുതരമായ ഒരു ബലഹീനതയായി കാണുന്നു. അവർ കർക്കശരും സ്വാർഥരും നിർബന്ധബുദ്ധികളുമാണ്‌. തങ്ങളുടെ വ്യക്തിപരമായ “അവകാശങ്ങൾ” എന്ന്‌ അവർ കരുതുന്ന കാര്യങ്ങളും സ്വന്തം ഇഷ്ടങ്ങളും എന്തു വിലകൊടുത്തും നടപ്പാക്കാൻ അവർ ശ്രമിക്കുന്നു. അത്തരം മനോഭാവങ്ങളിൽ ചിലത്‌ നമ്മെ ബാധിക്കുന്നെങ്കിൽ അത്‌ എത്ര സങ്കടകരമായിരിക്കും! ഇത്‌ ‘സൗമ്യത അന്വേഷിക്കാനുള്ള’ സമയമാണ്‌. എങ്ങനെ? ദൈവത്തിന്‌ കീഴ്‌പ്പെട്ടിരുന്നുകൊണ്ടും അവനിൽനിന്നുള്ള ശിക്ഷണം താഴ്‌മയോടെ സ്വീകരിച്ചുകൊണ്ടും അവന്റെ ഹിതാനുസരണം പ്രവർത്തിച്ചുകൊണ്ടും.

“ഒരുപക്ഷേ” മറഞ്ഞിരിക്കാം എന്നു പറഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ട്‌?

8. സെഫന്യാവു 2:​3-ലെ “ഒരുപക്ഷേ” എന്ന പദത്തിന്റെ ഉപയോഗം എന്തു സൂചിപ്പിക്കുന്നു?

8 “ഒരുപക്ഷേ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം” എന്നു സെഫന്യാവു 2:​3-ൽ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. ‘ഭൂമിയിലെ സൗമ്യരെ’ അഭിസംബോധന ചെയ്‌തപ്പോൾ എന്തുകൊണ്ടാണ്‌ “ഒരുപക്ഷേ” എന്ന പദം ഉപയോഗിച്ചിരിക്കുന്നത്‌? ആ സൗമ്യർ ക്രിയാത്മക നടപടികൾ സ്വീകരിച്ചിട്ടുണ്ടായിരുന്നു, എങ്കിൽപ്പോലും അമിതമായ ആത്മവിശ്വാസത്തിന്‌ യാതൊരു കാരണവുമില്ലായിരുന്നു. അവർ തങ്ങളുടെ വിശ്വസ്‌ത ജീവിതഗതിയുടെ അന്ത്യത്തിൽ എത്തിച്ചേർന്നിരുന്നില്ല. അവരിൽ ചിലർ പാപത്തിലേക്കു വഴുതിവീഴാനുള്ള സാധ്യത ഉണ്ടായിരുന്നു. നമ്മുടെ കാര്യത്തിലും അതു സത്യമാണ്‌. യേശു ഇങ്ങനെ പറഞ്ഞു: “അവസാനത്തോളം സഹിച്ചുനില്‌ക്കുന്നവൻ രക്ഷിക്കപ്പെടും.” (മത്തായി 24:13) യഹോവയുടെ കോപദിവസത്തിൽ രക്ഷപ്പെടുന്നത്‌, നാം ശരിയായതു ചെയ്യുന്നതിൽ തുടരുന്നുവോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അങ്ങനെ ചെയ്യുന്നതിൽ തുടരാനാണോ നിങ്ങളുടെ ഉറച്ച തീരുമാനം?

9. യുവരാജാവായ യോശീയാവ്‌ സ്വീകരിച്ച നീതിനിഷ്‌ഠമായ നടപടികൾ ഏവ?

