ശരീരഭാഷ—അത് നിങ്ങളെ കുറിച്ച് എന്തു വെളിപ്പെടുത്തുന്നു?
ശരീരഭാഷ—അത് നിങ്ങളെ കുറിച്ച് എന്തു വെളിപ്പെടുത്തുന്നു?
ശരീരഭാഷയിൽ, ഒരുവൻ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ആംഗ്യങ്ങൾ, ചലനങ്ങൾ, തനതായ ചേഷ്ടകൾ ഇവയൊക്കെ ഉൾപ്പെടുന്നു. നിങ്ങളുടെ ശരീരഭാഷ എന്താണ് വെളിപ്പെടുത്തുന്നത്? ആദരവും താഴ്മയും സന്തോഷവും ആണോ? അതോ കോപവും ഈർഷ്യയും ആണോ? ഗണ്യമായ പ്രഭാവം ചെലുത്തുന്ന, അർഥ സമ്പുഷ്ടമായ വ്യത്യസ്ത ചേഷ്ടകളെയും ശാരീരിക നിലയെയും സംബന്ധിച്ച നിരവധി പരാമർശങ്ങൾ ബൈബിളിൽ കാണാം. ഇക്കാലത്തും, ചില ദേശങ്ങളിലെ ആളുകൾ മറ്റുള്ളവരെക്കാൾ തങ്ങളുടെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കുന്നവരാണ്. എങ്കിലും, ബൈബിൾ കാലങ്ങളിൽ ആളുകൾ ഏതെല്ലാം രീതിയിൽ തങ്ങളുടെ മനോഭാവങ്ങൾ പ്രകടിപ്പിച്ചിരുന്നു എന്നു മനസ്സിലാക്കുന്നതിൽനിന്നു നമുക്കു പലതും പഠിക്കാനാകും.
ആദരവോടുകൂടിയ ശാരീരിക നില
യഹോവയോടു പ്രാർഥിക്കുക എന്നത് ആഴമായ ആദരവോടെ വീക്ഷിക്കേണ്ട ഒരു പദവിയാണ്. പ്രാർഥനയുടെ സമയത്ത്, കൈ കൂപ്പുന്നതോ കൈകൾ ചേർത്തുപിടിക്കുന്നതോ പോലുള്ള ഒരു നിശ്ചിത ശാരീരിക നില സ്വീകരിക്കണമെന്നുള്ള വ്യവസ്ഥയൊന്നും എബ്രായരുടെയും ആദിമ ക്രിസ്ത്യാനികളുടെയും ഇടയിൽ ഇല്ലായിരുന്നു. എന്നിരുന്നാലും, പ്രാർഥനയുടെ സമയത്ത് അവർ സ്വീകരിച്ചിരുന്ന ശാരീരിക നിലകൾ, അവ എന്തുതന്നെ ആയിരുന്നാലും, ആഴമായ ആദരവു പ്രതിഫലിപ്പിക്കുന്നവയായിരുന്നു. എഴുന്നേറ്റുനിന്നും മുട്ടുകുത്തിയും പ്രാർഥിക്കുന്നത് സാധാരണമായിരുന്നു. തെളിവനുസരിച്ച്, സ്നാപനശേഷം യേശു പ്രാർഥിച്ചത് നിന്നുകൊണ്ടായിരുന്നു. എന്നാൽ ഗെത്ത്ശെമന തോട്ടത്തിൽ വെച്ചാകട്ടെ, മുട്ടുകുത്തിയും. (ലൂക്കൊസ് 3:21, 22; 22:41) എഴുന്നേറ്റു നിന്നോ മുട്ടുകുത്തിയോ പ്രാർഥിക്കുമ്പോൾ ചില അവസരങ്ങളിൽ കൈകൾ ഉയർത്തുകയോ യാചിക്കുംപോലെ നീട്ടിപ്പിടിക്കുകയോ ആകാശത്തേക്കു മലർത്തിപ്പിടിക്കുകയോ ചെയ്യുക പതിവായിരുന്നു. സ്വർഗത്തിലേക്കു നോക്കിക്കൊണ്ടോ ദൈവത്തിങ്കലേക്കു മുഖം ഉയർത്തിക്കൊണ്ടോ പ്രാർഥിച്ചിരുന്നതായുള്ള പരാമർശങ്ങളും കാണാം.—നെഹെമ്യാവു 8:6; മത്തായി 14:19; ഇയ്യോബ് 22:26.