9 സെഫന്യാവിന്റെ വാക്കുകളായിരിക്കാം ‘യഹോവയെ അന്വേഷിക്കാൻ’ യുവരാജാവായ യോശീയാവിനെ പ്രചോദിപ്പിച്ചത്‌. തിരുവെഴുത്തുകൾ ഇങ്ങനെ പറയുന്നു: “അവന്റെ വാഴ്‌ചയുടെ എട്ടാം ആണ്ടിൽ, അവന്റെ യൌവനത്തിൽ [ഏകദേശം 16 വയസ്സുള്ളപ്പോൾ] തന്നെ, [യോശീയാവ്‌] തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി.” (2 ദിനവൃത്താന്തം 34:⁠3) യോശീയാവ്‌ ‘നീതി അന്വേഷിക്കുന്നതിലും’ തുടർന്നു. കാരണം നാം ഇങ്ങനെ വായിക്കുന്നു: “പന്ത്രണ്ടാം ആണ്ടിൽ [യോശീയാവിന്‌ ഏകദേശം 20 വയസ്സുള്ളപ്പോൾ] അവൻ പൂജാഗിരികളെയും അശേരാപ്രതിഷ്‌ഠകളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും നീക്കി യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുവാൻ തുടങ്ങി. അവൻ കാൺകെ അവർ ബാൽവിഗ്രഹങ്ങളുടെ ബലിപീഠങ്ങളെ ഇടിച്ചുകളഞ്ഞു.” (2 ദിനവൃത്താന്തം 34:3, 4) ദേശത്തുനിന്ന്‌ വിഗ്രഹാരാധനയും മറ്റ്‌ വ്യാജ മതാചാരങ്ങളും നീക്കം ചെയ്‌തുകൊണ്ട്‌ യഹോവയെ പ്രീതിപ്പെടുത്താൻ താഴ്‌മയോടെ പ്രവർത്തിക്കുക വഴി യോശീയാവ്‌ ‘സൗമ്യതയും അന്വേഷിച്ചു.’ ആ നടപടികൾ സൗമ്യരായ മറ്റുള്ളവരെ എത്രമാത്രം സന്തോഷിപ്പിച്ചിരിക്കണം!

10. പൊ.യു.മു. 607-ൽ യഹൂദയ്‌ക്ക്‌ എന്തു സംഭവിച്ചു, എന്നാൽ ആർ സംരക്ഷിക്കപ്പെട്ടു?

10 യോശീയാവിന്റെ ഭരണകാലത്ത്‌ അനേകം യഹൂദന്മാർ യഹോവയിലേക്കു തിരിഞ്ഞു. എന്നാൽ അവന്റെ മരണശേഷം മിക്കവരും തങ്ങളുടെ പഴയ വഴികളിലേക്കു മടങ്ങിക്കൊണ്ട്‌ ദൈവത്തിന്‌ തീർത്തും അസ്വീകാര്യമായ കാര്യങ്ങൾ ചെയ്‌തു. യഹോവ നിർണയിച്ചിരുന്നതുപോലെ തന്നെ, പൊ.യു.മു. 607-ൽ ബാബിലോണിയർ യഹൂദയെ കീഴടക്കി അതിന്റെ തലസ്ഥാന നഗരമായ യെരൂശലേമിനെ നശിപ്പിച്ചു. പക്ഷേ, സാഹചര്യം തീർത്തും ആശയറ്റത്‌ ആയിരുന്നില്ല. പ്രവാചകനായ യിരെമ്യാവും കൂശ്യനായ ഏബെദ്‌-മേലെക്കും യോനാദാബിന്റെ വംശജരും ദൈവത്തോടു വിശ്വസ്‌തരായിരുന്ന മറ്റുള്ളവരും ‘യഹോവയുടെ ആ കോപദിവസത്തിൽ’ മറയ്‌ക്കപ്പെട്ടു.​—⁠യിരെമ്യാവ്‌ 35:18, 19; 39:11, 12, 15-18.

ദൈവത്തിന്റെ ശത്രുക്കളേ, ശ്രദ്ധിക്കുവിൻ!

11. ഇന്ന്‌ ദൈവത്തോടു വിശ്വസ്‌തരായി തുടരുന്നത്‌ ഒരു വെല്ലുവിളി ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌, യഹോവയുടെ ജനത്തിന്റെ ശത്രുക്കൾ എന്തു പരിചിന്തിക്കുന്നതു നന്നായിരിക്കും?

11 ഈ ദുഷ്ടവ്യവസ്ഥിതിയുടെ മേലുള്ള യഹോവയുടെ കോപദിവസത്തിനായി കാത്തിരിക്കവെ, നാം “വിവിധപരീക്ഷകളിൽ അകപ്പെടു”ന്നു. (യാക്കോബ്‌ 1:⁠2) ആരാധനാ സ്വാതന്ത്ര്യത്തിനു വില കൽപ്പിക്കുന്നതായി അവകാശപ്പെടുന്ന അനേകം രാജ്യങ്ങളിൽ, ദൈവജനത്തിന്മേൽ ക്രൂരമായ പീഡനം അഴിച്ചുവിടാൻ ലൗകിക അധികാരികളുടെമേൽ തങ്ങൾക്കുള്ള സ്വാധീനം പുരോഹിതവർഗം വളരെ തന്ത്രപൂർവം ഉപയോഗിച്ചിരിക്കുന്നു. തത്ത്വദീക്ഷയില്ലാത്ത ആളുകൾ യഹോവയുടെ ദാസന്മാർക്ക്‌ എതിരെ കുപ്രചാരണം നടത്തിക്കൊണ്ട്‌ അവരെ ‘അപകടകരമായ ഒരു മതപ്രസ്ഥാന’മായി മുദ്രകുത്തുന്നു. അവരുടെ നടപടികളെ കുറിച്ച്‌ യഹോവ ബോധവാനാണ്‌, അവർ ശിക്ഷിക്കപ്പെടാതെ പോകില്ല. ദൈവജനത്തെ എതിർത്തിരുന്ന പുരാതന കാലത്തെ ഫെലിസ്‌ത്യരെ പോലുള്ള ശത്രുക്കൾക്ക്‌ എന്തു സംഭവിച്ചുവെന്ന്‌ അവന്റെ ശത്രുക്കൾ ചിന്തിക്കുന്നതു നന്നായിരിക്കും. പ്രവചനം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ഗസ്സാ നിർജ്ജനമാകും; അസ്‌കലോൻ ശൂന്യമായ്‌തീരും; അസ്‌തോദിനെ അവർ മദ്ധ്യാഹ്നത്തിങ്കൽ നീക്കിക്കളയും; എക്രോന്നു നിർമ്മൂലനാശം വരും.” ഫെലിസ്‌ത്യ നഗരങ്ങളായ ഗസ്സായും അസ്‌കലോനും അസ്‌തോദും എക്രോനും നശിപ്പിക്കപ്പെടുമായിരുന്നു.​—⁠സെഫന്യാവു 2:4-7.

12. ഫെലിസ്‌ത്യയ്‌ക്കും മോവാബിനും അമ്മോനും എന്തു സംഭവിച്ചു?

12 പ്രവചനം ഇങ്ങനെ തുടരുന്നു: “മോവാബിന്റെ ധിക്കാരവും അമ്മോന്യർ എന്റെ ജനത്തെ നിന്ദിച്ചു അവരുടെ ദേശത്തിന്നു വിരോധമായി വമ്പു പറഞ്ഞ ശകാരങ്ങളും ഞാൻ കേട്ടിരിക്കുന്നു.” (സെഫന്യാവു 2:⁠8) ഈജിപ്‌തിനെയും എത്യോപ്യയെയും ബാബിലോണിയൻ ആക്രമണകാരികൾ നശിപ്പിച്ചു എന്നതു സത്യമാണ്‌. എന്നാൽ അബ്രാഹാമിന്റെ സഹോദര പുത്രനായ ലോത്തിന്റെ വംശജരായ മോവാബ്യർക്കും അമ്മോന്യർക്കും എതിരെയുള്ള യഹോവയുടെ ന്യായവിധി എന്തായിരുന്നു? യഹോവ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “മോവാബ്‌ സൊദോമെപ്പോലെയും അമ്മോന്യർ ഗൊമോറയെപ്പോലെയും . . . ആയിത്തീരും.” അവരുടെ പൂർവികരായിരുന്ന ലോത്തിന്റെ പുത്രിമാർ ഇരുവരും സൊദോമിന്റെയും ഗൊമോറയുടെയും നാശത്തെ അതിജീവിച്ചിരുന്നു. എന്നാൽ അഹങ്കാരികൾ ആയിരുന്ന മോവാബ്യരും അമ്മോന്യരും ദൈവത്തിന്റെ തീക്ഷ്‌ണമായ ന്യായവിധികളിൽനിന്നു മറയ്‌ക്കപ്പെടുമായിരുന്നില്ല. (സെഫന്യാവു 2:9-12; ഉല്‌പത്തി 19:16, 23-26, 36-38) ഇന്ന്‌ ഫെലിസ്‌ത്യ എവിടെ, അതിലെ നഗരങ്ങൾ എവിടെ? ഒരു കാലത്ത്‌ അഹങ്കാരപൂർവം പെരുമാറിയിരുന്ന മോവാബ്യരും അമ്മോന്യരും എവിടെ? നിങ്ങൾ അവരെ അന്വേഷിച്ചാലും കണ്ടെത്തുകയില്ല.