തെളിവനുസരിച്ച്, ചിലർ മുട്ടുകുത്തിയിട്ട് ഉപ്പൂറ്റികളിന്മേൽ ഇരുന്ന് തലകുനിച്ച് പ്രാർഥിച്ചിരുന്നു. അല്ലെങ്കിൽ ഏലീയാവിനെപോലെ മുട്ടുമടക്കി നിലംവരെ കുനിഞ്ഞ് മുഖം മുട്ടുകൾക്കിടയിലാക്കി ഇരുന്നുകൊണ്ട് പ്രാർഥിക്കാറുണ്ടായിരുന്നു. (1 രാജാക്കന്മാർ 18:42, പി.ഒ.സി. ബൈബിൾ) ഒരു വ്യക്തി ആഴമായ ദുഃഖത്തോടെ അല്ലെങ്കിൽ വളരെ തീക്ഷ്ണമായി പ്രാർഥിക്കുന്ന സമയത്ത് മുഖം നിലത്തു മുട്ടും വിധം കമിഴ്ന്നുവീണു കിടക്കുമായിരുന്നു. എന്നിരുന്നാലും, താൻ വലിയ ഭക്തനാണെന്നു മറ്റുള്ളവരെ കാണിക്കുന്നതിനു വേണ്ടിയുള്ള പ്രകടനങ്ങളെയും മുഖഭാവങ്ങളെയും ശാരീരിക നിലയെയും യേശു കുറ്റം വിധിക്കുകയുണ്ടായി. പകരം, പ്രാർഥന ആത്മാർഥതയോടു കൂടിയതായിരിക്കണം എന്ന് അവൻ വ്യക്തമാക്കി.
പൗരസ്ത്യ ദേശക്കാർ അന്യോന്യം ആദരവു പ്രകടിപ്പിക്കുന്നതിനായി, പ്രത്യേകിച്ചും ഉന്നതസ്ഥാനത്തുള്ളവരോട് അഭ്യർഥന നടത്തുമ്പോൾ, സ്വീകരിച്ചിരുന്ന ശാരീരിക നിലകൾ പ്രാർഥനയുടെ സമയത്ത് സ്വീകരിച്ചിരുന്നവയോട് വളരെ സമാനമായിരുന്നു. ചിലർ മറ്റുള്ളവരുടെ മുന്നിൽ മുട്ടുകുത്തിനിന്ന് യാചിക്കുന്നതായുള്ള പരാമർശങ്ങൾ നാം കാണുന്നു. അത് ഒരു ആരാധനാ ക്രിയ ആയിരുന്നില്ല, പകരം ഒരുവന്റെ സ്ഥാനത്തോട് അല്ലെങ്കിൽ പദവിയോടുള്ള ആഴമായ ആദരവിന്റെ ഒരു പ്രകടനമായിരുന്നു. (മത്തായി 17:14) ആദരവു പ്രകടിപ്പിക്കുന്നതിനെ കുറിച്ച് നമുക്കു തിരുവെഴുത്തുകളിൽനിന്നു വളരെയേറെ കാര്യങ്ങൾ പഠിക്കാൻ കഴിയും.