13. നീനെവേയിൽ ഏതു പുരാവസ്‌തു കണ്ടുപിടിത്തം നടന്നു?

13 സെഫന്യാവിന്റെ നാളിൽ, അസീറിയൻ സാമ്രാജ്യം അതിന്റെ ശക്തിയുടെ പാരമ്യത്തിൽ ആയിരുന്നു. പുരാവസ്‌തു ശാസ്‌ത്രജ്ഞനായ ഓസ്റ്റൻ ലേയാർഡ്‌ അസീറിയയുടെ തലസ്ഥാനമായിരുന്ന നീനെവേയിൽനിന്നു രാജകൊട്ടാരത്തിന്റെ ഒരു ഭാഗം കുഴിച്ചെടുക്കുകയുണ്ടായി. അതേക്കുറിച്ച്‌ അദ്ദേഹം ഇങ്ങനെ എഴുതി: “അതിന്റെ മച്ച്‌ . . . ചതുരങ്ങളായി തിരിച്ച്‌ അവയിൽ പുഷ്‌പങ്ങളുടെയോ മൃഗങ്ങളുടെയോ ചിത്രങ്ങൾ വരച്ചിരുന്നു. അവയിൽ ചിലത്‌ ആനക്കൊമ്പുകൊണ്ട്‌ അലങ്കരിച്ചവ ആയിരുന്നു. ഓരോ ചതുരത്തിന്റെയും അരികുകൾ അതിമനോഹരമായി മോടിപിടിപ്പിച്ചിരുന്നു. ഉത്തരങ്ങളും മുറികളുടെ ഭിത്തികളും സ്വർണംകൊണ്ടും വെള്ളികൊണ്ടും പൊതിഞ്ഞതോ അവ പൂശിയതോ ആയിരുന്നിരിക്കാം. വളരെ വിലപിടിപ്പുള്ള അപൂർവതരം തടിയാണ്‌ മരപ്പണിക്കായി ഉപയോഗിച്ചിരുന്നത്‌. ദേവദാരു ആയിരുന്നു അവയിൽ പ്രധാനം.” എന്നാൽ സെഫന്യാവിന്റെ പ്രവചനത്തിൽ മുൻകൂട്ടി പറഞ്ഞതു പോലെ, അസീറിയ (അശ്ശൂർ) നശിപ്പിക്കപ്പെടുകയും അതിന്റെ തലസ്ഥാനനഗരമായ നീനെവേ “ശൂന്യ”മായിത്തീരുകയും ചെയ്യുമായിരുന്നു.​—⁠സെഫന്യാവു 2:⁠13.

14. സെഫന്യാവിന്റെ പ്രവചനം നീനെവേയുടെമേൽ നിവൃത്തിയേറിയത്‌ എങ്ങനെ?