താഴ്മ പ്രകടിപ്പിക്കൽ
ബൈബിൾ കാലങ്ങളിൽ, മറ്റൊരാളുടെ ചെരിപ്പിന്റെ വാറ് അഴിക്കുന്നതോ അയാളുടെ ചെരിപ്പു ചുമക്കുന്നതോ ഒരു താഴ്ന്ന പ്രവൃത്തിയായി കണക്കാക്കിയിരുന്നു. അങ്ങനെ ചെയ്യുന്നത് ഒരുവന്റെ താഴ്മയുടെയും യജമാനനോടുള്ള താരതമ്യത്തിൽ താൻ എത്ര നിസ്സാരനാണെന്ന് അവൻ തിരിച്ചറിയുന്നതിന്റെയും സൂചനയായിരുന്നു. മറ്റൊരാളുടെ കൈയിൽ വെള്ളം ഒഴിച്ചുകൊടുക്കുന്നതും—വിശേഷാൽ കൈകൊണ്ട് ആഹാരം കഴിച്ച ശേഷം—പാദങ്ങൾ കഴുകിക്കൊടുക്കുന്നതും ആതിഥ്യമര്യാദയുടെ ഭാഗമായും ആദരവിന്റെയും ചില സന്ദർഭങ്ങളിൽ താഴ്മയുടെയും പ്രകടനമായും ചെയ്തുപോന്നിരുന്ന കാര്യങ്ങളാണ്. “ഏലീയാവിന്റെ കൈക്കു വെള്ളം ഒഴിച്ച[വൻ]” എന്ന പ്രസ്താവന, എലീശായെ ഏലീയാവിന്റെ ഒരു ശുശ്രൂഷകൻ അല്ലെങ്കിൽ ദാസൻ ആയി തിരിച്ചറിയിച്ചു. (2 രാജാക്കന്മാർ 3:11) അവന്റെ ശരീരഭാഷ തീർച്ചയായും അവന്റെ താഴ്മയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. താഴ്മ കാണിക്കേണ്ടതിന്റെയും അന്യോന്യം ശുശ്രൂഷ ചെയ്യേണ്ടതിന്റെയും പ്രാധാന്യം തന്റെ ശിഷ്യന്മാർക്ക് വ്യക്തമാക്കി കൊടുക്കുന്നതിന് യേശു പൗരസ്ത്യ ദേശത്തെ ഈ ആചാരമര്യാദകളിൽ ഒന്ന് ഉപയോഗിക്കുകയുണ്ടായി. അവൻ തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകി.—യോഹന്നാൻ 13:3-10.
അരകെട്ടുന്നതും ശുശ്രൂഷ ചെയ്യാനുള്ള താഴ്മയോടുകൂടിയ മനസ്സൊരുക്കത്തിന്റെ പ്രകടനമായിരുന്നു. പണിയെടുക്കുമ്പോഴോ ഓടുമ്പോഴോ ഒക്കെ തടസ്സമുണ്ടാകാതിരിക്കുന്നതിന് ഒരുവന്റെ അയഞ്ഞ വസ്ത്രം മടക്കി അരക്കച്ചകൊണ്ടോ വാറുകൊണ്ടോ കെട്ടുന്ന ബൈബിൾ കാലങ്ങളിലെ രീതിയുമായി ഇതിനു ബന്ധമുണ്ടായിരുന്നു. ഹസ്തദാനം ചെയ്യുന്നത് പരസ്പര സഹകരണത്തിലും യോജിപ്പിലും കൂട്ടായ്മയിലും താഴ്മയോടെ പ്രവർത്തിക്കുന്നതിനെ അർഥമാക്കിയിരുന്നു. (ഗലാത്യർ 2:9) സഹോദരന്മാർ പരസ്പരം ആത്മാർഥമായി ഹസ്തദാനം ചെയ്യുന്നത് എത്രയോ ഹൃദയോഷ്മളമായ ഒരു അനുഭവമാണ്!
ദുഃഖവും ലജ്ജയും കോപവും
പുരാതന നാളുകളിലെ യഹോവയുടെ വിശ്വസ്ത ദാസന്മാർ ഈ വികാരങ്ങൾ തുറന്നു പ്രകടിപ്പിച്ചിരുന്നു. തലയിൽ പൊടിയോ വെണ്ണീറോ വാരിയിടുക, വസ്ത്രം കീറുക, രട്ടുടുക്കുക, കരയുക, വ്യസനത്തോടെ തല കുനിക്കുക, നിലത്തിരിക്കുക എന്നിങ്ങനെയുള്ള പ്രവൃത്തികളിലൂടെ ആഴമായ ദുഃഖം പ്രകടിപ്പിക്കാൻ കഴിയുമായിരുന്നു. (ഇയ്യോബ് 2:12, 13; 2 ശമൂവേൽ 13:19) തലമുടിയോ താടിയിലെ രോമമോ വലിച്ചു പറിക്കുന്നതും തലമൂടുന്നതും തലയിൽ കൈ വെക്കുന്നതും ആഴമായ ദുഃഖത്തിന്റെയോ ലജ്ജയുടെയോ പ്രകടനമായിരുന്നു. (എസ്രാ 9:3; എസ്ഥേർ 6:12; യിരെമ്യാവു 2:37) തലയിൽ കൈ വെക്കുന്നത്, ദൈവശിക്ഷയുടെ കനത്ത കരം ഒരുവന്റെമേൽ ഇരിക്കുന്നതിനെ അർഥമാക്കിയിരുന്നുവെന്നു ചിലർ കരുതുന്നു. സത്യാരാധകർ, ദുഃഖത്തെയും ലജ്ജയെയും തഴമ്പിച്ച മനസ്സോടെ അല്ലെങ്കിൽ നിസ്സാരമായി വീക്ഷിച്ചിരുന്നില്ല.
ഉപവാസത്തിലൂടെയും ആഴമായ ദുഃഖവും അനുതാപവും പ്രകടമാക്കിയിരുന്നു. (2 ശമൂവേൽ 1:12; യോവേൽ 1:13, 14) യേശു ഭൂമിയിലായിരുന്നപ്പോൾ, കപടഭക്തിക്കാരായ ആളുകൾ തങ്ങൾ “വിശുദ്ധന്മാർ” ആണെന്നു മറ്റുള്ളവരെ കാണിക്കാനായി ഉപവസിക്കുന്ന സമയത്ത് വാടിയ മുഖം കാണിക്കുകയും മുഖം വിരൂപമാക്കുകയും ചെയ്തിരുന്നു. എന്നാൽ പിതാവ് ഹൃദയത്തെയാണു നോക്കുന്നത് എന്ന് അറിഞ്ഞുകൊണ്ട്, ഉപവസിക്കുന്ന സമയത്ത് മനുഷ്യരുടെ മുന്നിൽ സാധാരണപോലെ കാണപ്പെടാൻ തക്കവണ്ണം തലയിൽ എണ്ണ തേച്ചു മുഖം കഴുകണം എന്ന് യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു. (മത്തായി 6:16-18) ആത്മീയ കാര്യങ്ങളിൽ ഏകാഗ്രമായി ശ്രദ്ധിക്കാൻ കഴിയേണ്ടതിന് ക്രിസ്ത്യാനികൾ ചില അവസരങ്ങളിൽ ഉപവാസം അനുഷ്ഠിച്ചിരുന്നു.—പ്രവൃത്തികൾ 13:2, 3.