14 സെഫന്യാവ്‌ ആ വാക്കുകൾ ഉച്ചരിച്ച്‌ വെറും 15 വർഷം കഴിഞ്ഞപ്പോൾ ശക്തയായ നീനെവേ നശിപ്പിക്കപ്പെട്ടു. അതിലെ രാജകൊട്ടാരം തകർന്നു തരിപ്പണമായി. അതേ, ആ ഉദ്ധത നഗരം ശൂന്യശിഷ്ടമായി. ആ നാശത്തിന്റെ വ്യാപ്‌തി ഇങ്ങനെ മുൻകൂട്ടി പറയപ്പെട്ടിരുന്നു: “അതിന്റെ [വീണുപോയ] പോതികകളുടെ ഇടയിൽ വേഴാമ്പലും മുള്ളനും രാപാർക്കും; കിളിവാതില്‌ക്കൽ പാട്ടു പാടുന്നതു കേട്ടോ! ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാൽ ഉമ്മരപ്പടിക്കൽ ശൂന്യതയുണ്ടു.” (സെഫന്യാവു 2:14, 15) നീനെവേയുടെ പ്രൗഢമന്ദിരങ്ങൾ വേഴാമ്പലിനും മുള്ളനും മാത്രം പാർക്കാൻ കൊള്ളാവുന്നത്‌ ആയിത്തീരുമായിരുന്നു. നഗര വീഥിയിൽനിന്നു കച്ചവടക്കാരുടെ ശബ്ദവും യോദ്ധാക്കളുടെ ആർപ്പുവിളിയും പുരോഹിതന്മാരുടെ മന്ത്രോച്ചാരണങ്ങളും പൊയ്‌പോകും. ഒരു കാലത്തെ തിരക്കേറിയ ആ തെരുവീഥികളിലെ കിളിവാതിലുകളിൽ ഒരു കളകൂജനവും കാറ്റിന്റെ മർമ്മരവും മാത്രമേ കേൾക്കാനുണ്ടാകൂ. സമാനമായി ദൈവത്തിന്റെ ഇപ്പോഴത്തെ എല്ലാ ശത്രുക്കളും നാശത്തിന്‌ ഇരയാകട്ടെ!

15. ഫെലിസ്‌ത്യയ്‌ക്കും മോവാബിനും അമ്മോനും അസീറിയ്‌ക്കും സംഭവിച്ചതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും?

15 മോവാബ്യർക്കും അമ്മോന്യർക്കും ഫെലിസ്‌ത്യർക്കും അസീറിയയ്‌ക്കും സംഭവിച്ച സംഗതികളിൽനിന്ന്‌ നമുക്ക്‌ എന്താണു പഠിക്കാൻ കഴിയുന്നത്‌? ഇത്‌: യഹോവയുടെ ദാസന്മാരായ നാം ശത്രുക്കളെ ഭയപ്പെടേണ്ടതേ ഇല്ല. തന്റെ ജനത്തെ എതിർക്കുന്നവരുടെ ചെയ്‌തികൾ യഹോവ കാണുന്നുണ്ട്‌. തന്റെ കഴിഞ്ഞകാല ശത്രുക്കൾക്ക്‌ എതിരെ യഹോവ നടപടി എടുത്തു. ഇന്ന്‌, യഹോവയുടെ ന്യായവിധി മുഴു നിവസിത ഭൂമിയുടെ മേലും വരും. എന്നിരുന്നാലും, അതിജീവകർ ഉണ്ടായിരിക്കും​—⁠‘സകല ജനതകളിൽ നിന്നുമുള്ള ഒരു മഹാപുരുഷാരം.’ (വെളിപ്പാടു 7:⁠9, NW) നിങ്ങൾ യഹോവയെ അന്വേഷിക്കുകയും നീതി അന്വേഷിക്കുകയും സൗമ്യത അന്വേഷിക്കുകയും ചെയ്യുന്നതിൽ തുടരുന്നെങ്കിൽ നിങ്ങളും അവരോടൊപ്പം ഉണ്ടായിരുന്നേക്കാം.

ധിക്കാരികളായ ദുഷ്‌പ്രവൃത്തിക്കാർക്ക്‌ അയ്യോ കഷ്ടം!

16. യഹൂദയിലെ രാജകുമാരന്മാരെയും മതനേതാക്കന്മാരെയും കുറിച്ച്‌ സെഫന്യാവിന്റെ പ്രവചനം എന്തു പറഞ്ഞു, ആ വാക്കുകൾ ക്രൈസ്‌തവലോകത്തിന്‌ യോജിക്കുന്നത്‌ എന്തുകൊണ്ട്‌?

16 സെഫന്യാവിന്റെ പ്രവചനം വീണ്ടും യഹൂദയുടെയും യെരൂശലേമിന്റെയും മേൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സെഫന്യാവു 3:1, 2 ഇങ്ങനെ പറയുന്നു: “മത്സരവും മലിനതയും ഉള്ളതും പീഡിപ്പിക്കുന്നതും ആയ നഗരത്തിന്നു അയ്യോ കഷ്ടം! അവൾ വാക്കു കേട്ടനുസരിച്ചിട്ടില്ല; പ്രബോധനം കൈക്കൊണ്ടിട്ടില്ല; യഹോവയിൽ ആശ്രയിച്ചിട്ടില്ല; തന്റെ ദൈവത്തോടു അടുത്തുവന്നിട്ടുമില്ല.” തന്റെ ജനത്തിന്‌ ശിക്ഷണം നൽകാനുള്ള യഹോവയുടെ ശ്രമങ്ങൾക്ക്‌ അവർ ശ്രദ്ധ കൊടുക്കാതിരുന്നത്‌ എത്രയോ ദാരുണമായിപ്പോയി! രാജകുമാരന്മാരുടെയും പ്രഭുക്കന്മാരുടെയും ന്യായാധിപന്മാരുടെയും നിഷ്‌ഠുരത അപലപനീയമായിരുന്നു. മതനേതാക്കന്മാരുടെ ലജ്ജയില്ലായ്‌മയെ സെഫന്യാവ്‌ ഇങ്ങനെ അപലപിച്ചു: “അതിന്റെ പ്രവാചകന്മാർ ലഘുബുദ്ധികളും വിശ്വാസപാതകന്മാരും ആകുന്നു; അതിന്റെ പുരോഹിതന്മാർ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കി, ന്യായപ്രമാണത്തെ ബലാല്‌ക്കാരം ചെയ്‌തിരിക്കുന്നു.” (സെഫന്യാവു 3:3, 4) ക്രൈസ്‌തവലോകത്തിലെ ഇന്നത്തെ പ്രവാചകന്മാരുടെയും പുരോഹിതന്മാരുടെയും അവസ്ഥയെ ഈ വാക്കുകൾ എത്ര നന്നായി വിവരിക്കുന്നു! അവർ ധിക്കാരപൂർവം തങ്ങളുടെ ബൈബിൾ പരിഭാഷകളിൽനിന്ന്‌ ദിവ്യനാമം നീക്കിക്കളയുകയും തങ്ങൾ ആരാധിക്കുന്നു എന്ന്‌ അവകാശപ്പെടുന്ന ദൈവത്തെ തെറ്റായി ചിത്രീകരിക്കുന്ന ഉപദേശങ്ങൾ പഠിപ്പിക്കുകയും ചെയ്‌തിരിക്കുന്നു.

17. ആളുകൾ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും സുവാർത്ത നാം അവിരാമം ഘോഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?