കോപം, ശത്രുത, പരിഹാസം, അവജ്ഞ, പുച്ഛം, അവഹേളനം തുടങ്ങിയവയുടെ തീവ്രതയെ കാണിക്കുന്ന വ്യത്യസ്ത ചേഷ്ടകൾ ഉണ്ടായിരുന്നു. മിക്കപ്പോഴും അവയോടൊപ്പം വാക്കുകളിലൂടെയും വികാരങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇത്തരം പ്രവൃത്തികളിൽ വായ്കൊണ്ടുള്ള ആംഗ്യങ്ങൾ, തലയോ കൈയോ കുലുക്കൽ, ചെകിട്ടത്ത് അടിക്കൽ, പൂഴി വാരിയെറിയൽ, തുള്ളിച്ചാടൽ എന്നിവ ഉൾപ്പെടുന്നു. (യെഹെസ്കേൽ 25:6, പി.ഒ.സി. ബൈ.; സങ്കീർത്തനം 22:7; സെഫന്യാവു 2:15; മത്തായി 5:39; 2 ശമൂവേൽ 16:13) ഒരു ശത്രുവിനോ പ്രതിയോഗിക്കോ, മർദകനോ ഭവിച്ച അനർഥത്തിൽ സന്തോഷിക്കുന്നതിനെ ഈ പ്രവൃത്തികൾ അർഥമാക്കിയേക്കാം. ക്രിസ്ത്യാനികൾ തങ്ങളുടെ ശരീരഭാഷയിലൂടെ ദുഃഖവും പാപം ചെയ്തിരിക്കുന്ന പക്ഷം ലജ്ജയും പ്രകടമാക്കിയേക്കാമെങ്കിലും അനിയന്ത്രിതമായ കോപമോ നിന്ദയോ പ്രകടിപ്പിക്കാതിരിക്കാൻ അവർ എല്ലായ്പോഴും ശ്രമിക്കും.
സൗഹൃദവും സന്തോഷവും പ്രകടിപ്പിക്കൽ
ബൈബിൾ നാടുകളിൽ സൗഹൃദം ഊഷ്മളമായി പ്രകടിപ്പിക്കപ്പെട്ടിരുന്നു. സൗഹൃദത്തിന്റെ പ്രകടനമായി ആളുകൾ പരസ്പരം ചുംബിക്കാറുണ്ടായിരുന്നു. ഏറെ തീക്ഷ്ണമായ വികാരം പ്രകടിപ്പിക്കാനായി കഴുത്തിൽ വീണു ചുംബിക്കുകയും കരയുകയും ചെയ്തിരുന്നു. (ഉല്പത്തി 33:4; പ്രവൃത്തികൾ 20:37, 38) യേശു ഭൂമിയിലായിരുന്ന നാളുകളിൽ ചാരിക്കിടന്ന് ഭക്ഷണം കഴിക്കുന്ന രീതിയുണ്ടായിരുന്നു. അപ്പോൾ മറ്റൊരാളുടെ നെഞ്ചത്തേക്ക് ചായുന്നത് ഉറ്റ സൗഹൃദത്തിന്റെയോ പ്രീതിയുടെയോ ഒരു പ്രതീകമായിരുന്നു. (യോഹന്നാൻ 13: 23, 25) ഈ രീതിയെ ചില ബൈബിൾ ഭാഗങ്ങളിൽ മടിയിൽ ഇരിക്കുക എന്ന അർഥത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നു. ലൂക്കൊസ് 16:22, 23-ലെ ദൃഷ്ടാന്തത്തിന് ആധാരം ഈ രീതിയാണ്. ഇനി, മറ്റൊരാളുടെ ഒപ്പമിരുന്ന് അയാളുടെ അപ്പം തിന്നുന്നത് അയാളോടുള്ള സൗഹൃദത്തിന്റെയും അയാളുമായുള്ള സമാധാനബന്ധത്തിന്റെയും പ്രതീകമായിരുന്നു. പിന്നീട് അയാൾക്കെതിരെ തിരിഞ്ഞ് അയാളെ ദ്രോഹിക്കുന്നത് കൊടും വഞ്ചനയായി കണക്കാക്കപ്പെട്ടിരുന്നു.—സങ്കീർത്തനം 41:9.