17 താൻ സ്വീകരിക്കാനിരുന്ന നടപടിയെ കുറിച്ച്‌ യഹോവ പുരാതന കാലത്തെ തന്റെ ജനത്തിനു പരിഗണനാപൂർവം മുന്നറിയിപ്പു നൽകി. അനുതപിക്കാൻ ജനത്തെ ഉദ്‌ബോധിപ്പിക്കുന്നതിന്‌ സെഫന്യാവ്‌, യിരെമ്യാവ്‌ തുടങ്ങിയ തന്റെ ദാസന്മാരായ പ്രവാചകന്മാരെ അവൻ അയച്ചു. അതേ, ‘യഹോവ നീതികേടു ചെയ്യുമായിരുന്നില്ല. രാവിലേരാവിലേ അവൻ തന്റെ ന്യായത്തെ തെറ്റാതെ വെളിച്ചത്താക്കി.’ പ്രതികരണം എന്തായിരുന്നു? “നീതികെട്ടവനോ നാണം എന്തെന്നറിഞ്ഞുകൂടാ”യിരുന്നു എന്ന്‌ സെഫന്യാവു പറഞ്ഞു. (സെഫന്യാവു 3:⁠5) സമാനമായ ഒരു മുന്നറിയിപ്പ്‌ ഇന്നു മുഴക്കപ്പെടുന്നു. നിങ്ങൾ സുവാർത്തയുടെ ഒരു ഘോഷകൻ ആണെങ്കിൽ, നിങ്ങൾക്ക്‌ ഈ മുന്നറിയിപ്പിൻ വേലയിൽ ഒരു പങ്കുണ്ട്‌. സുവാർത്ത ഘോഷിക്കുന്നതിൽ അവിരാമം തുടരുക! ആളുകൾ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും, നിങ്ങൾ അതു വിശ്വസ്‌തമായി നിർവഹിക്കുന്നപക്ഷം അത്‌ ദൈവത്തിന്റെ വീക്ഷണത്തിൽ ഒരു വിജയമാണ്‌; ദൈവത്തിന്റെ വേല തീക്ഷ്‌ണതയോടെ ചെയ്യുന്നതിൽ ലജ്ജിക്കാൻ നിങ്ങൾക്കു യാതൊരു കാരണവുമില്ല.

18. സെഫന്യാവു 3:6 എങ്ങനെ നിവൃത്തിയേറും?

18 യഹോവ നടപ്പാക്കാൻ പോകുന്ന ന്യായവിധി ക്രൈസ്‌തവലോകത്തിന്റെ നാശത്തോടെ അവസാനിക്കില്ല. ഭൂമിയിലെ സകല രാഷ്‌ട്രങ്ങളെയും ഉൾപ്പെടുത്താൻ തക്കവണ്ണം യഹോവ തന്റെ കുറ്റവിധിയെ വിപുലീകരിക്കുന്നു: “ഞാൻ ജാതികളെ ഛേദിച്ചുകളഞ്ഞു; അവരുടെ കൊത്തളങ്ങൾ ശൂന്യമായിരിക്കുന്നു; ഞാൻ അവരുടെ വീഥികളെ ആരും കടന്നുപോകാതവണ്ണം ശൂന്യമാക്കി, അവരുടെ പട്ടണങ്ങൾ . . . നശിച്ചിരിക്കുന്നു.” (സെഫന്യാവു 3:⁠6) ആ നാശം സംഭവിച്ചുകഴിഞ്ഞതുപോലെയാണ്‌ യഹോവ അതേക്കുറിച്ചു പറയുന്നത്‌. അത്രയ്‌ക്ക്‌ ആശ്രയയോഗ്യമാണ്‌ അവന്റെ വാക്കുകൾ. ഫെലിസ്‌ത്യരുടെയും മോവാബ്യരുടെയും അമ്മോന്യരുടെയും നഗരങ്ങൾക്ക്‌ എന്തു സംഭവിച്ചു? അസീറിയയുടെ തലസ്ഥാനമായ നീനെവേയുടെ കാര്യമോ? അവയുടെ നാശം ഇന്നത്തെ രാഷ്‌ട്രങ്ങൾക്ക്‌ ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തമാണ്‌. ദൈവം പരിഹസിക്കപ്പെടേണ്ടവനല്ല.

യഹോവയെ അന്വേഷിക്കുന്നതിൽ തുടരുവിൻ

19. ചിന്തോദ്ദീപകമായ ഏതു ചോദ്യങ്ങൾ നാം ചോദിക്കേണ്ടതാണ്‌?