കൈകൊട്ടിയും നൃത്തം ചെയ്തും—പലപ്പോഴും സംഗീതത്തിന്റെ അകമ്പടിയോടെ—സന്തോഷം പ്രകടിപ്പിക്കുന്ന രീതിയും ഉണ്ടായിരുന്നു. മുന്തിരിക്കൊയ്ത്തിന്റെ സമയത്തും മറ്റും പണിസ്ഥലത്തു വെച്ച് ആർപ്പുവിളിക്കുന്നതും പാട്ടുപാടുന്നതും സന്തോഷത്തിന്റെയോ കൃതജ്ഞതാപൂർവകമായ ആഹ്ലാദത്തിന്റെയോ പ്രകടനമായിരുന്നു. (സങ്കീർത്തനം 47:1; ന്യായാധിപന്മാർ 11:34; യിരെമ്യാവ് 48:33) യഹോവയുടെ സന്തുഷ്ട ദാസന്മാർ ഇന്ന് തങ്ങളുടെ അന്തർദേശീയ സഹോദരവർഗത്തിലെ സുഹൃദ്ബന്ധങ്ങളെ അങ്ങേയറ്റം വിലപ്പെട്ടതായി കരുതുകയും ‘യഹോവയിങ്കലെ സന്തോഷ’ത്തെ തങ്ങളുടെ ശക്തിദുർഗമാക്കുകയും ദൈവത്തിന് ഉത്സാഹപൂർവം സ്തുതിഗീതങ്ങൾ ആലപിക്കുകയും ചെയ്യുന്നു.
നടപ്പും ഓട്ടവും
“നടക്കുക” എന്നത് വർണനാത്മകമായ ഒരു പ്രയോഗമാണ്. “നോഹ ദൈവത്തോടുകൂടെ നടന്ന”തുപോലെ ഒരു നിശ്ചിത പ്രവർത്തനഗതി പിൻപറ്റുന്നതിനെയാണ് അത് അർഥമാക്കുന്നത്. (ഉല്പത്തി 6:9) ദൈവത്തോടു കൂടെ നടന്നവർ ദൈവിക ജീവിതഗതി പിൻപറ്റുകയും അവന്റെ പ്രീതി സമ്പാദിക്കുകയും ചെയ്തു. ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ ഈ പ്രയോഗം, ദൈവ ദാസനായിത്തീരുന്നതിനു മുമ്പു പിൻപറ്റിയിരുന്നതും അതിനു ശേഷം പിൻപറ്റേണ്ടതുമായ, നേർ വിപരീതമായ രണ്ട് പ്രവർത്തനഗതികളെ ചിത്രീകരിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നു. (എഫെസ്യർ 2:2; 5:2) അതുപോലെതന്നെ, “ഓടുക” എന്ന പ്രയോഗവും ഒരു പ്രവർത്തനഗതിയെ കുറിക്കാനായി ഉപയോഗിക്കപ്പെടുന്നു. യഹൂദയിലെ പ്രവാചകന്മാരെ താൻ അയയ്ക്കാതിരുന്നിട്ടും അവർ “ഓടി” എന്ന് ദൈവം പറഞ്ഞു; അതായത് അവർ തെറ്റായി, അനധികൃതമായി ഒരു പ്രവാചക ഗതി പിന്തുടർന്നു. പൗലൊസ് ക്രിസ്തീയ ഗതിയെ, സമ്മാനം നേടാൻ തക്കവണ്ണം ചട്ടപ്രകാരം ‘ഓടേണ്ട’ ഓട്ടക്കളത്തിലെ ഓട്ടത്തോട് ഉപമിക്കുന്നു.—യിരെമ്യാവു 23:21; 1 കൊരിന്ത്യർ 9:24.
നമ്മുടെ ശരീരഭാഷ ഒട്ടേറെ കാര്യങ്ങൾ വെളിപ്പെടുത്തുന്നു. കോപവും ഈർഷ്യയും ഉള്ള ഒരു മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നതിനു പകരം, അത് എല്ലായ്പോഴും ആദരവും താഴ്മയും സൗഹൃദവും സന്തോഷവും ഉള്ള ഒരു മനോഭാവത്തെ പ്രതിഫലിപ്പിക്കട്ടെ. നാം “ദൈവത്തോടുകൂടെ നട”ക്കുന്നെങ്കിൽ നിത്യജീവനു വേണ്ടിയുള്ള ‘ഓട്ട’ത്തിൽ നാം വിജയിക്കും.