19 സെഫന്യാവിന്റെ നാളിൽ, ‘ദുഷ്‌പ്രവൃത്തികൾ ചെയ്‌തുപോന്നിരുന്ന’ ആളുകളുടെ മേൽ യഹോവയുടെ കോപം ചൊരിയപ്പെട്ടു. (സെഫന്യാവു 3:⁠7) നമ്മുടെ നാളിലും അതുതന്നെ സംഭവിക്കും. യഹോവയുടെ കോപദിവസം അടുത്തിരിക്കുന്നു എന്നതിന്റെ തെളിവുകൾ നിങ്ങൾ കാണുന്നുവോ? ദൈവവചനം പതിവായി, എല്ലാ ദിവസവും, വായിച്ചുകൊണ്ട്‌ നിങ്ങൾ ‘യഹോവയെ അന്വേഷിക്കുന്നതിൽ’ തുടരുന്നുവോ? ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ധാർമികമായി ശുദ്ധമായ ഒരു ജീവിതം നയിച്ചുകൊണ്ട്‌ ‘നീതി അന്വേഷിക്കുന്നുവോ’? ദൈവത്തോടും രക്ഷയ്‌ക്കുള്ള അവന്റെ ക്രമീകരണങ്ങളോടും സൗമ്യമായ കീഴ്‌പെടൽ മനോഭാവം പ്രകടമാക്കിക്കൊണ്ട്‌ നിങ്ങൾ ‘സൗമ്യത അന്വേഷിക്കുന്നുണ്ടോ’?

20. സെഫന്യാവിന്റെ പ്രവചനത്തെ കുറിച്ചുള്ള ഈ പരമ്പരയിലെ അവസാനത്തെ ലേഖനത്തിൽ ഏതു ചോദ്യങ്ങൾ നാം പരിചിന്തിക്കുന്നതാണ്‌?

20 യഹോവയെ അന്വേഷിക്കുന്നതിലും നീതിയും സൗമ്യതയും അന്വേഷിക്കുന്നതിലും വിശ്വസ്‌തതയോടെ തുടരുന്ന പക്ഷം നമുക്ക്‌ ഇപ്പോൾത്തന്നെ, അതായത്‌ വിശ്വാസം പരിശോധിക്കപ്പെടുന്ന ഈ “അന്ത്യകാലത്തു” തന്നെ, സമൃദ്ധമായ അനുഗ്രഹങ്ങൾ ആസ്വദിക്കാനാകും. (2 തിമൊഥെയൊസ്‌ 3:1-5; സദൃശവാക്യങ്ങൾ 10:22) എന്നാൽ നാം ഇങ്ങനെ ചോദിക്കാൻ ആഗ്രഹിച്ചേക്കാം, ‘യഹോവയുടെ ആധുനികകാല ദാസന്മാർ എന്ന നിലയിൽ നാം ഏതു വിധങ്ങളിലാണ്‌ അനുഗ്രഹിക്കപ്പെടുന്നത്‌? അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന യഹോവയുടെ കോപദിവസത്തിൽ മറയ്‌ക്കപ്പെടുന്നവർക്ക്‌ സെഫന്യാവിന്റെ പ്രവചനം എന്തു ഭാവി അനുഗ്രഹങ്ങളാണ്‌ വെച്ചുനീട്ടുന്നത്‌?’

നിങ്ങൾ എങ്ങനെ പ്രതികരിക്കും?

• ആളുകൾ ‘യഹോവയെ അന്വേഷിക്കുന്നത്‌’ എങ്ങനെ?

• ‘നീതി അന്വേഷിക്കുന്നതിൽ’ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

• നമുക്ക്‌ എങ്ങനെ ‘സൗമ്യത അന്വേഷിക്കാൻ’ കഴിയും?

• യഹോവയെയും അതുപോലെതന്നെ നീതിയും സൗമ്യതയും നാം തുടർച്ചയായി അന്വേഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രം]

ബൈബിൾ പഠനത്തിലൂടെയും തീക്ഷ്‌ണമായ പ്രാർഥനയിലൂടെയും നിങ്ങൾ യഹോവയെ അന്വേഷിക്കുന്നുവോ?

[21-ാം പേജിലെ ചിത്രം]

യഹോവയെ അന്വേഷിക്കുന്നതിൽ തുടരുന്നതിനാൽ മഹാപുരുഷാരം അവന്റെ കോപദിവസത്തെ അതിജീവിക്കും